You are on page 1of 9

സി.

മുഹമ്മദ്‌സലീംസുല്ലമി

എതൊരു ഭാഷക്കും ചൈതന്യവും ചലനവും നല്‌കുന്നത്‌ അതില്‍


നിറഞ്ഞുനില്‌ക്കുന്ന ഉപമകളും ഉദാഹരണങ്ങളുമാണ്‌. ഒരു ആശയം
സാധാരണമായി അവതരിപ്പിക്കുന്നതിലേറെ ആകര്‍ഷകവും വശ്യവുമായിരിക്കും
ഉപമാലങ്കാര ശൈലിയില്‍ അവതരിപ്പിക്കുമ്പോള്‍. തലമുറകളിലൂടെ കൈമാറിയും
പകര്‍ന്നും ഉപമകള്‍ നിലനില്‌ക്കുന്നു. അന്യഭാഷകളില്‍ നിന്നുപോലും ഉപമകള്‍
കടം കൊള്ളുകയും അവ പ്രചുരപ്രചാരം നേടുകയും ചെയ്യുന്നു. മലയാളത്തിലും
ഇതിന്‌ ഒരുപാട്‌ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. നാടന്‍ ഉപമകളും
ഉദാഹരണങ്ങളും അതാതു കാലഘട്ടത്തിന്റെ സംസ്‌കാരത്തെ പ്രതിനിധാനം
ചെയ്യുന്നതാണെങ്കില്‍ നബി(സ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ടിട്ടുള്ളവ ആശയ
സ്‌പഷ്‌ടതക്ക്‌വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവയാണ്‌. വി.ഖുര്‍ആനിലും ധാരാളം
ഉപമകള്‍ കാണാവുന്നതാണ്‌. `സ്വന്തം കണ്ണിലെ മരത്തടി കാണാതെ ആരാന്റെ
കണ്ണിലെ കരടു കാണുന്നവന്‍' എന്ന പ്രയോഗം ഇതേ രൂപത്തില്‍ തന്നെ നബി
തിരുമേനി(സ) പറഞ്ഞതായി വന്നിട്ടുണ്ട്‌.
വലിയ ആശയങ്ങളും സന്ദേശങ്ങളുമായിരിക്കും ഒരുപമയിലൂടെ
മനസ്സിലെത്തിക്കുന്നത്‌. പ്രവാചകത്വത്തെക്കുറിച്ചും അതില്‍ തന്റെ
സ്ഥാനത്തെക്കുറിച്ചും അവിടുന്ന്‌ പറഞ്ഞ ഒരു ഉപമ നോക്കുക: `എന്റെയും പൂര്‍വ
പ്രവാചകന്മാരുടെയും ഉപമ, ഒരു വീടു പണിത ആളെപ്പോലെയാണ്‌. അദ്ദേഹമത്‌
നന്നാക്കുകയും ഭംഗിയാക്കുകയും ചെയ്‌തു. ഒരു മൂലക്കല്ല്‌ ഒഴികെ. ജനങ്ങളെല്ലാം
അത്‌ ചുറ്റിക്കാണുകയും അത്ഭുതം കൂറുകയും ചെയ്‌തുകൊണ്ടിരുന്നു. അവര്‍ ചോദിച്ചു:
എന്താണ്‌ഈ കല്ല്‌മാത്രം വെക്കാത്തത്‌? തുടര്‍ന്ന്‌അവിടുന്നു പറഞ്ഞു: ഞാനാകുന്നു
ആ ഇഷ്‌ടിക. ഞാന്‍ അന്ത്യപ്രവാചകനാകുന്നു'' (ബുഖാരി, മുസ്‌ലിം). സുന്ദരമായ
പ്രവാചകത്വ സൗധം തന്റെ ആഗമനത്തോടെ പൂര്‍ത്തിയായെന്നും ഇനിയൊരു
പ്രവാചക നിയോഗം ഉണ്ടാവുകയില്ലെന്നും എത്ര ഭംഗിയായാണ്‌ ഈ ഉപമയിലൂടെ
തിരുമേനി പഠിപ്പിച്ചത്‌.
സുഹൃദ്‌ബന്ധങ്ങളും അതിലെ വ്യത്യാസങ്ങളും അത്‌ ജീവിതത്തില്‍ സൃഷ്‌ടിക്കുന്ന
സ്വാധീനവും സംബന്ധിച്ച്‌ എത്ര ഹൃദ്യമായിട്ടാണ്‌ ഒരുപമയിലൂടെ പ്രവാചക
തിരുമേനി പഠിപ്പിക്കുന്നത്‌. നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ
കസ്‌തൂരി വാഹകന്റെയും ഉലയില്‍ ഊതുന്നവന്റെയും പോലെയാണ്‌. കസ്‌തൂരി
വാഹകന്‍ നിനക്ക്‌ കസ്‌തൂരി നല്‌കാം അല്ലെങ്കില്‍ അവനില്‍ നിന്ന്‌ നിനക്ക്‌
വാങ്ങാം അതുമല്ലെങ്കില്‍ അവനില്‍ നിന്ന്‌ സുഗന്ധം നിനക്കനുഭവിക്കുകയെങ്കിലും
ചെയ്യാം. കൊല്ലന്റെ ആലയിലെ ഉലയില്‍ (അടുപ്പ്‌) ഊതുന്നവന്‍ നിന്റെ വസ്‌ത്രം
കരിച്ചുകളയുകയോ ദുര്‍ഗന്ധം നല്‌കുകയോ ആയിരിക്കും ചെയ്യുന്നത്‌ (ബുഖാരി,
മുസ്‌ലിം). കൂട്ടുകെട്ടുണ്ടാക്കുന്ന നന്മയും തിന്മയും ഈ ഉപമയില്‍ വ്യക്തം.
അത്തര്‍വാലയോടുള്ള സഹവാസവും കൊല്ലപ്പണിക്കാരന്റെ ആലയില്‍ ഇരുന്നാല്‍
കിട്ടുന്ന കാര്യവും സംസ്‌കാരത്തിന്റെ രണ്ടു വ്യത്യസ്‌ത തലങ്ങളെ
പരാമര്‍ശിക്കാനാണ്‌ പ്രവാകന്‍ ഇവിടെ ഉപയോഗിച്ചത്‌.

കപട വിശ്വാസിയുടെ അസ്ഥിരതയെ വ്യക്തമാക്കാന്‍ പ്രവാചക തിരുമേനി


ഒരിക്കല്‍ പറഞ്ഞത്‌: കപടവിശ്വാസി രണ്ടു ആട്ടിന്‍കൂട്ടങ്ങള്‍ക്കിടയില്‍
പെട്ടവനെപ്പോലെയാണ്‌. ചിലപ്പോള്‍ അതില്‍ ഒരു കൂട്ടത്തിലേക്ക്‌ ചായും. മറ്റു
ചിലപ്പോള്‍ മറ്റേ കൂട്ടത്തിലേക്ക്‌ ചായും (മുസ്‌ലിം). കപടന്‍മാരുടെ ഈ നിലപാടു
ഖുര്‍ആനും വ്യക്തമാക്കിയിട്ടുണ്ട്‌ (4:143). ദൈവസ്‌മരണ നിലനിര്‍ത്തുന്നവനും
നിലനിര്‍ത്താത്തവനും തമ്മിലുള്ള വ്യത്യാസത്തിന്റെ ഉപമ ജീവിക്കുന്നവനും
മരിച്ചവനും പോലെയാണെന്ന പ്രസ്‌താവം (ബുഖാരി) അല്ലാഹുവിനെക്കുറിച്ച
സ്‌മരണ മനുഷ്യന്റെ ജീവാമൃതാണെന്ന ബോധം മനുഷ്യനിലുണ്ടാക്കുന്നു. അനേകം
ഉപമകള്‍ ഇങ്ങനെ കാണാവുന്നതാണ്‌.

ആംഗ്യങ്ങളുംചിത്രങ്ങളും

അധ്യാപകന്റെ വാചികമായ വിശദീകരണം വിദ്യാര്‍ഥികളില്‍ സ്വാധീനിക്കും.


എന്നാല്‍ അധ്യാപകന്റെ ആംഗ്യങ്ങളും ഭാവങ്ങളും വിദ്യാര്‍ഥികളുടെ ശ്രദ്ധ
പിടിച്ചുപറ്റുന്ന കാര്യമാണ്‌. ചിലപ്പോള്‍ ആംഗ്യങ്ങളും ചിത്രങ്ങളുമുപയോഗിച്ച്‌
വിശദീകരിക്കുന്നത്‌ കേവല ഭാഷണത്തേക്കാള്‍ സ്വാധീനിക്കുന്ന കാര്യമാണ്‌.
പഠിതാവിന്റെ മനസ്സില്‍ മായാതെയും മങ്ങാതെയും അത്‌ പിടിച്ചു നില്‌ക്കും.
അതുകൊണ്ടാണ്‌ തിരുദൂതരുടെ പല സംഭവങ്ങളും ഉദ്ധരിക്കുന്നേടത്ത്‌ അവിടുത്തെ
ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ സൂക്ഷ്‌മമായ ചലനങ്ങളും ഭാവങ്ങളും ഉദ്ധരിക്കുന്നത്‌.
ലളിതമായി പഠിപ്പിക്കുന്ന അധ്യാപകന്‍ എന്ന നിലക്ക്‌ തിരുദൂതര്‍ ഇതുപോലുള്ള
വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കാണാം.
സത്യവിശ്വാസികളുടെ സമൂഹം ഏറെ കെട്ടുറപ്പും ഭദ്രതയും ആവശ്യമുള്ള ഒന്നാണ്‌.
പരസ്‌പരം സ്‌നേഹിച്ചും ഇഴുകിച്ചേര്‍ന്നും ജീവിക്കേണ്ടവരാണവര്‍. ഈ കാര്യം
പഠിപ്പിക്കാന്‍ റസൂല്‍(സ) സ്വീകരിച്ച രൂപം നോക്കുക: തന്റെ കൈവിരലുകള്‍
പരസ്‌പരം കോര്‍ത്തുകാണിച്ചുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു: ഒരു വിശ്വാസി മറ്റൊരു
വിശ്വാസിക്ക്‌ ഒരു കെട്ടിടം പോലെയാണ്‌. അത്‌ പരസ്‌പരം ശക്തിപ്പെടുത്തുന്നു
(ബുഖാരി). കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പോലെ പരസ്‌പരം താങ്ങിനിര്‍ത്തുന്ന
ഒന്നായി വിശ്വാസി സമൂഹത്തെ ചിത്രീകരിക്കുകയാണ്‌ പ്രവാചകന്‍(സ) ഇവിടെ.
അന്ത്യനാളിന്റെ ആഗമനം ഏറെ സമീപത്താണെന്ന്‌ അനുയായികളെ
ബോധ്യപ്പെടുത്താന്‍ അവിടുന്ന്‌ സ്വീകരിക്കുന്നത്‌ കൈവിരല്‍ കൊണ്ടുള്ള
ആംഗ്യമാണ്‌. അവിടുത്തെ രണ്ടു കൈവിരലുകള്‍ അടുത്തുചേര്‍ത്തുവെച്ചുകൊണ്ട്‌
അവിടുന്ന്‌ പറഞ്ഞു: ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌ അന്ത്യനാളിനോട്‌ ഇത്ര
അടുത്താണ്‌ (ബുഖാരി). അനാഥയെ സംരക്ഷിക്കുന്നവനും താനും സ്വര്‍ഗത്തില്‍
തൊട്ടടുത്തായിരിക്കുമെന്ന്‌ കാണിക്കാനും അവിടുന്ന്‌ ചൂണ്ടുവിരലും നടുവിരലും
ചേര്‍ത്തു വെച്ച്‌ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി.

ആശയങ്ങള്‍ കൂടുതല്‍ വ്യക്തവും സ്‌പഷ്‌ടവുമാകാന്‍ റസൂല്‍(സ) ചിത്രങ്ങളുടെ


സഹായവും തേടിയിട്ടുണ്ട്‌. അല്ലാഹുവിന്റെ നേര്‍മാര്‍ഗവും പിശാചിന്റെ ഭിന്ന
വഴികളും മനസ്സിലാക്കാന്‍ അവിടുന്ന്‌ ചിത്രം വരച്ചുപഠിപ്പിക്കുകയുണ്ടായി. ഒരു
നേര്‍രേഖ വരച്ചു. അവിടുന്ന്‌ പറഞ്ഞു: ഇത്‌ അല്ലാഹുവിന്റെ വഴിയാകുന്നു. പിന്നീട്‌
അതിന്റെ വലതും ഇടതും വശങ്ങളില്‍ വ്യത്യസ്‌ത വരകള്‍ വരച്ച്‌ അവിടുന്ന്‌
പറഞ്ഞു: ഇത്‌ വിഭിന്ന വഴികളാകുന്നു. ഓരോ വഴിയിലും അതിലേക്ക്‌ ക്ഷണിക്കുന്ന
പിശാചുക്കളായിരിക്കും. തുടര്‍ന്ന്‌ അദ്ദേഹം ഈ ഖുര്‍ആന്‍ വാക്യം ഓതി. ഇതത്രെ
എന്റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്തുടരുത്‌.
അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ
ചിതറിച്ചുകളയും (6:153) (അഹ്‌മദ്‌). ഖുര്‍ആന്‍ സൂക്തം ചിത്രം വരച്ചു വിശദീകരിച്ചു
എന്നു വേണമെങ്കിലും ഇതിനെപ്പറ്റി പറയാവുന്നതാണ്‌.

മനുഷ്യന്റെ ആയുസ്സും അതിനപ്പുറം നീണ്ടുനില്‌ക്കുന്ന ആഗ്രഹ-അഭിലാഷങ്ങളും


ആയുസ്സിനിടക്ക്‌ ബാധിക്കുന്ന വിപത്തുകളുമെല്ലാം മനസ്സിലാക്കിക്കൊടുക്കാന്‍
തിരുദൂതര്‍ ഒരിക്കല്‍ ഒരു ചിത്രം വരയ്‌ക്കുകയുണ്ടായി. ഇബ്‌നു മസ്‌ഊദ്‌(റ) അത്‌
ഇങ്ങനെ വിശദീകരിക്കുന്നു. ഒരിക്കല്‍ തിരുദൂതര്‍ ഒരു സമചതുരം വരച്ചു അതിന്റെ
പുറത്തേക്ക്‌നീണ്ടു നില്‌ക്കുന്ന വിധം അതിന്റെ നടുവിലൂടെ ഒരു വര വരച്ചു. തുടര്‍ന്ന്‌,
നടുവിലെ വരയിലേക്കെത്തും വിധം ചതുരത്തിനുള്ളില്‍ തന്നെ ചെറിയ ഏതാനും
വരകള്‍ വരച്ചു. എന്നിട്ടവിടുന്ന്‌ പറഞ്ഞു. ഈ നടുവിലുള്ള വര മനുഷ്യന്‍,
പുറത്തേക്ക്‌ നീണ്ടു നില്‌ക്കുന്നത്‌ അവന്റെ ആഗ്രഹങ്ങള്‍ ചുറ്റും കാണുന്ന വര
അവന്റെ ആയുസ്സും. മറ്റു ചെറിയ വരകള്‍ അവനെ ബാധിക്കുന്ന വിപത്തുകളും
വിപത്തുകളില്‍ ഒന്ന്‌ പിഴച്ചാല്‍ മറ്റൊന്ന്‌ അവനെ ബാധിക്കുന്നു (ബുഖാരി).

എത്ര ഹൃദ്യവും ആകര്‍ഷകവുമാണ്‌ ഈ ചിത്രീകരണം. മനുഷ്യജീവിതവും അവന്റെ


അടങ്ങാത്ത ആഗ്രഹാഭിലാഷങ്ങളും ആയുസ്സിനപ്പുറം നീണ്ടുനില്‌ക്കുന്ന
ആഗ്രഹങ്ങളുമായി കഴിഞ്ഞുകൂടുന്ന വ്യാമോഹിയായ മനുഷ്യനെ ഇടക്കിടക്ക്‌
പിടികൂടുന്ന വിപത്തുകളും എല്ലാം ഒരു ചിത്രത്തില്‍ ഒതുക്കിയിരിക്കുന്നു. ഏതൊരു
മനുഷ്യന്റെയും മനസ്സില്‍ തങ്ങിനില്‌ക്കുന്ന ചിത്രീകരണമാണിത്‌. ഇമാം നവവി
തന്റെ രിയാളുസ്സ്വാലിഹീനിലും മറ്റു ചില പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥത്തിലും
അത്‌ വരച്ചിട്ടുണ്ട്‌.

ഇതേ ആശയം വ്യക്തമാക്കാന്‍ അവിടുന്ന്‌മറ്റൊരു രീതിയും സ്വീകരിക്കുകയുണ്ടായി.


മൂന്ന്‌ ചെറിയ മരക്കമ്പുകളെടുത്ത്‌ അതില്‍ ഒന്ന്‌ തന്റെ മുമ്പിലും മറ്റൊന്ന്‌ അതിന്റെ
ഒരു ഭാഗത്തും മൂന്നാമത്തേത്‌ വളരെ അകലെയും കുത്തിനിറുത്തി. തുടര്‍ന്ന്‌
അവിടുന്ന്‌ പറഞ്ഞു: ഈ മുന്നില്‍ കാണുന്നത്‌ മനുഷ്യനും പാര്‍ശ്വത്ത്‌ കാണുന്നത്‌
അവന്റെ ആയുസ്സും അകലത്ത്‌ കാണുന്നത്‌ അവന്റെ മോഹങ്ങളുമാണ്‌(അഹ്‌മദ്‌).
പഠനത്തിന്‌ ഇത്തരം മാധ്യമങ്ങളുടെ ഉപയോഗം ആധുനിക കാലഘട്ടത്തിലും
അംഗീകരിക്കപ്പെടുന്നതാണ്‌.

പ്രവര്‍ത്തനമാതൃക

ഇത്‌ രണ്ട്‌ വിധത്തിലുണ്ടാകും. ഒന്ന്‌: അധ്യാപകന്‍ വിദ്യാര്‍ഥികളോട്‌ പറയുന്നതും


പഠിപ്പിക്കുന്നതും സ്വന്തം ജീവിതത്തില്‍ നടപ്പാക്കി മാതൃക കാണിക്കുക. ഇത്‌
ഏറ്റവും ശക്തമായ സ്വാധീനമാണ്‌ വിദ്യാര്‍ഥികളുടെ ജീവിതത്തിലുണ്ടാക്കുന്നത്‌.
ഇത്തരം മാതൃകാധ്യാപകരെ വിദ്യാര്‍ഥികള്‍ ആദരിക്കുകയും ബഹുമാനിക്കുകയും
ചെയ്യുന്നതിനു പുറമെ അവര്‍ എന്നും വിദ്യാര്‍ഥികളുടെ മനസ്സില്‍
നിറഞ്ഞുനില്‌ക്കുകയും ചെയ്യും. ജീവിത വഴിയില്‍ ഈ വിദ്യാര്‍ഥികള്‍
അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഈ മാതൃകാധ്യാപകന്‍ എങ്ങനെ കൈകാര്യം
ചെയ്‌തുവെന്ന്‌ അവര്‍ ഓര്‍ത്തെടുക്കുകയും അത്‌ ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയും
ചെയ്യും. ഇത്‌ ഏതൊരധ്യാപകനെ സംബന്ധിച്ചും അങ്ങേയറ്റം
നിര്‍വൃതിദായകമാണ്‌. രണ്ട്‌: അധ്യാപകന്‍ പറയുന്നതും പഠിപ്പിക്കുന്നതും ചെയ്‌ത്‌
കാണിച്ചുകൊടുക്കുക. ഇത്‌ മേല്‌പറഞ്ഞതുപോലെ ജീവിതത്തില്‍ നടപ്പാക്കുന്നതിനു
പുറമെ, തല്‌ക്കാലം വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ മനസ്സിലാകാന്‍ വേണ്ടി
ചെയ്‌തുകാണിച്ചുകൊടുക്കുന്ന രീതിയാണ്‌. ഇതിന്‌ കേവലമായ വാക്കുകളേക്കാള്‍
സ്വാധീനമുണ്ടാകുമെന്നതാണ്‌ കാരണം. ഇത്‌ രണ്ടിനും നബി തിരുമേനി(സ)യുടെ
ജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്‌.

ഒന്നാമത്‌ പറഞ്ഞ മാതൃകാജീവിതത്തിലൂടെയുള്ള അധ്യാപനത്തിന്‌ നബി(സ)യുടെ


ജീവിതത്തില്‍ നിന്ന്‌ പ്രത്യേകം ഉദാഹരണങ്ങള്‍ ഉദ്ധരിക്കേണ്ടതില്ല. കാരണം,
അവിടുത്തെ ജീവിതം അല്ലാഹു തന്നെ പരിചയപ്പെടുത്തുന്നതുപോലെ ഉസ്‌വത്തുന്‍
ഹസന അഥവാ ഉത്തമമാതൃകയായിരുന്നു. അവിടുന്ന്‌ എല്ലാ നന്മകളുടെയും
വിളനിലമായിരുന്നു. മനുഷ്യജീവിതത്തില്‍ എന്തെല്ലാം നന്മകളുണ്ടോ അതെല്ലാം
അവിടുന്ന്‌ തന്റെ ജീവിതത്തില്‍ നടപ്പാക്കിയിരുന്നു. തിന്മകളായിട്ടുള്ള ഒന്നും
അവിടുന്ന്‌ വര്‍ജിക്കാതിരുന്നിട്ടില്ല. സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും
അവിടുന്ന്‌ ഒരുപോലെ മാതൃകയാണ്‌. വ്യക്തികുടുംബ തലങ്ങളിലും അവിടുന്ന്‌
മാതൃക തന്നെ. ജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖല അദ്ദേഹത്തിന്റെ ഉത്തമ
മാതൃകയില്ലാത്തതായിട്ടില്ല. ആരാധനാകര്‍മങ്ങള്‍, കുടുംബജീവിതം, ഔദാര്യം,
വിനയം, വിരക്തി തുടങ്ങി എല്ലാ കാര്യങ്ങളിലും മാതൃകതന്നെ. പുറമെ, മദീനയില്‍
പള്ളി പണിതപ്പോള്‍ അതില്‍ സഹചരന്മാരോടൊപ്പം ഇഷ്‌ടിക ചുമന്നും
ജോലിയെടുത്തും ആവേശം പകര്‍ന്നുകൊണ്ട്‌ കവിത ആലപിച്ചും അവിടുന്ന്‌
പങ്കുചേര്‍ന്നു. ഇതുപോലെ ഖന്‍ദഖ്‌ യുദ്ധത്തിന്റെ ഭാഗമായി മദീനക്ക്‌ ചുറ്റും കിടങ്ങ്‌
കുഴിച്ചപ്പോള്‍ അതിലും അവിടുന്ന്‌ എല്ലാവരെയും പോലെ പങ്കുചേര്‍ന്നു. അല്ല,
അനുചരന്മാര്‍ക്ക്‌ നേതൃത്വം നല്‌കിക്കൊണ്ട്‌ തന്നെ അവിടുന്ന്‌
പങ്കുചേരുകയുണ്ടായി.

രണ്ടാമതു പറഞ്ഞ, ചെയ്‌തുകാണിച്ചുകൊടുക്കലിന്റെ രീതിക്ക്‌ ഉദാഹരണമാണ്‌


തയമ്മുമിന്റെ രൂപം പഠിപ്പിച്ചത്‌. നബി(സ്വ) ഇരു കൈകളും മണ്ണിലടിച്ചു
കൈയിലെ പൊടി ഊതിക്കളഞ്ഞ്‌ അതുകൊണ്ട്‌ മുഖവും കൈപ്പത്തികളും
തടവിക്കാണിച്ചുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു: `ഇങ്ങനെ മതി' (ബുഖാരി). വുളുവിന്റെ
രൂപം ചോദിച്ചുവന്ന ആള്‍ക്ക്‌, വുളുവിന്റെ രൂപം ആദ്യാന്തം
കാണിച്ചുകൊടുത്തുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു. ഇങ്ങനെയാണ്‌ വുളു. ഇതില്‍
ഏറ്റുകയോ കുറക്കുകയോ ചെയ്യുന്നവന്‍ തെറ്റു ചെയ്‌തു. (അബൂദാവൂദ്‌, നസാഇ)

ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ പഠിതാക്കളുടെ മുന്നിലേക്ക്‌ ചോദ്യങ്ങള്‍ നല്‌കുന്നത്‌


പല വിധത്തിലാകാം. കേവല ചോദ്യത്തിലൂടെയും വിഷയങ്ങള്‍ അവതരിപ്പിച്ച്‌
അതില്‍ നിന്ന്‌ ചോദ്യങ്ങള്‍ ഉന്നയിച്ചുമെല്ലാം ഇത്‌ നിര്‍വഹിക്കാം. ചോദ്യങ്ങള്‍
തൊടുത്തു വിടുന്നതിലൂടെ പല കാര്യങ്ങളും അധ്യാപകന്‌ സാധിച്ചെടുക്കുകയും
ചെയ്യാം. തന്റെ വിദ്യാര്‍ഥികള്‍ക്ക്‌ വിഷയത്തെ പറ്റിയുള്ള പരിജ്ഞാനമെത്രയെന്ന്‌
അളക്കാനും ശ്രദ്ധ വിഷയത്തിലേക്ക്‌ തിരിക്കാനും ചിന്ത ഉണര്‍ത്താനും
അന്വേഷണ തൃഷ്‌ണ വളര്‍ത്താനും ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും
സ്ഥിര പരിചിതമല്ലാത്ത ആശയങ്ങളും വ്യാഖ്യാനങ്ങളും ചിലപ്പോള്‍ പുതിയ
പാഠഭേദങ്ങള്‍ നല്‌കാനും കഴിഞ്ഞേക്കാം. ഇതെല്ലാം തിരുദൂതര്‍ അധ്യാപന
രീതിശാസ്‌ത്രത്തില്‍ ഉപയോഗിച്ചിരുന്നു.

ഉമറിന്റെ(റ) മകന്‍ അബ്‌ദുല്ല പറയുന്നു. ഒരിക്കല്‍ തിരുദൂതര്‍ സദസ്സിന്റെ മുമ്പില്‍


ഒരു വിഷയം ഉന്നയിച്ചു. `മരങ്ങളുടെ കൂട്ടത്തില്‍ ഇലപൊഴിക്കാത്ത ഒരു മരമുണ്ട്‌.
അത്‌ മുസ്‌ലിമിനെപ്പോലെയാണ്‌. അതേതാണെന്ന്‌ പറയാമോ?' ജനങ്ങളെല്ലാം
പലതും ആലോചിച്ചു. താഴ്‌വരകളിലെ പല വൃക്ഷങ്ങളും ഉത്തരങ്ങളായി
വന്നുകൊണ്ടിരുന്നു. എന്റെ മനസ്സില്‍ അത്‌ ഈന്തപ്പന മരമാണെന്ന്‌ തോന്നി.
പക്ഷെ, എന്റെ പ്രായക്കുറവ്‌ കാരണം ഞാനത്‌ പറയാന്‍ മടിച്ചു. അവസാനം
ക്വിസ്‌ മാസ്റ്റര്‍ തന്നെ ഉത്തരം പറഞ്ഞു. അത്‌ ഈന്തപ്പന മരമാണ്‌ (ബുഖാരി).
ഇവിടെ, വിഷയം സമര്‍പ്പിച്ച്‌ അതില്‍ നിന്ന്‌ ചോദ്യം ഉന്നയിക്കുന്ന രീതിയാണ്‌
റസൂല്‍(സ) സ്വീകരിച്ചത്‌. സത്യവിശ്വാസിയായ മുസ്‌ലിമിനെ ഗുണഗണങ്ങളില്‍
ഈന്തപ്പനയോടു ഉപമിക്കുന്ന ഭാവന ഇസ്‌ലാമിക വിരുദ്ധമായ കാഴ്‌ചപ്പാടല്ലെന്നും
ഇത്തരം കാഴ്‌ചപ്പാടുകളും മനോവ്യാപാരങ്ങളും ഇസ്‌ലാം
അനുവദിക്കുന്നതാണെന്നും ഇതില്‍ നിന്ന്‌ വ്യക്തം.

ചോദ്യം തൊടുത്തുവിടുന്നതിനു പുറമെ വിദ്യാര്‍ഥികള്‍ക്ക്‌ പുതിയ വ്യാഖ്യാനവും


പാഠഭേദവും നല്‌കുന്ന സംഭവങ്ങളും തിരുദൂതരുടെ ചര്യയില്‍ കാണാം. ഒരിക്കല്‍
തിരുദൂതര്‍ സദസ്സിനോടു ചോദിച്ചു: മൂഫ്‌ലിസ്‌ അഥവാ പൊളിഞ്ഞു പാപ്പരായവന്‍
ആരാണെന്ന്‌ നിങ്ങള്‍ക്കറിയുമോ? എല്ലാവരും കൂടി പറഞ്ഞു: മുഫ്‌ലിസ്‌ എന്നാല്‍,
ഞങ്ങളില്‍ സമ്പത്തും സാധനങ്ങളുമൊന്നുമില്ലാത്തവനാണ്‌. ഇത്‌ കേട്ട
പ്രവാചകന്‍ പറഞ്ഞു: എന്റെ സമുദായത്തിലെ മുഫ്‌ലിസ്‌ പരലോകത്ത്‌
നമസ്‌കാരവും നോമ്പും സകാത്തുമായി വരികയും അതോടൊപ്പം ചിലരെ ചീത്ത
വിളിക്കുകയും മറ്റു ചിലരെക്കുറിച്ച്‌ അപവാദം പറയുകയും വേരെ ചിലരുടെ ധനം
തിന്നുകയും രക്തം ചിന്തുകയും അടിക്കുകയും ചെയ്‌തുകൊണ്ടുവരികയും
ചെയ്യുന്നവനാണ്‌. അങ്ങനെ പരലോകത്തെ വിചാരണക്കൊടുവില്‍, ഈ
ഓരോരുത്തര്‍ക്കും അവന്റെ നന്മകളില്‍ നിന്ന്‌ കൊടുക്കുന്നു.

ഇങ്ങനെ, കൊടുത്തിട്ട്‌ അവന്റെ ബാധ്യതകള്‍ വീട്ടുന്നതിനു മുമ്പ്‌ അവന്റെ നന്മകള്‍


തീര്‍ന്നുകഴിഞ്ഞാല്‍ അവരുടെ തിന്മകള്‍ എടുത്ത്‌ ഇവന്‌ നല്‌കുന്നു. അവസാനം
ഇവര്‍ നരകത്തിലെറിയപ്പെടുന്നു (മുസ്‌ലിം). എത്ര ഹൃദ്യമാണ്‌ തിരുദൂതരുടെ ഈ
അവതരണം. ഏതൊരാളുടെയും മനസ്സ്‌ തുറപ്പിക്കാന്‍ പര്യാപ്‌തമാണിത്‌.
സ്വഹാബികള്‍ക്ക്‌ സുപരിചിതമായ ഒരു ആശയത്തെ-ഇഹലോകത്തെ
ലാഭനഷ്‌ടങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുന്ന ഒരു പദത്തെ-പാരത്രിക
ജീവിതത്തില്‍ സംഭവിക്കുന്ന യഥാര്‍ഥ നഷ്‌ടത്തെക്കുറിച്ച്‌ പഠിപ്പിക്കാന്‍ വേണ്ടി
പുതിയ വ്യാഖ്യാനം അവതരിപ്പിക്കുകയാണ്‌ തിരുദൂതര്‍ ഇവിടെ ചെയ്‌തത്‌.

ഇതിനു സമാനമായ മറ്റൊരു സംഭവമാണ്‌ ജാഹിലിയ്യത്തിന്റെ ഒരു തത്വത്തേയും


സംസ്‌കാരത്തേയും ഇസ്‌ലാമിക വ്യാഖ്യാനത്തോടെ പാഠഭേദം നല്‌കി
അവതരിപ്പിച്ചത്‌. പ്രവാചകന്‍ ശിഷ്യന്മാരോട്‌ പറഞ്ഞു: `നിന്റെ സഹോദരനെ നീ
സഹായിക്കുക, അവന്‍ അക്രമിയായിരിക്കുമ്പോഴും അക്രമിക്കപ്പെടുമ്പോഴും. ഇത്‌
സ്വഹാബികള്‍ക്ക്‌ പരിചയമുള്ള ആശയമായിരുന്നു. ജാഹിലിയ്യത്തില്‍ സ്ഥിര
പ്രതിഷ്‌ഠ നേടിയ ഗോത്രനീതിയുടെ ഭാഗവുമായിരുന്നു. പക്ഷെ, പുതിയ
ജീവിതത്തില്‍, ഇസ്‌ലാമില്‍ സ്വഹാബികള്‍ക്കത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
അവര്‍ പ്രവാചകനോടു ആരാഞ്ഞു. ആക്രമിക്കപ്പെടുന്നവനെ സഹായിക്കുന്നത്‌
ഞങ്ങള്‍ക്ക്‌ മനസ്സിലായി. എന്നാല്‍ അക്രമിയെ സഹായിക്കുന്നതോ റസൂലേ?
അവിടുന്ന്‌ വിശദീകരിച്ചു: അക്രമിയെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചുകൊണ്ടാണ്‌
സഹായിക്കേണ്ടത്‌. രണ്ടായാലും- അക്രമിയായലും അക്രമിക്കപ്പെടുന്നവനായാലും
മറ്റുള്ളവര്‍ക്ക്‌ അവരുടേതായ പങ്ക്‌ അതില്‍ നിര്‍വഹിക്കാനുണ്ടെന്ന ആശയവും
സാമൂഹിക ബോധവും എത്ര ഭംഗിയായിട്ടാണ്‌പ്രവാചകന്‍ ഇവിടെ പഠിപ്പിക്കുന്നത്‌!

പൂര്‍ണമായും ജിജ്ഞാസ ഉണര്‍ത്തുന്ന വിധം ഒരിക്കല്‍ പ്രവാചകന്‍(സ)


തൊടുത്തുവിട്ട ഒരു ചോദ്യം നോക്കുക. `ഗീബത്ത്‌ (പരദൂഷണം) എന്താണെന്ന്‌
നിങ്ങള്‍ക്കറിയുമോ? ശിഷ്യന്മാര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതരുമാണ്‌
കൂടുതല്‍ അറിയുന്നവര്‍. അവിടുന്ന്‌ പറഞ്ഞു: നിന്റെ സഹോദരനെക്കുറിച്ച്‌ അവന്‍
വെറുക്കുന്നത്‌ പറയുക. അപ്പോള്‍ ആരോ ചോദിച്ചു. എന്റെ സഹോദരനെക്കുറിച്ച്‌
ഞാന്‍ പറയുന്നത്‌ അവനില്‍ ഉള്ള കാര്യമാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു:
ഉള്ളതാണ്‌ പറയുന്നതെങ്കില്‍ തീര്‍ച്ചയായും നീ ഗീബത്ത്‌ പറഞ്ഞു. ഇനി നീ
പറയുന്നത്‌ അവനില്‍ ഇല്ലാത്തതാണെങ്കില്‍, തീര്‍ച്ചയായും നീ അവനെക്കുറിച്ച്‌
അപവാദം പ്രചരിപ്പിച്ചു. (മുസ്‌ലിം). ഗീബത്തിനെക്കുറിച്ച്‌ തെറ്റിദ്ധാരണ
തിരുത്താനും ശരിയായ കാഴ്‌ചപ്പാട്‌ വളര്‍ത്താനും ഈ ചോദ്യോത്തരത്തിലൂടെ
സാധിക്കുന്നു. ഇതുപോലെ വേറെയും സംഭവങ്ങള്‍ കാണാവുന്നതാണ്‌.

വിഷയത്തിന്റെ ഗൗരവം സദസ്സിനെ ബോധ്യപ്പെടുത്താനും ശ്രദ്ധ


വിഷയത്തിലേക്ക്‌ തിരിക്കാനും ഉപയുക്തമാകുന്ന വിധത്തില്‍ ചില ചോദ്യങ്ങളും
തിരുദൂതര്‍ ചോദിക്കാറുണ്ടായിരുന്നു. ഈ രീതി സംബോധനയില്‍ സ്വീകാര്യമായ
ശൈലിയാണ്‌. ബലിയറുക്കുന്ന ദിവസം അവിടുന്ന്‌ ഒരിക്കല്‍ തന്റെ ശിഷ്യന്മാരോടു
ചോദിച്ചു: ഈ ദിവസമേതാണെന്ന്‌ നിങ്ങള്‍ക്കറിയുമോ? അല്ലാഹുവും റസൂലുമാണ്‌
കൂടുതല്‍ അറിയുന്നവര്‍ എന്ന്‌ പറഞ്ഞുകൊണ്ട്‌ അവര്‍ മൗനം ദീക്ഷിച്ചു. പുതിയ
പേര്‌ പറയുമെന്ന്‌ അവര്‍ ധരിച്ചു. അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: ഇത്‌ ബലി
ദിവസമല്ലേ? അവര്‍ പറഞ്ഞു: അതെ. പിന്നീട്‌ അവിടുന്ന്‌ ചോദിച്ചു: ഇത്‌ ഏത്‌
മാസമാണെന്നറിയുമോ? അല്ലാഹുവും റസൂലുമാണ്‌ കൂടുതല്‍ അറിയുന്നവന്‍ എന്ന്‌
പറഞ്ഞ്‌ അവര്‍ മൗനമവലംബിച്ചു. പുതിയ വല്ല പേരും അവിടുന്ന്‌ പറയുമെന്നവര്‍
ധരിച്ചു. അവിടുന്ന്‌ ചോദിച്ചു. ഇത്‌ ദുല്‍ഹിജ്ജ മാസമല്ലെ? അവര്‍ പറഞ്ഞു: അതെ.
തുടര്‍ന്ന്‌ ഇതേപോലെ ഇത്‌ ഏത്‌ നാടാണെന്നും ചോദിച്ചു. അവസാനം
ബല്‍ദത്തുല്‍ ഹറാം (വിശുദ്ധ നാട്‌-മക്ക) അല്ലേ എന്ന്‌പറഞ്ഞു. തുടര്‍ന്ന്‌അവിടുന്ന്‌:
ഒരു വലിയ തത്വം ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ലോകത്തെ പഠിപ്പിച്ചു.
തീര്‍ച്ചയായും നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ
അഭിമാനവുമെല്ലാം വിശുദ്ധമാണ്‌. ഈ ദിവസത്തിന്റെ വിശുദ്ധിപോലെ, ഈ
മാസത്തിന്റെ വിശുദ്ധിപോലെ, ഈ മാസത്തില്‍ ഈ നാട്ടിലേത്‌ പോലെ.''
(ബുഖാരി, മുസ്‌ലിം).

ഇതില്‍, ഓരോ ചോദ്യത്തിനും ശേഷം ശിഷ്യന്മാര്‍ മൗനമലംബിക്കുന്നതും


അതിനവസരം നല്‌കുന്നതും വിഷയത്തിന്റെ ഗൗരവം കൂടുതല്‍ ബോധ്യപ്പെടുത്താന്‍
സഹായകമാകുന്നു.
സദസ്സിന്റെ അഭിപ്രായമാരാഞ്ഞുകൊണ്ട്‌ വിഷയത്തിലേക്ക്‌ കൊണ്ടുവരുന്ന
രീതിയും പ്രവാചകന്‍(സ) സ്വീകരിച്ചിരുന്നു. ഒരിക്കല്‍ അവിടുന്ന്‌ ഇങ്ങനെ
ചോദിച്ചു: നിങ്ങളുടെ പടിവാതില്‍ക്കലൂടെ ഒഴുകുന്ന ഒരു നദിയില്‍ അഞ്ചുനേരം
കുളിക്കുന്ന ഒരാളെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായമെന്താണ്‌? നിങ്ങള്‍ എന്ത്‌
പറയുന്നു, അവന്റെ ശരീരത്തില്‍ ചെളി അവശേഷിക്കുമോ? അവര്‍ പറഞ്ഞു:
അവന്റെ ശരീരത്തില്‍ ചെളിയൊന്നും അവശേഷിക്കുകയില്ല. അപ്പോള്‍ അവിടുന്ന്‌
പറഞ്ഞു. ഇതുപോലെയാണ്‌ അഞ്ചു നേരത്തെ നമസ്‌കാരം. അതുവഴി അല്ലാഹു
എല്ലാ പാപങ്ങളും മായ്‌ച്ചുകളയുന്നു (ബുഖാരി, മുസ്‌ലിം). ഇവിടെ ആത്മീയ
വിശുദ്ധിയെ അനുഭവേദ്യമായ ശാരീരിക ശുദ്ധിയോട്‌ സാദൃശ്യപ്പെടുത്തി
പറയുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്‌.

മനുഷ്യന്റെ ധനത്തോടുള്ള ആഗ്രഹം മനസ്സിലാക്കി അവിടുന്ന്‌ ഒരിക്കല്‍


ചോദിക്കുന്നത്‌: നിങ്ങളില്‍ ആര്‍ക്കാണ്‌ സ്വന്തം ധനത്തേക്കാള്‍ തന്റെ
അനന്തരാവകാശികളുടെ ധനം കൂടുതല്‍ ഇഷ്‌ടപ്പെട്ടതായി മാറുന്നത്‌? എല്ലാവരും
പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! ഞങ്ങളില്‍ എല്ലാവരും സ്വന്തം ധനത്തെയാണ്‌
കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്‌. അപ്പോള്‍ അവിടുന്ന്‌ അവരെ പഠിപ്പിച്ചു: എന്നാല്‍,
സ്വന്തം ധനമെന്ന്‌ പറയുന്നത്‌ താന്‍ ചെലവഴിച്ചതാണ്‌. അനന്തരാവകാശിയുടെ
ധനമെന്ന്‌പറയുന്നത്‌ചെലവഴിക്കാതെ മാറ്റിവെച്ചതുമാണ്‌ (ബുഖാരി). എന്തു മാത്രം
ഹൃദ്യമായ ശൈലിയാണ്‌! വിരസത അനുഭവപ്പെടാത്ത രീതിതന്നെ. ഒരു വലിയ
ആശയം ചെറിയ ചോദ്യോത്തരത്തില്‍ അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്‌. l

You might also like