You are on page 1of 18

ലാഭനഷ്ടങ്ങളുടെ വീതം വെപ്പ്‌

Posted on: 17 Nov 2010

യു.ഡി.എഫിന്റെ മുന്നേറ്റത്തിനിടയിലും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍


കാലിനടിയിലെ മണ്ണ് ഒലിച്ചുപോകാതെ നോക്കാന്‍ ഉത്തര മലബാറില്‍
ഒരളവോളം എല്‍.ഡി.എഫിന് സാധിച്ചു എന്നാണ് തദ്ദേശ സ്വയംഭരണ
തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. പക്ഷേ, വയനാട്ടില്‍ അവര്‍ക്ക് കനത്ത
തിരിച്ചടിയേറ്റു. കോഴിക്കോട്ട് എതിരാളികളുടെ പിഴവുകള്‍ അവര്‍ക്ക്
തുണയായി. കണ്ണൂരിലും കാസര്‍കോട്ടും പരമ്പരാഗത വോട്ടുകള്‍
എല്‍.ഡി.എഫിനൊപ്പം നിലകൊണ്ടു എന്നുവേണം മനസ്സിലാക്കാന്‍

കോഴിക്കോട്

സ്വന്തം കരുത്തിനേക്കാള്‍ എതിരാളികളുടെ ദൗര്‍ബല്യം


വിധിനിര്‍ണയിച്ച കഥയാണ് കോഴിക്കോട് ജില്ലയ്ക്ക് പറയാനുള്ളത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മുന്നേറ്റം നടത്തിയെങ്കിലും
അനുകൂലമായ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്താനായില്ല.
അതേസമയം എല്‍.ഡി.എഫ്. ആകട്ടെ കഴിഞ്ഞ പാര്‍ലമെന്റ്
തിരഞ്ഞെടുപ്പിലെ തിരിച്ചടി നല്ലൊരളവുവരെ മറികടന്ന്
ആശ്വാസജയം കരസ്ഥമാക്കുകയും ചെയ്തു. പരമ്പരാഗതമായി
എല്‍.ഡി.എഫിന് പ്രത്യേകിച്ച് സി.പി.എമ്മിന് സ്വാധീനമുള്ള
ജില്ലയാണ് കോഴിക്കോടെങ്കിലും കഴിഞ്ഞ പാര്‍ലമെന്റ്
തിരഞ്ഞെടുപ്പില്‍ ഇടതുസ്വാധീനത്തിന് ഇളക്കം തട്ടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അണിനിരത്തിയ മുല്ലപ്പള്ളി
രാമചന്ദ്രന്‍, എം.കെ.രാഘവന്‍ എന്നീ സ്ഥാനാര്‍ഥികളുടെ മികവും
എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദള്‍
എല്‍.ഡി.എഫ്. വിട്ടതുമെല്ലാം യു.ഡി.എഫിന് അനുഗ്രഹമായിരുന്നു.
എന്നാല്‍ ആ പരാജയം ഒരു പരിധിവരെ മറികടന്ന് ആശ്വാസജയം
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടാനായതില്‍ എല്‍.ഡി.എഫ്.
നന്ദി പറയേണ്ടത് കോണ്‍ഗ്രസ് ജില്ലാനേതൃത്വംവരുത്തിയ
തന്ത്രപരമായ പിഴവുകള്‍ക്കാണ്. ഇതിനൊപ്പം റിബലുകളും
അണിനിരന്നപ്പോള്‍ വിജയം യു.ഡി.എഫില്‍ നിന്നും അകന്നു.

കോഴിക്കോട് ജില്ലയില്‍ 13 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്.


പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം എട്ടെണ്ണത്തില്‍ യു.ഡി.എഫിനും
അഞ്ചെണ്ണത്തില്‍ എല്‍.ഡി.എഫിനുമാണ് ലീഡ്. ലോക്‌സഭാ
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒന്‍പതും എല്‍.ഡി.എഫിന് നാലും
നിയമസഭാ മണ്ഡലങ്ങളിലാണ് ലീഡുണ്ടായിരുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടുനിലയനുസരിച്ച് കോഴിക്കോട്


സൗത്ത്, വടകര, കുറ്റിയാടി, ബാലുശ്ശേരി, കൊടുവള്ളി, കൊയിലാണ്ടി,
തിരുവമ്പാടി, കുന്ദമംഗലം എന്നിവയാണ് യു.ഡി.എഫിന് മുന്‍തൂക്കം
ലഭിച്ച മണ്ഡലങ്ങള്‍. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, എലത്തൂര്‍,
പേരാമ്പ്ര, നാദാപുരം എന്നിവയില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ
ലഭിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു.ഡി.എഫിനാണ് ജില്ലയില്‍
കൂടുതല്‍ വോട്ടു ലഭിച്ചത്. യു.ഡി.എഫിന് 7,85,634 വോട്ടു
ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 7,50,655 വോട്ടു ലഭിച്ചു. 91,846 വോട്ടാണ്
ബി.ജെ.പി.യുടെ കണക്കില്‍.

വയനാട്

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത


തിരിച്ചടി നേരിട്ട ജില്ലകളിലൊന്നാണ് വയനാട്. ജില്ലയിലെ മൂന്നു
നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ ആധിപത്യം
പൂര്‍ണമാണ്.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു നിയമസഭാ


മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. ആണ് ജയിച്ചത്. എന്നാല്‍
സോഷ്യലിസ്റ്റ് ജനത എല്‍.ഡി.എഫ്. വിട്ടതിനെത്തുടര്‍ന്ന്
യു.ഡി.എഫിന് ഒന്നും എല്‍.ഡി.എഫിന് രണ്ടും
എം.എല്‍.എ.മാരായി.സോഷ്യലിസ്റ്റ് ജനതയുടെ മുന്നണിമാറ്റവും
കര്‍ഷക വിഭാഗങ്ങളുടെ എതിര്‍പ്പുമാണ് വയനാട്ടിലെ ജനവിധി
എല്‍.ഡി.എഫിന് എതിരായി മാറ്റിമറിച്ചതിന് പിന്നിലെന്ന് തന്നെ
കരുതണം.ആദിവാസികളെ രംഗത്തിറക്കി സി.പി.എം. ഭൂസമരം
നടത്തിയതും വയനാട് ജില്ലയിലാണ്. ഈ സമരം ഒരു
സുപ്രഭാതത്തില്‍ സി.പി.എം. നിരുപാധികം പിന്‍വലിക്കുകയും
ചെയ്തു. ഈ സമരത്തിന് ജനങ്ങളുടെ അംഗീകാരം
നേടാനായില്ലെന്നാണ് ജനവിധി നല്‍കുന്ന സൂചന.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുഫലം നിയമസഭാ


മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കല്പറ്റ മണ്ഡലത്തില്‍
യു.ഡി.എഫിന് 58,322 വോട്ടും എല്‍.ഡി.എഫിന് 37,336 വോട്ടുമാണ്
ലഭിച്ചത്. സുല്‍ത്താന്‍ബത്തേരിയില്‍ യു.ഡി.എഫിന് 76,409 വോട്ടും
എല്‍.ഡി.എഫിന് 58,288 വോട്ടും ലഭിച്ചു. മാനന്തവാടി മണ്ഡലത്തില്‍
യു.ഡി.എഫിന് 61,259 വോട്ടും എല്‍.ഡി.എഫിന് 45,566 വോട്ടുമാണ്
ലഭിച്ചത്.

കണ്ണൂര്‍

ഇടതുമുന്നണിക്ക് എന്നും ഉറച്ചു വിശ്വസിക്കാവുന്ന മണ്ണാണ്


കണ്ണൂരിലേതെന്ന ധാരണ ഇത്തവണയും തെറ്റിയില്ല. ആകെയുള്ള 11
നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് എല്‍.ഡി.എഫിന് മുന്‍തൂക്കം
നല്‍കിയാണ് ആ ധാരണ ഇത്തവണയും കണ്ണൂര്‍ അരക്കിട്ട്
ഉറപ്പിച്ചത്. മൂന്നു നിയോജകമണ്ഡലങ്ങളിലാണ് യു.ഡി.എഫിന്
മുന്‍തൂക്കം ലഭിച്ചത്.

തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം, പേരാവൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി,


തലശ്ശേരി, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പം
നിലകൊണ്ടു. ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍
യു.ഡി.എഫിനും മേല്‍ക്കൈ ലഭിച്ചു. കഴിഞ്ഞ പാര്‍ലമെന്റ്
തിരഞ്ഞെടുപ്പില്‍ ആറിടത്ത് എല്‍.ഡി.എഫിനും അഞ്ച് നിയമസഭാ
മണ്ഡലങ്ങളില്‍ യു.ഡി.എഫും എന്നതായിരുന്നു നില. ഇരിക്കൂര്‍,
അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ ലീഡ് തദ്ദേശ തിരഞ്ഞെടുപ്പിലും
നിലനിര്‍ത്തിയ യു.ഡി.എഫിന് പക്ഷേ, പേരാവൂര്‍, കൂത്തുപറമ്പ്
എന്നീ മണ്ഡലങ്ങളില്‍ ലീഡ് നിലനിര്‍ത്താനായില്ല.

പേരാവൂരില്‍ എല്‍.ഡി.എഫിന് 707 വോട്ടിന്റെ നേരിയ ലീഡ്


മാത്രമേയുള്ളൂ. യു.ഡി.എഫ്. വിമതര്‍ എല്ലാവരും കൂടി
മൂവായിരത്തോളം വോട്ടുകള്‍ നേടുകയുംചെയ്തു.

കാസര്‍കോട്

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പരമ്പരാഗതമായി


എല്‍.ഡി.എഫ്. അനുഭാവം പുലര്‍ത്തുന്ന മണ്ഡലമാണ്. കഴിഞ്ഞ
പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്
യു.ഡി.എഫിന് മുന്നേറ്റം നടത്താനായിട്ടുണ്ടെങ്കിലും തദ്ദേശ
സ്വയംഭരണ തിരഞ്ഞെടുപ്പിലും ആധിപത്യം എല്‍.ഡി.എഫിന് തന്നെ.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ
തിരഞ്ഞെടുപ്പുഫലം കണക്കാക്കുമ്പോള്‍ മൂന്നു മണ്ഡലങ്ങള്‍
എല്‍.ഡി.എഫ്. പക്ഷത്തും രണ്ടു മണ്ഡലങ്ങള്‍ യു.ഡി.എഫ്.
പക്ഷത്തുമാണ് കാണുന്നത്. മഞ്ചേശ്വരം, കാസര്‍കോട് എന്നിവയാണ്
യു.ഡി.എഫിന് മേല്‍ക്കൈ ലഭിച്ച മണ്ഡലങ്ങള്‍. ഉദുമ, കാഞ്ഞങ്ങാട്,
തൃക്കരിപ്പൂര്‍ എന്നിവയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും
ഇടത് ആഭിമുഖ്യം പ്രകടമാക്കിയ നിയമസഭാ മണ്ഡലങ്ങള്‍.

ബി.ജെ.പി, ഐ.എന്‍.എല്‍. എന്നീ പാര്‍ട്ടികളുടെ ശക്തമായ


സാന്നിധ്യമാണ് കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകത.
ബി.ജെ.പി. നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമം നടത്തുന്ന
മഞ്ചേശ്വരം ഇവിടെയാണ്. ഗ്രാമപ്പഞ്ചായത്ത് തലത്തിലെ വോട്ട്
വിലയിരുത്തുമ്പോള്‍ മഞ്ചേശ്വരത്ത് എല്‍.ഡി.എഫ്. രണ്ടാം സ്ഥാനത്തും
ബി.ജെ.പി. മൂന്നാമതുമാണ്. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളെ
അടിസ്ഥാനമാക്കി വോട്ടുകളുടെ എണ്ണം കണക്കാക്കുമ്പോള്‍
എല്‍.ഡി.എഫ്. മൂന്നാമതാണ്. എന്നും യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന
മണ്ഡലമാണ് കാസര്‍കോട് നിയമസഭാ മണ്ഡലം. കഴിഞ്ഞ
തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍. എല്‍.ഡി.എഫിനൊപ്പമായിട്ടും
ഇവിടെ വിജയം യു.ഡി.എഫിനായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍
ബി.ജെ.പി. രണ്ടാംസ്ഥാനത്തും എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തുമാണ്.
ഇത്തവണ ഐ.എന്‍.എല്‍. കൂടി യു.ഡി.എഫ്. പക്ഷത്തെത്തിയതോടെ
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി കാസര്‍കോട് മാറിയിട്ടുണ്ട്.

കൊല്ലത്തെ ഇല്ലം തകരാതെ എല്‍.ഡി.എഫ്.

Posted on: 12 Nov 2010

തെക്ക് എല്‍.ഡി.എഫിന്റെ മാനം കാത്തത് കൊല്ലമാണ്. 2009 ലോക്‌സഭാ


തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന്
മൂന്നും മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ്
കഴിഞ്ഞപ്പോള്‍ ഇത് നേര്‍വിപരീതമായി

എന്നും സമാന രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുന്ന ജില്ലകളാണ്


ദക്ഷിണ കേരളം എന്നറിയപ്പെടുന്ന തിരുവനന്തപുരം, കൊല്ലം,
ആലപ്പുഴ എന്നിവ. പൊതുവെ ഇടതുപക്ഷ ആഭിമുഖ്യം കാട്ടാറുള്ള
ഈ മൂന്ന് ജില്ലകളില്‍ നിയമസഭാ തദ്ദേശസ്വയംഭരണ
തിരഞ്ഞെടുപ്പുകളില്‍ മിക്കപ്പോഴും എല്‍.ഡി.എഫിനായിരുന്നു
മേല്‍ക്കൈ. ഇത്തവണ സ്ഥിതി വ്യത്യസ്തമല്ല.

കൊല്ലത്ത് എട്ടുമണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടിയതാണ്


ഈമേല്‍ക്കൈയ്ക്ക് കാരണം. തിരുവനന്തപുരത്ത് ഇരുമുന്നണികളും
ഒപ്പത്തിനൊപ്പമാണ്; ആലപ്പുഴയില്‍ യു.ഡി.എഫ്. ഒരു സീറ്റ് മുന്നിലും.
എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം
ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതേ അളവില്‍ ഈ
മേഖലയില്‍ ആവര്‍ത്തിക്കാന്‍ യു.ഡി.എഫിനായില്ല. ഈ ജില്ലകളില്‍
മൊത്തം 15 നിയമസഭാ സീറ്റ് നേടാനേ യു.ഡി.എഫിന് കഴിഞ്ഞുള്ളൂ.
അതേസമയം 19 നിയമസഭാസീറ്റുകള്‍ എല്‍.ഡി.എഫ്. നേടുകയും
ചെയ്തു. എങ്കിലും മുന്‍കാല തദ്ദേശ സ്വയംഭരണ
തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ
തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. മുന്നേറ്റം വ്യക്തമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയം കൂടുതല്‍


പരിഗണിക്കപ്പെടുന്നതിനാല്‍ നിയമസഭാ-തദ്ദേശ
തിരഞ്ഞെടുപ്പുകളിലാണ് ഈ മൂന്ന് തെക്കന്‍ ജില്ലകളുടെ
സമാനരാഷ്ട്രീയം കൂടുതല്‍ പ്രകടമാകാറുള്ളത്. എല്‍.ഡി.എഫ്. മുന്നണി
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ഘട്ടങ്ങളിലെല്ലാം ഈ
മൂന്നു ജില്ലകളുടേയും സംഭാവന വളരെ വലുതും
പ്രകടവുമായിരുന്നു. ഈ ജില്ലകളില്‍ എല്‍.ഡി.എഫിന് ക്ഷീണം
ഉണ്ടാകുകയും യു.ഡി.എഫ്. മുന്നേറുകയും ചെയ്ത
തിരഞ്ഞെടുപ്പുകളിലെല്ലാം സംസ്ഥാന ഭരണം യു.ഡി.എഫ്.
കൈയടക്കുകയും ചെയ്തിട്ടുണ്ട്. ഈ തദ്ദേശസ്വയംഭരണ
തിരഞ്ഞെടുപ്പിലും ഈ ജില്ലകളില്‍ സമാനമായ
വിധിയെഴുത്തുതന്നെയാണ് ഉണ്ടായത്.

സമാനമായ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍, പരമ്പരാഗത


തൊഴില്‍ മേഖലകളുടെ സാന്നിധ്യം, ഏറെക്കുറെ സമാനമായ ജാതി-
മത സമവാക്യങ്ങള്‍ എന്നിവയാണ് ഈ മൂന്നു ജില്ലകളുടെ
സമാനരാഷ്ട്രീയത്തിനു പിന്നിലെന്നുതന്നെ കരുതണം.

തിരുവനന്തപുരം

സ്ഥിരമായി ഇരുമുന്നണികളോടും മമത പുലര്‍ത്താത്ത ജില്ലയാണ്


തിരുവനന്തപുരം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ
തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പിലും വ്യത്യസ്തമായ വിധിയെഴുത്തുകള്‍ നടത്തി
തലസ്ഥാന ജില്ല രാഷ്ട്രീയപ്പാര്‍ട്ടികളെ പലപ്പോഴും അമ്പരിപ്പിക്കുകയും
ചെയ്തിട്ടുണ്ട്.
ഇക്കുറിയും ഈ സ്ഥിതിക്കു മാറ്റമില്ല. തിരുവനന്തപുരം
കോര്‍പ്പറേഷന്‍ ഭരണസമിതിയും ആറ്റിങ്ങല്‍ നഗരസഭയും
എല്‍.ഡി.എഫ്. കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ തിരുവനന്തപുരം
ജില്ലാപഞ്ചായത്ത് ഭരണവും വര്‍ക്കല, നെയ്യാറ്റിന്‍കര നഗരസഭാ
ഭരണവും യു.ഡി.എഫിനായി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം
നല്‍കാത്ത വിധിയെഴുത്തായിരുന്നു നെടുമങ്ങാട്
നഗരസഭയിലെങ്കിലും റിബലുകളുടെയും സ്വതന്ത്രരുടെയും നിലപാട്
എല്‍.ഡി.എഫിന് അനുഗ്രഹമായി.

ജില്ലയിലെ ആകെയുള്ള 73 ഗ്രാമപ്പഞ്ചായത്തുകളില്‍ 39 എണ്ണം


യു.ഡി.എഫും 34 എണ്ണം എല്‍.ഡി.എഫും നേടി. ബ്ലോക്ക്
പഞ്ചായത്തുകളിലും നേരിയ മുന്‍തൂക്കം യു.ഡി.എഫിന് തന്നെ.
ആറ്‌ബ്ലോക്ക് പഞ്ചായത്തുകള്‍ യു.ഡി.എഫിന് ലഭിച്ചപ്പോള്‍
അഞ്ചെണ്ണം എല്‍.ഡി.എഫ്. സ്വന്തമാക്കി.

നിയമസഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി ഇക്കഴിഞ്ഞ


തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ലഭിച്ച
വോട്ടുകള്‍ കണക്കാക്കുമ്പോള്‍ ലഭിക്കുന്നതും സമാനമായ
ചിത്രംതന്നെ. ഏഴുനിയമസഭാ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന്,
ഏഴുമണ്ഡലങ്ങള്‍ യു.ഡി.എഫിന്.

വര്‍ക്കല, വാമനപുരം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട,


കോവളം, നെയ്യാറ്റിന്‍കര എന്നിവയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍
യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ച മണ്ഡലങ്ങള്‍. ആറ്റിങ്ങല്‍,
ചിറയിന്‍കീഴ്, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, പാറശ്ശാല
എന്നിവയാണ് എല്‍.ഡി.എഫിനൊപ്പം നിന്നത്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്‍പതുമണ്ഡലള്‍


യു.ഡി.എഫിനും അഞ്ചുമണ്ഡലങ്ങള്‍ എല്‍.ഡി.എഫിനും മുന്‍തൂക്കം
എന്നതായിരുന്നു അവസ്ഥ. ഈ സ്ഥിതിക്ക് നേരിയമാറ്റം ഈ
തിരഞ്ഞെടുപ്പോടെ ഉണ്ടായി എന്നു കരുതണം. മറ്റുജില്ലകളില്‍
യു.ഡി.എഫിന് അനുകൂലമായുണ്ടായ അടിയൊഴുക്കുകള്‍
തിരുവനന്തപുരത്ത് പ്രകടമായില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മറ്റ്
സംഘടിതവിഭാഗങ്ങളുടെയും പിന്തുണ എല്‍.ഡി.എഫിന്
തുണയായപ്പോള്‍ ചിലവിഭാഗങ്ങളില്‍ പ്രകടമായ സി.പി.എം. വിരുദ്ധ
വികാരവും ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്
അനുഗ്രഹമായി. തിരുവനന്തപുരം നഗരസഭയിലും ചില ജില്ലാ
പഞ്ചായത്ത് -ഗ്രാമപ്പഞ്ചായത്തു ഡിവിഷനുകളിലും സി.പി.എമ്മിലെ
വിഭാഗീയതയും യു.ഡി.എഫിന് സഹായകരമായി.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്


യു.ഡി.എഫ്. അണിനിരത്തിയത് താരപരിവേഷമുള്ള
സ്ഥാനാര്‍ഥിയായ ശശി തരൂരിനെ ആയിരുന്നു.
രാഷ്ട്രീയത്തിന്നതീതമായി ശശി തരൂര്‍ സമാഹരിച്ച വോട്ടുകള്‍
തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പില്‍ അതേഅളവില്‍ യു.ഡി.എഫിന്
ലഭിച്ചില്ല. ഇതാണ് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ
നിലമെച്ചപ്പെടാന്‍ കാരണം.

കൊല്ലം

മിക്ക തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ ചായ്‌വ് മറയില്ലാതെ


പ്രകടിപ്പിച്ചിട്ടുള്ള ജില്ലയാണ് കൊല്ലം. നിയമസഭ-തദ്ദേശസ്വയം ഭരണ
തിരഞ്ഞെടുപ്പുകളിലെല്ലാം ഇതു തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ
തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇടയ്‌ക്കെങ്കിലും കൊല്ലം മാറി
മന്ത്രിച്ചിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പല തവണ
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇവിടെനിന്ന് വിജയിച്ചിട്ടുണ്ടെങ്കിലും
തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം
വിജയിക്കുന്ന അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

കശുവണ്ടി, കയര്‍ എന്നീ പരമ്പരാഗത തൊഴില്‍ മേഖലകളിലെ


രണ്ടരലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ സാന്നിധ്യമാണ്
കൊല്ലം ജില്ലയില്‍ ഇടതുമുന്നണിക്ക് കരുത്തുപകരുന്ന അടിസ്ഥാന
ഘടകം. സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിലെത്തിയ
ഘട്ടങ്ങളിലെല്ലാം കൊല്ലം ജില്ലയുടെ സംഭാവന ആ
വിജയങ്ങള്‍ക്കുപിന്നില്‍ ഉണ്ടായിരുന്നു. ഇടതുപക്ഷം കനത്ത തിരിച്ചടി
നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പുകളിലും കൊല്ലം ജില്ലയില്‍
നിന്നുള്ള പിന്തുണയിലാണ് ഇടതുമുന്നണി മാനം കാത്തത്.

ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ


വിജയത്തിനു പിന്നില്‍ ഈ പരമ്പരാഗത ഘടകങ്ങള്‍ക്കു പുറമെ
യു.ഡി.എഫിന്റെ ദൗര്‍ബല്യങ്ങളും സംഭാവന ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഭരണ- സി.പി.എം. വിരുദ്ധ
വികാരങ്ങള്‍ കൊല്ലം ജില്ലയിലും പ്രതിഫലിച്ചുവെന്നുതന്നെ
കരുതണം. എന്നാല്‍ യു.ഡി.എഫിലും കോണ്‍ഗ്രസ്സിലുമുണ്ടായ
അസ്വാരസ്യങ്ങളാണ് തിരിച്ചടിയുടെ ആഘാതം ലഘൂകരിക്കാനും
സ്വന്തം കോട്ട സംരക്ഷിക്കാനും എല്‍.ഡി.എഫിന് തുണയായത്.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം, കൊട്ടാരക്കര,


കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം
എന്നീ എട്ടുമണ്ഡലങ്ങളില്‍ യു.ഡി.എഫിനും പുനലൂര്‍, ചടയമംഗലം,
ചാത്തന്നൂര്‍ എന്നീ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍
എല്‍.ഡി.എഫിനുമായിരുന്നു മുന്‍തൂക്കം. മൊത്തം ഏതാണ്ട്
രണ്ടരലക്ഷത്തിലധികം വോട്ടുകള്‍ യു.ഡി.എഫ്. അധികമായി
നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ
തിരഞ്ഞെടുപ്പില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. പത്തനാപുരം,
കുന്നത്തൂര്‍, ചവറ എന്നീ മണ്ഡലങ്ങളില്‍ മാത്രമായി യു.ഡി.എഫ്.
മുന്‍തൂക്കം ഒതുങ്ങി.

പുനലൂര്‍, ചടയമംഗലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം,


ഇരവിപുരം, ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്.
ആധിപത്യം പുലര്‍ത്തുകയും ചെയ്തു. നേരത്തേ പാര്‍ലമെന്റ്
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേടിയ രണ്ടരലക്ഷം വോട്ടിന്റെ
മുന്‍തൂക്കം മറികടന്ന് 30,000 വോട്ടിന്റെ മേല്‍ക്കൈ എല്‍.ഡി.എഫ്.
സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍


ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫിന് ആകെ 5,25,764
വോട്ടുലഭിച്ചപ്പോള്‍ യു.ഡി.എഫിന് 5,25,614 വോട്ടുലഭിച്ചു.
എല്‍.ഡി.എഫിന് 150 വോട്ടിന്റെ നേരിയ ഭൂരിപക്ഷം. നിയമസഭാ
നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍
അരൂര്‍, കുട്ടനാട്, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍ എന്നീ അഞ്ചു
നിയോജകമണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം, ചേര്‍ത്തല,
ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നീ നാലുനിയോജക
മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണ് കൂടുതല്‍ വോട്ടുലഭിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര


നിയോജകമണ്ഡലം ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും
യു.ഡി.എഫിനാണ് മുന്‍തൂക്കം ലഭിച്ചത്.
എട്ടുനിയോജകമണ്ഡലങ്ങളിലുമായി 69,105 വോട്ടാണ് 2009
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികമായി
നേടിയിരുന്നത്. ഈപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകളില്‍
മാത്രമാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചത്.

വിനാശകാലേവിമതവീര്യം

Posted on: 16 Nov 2010

പരമ്പരാഗത രാഷ്ട്രീയ ചായ്‌വ് ആവര്‍ത്തിക്കപ്പെട്ട തിരഞ്ഞെടുപ്പു


ഫലമായിരുന്നു തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുണ്ടായത്.
തൃശ്ശൂരില്‍ യു.ഡി.എഫിന് മേല്‍ക്കൈ, പാലക്കാട്
ഇടതുമുന്നണിക്കൊപ്പം, മലപ്പുറം മുസ്‌ലിംലീഗിന്റെ ബലത്തില്‍
യു.ഡി.എഫ്. പക്ഷത്ത് എന്നായിരുന്നു നില. എന്നാല്‍ സി.പി.എം.
അടക്കമുള്ള ഇടതുപക്ഷം പരമ്പരാഗതമേഖലയില്‍പ്പോലും പിന്നാക്കം
നില്‍ക്കുന്നുവെന്നതാണ് ഫലങ്ങളുടെ ആത്യന്തിക വിശകലനത്തില്‍
തെളിയുന്ന ചിത്രം. തൃശ്ശൂരില്‍ ഒന്‍പതു നിയമസഭാ മണ്ഡലം
യു.ഡി.എഫിനൊപ്പവും നാലെണ്ണം എല്‍.ഡി.എഫിനൊപ്പവും നിന്നു.
പാലക്കാട്ട് എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. ആറു മണ്ഡലങ്ങളില്‍
മേല്‍ക്കൈ ഉണ്ട്. യു.ഡി.എഫിന് നാലും. മലപ്പുറത്ത് 16
നിയമസഭാമണ്ഡലങ്ങളിലും യു.ഡി.എഫ്. മുന്നില്‍ വന്നു.

തൃശ്ശൂരില്‍ യു.ഡി.എഫിന് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല.


വര്‍ഷങ്ങളായി അധികാരത്തില്‍ ഇരുന്ന പല സ്ഥലങ്ങളും
പാലക്കാട് ജില്ലയില്‍ സി.പി.എമ്മിനെ കൈവിട്ടുവെന്നതാണ്
ജില്ലയിലെ വിജയത്തിനിടയിലും പാലക്കാട് പാര്‍ട്ടിക്ക്
തിരിച്ചടിയാകുന്നത്. മലപ്പുറത്ത് ന്യൂനപക്ഷ ഏകീകരണം
ശക്തമായപ്പോള്‍ 16 നിയമസഭാമണ്ഡലങ്ങളും യു.ഡി.എഫ്.
തൂത്തുവാരി. സി.പി.എം. വിമതര്‍ ഈ മേഖലയില്‍
ശക്തിപ്രാപിക്കുന്നത് പാര്‍ട്ടിയുടെ ക്ഷീണം ഇരട്ടിപ്പിച്ചു.

തൃശ്ശൂര്‍
ഒരു മുന്നണിയോടും സ്ഥിരമായി കൂറ് പ്രഖ്യാപിക്കാത്ത
ജില്ലകളിലൊന്നാണ് തൃശ്ശൂര്‍. യു.ഡി.എഫും എല്‍.ഡി.എഫും സ്വന്തമായ
പോക്കറ്റുകള്‍ സൂക്ഷിക്കുന്ന തൃശ്ശൂരില്‍ കഴിഞ്ഞ നിയമസഭാ
തിരഞ്ഞെടുപ്പിനു ശേഷം വ്യക്തമായ രാഷ്ട്രീയ ചായ്‌വുകള്‍
പ്രകടമായിത്തുടങ്ങി. നിയമസഭയിലേക്ക് ഇടതുമുന്നണി 11 പേരെ
ഇവിടെ നിന്ന് ജയിപ്പിച്ചെടുത്തു. ഐക്യമുന്നണിക്ക് ലഭിച്ചത് മൂന്നു
സീറ്റായിരുന്നു. എന്നാല്‍ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.
ഏഴു നിയമസഭാമണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടി; എല്‍.ഡി.എഫ്.
ആറിടത്തും. തദ്ദേശതിരഞ്ഞെടുപ്പായപ്പോള്‍ ഐക്യമുന്നണി ലീഡ്
വര്‍ധിപ്പിച്ചു. ഒന്‍പതു നിയമസഭാമണ്ഡലങ്ങള്‍ യു.ഡി.എഫ്.
പിടിച്ചപ്പോള്‍ ഇടതുമുന്നണി നാലിടത്തൊതുങ്ങി.

സംസ്ഥാനത്ത് പൊതുവില്‍ ന്യൂനപക്ഷ വോട്ടുകളിലുണ്ടായ


കേന്ദ്രീകരണം തൃശ്ശൂരിലുമുണ്ടായി. വിമോചനസമരത്തെ
പരാമര്‍ശിച്ചുള്ള തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം
സി.പി.എമ്മും കത്തോലിക്കാ സഭയുമായുള്ള ബന്ധം
വഷളാക്കുന്നതിന് പ്രധാന കാരണമായി. പിന്നീട് താമര ശ്ശേരി
ബിഷപ്പിന്റെ പ്രസംഗത്തി ലെ പരാമര്‍ശത്തിന് മറുപടിയായി
പിണറായി വിജയന്റെ 'നികൃഷ്ടജീവി' പ്രയോഗം വന്നു. ഈ മുറിവ്
ഉണക്കുന്നതിനു പകരം അതൊരു തീപ്പൊരിയായി
ഊതിപ്പെരുപ്പിക്കുകയായിരുന്നു. ഇതോടെ ന്യൂനപക്ഷങ്ങള്‍ക്ക് നല്ല
സ്വാധീനമുള്ള മറ്റു ജില്ലകളിലെന്നപോലെ തൃശ്ശൂരിലും ആ
വിഭാഗത്തിലെ വോട്ടുകളില്‍ ഏകീകരണമുണ്ടായി.

തൃശ്ശൂരില്‍ സി.പി.എമ്മിലെ വിഭാഗീയത ചെറുതല്ലാത്ത പങ്കാണ്


ഇടതുമുന്നണിയുടെ തോല്‍വിയില്‍ വഹിച്ചത്. ഇടതുപക്ഷത്തിന് നല്ല
സ്വാധീനമുള്ള കുന്നംകുളം മേഖലയില്‍ ഏകോപനസമിതി
ശക്തിതെളിയിച്ചു. യു.ഡി.എഫിനൊപ്പം ചേര്‍ന്ന് അവര്‍ ഭരണം
പിടിക്കുകയും ചെയ്തു. ബി.ജെ.പി.യും സി.പി.എമ്മും തമ്മില്‍
വോട്ട് കൈമാറ്റത്തിന് ധാരണയുണ്ടെന്ന രീതിയില്‍ പ്രസ്താവന
നടത്തി ഈ തിരഞ്ഞെടുപ്പു കാലത്ത് ആദ്യ വെടി പൊട്ടിച്ചത്
ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. എന്നാല്‍
സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ വോട്ടുകച്ചവടം നടന്നതിന്റെ
സൂചന തിരഞ്ഞെടുപ്പു ഫലത്തില്‍ കാണാനില്ല. മാത്രമല്ല,
ബി.ജെ.പി.യുടെ നില അല്പം മെച്ചപ്പെടുകയും ചെയ്തു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകള്‍ മറികടന്നാണ് യു.ഡി.എഫ്. ഈ


വിജയം കൊയ്തത് എന്നതും ശ്രദ്ധേയം. ഒരു മുഴുസമയ ഡി.സി.സി.
പ്രസിഡന്റിനെ നിയമിക്കാന്‍പോലും മാസങ്ങള്‍ പിന്നിട്ടിട്ടും ഇവിടെ
കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസ് പലയിടത്തും
മുന്നണി നേതൃത്വവുമായി ഇടഞ്ഞ് മത്സരിക്കുകയും ചെയ്തു.
എങ്കിലും ജില്ലയുടെ രാഷ്ട്രീയ മനസ്സ് യു.ഡി.എഫിനൊപ്പമായിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ
ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗം തൃശ്ശൂരില്‍ അതേ രീതിയില്‍
ദൃശ്യമായിരുന്നില്ല. പി.സി. ചാക്കോ ജയിച്ചെങ്കിലും പ്രതീക്ഷിച്ച
ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍
യു.ഡി.എഫ്. വ്യക്തമായ മേല്‍ക്കൈ നേടുകതന്നെ ചെയ്തു.

പാലക്കാട്
അപൂര്‍വം അവസരങ്ങളിലൊഴികെ, പാലക്കാട്
ഇടതുപക്ഷത്തോടൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ഇക്കുറിയും പതിവ്
തെറ്റിച്ചില്ല. മേല്‍ക്കൈ ഇടതുമുന്നണിക്കുതന്നെ. എന്നാല്‍,
മുന്‍കാലങ്ങളിലെപ്പോലെ, യു.ഡി.എഫിനെ വള്ളപ്പാടിന്
പിന്നിലാക്കിയുള്ള വിജയമല്ല ഇക്കുറിയെന്നതാണ് വ്യത്യാസം. മുന്‍
തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഐക്യമുന്നണി നില
മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ, നഗര വാര്‍ഡുകളിലെ വോട്ട്
കണക്കാക്കിയാല്‍ എല്‍.ഡി.എഫിന് എട്ടു മണ്ഡലങ്ങളിലാണ്
മുന്‍തൂക്കം. യു.ഡി.എഫിന് നാലും. ജില്ലാ പഞ്ചായത്തുകളും
നഗരസഭയും അടിസ്ഥാനമാക്കി കണക്കെടുത്താല്‍ ഇരുമുന്നണികളും
ആറുവീതം നിയമസഭാമണ്ഡലങ്ങള്‍ പങ്കിടുന്നതായി കാണാം.
ഒരുകാലത്തും യു.ഡി.എഫ്. ഭരണം സ്വപ്നംകണ്ടിട്ടുപോലുമില്ലാത്ത
ഗ്രാമപ്രദേശങ്ങളില്‍ ഇക്കുറി പഞ്ചായത്തുഭരണം യു.ഡി.എഫ്.
പിടിച്ചു. പാലക്കാട്, ഒറ്റപ്പാലം, ഷൊറണൂര്‍ തുടങ്ങിയ നഗരസഭകളും
ഇടതുപക്ഷത്തെ കൈവിട്ടു.

ഇടതുപക്ഷ കോട്ടയ്ക്ക് ഇളക്കം തട്ടിയതിനു കാരണങ്ങള്‍ പലതാണ്.


സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളില്‍ ഒരു
പിളര്‍പ്പിനു സമമെന്നോണം അണികള്‍ കൊഴിഞ്ഞുപോയതാണ്
ഇതില്‍ മുഖ്യം. ഷൊറണൂരിലും ഒറ്റപ്പാലത്തും പാലക്കാട്ടുമൊക്കെ
സി.പി.എം. വിമതര്‍ തലപൊക്കുക മാത്രമല്ല, തലയുയര്‍ത്തി നടക്കാന്‍
തുടങ്ങിയെന്നു പറയാം. ഷൊറണൂരില്‍ എം.ആര്‍. മുരളിയുടെയും
സംഘത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച വിമതപ്പടയോട്ടം
സമീപത്തെ എട്ടു പഞ്ചായത്തുകളിലെങ്കിലും ഭരണമാറ്റത്തിന്
ഇടയാക്കി. മറ്റു മണ്ഡലങ്ങളിലും വിമതരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
അലയൊലി സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഷൊറണൂരില്‍ മുരളി വീണ്ടും
അധികാരത്തിലെത്തിയപ്പോള്‍ ഒറ്റപ്പാലത്തും മറ്റും വിമതരുടെ
പിന്തുണയില്‍ യു.ഡി.എഫ്. നഗരസഭയുടെ ഭരണം പിടിച്ചു.
സി.പി.എം. ഇന്നേവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളില്‍
പാര്‍ട്ടി പിന്നാക്കം പോയത് യു.ഡി.എഫ്. ശക്തിയാര്‍ജിച്ചതിന്റെ
ഫലമായല്ല, സി.പി.എമ്മിനുള്ളില്‍ രൂപംകൊണ്ട 'കുലംകുത്തല്‍'
മൂലമാണെന്നതില്‍ പാര്‍ട്ടിക്കാര്‍ക്കുപോലും തര്‍ക്കമില്ല.

ഇതിനെല്ലാം പുറമേ സോഷ്യലിസ്റ്റ് ജനത യു.ഡി.എഫിലെത്തിയതും


ഇടതുപക്ഷത്തിന് പരമ്പരാഗതമായി കിട്ടിയ വോട്ടുകള്‍ നഷ്ടപ്പെടാന്‍
ഇടയാക്കി. ചിറ്റൂരിലടക്കം സോഷ്യലിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള
പ്രദേശങ്ങളില്‍ ഇടതുമുന്നണി നിലംതൊടാതെ പോയത് മുന്നണിയിലെ
കൊഴിഞ്ഞുപോക്ക് അതിനെ ക്ഷീണിപ്പിച്ചു തുടങ്ങിയെന്നതിനു
തെളിവു നല്‍കുന്നു.

മലപ്പുറം
മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ ന്യൂനപക്ഷത്തെ
കേന്ദ്രീകരിച്ചാണ് ധ്രുവീകരണം നടന്നതെങ്കില്‍ മലപ്പുറത്തെത്തുമ്പോള്‍
വോട്ട് ഏകീകരണം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ
അച്ചുതണ്ടിലായിരുന്നുവെന്നു കാണാം. മുസ്‌ലിംലീഗിന്
ഇടക്കാലത്തുണ്ടായ വിശ്വാസനഷ്ടമെന്ന ഗ്രഹണത്തില്‍നിന്ന് അവര്‍
പുറത്തുകടന്നുവെന്നതാണ് പ്രധാനം. മുസ്‌ലിം തീവ്രവാദം
മറയില്ലാതെ പുറത്തുവരികയും ഒരു സമൂഹം സംശയത്തിന്റെ
മുള്‍മുനയില്‍ നില്‍ക്കുകയും ചെയ്തപ്പോള്‍ അവര്‍ ഒന്നാകെ
ഉണര്‍ന്നു. ദേശവിരുദ്ധത ഒരു ചെറുന്യൂനപക്ഷത്തിന്റെ മനസ്സില്‍
മാത്രമാണെന്ന് അവര്‍ ഉറക്കെ പറഞ്ഞു. സാധാരണ
ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന എ.പി. വിഭാഗവും ഇക്കുറി
മുസ്‌ലിംലീഗിനൊപ്പം നിന്നു. ലീഗിന്റെ കുടക്കീഴിലേക്ക് വ്യത്യസ്ത
ചേരികള്‍ ചേര്‍ന്നുനിന്നത് യു.ഡി.എഫ്. വിജയത്തിന് കരുത്തു
പകര്‍ന്നു.

പി.ഡി.പി., എസ്.ഡി.പി.ഐ., ജമാ അത്തെ ഇസ്‌ലാമിയുടെ മുന്നണി


എന്നിവയൊക്കെ തങ്ങളുടെ സ്വാധീനമളക്കാന്‍ മലപ്പുറത്തുടനീളം
സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍, അവര്‍ പ്രതീക്ഷയര്‍പ്പിച്ച
വിഭാഗം തന്നെ അവരെ കൈയൊഴിഞ്ഞു. അപൂര്‍വം ചില
വാര്‍ഡുകളിലൊഴികെ, ഈ പ്രസ്ഥാനങ്ങള്‍ക്കൊന്നും കാര്യമായ
പിന്തുണ ആര്‍ജിക്കാനായില്ലെന്നത് ശ്രദ്ധേയമായി.

മലപ്പുറത്തെ ചുവപ്പിക്കാന്‍ ഉപകരിച്ച മഞ്ഞളാംകുഴി അലി പാളം


മാറിയതും തിരിച്ചടിയായി. അലിഇഫക്ട് മങ്കടയിലും
സമീപപ്രദേശങ്ങളിലുമേ നേരിട്ട് ബാധിച്ചിട്ടുണ്ടാവൂ. എന്നാല്‍,
തിരഞ്ഞെടുപ്പിന്റെ അന്ത്യപാദത്തില്‍ അലി ഉയര്‍ത്തിയ കലാപത്തിന്
പ്രചാരണതീവ്രത ഏറെയുണ്ടായിരുന്നു. പാര്‍ട്ടിക്കാരല്ലാത്ത
സഹയാത്രികരെ ഉയര്‍ത്തി അവരിലൂടെ ആ സമൂഹത്തില്‍
വേരോട്ടമുണ്ടാക്കുകയെന്ന പരീക്ഷണത്തിനേറ്റ പാളിച്ചകൂടിയായി
അത് മാറി.

മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ യു.ഡി.എഫില്‍


കോണ്‍ഗ്രസ്സിനെ പിന്തള്ളി മുസ്‌ലിംലീഗ് മുഖ്യകക്ഷിയായി എന്ന
വസ്തുതയും ശ്രദ്ധേയമാണ്. ലീഗ് നയിക്കുന്ന മുന്നണിയിലെ ഒരു
ഘടകകക്ഷിയായി കോണ്‍ഗ്രസ് മാറി. തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി
തിരിച്ചുള്ള അംഗസംഖ്യ ഇതുസംബന്ധിച്ച് വ്യക്തമായ സൂചനകള്‍
നല്‍കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ജില്ലയിലെ 16


നിയമസഭാസീറ്റിലും മുന്നിലെത്തി. എല്‍.ഡി.എഫിന് ഒരുസീറ്റും
കിട്ടിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും 16 നിയമസഭാസീറ്റിലും
യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ
നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന്
അഞ്ചും സീറ്റുകളാണ് ഇവിടെ ലഭിച്ചത്.
ചാഞ്ചാട്ടമില്ലാതെ മധ്യകേരളം

Posted on: 15 Nov 2010

മധ്യതിരുവിതാംകൂറിന് ഇക്കുറി ചാഞ്ചാട്ടമില്ല. ഇവിടത്തെ ജില്ലകള്‍


യു.ഡി.എഫിന്റെ വിശ്വസ്ത പാളയങ്ങളായി മാറുന്ന കാഴ്ചയാണ്
തദ്ദേശ തിരഞ്ഞെടുപ്പ് നല്‍കുന്നത്

മധ്യ തിരുവിതാംകൂറിന്റെ നാഴികമണി ഇക്കുറി ചലിച്ചത്


സംസ്ഥാനത്തിന്റെ രാഷ്ട്രീയകാലഗണനയില്‍ നിര്‍ണായക സൂചനകള്‍
നല്‍കിക്കൊണ്ടാണ്. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട
ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പൊതുസ്വഭാവമുണ്ട്.
വ്യക്തമായ രാഷ്ട്രീയപക്ഷപാതിത്വം ഈ ജില്ലകളില്‍ പ്രകടമായി.
പൊതുവെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നവയെങ്കിലും അതത്
കാലത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ മധ്യതിരുവിതാംകൂറിന്റെ
താപമാപിനിയില്‍ പ്രതിഫലിച്ചിരുന്നു. ഇക്കുറി
ചാഞ്ചാട്ടങ്ങളില്ലാതെയാണ് ഈ ജില്ലകള്‍ യു.ഡി.എഫിനൊപ്പം നിന്നത്.
വലിയ മുന്നേറ്റങ്ങള്‍ക്കിടയിലും ചില പ്രദേശങ്ങളില്‍
ഭരണവിരുദ്ധതരംഗം പ്രകടമായി. ബി.ജെ.പി.ക്ക് ചെറിയ മുന്നേറ്റം,
എസ്.ഡി.പി.ഐ.യുടെ സാന്നിധ്യമറിയിക്കല്‍, യോജിച്ച കേരള
കോണ്‍ഗ്രസ്സുകാരുടെ പ്രകടനം, ക്രൈസ്തവ വിഭാഗങ്ങളുടെ നിലപാട്,
സംസ്ഥാന ഭരണത്തോടുള്ള വിരക്തി തുടങ്ങി തിരഞ്ഞെടുപ്പ് ഫലത്തെ
സ്വാധീനിച്ചഘടകങ്ങള്‍ ഏതൊക്കെ.

കോട്ടയം ജില്ല യു.ഡി.എഫിന്റെ വിശ്വസ്ത പാളയമായി മാറുന്ന


ചിത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. 2006-ലെ നിയമസഭാ
തിരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ചിടത്ത് ഇടതുമുന്നണിയായിരുന്നു
വിജയതിലകമണിഞ്ഞത്. എന്നാല്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്.
വ്യക്തമായ മേല്‍ക്കൈ നേടി. വാഴൂര്‍ മണ്ഡല പുനഃക്രമീകരണത്തില്‍
ഇല്ലാതായിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ യു.ഡി.എഫിന് 5,21,283 വോട്ടാണ് ഈ
തിരഞ്ഞെടുപ്പില്‍ കിട്ടിയത്. എല്‍.ഡി.എഫിന് 4,16,670
വോട്ട്.ബി.ജെ.പി.ക്ക് 31,273. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ
ജില്ലയിലെ ഗതിമാറ്റം വ്യക്തമായിരുന്നു. അന്ന് ഒമ്പതില്‍ ഏഴ്
മണ്ഡലങ്ങളിലും യു.ഡി.എഫ്. ഭൂരിപക്ഷം നേടിയിരുന്നു. ഒരുവര്‍ഷം
കഴിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പായപ്പോള്‍ ജില്ലയില്‍ യു.ഡി.എഫിന്റെ
സമ്പൂര്‍ണ മേധാവിത്വം ഉണ്ടായി. ഒമ്പത് മണ്ഡലവും
ഐക്യമുന്നണിക്കൊപ്പം നിന്നു.
ക്രൈസ്തവ സഭകളുടെ നിലപാട് പ്രത്യക്ഷമായി തിരഞ്ഞെടുപ്പില്‍
പ്രതിഫലിച്ച ജില്ലയാണ് കോട്ടയം. എന്നാല്‍ ഇടതുപക്ഷത്തിനെതിരെ
കത്തോലിക്കാ സഭയെടുത്ത നിലപാട് മാത്രമല്ല യു.ഡി.എഫിന്റെ
വന്‍ മുന്നേറ്റത്തിന് പിന്നിലെന്ന് കാണാം. സി.എം.എസ്. കോളേജില്‍
എസ്.എഫ്.ഐ. യുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം സി.പി.എം.
പിന്നീട് ഏറ്റെടുത്തു. സമരത്തിന്റെ പേരില്‍ കോളേജില്‍ കാട്ടിക്കൂട്ടിയ
അക്രമം ഇടതുപക്ഷാനുഭാവികളില്‍പ്പോലും എതിര്‍പ്പുയര്‍ത്തി.
ഒടുവില്‍ പാര്‍ട്ടിക്ക് എല്ലാ വാദങ്ങളും അടിയറവെച്ച് സമരം
അവസാനിപ്പിക്കേണ്ടിവന്നു.
സി.പി.എമ്മും. സി.പി.ഐ.യും തമ്മിലുള്ള തര്‍ക്കം ഇടതുപക്ഷ
കേന്ദ്രങ്ങളില്‍ നീറിപ്പുകഞ്ഞതും പരാജയകാരണങ്ങളില്‍ ഒന്നായി
മാറി. കുമരകത്തെ തിരുവാര്‍പ്പിലാണ് ഇത് തുടങ്ങിയതെങ്കിലും
ജില്ലയില്‍ പ്രകടനം എന്‍.ഡി.എഫില്‍ വിള്ളല്‍ വീഴ്ത്തി. കോണ്‍ഗ്രസ്സും
കേരളകോണ്‍ഗ്രസ്സും തമ്മില്‍ സൗഹാര്‍ദമത്സരം
നടന്നയിടങ്ങളില്‍പ്പോലും ഇടതുമുന്നണിക്ക്
ജയിച്ചുകയറാനായില്ലെന്നത് അവരുടെ അടിത്തറയുടെ
ദൗര്‍ബല്യമാണ് വ്യക്തമാക്കുന്നത്. 64 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍
കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും പരസ്പരം ഏറ്റുമുട്ടി. 43
വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. 21 ഇടത്ത് കോണ്‍ഗ്രസ്സും.
ക്രൈസ്തവ വിഭാഗങ്ങളിലേക്കുള്ള എല്‍.ഡി.എഫിന്റെ
പാലമായിരുന്ന ജോസഫ് ഗ്രൂപ്പിന്റെ കൊഴിഞ്ഞുപോക്ക് അവര്‍ക്ക്
ക്ഷീണമായി. എന്‍.എസ്.എസ്സിന്റെ സമദൂര സിദ്ധാന്തവും ഫലത്തില്‍
യു.ഡി.എഫിനാണ് ഗുണം ചെയ്തത്.

പത്തനംതിട്ട
അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ നിലകൊള്ളുന്ന പത്തനംതിട്ടയില്‍
നാലിടത്തും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം.
അടൂര്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. കോന്നി, റാന്നി, ആറന്മുള,
തിരുവല്ല എന്നിവ ഐക്യമുന്നണിക്കൊപ്പവും.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരും കോന്നിയും മാത്രമേ
ഐക്യമുന്നണിക്കൊപ്പമുണ്ടായിരുന്നുള്ളൂ. ആറന്മുള, റാന്നി, തിരുവല്ല
മണ്ഡലങ്ങളില്‍ ഇടതുപക്ഷമാണ് വിജയിച്ചത്. കല്ലൂപ്പാറയില്‍
യു.ഡി.എഫ്. ആണ് വിജയിച്ചെതെങ്കിലും മണ്ഡല
പുനര്‍നിര്‍ണയത്തില്‍ അതിന്റെ പ്രധാന ഭാഗങ്ങളെല്ലാം
തിരുവല്ലയില്‍ ലയിച്ചു.
പൊതുവെ ഐക്യമുന്നണിയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന
പത്തനംതിട്ടയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍
തിരുവല്ലയിലും ആറന്മുളയിലും യു.ഡി.എഫിന് പരാജയം
സമ്മാനിച്ചത് റിബലുകളായിരുന്നു. ഇക്കുറി പത്തനംതിട്ട ജില്ല
വ്യക്തമായ രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിച്ചു. തിരുവല്ലയില്‍
ബി.ജെ.പി. ചെറിയ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ പത്തനംതിട്ടയില്‍
എസ്.ഡി.പി.ഐ. ഒരു സീറ്റ് നേടി സാന്നിധ്യമുറപ്പിച്ചു. ക്രൈസ്തവ
വിഭാഗങ്ങളുടെ ഏകീകരണമാണ് തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന്
കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇടയാക്കിയത്. എന്നാല്‍
മറുവിഭാഗത്തും ഏകീകരണം ഉണ്ടായെന്ന് ബി.ജെ.പി.യുടെ മുന്നേറ്റം
തെളിയിക്കുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ശാഖകള്‍ക്ക്
വേരോട്ടമുള്ള പത്തനംതിട്ട ജില്ലയില്‍ ക്രൈസ്തവ വോട്ടുകള്‍
നിര്‍ണായകമാകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പുകളില്‍
കണ്ടുവരുന്നത്. ഇരുമുന്നണികളും ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം
നിര്‍ത്താനുള്ള മത്സരമാണ് നടത്തുന്നതും.
വി.എസ്. വിഭാഗത്തിന് ഇപ്പോഴും മേല്‍ക്കൈയുള്ള ജില്ലയാണ്
പത്തനംതിട്ട. പാര്‍ട്ടിയിലെ വിഭാഗീയത ഒരളവുവരെ അവരുടെ
ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ ഇടയാക്കിയെന്നതും
തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാം.

ഇടുക്കി
മധ്യ തിരുവിതാംകൂറില്‍ ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗം കൂടുതല്‍
ശക്തിപ്രാപിച്ചതും ഫലമുളവാക്കിയതും ഇടുക്കി ജില്ലയിലായിരുന്നു.
ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്.
മേല്‍ക്കൈ നേടിയതായി കാണാം. 2006-ലെ നിയമസഭാ
തിരഞ്ഞെടുപ്പില്‍ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, തൊടുപുഴ
മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പമായിരുന്നു. ഇടുക്കിമാത്രമാണ്
ഐക്യമുന്നണിയുടെ കുടക്കീഴില്‍ നിന്നത്.
ഇടുക്കിയിലെ മാറ്റം ക്രമാനുഗതമായിരുന്നു. 2006-ലെ നിയമസഭാ
തിരഞ്ഞെടുപ്പില്‍ നേടിയ മുന്‍തൂക്കം 2009-ലെ പാര്‍ലമെന്റ്
തിരഞ്ഞെടുപ്പായപ്പോഴേക്കും ഇടതുമുന്നണിക്ക് കൈമോശം
വന്നുതുടങ്ങിയിരുന്നു. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന ഈ
ജില്ലയിലെ 52 ഗ്രാമപ്പഞ്ചായത്തുകളില്‍ 44 എണ്ണത്തിലും ഏക
നഗരസഭയായ തൊടുപുഴയിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍
യു.ഡി.എഫ്. ഭൂരിപക്ഷം നേടിയിരുന്നു. ഒരുവര്‍ഷത്തിനുശേഷം തദ്ദേശ
തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ മുന്‍തൂക്കം ഒരു പരിധിവരെ
ഐക്യമുന്നണിക്ക് നിലനിര്‍ത്താനായി. എന്നാല്‍ ലോക്‌സഭാ
തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വോട്ട് ഇരുമുന്നണികള്‍ക്കും
ഇക്കുറി കുറഞ്ഞിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ കാറ്റുമാറി വീശിയതിന് കാരണങ്ങള്‍ പലതാണ്.
കേരളകോണ്‍ഗ്രസ്സുകളുടെ ലയനം ഇവിടെ ഐക്യമുന്നണിക്ക്
ശക്തിപകര്‍ന്നുവെന്നത് കാണാതിരുന്നുകൂടാ. തൊടുപുഴയിലാണ് ഇത്
യു.ഡി.എഫിന് ഏറ്റവും അനുഗ്രഹമായത്. ജോസഫ് ഗ്രൂപ്പ്
എല്‍.ഡി.എഫില്‍ നിന്നപ്പോള്‍ 13,000-ല്‍പ്പരം വോട്ടിന്റെ
ഭൂരിപക്ഷമുണ്ടായിരുന്നത്, അവര്‍ യു.ഡി.എഫില്‍ എത്തിയപ്പോള്‍
ഐക്യജനാധിപത്യമുന്നണിക്ക് 20,000 ല്‍പ്പരം വോട്ടിന്റെ നേട്ടമായി
മാറി.
മൂന്നാര്‍ ഭൂമിപ്രശ്‌നം മുതല്‍ സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍
ഉടലെടുത്ത പടലപ്പിണക്കങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും
പരിഹരിക്കപ്പെട്ടിരുന്നില്ല.
യു.ഡി.എഫിന്റെ സീറ്റ് വിഭജന ഫോര്‍മുല കേരള
കോണ്‍ഗ്രസ്സുകള്‍ക്ക് പൊതുവില്‍ നഷ്ടക്കച്ചവടമായിരുന്നു. 2005-ലെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന കേരള കോണ്‍ഗ്രസ്
(ജെ) 89 വാര്‍ഡുകളില്‍ ജയിച്ചിരുന്നു. യു.ഡി.എഫില്‍ നിന്ന കേരള
കോണ്‍ഗ്രസ് (എം) 46 വാര്‍ഡിലും. ഇരു പാര്‍ട്ടികളും യോജിച്ചപ്പോള്‍
136 വാര്‍ഡുകളില്‍ അവര്‍ക്ക് പ്രാതിനിധ്യം കൈവന്നു. എന്നാല്‍
ഇക്കുറി ഒറ്റപ്പാര്‍ട്ടിയായി യു.ഡി.എഫില്‍ നിന്ന് മത്സരിച്ചപ്പോള്‍ 119
സീറ്റില്‍ കേരള കോണ്‍ഗ്രസ്സിന് ഒതുങ്ങേണ്ടിവന്നു. ജോസഫ്
ഗ്രൂപ്പിന്റെ കടന്നുവരവിനോട് കോണ്‍ഗ്രസ് നേതൃത്വം തുടക്കം
മുതല്‍ പുലര്‍ത്തിയ എതിര്‍പ്പ് തിരഞ്ഞെടുപ്പിലും ദൃശ്യമായി.
എസ്.ഡി.പി.ഐ. തൊടുപുഴ നഗരസഭയില്‍ ഒരു വാര്‍ഡില്‍
വിജയിച്ചതും സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം മൂലമാണ്.
നഗരസഭാ വാര്‍ഡിലേക്ക് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി ജയിച്ച
വാര്‍ഡില്‍ ന്യൂനപക്ഷ വോട്ടുകള്‍ ആ പെട്ടിയില്‍ വീണെന്നുകാണാം.
അവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് നിസ്സാരവോട്ടുകള്‍ മാത്രമാണ്
ലഭിച്ചത്.

എറണാകുളം
''എറണാകുളം വഴി പോയിട്ടുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍
ഇടതുമുന്നണിക്ക് വോട്ട് ചെയ്യില്ല. റോഡുകളുടെ സ്ഥിതി അത്രയ്ക്ക്
മോശമാണ്.'' തോല്‍വിയുടെ കാരണങ്ങളിലൊന്നായി സി.പി.എം.
സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ഒരഭിപ്രായമാണിത്. ഒരര്‍ഥത്തില്‍
ഈ വിലയിരുത്തല്‍ ശരിയുമാണ്.
മറ്റൊരു ജില്ലയിലും ജനരോഷം ഇത്രമേല്‍ പ്രതിഫലിച്ചിട്ടുണ്ടാകില്ല.
ഇക്കാര്യത്തില്‍ നഗരവാസികള്‍ക്കൊപ്പം നഗരസഭകളും
പഞ്ചായത്തുകളും പങ്കുചേര്‍ന്നു. വികസനപ്രശ്‌നങ്ങള്‍ക്കൊപ്പം
അടിസ്ഥാന രാഷ്ട്രീയകാരണങ്ങളും വ്യവസായ ജില്ലയുടെ ഭാഗധേയം
മാറ്റിക്കുറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മധ്യതിരുവിതാംകൂറില്‍
പൊതുവായുണ്ടായ ന്യൂനപക്ഷ ഏകീകരണം ഇവിടെയും
ദൃശ്യമായി. ഭരണമുന്നണിയിലെ അനൈക്യം, മുന്‍ തിരഞ്ഞെടുപ്പില്‍
എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്ന ഡി.ഐ.സി.യുടെ മടങ്ങിപ്പോക്ക്,
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെയും സോഷ്യലിസ്റ്റ്
ജനതയുടെയും കൂടുമാറ്റം എന്നിവയൊക്കെ തിരഞ്ഞെടുപ്പില്‍
പ്രതിഫലിച്ചു.
ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫ്. പക്ഷത്ത്
എത്തിയെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍
തെളിയിക്കുന്നത്. 2006-ലെ നിയമസഭാ തിഞ്ഞെടുപ്പില്‍ ഒമ്പത്
മണ്ഡലങ്ങളില്‍ മുന്നിലെത്തിയ എല്‍.ഡി.എഫിന് ഒരു മണ്ഡലത്തിലും
ലീഡ് നിലനിര്‍ത്താനായില്ല.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമുതല്‍ തന്നെ ജില്ലയില്‍ മാറ്റം
പ്രകടമായിത്തുടങ്ങി. എന്നാല്‍ ഇപ്പോഴത്തേതിനേക്കാള്‍
ഭേദമായിരുന്നു എല്‍.ഡി.എഫിന്റെ സ്ഥിതി. അന്ന് 11 മണ്ഡലങ്ങള്‍
യു.ഡി.എഫിനൊപ്പം നിന്നു. മൂന്നെണ്ണം ഇടതുമുന്നണിക്കൊപ്പവും.
തദ്ദേശ തിരഞ്ഞെടുപ്പായപ്പോള്‍ 14 മണ്ഡലങ്ങളും
ഐക്യമുന്നണിയിലേക്ക് ചാഞ്ഞു. സാമുദായിക വോട്ടുകളുടെ
കേന്ദ്രീകരണമെന്ന് പറഞ്ഞ് ജില്ലയിലുടനീളം പ്രതിഫലിച്ച ഈ
ജനവികാരത്തെ ഒരുകള്ളിയിലൊതുക്കുന്നത് അവിവേകമാണ്.
വോട്ടര്‍മാരുടെ മനസ്സുമാറ്റത്തിന് ഭരണമുന്നണിയോടുള്ള എതിര്‍പ്പും
ജനങ്ങളില്‍ നിന്ന് അവര്‍ പാലിച്ച അകല്‍ച്ചയും പ്രധാന
കാരണമാണ്. ആ ജനരോഷത്തിലാണ് മൂന്നുപതിറ്റാണ്ടായി
കൈവശംവെച്ചിരുന്ന തൃപ്പൂണിത്തുറ നഗരസഭയും കൊച്ചി
കോര്‍പ്പറേഷനും ഇടതുപക്ഷത്തിന് കൈവിട്ടുപോയത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ.
സ്ഥാനാര്‍ഥിയും അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതിയുമായ
അനസ് ജയിച്ചത് യാദൃച്ഛികമല്ല. ന്യൂനപക്ഷ വോട്ടുകള്‍ പ്രതിസന്ധി
ഘട്ടത്തില്‍ ഒരുമിച്ചു ചേര്‍ന്നുവെന്നാണിത് തെളിയിക്കുന്നത്. കൈവെട്ട്
സംഭവത്തിലൂടെ കൈവന്ന പ്രസിദ്ധി ലഘൂകരിച്ചുകൊടുക്കാനുള്ള
ന്യൂനപക്ഷ വിഭാഗങ്ങളുടെ ശ്രമമായിരുന്നു അത്.
എസ്.എന്‍.ഡി.പി.ക്കാരായ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മുന്നണി
ഭേദമെന്യേ സര്‍ക്കുലര്‍ ഇറങ്ങിയെന്നത് മറ്റൊരു പ്രത്യേകത.
അങ്കമാലി, പെരുമ്പാവൂര്‍ മേഖലയില്‍ സി.പി.എം- സി.പി.ഐ. തര്‍ക്കം
സൗഹൃദ മത്സരങ്ങളില്‍ കൊണ്ടെത്തിച്ചു. നിലവിലുള്ള ഭരണത്തോട്
ജനങ്ങള്‍ പ്രതികരിക്കുന്നതെങ്ങനെയെന്ന് നോക്കുക. ആലുവയില്‍ ചില
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ വീണ്ടും മത്സരിച്ചപ്പോള്‍
കിട്ടിയത് 50 വോട്ടില്‍ താഴെ മാത്രം. ഇത് ഒരു ഉദാഹരണം മാത്രം.
ജോസഫ് ഗ്രൂപ്പ് യു.ഡി.എഫിലേക്കുവന്നത് കിഴക്കന്‍ മേഖലകളില്‍
മുന്നണിക്ക് ഗുണം ചെയ്തുവെന്ന് കാണാം.

.........................................................................................

തിരുത്ത്

'ജനവിധി 2010 ബാക്കിപത്ര'ത്തില്‍ നവംബര്‍ 12-ന് പ്രസിദ്ധീകരിച്ച


'കൊല്ലത്തെ ഇല്ലം തകരാതെ എല്‍.ഡി.എഫ്.' എന്ന
ലേഖനത്തിനോടൊപ്പമുണ്ടായിരുന്ന 'വോട്ടുനില-തിരുവനന്തപുരം'
പട്ടികയില്‍ അച്ചടിപ്പിശക് ഉണ്ടായിരുന്നു. എല്‍.ഡി.എഫിന് നേമം,
അരുവിക്കര, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ കിട്ടിയ വോട്ട്
തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. 2010 തദ്ദേശ
തിരഞ്ഞെടുപ്പിനുശേഷം ഈ മണ്ഡലങ്ങളിലെ വോട്ടുനില ഇപ്രകാരം:
മണ്ഡലം-നേമം: യു.ഡി.എഫ്. 33492, എല്‍.ഡി.എഫ്. 39235. അരുവിക്കര:
യു.ഡി.എഫ്. 50100, എല്‍.ഡി.എഫ്. 45716. നെയ്യാറ്റിന്‍കര: യു.ഡി.എഫ്.
72028, എല്‍.ഡി.എഫ്. 65065.

You might also like