You are on page 1of 3

ശങ്കരനെ പിടിച്ച മുതല

രൺജിത്ത് എം.ആർ

ആത്മീയ പാതയിൽ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും


ഉണ്ടാകുന്ന എതിർപ്പുകൾ ‘’സ്വാഭാവികം’’ മാത്രമാണ്. എന്താണ് സാമാന്യമായ മനുഷ്യസ്വഭാവം
എന്നതിനെക്കുറിച്ച് എല്ലാ സമൂഹത്തിലും ചില മുൻവിധികൾ ഉണ്ടാകും. മനുഷ്യരുടെ പെരുമാറ്റം ഈ
‘’നാട്ടുനടപ്പുകൾക്ക്’’ അപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴൊക്കെ ശക്തമായ തടസ്സങ്ങൾ
സൃഷ്ടിച്ചുകൊണ്ട് സമൂഹവും, കുടുംബവും കൂടെ തന്നെ നിൽക്കും.

ഇത്തരം എതിർപ്പുകൾ വാളിന്റെ ഒരു തല ആണെങ്കിൽ അതിനേക്കാൾ മൂർച്ചയുള്ള മറ്റൊരു തല


ഓരോ മനുഷ്യരുടെയും ഉള്ളിൽ തന്നെ ഉണ്ട്. ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉണ്ടാക്കുക, ഈ
പ്രക്രിയകളിൽ തടസ്സം നിൽക്കുന്നവരെ ആക്രമിക്കുക എന്നീപ്രധാനപ്പെട്ട നാലു മൃഗചോദനകൾ
എല്ലാ മനുഷ്യരിലും ഉണ്ട്. മനശാസ്ത്രം "റെപ്ടീലിയൻ ബ്രെയിൻ " എന്നു വിളിക്കുന്ന ഈ
വനാന്തരത്തിലാണ് മേൽ പറഞ്ഞ മൃഗമനസ്സുകൾ പതിയിരിക്കുന്നത്. ഇവയുടെ കൂട്ട ആക്രമണം
വിശ്വാമിത്രൻമാരുടെ വരെ മനസ്സിനെയും ശരീരത്തെയും തലകുത്തി മറച്ചിട്ടുണ്ട്.

പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം


സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

എന്ന് ഈ അവസ്ഥയെ ശ്രീനാരായണഗുരു ആത്മോപദേശശതകത്തിൽ വരച്ചു കാണിച്ചിരിക്കുന്നു.

കുട്ടിയായിരിക്കുമ്പോൾ തന്നെ വീടുവിട്ടിറങ്ങിയ ശങ്കരന്റെ കാലിൽ പിടിച്ച മുതല


പെരിയാറിലുണ്ടായതാണോ അദ്ദേഹത്തിന്റെ തന്നെ മനസ്സിൽ നിന്നു വന്നതായിരുന്നുവോ എന്നും,
അദ്ദേഹത്തെ വിലക്കിയിരുന്ന അമ്മ സാക്ഷാൽ പ്രകൃതി മാതാവ് തന്നെയല്ലേ എന്നും പലപ്പോഴും
സന്ദേഹം തോന്നിയിട്ടുണ്ട്.

ഉള്ളിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ട് വേണം


ആധ്യാത്മിക പാതയിൽ മുന്നേറുവാൻ. വൈതരണി പോലെ ഒറ്റത്തവണ മുറിച്ചു കടക്കേണ്ട ഒരു
തടസ്സമല്ല ഇത് - ആന്തരികവും ബാഹ്യവുമായി ഉണ്ടാകുന്ന ഇത്തരം തടസ്സങ്ങളെ അതിജീവിക്കുക
എന്നത് ജീവിതത്തിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ഗുരു പരമ്പരയുടെ
കാരുണ്യവും, അമ്മയുടെ കനിവും ഇത്തരം സന്നിഗ്ധഘട്ടങ്ങളിൽ തുണയേകാറുണ്ട്.

ഓരോ മനുഷ്യരുടെയും മനസ്സ്, ബുദ്ധി, സ്വഭാവം, പ്രകൃതം, ഇതെല്ലാം വ്യത്യസ്തമായതു


കൊണ്ടുതന്നെ പൊതുവായ ഒരു പ്രശ്നപരിഹാരവും ഇതിന് ഇല്ല എന്ന് തിരിച്ചറിയുന്നു. ഓരോ
വ്യക്തിയുടേയും യാത്ര അവരുടേതു മാത്രമാണ്. ആധ്യാത്മിക യാത്രയിൽ ലേഖകൻ
അനുഭവിച്ചിട്ടുള്ള നാല് മാനസികമായ പ്രശ്നങ്ങൾ യാന്ത്രികത, പ്രതികരണാത്മകത,
കുറ്റപ്പെടുത്തൽ, സർവോപരി ലക്ഷ്യക്കേട് എന്നിവയാണ്.

യാന്ത്രികത
ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഫലം തരുന്നില്ലെന്നറിഞ്ഞിട്ടും അതുതന്നെ വീണ്ടും വീണ്ടും
ചെയ്യുവാനുള്ള പ്രവണതയാണ് യാന്ത്രികത. അർത്ഥം അറിയാതെയുള്ള ആചരണങ്ങൾ
യാന്ത്രികമായ ക്രിയകളാണ്. മനുഷ്യബന്ധങ്ങളിൽ ഏറ്റവും കൂടുതൽ വിടവുകൾ സൃഷ്ടിക്കുന്നത്
യാന്ത്രികമായ, മനസ്സറിയാതെയുള്ള ഇടപെടലുകളാണ്. ആത്മീയ യാത്രയിൽ ഒപ്പം നീന്തുന്ന
മറ്റൊരു മുതലയാണിത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ദമ്പതിക്രിയ യാന്ത്രികതയിലേക്ക്
കൂപ്പുകുത്തുമ്പോൾ വിരസത മാറ്റുവാൻ പുതു മേച്ചിൽപ്പുറങ്ങൾ തേടുന്ന കാഴ്ചകൾ സമൂഹത്തിൽ
ഒട്ടേറെയുണ്ട്. ഈ മേച്ചിൽപുറങ്ങൾ ചിലർക്ക് മദ്യശാലകളാണ്, മറ്റുചിലർക്ക് വിവാഹേതര
ബന്ധങ്ങളാണെങ്കിൽ വേറെ ചിലർ ചെന്നെത്തുന്നത് ആത്മീയ താവളങ്ങളിൽ ആണ്.
മനുഷ്യബന്ധങ്ങൾ ഏറ്റവും കൂടുതൽ ഉലയ്ക്കുന്ന ഒരു മനോഭാവമാണ് യാന്ത്രികത

പ്രതികരണാത്മകത
മറ്റൊരാളിന്റെ പെരുമാറ്റം എന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണ്
പ്രതികരണാത്മകത. എന്നോട് നന്നായി പെരുമാറുന്നവരോട് നന്നായി പെരുമാറുകയും, എന്നോട്
മോശമായി പെരുമാറുന്നവരോട് മോശമായി മാത്രം പെരുമാറുകയും ചെയ്യുന്ന ബാലിശമായ
മാനസികാവസ്ഥയാണിത്. ആഗോള തലത്തിൽ അരങ്ങേറുന്ന പ്രതികരണാത്മകതയുടെ
പരിണതഫലമാണ് ആയുധപ്പന്തയം എന്ന വികല യാഥാർഥ്യം. ജീവൻ പോയാലും വേണ്ടില്ല
എൻറെ രീതികൾ കൈവെടിയില്ല എന്നുള്ള മർക്കടമുഷ്ടി ബലമായി തുറന്നു നോക്കിയാൽ
പലപ്പോഴും കാണുക പ്രതികരണാത്മകതയുടെ ഉണങ്ങിയ വിത്തുകളായിരിക്കും. അനാവശ്യ
ചിന്തകളായി വളർന്ന് ‘’വിവേകചൂഢാമണി’’ പൂർണ്ണമായും മറച്ചുകളയുന്ന കളകളുടെ രൂപത്തിൽ
വളരുന്നത് പ്രതികരണാന്മകതയുടെ വിഷവിത്തുകളാണ്.

കുറ്റപ്പെടുത്തൽ
താൻ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദികൾ മറ്റുള്ളവരാണ് എന്നുള്ള മാനസിക
ഭാവത്തിൽ നിന്നാണ് കുറ്റപ്പെടുത്തൽ ഉണ്ടാകുന്നത്. യാത്രകളിൽ എന്നെ തടയാൻ ശ്രമിക്കുന്നത്
മറ്റുള്ളവരുടെ മമതാബോധം ആണ് എന്ന വിരൽചൂണ്ടലും കുറ്റപ്പെടുത്തൽ തന്നെയാണ്.
അച്ഛനിലും, അമ്മയിലും, അധ്യാപകരിലും ഗുരുക്കന്മാരിലുമൊക്കെ കുറ്റം കണ്ടെത്തി
ഉത്തരവാദിത്വങ്ങളിൽ നിന്ന് സൗകര്യപൂർവം മാറി നിൽക്കാനുള്ള എൻറെ മനസ്സിന്റെ
പ്രവണതയാണ് കുറ്റപ്പെടുത്തൽ. താൻ കൈവരിച്ചനേട്ടങ്ങളിലുള്ള മമതാബോധവും അഹം
ഭാവവും ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങളാണ്.
ലക്ഷ്യക്കേട്
കൃത്യമായി ലക്ഷ്യമില്ലാത്ത യാത്രയാണ് ഇത്. തേളു കുത്തിയ കുരങ്ങനെ പോലെ ഒരു കൊമ്പിൽ
നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടി ചാടി നടക്കലാണ് ഇതിൻറെ പ്രധാന ലക്ഷണം. എണ്ണ പുരട്ടിയ
വാഴത്തടയിൽ കയറാൻ ശ്രമിക്കുന്ന കുരങ്ങനെ പോലെയാണ് മനസ്സ് ഈ അവസ്ഥയിൽ -
രണ്ടടി മുന്നോട്ടു കേറുമ്പോൾ മൂന്നടി താഴേക്ക് ഇറങ്ങും. സ്വധർമ്മം എന്ന സങ്കല്പവുമായി ഇത്
വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ശ്രേയസ്സിന്റെ മാർഗം വെടിഞ്ഞുകൊണ്ട് പ്രേയസ്സിന്റെ
മാർഗത്തിൽ ചരിക്കുന്നത് ലക്ഷ്യക്കേട്‌ഉള്ളതുകൊണ്ടാണ്. സ്വധർമ്മം തിരിച്ചറിഞ്ഞ ഒരാൾക്കു
മാത്രമേ കൃത്യമായ ലക്ഷ്യം ഉണ്ടാവുകയുള്ളൂ, അങ്ങനെയല്ലാത്തവർ ഭയാവഹമായ
പരധർമ്മത്തിന്റെ പുറകെ പോയി അസന്തുഷ്ടിയുടെ ചുഴികളിൽ കറങ്ങി
തിരിഞ്ഞുകൊണ്ടേയിരിക്കും.

ഭൂമിയിൽനിന്നുയരുകയും ആകാശത്തിലെത്താതിരിക്കുകയും ചെയ്യുന്ന ശങ്ക എന്ന ത്രിശങ്കുവിനെ


കെട്ടിയിരിക്കുന്ന ചരടുകളിൽ നാലെണ്ണമാണ് യാന്ത്രികത, പ്രതികരണാത്മകത, കുറ്റപ്പെടുത്തൽ,
ലക്ഷ്യക്കേട് എന്നിവ. ത്രിശങ്കു അനുഭവിക്കുന്ന, ഭൗതികവും, ആത്മീയവും, ദൈവികവുമായ
മൂന്നു ശങ്കകൾ അതിജീവിച്ചാൽ മാത്രമേ ശങ്കകളില്ലാത്ത ലക്ഷ്യത്തിൽ എത്തിച്ചേരുകയുള്ളു.
മാനസികവും വൈകാരികവുമായ പല രോഗങ്ങളുടെ മൂലകാരണങ്ങളും മറ്റൊന്നുമല്ല തന്നെ.
ത്രിശങ്കുവിനെ മുകളിലേക്കുയർത്തണമെങ്കിൽ ഊർജ്ജ സ്വരൂപനും, ഗുണാതീതനും,
ശങ്ക ഹരിക്കുന്നവനായ ശങ്കരനെ ധ്യാനിക്കണം എന്ന ഗുരുവചനം മനസ്സിൽ നിറയുന്നു.

ആശയങ്ങൾക്ക് കടപ്പാട് :
1. ഡോ. സിദ്ധാർത്ഥൻ, ഡയറക്ടർ, അരബിന്ദോ ഇൻസ്റ്റിട്യൂട്ട് ഓഫ് തെറാപ്യൂട്ടിക്
സൈക്കോളജി.
2. ശ്രീ. ആര്യ ഭീഷ്മ.
3. ശ്രീ. അരുൺ പ്രഭാകരൻ, ഗായത്രി ഗുരുകുലം.

You might also like