You are on page 1of 17

ഗാന്ധി: നാട്ടുനടപ്പും നല്ല നടപ്പും

സനിൽ.വി

ഗാന്ധിയെ ഇന്റർനെറ്റിൽ നടത്തിച്ച കലാകാരനാണ് ജോസഫ് ഡിലാപ്പേ (Joseph Delappe).

സത്യാഗ്രഹ ഓൺലൈൻ എന്നായിരുന്നു ഈ ഡിജിറ്റൽ സൃഷ്ടിയുടെ പേര്. നേരായ ജീവിതത്തിനു കുറുകെ


പരോക്ഷമായി മറ്റൊരു പൂർണ്ണജീവിതം ഒരുക്കിത്തരുന്ന സെക്കന്റ് ലൈഫ് എന്ന സൈറ്റിലായിരുന്നു ഈ

കലയും കളിയും. ഡിലാപ്പേ ആ സൈറ്റിൽ ഗാന്ധിയുടെ ഒരു ഡിജിറ്റൽ അവതാരമുണ്ടാക്കിയിട്ടു. അതിന്

എം. ഗാന്ധി ചക്രവർത്തിയെന്നു പേരും കൊടുത്തു. സബർമതിയിൽ നിന്ന് ദണ്ഡിവരെ

ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധി നടത്തിയ 240 മൈൽ കാൽനടയാത്രയത്രയും ഈ അവതാരം

ഇന്റർനെറ്റിൽ നടന്നുതീർത്തു. 1930 ൽ മാർച്ച് 12 മുതൽ ഏപ്രിൽ 6 വരെയായിരുന്നു ഗാന്ധിയുടെ ഉപ്പു

ജാഥ. 2008 ൽ ഇതേ ദിവസങ്ങളിലായിരുന്നു ഡിജിറ്റൽ ഗാന്ധിയുടെ ഇന്റർനെറ്റ് ജാഥയും. ഗാന്ധിയെ

നടത്തിച്ചിട്ട് കംപ്യൂട്ടറിന്റെ മുന്നിൽ വെറുതെ ഇരിക്കുകയായിരുന്നില്ല ഡിലാപ്പേ. ഗാന്ധിയ്‌ക്കൊപ്പം അയാളും

നടന്നു. ന്യൂയോർക്കിലെ ഐ-ബീം ഗാലറിയിലെ ട്രെഡ്മില്ലിലാണ് എന്നുമാത്രം. ട്രെഡ്മില്ലിലെ തന്റെ

നടത്തമാണ് അയാൾ ഡിജിറ്റൽ ഗാന്ധിയുടെ നടത്തയിലേയ്ക്കു പകർന്നത്. ഗാന്ധി നടന്ന അത്രയും ദൂരം

അത്രയും ദിവസം കൊണ്ട് അയാളും നടന്നു (കലാപരിപാടി കഴിഞ്ഞപ്പോൾ ഡിലാപ്പേയുടെ ഭാരം 6 കിലോ

കുറഞ്ഞു. ഉപ്പുസത്യാഗ്രഹത്തിലെ നടത്തം കൊണ്ട് ഗാന്ധിയുടെ ഭാരം കൂടുകയാണുണ്ടായതത്രെ!).

സത്യാഗ്രഹ ഓൺലൈനിലെ കാണികൾക്ക് അവരവരുടെ അവതാരങ്ങളുണ്ടാക്കി ഈ ജാഥയിൽ

ഗാന്ധിയോടൊപ്പം ചേരാം! ഒപ്പം നടക്കുകയും ഗാന്ധിയോട് സംസാരിക്കുകയും ചെയ്യാം. ജാഥയിൽ

ചേരുന്നവർക്ക് ഗാന്ധി ഒരു വിർച്ച്വൽ ഊന്നുവടി സമ്മാനമായി കൊടുക്കും. അവിചാരിതവും

അസാധാരണവുമായ വഴികളിലൂടെയൊക്കെ മറ്റു അവതാരകർക്ക് ഗാന്ധിയെ കൂട്ടിക്കൊണ്ടുപോകാം.


ബീച്ചുപാർട്ടികളും ഡ്രാഗൺ നൃത്തവേദികളും മാത്രമല്ല മെക്കയും ക്യൂബയും ഗ്വാതനാമോയിലെ

ഇടിമുറിയുമെല്ലാം ഗാന്ധിയുടെ നടപ്പാതയിലുണ്ടായിരുന്നു. നടപ്പു കഴിയുന്ന ദിവസം കാണികൾക്ക്

ന്യൂയോർക്കിലെ സ്റ്റുഡിയോയിലെത്തി ഡിലാപ്പേയോട് ഒത്തുകൂടാം.

പോരും കൊലയും തിമിർക്കുന്ന ഡിജിറ്റൽ ഗെയിമുകളുടെ ലോകത്ത് അഹിംസയ്ക്കുവേണ്ടി നടത്തിയ

പരീക്ഷണമായിരുന്നു സത്യാഗ്രഹഓൺലൈൻ. വേതാളങ്ങളും വിമാനങ്ങളും ചീറിപ്പായുന്ന


പരോക്ഷലോകത്ത് അടിവെച്ചടിവെച്ച് നടക്കുന്ന ഗാന്ധി. ഇഹലോകത്ത് ട്രെഡ്മില്ലിൽ നടക്കുന്ന കംപ്യൂട്ടർ

വിദഗ്ദ്ധൻ. നടപ്പിനെ അഹിംസയുടെ ക്രിയാരൂപമായി അവതരിപ്പിക്കുകയാണ് ഡിലാപ്പേ. ദണ്ഡി മുതൽ

നവ്ഖലി വരെ ഒട്ടേറെ നടപ്പുകളുടെ രാഷ്ട്രീയമായിരുന്നു ഗാന്ധിയുടേത്. കലാപവും കാലുഷ്യവും നിറഞ്ഞ

ഒട്ടേറെ വഴികളിലൂടെ കൂട്ടരൊത്തും ഒറ്റയ്ക്കും ഗാന്ധി നടന്നു. ഗാന്ധിയുടെ കേരളത്തിലെ പ്രധാന ഇടപെടൽ

വൈക്കത്തമ്പലത്തിനു ചുറ്റും നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നല്ലോ? എന്താണ് നടപ്പിന്റെ

രാഷ്ട്രീയം? നാട്ടുനടപ്പോ അതോ സത്യമാർഗ്ഗത്തിലൂടെ നല്ല നടപ്പോ? നടക്കുമ്പോൾ നാമെന്താണ്

ചെയ്യുന്നത്? ഇരുകാലിലെ നിവർന്ന നടപ്പാണല്ലോ നമ്മെ മനുഷ്യരാക്കിയത്. നടപ്പിൽ നിവരുന്ന

മനുഷ്യസത്ത എന്താണ്? എന്താണ് നടപ്പിലെ ചിന്ത?

ഡിജിറ്റൽ കല ഉയർത്തുന്ന മറ്റൊരു ചോദ്യമുണ്ട്. ടെക്‌നോളജി വിരുദ്ധനും അരസികനും എന്നു

പേരെടുത്ത ഗാന്ധിയാണ് ഇന്റർനെറ്റിൽ താരമായത് (ഉപ്പുസത്യാഗ്രഹത്തിൽ തടവിലായ ഗാന്ധിയുടെ

മോചനം ഇന്റർനെറ്റിൽ ആഘോഷമാക്കി മാറ്റി ഡിലാപ്പേ!). കംപ്യൂട്ടർ വിദഗ്ദ്ധനായ കലാകാരൻ

ഒരാവശ്യവുമില്ലാതിരുന്നിട്ടും ട്രെഡ്മില്ലിൽ നടന്നു. ഡിജിറ്റൽ അന്തരീക്ഷത്തിനു ചേരാത്ത ഒരു മെക്കാനിക്കൽ

യന്ത്രസംവിധാനത്തെ തന്റെ കലാബുദ്ധിയുടെ ഭാഗമാക്കി. ഡിജിറ്റൽ സാങ്കേതികലോകത്തിൽ

വർത്തിക്കുമ്പോഴും തരത്തിൽ താണ അനലോഗിൽ കാലും കയ്യും ഉപയോഗിച്ച് അദ്ധ്വാനിക്കുക.


സാങ്കേതികവിദ്യയുമായി ആവശ്യത്തിനും ക്ഷമതയ്ക്കും അപ്പുറമുള്ള പുതിയ ബന്ധത്തിന്റെ സാധ്യതകൾ

തേടുകയാണ് കലാകാരൻ. ട്രെഡ്മിൽ അദ്ധ്വാനത്തെ ലഘൂകരിക്കാനുള്ള യന്ത്രമല്ല. ശരീരത്തിന്

ആരോഗ്യപുഷ്ടി വരുത്തി അദ്ധ്വാനസന്നദ്ധമാക്കാനുള്ള ഉപകരണമാണത്. നടപ്പിനെ എളുപ്പമാക്കുന്ന

ഉപകരണം. പണിയായുധത്തിനും കളിപ്പാട്ടത്തിനുമിടയിലെ സാങ്കേതികവിദ്യയുടെ ഒരു സാധ്യതയാണ്

ട്രെഡ്മിൽ. പരോക്ഷലോകത്ത് ഉരുവാകുന്ന കലാവസ്തുവിന്റെ ഇഹലോകത്തിലെ ഹാർഡ്‌വെയറാണത്.


ഗാന്ധിക്ക് നടപ്പിനോടുണ്ടായിരുന്ന താല്പര്യത്തേയും യന്ത്രങ്ങളോടുണ്ടായിരുന്ന സംശയത്തേയും
ചർക്കയെന്ന ഉപകരണത്തെ സ്വാതന്ത്ര്യസമരത്തിന്റെ മുദ്രയാക്കി മാറ്റിയ ക്രാന്തദർശിത്വത്തേയും

ഒരേസമയം അവതരിപ്പിക്കുകയാണ് സത്യാഗ്രഹഓൺലൈൻ.

II
നടത്തം ഏറെ സാധാരണമായ ക്രിയയാണ്. കാലിനു ശേഷിയുള്ള ആർക്കും ചെയ്യാവുന്ന,

ഉപകരണങ്ങളുടെ സഹായമാവശ്യമില്ലാത്ത പരിപാടിയാണത്. നടക്കുമ്പോൾ ഒരു കാലെങ്കിലും

നിലത്തുറച്ചിരിക്കും. ഓടുമ്പോഴങ്ങിനെയല്ല. രണ്ടു കാലും പറിച്ചാണ് ഓട്ടം. ഓട്ടം ഒരു കലയാണ്.

മത്സരമാണ്. എന്നാൽ നടപ്പങ്ങനെയല്ല. വേഗവുമായി അതിനു ബന്ധമില്ല. ഒളിമ്പിക്‌സിൽ നടപ്പുമത്സരം

തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലാണ്. അതും നടപ്പുമത്സരമല്ല മത്സരനടത്ത(Race Walking)മാണ്.

ഓട്ടത്തിന്റെ പാളിപ്പോകുന്ന മറ്റൊരു രൂപം. ഓട്ടത്തെ പരിശീലനത്തിലൂടെ വേഗതയിലും സ്റ്റൈലിലും

മികവുറ്റതാക്കാം. അതിൽ അന്തർലീനമായ ഒരു പൂർണ്ണതയുണ്ട്. നടപ്പിലതില്ല. നടപ്പിന് വഴിയും മറ്റു

വഴിപോക്കരുമായുള്ള ബന്ധത്തിൽ നിന്നു വിടുതലില്ല. എന്നാൽ ലക്ഷ്യത്തിൽനിന്ന് അടർന്നുപോരുകയും

ചെയ്യാം. അതുകൊണ്ട് നടപ്പിന് ഒരു ആദർശരൂപമുണ്ടെങ്കിൽ അതു തീർത്ഥയാത്രയാണ്.

ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര. അത്‌ലറ്റിക് പരിശീലനത്തിനപ്പുറമുള്ള ഒരു

ശുദ്ധീകരണമാവശ്യപ്പെടുന്നുണ്ട് നടത്തം.

നടപ്പിനെ വ്യായാമങ്ങളുടെ രാജകുമാരൻ എന്നാണ് ഗാന്ധി വിശേഷിപ്പിച്ചത്.

അരോഗദൃഢഗാത്രനേ അഹിംസാവാദിയാകാൻ കഴിയൂ. അന്നത്തെ ബാഹുബലിയായിരുന്ന ഗാമയോട്

ഗാന്ധിക്ക് വലിയ ആരാധനയായിരുന്നു. പാട്യാലയിലെത്തിയ ഗാന്ധി ഗാമയെ ഒരു മല്ലയുദ്ധത്തിന്

വെല്ലുവിളിക്കുകപോലും ചെയ്തു. തന്റെ ശരീരത്തെ ഒരു പരീക്ഷണശാലയായാണ് ഗാന്ധി കണ്ടത്.

ഭക്ഷണക്രമത്തിലും കാമനയിലും ഒട്ടേറെ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. വ്രതചര്യയുടെ

മാർഗ്ഗത്തിലൂടെയുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഈ പരീക്ഷണങ്ങൾ. 1948 ലെ വർഗ്ഗീയകലാപം


കലുഷിതമാക്കിയ നവഖലിയിലെ മുസ്ലീം ഭവനങ്ങളിൽ ചെന്ന് ഗാന്ധി സംസാരിച്ചത് മതസൗഹാർദ്ദത്തെ

കുറിച്ചായിരുന്നില്ല മറിച്ച്, ബ്രഹ്മചര്യയിൽ താൻ നടത്തിക്കൊണ്ടിരുന്ന പരീക്ഷണങ്ങളായിരുന്നു വിഷയം.


ദിവസേനയുള്ള നടത്തവും എണ്ണയിട്ടു തിരുമലും തേച്ചുകുളിയുമൊക്കെ ഗാന്ധി ആത്മശുദ്ധീകരണത്തിന്റെ

ഭാഗമാക്കി.

രാവിലെയുള്ള നടത്തം ആശ്രമചര്യയുടെ ഭാഗമായിരുന്നു. നാട്ടുകാരെ കാണാനും രോഗികളെ

സന്ദർശിക്കാനുമുള്ള അവസരമായിരുന്നു ഇത്. ഒരിക്കൽ മുൻസിപ്പാലിറ്റിയുടെ അനാസ്ഥമൂലം സബർമതി

ആശ്രമത്തിന്റെ മുന്നിലെ വഴിയിൽ വെള്ളം കെട്ടി കിടന്നു കുണ്ടും കുഴിയുമായി. രാവിലെ നടക്കാനിറങ്ങിയ
അന്തേവാസികളോട് ഓരോരുത്തരും ഓരോ കല്ലു പെറുക്കിക്കൊണ്ടു വന്ന് കുഴി നികത്താൻ ആവശ്യപ്പെട്ടു

ഗാന്ധി. സൗത്ത് ആഫ്രിക്കയിലെ ടോൾസ്റ്റോയിഫാമിൽ നിന്ന് തൊട്ടടുത്ത പട്ടണമായ ജോഹന്നാസ്

ബർഗ്ഗിലേക്കു 34 കിലോമീറ്റർ നടക്കുമായിരുന്നു ഗാന്ധിയും കൂട്ടരും. ലണ്ടനിലെ വിദ്യാഭ്യാസകാലത്താണ്

ഗാന്ധി നടപ്പിന്റെ രുചിയറിഞ്ഞത്. ബിലാത്തിക്കു പോയപ്പോൾ ഗാന്ധി അമ്മയോട് മൂന്നു വസ്തുക്കൾ

തൊടില്ലെന്നു ആണയിട്ടു പറഞ്ഞിരുന്നു-മദ്യം, സ്ത്രീ, മാംസഭക്ഷണം. ലണ്ടനിലെത്തിയ ഗാന്ധിയ്ക്ക്

വെജിറ്റേറിയൻ റെസ്റ്റോറന്റ് തപ്പി ഒരുപാട് നടക്കേണ്ടിവന്നു. അവിടെയാണ് നടപ്പിന്റെ തുടക്കം.

വ്യായാമത്തിനും ദൈനംദിന ആവശ്യത്തിനുമപ്പുറം നീണ്ട നടത്തങ്ങൾ ഗാന്ധിയുടെ രാഷ്ട്രീയ

പരീക്ഷണങ്ങളായിരുന്നു. സൗത്താഫ്രിക്കയിലെ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ ട്രാവൽ പാസ്

എടുക്കേണ്ടിയിരുന്നു. ഇന്ത്യക്കാർ അനുഭവിച്ചിരുന്ന അനീതികൾക്കെതിരെയുള്ള പ്രതിഷേധമായി

പാസില്ലാതെ ഗാന്ധിയും ഒപ്പം രണ്ടായിരത്തോളമാളുകളും നതാൽ മുതൽ ട്രാൻസ്‌വാൾ വരെ നടന്നു.

അതിനു ഫലവുമുണ്ടായി. ഇന്ത്യക്കാർക്ക് അനുകൂലമായി ഗാന്ധിയും ജനറൽ സ്മട്ടും തമ്മിൽ കരാർ ഒപ്പിട്ടു.

1930 ൽ നിസ്സഹകരണപ്രസ്ഥാനത്തിൽ നിന്നു നിയമലംഘനപ്രസ്ഥാനത്തിലേക്ക്

സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറുന്നത് ഉപ്പുസത്യാഗ്രഹജാഥയോടെയാണ്. പിന്നീട് 1948 ൽ


സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളിൽ നിന്നെല്ലാം അകന്ന് വർഗ്ഗീയകലാപഭൂമിയിലൂടെ എല്ലാവരാലും

സംശയിക്കപ്പെട്ട് ഒറ്റയാനായി നടന്നുനീങ്ങുന്ന മറ്റൊരു ഗാന്ധിയുമുണ്ട്. വ്യായാമമോ, ജാഥയോ, മാർച്ചോ

ഒന്നുമല്ലാത്ത മറ്റൊരു നടത്തം. ഉപ്പു കുറുക്കാൻ നടന്നത് നിയമനിഷേധമായിരുന്നു. നിയമവാഴ്ച പൂർണ്ണമായി

തകർന്ന നാട്ടിലേക്കുള്ള ഇറങ്ങിനടപ്പായിരുന്നു നവ്ഖലിയിൽ.

ഒപ്പം ആവുന്നത്ര ആളെക്കൂട്ടിയുള്ള ജാഥയായിരുന്നില്ല സാൾട്ട് മാർച്ച്. 78 ജാഥാംഗങ്ങളെ ഗാന്ധി

ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്തു. കൂട്ടുനടപ്പുകാർക്കെല്ലാം ബ്രഹ്മചര്യാവ്രതമെടുക്കേണ്ടിയിരുന്നു. സ്ത്രീകളെ കൂടെ

കൂട്ടിയില്ല. സ്ത്രീ സാന്നിദ്ധ്യം ജാഥയ്ക്കുനേരെയുള്ള ഭരണകൂടത്തിന്റെ സമീപനത്തെ മൃദുവാക്കും എന്ന് ഗാന്ധി

സംശയിച്ചിരുന്നു. അംഹിസാവാദി ഹിംസയുടെ മുമ്പിൽ പ്രതിരോധമില്ലാതെ സ്വയം നിന്നു കൊടുക്കണം.

വാളിനേക്കാൾ ഹിംസാത്മകമാണ് പരിച. സ്ത്രീകൾ പരിചയായി പോലീസിനെ തടഞ്ഞേക്കാം.


ദണ്ഡിയിലേക്കുള്ള നടപ്പു തുടങ്ങിയതു മുതൽ തന്നെ അറസ്റ്റുചെയ്യുന്നില്ലല്ലോ എന്ന വേവലാതിയായിരുന്നു

ഗാന്ധിയ്ക്ക്. ദണ്ഡിയാത്രയ്ക്ക് തൊട്ടുമുമ്പേയുണ്ടായ വല്ലഭായി പട്ടേലിന്റ അറസ്റ്റിനെ പലഹാരം വിതരണം


ചെയ്താണ് സത്യാഗ്രഹികൾ ആഘോഷമാക്കിയത്. വരുംവരായ്കകളോ എതിരാളിയുടെ അനുകമ്പയോ

തങ്ങളെ നയിക്കരുതെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു ഈ നടപ്പുസംഘത്തിന്. എതിരാളികൾപോലും


തങ്ങളോടൊപ്പം അണിചേരും വിധത്തിൽ കരുതലേതുമില്ലാതെ സ്വയം ഒരുക്കിനിർത്തുക എന്നതാണ്

അഹിംസയുടെ യുദ്ധതന്ത്രം.

എന്തുകൊണ്ട് ഉപ്പ്? ഉപ്പു കുറുക്കുന്നതിനുമേലുള്ള നികുതി ചന്ദ്രഗുപ്തമൗര്യന്റെ കാലം

മുതലേയുള്ളതാണ്. സന്യാസിമാരല്ലാത്തവർ ഉപ്പുകുറുക്കുന്നതിനെ അർത്ഥശാസ്ത്രം വിലക്കുന്നുണ്ട്. മുഗളന്മാർ

ചിലയിടത്തൊക്കെ ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കും വെവ്വേറെ നികുതികൾ ചുമത്തി. എന്നാൽ


ബ്രിട്ടീഷുകാരാണ് ഈ നികുതിഭാരത്തെ നിയമത്തിന്റെ രൂപത്തിൽ സമൂഹത്തിലെ എല്ലാ തലങ്ങളിലും

കർശനമായി അടിച്ചേൽപ്പിച്ചത്. ഉപ്പില്ലാതെ ഭക്ഷണം കഴിച്ചിരുന്നയാളാണ് ഗാന്ധി. ഭക്ഷണത്തിനു

സ്വാദുപിടിപ്പിക്കാൻ വിശപ്പല്ലാതെ മറ്റെന്തു ചേർക്കുന്നതിനോടും താല്പര്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്.

എന്നിട്ടും അദ്ദേഹം ഉപ്പുകുറുക്കാൻ ഇറങ്ങിത്തിരിച്ചതെന്തിനാണ്? പൊതുവെ എല്ലാവരുടെയും

ഭക്ഷണത്തിന്റെ അടിസ്ഥാന ഘടകമാണ് ഉപ്പ്. ജീവന്റെ ഉപ്പാണത്. അതിൽ നികുതി ചെലുത്തുന്നതിലൂടെ

ഭരണകൂടം സർവ്വരുടെയും ജീവനിൽ നേരിട്ടിടപെടുകയാണ്. നികുതിയിൽ നിന്നു മാത്രമല്ല, നിയമത്തിൽ

നിന്നുതന്നെ ജീവന്റെ ഉപ്പിനെ സ്വതന്ത്രമാക്കാനായിരുന്നു ആ നടപ്പ്.

ഇടത്താവളങ്ങളിൽ തങ്ങിയും വിശ്രമിച്ചുമായിരുന്നു ദണ്ഡിയാത്ര. തങ്ങുന്നിടത്തെല്ലാം

ആശ്രമചര്യകൾ ആവുന്നിടത്തോളം അനുഷ്ഠിച്ചിരുന്നു. പ്രാർത്ഥന, നടപ്പ്, സേവ, പ്രഭാഷണം, മൗനം,

നൂൽനൂൽപ്പ്, കത്തെഴുത്ത്, ഭക്ഷണം, ഭജന എന്നിവയൊക്കെ ഉൾപ്പെട്ടതായിരുന്നു ആശ്രമത്തിലെ

ദിനചര്യകൾ. നടപ്പിനിടയിലും ഇതൊക്കെ അവർ കൊണ്ടുനടന്നു. ഗാന്ധിയും കൂട്ടരും നൂൽനൂൽക്കാനുള്ള

ചർക്കകൾ അവർ തങ്ങിയ ഗ്രാമങ്ങളിൽ എത്തിച്ചുകൊടുത്തിരുന്നു. ഇരുപത്തഞ്ചു ദിവസത്തെ

നടപ്പിനിടയിൽ മൂന്നു ദിവസം ഗാന്ധി മൗനവ്രതമെടുത്തു. ചര്യകളുടെ ഈ ക്രമീകരണത്തെപ്പറ്റി നാം

വിശദമായി ചർച്ചചെയ്യുന്നുണ്ട്. ചില ചര്യകളെ കോർത്തിണക്കിയാണ് ആശ്രമത്തിലെ

ബ്രഹ്മചര്യാബദ്ധമായ ജീവിതത്തെ ക്രമപ്പെടുത്തുക. മറ്റു രാഷ്ട്രീയ സംരംഭങ്ങളിൽ ഏർപ്പെടുമ്പോൾ


സന്ദർഭാനുസരണം ചില ചര്യകൾക്ക് പ്രാധാന്യം കൊടുത്ത് ആശ്രമജീവിതത്തിന്റെ പൊതുസ്വഭാവം

നിലനിർത്തും. എല്ലാ ദിവസവും നടക്കും. എന്നാൽ നടപ്പുസമരം നടക്കുമ്പോൾ നടപ്പ് പ്രധാന ചെയ്തിയായി
ജീവിതത്തെ നയിക്കും. എന്നാൽ മറ്റു പരിപാടികൾ തുടരുകയും ചെയ്യും. എല്ലാ തിങ്കളാഴ്ചയും ഗാന്ധി

മൗനവ്രതത്തിലായിരുന്നു. എന്നാൽ മൗനത്തെ സമരത്തിന്റെ മുനയാക്കുമ്പോൾ മറ്റു ചര്യകൾ ഒരു പുതിയ

ക്രമമുണ്ടാക്കി ഒത്തുചേരും (1931 ലെ വട്ടമേശസമ്മേളനത്തിലും ആദ്യദിവസമായ തിങ്കളാഴ്ച ഗാന്ധി

മൗനത്തിലായിരുന്നു). വ്രതനിഷ്ഠകളാൽ ക്രമീകരിക്കപ്പെട്ട ജീവിതക്രമത്തിലാണ് ഗാന്ധിയുടെ നടപ്പുകൾ

സംഭവിച്ചത്. ഈ നടപ്പുകളിലൂടെ ഗാന്ധിയുടെ വ്രതബദ്ധമായ ജീവിതക്രമത്തെയും ദർശനത്തെയും

അറിയാനുള്ള ശ്രമമാണ് ഈ ലേഖനം.

III

ഗാന്ധി ഒരു ചിന്തകനാണോ? ഈ ചോദ്യത്തിന് ഉത്തരം തേടാനുള്ള ചില പതിവുരീതികളുണ്ട്.

ചിന്തക൯ പറയുകയോ എഴുതുകയോ ചെയ്തിട്ടുള്ള ആശയങ്ങൾ യുക്തിപരമാണോ എന്നു പരിശോധിക്കുക.

ആ ആശയങ്ങളെ പൂർവ്വാപരബന്ധത്തോടെ അവതരിപ്പിക്കുക. ചേരുംപടി ചേരാത്ത


എന്തെങ്കിലുമുണ്ടെങ്കിൽ അതിനെ വ്യക്തിത്വത്തിന്റെയോ സാമൂഹിക സന്ദർഭത്തിന്റെയോ

കണക്കിലെഴുതുക. ഇനി ചിന്തകൻ ‘പ്രവൃത്ത്യാരു’കൂടെയാണെങ്കിൽ ചിന്തയും ചെയ്തിയും തമ്മിലുള്ള

പൊരുത്തവും അന്വേഷിക്കണം.

ഗാന്ധിയുടെ ചിന്ത ഈ നടപ്പുരീതികൾക്ക് എളുപ്പം വഴങ്ങിക്കൊടുക്കുന്നില്ല. ഗാന്ധി പലപ്പോഴും

പരസ്പര വിരുദ്ധങ്ങളായ നിലപാടുകൾ എടുത്തിട്ടുണ്ട്. തന്റെ ആശയങ്ങൾ തമ്മിൽ വൈരുദ്ധ്യം കണ്ടാൽ

ഒടുവിൽ പറഞ്ഞതാണ് കാര്യമെന്നാണ് ഗാന്ധിയുടെ നിലപാട്. സത്യവും അഭിപ്രായസ്ഥിരതയും

ഒന്നല്ലെന്ന് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. വായും പ്രവൃത്തിയും തമ്മിലുള്ള ബന്ധവും അത്ര സരളമല്ല

ഗാന്ധിയുടെ ജീവിതത്തിൽ. ഗാന്ധിയുടെ പ്രവൃത്തികൾ സത്യാന്വേഷണപരീക്ഷണങ്ങളായിരുന്നു.


ലക്ഷ്യത്തിലെത്താനായി ആശയേയും ആശയത്തേയും യുക്തിഭദ്രമായി കൂട്ടിക്കെട്ടിയിട്ടുള്ള

കർത്തൃബന്ധമായ കർമ്മമായി ഗാന്ധിയുടെ പ്രവൃത്തികളെ കാണാനാവില്ല. മുൻകൂട്ടി തയ്യാറാക്കിയ

ആശയത്തെ നിലനില്ക്കുന്ന യാഥാർത്ഥ്യവുമായി തട്ടിച്ചുനോക്കലുമല്ല പരീക്ഷണം. ആശയങ്ങൾ

അവ്യക്തതയിൽ നിന്ന് തെളിമയിലേയ്ക്കും സാർവ്വജനീയതയിലേയ്ക്കും വളരുന്നത് പരീക്ഷണത്തിലൂടെയാണ്.

അനുഭവത്തെ സത്യത്തിന്റെ തെളിച്ചത്തിൽ കൊണ്ടുവരുന്നതാണ് തെളിവ്. എന്നാൽ


ആധുനികശാസ്ത്രത്തെപോലെ സൈദ്ധാന്തികമായ മുന്നുറപ്പുകൾക്കുള്ളിൽ മാത്രം യാഥാർത്ഥ്യത്തെ
നേരിടാനായിരുന്നില്ല ഗാന്ധിയുടെ പരീക്ഷണങ്ങൾ. ജീവിതവ്യാപാരത്തിന്റെ തുടർച്ചകളിൽ നിന്ന്

വേറിട്ടുനില്ക്കുന്ന പരീക്ഷണശാലയിലാണ് ഗാന്ധി ജീവിതത്തെ സത്യാന്വേഷണ പരീക്ഷണമാക്കിയത്. ആ

പരീക്ഷണശാലയാണ് ആശ്രമം.

ഗാന്ധിയുടെ നടത്തത്തെ സത്യാന്വേഷണ പരീക്ഷണമായി കാണാനാവുമോ? നടപ്പിൽനിന്ന്

ഗാന്ധിചിന്തയെ പഠിക്കാനാവുമോ? ഇതാണ് നമ്മുടെ ചോദ്യം. താടിക്ക് കൈയും കൊടുത്ത് മൗനിയായി

ചുറ്റുപാടിൽ നിന്ന് മനം തിരിച്ച് അന്തർമുഖനായി ഇരിക്കുന്ന റോഡാന്റെ ചിന്തകനല്ല ഗാന്ധി. നടപ്പിലുമുണ്ട്

ഗാന്ധിയുടെ ചിന്ത. നടപ്പിനെ പരീക്ഷണാത്മകമായ ചിന്താരൂപമായെടുത്ത് ഗാന്ധിയുടെ പ്രവൃത്തിയെയും

ചിന്തയെയും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

നടപ്പ് മഹാചിന്തകരുടെ ജീവിതത്തിൽ നിന്ന് ഏറെ അകലെയല്ല. തോറോ മുതൽ കാന്റും

നീഷേയും വരെയുള്ള ചിന്തകർ സ്ഥിരമായി നടന്നിരുന്നു. നീഷേ പറയുന്നുണ്ട് 'ആവുന്നിടത്തോളം കുറച്ചു

മാത്രം ഇരിക്കുക. തുറസ്സായ ഇടങ്ങളിൽ നടന്നു പിറക്കാത്ത ചിന്തകളെ വിശ്വസിക്കരുത്. മുൻവിധികൾ

രൂപപ്പെടുന്നത് വൻകുടലിലാണ്. ഇരുന്നു ചിന്തിക്കുന്നതാണ് ഏറ്റവും കൊടിയ പാപം; നമ്മുടെ മുന്നിൽ

വരുന്ന ഓരോ ആശയത്തോടും ചോദിക്കണം-അന്നനട അറിയുമോ? നൃത്തം ചെയ്യാമോ?

യൂറോപ്യൻ ആധുനികതയുടെ ലക്ഷണമായി വാൾട്ടർ ബൻയാമിൻ കണ്ടത് പതിനെട്ട്-

പത്തൊമ്പത് നൂറ്റാണ്ടുകളിൽ നടപ്പിൽ വന്ന ശൈലീഭേദത്തെയാണ്. പാരീസിലെ തെരുവുകളിലൂടെ

പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ കടകളുടെ കണ്ണാടിജനലുകളിൽ കണ്ണോടിച്ചുള്ള അലസഗമനം.


കലെയ്ഡോസ്‌ക്കോപ്പിന് ബോധമുദിച്ചതുപോലെ അതിൽ വിരിയുന്ന ഓരോ പാറ്റേണിനോടും

പ്രതികരിച്ചുകൊണ്ടുള്ള ചുറ്റിനടപ്പ്. എന്നാൽ ഇന്നോ? വംശഹത്യയിലും യുദ്ധത്തിലും രോഗത്തിലും

ക്ഷാമത്തിലും നിന്നു പലായനം ചെയ്യുന്നവരുടെ നീണ്ട നടപ്പുകളിലാണ് ഇന്നിന്റെ രാഷ്ട്രീയം. വൈക്കം


ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിൽ നടക്കാൻ സമരം ചെയ്ത ജനതക്ക് ഇന്ന് ആദിവാസികളുടെ ഭൂമിയ്ക്കുവേണ്ടി

നില്പുസമരം ചെയ്യേണ്ടിവരുന്നു. നഗരത്തെരുവുകളിലെ ബാരിക്കേഡുകൾ ഇന്ന് അധികാരത്തിന്റെയും

സമരത്തിന്റെയും തടകളാണ്. ലക്ഷ്യവും മാർഗ്ഗവും തമ്മിലുള്ള വേർതിരിവിനപ്പുറം നടപ്പിന്റെ

ക്രിയാരൂപമെന്താണ്? അതിലൂടെ ക്രിയയെയും ധാർമ്മികതയെയും കുറിച്ച് എന്താണറിയാനാവുന്നത്?

ഗാന്ധിയുടെ ആശ്രമസങ്കല്പം, വ്രതനിഷ്ഠ ഇവയിലൂടെ ഈ ചോദ്യങ്ങളെ നമുക്കു പിൻതുടരാം.


ഗാന്ധിയുടെ ധാർമ്മികതയെ നിയമബദ്ധമായ ആധുനിക മൂല്യസങ്കല്പത്തിൽ നിന്നു

വേറിട്ടുകാണണം. വ്രതനിഷ്ഠയും നിയമനിഷ്ഠയും രണ്ടാണ്. നിയമത്തിന്റെ അടിസ്ഥാനം സാമൂഹികമായ

ഉടമ്പടിയാണ്. അതിന്റെ ഉറപ്പ് യുക്തിയാണെന്നു ചിലർ. അല്ല, സ്വകാര്യലാഭത്തിന്റെ

കണക്കുകൂട്ടലാണെന്ന് മറ്റു ചിലർ. എന്നാൽ വ്രതം ഉടമ്പടിയല്ല. അതൊരു പരീക്ഷണമാണ്. നാമുണ്ടാക്കിയ


നിയമങ്ങൾക്കനുസരിച്ച് നമ്മൾ ജീവിക്കാൻ തയ്യാറാകുമ്പോൾ നമ്മുടെ കർത്തൃത്വം കേന്ദ്രസ്ഥാനത്തേക്ക്

വരുകയാണ്. എന്നാൽ വ്രതനിഷ്ഠയിൽ കർത്താവ് കേന്ദ്രസ്ഥാനത്തല്ല. ഓരോ ചെയ്തിയും ഓരോ

തവണയും ഒരു വെല്ലുവിളിയാണ്. അയാൾ പരാജയപ്പെട്ടേയ്ക്കാം. ഓരോ വിജയവും കുറേക്കൂടെ കഠിനമായ

നിഷ്ഠയിലേക്ക് അയാളെ നയിച്ചേക്കാം. അവകാശങ്ങളിലും കടമകളിലും കൂടെയാണ് നിയമബദ്ധമായ

ധാർമ്മികത ആവിഷ്‌ക്കരിക്കപ്പെടുന്നത്. സ്വകാര്യസ്വത്തിലുള്ള അവകാശമാണ് നിയമപരമായ

അവകാശത്തിന്റെ അടിസ്ഥാനം. ആധുനിക പാശ്ചാത്യ മൂല്യസങ്കല്പത്തിന്റെ അടിസ്ഥാനം

സ്വകാര്യസ്വത്തിന്റെ പരിരക്ഷണമാണെന്ന് മാർക്‌സ് കണ്ടെത്തുന്നുണ്ടല്ലോ. നിയമബദ്ധമല്ലാത്ത

ധാർമ്മികതയ്ക്ക് സ്വകാര്യസ്വത്തിനുമേലുള്ള അവകാശത്തെ കയ്യൊഴിയേണ്ടിവരും. വ്രതബദ്ധരായ


ഫ്റാൻസിസ്‌ക്കൻ സന്ന്യാസിമാർ എല്ലാത്തരത്തിലുള്ള ഉടമസ്ഥതയെയും കയ്യൊഴിഞ്ഞുവെന്ന്

അഗംബൻ പറയുന്നുണ്ട്. വിശ്വാസപ്രചരണാർത്ഥം ഏറെ കാതം നടക്കേണ്ട സന്ന്യാസിയ്ക്ക്

ചെരുപ്പുപയോഗിക്കാമോ എന്നത് വലിയ ധാർമ്മിക പ്രശ്‌നമായിരുന്നു. അത്യാവശ്യമെങ്കിൽ ചെരിപ്പ്

ഉപയോഗിക്കാം. എന്താണ് അനാവശ്യത്തിന്റെ മാനദണ്ഡം? സന്ന്യാസിക്ക് സ്വന്തമായി ചെരുപ്പുണ്ടാകാൻ

പാടില്ല. ഉടമസ്ഥതയല്ല ഉപയോഗത്തിന്റെ ന്യായീകരണം. നടപ്പ് എളുപ്പമാക്കാനോ വേഗത കൂട്ടാനോ

ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല. അതൊക്കെ ചെരുപ്പ് ഇല്ലാതെയും സാധ്യമാണല്ലോ. ചുരുക്കത്തിൽ


നിയമത്തിന്റേതല്ലാത്ത മറ്റൊരു അനിവാര്യതയുടെ മണ്ഡലത്തിലാണ് അവർ ധാർമ്മിക സമസ്യയ്ക്ക്

പരിഹാരം തേടിയത്. ചെരുപ്പിനെ ആവതുണ്ടെങ്കിൽ വേണ്ടെന്നുവെയ്ക്കുന്നത് വെറും ലാളിത്യപ്രകടനമല്ല.


ചെയ്തി തെറ്റോ ശരിയോ എന്നു വിധിക്കുന്ന നിയമത്തിനപ്പുറത്തുള്ള മറ്റൊരു അനിവാര്യതയെ

അന്വേഷിക്കുന്ന പരീക്ഷണമാണ് ലാളിത്യം.

ചെയ്തികളെ നിയമത്തിൽ നിന്നും (ഉടമസ്ഥതയിൽ നിന്നും, അവകാശങ്ങളിലും കടമകളിലും നിന്നും)

വിടുവിച്ച് വ്രതബദ്ധമായി ശുദ്ധീകരിച്ചെടുത്ത് അവയെ പരസ്പരം ഘടിപ്പിച്ച ഒരു ജീവിതക്രമമുണ്ടാക്കുക.

ഇത്തരമൊരു ധാർമ്മികയന്ത്രം നിർമ്മിച്ചെടുക്കുകയായിരുന്നു ഗാന്ധിജി.


ബ്രഹ്മചര്യ, ആസ്‌നേയം, അപരിഗ്രഹം, സത്യം, അഹിംസ ഇവയായിരുന്നു ഗാന്ധിയുടെ സ്ഥിരം

വ്രതങ്ങൾ. ഇവ സാർവ്വലൗകിക പ്രസക്തിയുള്ളവയാണ്. എന്നാൽ തന്റെ ചരിത്രസന്ദർഭത്തോട്

ഇടപെടാനുള്ള ചില സാന്ദർഭിക വ്രതങ്ങളുമുണ്ട്-തീണ്ടൽ അവസാനിപ്പിക്കുക, ആഹാരത്തിനുവേണ്ടി

അദ്ധ്വാനിക്കുക, സർവ്വധർമ്മ സമഭാവന, സ്വദേശി, ഭയമില്ലായ്മ, രുചിയില്ലായ്മ സ്വാദുവെടിയൽ (അസ്വാദം)

ഇവയൊക്കെ ചില സവിശേഷ സന്ദർഭങ്ങളിൽ നോക്കേണ്ടുന്ന വ്രതങ്ങളാണ്. വ്രതമെടുക്കുന്നയാൾ തന്റെ

ചെയ്തിയെ ഒരു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയല്ല. ശപഥം, ആണയിടൽ, ശാപം തുടങ്ങിയ

പ്രകടനങ്ങളോടാണ് വ്രതത്തിനു സാമീപ്യം. വ്രതത്തിൽ ശപഥവും ശാപവുമുണ്ട്. വ്രതം ഒരാൾ എടുക്കണം.

പാലിച്ചുകൊള്ളാമെന്നുള്ള വാക്ക് ദൈവനാമത്തിലാണ് എടുക്കുന്നത്. ദൈവത്തെ ജഡ്ജിയും


പോലീസുമായി കണ്ട് മതവുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന നിയമവ്യവസ്ഥയുടെ ഭാഗമായാണ് വ്രതത്തെ

വ്യാഖ്യാനിച്ചുപോരുന്നത്. വ്രതഭംഗം ചെയ്തിയിലുണ്ടാവുന്ന വെറും പിഴവോ പരാജയമോ മാത്രമല്ല. അതു

ശാപത്തെ വിളിച്ചുവരുത്തിയേക്കാം. എന്നാൽ ശാപം ശിക്ഷയല്ല. വ്രതമെടുക്കലിലെ ശപഥം

ദൈവനാമത്തിലാണ്. എന്നാൽ ഗാന്ധിയുടെ ദൈവം സത്യമാണ്. അല്ലാതെ ശിക്ഷ വിധിക്കുന്ന

ന്യായാധിപനല്ല. അപ്പോൾ വ്രതബദ്ധത ശപഥത്തിന്റെയും ശാപത്തിന്റെയും ഇടയിൽ സാക്ഷ്യപ്പെടുത്തുന്ന

ശക്തി എന്താണ്? വ്രതമെടുക്കുന്നവന്റെ വാക്കിന്റെ ഉറപ്പുതന്നെ. സ്വന്തം വാക്കിന്റെ വിലയും ശക്തിയും

തന്നെയാണ് അയാളെ വ്രതശുദ്ധിയോടെ നടത്തുന്നത്. ഗാന്ധി താൻ പറയുന്നതുപോലെ

പ്രവൃത്തിക്കുന്നവനാണെന്നതല്ല കാര്യം. പല സന്ദർഭത്തിലും തന്നെക്കൊണ്ട് അതിനു കഴിയുന്നില്ല എന്ന്

ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ വാക്കുപോലെ പ്രവൃത്തിയ്ക്കാൻ ഗാന്ധി ആത്മാർത്ഥമായി ശ്രമിച്ചിരുന്നു

എന്നു വാദിക്കാം. ഈ ആത്മാർത്ഥതയാണോ ഗാന്ധിയുടെ വ്രതശുദ്ധി? ആത്മാർത്ഥതയെന്നാൽ

തന്നോടുതന്നെയുള്ള സത്യസന്ധതയാണ്. എന്നാൽ വ്രതം ഒരാൾ താനുമായിത്തന്നെ ഉണ്ടാക്കുന്ന

ഉടമ്പടിയല്ല. താൻ തന്നോടുതന്നെ ആജ്ഞാപിക്കുന്നതാണ് സ്വാതന്ത്ര്യം എന്നു കരുതുന്ന യൂറോപ്യൻ

ആധുനികതയുടെ നിയമകേന്ദ്രീകൃതമായ ധാർമ്മികതയുമല്ലിത്. വ്രതമെടുക്കുമ്പോൾ നമ്മൾ

വാക്കുകൊടുക്കുകയാണ്. ദൈവനാമത്തിൽ പ്രതിജ്ഞയെടുക്കുമ്പോൾ ഒരു ന്യായാധിപന്റെ കരുത്തിനെ

ആവാഹിച്ചുവരുത്തി നമ്മളെത്തന്നെ വിരട്ടുകയല്ല. മറിച്ച് വാക്കിന്റെയും നാമത്തിന്റെയും മാത്രം ഉറപ്പിലേക്ക്

നമ്മുടെ കർത്തൃത്വത്തെയും ചെയ്തിയെയും ഇറക്കിവെയ്ക്കുകയാണ്. വാക്കിലെ വെളിവിലേക്ക് ഉള്ളിനെ

തുറന്നുവെയ്ക്കുകയാണ്. വാക്കിലെ വെളിവായ സത്യം തന്നെ ദൈവമാവുകയാണ്. 'അരുത്' എന്ന വിലക്കല്ല


നമ്മെ നയിക്കുന്നത്. അതുകൊണ്ട് അഹിംസാവാദിയായ ഗാന്ധി ആശ്രമത്തിലെ രോഗബാധിതയായ

ആട്ടിൻകുട്ടിയുടെ ദയാവധം അനുവദിക്കും. അതിർത്തിഗാന്ധിയ്ക്കു വേണ്ടി മാംസാഹാരം ഉണ്ടാക്കിക്കും.

ഇതൊന്നും നി൪ബ്ബന്ധബുദ്ധിയിലെ ഇളവോ അഡ്ജസ്മെന്റോ അല്ല.

വ്രതചര്യ ആത്മശുദ്ധീകരണമാണ്. ഇത് ആത്മപരിശോധനയോ വിചാരണയോ ആഖ്യാനമോ

വ്യാഖ്യാനമോ അല്ല. ക്രിയയുടെ തന്നെ ശുദ്ധീകരണമാണിത് ലക്ഷ്യം വെയ്ക്കുന്നത്. ആശ്രമജീവിതത്തിലൂടെ

ക്രിയകളിൽ നിന്ന് അവയുടെ ശുദ്ധരൂപങ്ങളെ അരിച്ചെടുക്കുക. ഇവയെ കൊരുത്തെടുത്ത് ജീവിതക്രമം

രൂപീകരിക്കുക.

ആശ്രമമാണ് ക്രിയയുടെ ശുദ്ധീകരണശാല. ശ്രമമില്ലാത്ത വെറും അനുഷ്ഠാനങ്ങളുടെ ഇടമല്ല

ആശ്രമം. അതിശ്രമമാണവിടെ. വ്രതത്തിലൂടെ ശ്രമത്തിന്റെ ശുദ്ധരൂപം തെളിച്ചെടുക്കുകയാണിവിടെ.

ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ജീവിതഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ്

ആശ്രമവ്യവസ്ഥ. എന്നാൽ ആശ്രമം വെറുമൊരു കാലഗണനയല്ല. എല്ലാവർക്കും എല്ലാ ആശ്രമങ്ങൾക്കും

അധികാരമില്ല. ശൂദ്രന് ഗാർഹസ്ഥ്യം മാത്രമേ വിധിച്ചിട്ടുള്ളു എന്നു വരാം. കുടുംബമായി കഴിഞ്ഞു

എന്നതുകൊണ്ടു മാത്രം ഗാർഹസ്ഥ്യം ആശ്രമമാകണമെന്നുമില്ല. ബ്രാഹ്മണ്യത്തിനു വെളിയിൽ ഇടമില്ലാതെ

അലഞ്ഞിരുന്ന ശ്രമണന്മാരിൽ നിന്നാണ് ആശ്രമമുണ്ടായതെന്നൊരു വാദമുണ്ട്. എന്നാൽ


വൈദികാനുഷ്ഠാനങ്ങളോടു കൂടിയ ബ്രാഹ്മണന്റെ ഗാർഹസ്ഥ്യമാണ് ആശ്രമത്തിന്റെ പൂർവ്വരൂപമെന്ന്

വാദിക്കുന്നവരുമുണ്ട്. ഈ വാദങ്ങളിൽ നമ്മൾ ഇടപെടേണ്ടതില്ല. ആശ്രമമെന്നാൽ ശ്രമവുമായി

തീവ്രതരമായ ഇടപെടലിനുള്ള സ്ഥലമാണെന്ന് അറിയുകയേ വേണ്ടൂ. ഗാന്ധിയുടെ ആശ്രമത്തിന്

സാമൂഹികമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ടോൾസ്റ്റോയി ഫാമിൽ നിന്ന്

സബർമതി ആശ്രമത്തിലേക്കുള്ള മാറ്റം ഇതാണ്. ആശ്രമം ലക്ഷ്യത്തിൽ നിന്ന് ക്രിയയെ അടർത്തിമാറ്റി

വ്രതനിഷ്ഠയെ ശുദ്ധീകരിച്ചെടുക്കുന്നു. (ആശ്രമവ്യവസ്ഥ അനിവാര്യമൊന്നുമല്ല. അനാശ്രമികളും

അത്യാശ്രമികളുമുണ്ട്. ജനങ്ങളെ മുഴുവൻ ആശ്രമജീവിതത്തിലേക്കു കൊണ്ടുവരാനുള്ള മിഷനുകളൊന്നും-

വിവേകാനന്ദനെപ്പോലെ- ഗാന്ധി സ്ഥാപിച്ചില്ല.) ആശ്രമത്തിന്റെ സവിശേഷ സാധ്യതയിലായിരുന്നു

ഗാന്ധിയുടെ ശ്രദ്ധ. നാലാശ്രമങ്ങളുടെയും അംശങ്ങൾ ചേർത്തുണ്ടാക്കിയതാണ് ഗാന്ധി ആശ്രമം.

ലക്ഷ്യങ്ങളിൽ നിന്നു മാത്രമല്ല സദാചാരനിയമങ്ങളിൽ നിന്നും മുക്തമായിരുന്നു ആശ്രമജീവിതം.


ക്ലാസിക്കൽ ആശ്രമവ്യവസ്ഥയിൽ തന്നെ വാനപ്രസ്ഥവും സന്യാസവും നിയമവ്യവസ്ഥയ്ക്കു പുറത്തായിരുന്നു.

ബ്രഹ്മചര്യയിലും നാട്ടുനടപ്പുകൾ ബാധകമായിരുന്നില്ല.

ബ്രഹ്മചര്യ എന്നാൽ ബ്രഹ്മത്തിൽ അല്ലെങ്കിൽ വിശാലതയിൽ നടക്കുക എന്നാണർത്ഥം.

‘പ്രണയത്തിന്റെയും പുനരുല്പാദനത്തിന്റെയും നിർബന്ധങ്ങൾക്കപ്പുറത്ത് ജീവശക്തിയുടെ എല്ലാ


വൃഥാവിനിയോഗത്തെയും തടുത്തുനിർത്തി പരിണാമത്തിലെ ജീവന്റെ കൂർത്ത മുനയായി ചരിക്കുകയാണ്

ബ്രഹ്മചര്യം’ എന്ന് രാമചന്ദ്രഗാന്ധി.

മറ്റാരാലും അഭിസംബോധന ചെയ്യപ്പെടാൻ സ്വയം തുറന്നിട്ടുകൊണ്ടുള്ള നടപ്പാണിത്. ആരാലും

വിളിക്കപ്പെടാൻ തയ്യാറായ തേവിടിശ്ശിയുടെ സ്വൈരസഞ്ചാരം. ലിംഗവ്യത്യാസം തുടച്ചുകളഞ്ഞുള്ള തന്മയുടെ

ലീല. സ്വയം പരിചയാകാതെ ഹിംസയുടെ മുന്നിലുള്ള അഹിംസാവാദിയുടെ ഭയരഹിതമായ നടപ്പാണിത്.


വഴിയെ പോകുന്ന ഏതു ഹിംസയെയും തന്നോടുള്ള അഭിസംബോധനയാക്കി അതിനു വശപ്പെട്ടുകൊടുത്ത്

അതിനെത്തന്നെ പരിവർത്തനം ചെയ്യിപ്പിക്കുന്ന അഹിംസാചര്യ.

വ്രതനിഷ്ഠയിലൂടെ സ്ഫുടം ചെയ്‌തെടുത്ത ക്രിയാരൂപത്തെ വൃത്തി എന്നു വിളിക്കാം. നടത്തം, നൂല്പ്,

പ്രാർത്ഥന, കുളി തുടങ്ങിയ ജീവിതപ്രവൃത്തികളിൽ നിന്നും വൃത്തികളെ ശുദ്ധീകരിച്ചെടുക്കാം. വൃത്തിയെ

ആർതർ ഡാന്റോയുടെ മൂലക്രിയ(Basic action)യായി കാണാവുന്നതാണ്. 'എങ്ങിനെ ഇതു ചെയ്തു?' എന്ന

ചോദ്യത്തിന് ഇട നല്കാത്ത ക്രിയയാണ് മൂലക്രിയ. നിങ്ങൾ എങ്ങനെ യാത്രചെയ്തു എന്നു ചോദിക്കാം.

നടന്നാണ് പോയത് എന്നിരിക്കട്ടെ, എന്നാൽ നിങ്ങൾ എങ്ങനെയാണ് 'നടത്തം' നിർവഹിച്ചത് എന്ന

ചോദ്യം അസ്ഥാനത്താണ്. യാത്ര എന്ന ക്രിയ നടന്നോ, വാഹനമോടിച്ചോ ഒക്കെ നിർവഹിക്കാം. എന്നാൽ

നടക്കാൻ വെറുതെ നടന്നാൽ മതി. അതു ചെയ്യാൻ നടക്കലല്ലാതെ നടക്കലിൽ നിന്ന് വേറിട്ട് മറ്റൊരു

ക്രിയയും ചെയ്യാനില്ല.

മൂലക്രിയ ലളിതമായിക്കൊള്ളണമെന്നില്ല. രാമചന്ദ്രഗാന്ധി അത്ഭുതപ്രവൃത്തിയെ (miracle)

മൂലക്രിയയായാണ് കാണുന്നത്. അത്ഭുതപ്രവൃത്തിയ്ക്ക് സാക്ഷിയാവുന്നയാൾ 'ഇതെങ്ങിനെ പറ്റിച്ചു?' എന്നു

ചോദിക്കുകയില്ല. മാജിക് അങ്ങിനെയല്ല. അതു കാണുമ്പോഴേ നമുക്കറിയാം ഇതിലെന്തോ പറ്റിപ്പുണ്ടെന്ന്.


മജീഷ്യൻ ശൂന്യതയിൽ നിന്ന് തൂവാലയെടുക്കുമ്പോൾ നമുക്കുറപ്പാണ് ആ ക്രിയയ്ക്കു പിറകിൽ ആ
പ്രകടനത്തെ സാധ്യമാക്കുന്ന മറ്റൊരു രഹസ്യക്രിയയുണ്ടെന്ന്. എന്നാൽ അത്ഭുതപ്രവൃത്തി

ചെയ്യുന്നവനുപോലുമറിയില്ല അവനതെങ്ങനെ ചെയ്തുവെന്ന്.

മുദ്ര, ആംഗ്യം ഇവയിൽ തുടങ്ങി അത്ഭുതവൃത്തി വരെയെത്തുന്ന വലിയ റേഞ്ചുണ്ട് വൃത്തിയ്ക്ക്.

കർത്താവ് മൂലക്രിയയുടെ കാരണമോ ഉറവിടമോ അല്ല, വെറും സാക്ഷി മാത്രമാണ്. നമ്മൾ

സംസാരിക്കുമ്പോൾ ആംഗ്യങ്ങൾ കാട്ടാറുണ്ട്. ഈ ആംഗ്യങ്ങൾ ഒഴിവാക്കാനാവുന്ന

സംഭാഷണസഹായികൾ അല്ല. അവ ഭാഷകനെ അഭിസംബോധന ചെയ്യുന്നു. 'പേച്ചാനർ' മറ്റുള്ളവരെ


അഭിസംബോധന ചെയ്യുമ്പോൾ അയാളുടെ കാട്ടായങ്ങൾ മറ്റുള്ളവർക്ക് അയാളെ അഭിസംബോധന

ചെയ്യാനുള്ള തുറവുണ്ടാക്കിക്കൊടുക്കുന്നു. 'മേൽവിലാസ'ത്തിലെ വിലസലാണ് വ്രതശുദ്ധി ചെയ്‌തെടുക്കുന്ന

വൃത്തി. ഏതു ക്രിയയും കാട്ടായമാണ്. അതിലൊരു കാണിക്കലുണ്ട്. ഈ ആംഗികം ക്രിയയിൽ

ഉൾച്ചേർന്നിരിക്കുന്ന ശുദ്ധീകരണയന്ത്രമാണ് ('കാട്ടായം' എന്ന വാക്ക് ചൂണ്ടിക്കാട്ടിയതിന് ബൈജു

നടരാജന് നന്ദി).

(കൂടിയാട്ടത്തിലെ ക്രിയകൾ ആംഗികത്തിന്റെ സംസ്‌കരണധർമ്മത്തെ വെളിവാക്കുന്നുണ്ട്.

കഥയുമായി ബന്ധമില്ലാത്ത, ആട്ടത്തിന്റെ തുടർച്ചയിൽ നിന്നു വിട്ടുനില്ക്കുന്ന ചില അനുഷ്ഠാനങ്ങളാണ്

ക്രിയകൾ. ഇവിടെ അനുഷ്ഠാനം മതാത്മകമല്ല. ആവർത്തിച്ചുറപ്പിക്കപ്പെട്ട രംഗചലനത്തിന്റെ അടിസ്ഥാന

സാധ്യതകളാണിവ.)

ഭാഷണത്തിൽ ഭാഷകനെ അഭിസംബോധന ചെയ്തുനില്ക്കുന്നതുകൊണ്ട് ആംഗികം നാടകീയമായ

കാട്ടായമാണ്. ഏതു ക്രിയയിലേയും നാടകീയതയാണിത്. ഇതാണ് വൃത്തിയെ ആവർത്തനക്ഷമമായ

ക്രിയാരൂപങ്ങളാക്കി വികസിപ്പിച്ചെടുക്കുന്നത്. ആശ്രമത്തിൽ ദിവസേന ആവർത്തിച്ച് ശുദ്ധിചെയ്‌തെടുത്ത

നടപ്പ് ദണ്ഡിമാർച്ചിൽ സകല നാടകീയതയോടെയും അവതരിപ്പിക്കപ്പെടുന്നു. ഈ നാടകീയതയാണ്

ഡിലാപ്പേ എന്ന കലാകാരൻ ഇന്റർനെറ്റിലൂടെ സാക്ഷാത്കരിക്കുന്നത് (വൃത്തിയുടെ പരോക്ഷമായ

സംസ്‌ക്കരണവും പ്രയോഗവുമാണ് ഡിജിറ്റൽ സാങ്കേതികവിദ്യ).

ആംഗികവൃത്തിയ്ക്ക് മൂന്ന് അടരുകളുണ്ട്. ചൂണ്ടൽ, എടുക്കൽ, പരതൽ എന്ന മൂന്നുവിധം

ആംഗ്യങ്ങളാണവ. ആംഗ്യത്തിന്റെ വിധങ്ങളാണ് മൂന്നും. നമ്മൾ ഒരിടത്തു നിന്നുകൊണ്ട് നമുക്കു മുന്നിൽ ഒരു

നിശ്ചിത അകലത്തിലിരിക്കുന്ന വസ്തുവിനെ ചൂണ്ടുന്നു. ചൂണ്ടുന്നവന്റെ സ്ഥാനം മാറാം. വസ്തുവിന്റെയും.


എന്നാലും എവിടെ നിന്നും ഏതു വസ്തുവിനെയും ചൂണ്ടാം. ഓരോന്നിനെയും മറ്റൊന്നിൽ നിന്നും വേറിട്ട്

ചൂണ്ടാവുന്നവണ്ണം, നിരത്തിവെയ്ക്കാവുന്നവണ്ണം അനന്തമായ സ്‌പെയ്‌സിലാണ് നമ്മൾ ചൂണ്ടുന്നത്.

ജ്യാമിതീയ നിയമങ്ങൾക്കനുസരിച്ച് വിന്യസിക്കപ്പെടുന്ന സ്ഥലമാണിത്. ചൂണ്ടലിൽ കാട്ടലുമുണ്ട്. എന്നാൽ

കയ്യും കണ്ണും യുക്തി നിരത്തുന്ന നിയമങ്ങൾക്കനുസരിച്ചാണ് ചൂണ്ടലിടപെടുന്നത്. മനമെത്തുന്നിടത്ത്

കണ്ണെത്തും. കണ്ണെത്തുന്നിടത്ത് കയ്യെത്തും. 'ദാ അതാണ്'’ എന്ന് എന്തിനേയും ചൂണ്ടിക്കാട്ടി പറയാം.

എന്നാൽ ദൈനംദിന ജീവിതത്തിൽ നമ്മളും വസ്തുക്കളുമായുള്ള ബന്ധത്തെ

ചൂണ്ടലിലൊതുക്കാനാവില്ല. നമുക്കു തികച്ചും അപരിചിതമായി ചൂണ്ടൽപ്പാടിൽ ഒറ്റതിരിഞ്ഞു നില്ക്കുകയല്ല

വസ്തുക്കൾ. നമുക്കു പരിചിതമായ, നമ്മൾ സ്ഥിരം ഇടപെടുന്ന, നമുക്കു ചുറ്റും ഒത്തുചേരുന്ന ലോകത്തിലാണ്

നമ്മൾ വസ്തുക്കളെ അനുഭവിക്കുന്നതും അറിയുന്നതും. അടുത്തുവന്നു കൈയിലെടുത്തു ലാളിക്കാനും മറിച്ചും

തിരിച്ചും നോക്കാനും വസ്തുക്കൾ നമ്മെ മാടിവിളിക്കുന്നുണ്ട്. ഈ വിളിക്കുള്ള മറുപടിയാണ് നമ്മുടെ നോട്ടവും

ചൂണ്ടലും. ചൂണ്ടിക്കാണുന്നതിനും മുമ്പേ നാം കാണുന്നുണ്ട്. എന്റെ മുന്നിലിരിക്കുന്ന പുസ്തകത്തിന്റെ മൂന്നു

വശങ്ങളേ കാണാനാവുന്നുള്ളൂ. അതും പുറംചട്ടയും അരികുകളും മാത്രം. എന്നാൽ അതിന്റെ മറ്റു വശങ്ങളും

കനവും ഉള്ളും ഉള്ളടക്കവും എന്റെ കാഴ്ചയിൽ ഉൾച്ചേർന്നിട്ടുണ്ട്. അതൊന്നും ഞാൻ ദൂരക്കാഴ്ചയിൽ നിന്നു

ഊഹിച്ചെടുക്കുന്നതല്ല. എന്റെ മുന്നിലിരിക്കുന്ന ഈ പുസ്തകത്തെ കരതലാമലകം പോലെ എനിക്കറിയാം.


മേശപ്പുറത്തിരിക്കുന്ന കപ്പിലേക്ക് അതിന്റെ ഭാരത്തിനനുസരിച്ച് ബലം പ്രയോഗിച്ച് ഉയർത്താനുള്ള മുൻകൂർ

തയ്യാറെടുപ്പോടെയാണ് എന്റെ കൈ നീളുന്നത്. ദൂരെനിന്നു ചൂണ്ടിക്കാണിക്കാവുന്ന വസ്തുക്കളയേ

അടുത്തുചെന്ന് കയ്യിലെടുക്കാനാവൂ എന്ന ധാരണ അനുഭവത്തിനു നിരക്കുന്നതല്ല. മറിച്ച് അടുത്തുചെന്ന്

ചുറ്റിനടന്ന് കയ്യിലെടുക്കാനുള്ള ശരീരത്തിന്റെ വെമ്പലുണ്ടെങ്കിലേ വസ്തുവിനെ ചൂണ്ടിക്കാണിക്കാനാവൂ. ചില

മസ്തിഷ്‌ക്ക രോഗികൾക്ക് വസ്തുവിനെ കൈനീട്ടി പിടിക്കാനാവും. എന്നാൽ ചൂണ്ടിക്കാണിക്കാനാവില്ല.

സ്ഥാനനിർണ്ണയം നടത്താതെ വസ്തുവിനെ അവർ കൈപ്പിടിയിലാക്കും. അവർ വസ്തുവിനെ

എടുക്കാനായുമ്പോൾ വസ്തുവിന്റെ സ്ഥാനം മാറ്റിനോക്കുക. അവരുടെ കൈ അതിന്റെ ദിശ മാറ്റുകയില്ല.

സ്ഥാനനിർണ്ണയത്തിനു മുമ്പേ കൈ വസ്തുവിലേക്ക് പുറപ്പെട്ടുപോരുന്നു. ഇതാണ് എടുക്കൽ അല്ലെങ്കിൽ

പിടിക്കൽ എന്ന ആംഗ്യവൃത്തി.


കാലിൽ നിവർന്നുനിന്ന ആദിമമനുഷ്യന്റെ ആദ്യവൃത്തി ചൂണ്ടലോ എടുക്കലോ ആയിരുന്നില്ല. അവനു

ജ്യാമിതീയമായ സ്ഥലബോധമോ വസ്തുബോധമോ ഉദിച്ചിട്ടുണ്ടായിരുന്നിരിക്കില്ല. വസ്തുക്കളുടെ വിളി

കേൾക്കാൻ അവനു ലോകവുമായി മുൻപരിചയമില്ലാതിരുന്നല്ലോ. അവന്റെ കൈകൾ ബോധത്തിന്റെ

ഇരുട്ടിൽ പരതുകയായിരുന്നു. അവനുമുമ്പേ തുടങ്ങിയിരുന്ന കൽച്ചീളുകളുടെ മൂർച്ചയും കിളികളുടെ ചിലപ്പുകളും

അവന്റെ കൈയിലും കാതിലും തട്ടിയത് പരിണാമത്തിന്റെ മഹാഭാഗ്യം. പാലിയന്റോളജിസ്റ്റായ ലിറോയ്

ഗൗർഹാൻ കണ്ടെത്തിയതുപോലെ നരൻ നിവർന്നു നിന്നപ്പോൾ കൈ പരതാൻ സ്വതന്ത്രമായി. വായ്

സംസാരിക്കാനും. ഈ പരതലിലാണ് കൈ പണിയായുധങ്ങളെ കണ്ടെത്തി പിടിയിലാക്കിയത്.


ആവശ്യങ്ങൾക്കും ഉപയോഗത്തിനും മുമ്പേ കൈകൾ പണിയായുധങ്ങളിലേക്കും അർത്ഥത്തിനു മുമ്പേ വായ

സംസാരത്തിലേക്കും തുറന്നിരുന്നു. ഈ കൈ-വായ് വഴക്കത്തിലാണ് ആംഗ്യത്തിന്റെ പിറവി. നിവരുന്ന

കാലിൽ നിന്നാണ് മനുഷ്യന്റെ തുടക്കം. അതോടെ സ്വതന്ത്രമാകുന്ന കൈയും മുഖവും ലോകത്തിലേക്കു

തുറക്കുന്നു. കൈ ആയുധത്തെയും വസ്തുവിനെയും മുഖം വാക്കിനെയും അർത്ഥത്തെയും കണ്ടെത്തുമ്പോഴേ

അദ്ധ്വാനവും സംസാരവും ആരംഭിക്കൂ. അതിനുമുന്നേ ആണ് കൈയുടെ പരതൽ. ഇവിടെ കൈയും വായും

അവയുടെ തന്നെ ചലനങ്ങളെയാണ് പിൻതുടരുന്നത്. ആവർത്തനത്തിലൂടെ തീവ്രതയാർജ്ജിക്കുന്ന

ചലനമാണ് പരതലിന്റേത്. കർത്താവ് ക്രിയയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു മുമ്പേയുള്ള

മെയ്യനക്കത്തിന്റെ തനിയാവർത്തനമാണീ പരതൽ.

ചൂണ്ടൽ, എടുക്കൽ, പരതൽ എന്നിവയെ ആംഗികവൃത്തിയുടെ അടരുകളായി കാണാം. ഏതു

ക്രിയയിലും ഇവ മൂന്നുമുണ്ടാകും. അതുകൊണ്ടാണ് ക്രിയ ലക്ഷ്യോന്മുഖവും അർത്ഥപൂർണ്ണവും ആയിരിക്കുന്നത്.

എടുക്കാമെങ്കിലേ ചൂണ്ടാനാകൂ. പരതിയാലെ എടുക്കാനാവൂ. ഈ മൂന്ന് അംശങ്ങളും സമ്യക്കായി

സമ്മേളിക്കുമ്പോഴാണ് ആംഗികവൃത്തി പൂർണ്ണമാകുന്നത്.

ആംഗ്യം ഏതെങ്കിലും ലക്ഷ്യത്തെ ലാക്കാക്കിയുള്ള ഉപകരണമല്ല. അത് അതിൽ തന്നെ

ലക്ഷ്യവുമല്ല. എന്നാൽ ആംഗ്യം ക്രിയയോട് ഒത്തുനിൽക്കുന്ന ഉപകരണമാണ്. പതിനെട്ട്-പത്തൊമ്പതാം


നൂറ്റാണ്ടുകളോടെ യൂറോപ്പിലെ പൊതുമണ്ഡലത്തിൽ ആംഗ്യവിശേഷങ്ങൾ അപ്രത്യക്ഷമായി എന്ന്

അഗംബൻ പറയുന്നുണ്ട്. പെരുമാറ്റത്തിൽ നിന്ന് ശരീരത്തിന്റെ കുഴച്ചിലും ഇളക്കവും മറഞ്ഞുപോയി. ഈ


ആംഗ്യവിശേഷങ്ങൾ പിന്നീട് സംരക്ഷിക്കപ്പെടുന്നത് മനോരോഗികളുടെ ഞെട്ടലിലും വിറയലിലും
സിനിമയുടെ ദൃശ്യപ്പെരുമാറ്റങ്ങളിലുമാണെന്ന് അഗംബൻ. ആഖ്യാനബദ്ധമായ ക്രിയയെ അതിന്റെ
നൈരന്തര്യത്തിൽ നിന്ന് അഴിച്ചെടുത്ത് ഇമേജുകളുടെ കലമ്പലിലൂടെ ശുദ്ധമായ ആംഗികവൃത്തിയെ

തെളിച്ചെടുക്കുകയാണ് സിനിമ. ചിത്രത്തിന്റെ ചലനം ക്രിയയുടെ പകർത്തലല്ല, പിരിച്ചെടുക്കലാണ്.


ലക്ഷ്യത്തിൽ നിന്നും പ്രയോജനത്തിൽ നിന്നും അഴിച്ചെടുത്താണ് ആംഗ്യത്തെ

ശുദ്ധമാർഗ്ഗിയാക്കിയെടുക്കുന്നത്. ശുദ്ധ൮ത്തിയിൽ ചൂണ്ടൽ എടുക്കലിലേക്കും എടുക്കൽ പരതലിലേക്കും

തുറന്നിരിക്കുന്നു.

വ്രതനിഷ്ഠയിലൂടെ തീർത്തെടുത്ത നടപ്പിന്റെ ശുദ്ധവും പൂർണ്ണവുമായ രൂപം ശാന്തിനികേതനിലെ

രാംകിങ്കറുടെ ഗാന്ധിശില്പത്തിലുണ്ട്. തന്റെ നടത്തയിൽ തന്നെ കണ്ണും മനവും അർപ്പിച്ചുള്ള നവ്ഖലിയിലെ

ഗാന്ധിനടത്തമാണീ കോൺക്രീറ്റ് ശില്പത്തിൽ. സ്ഥലകാലബദ്ധമായ ലക്ഷ്യത്തിലേക്കുള്ള നടത്തമല്ലിത്.

സ്വാതന്ത്ര്യം എന്ന അടുക്കുംതോറും വിടരുകയും അകലുകയും ചെയ്യുന്ന ചക്രവാളത്തിലേക്കുള്ള നടത്തയുമല്ല.

1948 ലെ വിഭജനത്തിന്റെ ഇരുളിലേക്കാണ് ഗാന്ധി കാലെടുത്തു വെയ്ക്കുന്നത്. ഹിന്ദുക്കളുടെയും

മുസ്ലീങ്ങളുടെയും ഇടയിലുണ്ടായിരുന്ന വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഗാന്ധിക്ക് തന്റെ ധാർമ്മിക


ബോധത്തെതന്നെ വീണ്ടും പരീക്ഷണവിധേയമാക്കണമെന്നും ആവർത്തിച്ചുറപ്പിക്കണമെന്നും

തോന്നിത്തുടങ്ങിയിരുന്നു. ഹിംസയുടെ ലോകത്തിൽ ഗാന്ധിക്ക് സ്വയം വൾനെറബിൾ ആകേണ്ടിയിരുന്നു.

നവ്ഖലിയിലെ ലഹളബാധിത പ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് നടക്കാനായിരുന്നു ഗാന്ധിയുടെ ആഗ്രഹം.

ഗാന്ധിയുടെ ആരോഗ്യനിലയോർത്ത് സുശീലാ നയ്യാർ എതിർത്തു. നിർബന്ധം പിടിച്ച് ഗാന്ധി ഭിത്തിയിൽ

തലയിടിച്ചു കരഞ്ഞുവെന്ന് നിർമ്മൽ ബോസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ ചെറിയൊരു സംഘവുമായി

ഇറങ്ങിത്തിരിച്ച ഗാന്ധിയെ വഴിയിൽ തീട്ടമിട്ടാണ് ആൾക്കാർ സ്വീകരിച്ചത്. ഇങ്ങനെ ലക്ഷ്യവും മാർഗ്ഗവും

ഇരുളിലായ, ചക്രവാളം തന്നെ കാൽക്കീഴിലേക്ക് ഉടഞ്ഞുവീണ, ഹിംസാത്മകമായ ലോകത്തിലേക്ക്

നടത്തിയിൽ മാത്രം കണ്ണുംനട്ടുള്ള നടത്തമായിരുന്നു ഗാന്ധിയുടേത്. ശുദ്ധ നടത്തം. ശുദ്ധ നടനം. ഈ

നടത്തമാണ് രാംകിങ്കർ കോൺക്രീറ്റിൽ മെനഞ്ഞെടുത്തത്. ഗാന്ധിയുടെ കാലിനടിയിൽ രാംകിങ്കർ ഒരു

തലയോട്ടി കൊത്തിവെച്ചിട്ടുണ്ട്. ഋത്വിക് ഘട്ടക് രാംകിങ്കറിനെക്കുറിച്ചെടുത്ത ഡോക്യുമെന്ററിയിൽ

ഗാന്ധിയെ തലയോടിന്മേൽ നടത്തിയതെന്തിനാണെന്നു ചോദിക്കുന്നുണ്ട്. 'കാലങ്ങളായി ഈ ജനത

കാൽക്കീഴിലടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. ഈ പഴയ തലയോട്ടി തന്നെയാണ് ഈ വൃദ്ധന്റെ

കാൽക്കീഴിലും' എന്നായിരുന്നു ശില്പിയുടെ മറുപടി. ഹിംസാത്മകമായ സ്ഥലകാലങ്ങളിലാണ് നടപ്പിന്റെ


യഥാർത്ഥ പരീക്ഷണം നടക്കുന്നത്. ഇവിടെ എല്ലാ പ്രതിരോധങ്ങളും അഴിച്ചുകളഞ്ഞ് ഗാന്ധി നടപ്പിന്റെ

തനിയാവർത്തനത്തിലേക്ക് ഇറങ്ങി നടക്കുന്നു. ബ്രഹ്മത്തിന്റെ അനന്താകാശത്തിലൂടെയുള്ള

അപ്പൂപ്പൻതാടിയുടെ നടപ്പ്. ഗോഡ്‌സെയെപ്പോലും വശീകരിച്ച് വെടിവെയ്പിക്കുന്ന ഗാന്ധിനട.

വൈക്കം സത്യാഗ്രഹം ഗാന്ധിയുടെ നടപ്പുരീതി നേരിട്ട രസകരമായ

പരീക്ഷണമായിരുന്നിരിക്കണം. ക്ഷേത്രത്തിനു ചുറ്റുമുള്ള വഴിയിലൂടെ നടക്കാനുള്ള അവർണ്ണരുടെ

സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നല്ലോ ആ സമരം. വിലക്കു ലംഘിച്ച് നടന്നുകയറി അറസ്റ്റുവരിക്കാൻ

തയ്യാറായിരുന്നു സത്യാഗ്രഹികൾ. എന്നാൽ ഗാന്ധി അവരെ അതിനനുവദിച്ചില്ല. വിലക്കിന്റെ

അതിർത്തിയോളം ചെന്ന് അറസ്റ്റിനായി കാത്തുനില്ക്കാനായിരുന്നു നിർദ്ദേശം. നടക്കാനുള്ള

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം അതിരിലെത്തി അടങ്ങിനില്ക്കുക. അതാണ് ഗാന്ധിയുടെ

വ്രതനിഷ്ഠമായ രാഷ്ട്രീയം! ഭരണഘടനകൾ ഉറപ്പുതരുന്ന സഞ്ചാരസ്വാതന്ത്ര്യത്തിലേക്ക് ചുരുക്കാനാകാത്ത

നടപ്പിന്റെ സാധ്യതകൾ ഗാന്ധി കണ്ടിരിക്കണം. വൈക്കത്തുയർന്നത് ക്ഷേത്രത്തിനും ചുറ്റുമുള്ള വഴിയുടെ

പ്രശ്‌നമായിരുന്നല്ലോ. ക്ഷേത്രത്തെ ചുറ്റിയുള്ള നടപ്പ് പ്രദക്ഷിണമാണ്. അത് വെറുമൊരു വഴിപോക്കലല്ല.

ക്ഷേത്രത്തിനു ചുറ്റുമുള്ള വഴി എല്ലാവർക്കുമായി തുറന്നിടണം. എന്നാൽ അത് ഒരു എളുപ്പവഴി ഉണ്ടാക്കലല്ല.

അമൂർത്തമായ തുല്യത ഉറപ്പുവരുത്തുകയുമല്ല. ഇവിടെ നമുക്ക് ഗാന്ധിയിലെ ഹൈന്ദവനെ കാണാം.


കാലങ്ങളായി ക്ഷേത്രങ്ങൾ പരിപാലിച്ചു കൊണ്ടുപോന്ന നടപ്പിന്റെ രീതികളുമായി പുതിയ വഴിപോക്കിനെ

സമ്യക്കായി ഘടിപ്പിക്കാൻ ഗാന്ധി ആഗ്രഹിച്ചിരിക്കണം.

എന്നാൽ ഗാന്ധിയുടെ വ്രതനിഷ്ഠയുടെ സ്വാരസ്യം ശരിക്കും മനസ്സിലാക്കിയത്

നാരായണഗുരുവായിരുന്നു. വൈക്കത്തെത്തിയ ഗുരു കണ്ടത് കാലവർഷത്തിലെ മഴയിൽ നനഞ്ഞുകുളിച്ച്

അറസ്റ്റിനായി കാത്തുനില്ക്കുന്ന സത്യാഗ്രഹികളെയാണ്. എന്തിനാണിവർ മഴനനഞ്ഞു നില്ക്കുന്നതെന്ന് ഗുരു.

സഹനസമരമാണ് എന്നു സത്യാഗ്രഹികൾ. കുടപിടിച്ചുകൊണ്ടായിക്കൂടെ സഹനം എന്നായി ഗുരു!

നടപ്പിന്റെ ധാർമ്മിക രാഷ്ട്രീയമാനങ്ങൾ ഗാന്ധിയിൽ ഒതുങ്ങുന്നില്ല. 1934 ൽ മാവോയുടെ

നേതൃത്വമുറപ്പിച്ച ചൈനയിലെ ലോംഗ് മാർച്ച് നടപ്പിന്റെ രാഷ്ട്രീയപ്രയോഗമായിരുന്നു. കുമന്താങ്ങളുമായുള്ള

പോരിൽ ചുവപ്പുസേനയുടെ പിൻവാങ്ങലായിരുന്നു ആ നടപ്പ്. 370 ദിവസം കൊണ്ട് ആറായിരം മൈൽ

താണ്ടിയ എണ്ണായിരത്തി അഞ്ഞൂറ് സേനാനികളുടെ പലായനം. പിൻതിരിയലിന്റെ വകതിരിവും ക്ഷമയും


വീണ്ടുവിചാരവുമാണ് ലോംഗ് മാർച്ചിനെ അഹിംസാവ്രതത്തോടടുപ്പിക്കുന്നത്. (ചുവന്ന പ്രതലത്തിൽ
ഗാന്ധിയുടെ ഫോട്ടോഗ്രാഫിനെ വെള്ളനക്ഷത്രത്തിനും വ്രതനിഷ്ഠയെ കുറിക്കുന്ന വാക്കുകൾക്കും ഒപ്പം

വെയ്ക്കുന്ന റിയാസ് കോമുവിന്റെ ചിത്രങ്ങൾ രണ്ടു മഹാനടത്തങ്ങളുടെ പാരസ്പര്യത്തെ അടയാളപ്പെടുത്തുന്നു.)

ആഭ്യന്തരയുദ്ധത്തിൽ നിന്നും പട്ടിണിയിലും വ്യാധികളിലും നിന്നുമുള്ള ജനതയുടെ നടപ്പുകൾ,

ഭൂമിയുടെ അവകാശികളായ ഗോത്രജനങ്ങളുടെ നില്പുസമരങ്ങൾ; ഈ നിലകളിലൊക്കെ ഇരുകാലികൾ

നിവർത്തിപ്പിടിക്കുന്ന ശാരീരികമായ അന്തസ്- ഇവയിലൊക്കെ കാണാം ഗാന്ധിചിന്തയുടെ പ്രയോഗവും

പ്രസക്തിയും.

[ഈ ലേഖനത്തിന്റെ പിന്നാമ്പുറപണികളിൽ സഹായിച്ച Central European University,

Budapest/Vienna യ്ക്ക് നന്ദി.]

You might also like