You are on page 1of 16

ഇസ്ലാമിൻറെ സൗന്ദര്യം

സംവേദനത്തിൽ ആനന്ദം, പൊരുൾ ബോധം, സംതൃപ്തി എന്നീ അനുഭവങ്ങൾ പകർന്നു തരുമാറ് ഒരു
വ്യക്തിയിലോ ജന്തുവിലോ സ്ഥലത്തിലോ വസ്തുവിലോ ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ്
സൗന്ദര്യം എന്നാണ് വിക്കിപീഡിയ നിർവചിക്കുന്നത്.
ദർശിക്കുന്നവൻറെ കണ്ണിലാണ് സൗന്ദര്യം എന്നാണ് സൗനന്ദര്യത്തിന്‍റെ മറ്റൊരു നിർവചനം.
സൗന്ദര്യത്തിൻറെ ഇത്തരം നിർവചനങ്ങളുടെ വെളിച്ചത്തിൽ ഇസ്ലാമിക ദര്‍ശനത്തെ വിശകലനം
ചെയ്യുമ്പോൾ സൗന്ദര്യാത്മകമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥിതിയാണ് വിശുദ്ധ ഇസ്ലാം എന്ന് നമുക്ക്
ബോധ്യപ്പെടും. അതുകൊണ്ടാണ് മനുഷ്യോല്പത്തിയോടൊപ്പം പ്രായോഗിക വൽക്കരിക്കപ്പെട്ട ഇസ്ലാം ഇന്നും
സജീവമായി നിലനിൽക്കുന്നതും കോടികളുടെ ദൈനംദിന ജീവിതത്തെ ആപാദചൂഢം  നിയന്ത്രിക്കുന്നതും
നിർണയിക്കുന്നതും . ഇസ്ലാമിൻറെ ആദർശവും വിശ്വാസ കാര്യങ്ങളും കർമ്മ സംഹിതയുമെല്ലാം വിശകലനം
ചെയ്യുമ്പോൾ എത്ര സുന്ദരമായാണ് ഇതെല്ലാം മനുഷ്യ മനസ്സിനോട് സംവദിക്കുന്നത് എന്നത് നമ്മെ
അത്ഭുതപ്പെടുത്തും. വളരെ നിസ്സാരമായ കാര്യം മുതൽ ഉന്നതനായ സ്രഷ്ടാവിനെ കുറിച്ചുള്ള വിശേഷണങ്ങളിൽ
വരെ ഇത് വ്യക്തമായി നിഴലിക്കുന്നത് കാണാം. ഇസ്ലാമിനോളം നിരന്തരം വിമർശിക്കപ്പെടുകയും
പ്രതിചേർക്കപ്പെടുകയും ആക്രമിക്കപ്പെടുകയും വികൃതമായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഒരു മതമോ
തത്വശാസ്ത്രമോ ലോകചരിത്രത്തിൽ ഉണ്ടാവാനിടയില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഇസ്ലാം ബുദ്ധിയും
ചിന്തയും ഇത്ര വികസിച്ച ആധുനികകാലത്തും മനുഷ്യമനസ്സുകളെ ഇത്ര ആകർഷിക്കുന്നത് ?പശ്ചാത്യ
രാജ്യങ്ങളിൽ ഉൾപ്പെടെ ഇസ്ലാമിലേക്ക് ‍ജനങ്ങള്‍ ഓടി വരുന്നത് ? ഇതിനെക്കുറിച്ച് പഠനം നടത്തിയവർ
കണ്ടെത്തിയ വസ്തുതയും ഇസ്ലാമിൻറെ സൗന്ദര്യാത്മകമായ ആശയാദർശങ്ങളും നിലപാടുകളും ജീവിത
കാഴ്ചപ്പാടുമാണ് ആളുകളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നത് എന്നതാണ്. മുൻവിധികളില്ലാത്ത
യുക്തിബോധത്തിന് ഇസ്ലാമിൻറെ ആശയാദർശങ്ങളെ തിരസ്കരിക്കാൻ കഴിയില്ലഎന്നതാണ് വസ്തുത.
ഇസ്ലാമിൻറെ സൃഷ്ടി സങ്കല്പവും സ്രഷ്ടാവിനെ കുറിച്ചുള്ള സങ്കല്പവും വളരെ മനോഹരമാണ്. ഇസ്ലാമിന്‍റെ
ഏകദൈവ വിശ്വാസം അതിമനോഹരമാണ്.

വിശ്വാസം.
A സ്രഷ്ടാവ്
ഇസ്ലാമിൻറെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനും ഹദീസും അവതരിപ്പിക്കുന്ന
ദൈവസങ്കല്പം ഏറെ സുന്ദരമാണ്. അവ സ്രഷ്ടാവിനെ പരിശുദ്ധനും അന്യൂനംനും ആക്കുന്നതുപോലെ മറ്റൊരു
മത ഗ്രന്ഥത്തിലും കാണാൻ കഴിയില്ല. സ്രഷ്ടാവിന് അനുയോജ്യമാകുന്നതും അനിവാര്യമാകുന്നതുമായ എല്ലാ
ഗുണവിശേഷങ്ങളും ഇസ്ലാം അല്ലാഹു വിന് നൽകുന്നു . അനുയോജ്യമല്ലാത്ത ഒന്നും നൽകുന്നുമില്ല.
ക്രിസ്ത്യാനികളും യഹൂദികളും ഹൈന്ദവരുമെല്ലാം അവരുടെ ദൈവങ്ങൾക്കു നൽകുന്ന വിശേഷണങ്ങൾ പലതും
മനുഷ്യൻറെ കേവല യുക്തിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതാണ്. മാനുഷിക പരിവേഷമാണ്
പലപ്പോഴും അവിടെ കാണുന്നത്. ദൈവം അവന്‍റെ ചില പ്രവർത്തനങ്ങളിൽ ഖേദിച്ചു എന്നു യഹൂദീ
ഗ്രന്ഥങ്ങളിൽ കാണാം. ക്രിസ്ത്യാനികൾ യേശു ദൈവം അമ്മയുടെ കാരുണ്യത്തിൽ വളർന്നു എന്നും
കുരിശിലേറ്റപ്പെട്ടു എന്നുമെല്ലാം വിശ്വസിക്കുന്നു. മനുഷ്യന്‍ തൻറെ ഭാവനകളിൽ നിന്നും ദൈവസങ്കല്പം
സൃഷ്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക അബദ്ധങ്ങളാവാം ഇവ. എന്നാൽ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന
ദൈവസങ്കല്പം വളരെ യുക്തിഭദ്രവും മനോഹരവുമാണ്.
ദൈവം ഏകനാണ് പരിധികളില്ലാത്ത കഴിവുകളുള്ള പരമ ശക്തിയാണ്. സർവ്വ കാര്യങ്ങളിലും
അറിവുള്ളവനാണ് .എല്ലാം സൃഷ്ടിച്ചവനും പരിപാലിക്കുന്നവനും നിയന്ത്രിക്കുന്നവനും
സംഹരിക്കുന്നവനുമാണ് . പരമകാരുണികനും കരുണാവാരിധിയുമാണവൻ. അതുപോലെ ദൈവത്തെ
ഭൗതിക ലോകത്ത് വെച്ച് കാണുക സാധ്യമല്ല. ദൃഷ്ടികൾക്ക് അവനെ ദർശിക്കാനാവില്ല. അവനോ ദൃഷ്ടികളെ
യൊക്കെയും ദർശിച്ചുകൊണ്ടിരിക്കുന്നു. അവൻ സൂക്ഷ്മജ്ഞനാണ് .
എല്ലാം അറിയുന്നവനും (ഖുർആൻ 6 :103)
അല്ലാഹു അത്യുന്നതനാണെന്നതോടൊപ്പം എല്ലാവരോടും അടുത്തവനുമാണ്. അവൻ
പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം നൽകുന്നവനും മനുഷ്യനെ നേർവഴിയിലേക്ക് നയിക്കുന്നവനുമാണെന്ന്
ഖുർആൻ പ്രഖ്യാപിക്കുന്നു (2:186). അല്ലാഹു നമ്മുടെ അടുത്ത് ഉണ്ടെന്നും നമുക്ക് എപ്പോഴും എന്തും അവനോട്
തുറന്നു പറയാം എന്നും വരുമ്പോൾ എത്ര സുന്ദരമായിരിക്കും നമ്മുടെ ജീവിതം. ഒറ്റപ്പെടലിൻറെ ഒരു
സാധ്യതയുമില്ലാത്ത നിരാശയുടെയും ഭയപ്പാടിൻറെയും ഒരാവശ്യവുമില്ലാത്ത ശാന്തസുന്ദരമായ ജീവിതമാണ്
ഇസ്ലാം ആഹ്വാനം ചെയ്യുന്നത്.
സുതാര്യവും സുവ്യക്തവുമായ വിശേഷങ്ങളിലൂടെയാണ് ഇസ്ലാം അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്
. അതുകൊണ്ടുതന്നെ ഇസ്ലാമിക വിശ്വാസകാര്യങ്ങൾ ഇതര മതങ്ങൾ മുന്നോട്ടുവെക്കുന്ന വിശ്വാസ
കാര്യങ്ങളിൽ നിന്നും ഏറെ വ്യതിരിക്തമാകുന്നു. പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും പരിപാലകനുമായ
അല്ലാഹുവിലുള്ള വിശ്വാസമാണല്ലോ ഇസ്ലാമിൻറെ അടിത്തറ. ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അള്ളാഹു
തൻറെ അസ്തിത്വത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് "പറയുക, അവനാണ് അല്ലാഹു. അവൻ
ഏകനാണ്. അവൻ ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവൻ
ജനിച്ചിട്ടില്ല , ജനിപ്പിച്ചിട്ടുമില്ല.അവനു തുല്യനായി ആരുമില്ല (112: 1-4). പ്രപഞ്ചത്തിന്‍റെ ആസൂത്രണത്തിലും
സൃഷ്ടിപ്പിലെ പരിപാലനത്തിലും മറ്റാരുടെയും സഹായമില്ലെന്നും അവനെ ഉറക്കമോ മയക്കമോ
ബാധിക്കുകയില്ല (2:255)തുടങ്ങിയി എല്ലാ സുന്ദരമായ വിശേഷണങ്ങളും ഇസ്ലാം അള്ളാഹുവിന് നൽകുന്നുണ്ട്.

B. സൃഷ്ടി സങ്കല്പം.
ഇസ്ലാമിൻറെ ഏറ്റവും സുന്ദരമായ ആശയങ്ങളിൽ ഒന്ന് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഉള്ള
ഉബൂദിയ്യത്തിഅൻറെ ( അടിമത്വം) അർത്ഥതലങ്ങളാണ്. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് വെറുതെയല്ലെന്നും
ഉന്നതമായ ലക്ഷ്യത്തിനാണെന്നും ഖുർആൻ പറയുന്നു (23 :115). അത് സ്രഷ്ടാവിനെ അനുസരിച്ച് ആരാധിച്ചു
ജീവിക്കുക എന്നതാണ് . അതിലാണ് മനുഷ്യൻ സംതൃപ്തി കണ്ടെത്തേണ്ടത്. ഇബാദത്തല്ലാതെ മറ്റൊന്നും
സൃഷ്ടിപ്പിന് കാരണമേ അല്ലെന്ന പ്രതിപാദനം ആണ് ഖുർആനിൻറ്റേത് (51 :56). ഇത് തിരിച്ചറിഞ്ഞ്
ഇലാഹിൻറെ യാഥാർത്ഥ്യവും ഉബൂദിയ്യത്തിന്‍റെ ഉദ്ദേശ്യവും മനസ്സിലാക്കുമ്പോൾ ഈമാനിൻറെയും
ഇസ്‌ലാമിനെയും സൗന്ദര്യം ആസ്വദിക്കാനാവും.

C നന്മ തിന്മ സങ്കല്പം


മറ്റിതര മതങ്ങളിൽ നിന്നും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി സമൂർത്തമായ നന്മ
തിന്മ സങ്കല്പമാണ് ഇസ്ലാം അവതരിപ്പിക്കുന്നത്. പ്രപഞ്ചത്തിലുള്ള സകലതിനെയും ഉൾക്കൊള്ളുമാറ്
വിശാലമായ കാഴ്ചപ്പാടാണ് ഈ വിഷയത്തിലും ഇസ്ലാമിൻറേത്. നന്മയെയും തിന്മയെയും
പട്ടികപ്പെടുത്തുന്നിടത്ത് ആശയക്കുഴപ്പങ്ങളോ അവ്യക്തതകളോ ഇല്ല. നന്മ എന്നാൽ സൽസ്വഭാവം
ആണെന്നും തിന്മ എന്നാൽ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നതും ജനങ്ങൾ അറിയുന്നതിൽ നിനക്ക് അനിഷ്ടം
തോന്നുന്നതും ആണെന്നുമുള്ള സുന്ദരമായ വ്യാഖ്യാനമാണ് നബി (സ)നൽകിയത്( അഹ്മദ്). തിന്മയെ നന്മ
കൊണ്ട് പ്രതിരോധിക്കാനും അങ്ങനെ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാനുമാണ് വിശുദ്ധ ഖുർആൻ
ആഹ്വാനം ചെയ്യുന്നത്. "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതു കൊണ്ട് നീ
(തിന്മയെ)തെ പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ
(നിൻറെ) ഉറ്റ ബന്ധു എന്നത് പോലെ ആയിത്തീരും (ഖുർആൻ 41: 34).

ധൈഷണിക സൗന്ദര്യം
ചിന്തിക്കാനും ധിഷണ ഉപയോഗിക്കാനുമുള്ള മനുഷ്യൻറെ സഹജ സ്വഭാവത്തെ അംഗീകരിക്കുന്ന
നിലപാടാണ് ഇസ്ലാമിൻറേത്. ഇസ്ലാമിൻറെ സൗന്ദര്യം പ്രകടമാവുന്ന പ്രധാന ഘടകങ്ങളിലൊന്ന് അതിൻറെ
ധൈഷണിക ഭാവമാണ്. ചിന്തിക്കാനും ആലോചിക്കാനും ധിഷണ ഉപയോഗിക്കാനും നിരന്തരം
ആവശ്യപ്പെടുന്ന വിശുദ്ധ ഖുർആനിലെ പല സൂക്തങ്ങളും അവസാനിക്കുന്നത് നിങ്ങൾ ചിന്തിക്കുന്നില്ലേ എന്നു
ചോദിച്ചുകൊണ്ടാണ്. വിശ്വാസകാര്യങ്ങളെല്ലാം യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനാവുന്നതാണ്
എന്നതാണ് ഇസ്ലാമിന്‍റെ പ്രത്യേകത.
പല പ്രാപഞ്ചിക പ്രതിഭാസങ്ങളും വസ്തുക്കളും നിരീക്ഷണ വിധേയമാക്കാൻ ഖുർആൻ
ആവശ്യപ്പെടുന്നു. ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആകാശം എങ്ങനെ ഉയർത്തപ്പെട്ടു, പർവ്വതങ്ങൾ എങ്ങനെ
സ്ഥാപിക്കപ്പെട്ടു, ഭൂമി എങ്ങനെ വിരിച്ചിടപ്പെട്ടു എന്നെല്ലാം ചിന്തിക്കാൻ ഖുർആൻ ആവശ്യപ്പെടുന്നു (88: 17,
20). ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചും രാപകലുകളുടെ മാറ്റത്തെ കുറിച്ചുമെല്ലാം ചിന്തിക്കാൻ
ആവശ്യപ്പെടുന്ന ഖുർആൻ സൂക്തം (2:164) പരായണം ചെയ്തു കൊണ്ട് നബി(സ) ഒരിക്കൽ പറയുകയുണ്ടായി
ഈ സൂക്തത്തെ കുറിച്ച് ചിന്തിക്കാതെ വെറുതെ വായിലിട്ടു ചവയ്ക്കുക മാത്രം ചെയ്യുന്നവന് ശാപമുണ്ട്.
നല്ല കാര്യങ്ങളെ കുറിച്ചുള്ള ചിന്ത ആരാധനയ്ക്കു തുല്യമാണെന്ന് പല പണ്ഡിതരും പറഞ്ഞതായി കാണാം.
മനുഷ്യന് എന്തിനെക്കുറിച്ചും ചിന്തിക്കാനും ആലോചിക്കാനുമുള്ള സ്വാതന്ത്ര്യം പ്രകൃത്യാ സൃഷ്ടാവ്
നൽകിയിട്ടുണ്ട്. എന്നാൽ അനിയന്ത്രിതമായ ചിന്തയും ആവിഷ്കാരവും പലപ്പോഴും ഗുണത്തെക്കാൾ
ദോഷമായിരിക്കും വരുത്തിവയ്ക്കുക എന്നതിനാൽ ധാർമികതയുടെ നിയന്ത്രണമുണ്ടാകേണ്ടത് വ്യക്തിപരവും
സാമൂഹികവുമായ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമാണ്. മനുഷ്യൻറെ പരിമിതമായ അറിവിന് ഇത്
മുൻകൂട്ടി അറിയുക സാധ്യമല്ലാത്തതിനാൽ സ്രഷ്ടാവിനെ അറിവിൻറെ സമ്പൂർണ്ണത അംഗീകരിച്ച് അവൻറെ
വിധിവിലക്കുകൾക്കതീതമായി ധിഷണയെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ധാർമിക
അതിർവരമ്പുകൾക്കകത്ത് നിന്ന് ബുദ്ധി പരമായി ഉപയോഗപ്പെടുത്തുന്ന ഒരു സമൂഹത്തെയാണ് ഇസ്ലാം
വിഭാവനം ചെയ്യുന്നത്. അത്തരം സമൂഹങ്ങൾ ഉൾക്കാഴ്ചയും നിലപാടുകളുടെ തെളിമയും ശരിയായ
ചിന്താശേഷിയും പ്രകടിപ്പിക്കും. സാമൂഹിക അച്ചടക്കം പാലിക്കും. ശരിയായ ചിന്താശേഷിയുള്ളവർ
ശാന്തരായിരിക്കും എന്നതാണ് സാമൂഹിക നിരീക്ഷണം.

വ്യക്തി
മനുഷ്യനെ ഉത്തമനാക്കുന്ന സർവ്വഗുണ വിശേഷങ്ങളും മൂല്യങ്ങളും കാഴ്ചപ്പാടുകളും ഇസ്ലാം
പഠിപ്പിക്കുന്നു. വിശുദ്ധ റസൂൽ(സ) അത് തൻറെ ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തു. സത്യസന്ധത,
സൽസ്വഭാവം, നീതിബോധം, സഹായ മനസ്കത, സഹകരണം തുടങ്ങിയ മാനവികമൂല്യങ്ങൾ
ഉൾക്കൊള്ളുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. ഇത്തരമൊരു സൗന്ദര്യം നിഴലിടുന്ന ജീവിതമാണ് ഇസ്ലാം
വിഭാവനം ചെയ്യുന്നത്.
A സ്വഭാവം
ഏറ്റവും സുന്ദരവും ആകർഷകവുമായ സ്വഭാവം ആർജ്ജിക്കുകയെന്നത് വിശ്വാസികളിൽ നിന്ന്
ഇസ്ലാം ആവശ്യപ്പെടുന്ന സുപ്രധാന ജീവിതദൗത്യമാണ്. എൻറെ സൃഷ്ടിപ്പ് സുന്ദരമാക്കിയതു പോലെ എൻറെ
സ്വഭാവവും നീ സുന്ദരമാക്കണേ എന്ന് നബി(സ) തങ്ങൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു.
അബ്ദുല്ലാഹിബിനു അംറുബ്നു ആസ് (റ) നിവേദനം ചെയ്യുന്നു നബി(സ) പറഞ്ഞു: "വല്ലവനും
നരകാഗ്നിയിൽ നിന്നും വിദൂരമാകാനും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടാനും മരണം അല്ലാഹുവിലും
പരലോകത്തിലും വിശ്വസിച്ച നിലക്ക് സംഭവിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ജനങ്ങൾ തങ്ങളോട്
എങ്ങനെ സമീപിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ അവൻ ജനങ്ങളെയും സമീപിക്കട്ടെ"
(മുസ്ലിം).
മറ്റുള്ളവർ തന്നോട് ദയാ വായ്പ്പോടെ പെരുമാറണം, തന്നെ സ്നേഹിക്കണം, പരിഗണിക്കണം,
തൻറെ ഭാഗത്തു നിന്നുണ്ടാകുന്ന അരുതായ്മകൾക്ക് മാപ്പു കിട്ടണം, മറ്റുള്ളവരുടെ സാന്ത്വനവും സഹായവും
സഹകരണവും ആവശ്യ സമയങ്ങളിൽ ലഭിക്കണം, ഉപദ്രവവും അവഗണനയും പരിഹാസവും ഉണ്ടാവരുത്
ഇതെല്ലാം ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ. അപ്പോൾ ഇതുപോലെയാണ് മറ്റുള്ളവരും ആഗ്രഹിക്കുന്നത്
എന്ന് തിരിച്ചറിഞ്ഞ് നല്ല രീതിയിൽ പെരുമാറണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്വഭാവം നന്നാക്കാൻ
വ്യക്തവും കൃത്യവുമായ നിർദ്ദേശങ്ങളും ഇസ്ലാം വിശ്വാസികൾക്ക് നൽകിയിട്ടുണ്ട് "നിങ്ങൾ അസൂയയെ
സൂക്ഷിക്കുക. നിശ്ചയം തീ വിറകു തിന്നുന്നതു പോലെയോ പുല്ല് കരിച്ചു കളയുന്നത് പോലെയോ അസൂയ
സൽകർമ്മങ്ങള്‍ നശിപ്പിച്ചുകളയും" (അബൂദാവൂദ്).
സൂക്ഷ്മതയോടെ ജീവിക്കുന്ന ഒരു സത്യവിശ്വാസിയിൽ നിന്നും മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതം
ഏൽപ്പിക്കുന്നതോ അവരുടെ ധനം അപഹരിക്കുന്നതോ അന്യായമായി അവരുടെ രക്തം ചിന്തുന്നതോ ആയ
ഒരു പ്രവർത്തനവും ഉണ്ടാവാൻ പാടില്ല. ഖുർആൻ പറയുന്നു: "സത്യവിശ്വാസികളേ നിങ്ങളിൽ ഒരു വിഭാഗം
മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത്" (49: 11).
"സത്യവിശ്വാസികളെ, ഊഹത്തിൽ നിന്നും മിക്കതും നിങ്ങൾ വെടിയുക.തീർച്ചയായും ഊഹങ്ങളിൽ ചിലത്
കുറ്റകരമാകുന്നു. നിങ്ങള്‍ രഹസ്യം ചൂഴിഞ്ഞ് അന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെ പറ്റി അവരുടെ
അസാന്നിധ്യത്തിൽ മോശമായി സംസാരിക്കരുത്. മരിച്ചു കിടക്കുന്ന സഹോദരൻറെ മാംസം തിന്നാൻ
നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് നിങ്ങൾ വെറുക്കുന്നു. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക,
അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.(49:12)
ഉമർ (റ)ൻറെ ഭരണകാലത്ത് ഈജിപ്തിലേക്ക് അദ്ദേഹം ഗവർണറായി നിശ്ചയിച്ചത് അംറുബ്നുൽ
ആസ്(റ) നെആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്‍റെ പുത്രൻ മുഹമ്മദ്ബ്നു അംറ് കോപ്റ്റിക്
വിഭാഗത്തിൽപ്പെട്ട ഒരു സാധാരണക്കാരനെ തൻറെ കുതിരയുടെ മുമ്പിൽ സ്വന്തം കുതിരയെ ഓടിച്ചതിൻറെ
പേരിൽ അടിച്ചു . "ഞാൻ മാന്യൻറെ പുത്രനാണ്" എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രഹരം. ഇതറിഞ്ഞ
ഖലീഫ ഗവർണറെയും മകനെയും മദീനയിലേക്ക് വിളിപ്പിച്ചു. ഉമർ(റ) ഗവർണറോട് ചോദിച്ചു "എന്നു
മുതൽക്കാണ് നിങ്ങൾ ജനങ്ങളെ അടിമകളാക്കി തുടങ്ങിയത്? അവരുടെ ഉമ്മമാർ അവരെ പ്രസവിച്ചത്
സ്വതന്ത്രരായിട്ടാണല്ലോ?" ശേഷം ഈജിപ്തുകാരൻറെ കയ്യിൽ ചാട്ടവാർ കൊടുത്തുകൊണ്ട് പറഞ്ഞു "അടിക്കൂ..
മാന്യന്മാരുടെ സന്താനത്തെ.. ഇയാൾ അധികാരത്തിൽ ബലത്തിലാണ് നിന്നെ പ്രഹരിച്ചത്."
അഹങ്കാരവും അഹംഭാവവും തൊട്ടുതീണ്ടാത്ത മൂല്യാധിഷ്ഠിത സ്വഭാവമാണ് വിശ്വാസി
ആർജ്ജിക്കേണ്ടത്. താഴെ തട്ടിലുള്ളവരോടു വരെ മാന്യമായി പെരുമാറാൻ സാധിക്കണം. അതിന്
അധികാരമോ സാമ്പത്തിക ശേഷിയോ കുലമഹിമയോ തടസ്സമാകരുത്. അത്തരമൊരു സാമൂഹികാന്തരീക്ഷം
സങ്കൽപ്പിച്ചു നോക്കൂ എത്ര സുന്ദരമായിരിക്കും അത്.
B സത്യസന്ധത
ആകർഷണീയവും അതുല്യവുമായ സംസ്കാരം ആർജ്ജിച്ചെടുത്ത് ഉത്തമ ജീവിതം നയിക്കാനാണ്
ഓരോ വിശ്വാസിയെയും ഇസ്ലാം പ്രേരിപ്പിക്കുന്നത്. അതിൽ സത്യസന്ധതക്ക് നൽകുന്ന പ്രാധാന്യം ഏറെ
സവിശേഷമാണ്. നിഗൂഢതകളും കാപട്യങ്ങളും ഇല്ലാതെ അകവും പുറവും ഒരുപോലെ സുതാര്യമായ സ്ഫടിക
സമാനമായിരിക്കണം വിശ്വാസിയുടെ ജീവിതം.
ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കാൻ നിയോഗിതരായ പ്രവാചകന്മാരുടെ ഗുണങ്ങൾ എണ്ണി
പറയുന്നിടത്ത് പ്രഥമസ്ഥാനത്ത് വരുന്നതും അവരുടെ സത്യസന്ധതയാണ്. മുഹമ്മദ് നബി(സ) മക്കയിൽ
പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായ സമയത്ത് കച്ചവടാവശ്യാർത്ഥം ശാമിലെത്തിയ
അബൂസുഫിയാനെയും സംഘത്തെയും റോമാ ചക്രവർത്തി ഹിർക്കൽ തൻറെ ആസ്ഥാനത്തേക്ക് വിളിപ്പിച്ച്
മുഹമ്മദ് നബിയെ കുറിച്ച് ചോദിച്ചറിഞ്ഞു. അക്കൂട്ടത്തിൽ ഹിർക്കൽ ചോദിച്ചു എന്താണ് അദ്ദേഹം നിങ്ങളോട്
കൽപ്പിക്കുന്നത്? അപ്പോൾ അബുസുഫിയാൻ പറഞ്ഞ മറുപടി സത്യസന്ധത പുലർത്താൻ കുടുംബബന്ധം
ചേർക്കുവാനും സദാചാരനിഷ്ഠ പുലർത്തുവാനുമാണ് അദ്ദേഹം ഞങ്ങളോട് കല്പിക്കുന്നത് എന്നായിരുന്നു.
(ബുഖാരി, മുസ്ലിം).ശത്രുവിനു പോലും സമ്മതിക്കേണ്ടി വന്ന സത്യസന്ധത.
സത്യം സുന്ദരമാണ് . ആ സുന്ദരമായ സത്യം ജീവിതത്തിൻറെ അലങ്കാരമായി സ്വീകരിക്കാനാണ്
നബി (സ) കൽപ്പിക്കുന്നത്. സത്യസന്ധത വിശ്വാസിയുടെ മേല്‍വിലാസമായി മാറണം. പരസ്പര സഹായവും
സഹവർത്തിത്വവും കൊടുക്കൽ വാങ്ങലുകളും സാമൂഹിക ജീവിതത്തിൻറെ ഭാഗമാണല്ലോ. അവ
സത്യസന്ധയുടെ അടിസ്ഥാനത്തിൽ ആകുമ്പോഴാണ് വ്യക്തികൾക്കിടയിൽ സ്നേഹവും ഐക്യവും ഉണ്ടാവുക.
സമൂഹത്തിൽ സമാധാനം ഉണ്ടാവുക.
മറ്റു പ്രവാചകൻമാരെ പരിചയപ്പെടുത്തുന്ന ഇടത്തൊക്കെ വിശുദ്ധ ഖുർആൻ എടുത്തു പറയുന്ന
സുപ്രധാന സ്വഭാവവിശേഷം സത്യസന്ധത തന്നെയാണ്. ഇബ്രാഹിം(അ) (19: 41), ഇസ്ഹാഖ് (അ) (19:
50), ഇസ്മായിൽ(അ) (19 :54), ഇദ്രീസ് (അ)(19: 56) തുടങ്ങിയ പ്രവാചകരെല്ലാം സത്യസന്ധമായിരുന്നു
എന്ന് വിശുദ്ധ ഖുർആൻ അടിവരയിടുന്നു. വിശുദ്ധ ഖുർആൻ പറയുന്നു "സത്യവിശ്വാസികളേ, നിങ്ങൾ
അല്ലാഹുവെ സൂക്ഷിക്കുകയും സത്യസന്ധരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക" (9: 119)
അല്ലാഹു തൻറെ ദാസന്മാരെ വിശേഷിപ്പിച്ചുകൊണ്ട് പറയുന്നു: "ക്ഷമ കൊള്ളുന്നവരും സത്യം പാലിക്കുന്ന
വരും ഭയഭക്തി ഉള്ളവരും ചെലവഴിക്കുന്നവരും രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരും
ആകുന്നു അവർ" (3:17).
ഇബ്നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു "സത്യസന്ധത സൽകർമ്മങ്ങളിലേക്കും
സൽകർമങ്ങൾ സ്വർഗ്ഗത്തിലേക്കും വഴിതെളിക്കും. സത്യസന്ധത പാലിക്കുന്നത് കൊണ്ട് മനുഷ്യൻ
അല്ലാഹുവിങ്കൽ സത്യവാനെന്നു രേഖപ്പെടുത്തപ്പെടുന്നു" (ബുഖാരി, മുസ്ലിം)
C ക്ഷമ
ക്ഷമ മനുഷ്യൻറെ ഏറ്റവും സുന്ദരമായ സ്വഭാവങ്ങളിലൊന്നാണ്. പ്രകോപിതനാവാൻ കാരണങ്ങൾ
ഏറെയുണ്ടാവുമ്പോഴും ക്ഷമയോടെയും അവധാനതയോടെയും സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ
കഴിയുക എന്നത് എത്രമാത്രം അനുഗ്രഹീതവും സുന്ദരവും ആയിരിക്കും. ക്ഷമ ഓരോ വ്യക്തിയും ദൈനംദിന
ജീവിതത്തിൽ സ്ഥിരമായി നിലനിർത്തേണ്ട സ്വഭാവഗുണമാണെന്നാണ് ഇസ്ലാമിൻറെ പക്ഷം. ഖുർആന്‍
എഴുപതോളം ഇടങ്ങളിൽ ക്ഷമയെ പരാമർശിച്ചിട്ടുണ്ട്. "സത്യവിശ്വാസികളേ നിങ്ങൾ ക്ഷമിക്കുകയും
ക്ഷമയിൽ മികവ് കാണിക്കുകയും ചെയ്യുക"(3:200).
"സത്യവിശ്വാസികളേ, നിങ്ങൾ സഹനവും നിസ്കാരവും മുഖേന അല്ലാഹുവിനോട് സഹായം തേടുക.
തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു"(2:253).
ഭയം, ജീവ നഷ്ടം, ധനനഷ്ടം തുടങ്ങിയ പ്രതിസന്ധികൾ നൽകി മനുഷ്യനെ അള്ളാഹു
പരീക്ഷിക്കുമെന്നും അപ്പോൾ ശ്രമിക്കുന്നവർക്കാണ് സൗഭാഗ്യം എന്നും വിശുദ്ധ ഖുർആൻ(2:255) പറയുന്നു.
ക്ഷമയുടെ ഉത്തമ മാതൃകകൾ പ്രവാചക ജീവിതത്തിൽ സമൃദ്ധമാണ്. പ്രവാചകത്വ ലബ്ധിക്കു ശേഷമുള്ള മക്കാ
ജീവിതത്തിൽ പ്രതിസന്ധികളും പ്രകോപിതനാവാനുള്ള അവസരങ്ങളും ഒട്ടേറെ ഉണ്ടായിരുന്നുവല്ലോ. പക്ഷേ
അതെല്ലാം ക്ഷമയോടെയാണ് നബി (സ) തരണം ചെയ്തത് . ക്ഷമ വിശ്വാസത്തിൻറെ പാതിയാണെന്നും
അവിടുന്ന് പഠിപ്പിക്കുകയുണ്ടായി.
നബി നബി(സ) പറഞ്ഞു: "സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ! എല്ലാം അവന്
ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കും ഇല്ല. സന്തോഷമുള്ള അവസ്ഥയിൽ
അവൻ നന്ദി കാണിക്കും. അതവന് ഗുണകരമാണ്. ദുഃഖമുള്ളപ്പോൾ അവൻ ക്ഷമിക്കും അതും അവന്
ഗുണകരമാണ്" (മുസ്ലിം).
D വിശ്വസ്തത
പരസ്പര വിശ്വാസമുള്ള വ്യക്തികളും സമൂഹവും വളരെ സുന്ദരമായ ജീവിതാനുഭവമായിരിക്കും. കള്ളവും
ചതിയും സ്വാർത്ഥതയും കളം നിറഞ്ഞാടുന്ന വർത്തമാനകാലത്ത് മനുഷ്യ സമൂഹത്തിന് കൈമോശം
വന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന മാനുഷിക ഗുണമാണ് വിശ്വസ്തത. ആർക്കും ആരെയും വിശ്വാസമില്ലാത്ത
സാമൂഹികഘടന നരകതുല്യമായിരിക്കും. മറ്റുള്ളവരുടെ സ്നേഹവും സൗഹൃദവും അടുപ്പവും പിടിച്ചുപറ്റാൻ
വിശ്വസ്തത അനിവാര്യമാണ്.
സത്യസന്ധതയും വിശ്വസ്തതയും ഉത്തരവാദിത്വബോധവും ഒത്തുചേരുന്ന അമാനത്ത് മുസ്ലിമിൻറെ
മുഖമുദ്രയാണ്. ഓരോ മുസ്ലിമും വിശ്വസ്തനായിരിക്കണം എന്നതാണ് ഇസ്ലാമിൻറെ താല്പര്യം. നബി(സ)
കുട്ടിക്കാലത്തുതന്നെ ഈ സ്വഭാവം ആർജ്ജിച്ചിരിക്കുന്നു എന്നും അതിനാൽ നബി(സ) യെ നാട്ടുകാരകിലം
അൽഅമീർ (വിശ്വസ്തൻ) എന്നാണ് വിളിച്ചിരുന്നത് എന്നും ചരിത്രത്തിൽ കാണാം. അനസ് ബിന് മാലിക്
(റ) നിവേദനം ചെയ്യുന്നു: "അമാനത്തുകൾ സൂക്ഷിക്കാൻ കഴിയാത്തവന് വിശ്വാസമില്ല. വാഗ്ദാനങ്ങൾ
പാലിക്കാത്തവന് ദീനുമില്ല. എന്ന് പറയാതെ പ്രവാചകർ(സ) ഞങ്ങളോട് പ്രഭാഷണം
നടത്തിയിട്ടില്ല"(അഹ്മദ്).
E മനസ്സിൻറെ തെളിമ
തെളിമയുള്ള മനസ്സ് വലിയ അനുഗ്രഹമാണ്. ഹൃദയം നന്നായാൽ മനുഷ്യൻ നന്നായെന്നും അത്
മോശമായാൽ മനുഷ്യൻ മോശമായെന്നുമുള്ള ( മുസ്ലിം) പ്രവാചകാധ്യാപനം മനസ്സിന്‍റെ നിര്‍ണ്ണായക സ്ഥാനം
വിളിച്ചോതുന്നു . അതായത് ഹൃദയവിശുദ്ധിയാണ് മർമ്മ പ്രധാനം.
അബു ഹുറൈറ (റ) നിവേദനം ചെയ്യുന്നു : റസൂൽ(സ) പറഞ്ഞു "തീർച്ചയായും അല്ലാഹു നിങ്ങളുടെ
രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല നോക്കുന്നത്. പക്ഷെ നിങ്ങളുടെ ഹൃദയത്തിലേക്കാണ് അവൻ
നോക്കുന്നത്" (മുസ്ലിം). കർമങ്ങളുടെ മൂല്യവും സ്വീകാര്യതയും മനസ്സിൻറെ തെളിമയെ
അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്നു സാരം. കാപട്യങ്ങളും നാട്യങ്ങളുമില്ലാത്ത പച്ചയായ ജീവിതമാണ്
ശീലിക്കേണ്ടത്. മനസ്സില്‍ പകയും വിദ്വേഷവും വെറുപ്പും നിറച്ച് പുറം വെളുപ്പിക്കുന്നതു കൊണ്ടു കാര്യമില്ല,
അത് ക്ഷണികമാണ്, അര്‍ത്ഥ ശൂന്യവുമാണ്.

F ശുചിത്വം
സൗന്ദര്യത്തിൻറെ ഏറ്റവും അടിസ്ഥാനഘടകമായ ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം കൊടുത്ത
മതമാണ് ഇസ്ലാം. ശുചിത്വം പാലിക്കണം എന്ന് സാമാന്യമായി ആവശ്യപ്പെടുകയോ ആചാരാനുഷ്ഠാനങ്ങളുടെ
ഭാഗമാക്കുകയോ മാത്രം ചെയ്യുന്നതിനപ്പുറം അതിനെ വിശ്വാസത്തിൻറെ ഭാഗമാക്കി എന്നത് വളരെ
ശ്രദ്ധേയമാണ്. "ശുദ്ധി വിശ്വാസത്തിൻറെ ഭാഗമാണ്/പാതിയാണ്" എന്നാണ് പ്രവാചകാധ്യാപനം. വൃത്തി
ഒരു ദൈനംദിന ജീവിത ചര്യയാക്കാൻ വേണ്ട ജാഗ്രത ഇസ്ലാമിക പാഠങ്ങളിൽ കാണാം. ശുദ്ധി എന്നത്
സമഗ്രാർത്ഥത്തിലാണ് ഇസ്ലാം ഉൾക്കൊള്ളുന്നത്. മനുഷ്യൻറെ ഭാഗഹ്യവും, ആന്തരികവുമായ ശുദ്ധി,
ആത്മീയവും ശാരീരികവുമായ ശുദ്ധി, മാനസിക വ്യാപാരങ്ങളിലും കർമ്മങ്ങളിലും ഉള്ള ശുദ്ധി,
സ്വഭാവത്തിലും സാമൂഹിക ഇടപെടലുകളിലും ഉള്ള ശുദ്ധി ഇതെല്ലാം ഉൾക്കൊള്ളുന്നതാണ് ഇസ്ലാമിൻറെ
ശുദ്ധി സങ്കൽപം.
"നീ നിൻറെ നാഥനെ വാഴ്ത്തുക" എന്നുപറഞ്ഞയുടനെ അതിനോട് ചേർത്തു ഖുർആൻ പറയുന്നത് "നീ
നിൻറെ വസ്ത്രം ശുദ്ധിയാക്കണം" എന്നാണ്. അല്ലാഹു ശുദ്ധിയുള്ളവരെ ഇഷ്ടപ്പെടുന്നു എന്ന് ഖുർആനിൽ
പലയിടത്തും ആവർത്തിച്ചു പറയുന്നത് കാണാം. ഹദീസ് ഗ്രന്ഥങ്ങളും കർമശാസ്ത്ര ഗ്രന്ഥങ്ങളുമെല്ലാം ശുദ്ധിയെ
കുറിച്ച് ചർച്ച ചെയ്യാൻ നല്ലൊരുഭാഗം മാറ്റിവെച്ചിട്ടുണ്ട്.
വിശുദ്ധ കർമ്മങ്ങൾ ചെയ്യുന്നതിന് മുമ്പെല്ലാം വിശ്വാസി അംഗശുദ്ധി വരുത്തേണ്ടതുണ്ട്. അങ്ങനെ
അംഗശുദ്ധി വരുത്തിയ ഉടനെയുള്ള പ്രാർത്ഥനകളിൽ നീയെന്നെ ശുദ്ധിയുള്ളവരിൽ ഉൾപ്പെടുത്തണേ
എന്നുകാണാം. ശുദ്ധിയാക്കിയ ഉടനെയും പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കു വേണ്ടിയാണ് എന്നത് എത്രമാത്രം
ചിന്തോദ്വീപകമാണ്.

G ശരീരം
ശരീരം എപ്പോഴും വൃത്തിയായിരിക്കണം എന്നതാണ് ഇസ്ലാമിൻറെ താല്പര്യം. എന്തൊക്കെയാണ്
ശുദ്ധിയുള്ളത് എന്തൊക്കെയാണ് ശുദ്ധിയില്ലാത്തത് എന്നെല്ലാം ഇസ്ലാം കൃത്യമായി നിർവചിച്ചിട്ടുണ്ട്.
അശുദ്ധമായാൽ എങ്ങനെയാണ് ശുദ്ധി ആക്കേണ്ടത് എന്നും വിശുദ്ധ മതം വിശദീകരിച്ചിട്ടുണ്ട്. സാധാരണ
ദൃശ്യമാകുന്ന ശരീരഭാഗങ്ങൾ നിരന്തരം വൃത്തിയായി സൂക്ഷിക്കാനുള്ള മാർഗ്ഗമത്രെ വുദൂ. അഞ്ചു നേരത്തെ
നിർബന്ധ നിസ്കാരത്തിനും മറ്റു ഐഛിക നിസ്കാരങ്ങൾക്കും വുദൂ നിബന്ധനയാണ് എന്നു വരുമ്പോള്‍
വിശ്വാസി പ്രതിദിനം അശുദ്ധമാവാന്‍ ഇടം കൊടുക്കാത്തവിധം എത്രതവണയാണ് ശുദ്ധീകരണ പ്രക്രിയക്കു
വിധേയമാവുന്നത്.
H തലമുടി
തലമുടി നന്നായി എണ്ണയിട്ട് ചീകിവൃത്തിയായി സൂക്ഷിക്കണമെന്നും ചീകി ഒതുക്കണമെന്നും നബി
(സ)പഠിപ്പിക്കുന്നു. ആർക്കെങ്കിലും തലമുടി ഉണ്ടെങ്കിൽ അവർ അതിനോട് മാന്യത കാണിക്കട്ടെ എന്ന്
നബി(സ);പറഞ്ഞിട്ടുണ്ട്( അബുദാവൂദ്). പുറത്ത് തന്നെ കാണാൻ കാത്തിരിക്കുന്നവരുടെ അടുത്തേക്ക്
പോകുന്നതിനുമുമ്പ് വീട്ടിലെ വെള്ളം നിറച്ച പാത്രത്തിലെ പ്രതിബിംബം നോക്കി നബി താടിയും മുടിയും
ശരിയാക്കുന്നത് കണ്ടപ്പോൾ ആയിശ(റ);ചോദിച്ചു.റസൂലേ അങ്ങും ഇങ്ങനെ ചെയ്യുന്നുവോ. നബി(സ)
പ്രതിവചിച്ചു. തൻറെ സഹോദരനെ കാണാൻ പോകുമ്പോഴും സ്വന്തം രൂപഭംഗി വരുത്തണം. അല്ലാഹു
സൗന്ദര്യം ഉള്ളവനാണ്, സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനും.
I വായ
വായ വൃത്തിയാക്കുന്നതിന് ഇസ്ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്.
പ്രയാസകരമാവില്ലായിരുന്നുവെങ്കില്‍ എന്‍റെ സമുദായത്തോട് ഞാന്‍ പല്ലു തേക്കാന്‍ കല്‍പിക്കുമായിരുന്നു
എന്ന് നബി(സ) പറഞ്ഞതിന്‍റെ ഉദ്ദേശ്യവും വായ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നു
തന്നെയാണ്. പല്ലു തേക്കുന്നത് വായക്കു വൃത്തുയും അല്ലാഹുവിനു തൃപ്തിയുമാണ് (അഹ്മദ്,നസാഈ).
J വസ്ത്രം
വസ്ത്രം വൃത്തിയും ഭംഗിയും മാന്യവുമായിരിക്കണം.എന്നതാണ് ഇസ്ലാമിൻറെ താല്പര്യം. വസ്ത്രം
വൃത്തിയാക്കാനുള്ള നേരിട്ടുള്ള കല്പന തന്നെ ഖുർആനിൽ കാണാം(74:4).
യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുന്ന അനുചന്മാരോടൂ വസ്ത്രം നന്നാക്കാൻ നബി(സ)
പറയാറുണ്ടായിരുന്നു. ദീൻ പഠിപ്പിക്കാൻ വേണ്ടി നബി(സ)യുടെ അടുത്ത് മനുഷ്യരൂപത്തിൽ വന്ന ജിബ്രീൽ
(അ) മാലഖയുടെ ആകാരഭംഗി ഹദീസിൽ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം നല്ല ഭംഗിയുള്ള തൂവെള്ള വസ്ത്രം
ധരിച്ചായിരുന്നു വന്നത്. മാത്രവുമല്ല നല്ല ഭംഗിയിൽ ചീകി വെച്ച കറുത്ത തലമുടി ഉണ്ടായിരുന്നു. യാത്രയുടെ
ഒരു ലക്ഷണവും കാണാത്തത്രയും വൃത്തിയും വെടിപ്പുമുള്ള വസ്ത്രവും ഭാവവും ആയിരുന്നു
ജിബിരീലി(അ)ൻറേത്.
ഒരു ഹദീസിൽ ഇങ്ങനെ കാണാം" ഒരു സഹാബി വളരെ മോശമായ വസ്ത്രം ധരിച്ച് നബി(സ)യുടെ
അടുത്ത് വന്നപ്പോൾ നബി(സ) ചോദിച്ചു നിൻറെ അടുത്ത് സ്വത്തുണ്ടോ? അദ്ദേഹം പറഞ്ഞു എൻറെ അടുത്ത്
എല്ലാവിധ സ്വത്തും ഉണ്ട്. ഒട്ടകം, ആട് ,മാട് ,കുതിര, അടിമകൾ എല്ലാം ഉണ്ട്. നബി(സ) പറഞ്ഞു അല്ലാഹു
നിങ്ങൾക്ക് നൽകിയ അനുഗ്രഹത്തിൻറെയും ഔദാര്യത്തിൻറെയും അടയാളങ്ങൾ നിങ്ങളിൽ കാണണം"
(അഹ്മദ്, അബൂദാവൂദ്, നസാഈ).
സമ്പന്നതയുടെ അടയാളങ്ങൾ സുന്ദരമായ രീതിയിൽ കാണാൻ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന്
ഥ്വബറാനിയിലും കാണാം.
K സുഗന്ധം
സുഗന്ധം നബി(സ)ക്ക് വളരെ ഇഷ്ടമായിരുന്നു. സുഗന്ധം ആരെങ്കിലും പാരിതോഷികമായി
നൽകിയാൽ നബി(സ) നിരസിക്കാറുണ്ടായിരുന്നില്ല. മാത്രവുമല്ല സുഗന്ധം ദാനമായി ആരെങ്കിലും തന്നാൽ
അത് നിരസിക്കരുത് എന്ന് നബി(സ) പഠിപ്പിച്ചിട്ടുമുണ്ട്. നിസ്കാരം, ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലം,
ഇൽമിൻറെ സദസ്സ് എന്നിവിടങ്ങളിൽ സുഗന്ധം ഉപയോഗിക്കൽ പുണ്യകരമാണ്.
L ചുറ്റുപാടുകൾ
സ്വശരീരത്തിൻറെയും വസ്ത്രത്തിൻറെയും വൃത്തി മാത്രമല്ല വിശ്വാസി ഇടപെടുന്ന
സർവമേഖലകളിലെയും ജീവിക്കുന്ന പരിസരത്തിൻറെയും ശുചിത്വമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പരിസരശുചിത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളവും അരുവികളും മറ്റു നീരൊഴുക്കുകളും ഒന്നും അശുദ്ധമാകും വിധം അവിടെവെച്ച്
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കരുതെന്ന് പ്രവാചകൻ കൽപ്പിച്ചു. ചുരുക്കത്തില്‍ ഇക്കാലം വരെ മറ്റൊരു
സമൂഹത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ശുദ്ധീകരണ ചട്ടങ്ങളാണ് ഇസ്ലാം പഠിപ്പിച്ചത്.

സമൂഹം
മനുഷ്യൻ സാമൂഹിക ജീവിയാണ്. മനുഷ്യോൽപത്തി മുതൽ അവൻ സമൂഹമായി തന്നെയാണ്
ജീവിച്ചു പോന്നത്. കാലത്തിൻറെ മാറ്റത്തിനനുസരിച്ച് സാമൂഹിക ഘടനയിൽ മാറ്റങ്ങൾ
ഉണ്ടാകുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഒരു സമൂഹമായി തന്നെയാണ് ജീവിച്ചുപോരുന്നത്. ഈ
സാമൂഹിക ജീവിതം വളരെ സുന്ദരമാവണം എന്നതാണ് ഇസ്ലാമിൻറെ കാഴ്ചപ്പാട്. അതിനുവേണ്ട എല്ലാ
കരുതലുകളും ഇസ്ലാമിക ദർശനങ്ങളിൽ കാണാം. ഊഷ്മളമായ സാമൂഹിക ജീവിതത്തിന് ബന്ധങ്ങൾ
എങ്ങനെയായിരിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട്.
A കുടുംബ ബന്ധം
ഇസ്‌ലാം ഏറെ പ്രാധാന്യം കൊടുക്കുന്ന ബന്ധമാണ് കുടുംബാംഗങ്ങൾ തമ്മിലുള്ളത്. ഏറെ
പവിത്രമാണത്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: " ....ഏതൊരു അല്ലാഹുവിൽ നിങ്ങൾ അന്യോന്യം
ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക, കുടുംബബന്ധങ്ങളെയും" (4:1). സ്രഷ്ടാവായ
അല്ലാഹുവിനെ സൂക്ഷിക്കാന്‍ പറഞ്ഞതിനോടു ചേര്‍ത്തി അതേ സൂക്തത്തില്‍ തന്നെ കുടുംബ ബന്ധം
സൂക്ഷിക്കാനം അല്ലാഹു കല്‍പ്പിക്കുന്നു എന്നതു തന്നെ ഇതിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു.
നബി(സ) പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ തന്‍റെ
കുടുംബ ബന്ധം ചേര്‍ത്തു കൊള്ളട്ടെ”(ബുഖാരി,മുസ്ലിം).
ദാന ധര്‍മ്മങ്ങള്‍ കൊടുക്കുന്നതില്‍ പോലും മുന്‍ഗണന ബന്ധുക്കള്‍ക്കു നല്‍കണം. ബന്ധുക്കള്‍ക്ക് നല്‍
കുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്.
നബി(സ) പറയുന്നു: "എന്നെ സത്യവുമായി നിയോഗിച്ചവനെ കൊണ്ട് സത്യം, ആരുടെയെങ്കിലും അടുത്ത്
അയാളുടെ ദാനം ആവശ്യമുള്ള അടുത്ത ബന്ധുക്കളുണ്ടായിരിക്കെ മറ്റുള്ളവര്‍ക്കു നല്‍കിയാല്‍ ആ ദാനം
അല്ലാഹു സ്വീകരിക്കുകയില്ല.എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം അന്ത്യ
ദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല”(ത്വബ്റാനി).
പ്രയാസപ്പെടുന്നവർക്ക് നൽകുന്ന ധർമ്മം കേവല ധർമ്മം മാത്രമാണെങ്കിൽ അത് കുടുംബത്തിലെ
പ്രയാസപ്പെടുന്നവർക്കാണെങ്കിൽ ധര്‍മ്മത്തിന്‍റെയും കുടുംബ ബന്ധം ചേര്‍ത്തതിന്‍റയും രണ്ടു
പ്രതിഫലമുണ്ട് ”(തുർമുദി). "അല്ലാഹുവിൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ഒരു വിശ്വാസി തൻറെ
കുടുംബത്തിനു വേണ്ടി ധനം ചെലവഴിച്ചാൽ അതവൻറെ ദാനധർമ്മമായി പരിഗണിക്കുന്നതാണ് " എന്നും
നബി പഠിപ്പിക്കുന്നു (ബുഖാരി,മുസ്ലിം).
B മാതാപിതാക്കൾ
വൃദ്ധരോ അവശരോ ആയ മാതാപിതാക്കൾ അവഗണിക്കപ്പെടുകയും അകറ്റി നിർത്തപ്പെടുകയും ചെയ്യുന്നത്
ഒരു ആരോഗ്യകരമായ സാമൂഹിക ഘടനക്ക് യോജിച്ചതല്ല. ഇത്തരം കുടുംബങ്ങൾ സാമൂഹിക
വൈകൃതങ്ങളാണ് . വൃദ്ധരായ മാതാപിതാക്കളെ ഭാരമായി കാണുകയും അവഗണിക്കുകയും വൃദ്ധസദനങ്ങളിൽ
നിഷ്കരുണം തളച്ചിടുകയും ചെയ്യുന്ന കാഴ്ച ഇന്ന് വ്യാപകമാവുകയാണ്. എന്നാൽ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന
സുന്ദര സമൂഹ ഭാവനയിൽ മാതാപിതാക്കളുടെ സ്ഥാനം സ്വർഗ്ഗീയമാണ്. ഒരാളുടെ സ്വർഗ്ഗവും നരകവും
തീരുമാനിക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്ക് സുപ്രധാനവുമാണ്. മാതാപിതാക്കളോട് കാണിക്കേണ്ട
മര്യാദകൾ വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. "തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുത്
എന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണം എന്നും നിൻറെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ ഒരാളോ
അവർ രണ്ടുപേരും തന്നെയോ നിൻറെ അടുക്കൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോടു നീ
'ഛെ' എന്ന് പറയുകയോ അവരോട് കയുർക്കുകകയോ അരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.
കാരുണ്യത്തോടു കൂടി എളിമയുടെ ചിറക് നീ അവർക്ക് ഇരുവർക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക . എൻറെ
രക്ഷിതാവേ ചെറുപ്പത്തിൽ എന്നെ അവർ ഇരുവരും പോറ്റിവളർത്തിയതുപോലെ അവരോട് നീ കരുണ
കാണിക്കണേ എന്ന് പറയുകയും ചെയ്യുക "(17 :23, 24 )
മാതാപിതാക്കൾ ജീവിച്ചിരിക്കെ പലായനം ചെയ്യാനും ജിഹാദ് ചെയ്യാനും തയ്യാറായി വന്ന
അനുചരനോട് നബി(സ) പറഞ്ഞത് നീ അല്ലാഹുവിൽ നിന്ന് പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കിൽ
തിരിച്ച് ചെന്ന് അവരുമായുള്ള സഹവാസം നന്നാക്കുക എന്നായിരുന്നു(ബുഹാരി,മുസ്ലിം).
C മക്കൾ
മക്കളെ മാതൃകാ വ്യക്തിത്വങ്ങുളായി വളർത്തി കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്.
അവരാണ് നാളെയുടെ പൗരന്മാർ എന്നതുകൊണ്ടുതന്നെ അതിൽ വരുത്തുന്ന വീഴ്ചകൾ തലമുറകളിൽ
പ്രതിഫലിക്കും. മക്കളെ സ്നേഹവും കാരുണ്യവും വാത്സല്യവും കാണിച്ച് ചേർത്തുനിർത്തി ധാർമിക പാഠങ്ങൾ
പരിശീലിപ്പിക്കേണ്ടതുണ്ട്. നബി(സ) പറഞ്ഞു: "ഒരു പിതാവിനും തൻറെ സന്താനത്തിന് നല്ല
ശിക്ഷണത്തേക്കാൾ മഹത്തായ ഒരു സമ്മാനവും നൽകാൻ കഴിയുകയില്ല"(തുർമുദി). മക്കള്‍
ശുദ്ധപ്രകൃതിയോടെയാണ് ജതിക്കുന്നതെന്നും പിന്നെ അവരെ അതില്‍ നിന്നും വഴിതിരിച്ചു വിട്ട്
മോശമാക്കുന്നത് അവരുടെ രക്ഷിതാക്കളാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഹദീസില്‍ കാണാം.
വളരുന്ന സാഹചര്യങ്ങള്‍ വളരെ പ്രധാനമാണ്. സ്വാഭാവിക സാഹചര്യത്തിന് വിട്ടുകൊടുക്കാതെ ബോധപൂര്‍
വ്വമായി നല്ല സാഹചര്യങ്ങള്‍ സ‍ൃഷ്ടിച്ച് അതിലേക്ക് മക്കളെ പറിച്ചു നടാന്‍ മാതാപിതാക്കള്‍ക്കു
സാധിക്കണം.
D ഇണകൾ
ദാമ്പത്യത്തെ ഏറ്റവും സുന്ദരമായ രീതിയിലാണ് ഇസ്ലാം വിവക്ഷിക്കുന്നത്. അതിൻറെ ഭാഗമാണ്
ഇണകൾ എന്ന പ്രയോഗം തന്നെ. ഭാര്യാഭർത്താക്കന്മാർ എന്ന അധികാരത്തിൻറെ പദപ്രയോഗം ഇസ്ലാം
നടത്തുന്നേയില്ല. ഇരുവരും ഇണയുടെ വ്യക്തിത്വം പരസ്പരം അംഗീകരിക്കണമെന്നും അവരോട് സ്നേഹവും
കരുണയും ചെയ്യണമെന്നും ഇസ്ലാം ആവശ്യപ്പെടുന്നു. അല്ലാഹു പറയുന്നു "നിങ്ങൾ അവരോട് മര്യാദയോടെ
വർത്തിക്കുക" (4: 19). നബി(സ) പറഞ്ഞു:"ഒരു സത്യവിശ്വാസിയായ പുരുഷനും ഒരു സത്യവിശ്വാസിനിയെ
കുറ്റപ്പെടുത്തി സംസാരിക്കരുത്. അവളുടെ ഒരു സ്വഭാവത്തിൽ അതൃപ്തി തോന്നിയാൽ തന്നെ മറ്റു പലതും
അയാളെ തൃപ്തിപ്പെടുത്തുന്നതായിരിക്കും " (മുസ്ലിം). ഭാര്യമാർക്ക് നല്ലവരാരോ അവരാണ് കൂടുതൽ ഉത്തമരെന്ന്
തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: "ഏറ്റവും ഉത്തമയായ
ഭാര്യ ഏത് എന്ന് ഒരനുചരൻ ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു "തൻറെ ഭർത്താവ് നോക്കുമ്പോൾ അയാളെ
സന്തോഷിപ്പിക്കുകയും അയാൾ പറയുമ്പോൾ അനുസരിക്കുകയും തൻറെ ശരീരത്തിലോ അയാളുടെ
സമ്പത്തിലോ അയാൾക്ക് ഇഷ്ടമില്ലാത്ത നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവൾ"(നസാഈ).
E സാമൂഹിക ബന്ധങ്ങൾ
സ്നേഹവും കരുണയും വിശ്വസ്തതയും സഹകരണവും കരുതലുമുള്ള ഒരു സമൂഹ ഘടനയാണ് ഇസ്ലാം
വിഭാവനം ചെയ്യുന്നത്. ദുർബലവിഭാഗങ്ങളും അശരണരും പ്രത്യേകം പരിഗണിക്കപ്പെടും. എല്ലാവരും
സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന സുന്ദരമായ സമൂഹമാണ് നിലനിൽക്കേണ്ടത്.
എല്ലാവരും എല്ലാംകൊണ്ടും സമ്പന്നരാവുമ്പോഴല്ല അത് സാധ്യമാകുക. അത് പ്രായോഗികവുമല്ലല്ലോ. മറിച്ച്
എല്ലാവരും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവരും സഹകരണ മനസ്ഥിതിയുള്ളവരും ആവുകയാണ് വേണ്ടത്.
നബി (സ)പറഞ്ഞു: "വിധവകളുടെയും അഗതികളുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവൻ
അല്ലാഹുവിൻറെ മാർഗത്തിൽ ധർമ്മ സമരം ചെയ്യുന്നവരെ പോലെയാകുന്നു" (ബുഖാരി, മുസ്ലിം).
അയൽപക്ക ബന്ധത്തെ ഇസ്ലാം വളരെ ഗൗരവത്തിൽ കാണുന്നു. നബി(സ) പറഞ്ഞു: "അല്ലാഹുവിലും
അന്ത്യ നാളിലും വിശ്വസിക്കുന്നവൻ അയൽവാസിയെ ദ്രോഹിക്കാതിരിക്കട്ടെ"( ബുഖാരി,മുസ്ലിം).
മറ്റൊരിക്കൽ നബി(സ) പറഞ്ഞു:"ഒരു അയൽവാസിനിയും തൻറെ അയൽവാസിനിക്ക് ഏതൊരു സാധനം
കൊടുക്കുന്നതും നിസ്സാരമായി കാണരുത്. അതൊരു ആടിൻറെ കുളമ്പ് ആണെങ്കിലും" (ബുഖാരി, മുസ്ലിം).
മനുഷ്യരോട് മാത്രമല്ല സകല ജീവജാലങ്ങളോടും മാന്യതയോടെ മാനുഷികതയോടെ പെരുമാറണം. ദാഹിച്ചു
വലഞ്ഞ നായക്ക് വെള്ളം കൊടുത്ത കാരണത്താൽ ഒരാൾ സ്വർഗാവകാശിയായതിൻറെ സുന്ദര വിവരണം
നൽകുന്ന പ്രവാചകർ തന്നെ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ടതിൻറെ പേരിൽ ഒരു സ്ത്രീ
നരകാവകാശി ആയതിൻറെ സംഭവകഥയും പറഞ്ഞു തന്നിട്ടുണ്ട്. മറ്റൊരിക്കൽ നബി(സ) പറഞ്ഞു:" ഒരു
മനുഷ്യൻ ചെടി നടുകയോ കൃഷി ചെയ്യുകയോ ചെയ്യുന്നു.എന്നിട്ട് അതിൽ നിന്ന് പക്ഷിയോ മനുഷ്യനോ
കാലികളോ തിന്നുകയും ചെയ്യുന്നു. എങ്കിൽ അത് അവന് ധർമ്മമായി പരിഗണിക്കപ്പെടുന്നതാണ്" (ബുഖാരി,
മുസ്ലിം).

മുല്യങ്ങൾ
ഉന്നതമായ പ്രായോഗിക സമത്വവാദമാണ് ഇസ്ലാമിൻറേത്. സുന്ദരമായ സാമൂഹിക സൃഷ്ടിക്കത്
അനിവാര്യവുമാണ്. ആ സമത്വ സിദ്ധാന്തം ഖുർആൻ ഇങ്ങനെ അവതരിപ്പിക്കുന്നു "മനുഷ്യരേ നിങ്ങളെ നാം
ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന്
നിങ്ങളെ നാം വ്യത്യസ്ത സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും
അല്ലാഹുവിൻറെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ
‍ ാനിയുമാകുന്നു" (49: 13).
പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മ ജ്ഞ
ഈ സമത്വാശയം പ്രവാചകർ തൻറെ വിടവാങ്ങൽ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: "മനുഷ്യരേ അറിയുക.
നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. നിങ്ങളുടെ പിതാവ് ഒന്നാണ്. അറിയുക, അറബിക്ക് അനറബിയെക്കാളോ
കറുത്തവന് വെളുത്തവനേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ല,
ധർമ്മനിഷ്ഠ കൊണ്ടല്ലാതെ" (അഹ്മദ്). തറവാട്, കുടുംബമഹിമ, നിറം, ഭാഷ നാട്, പാരമ്പര്യം, സമ്പത്ത്
എന്നിവയൊന്നും ഉച്ചനീചത്വത്തിന് പരിഗണിക്കാത്ത സുന്ദരമായ ഒരു സമത്വസുന്ദര സാമൂഹിക ഘടനയാണ്
നബി(സ) അറേബ്യയിൽ പടുത്തുയർത്തിയത്. പ്രസ്തുത സംഗതികൾ സാമൂഹിക നിലവാരത്തിനു
മാനദണ്ഡമാക്കിയിരുന്ന ഒരു സമൂഹത്തെയാണ് 23 വർഷം കൊണ്ട് പ്രവാചകർ പരിവർത്തിപ്പിച്ചത്.
എത്യോപ്യയിൽ നിന്നും വന്ന കറുത്ത നിറമുള്ള ബിലാൽ(റ) വിനെയും വെളുത്ത നിറമുള്ള സല്‍മാനുല്‍
ഫാരിസി(റ) ഒന്നിച്ചു നിര്‍ത്തി പ്രവാചകർ അത് പ്രായോഗികമാക്കി കാണിച്ചുകൊടുത്തു. ഹിജ്റ എട്ടാം
വർഷം തന്നെ ആട്ടിയോടിച്ച മക്ക പ്രവാചകർക്ക് കീഴടങ്ങിയപ്പോൾ മക്കയിലേക്ക് തിരിച്ചു വന്ന നബി (സ)
ചെയ്ത കാര്യങ്ങളിൽ ഒന്ന് ബിലാലി(റ) നെ കഅബയുടെ മുകളിൽ കയറ്റി ബാങ്കു വിളിപ്പിച്ചതായിരുന്നു.

A നീതി
നീതി ബോധത്തിൻറെ നിതാന്ത ജാഗ്രതയാണ് ഇസ്ലാം. നീതിയെ കുറിച്ചുള്ള ഇസ്ലാമിൻറെ കാഴ്ചപ്പാട്
സമഗ്രവും സമ്പൂർണവും പ്രായോഗികവുമാണ്. സ്വജന പക്ഷപാതവും സ്വാർത്ഥതയും മറ്റു താല്പര്യങ്ങളും
അടക്കിഭരിക്കുന്ന ആധുനികകാലത്ത് ഇസ്ലാമിൻറെ നീതി സങ്കല്പം വളരെ പ്രസക്തമാണ്. നീതി എന്നത്
എഴുതാനും പറയാനും തനിക്ക് ഗുണം കിട്ടുമ്പോൾ മാത്രം നടപ്പാക്കാനും ഉള്ളതായി
അധഃപതിക്കുന്നതാണല്ലോ വർത്തമാനകാല ദുരന്തം. ഭരണാധികാരികളും നീതിപീഠങ്ങൾ വരെയും ഈ
രീതിയിലേക്ക് മാറുന്നുവോ എന്ന ആശങ്ക നാൾക്കുനാൾ ബലപ്പെടുകയാണ്. മതവും ജാതിയും കക്ഷിയും
ബന്ധങ്ങളും വരെ നീതിക്ക് മാനദണ്ഡമാക്കുന്നതും ദുർബലരും അസംഘടിതരും ന്യൂനപക്ഷങ്ങളും പാവങ്ങളും
നീതിനിഷേധത്തിൻറെ കൈപ്പുനീർ കുടിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണല്ലോ. ഇസ്ലാം ഇത്തരം
പ്രവണതകളെ നഖശിഖാന്തം എതിർക്കുന്നു.
ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വത്തിലുള്ളവരോട് നീതി പാലിക്കണം. അതിനെക്കുറിച്ച്
അല്ലാഹു ചോദ്യം ചെയ്യുമെന്ന് നബി(സ) താക്കീത് ചെയ്തിട്ടുണ്ട്. നബിയെ കഠിനമായ വിമർശിക്കുകയും
ദ്രോഹിക്കുകയും ചെയ്ത ജൂതന്മാരോടു പോലും അനീതി കാണിക്കരുത് എന്ന് അല്ലാഹു ഖുർആനിലൂടെ
നബിയെ ഉണർത്തുന്നുണ്ട്.
ഖുർആൻ പറയുന്നു "......എന്നാൽ നീ തീർപ്പ് കൽപ്പിക്കുകയാണെങ്കിൽ അവർക്കിടയിൽ നീതിപൂർവ്വം തീർപ്പു
കൽപ്പിക്കുക. നീതി പാലിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു" (5: 42)
വിശുദ്ധ ഖുർആൻ പറയുന്നു "സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനു വേണ്ടി സാക്ഷ്യം
വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്ന വരായിരിക്കണം. അത് നിങ്ങൾക്കു
തന്നെയോ നിങ്ങളുടെ മാതാപിതാക്കൾ അടുത്തബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിരുന്നാലും ശരി"
(4: 135 ).
"സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്കുവേണ്ടി സാക്ഷ്യം
വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക്
പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക. അതാണ് ധർമ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങൾ
അല്ലാഹുവിനെ സൂക്ഷിക്കുക.തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചത് അല്ലാഹു സൂക്ഷ്മമായി
അറിയുന്നവനാകുന്നു" (5:8).
മാതാപിതാക്കളോടും ഇണകളോടും മക്കളോടും ബന്ധുമിത്രാദികളോടും എന്നു തുടങ്ങി എല്ലാവരോടും
നീതി പാലിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. വ്യക്തികളെ നോക്കി നിലപാടെടുക്കാനോ എടുത്ത
നിലപാട് വ്യക്തികളെ നോക്കി മാറ്റാനോ പാടില്ല. നബി (സ) പറഞ്ഞു: "അല്ലാഹുവിനെക്കൊണ്ട് സത്യം
മുഹമ്മദിൻറെകൾ ഫാത്തിമയാണ് മോഷ്ടിക്കുന്നത് എങ്കിൽ ഞാൻ അവരുടെ കൈ മുറിക്കുക തന്നെ ചെയ്യും" (
ബുഖരി, മുസ്ലിം)
ഇസ്ലാമിക സാമ്രാജ്യത്തിലെ നാലാം ഖലീഫ അലി (റ) യുടെ ഭരണകാലത്ത് അദ്ദേഹത്തിൻറെ അങ്കി
കളവ് പോയി. ഒരു ജൂതനെ ആയിരുന്നു സംശയം. ഖലീഫ ജൂതനെതിരെ കോടതിയിൽ കേസ് കൊടുത്തു.
ഖാളി ശുറൈഹ് വാദിയായ അലി(റ) യോട് ജൂതൻറെ കൈവശമുള്ളത് തൻറെ അങ്കിയാണെന്നതിന്
സാക്ഷിയെ ഹാജരാക്കാൻ ആവശ്യപ്പെട്ടു. സ്വന്തം മകൻ ഹുസൈൻ(റ) വിനെയാണ് അലി(റ)
ഹാജരാക്കിയത്. പക്ഷേ ജഡ്ജി അത് സ്വീകരിച്ചില്ല.വിധി ജൂതന് അനുകൂലമായിരുന്നു. ഇതറിഞ്ഞ ജൂതൻ
അത്ഭുതപ്പെട്ടു. മുസ്ലിംകളുടെ ഭരണാധികാരി നീതിക്കുവേണ്ടി അവരുടെ കോടതിയിൽ കേസ് കൊടുത്തു
തോൽക്കുന്നു. ഇസ്ലാമിൻറെ ഈ നിഷ്പക്ഷ നീതിബോധം അനുഭവിച്ചറിഞ്ഞ ജൂതൻ തെറ്റ് ഏറ്റു പറഞ്ഞു. അങ്കി
അലി(റ)ന് തിരിച്ചു നൽകുകയും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു.
നീതിയുടെ പ്രാധാന്യം വിളിച്ചോതുന്ന ധാരാളം ഹദീസുകളുണ്ട്. നബി(സ) പറഞ്ഞു:"അല്ലാഹുവിൻറെ
തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത നാളിൽ 7 വിഭാഗം ആളുകൾക്ക് അല്ലാഹു തണലിട്ടു നൽകും.
അതിലൊന്ന് നീതിമാനായ ഭരണാധികാരിയാണ്" (ബുഖാരി,മുസ്ലിം)

B മാനവികത
മാനവികതയെ ഏറ്റവും സുവ്യക്തമായി ആയി പ്രഘോഷിച്ച മതം ഇസ്ലാമാണ്. മാനവികതയുടെ
പ്രധാന ഘടകമായ സഹിഷ്ണുതയെ ഒരു ആദർശമായിലോകത്തിന് സമർപ്പിച്ചത് ഇസ്ലാമാണെന്ന് പ്രസിദ്ധ
ശാസ്ത്രജ്ഞൻ കൂടിയായ മർമ്മ ഡ്യൂക്ക് അഭിപ്രായപ്പെടുന്നു. മനുഷ്യനെ (ആദം സന്തതികളെ) നാം
ബഹുമാനിച്ചിരിക്കുന്നു എന്ന ഖുർആനിലൂടെയുള്ള അല്ലാഹുവിൻറെ പ്രഖ്യാപനം എത്ര മനോഹരമാണ്.
ലോകത്തുള്ള എല്ലാ മനുഷ്യരും അല്ലാഹുവിൻറെ ബഹുമാനം ഏറ്റു വാങ്ങിയ സൃഷ്ടികളാണ്. അവൻ ഒരേ
സത്തയിൽ നിന്ന്, ഒരേ മാതാപിതാക്കളിൽ നിന്ന് സൃഷ്ടിച്ച സന്തതികളാണ് എല്ലാവരും. അവന്‍റെ ശ്രേഷ്ഠ
സൃഷ്ടിയായ മനുഷ്യന് വേണ്ടിയാണ് ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചത് തുടങ്ങിയ ഇസ്ലാമിക ദര്‍ശനങ്ങള്‍
തുല്യതയുടെ മാനവികതയുടെ എക്കലത്തെയും മഹാ തത്വങ്ങളായി പ്രേജ്ജ്വലിച്ചു നില്‍ക്കുന്നു.
ജീവൻ പോലെ തന്നെ മനുഷ്യൻറെ അഭിമാനവും ആദരണീയമാണ് . വീക്ഷണത്തിലും
വിശ്വാസത്തിലും മറ്റുമുള്ള വൈജാത്യങ്ങളും വൈവിധ്യങ്ങളും സ്വാഭാവികമാണെന്ന് ഇസ്ലാം കരുതുന്നു.
അതിൻറെ പേരിലുള്ള വിവേചനങ്ങൾ അർത്ഥശൂന്യമാണ് .മനുഷ്യർക്കിടയിലൂള്ള അനർത്ഥമായ എല്ലാ
ഉച്ചനീചത്വങ്ങളെയും നിഷേധിച്ചുകൊണ്ട് അല്ലാഹുവിലുള്ള ഭയഭക്തി മാത്രമാണ് മഹത്വത്തിന്‍റെ മാനദണ്ഡം
എന്ന വിടവാങ്ങൽ പ്രഭാഷണത്തിലെ പ്രവാചക പ്രഖ്യാപനം മാനവചരിത്രത്തിലെ വിപ്ലവ നാദമാണ്.
നിഷ്കളങ്കനായ ഒരു മനുഷ്യനെ കൊന്നാൽ മുഴുവൻ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണ് എന്ന ഖുർആൻ
വചനവും ഇസ്‌ലാംമുന്നോട്ടുവെക്കുന്ന മാനവികതയുടെ മൂല്യവിചാരത്തിന്‍റെ നേർചിത്രങ്ങളാണ്.
C സമാധാനം
ഇസ്ലാം എന്ന പേര് വിവക്ഷിക്കുന്നത് പോലെ സമാധാനത്തിന്‍റെയും ശാന്തിയുടെയും മതമാണ്
ഇസ്ലാം. മനുഷ്യൻറെ ആത്യന്തിക തേട്ടമായ സമാധാനത്തെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ട്
ജീവിതത്തിലുടനീളം സമാധാനം കണ്ടെത്താൻ സഹായിക്കുന്ന ദർശനമാണ് ഇസ്ലാം. സമൂഹത്തിൽ
സമാധാനം ഉണ്ടാവണമെങ്കിൽ അതിൻറെ ഏറ്റവും ചെറിയ ഘടകമായ വ്യക്തിയിൽ സമാധാനം
ഉണ്ടാവണമല്ലോ. ഇസ്ലാം അവിടെ നിന്നാണ് തുടങ്ങുന്നത് .എല്ലാം സമ്പൂർണ്ണമായി പ്രപഞ്ച നാഥനിൽ
സമർപ്പിക്കുന്നതിലൂടെ കരഗതമാകുന്ന മാനസിക സംതൃപ്തിയിലേക്കും സമാധാനത്തിലേക്കുമാണ് ഇസ്ലാമിക
ദർശനം വഴിതുറക്കുന്നത്. വ്യക്തികൾക്കിടയിൽ സമാധാനവും സ്നേഹവും കരുണയും സഹാനുഭൂതിയും
സഹകരണവുമാണ് വേണ്ടതെന്ന് ഇസ്ലാം നിരന്തരം ഓർമ്മപ്പെടുത്തുന്നു. ഇതിന് വിഘാതമാകുന്ന
സ്വാർത്ഥത, വിദ്വേഷം, അസൂയ, വെറുപ്പ് എന്നിവ അത്യാപത്താണെന്നും അതിൽനിന്നും മുക്തി നേടുമ്പോഴേ
പൂർണ വിശ്വാസി ആവുകയുള്ളൂ എന്നും ഇസ്ലാം പഠിപ്പിക്കുന്നു.
സമാധാനം ഇസ്ലാമിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് ഖുർആൻ നിരന്തരം നമ്മെ
തെര്യപ്പെടുത്തുന്നുണ്ട്. ഖുർആൻ പറയുന്നു: "അല്ലാഹു സമാധാനത്തിന്‍റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു" (25
5). മറ്റൊരിടത്ത് ഖുർആൻ പറയുന്നു: "അല്ലാഹു തന്‍റെ തൃപ്തി നേടിയവരെ അള്ളാഹു ഗ്രന്ഥം വഴി
സമാധാനത്തിന്‍റെ പാതയിലേക്ക് നയിക്കുന്നു. തൻറെ ഹിതത്താൽ അവരെ ഇരുളിൽ നിന്നും
വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു"(5:16).
സമാധാനം എന്നർത്ഥമുള്ള സൽമ് എന്ന പദവും അതിൽ നിന്ന് നിഷ്പന്നമായ പദങ്ങളും 130 ലേറെ
തവണ ഖുർആനിൽ ആവർത്തിച്ചിരിക്കുന്നു. വ്യക്തികൾ കണ്ടുമുട്ടുമ്പോൾ നടത്തുന്ന അഭിവാദനം
സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകളാണ്. ദിവസവും അഞ്ചു നേരം നിസ്കരിച്ച ശേഷം
പ്രാർത്ഥിക്കുന്നതും സമാധാനത്തിനു വേണ്ടിയാണ്. അല്ലാഹുവിൻറെ 99 അത് നാമങ്ങളിൽ ഒന്ന് സലാം
(സമാധാനം) എന്നാണ്. പ്രവാചകരെ ഉപദ്രവിച്ച മദീനയിലെ യഹൂദികളെ കുറച്ച് ഖുർആൻ പറയുന്നത്
നോക്കൂ. "അവർ യുദ്ധത്തിന്‍റെ തീ ആളി കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവർ
ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല"(5:64).

D സഹിഷ്ണുതയും കാരുണ്യവും
സഹിഷ്ണുതയെ ഔദാര്യമോ സൗകര്യമോ ആയിട്ടല്ല മറിച്ച് വിശ്വാസത്തിൻറെ കാമ്പും കാതലുമായാണ്
ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. ഒരിക്കൽ അനുചരന്മാർ നബിയോട് ചോദിച്ചു എന്താണ്
വിശ്വാസം? പ്രവാചകൻ മറുപടി പറഞ്ഞു വിശ്വാസം ക്ഷമയും സഹിഷ്ണുതയുമാണ്. മറ്റൊരിക്കൽ ശിഷ്യനായ
ജാബിർ (റ) നബി(സ)യോട് ചോദിച്ചു വിശ്വാസത്തിൻറെ ഏറ്റവും മികച്ച തലം ഏതാണ് ? അപ്പോഴും
നബി(സ) യുടെ മറുപടി വിശ്വാസത്തിൻറെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയാണ്
എന്നുതന്നെയിരുന്നു. "നരകം നിഷിദ്ധമായവന്‍ ആരെന്നു ഞാന്‍ അറിയിച്ചു തരട്ടെ? ആളുകളോട് അടുപ്പം
കാണിക്കുന്നവനും സൌമ്യശീലനും സഹിഷ്ണുത പുലര്‍ത്തുന്നവനും വിട്ടുവീഴ്ച കാണിക്കുന്നവനുമാണ് അത്."
(തിര്‍മിദി) 
കാരുണ്യം ഇസ്ലാമിന്‍റെ സഹജ ഭാവമാണ്. കാരുണ്യവാനായ അല്ലാഹുവിൻറെ
നാമത്തിൽ ആരംഭിക്കുന്ന വിശുദ്ധ ഖുർആനിലെ പ്രഥമ അധ്യായമായ ഫാത്തിഹയില്‍ വീണ്ടും
അല്ലാഹുവിൻറെ കാരുണ്യം പരാമർശിക്കുന്നു. സഹജീവികളോട് കാരുണ്യം കാണിക്കേണ്ടത്
വിശ്വാസികളുടെ ബാധ്യതയത്രെ. നബി(സ) പറയുന്നു "ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക.
ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും".ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം കാരുണ്യത്തിന്റെതും
സഹിഷ്ണുതയുടെയും ആണെന്ന് ഖുര്‍ആന്‍ വചനങ്ങളും ഹദീസും നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നു.
നബി(സ)യുടെ കാരുണ്യത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെ "കാരുണ്യം ദൈവികാനുഗ്രഹമാണ്. നീ
വളരെ സൗമ്യശീലനായത് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹമത്രെ. നീ കഠിന മനസ്ക്കനായ
പരുഷ പ്രകൃതക്കാരന്‍ ആയിരുന്നെങ്കില്‍ ജനങ്ങള്‍ നിന്റെ ചുറ്റും നിന്ന് പിരിഞ്ഞു പോകുമായിരുന്നു."
( 3 :159 ).
ഒരിക്കല്‍ നബി (സ) പറഞ്ഞു: "പരസ്പരം കരുണ കാണിക്കുന്നത് വരെ നിങ്ങള്‍
സത്യാ വിശ്വാസിയാവുകയില്ല." അപ്പോള്‍ അനുയായികള്‍ പറഞ്ഞു: "അല്ലാഹുവിന്റെ തിരു ദൂതരെ.. ഞങ്ങള്‍
കരുണ ഉള്ളവരാണല്ലോ.." പ്രവാചകന്‍ (സ) ഇങ്ങനെ മറുപടി നല്‍കി: "കാരുണ്യമെന്നത് ഒരാള്‍ തന്റെ
കൂട്ടുകാരനോട് കാണിക്കുന്നത് മാത്രമല്ല. മറിച്ചു മുഴുവന്‍ ജനത്തോടുമുള്ള കരു ണയാണ്. എല്ലാത്തിനോടുമുള്ള
കാരുണ്യം." (ത്വബ്റാനി).
ഉമറുബ്നുല്‍ ഖത്താബില്‍ (റ) നിന്നും നിവേദനം: ഒരിക്കല്‍ നബി തിരുമേനിയുടെ
അരികെ ഒരു അടിമ സ്ത്രീ ഇതര തടവുകാരോടൊപ്പം കൊണ്ട് വരപ്പെട്ടു. ആ സ്ത്രീ അങ്ങുമിങ്ങും ഓടി നടന്നു.
മുന്നില്‍ കണ്ട കുട്ടികളെയൊക്കെ കോരിയെടുത്ത് വയറിനോട് ചേര്‍ത്തു വെക്കുകയും മുല കൊടുക്കുകയും
ചെയ്തു. അപ്പോള്‍ പ്രവാചകന്‍ (സ) ചോദിച്ചു: "ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനെ തീയിലെറിയാന്‍ കഴിയുമെന്ന്
തോന്നുന്നുണ്ടോ?" ഞങ്ങള്‍ പറഞ്ഞു: "അല്ലാഹുവാണ, സാധ്യമല്ല." പ്രാവാചകന്‍ പറഞ്ഞു: "ഈ സ്ത്രീക്ക് തന്റെ
കുഞ്ഞിനോട് ഉള്ളതിനേക്കാള്‍ എത്രയോ മടങ്ങ്‌കരുണ തന്റെ ദാസന്മാരോടു ഉള്ളവനാണ് അല്ലാഹു."

സാമ്പത്തികം
മനുഷ്യ ജീവിതത്തിൻറെ സുപ്രധാന ഭാഗമായ സാമ്പത്തിക വ്യവഹാരത്തെ വളരെ കൃത്യമായി ഇസ്ലാം
കൈകാര്യം ചെയ്യുന്നു. സുവ്യക്തമായ സമ്പത്തിക കാഴ്ചപ്പാടിലൂടെ ഒരു പ്രായോഗിക ക്ഷേമ സമ്പത്
വ്യവസ്ഥയാണ് സ്രഷ്ടാവായ അല്ലാഹു സൃഷ്ടികൾക്ക് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക ജീവിതത്തിലെ
പ്രധാന ചാലകശക്തി എന്ന നിലയ്ക്ക് സമ്പത്ത് കൃത്യമായി വിതരണം ചെയ്യപ്പെടാൻ വേണ്ട കരുതൽ ഇസ്ലാം
സ്വീകരിച്ചിരിക്കുന്നു. കേവലമായ സാമ്പത്തിക തത്വങ്ങളോ സിദ്ധാന്തങ്ങളോ അല്ല മറിച്ച് പ്രായോഗികക്ഷേമ
സമൂഹ സൃഷ്ടിപ്പിന് വേണ്ട നിർദ്ദേശങ്ങളാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ മുന്നോട്ടുവെക്കുന്നത്.
പരമ്പരാഗത സാമ്പത്തികശാസ്ത്രം 19 ആം നൂറ്റാണ്ടിലാണ് ക്ഷേമ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് ചർച്ച
ചെയ്തു തുടങ്ങിയതു തന്നെ ! എങ്കിലും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പൂർണ്ണ
പ്രായോഗിക ക്ഷേമ സാമ്പത്തിക വ്യവസ്ഥ അവതരിപ്പിച്ചിട്ടുണ്ട്. അത് മുതലാളിത്ത കേന്ദ്രീകൃതമോ
തൊഴിലാളി കേന്ദ്രീകൃതമോ അല്ല, മറിച്ച് മാനവികതയിൽ കേന്ദ്രീകരിക്കുന്നതാണ്. ആധുനിക ലോകത്ത്
കാണുന്ന മുതലാളിത്ത സമ്പദ് വ്യവസ്ഥ, സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ എന്നിവ ഏകപക്ഷീയ
നിലപാടുകൾ ആയതുകൊണ്ടുതന്നെ സമൂഹത്തെ മൊത്തത്തിൽ അഭിമുഖീകരിക്കാൻ ദുർബലലമാണെന്ന്
ചരിത്രം തെളിയിച്ചതാണ്. അതുകൊണ്ടാണ് മിശ്ര സമ്പദ് വ്യവസ്ഥ രൂപപ്പെടുത്താൻ
സാമ്പത്തികശാസ്ത്രജ്ഞർ നിർബന്ധിതരായത്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി
സാമ്പത്തിക വളർച്ചയോടൊപ്പം സാമൂഹികനീതിയും ലക്ഷ്യമിടുന്നതാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ.
നീതി,സദാചാരം,സമത്വം,ധർമ്മം,സത്യം, എന്നീ അടിസ്ഥാന മൂല്യങ്ങളിൽ ഊന്നിയ ഒരു സമ്പൂർണ
സാമ്പത്തിക വ്യവസ്ഥിതിയാണ് ഖുർആൻ അവതരിപ്പിച്ചതും പ്രവാചകൻ(സ) പ്രായോഗികമായി കാണിച്ചു
തന്നതും എന്നത് ശ്രദ്ധേയമാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ സമ്പത്തിൻറെ പൂർണ്ണ ഉടമസ്ഥത
വ്യക്തികൾക്ക് നൽകുമ്പോൾ സോഷ്യലിസം അത് സ്റ്റേറ്റിനാണ് നൽകുന്നത്. എന്നാൽ ഇസ്‌ലാമിക സമ്പദ്
വ്യവസ്ഥയിൽ ധനത്തിൻറെ യഥാർത്ഥ ഉടമ അല്ലാഹുവാണെന്നും (2: 184). വ്യക്തികൾക്ക് താൽക്കാലിക
കൈകാര്യ കർത്തൃത്വം മാത്രമാണ് ഉള്ളതെന്നും സിദ്ധാന്തിക്കുന്നു. സമ്പത്ത് മനുഷ്യൻ അധീനപ്പെടുത്തി
കൊടുക്കുന്നത് സ്രഷ്ടാവ് ആണെന്നും (6: 94) മനുഷ്യനുള്ളത് താത്കാലിക ഉടമസ്ഥാവകാശം
മാത്രമാണെന്നും (5: 19) അതുകൊണ്ട് അല്ലാഹുവിൻറെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ചെലവഴിക്കേണ്ടത്
എന്നും ഖുർആൻ ഉണർത്തുന്നു.
ഭൗതിക ജീവിതം നശ്വരമാണെന്നും ഈ ജീവിതത്തിൽ അസ്ഥിരമായ ഉടമസ്ഥത മാത്രമാണ്
നമുക്കുള്ളത് എന്നും തിരിച്ചറിയുന്ന വിശ്വാസി ദൈവഹിതം പോലെ സാമൂഹിക ക്ഷേമത്തിനുവേണ്ടി സ്രഷ്ടാവ്
തന്നെ ഏൽപ്പിച്ച ധനം ചെലവഴിക്കും എന്നതാണ് ഇസ്ലാമിൻറെ കാഴ്ചപ്പാട്. ധനം സമ്പാദിക്കുകയും
വർധിപ്പിക്കുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം സമൂഹത്തിലെ പാവങ്ങളായ
ജനവിഭാഗത്തിന് അതിൽ നിന്നു നൽകണമെന്നും നിരന്തരം ഓർമ്മപ്പെടുത്തുന്നു.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ അവതരിപ്പിക്കുന്ന വളരെ പ്രസക്തമായ തത്വമാണ് സക്കാത്ത്.
ധനികരുടെ ധനത്തിൻറെ നിശ്ചിത വിഹിതത്തിൽ ദരിദ്രർക്കു നൽകുന്ന അവകാശമാണത്. ധനികരുടെ
ഔദാര്യമല്ല ദരിദ്രരുടെ അവകാശമാണ് സക്കാത്ത്. ഈ വ്യവസ്ഥ നടപ്പിലാക്കുന്നതോടെ ക്ഷേമ സമൂഹം
രൂപപ്പെടുമെന്നതിന് ഉമർ(റ) വിൻറെ ഭരണ കാലം സാക്ഷിയാണ്. ധനികർക്ക് ഇടയിൽ മാത്രം പണം
കറങ്ങരുതെന്ന് ഖുർആൻ ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ദാനധർമ്മങ്ങൾ പരമാവധി
പ്രോത്സാഹിപ്പിക്കുകയും പിശുക്കിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു കൊണ്ട് ഖുർആൻ പറയുന്നു: "നിൻറെ
കൈ കഴുത്തിലേക്ക് ബന്ധിച്ച് വെക്കരുത്. അതിനെ വല്ലാതെ തുറന്നിടുകയും ചെയ്യരുത്. എങ്കിൽ നീ
ആക്ഷേപത്തിന് വിധേയനും ഖേദിച്ചവനുമായി പോകും" (17 :29 ).
"നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതമായിട്ട് പാടില്ല" (7:31) ദാനധർമ്മങ്ങളെ
നിരന്തരം പ്രോത്സാഹിപ്പിക്കുന്ന ഖുർആൻ ധനത്തിൻറെ ഉടമസ്ഥത അല്ലാഹുവിനാണെന്നും കൂടെ
ഓർമ്മപ്പെടുത്തുന്നുണ്ട്. അല്ലാഹു തന്നതിൽ നിന്നാണ് നിങ്ങളോട് ചെലവഴിക്കാൻ പറയുന്നത് എന്നും
ഖുർആൻ ഓർമ്മപ്പെടുത്തുന്നു. "വിശ്വസിച്ചവരേ നിങ്ങൾക്കു നൽകിയതിൽ നിന്ന് ചെലവഴിക്കുക" (2: 254)
വളരെ സൂക്ഷ്മതയോടെ കൂടിയായിരിക്കണം ധനം കൈകാര്യം ചെയ്യേണ്ടതെന്നും തൻറെ
പിൻഗാമികളുടെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുക്കണമെന്നും ഇസ്ലാം ഉപദേശിക്കുന്നു. "നിൻറെ
അനന്തരാവകാശികളെ ജനങ്ങളുടെ മുൻപിൽ കൈകാട്ടി യാചിക്കത്തക്കവിധം നിർദ്ധനരായി വിട്ടു
പോകുന്നതിനേക്കാൾ അവരെ തന്നെ ധനികരായി വിട്ടു പോകുന്നതാണ് നിനക്ക് ഉത്തമം”(ബുഖാരി).
പല പാപങ്ങളുടെയും പ്രായശ്ചിത്തമായി പാവങ്ങൾക്ക് അന്നം കൊടുക്കുന്നത് പ്രതിവിധിയായി ഇസ്ലാമിക
കർമ്മ ശാസ്ത്രം നിർദേശിക്കുന്നുണ്ട്. ഇതിലൂടെയെല്ലാം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
പരമാവധി കുറച്ച് ഒരു സാമൂഹിക സന്തുലനാവസ്ഥ സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.

അതേപോലെ പോലെ സാമ്പത്തിക ചൂഷണത്തിൻറെ എല്ലാ വഴികളും കൊട്ടിയടക്കാനുള്ള


ജാഗ്രതയും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിൽ കാണാം. ദരിദ്രരുടെയും പാവങ്ങളുടെയും ആവശ്യങ്ങളെ
ചൂഷണം ചെയ്യുന്ന പലിശ സമ്പ്രദായത്തെ ഇസ്ലാം നഖശിഖാന്തം എതിർക്കുന്നു. ഉള്ളവനും ഇല്ലാത്തവനും
തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്ന പലിശ സമ്പ്രദായമാണ് ആധുനിക സമൂഹം നേരിടുന്ന വലിയ
ഭീഷണികളിൽ ഒന്ന്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളപ്പെട്ടപ്പോൾ പ്രധാനകാരണമായി
പലിശയെ വിലയിരുത്തപ്പെടുകയും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം നിർദ്ദേശിക്കപ്പെടുകയും ചെയ്തത് ഇതിന്
തെളിവാണ്. അതുകൊണ്ടാണ് പലിശാധിഷ്ടിതമായ ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയിൽ പോലും
ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സാമ്പത്തിക വ്യവസ്ഥിതി ആയി ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി
മാറിയത്. ഖുർആൻ പറയുന്നത് നോക്കൂ: "ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍
നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി
പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ
ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍”. ( 30 : 39)
"അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും
കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല" (2 : 276).
പലിശ പോലെള്ള മറ്റു സാമ്പത്തിക ചൂഷണ രീതികളെയെല്ലാം ഇസ്ലാം ശക്തമായി എതിർക്കുന്നുണ്ട്.
അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് ശക്തമായ ഭാഷയിൽ
ഖുർആൻ അധിക്ഷേപിക്കുന്നു(83:1-6).
ഇങ്ങനെ ദാനധർമ്മങ്ങളും പരസഹായങ്ങളും പരമാവധി പ്രോത്സാഹിപ്പിച്ച് ചൂഷണത്തെ നിഷ്കാസനം
ചെയ്ത് ക്ഷേമ സാമ്പത്തിക വ്യവസ്ഥയിലൂടെ ഒരു സുന്ദര സാമൂഹിക ജീവിതം കെട്ടിപ്പടുക്കാനാണ് ഇസ്ലാം
ആഹ്വാനം ചെയ്യുന്നത്.

You might also like