You are on page 1of 176

പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

ടി. പത്മനാഭൻ
1931-ൽ കണ്ണൂരിൽ ജനിച്ചു. ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു.
1989-ൽ ഡെപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു.
ആകെ 162 കഥകൾ എഴുതി. ഇന്ത്യയിലെ ഏതാണ്ട് എല്ലാ
ഭാഷകളിലും റഷ്യൻ, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലിഷ് എന്നീ
ഭാഷകളിലും കഥകളുടെ തർജ്ജമ വന്നിട്ടുണ്ട്. 2001-ലെ വയലാർ
അവാർഡ് പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്ന
കഥാസമാഹാരത്തിനു ലഭിച്ചു. വള്ളത്തോൾ അവാർഡും
ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്കാരവും 2003-ലെ
എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ
അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും
അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു.

ടി. പത്മനാഭന്‍റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ

കഥ
ഒരു കഥാകൃത്ത് കുരിശിൽ
പെരുമഴപോലെ
പത്മനാഭന്‍റെ കഥകൾ
കാലഭൈരവൻ
ഗൗരി
ഹാരിസൺ സായ്‌വിന്‍റെ നായ
സഹൃദയനായ ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിൽനിന്ന്
മഖൻസിങ്ങിന്‍റെ മരണം
കഥാകൃത്ത്—സാക്ഷി
വീട് നഷ്ടപ്പെട്ട ഒരു കുട്ടി
ഗുൽമുഹമ്മദ്
ടി. പത്മനാഭന്‍റെ കഥകൾ സമ്പൂർണ്ണം
എന്‍റെ പ്രിയപ്പെട്ട കഥകൾ
നളിനകാന്തി
പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
കടൽ
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
നിങ്ങളെ എനിക്കറിയാം

ലേഖനം
പള്ളിക്കുന്ന്

സ്മരണ
കഥകൾക്കിടയിൽ
യാത്രാമധ്യേ
M ALAYALAM L ANGUAGE
Prakāsam Parathunna Oru Penkutty
SHORT STORIES
by T. Padmanabhan

Rights Reserved
First Published February 1956
First DCB Edition July 1995
This Edition August 2016

P UBLISHERS
D C Books, Kottayam 686 001
Kerala State, India
Literature News Portal: www.dcbooks.com
Online Bookstore: www.onlinestore.dcbooks.com
e-bookstore: ebooks.dcbooks.com
Customercare: customercare@dcbooks.com , 9846133336
DISTRIBUTORS
D C Books-Current Books

DCB OOKS L IBRARY C ATALOGUING IN P UBLICATION D ATA

Padmanabhan, T.
Prakasam parathunna oru penkutty/T. Padmanabhan.
ISBN 81-713-0468-0.
1. Malayalam story. I.Title.
8M3.01*-dc22
*(This is local variation of DDC Number for Malayalam literature:
Prakasam parathunna oru penkutty.)

No part of this publication may be reproduced, or transmitted in any form


or by any means, without prior written permission of the publisher.

ISBN 81-713-0468-0

D C B OOKS : T HE F IRST I NDIAN B OOK P UBLISHING H OUSE TO GET ISO


C ERTIFICATION
“എരിയും സ്നേഹാർദ്രമാമെന്‍റെ
ജീവിതത്തിന്‍റെ
തിരിയിൽ ജ്വലിക്കട്ടെ
ദിവ്യമാം ദുഃഖജ്വാല!”
—ജി.
കഥകൾ
തിരിഞ്ഞുനോട്ടം
ത്യാഗത്തിന്‍റെ രൂപങ്ങൾ
ശേഖൂട്ടി
ഭർത്താവ്
ഒരു ചെറിയ ജീവിതവും വലിയ മരണവും
ഗോട്ടി
കൊഴിഞ്ഞുവീഴുന്ന മനുഷ്യാത്മാക്കൾ
ഒരു കൂമ്പുകൂടി കരിയുന്നു
തിന്നുവാൻ പറ്റാത്ത ബിസ്ക്കറ്റ്
ആ മരം കായ്ക്കാറില്ല
ഭാവിയിലേക്ക്
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
തിരിഞ്ഞുനോട്ടം

ഒമ്പതു നീണ്ട കൊല്ലങ്ങൾ! എന്തൊക്കെ സംഭവങ്ങൾ


ഇതിനിടയിൽ കഴിഞ്ഞു! ജീവിതം പല കൈവഴികളിലൂടെയും
കുത്തിയൊലിച്ചു. ഒഴുക്കിന്‍റെ ശക്തി
കുറഞ്ഞിരിക്കുന്നുവെങ്കിലും അതിന്‍റെ കലക്കം ഇന്നും
നിലച്ചിട്ടില്ല. പലതും കണ്ടു; പലതും അനുഭവിച്ചു. കഴിഞ്ഞുപോയ
കാലത്തെക്കുറിച്ചോർക്കുമ്പോൾ വർഷത്തിലെ
മൂടിക്കെട്ടിനിൽക്കുന്ന ആകാശംപോലെ എന്‍റെ മനസ്സ്
മ്ലാനമാവുന്നു. നാളുകൾ കഴിയുന്തോറും ഞാനൊരു
സംശയാലുവായിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലെ സ്ഥിതിയും
ഇതുതന്നെയായിരിക്കുമോ?
സന്ധ്യാവേളകളിൽ ഈ പഴയ വീടിന്‍റെ ഉമ്മറത്തിരുന്നു ഞാൻ
പലതും ആലോചിക്കാറുണ്ട്. ഈ നാടു മുഴുവൻ എന്‍റേതാണ്.
എങ്കിലും എനിക്കു സ്വന്തമായനുഭവിക്കുവാൻ ഒന്നുംതന്നെയില്ല!
കഷ്ടപ്പാടുകൾക്ക് അറുതിവരുമെന്നു ഞാൻ ആശിച്ചു. ചിലരുടെ
കാര്യത്തിൽ അതു സഫലമാവുകയും ചെയ്തു.
അങ്ങനെയാലോചിക്കുമ്പോൾ നീറിപ്പിടിക്കുന്ന നിരാശ എന്‍റെ
കഷ്ടപ്പാടിനെ വികൃതമാക്കുന്നു. പക്ഷേ, അപ്പോഴൊക്കെ എന്‍റെ
വരണ്ട ഹൃദയത്തിൽ സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും
തെളിനീർ നനച്ചുകൊണ്ട് ‘ഈപ്പ’ന്‍റെ സ്മരണ കടന്നു വരാറുണ്ട്.
ഈപ്പൻ എനിക്ക് ആശയുടെ ഒരു കരിന്തിരിയായിരുന്നു.
മനുഷ്യന്‍റെ മഹത്ത്വത്തെ അത്രയും പൂർണമായി ഞാൻ
മറ്റാരിലും ദർശിച്ചിരുന്നില്ല.
ഈയിടെ പറവൂരോളം പോകേണ്ട ഒരാവശ്യം
നേരിടുകയുണ്ടായി. ഈപ്പന്‍റെ വീട് ആലുവായ്ക്കടുത്താണെന്നു
പറഞ്ഞിരുന്നത് എനിക്കോർമയുണ്ടായിരുന്നു. ഏതായാലും ആ
വഴി പോകുന്നുണ്ട്. അപ്പോൾ, എന്തുകൊണ്ട് ഒന്നു ചെന്നുകൂടാ?
പഴയ ഡയറി നോക്കി ഞാൻ ഈപ്പന്‍റെ വിലാസം മനസ്സിലാക്കി.
അങ്ങനെ ചെന്നു കാണുന്നതിൽ വ്യക്തമായ
ഒരുദ്ദേശ്യംകൂടിയുണ്ടായിരുന്നു. ഈപ്പനോടു ഞാൻ ഒരു കളവു
പറയുകയുണ്ടായി. അതു വേണ്ടിയിരുന്നില്ലെന്നു പിന്നീടു
തോന്നിയിട്ടുണ്ട്. പക്ഷേ, അന്ന് അങ്ങനെ ചെയ്യാതിരിക്കാൻ
നിവൃത്തിയില്ലായിരുന്നു. ഖദർ ധരിക്കുന്നു എന്ന കാരണത്താൽ
മാത്രം പോലീസ് ആളുകളെ തേടിപ്പിടിച്ചിരുന്ന കാലം.
രക്തബന്ധമുള്ളവർപോലും സ്വരക്ഷയ്ക്കുവേണ്ടി അന്യോന്യം
ഒറ്റിക്കൊടുത്തിരുന്നത് അപൂർവമായിരുന്നില്ല. അങ്ങനെയുള്ള
ഒരു സന്ദർഭത്തിൽ എങ്ങനെയാണ് ഒരപരിചിതനെ ഞാൻ
വിശ്വസിക്കുക?
ഞാൻ എന്‍റെ പേർ മാറ്റിപറഞ്ഞു. അതൊരു നിസ്സാരമായ
കളവായിരുന്നു. എന്നിട്ടും ഈ കാലമത്രയും അതിന്‍റെ ഓർമ
എന്‍റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
ഇപ്പോൾ എന്‍റെ വിഷാദം ഇരട്ടിച്ചിരിക്കയാണ്. ഈപ്പൻ മരിച്ചു.
എന്‍റെ അപരാധം ഏറ്റുപറയാൻ എനിക്കിനി അവസരം
ലഭിക്കില്ല!
നാട്ടുമ്പുറത്തെ ആ പാതയിലൂടെ ഈപ്പന്‍റെ വീടന്വേഷിച്ചു
നടന്നപ്പോൾ പലേ ചിന്തകളും എന്നെ അലട്ടുന്നുണ്ടായിരുന്നു.
ഈപ്പന് എന്നെ തിരിച്ചറിയാൻ കഴിയുമോ? ഈപ്പനുമായുള്ള
എന്‍റെ പരിചയം ഏതാനും മണിക്കൂറുകളുടേതു മാത്രമായിരുന്നു.
അതിനു പുറമേ അയാൾ വീട്ടിലുണ്ടായിരിക്കും എന്നതിന്
എന്താണൊരുറപ്പ്? ദേവികുളത്തോ പുനലൂരോ ഉള്ള ഒരെസ്റ്റേറ്റ്
സ്വന്തമായി നോക്കി നടത്തുകയായിരിക്കാം അയാൾ.
ഒരു ചായക്കടയിൽ കയറി അന്വേഷിച്ചു. അവർക്കാർക്കും
നിശ്ചയമില്ല. അങ്ങനെ എത്ര ഈപ്പന്മാരുണ്ടവിടെ! ഞാൻ
ഒന്നുകൂടി വിശദമാക്കി:
“ഏതാണ്ടൊരമ്പതുകൊല്ലം മുമ്പേ തൃശ്ശൂരിൽ പഠിച്ചിരുന്നു.”
അർദ്ധനഗ്നനായ ഒരു മദ്ധ്യവയസ്കൻ അതു കേട്ടപ്പോൾ
കടക്കാരനോടു ചോദിക്കുകയുണ്ടായി:
“പുളിക്കീഴിലെ വറീതുചേട്ടന്‍റെ മകനായിരിക്കുമോ?”
എന്‍റെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. ഈപ്പന്‍റെ വീട്ടു
പേർ അതുതന്നെയാണ്. ഞാനതു മറന്നിരുന്നു.
“അതെ, അയാൾതന്നെ. അയാളിപ്പോളിവിടെയുണ്ടോ?”
എന്‍റെ ചോദ്യം കേട്ടപ്പോൾ അയാൾ അല്പം
അമ്പരക്കുകയുണ്ടായി. അയാൾ മിണ്ടാതെ നിന്നു.
“അയാളില്ലേ ഇവിടെ?”
ഞാൻ തികച്ചും അക്ഷമനായിരുന്നു.
“മരിച്ചിട്ടു നാലു കൊല്ലമായല്ലോ! പേപ്പറിലൊക്കെ
ഉണ്ടായിരുന്നു.”
ഞാൻ ഞെട്ടി. ഈപ്പൻ മരിച്ചു! എനിക്കതു വിശ്വസിക്കുവാൻ
വിഷമം തോന്നി. എന്തിനാണ് ഈപ്പനെപ്പോലുള്ളവർ
മരിക്കുന്നത്?
ഈപ്പൻ ഭൂമിയുടെ ഉപ്പായിരുന്നു. ജീവിച്ചിരിക്കേണ്ടത്
അങ്ങനെയുള്ളവരാണ്.
അതൊരു സാധാരണ മരണമായിരുന്നില്ലത്രെ. ഈപ്പൻ
ജയിലിൽ വച്ചാണു മരിച്ചത്. വറീതുചേട്ടനു മകനെ
അവസാനമായി ഒരുനോക്കു കാണുവാൻകൂടി കഴിഞ്ഞില്ല.
ഞാൻ തിരിഞ്ഞുനടന്നു. എന്‍റെ കണ്ണുകൾ നനഞ്ഞിരുന്നു.
എനിക്ക് ഈപ്പനെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
അതിനാലാണ് അങ്ങനെയൊരു കളവു പറയേണ്ടിവന്നത്.
ഒരുപക്ഷേ, ഈപ്പൻ എന്നെ അറിഞ്ഞിരിക്കണം. അയാൾ
അതോർത്തു പിന്നീടു ചിരിച്ചിട്ടുമുണ്ടായിരിക്കും. ഈപ്പൻ ഒരു
ഭീരുവായിരുന്നില്ല.
അന്നത്തെ ഓരോ സംഭവവും മനസ്സിൽ തെളിഞ്ഞു
പ്രകാശിക്കയാണ്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ
തോന്നുന്നു.
ഒരു സന്ധ്യയ്ക്കാണ് ഞാൻ തൃശൂരിലെത്തിയത്. ഞാൻ
അവിടെ പോകുന്നത് ആദ്യമായിട്ടായിരുന്നു.
എനിക്കറിയാവുന്നവരായി അവിടെ ആരുംതന്നെ
ഉണ്ടായിരുന്നില്ല. എനിക്കു കാണേണ്ടിയിരുന്ന ആളെയും ഞാൻ
നേരിട്ടറിഞ്ഞിരുന്നില്ല.
മലബാറിൽ ലഹളകൾ നടക്കുന്ന കാലമായിരുന്നു.
കമ്പിമുറിക്കലും സ്റ്റേഷൻ കൊള്ളിവെക്കലും
നിത്യസംഭവങ്ങളായിരുന്നു. നിലവിലുള്ള ഭരണത്തെ
സ്തംഭിപ്പിക്കുവാൻ വിപ്ലവകാരികളായ ചെറുപ്പക്കാർ കിണഞ്ഞു
പരിശ്രമിച്ചു. ജീവൻ പണയംവെച്ചുകൊണ്ടുള്ള ഒരു
പന്തയമായിരുന്നു അത്. അങ്ങനെയുള്ള ഒരു സംഘത്തിലെ
അംഗമായിരുന്നു ഞാൻ.
ഒളിവിൽ നിന്നുകൊണ്ടുള്ള പ്രവർത്തനത്തിനു പണവും മറ്റു
സഹായങ്ങളും ആവശ്യമായിരുന്നു. ധനികരായ ഏതാനും
ചിലരുടെ മടിശ്ശീലയും സ്വാധീനശക്തിയുമായിരുന്നു ഞങ്ങളുടെ
ആലംബം. ദേശീയപ്രസ്ഥാനത്തോടു കൂറുള്ളവരായിരുന്നു
അവർ. ഗവണ്മന്‍റിന്‍റെ കണ്ണിൽ പൊടിയിടുവാൻ അവർ
രഹസ്യമായി സഹായിച്ചുപോന്നു. അത്തരത്തിലുള്ള ഒരു
‘മാന്യ’നെ ചെന്നു കാണാനാണ് മറ്റുള്ളവരെല്ലാംകൂടി എന്നെ
തൃശൂരിലേക്കയച്ചത്. അയാൾ ഞങ്ങളെ അതിനുമുമ്പും
സഹായിച്ചിട്ടുണ്ടായിരുന്നു.
ഷാളെടുത്തു തലയിലൂടെ പുതച്ചതിനുശേഷം ഞാൻ
പ്ലാറ്റ്ഫോമിനു വെളിയിൽ കടന്നു. എങ്ങോട്ടാണ്
പോകേണ്ടതെന്ന് എനിക്കു നിശ്ചയമുണ്ടായിരുന്നില്ല.
ആരോടാണു ചോദിക്കേണ്ടത്? ഞാൻ സംശയിച്ചുനിന്നു.
ചുമട്ടുപിള്ളേരും റിക്ഷാക്കാരും എന്നെ വളഞ്ഞു
നിർബന്ധിക്കുന്നുണ്ടായിരുന്നു.
എന്‍റെ കൈയിൽ ഒരു ചെറിയ തോൽപ്പെട്ടി മാത്രമേ
ഉണ്ടായിരുന്നുള്ളു. അതെടുക്കുവാൻ ഒരു ചുമട്ടുകാരന്‍റെ
ആവശ്യമുണ്ടായിരുന്നില്ല. നടന്നു; അധികമാരും കാണാതെ
എനിക്ക് അദ്ദേഹത്തിന്‍റെ വീട്ടിൽ ചെന്നുചേരാൻ കഴിയും.
പക്ഷേ, എന്‍റെ കൈയിൽ പണമുണ്ടായിരുന്നില്ല. അതിനാൽ
അവരുടെ സഹായത്തെ നിരസിക്കുവാൻ ഞാൻ
നിർബന്ധിതനായി.
പെട്ടി ശരീരത്തോടടുപ്പിച്ചു ഞാൻ ബദ്ധപ്പെട്ടു നടന്നു.
സൗകര്യത്തിൽ ആരെയെങ്കിലും കണ്ടുകിട്ടിയാൽ എനിക്കു
കാണേണ്ട ആളെപ്പറ്റി അന്വേഷിക്കാം എന്നു കരുതി
സമാധാനിച്ചു. ചുമട്ടുപിള്ളേർ അപ്പോഴും എന്നെ
പിന്തുടരുന്നുണ്ടായിരുന്നു. എനിക്കല്പം ദേഷ്യം വരികതന്നെ
ചെയ്തു. ചെറുവിരൽകൊണ്ടു പൊക്കാവുന്ന ആ
പെട്ടിയെടുക്കാൻ എന്തിനാണ് മറ്റൊരാൾ? ഞാനൊരു
‘പൊട്ടാത്ത തേങ്ങ’യാണെന്നു കണ്ടപ്പോൾ വേറെ കോളന്വേഷിച്ച്
അവർ ഓരോരുത്തരായി പോയി. ഒരുവൻമാത്രം അപ്പോഴും
എന്‍റെ പിറകെ കൂടിയിരുന്നു.
“ദാ സാറേ, ആ പെട്ടിയിങ്ങട്ടു തന്നേക്കിൻ; ഞാനെടുത്തോളാം
ഒന്നും തരണ്ട; ദാ—”
അങ്ങനെ പറഞ്ഞ് അവൻ എന്‍റെ പെട്ടിയിൽ കൈവെച്ചു.
ഞാൻ അടിമുടി വിറച്ചു. ആ ചെറുക്കന്‍റെ ധിക്കാരം!
പെട്ടിയിൽ നിരോധിക്കപ്പെട്ട ലഘുലേഖകളും മറ്റു
രേഖകളുമായിരുന്നു. അതോമറ്റോ ആരെങ്കിലും
കാണുവാനിടവന്നാൽ! എന്നെ മാത്രമല്ല, പലരേയും ബാധിക്കുന്ന
ഒരു കാര്യമായിരുന്നു അത്.
അവന് ഒരു ചൊട്ടുകൊടുക്കണമെന്നുണ്ടായിരുന്നു എനിക്ക്.
പക്ഷേ, ചെറുക്കൻ കിടന്ന് അലമുറകൂട്ടിയാൽ വിഷമമാണല്ലോ.
അതിനാൽ നോക്കിപ്പേടിപ്പിക്കുകമാത്രം ചെയ്തു.
പക്ഷേ, അവന്‍റെ മുഖത്തേക്കു നോക്കിയപ്പോൾ എനിക്കു
കോപം വരികയുണ്ടായില്ല. ആ പയ്യൻ ഒരെലിക്കുട്ടിയെപ്പോലെ
വിറയ്ക്കുന്നുണ്ടായിരുന്നു. ദീനതയുടെ രൂപമായിരുന്നു അവൻ.
കീറിയ കുപ്പായത്തിലൂടെ അവന്‍റെ വിളറിയ ശരീരം എനിക്കു
നല്ലപോലെ കാണാൻ കഴിഞ്ഞു. എല്ലുന്തിയ മാറത്തു
പറ്റിക്കിടക്കുന്ന ‘വെന്തിങ്ങ’ അവനൊരു ഭാരമായി
തോന്നിയിരിക്കണം.
അവന്‍റെ കണ്ണുകളിൽ ആശയുടെ തിളക്കമുണ്ടായി.
അതൊരഭ്യർത്ഥനയായിരുന്നു.
ഞാൻ അവനോടു ചോദിച്ചു:
“നിന്‍റെ പേരെന്താ?”
അവന്‍റെ ജീവിതത്തിൽ അങ്ങനെയൊരാൾ
പേരന്വേഷിക്കുന്നത് അതാദ്യത്തെത്തവണയായിരിക്കാം. ആ
കണ്ണുകൾ ആശ്ചര്യത്താൽ വിടരുന്നതു ഞാൻ കണ്ടു.
“അന്തോണി.”
അല്പമൊരു ചാഞ്ചല്യത്തോടെയാണ് അവൻ പറഞ്ഞത്.
“അന്തോണി കാണുന്നില്ലേ, ഈ പെട്ടിയെടുക്കാൻ ഒരാൾ
വേണോ?”
“സാറിഷ്ടമുള്ളതു തന്നാൽ മതി. രാത്രിയിലെ ഒരു
ചായയ്ക്കാണ്. എവിടെ വേണമെങ്കിലും ഞാൻ വരും.”
മറ്റൊരവസരത്തിലായിരുന്നുവെങ്കിൽ അപകടകരമായ
പെട്ടിയും പിടിച്ചു ഞാൻ സംസാരിച്ചുനിൽക്കുമായിരുന്നില്ല.
പക്ഷേ, ആ ചെറുക്കന്‍റെ ദൈന്യഭാവം കണ്ടപ്പോൾ എന്‍റെ
കരളലിഞ്ഞു. ഞാൻ കീശയിൽനിന്ന് അരയണയെടുത്ത് അവനു
കൊടുത്തുകൊണ്ടു പറഞ്ഞു:
“അന്തോണീ പോയി ചായ കുടിച്ചുകൊള്ളൂ.”
അവൻ പോയില്ല. ഒരു ഗ്ലാസ്സ് ചായയ്ക്ക് ഒരണ വേണമത്രേ.
അതു കേട്ടപ്പോൾ എനിക്കു നീരസം ജനിക്കുകയുണ്ടായില്ല.
എന്തു തന്നെയായാലും അവൻ യാചിക്കുകയല്ലല്ലോ ചെയ്യുന്നത്.
ഞാൻ കീശ തപ്പിനോക്കി. അരയണകൂടെയുണ്ട്. എന്‍റെ
കൈവശം ആകെയുള്ള കൈമുതൽ! ഞാൻ അതും അവനു
ദാനംചെയ്തു. എനിക്കതുകൊണ്ട് ഒന്നുംതന്നെയാവില്ല.
അവനാണെങ്കിൽ അത് ഒരു രാത്രിയിലെ ആഹാരത്തിന്‍റെ
വകയാണ്!
അന്തോണിയെക്കൊണ്ട് എനിക്കു പ്രത്യുപകാരമുണ്ടായി.
എനിക്കു കാണേണ്ട ആളുടെ ആഫീസ് അവനറിയാമായിരുന്നു;
സന്തോഷത്തോടെ അവൻ എന്‍റെകൂടെ പോന്നു.
പട്ടണം മുഴുവൻ ‘പെരുന്നാളി’ന്
അണിഞ്ഞൊരുങ്ങിനില്ക്കുകയായിരുന്നു. എവിടെ
നോക്കിയാലും വെളിച്ചമേ കാണുവാനുണ്ടായിരുന്നുള്ളു.
കളർബൾബുകളും മെഴുകുതിരികളും ഇടകലർന്നു പ്രകാശിച്ചു.
ഇടയ്ക്കിടെ കതിനവെടി മുഴങ്ങുന്നതു കേൾക്കാമായിരുന്നു.
പക്ഷേ, ആ ആഘോഷപ്പൊലിമ നോക്കി രസിക്കുവാൻ
എനിക്കിടയുണ്ടായിരുന്നില്ല. ഞാൻ പോയതിന്‍റെ ഉദ്ദേശ്യം
അതായിരുന്നില്ലല്ലോ.
നിരത്തുവക്കത്തുള്ള ഒരു വലിയ എടുപ്പ് അന്തോണി
ചൂണ്ടിക്കാണിച്ചുതന്നു. ഒരു വ്യവസായശാലയുടെ
ആഫീസായിരുന്നു അത്. അന്തോണിയോടു
പൊയ്കൊള്ളുവാൻ പറഞ്ഞശേഷം ഞാൻ അവിടെ
കയറിച്ചെന്നു. എന്‍റെ ഭാഗ്യത്തിന് അയാളവിടെ ഉണ്ടായിരുന്നു.
പുറത്ത് അല്പനേരം കാത്തിരിക്കേണ്ടിവന്നു. അവിടത്തെ
ഐശ്വര്യവും പ്രതാപവും എന്നെ അസ്വസ്ഥനാക്കി.
നിലത്തുവിരിച്ചിരുന്ന കാർപെറ്റിൽ ചവിട്ടിയപ്പോൾ ഒരു വല്ലായ്മ
അനുഭവപ്പെട്ടു. ആ ചുറ്റുപാടുകളോട് ഒരിക്കലും
ഇണങ്ങിച്ചേരുവാൻ കഴിയാത്തവനാണ് ഞാനെന്ന് എനിക്കു
തോന്നി.
കാണുവാനുള്ള അനുവാദം എനിക്കു ലഭിച്ചു. ഞാൻ മുറിയിൽ
ചെന്നപ്പോൾ അയാൾ എന്തോ കടലാസുകൾ
നോക്കുകയായിരുന്നു. വെളുത്ത മാംസളമായ ആ
വട്ടമുഖത്തിനു പൊന്നിന്‍റെ കൂടുവെച്ച കണ്ണട തികച്ചും
അനുയോജ്യമായിരുന്നു. കടലാസുകൾ ദൂരെനീക്കി അയാൾ
എന്‍റെ നേരേ ചോദ്യഭാവത്തിൽ നോക്കി. ഞാൻ എന്നെ ഏല്പിച്ച
എഴുത്ത് മേശപ്പുറത്തുവെച്ചശേഷം മാറിനിന്നു.
എന്നോട് ഇരിക്കുവാൻ പറയുകയുണ്ടായില്ല. അവിടത്തെ
സോഫയിലിരിക്കുവാനുള്ള യോഗ്യത എനിക്കില്ലായിരുന്നു.
എന്നെപ്പോലെതന്നെ അയാൾക്കും അതു
മനസ്സിലായിരുന്നിരിക്കണം.
ഭിത്തിയിൽ തൂക്കിയിരുന്ന ‘വാർ പ്രൊപ്പഗന്‍റാ’ ചിത്രങ്ങൾ
എന്നെ ആശ്ചര്യപ്പെടുത്തി. തികഞ്ഞ ഒരു ദേശീയവാദി
എന്നായിരുന്നു അദ്ദേഹത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന
അറിവ്.
ആ പുരികങ്ങൾ ചുളിയുന്നത് എനിക്കു വ്യക്തമായി
കാണാമായിരുന്നു. ഒരു കണ്ണാടിയിലെന്നപോലെ ആ മുഖത്തു
ഞാൻ നീരസം പ്രതിഫലിച്ചുകണ്ടു. അവിടത്തെ
നാഴികമണിയിലെ പെൻഡുലംപോലെ എന്‍റെ മനസ്സും
അങ്ങോട്ടുമിങ്ങോട്ടും കിടന്നാടി! ഉത്കണ്ഠനിറഞ്ഞ നിമിഷങ്ങൾ!
കണ്ണടയൂരി താഴെവെച്ച്, ഒരു പരുക്കൻസ്വരത്തിൽ അയാൾ
പറഞ്ഞു:
“എനിക്ക് ഒരു സഹായവും ചെയ്യാൻ നിവൃത്തിയില്ല.”
അതുവരെ ഭദ്രമായിരുന്ന ആശയുടെ ബലൂൺ അപ്പോൾ
പൊട്ടി.
എനിക്ക് എന്തൊക്കെയോ പറയണമെന്നു തോന്നിയെങ്കിലും
വാക്കുകൾ വന്നില്ല. നിസ്സഹായനായ ഞാൻ വെറുതെ
നോക്കിനില്ക്കുക മാത്രം ചെയ്തു. കടുത്ത നൈരാശ്യം എന്നെ
ഞെരുക്കുന്നുണ്ടായിരുന്നു.
“ഉം, നിങ്ങൾക്കു പോകാം.”
ആ മനുഷ്യനോടു കേണപേക്ഷിക്കുന്നതിൽനിന്ന് അഭിമാനം
എന്നെ വിലക്കി. മേശപ്പുറത്തുനിന്ന് എഴുത്തെടുത്തു ഞാൻ
ഒന്നും പറയാതെ തിരിഞ്ഞു നടന്നു. വാതില്ക്കലെത്തിയപ്പോൾ
അയാൾ വിളിച്ചുപറയുകയുണ്ടായി:
“നിങ്ങൾ ഇനി ഇങ്ങോട്ടു വരരുത്; നിങ്ങളുടെ പേരിൽ
വാറണ്ടുണ്ട്.”
എന്‍റെ പേരിൽ വാറണ്ടുണ്ടായിരുന്നുവോ എന്ന് എനിക്ക്
നിശ്ചയമില്ല. പോലീസിന് ആവശ്യമുള്ള ഒരു പുള്ളിയായിരുന്നു
ഞാനെന്ന് എനിക്കറിയാം. ഏതായാലും അതൊരു
ഭീഷണിയാണെന്നു വ്യക്തമായിരുന്നു. അയാളെ ഞാൻ വീണ്ടും
ചെന്നു ബുദ്ധിമുട്ടിക്കരുത്!
നിരത്തിന്മേലെത്തിയപ്പോൾ നടക്കുവാനുള്ള ശക്തി
നഷ്ടപ്പെട്ടതായി എനിക്കു തോന്നി. അതുവരെ എന്‍റെ
മനസ്സുമുഴുവൻ എന്നെ ഏല്പിച്ച കാര്യത്തിന്‍റെ
വിജയത്തിലായിരുന്നു. വിശപ്പും ദാഹവും ഞാൻ
അറിഞ്ഞിരുന്നില്ല. എന്‍റെ അഴുക്കു പുരണ്ട ശരീരത്തേയും
നാറുന്ന കുപ്പായത്തേയും ഞാനോർത്തിരുന്നില്ല.
ഞാൻ പുറപ്പെട്ടത് തലശ്ശേരിയിൽനിന്നായിരുന്നു.
ചേമഞ്ചേരിയിലും ഫറോക്കിലുമിറങ്ങി. കുളിക്കും ഉറക്കത്തിനും
അവസരമുണ്ടായിരുന്നില്ല. വിശ്രമം തീരെയില്ലാതെയാണ്
തൃശൂരിലെത്തിയത്. അവിടെയെത്തിയപ്പോൾ സമാധാനിച്ചു, ഒരു
ബുദ്ധിമുട്ടുംകൂടാതെ ഇവിടെ എത്തിയല്ലോ! ഇനി ചെന്ന
കാര്യവുംകൂടി സാധിച്ചാൽ വേഗം മടങ്ങാം. പക്ഷേ, അവിടത്തെ
അനുഭവം!
‘വാർ പ്രൊപ്പഗന്‍റാ’യുടെ ചിത്രങ്ങൾ തൂക്കിയ മുറിയിലെ ആ
മനുഷ്യൻ ധരിച്ചിരുന്നതു ഖദർതന്നെയായിരുന്നു.
ഇരുകൂട്ടരിൽനിന്നും ലാഭമുണ്ടാക്കണം. അതായിരിക്കാം
അയാളുടെ ഉദ്ദേശ്യം. അയാളോടു മാത്രമല്ല, അയാളുടെ
അടുക്കൽ പറഞ്ഞയച്ച എന്‍റെ കൂട്ടുകാരോടും എനിക്കു
വെറുപ്പു ജനിക്കുകയുണ്ടായി. എന്‍റെ അപ്പോഴത്തെ
ദയനീയാവസ്ഥ എന്‍റെ വെറുപ്പിനെ
വർധിപ്പിക്കുവാനാണുതകിയത്.
നിരാശനായ ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. ആ
പെട്ടിപോലും എനിക്കൊരു ഭാരമായിരുന്നു. അതിനു പുറമേ
അല്പം പേടിയും തോന്നാതിരുന്നില്ല. ആ മനുഷ്യൻ എന്നെ
പോലീസിൽ പിടിച്ചേല്പിക്കയില്ലെന്ന് ആരറിഞ്ഞു! അതും
അതിലപ്പുറവും ചെയ്യും. പെട്ടിയോടുകൂടി ഞാൻ പിടിക്കപ്പെട്ടാൽ!
ആ ഭീതി എന്‍റെ ക്ഷീണത്തെ അധികമാക്കി.
എന്‍റെ കൈ അറിയാതെ കീശയിലേക്കു ചെന്നു. അവിടെ
ഒരണ കാണണം. ഒരണ മാത്രമേയുള്ളു; എങ്കിലും ദാഹത്തിന്
അല്പം പൊറുതി വരുത്താമല്ലോ അതുകൊണ്ട്.
എന്‍റെ വിരലുകൾ കീശമുഴുവൻ ഒരു പരിശോധന നടത്തി.
പക്ഷേ, അവിടം ശൂന്യമായിരുന്നു.
അന്തോണിയുടെ ഓർമ എനിക്കു പിന്നീടേ വന്നുള്ളു. ആ
കഷ്ടാവസ്ഥയിലും എനിക്കു ചാരിതാർഥ്യമനുഭവപ്പെട്ടു.
തീർച്ചയായും ആ അണകൊണ്ട് അവനു വലിയ
പ്രയോജനമുണ്ടായിരിക്കണം. അന്തോണി ആ അണകൊണ്ട്
ആർത്തിയോടെ ചായ കുടിക്കുന്നതു ഞാൻ മനസ്സിൽ കണ്ടു.
റോഡിലൂടെ വലിയൊരു ജനപ്രവാഹം കടന്നുപോയി.
കണ്ണഞ്ചിക്കുന്ന വിളക്കുകളും വാദ്യഘോഷങ്ങളുമുള്ള ഒരു
ഘോഷയാത്രയായിരുന്നു അത്. സ്ത്രീകളും കുട്ടികളും
പുരുഷന്മാരുമുണ്ടായിരുന്നു. വെള്ളിപ്പിടിയും
പൊന്നലുക്കുകളുമുള്ള പട്ടുകുടകൾ ദീപപ്രകാശത്തിൽ
വെട്ടിത്തിളങ്ങി. വിശുദ്ധമാതാവിന്‍റെ രൂപം തുന്നിച്ചേർത്ത
പാവാടകൾ കൊടിക്കൂറകളെപ്പോലെ കാറ്റിലാടി. നിവർത്തിപ്പിടിച്ച
മേലാപ്പിന്‍റെ കീഴെ പാപ്പാസും പൊൻകുരിശും കൂർത്ത
കിന്നരിത്തൊപ്പിയുമായി അച്ചന്മാർ ഭക്തിപൂർവം നടന്നു. അവർ
ജപിക്കുന്നുണ്ടായിരുന്നു.
നിരത്തിനിരുപുറവുമുള്ള വീടുകൾ അലങ്കരിക്കപ്പെട്ടിരുന്നു.
ജനനിബിഡമായിരുന്നു വരാന്തകളെല്ലാം. കുട്ടികളും മത്താപ്പു
കത്തിച്ചും പടക്കം പൊട്ടിച്ചും
പെരുന്നാളാഘോഷിക്കുന്നുണ്ടായിരുന്നു.
ഒരു വശത്തേക്കു മാറി, ആ പുരുഷാരത്തെ ഞാൻ സൂക്ഷിച്ചു
നോക്കി. എനിക്കു പുത്തനായ ഒരു കാഴ്ചയായിരുന്നു അത്.
ഇല്ലായ്മയേയും വറുതിയേയും സൂചിപ്പിക്കുന്ന ഒന്നുംതന്നെ
അവിടെ കണ്ടില്ല. പൊൻകുരിശിന്‍റെയും
വെള്ളിയലുക്കുകളുടെയുമിടയിൽ ദാരിദ്ര്യമുണ്ടാവുകയില്ലെന്ന്
എനിക്കു തോന്നി.
പക്ഷേ, അതൊരു വ്യാമോഹമായിരുന്നു. അടുത്ത
നിമിഷംതന്നെ ഈയത്തിന്‍റെ വെന്തിങ്ങ ധരിച്ച അന്തോണിയെ
ഞാൻ ഓർക്കുകയുണ്ടായി.
ഞാനും പള്ളിയിലെത്തി.
ആ പരിസരം മുഴുവൻ സ്വർഗീയകാന്തിയിൽ
കുളിച്ചുനിൽക്കുകയാണ്. പക്ഷേ, ആ സ്ഥലം അല്പംപോലും
ശാന്തമായിരുന്നില്ല. ‘തൊട്ടിലാട്ട’ക്കാരുടെയും ചെറുകിട
കച്ചവടക്കാരുടെയും ശബ്ദം അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.
പള്ളിവളപ്പിൽ അധികവും സ്ത്രീകളായിരുന്നു. കുഴിയിലേക്കു
കാൽനീട്ടിയ അമൂമ്മമാരെക്കാൾ കൂടുതൽ കണ്ടത്
യൗവനത്തെ ചെറുത്തുനിൽക്കുന്ന ചെറുപ്പക്കാരികളെയാണ്.
അവരുടെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും മഷിയെഴുതിയ കണ്ണും
കണ്ടാൽ ആരും നോക്കിനിന്നുപോകും. മിക്കവരും തിളങ്ങുന്ന
കസവുകളിലാണ് തങ്ങളെ പൊതിഞ്ഞിരിക്കുന്നത്. നേരിയ
ചിലന്തിവലപോലുള്ള ലേസ് തലയിലിട്ട ആ സുന്ദരികളെ
നിലാവുള്ള ഒരു രാത്രി വെളിസ്ഥലത്തുവെച്ച് ഒറ്റയ്ക്കു
കണ്ടുമുട്ടിയാൽ സ്വർഗത്തിൽനിന്നിറങ്ങിവരുന്ന
മാലാഖകളാണെന്നേ ആർക്കും തോന്നുകയുള്ളു!
ആ നീണ്ട ഹാളിൽ വിരിച്ച പായകളിൽ അവിടവിടെ ആളുകൾ
ചേർന്നിരുന്നു. അവർ വർത്തമാനം പറയുകയായിരുന്നു.
അവരുടെ ഇടയിലൂടെ ചെറുപ്പക്കാർ ആരോ വിളിച്ചിട്ടെന്നപോലെ
ബദ്ധപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കുണ്ടിരുന്നു.
ഞാൻ ഹാളിലേക്കു കടന്നില്ല.
പുറത്തുള്ള മണ്ഡപത്തിലാണ് കൂടുതലാളുകളെ കണ്ടത്.
പൂക്കളുടെയും മറ്റു സുഗന്ധദ്രവ്യങ്ങളുടെയും വാസന
അവിടെനിന്നു പുറപ്പെട്ടിരുന്നു. പുണ്യവാളനായ ഒരച്ചനെ
മറചെയ്ത സ്ഥലമാണത്രെ അത്. അവിടെ കുറിച്ചിരുന്ന
വാക്കുകൾ ഞാൻ കൗതുകത്തോടെ വായിച്ചു:
“അവൻ ഉറങ്ങുന്നില്ല. അവൻ മധ്യസ്ഥത വഹിക്കുന്നു.”
ബൈബിളിലെ ആ വാക്യം പിന്നീട് പലപ്പോഴും എന്‍റെ
ചിന്തയ്ക്കു വിഷയമായിട്ടുണ്ട്. എന്തായിരിക്കും അതിന്‍റെ
പൊരുൾ? അതു വായിക്കുന്ന എത്രപേർ അതിന്‍റെ അർത്ഥം
ഗ്രഹിച്ചുകാണും?
അവിടെ അധികനേരം ഞാൻ നിന്നില്ല. ഞാൻ പുറത്തേക്കു
നടന്നു. മെയിൻ റോഡ് വിട്ട്, പ്രകാശം കുറഞ്ഞ ഒരിടുങ്ങിയ
വഴിയിലേക്കാണ് ഞാൻ ചെന്നത്.
ആ കവലയിൽ വണ്ടിക്കണക്കായി കരിമ്പ്
കൂട്ടിയിരിക്കുന്നതിന്‍റെ പിറകിലായി ഏതാനും
‘തെരുവുസന്തതികൾ’ സംസാരിച്ചുനില്ക്കുന്നുണ്ടായിരുന്നു.
കരിമ്പിൻകോൽ കടിച്ചുവലിക്കുന്നതിനിടയിൽ ഒരുവൻ പറഞ്ഞു:
“എടാ, നിന്‍റെ ഈ പെരുന്നാളൊന്നും ഞങ്ങടെ
പൂരത്തിനൊക്കില്ല.”
മറ്റവൻ വിട്ടുകൊടുത്തില്ല:
“ഓ, ഒരു പൂരം! മേനിപറയാതെ. ഞാൻ കണ്ടതുതന്നെയാ!”
“ആറാട്ടുപുഴ പൂരം കണ്ടിട്ടുണ്ടോടാ?”
അവർ തർക്കിച്ചുനില്ക്കുന്നതിനിടയിൽ മൂന്നാമതൊരുവൻ
നിലത്തു കിടന്നിരുന്ന ഒരു കരിക്കട്ടയെടുത്തു
ചുമരിന്മേലെഴുതിയിട്ടു:
“വിപ്ലവം ജയിക്കട്ടെ!”
മാഞ്ഞ അക്ഷരങ്ങളുടെമേലെ അവൻ വീണ്ടും
എഴുതുകയാണു ചെയ്തത്. മറ്റുള്ളവരെ അപേക്ഷിച്ച് അവനു
കൂടുതൽ ചെറുപ്പമാണ്. അതിനാലായിരിക്കാം പൂരത്തിന്‍റെയും
പെരുന്നാളിന്‍റെയും മാഹാത്മ്യത്തെപ്പറ്റി തർക്കിക്കുവാൻ അവൻ
പോകാഞ്ഞത്.
ആ കാഴ്ച എന്നിൽ ഒരു നവോന്മേഷത്തെ ഉളവാക്കി. അവൻ
അങ്ങനെ എഴുതിയത് ബോധപൂർവമല്ലായിരിക്കാം. എങ്കിലും
അവനെഴുതി. അവൻ പിറന്ന നാട്ടിന് അഭിമാനിക്കാൻ
വകയുണ്ട്.
അത്തരം നൂലാമാലകൾ മനസ്സിലേറ്റിക്കൊണ്ടു നടന്ന ഞാൻ
ബസ് സ്റ്റാൻഡിലെത്തി.
എവിടേക്കാണു പോകേണ്ടതെന്നോ എന്താണു
ചെയ്യേണ്ടതെന്നോ എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല.
പക്ഷേ, അത്തരം ബുദ്ധിമുട്ടുകളിൽ ചെന്നുചാടുന്നത്
അതാദ്യത്തെ പ്രാവശ്യമല്ലല്ലോ എന്ന സമാധാനമുണ്ടായിരുന്നു.
ഞാൻ അങ്ങനെ ആലോചിച്ചുനില്ക്കെ, ആരോ പിന്നിൽ നിന്ന്
ചുമലിൽ കൈവെച്ചു.
തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് എന്‍റെ പഴയ സ്നേഹിതൻ
പിഷാരടിയെയാണ്.
എനിക്കുണ്ടായ ആശ്വാസത്തിന് അളവുണ്ടായിരുന്നില്ല.
നടുക്കടലിൽ മുങ്ങിച്ചാകുവാൻ പോകുന്ന ഒരുവന് ഒരു തോണി
കിട്ടിയാലുണ്ടാവുന്ന സന്തോഷമാണ് എനിക്കനുഭവപ്പെട്ടത്.
എന്‍റെ വിശപ്പും ക്ഷീണവുമെല്ലാം ഞാൻ മറന്നു.
ആ ചങ്ങാതിയെ എന്‍റെ മുമ്പിലെത്തിച്ച ദൈവത്തെ ഞാൻ
വാഴ്ത്തി. പക്ഷേ, അവൻ സാത്താന്‍റെ ദൂതനായിരുന്നു. എനിക്ക്
പിന്നീടേ അതു മനസ്സിലാക്കുവാൻ കഴിഞ്ഞുള്ളു.
തീവ്രവാദിയായ ഒരു ബോൾഷെവിക്കായിരുന്നു പിഷാരടി.
ഞങ്ങൾ തമ്മിൽ ഒടുവിൽ കണ്ടിട്ട് രണ്ടുമൂന്നു കൊല്ലമായിരുന്നു.
അവൻ ബോംബെയിൽനിന്ന് മടങ്ങിവന്നത് ഞാനറിഞ്ഞിരുന്നില്ല.
ഞാനവിടെ ചെന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി സംസാരിക്കുവാൻ
തുടങ്ങിയപ്പോൾ അവൻ പറഞ്ഞു:
“ഈ സ്ഥലം നന്നല്ല. നമുക്കെവിടെയെങ്കിലും പോയിരുന്നു
സംസാരിക്കാം. ധാരാളം പറയുവാനുണ്ട്.”
ബിസിനസ്സ് മോശമായ ഒരു ‘നായർ മിലിട്ടറി’ ഹോട്ടലിലാണ്
ഞങ്ങൾ ചെന്നത്. വിശപ്പു തീർന്നശേഷം ഞാൻ അവന്
മലബാറിലെ ഞങ്ങളുടെ പ്രവൃത്തികളും ഭാവിയിലെ പ്ലാനുകളും
വിവരിച്ചുകൊടുത്തു. അവൻ എല്ലാം നിശ്ശബ്ദം കേട്ടുനിന്നു.
ഒടുവിൽ ഞാൻ അവനോടു ചോദിച്ചു:
“നീ ബോംബെയിൽനിന്നു വന്നശേഷം ഇവിടെ എന്തൊക്കെ
ചെയ്തു?”
അവൻ നാട്ടിലെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളുവത്രേ.
പ്രവർത്തന രംഗം ബോംബെയിൽനിന്ന് കേരളത്തിലേക്ക്
മാറ്റിയിരിക്കയാണ്. വന്നതിൽ പിന്നീട് ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ്
അവിടെ രൂപീകരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കിടയിൽ ഒരു
ഔട്ട്പോസ്റ്റ് കൈയേറുവാൻ അവർ പ്ലാനിട്ടിരിക്കയാണ്.
എനിക്ക് രോമാഞ്ചമുണ്ടായി. എന്‍റെ നാട് സ്വാതന്ത്ര്യം
പ്രാപിക്കാൻ പോകയാണ്!
പിഷാരടി ഒരു ദിനപത്രത്തിന്‍റെ ചുരുൾ മേശപ്പുറത്തു
വെച്ചിരുന്നു. ഞാനെടുത്തു വെറുതെ നിവർത്തിനോക്കി.
“ഈ യുദ്ധം ജനകീയയുദ്ധമാണ്.’
അതിലെ തലക്കെട്ടു കണ്ട് ചോദ്യഭാവത്തിൽ ഞാൻ
പിഷാരടിയുടെ നേരേ നോക്കി. അത്തരമൊരു പത്രം
അവനെന്തിന് എടുത്തു നോക്കണം? പക്ഷേ, അവൻ
പറയുകയുണ്ടായി:
“കാശു കൊടുത്തു വാങ്ങിച്ചതല്ല; ചുമ്മാ കിടച്ചതാണ്.
എന്തിനു കളയണം? അറിയാമല്ലോ അവരെന്താ പറയുന്നതെന്ന്.”
അങ്ങനെ പറഞ്ഞ് അവൻ ചിരിച്ചു. അതു ശരിയാണെന്ന്
എനിക്കും തോന്നി.
ഞാൻ എന്‍റെ കൈവശമുണ്ടായിരുന്ന ലഘുലേഖകൾ
അവനെ ഏല്പിച്ചു. അപ്പോൾ അവനൊരു സംശയം, അവന്‍റെ
കൂട്ടുകാരൻ അടുത്തുതന്നെ താമസിക്കുന്നുണ്ട്. അയാളേയും
വിളിച്ചുകൊണ്ടുവന്ന്, ഞങ്ങൾക്കെല്ലാവർക്കുംകൂടി അവന്‍റെ
വീട്ടിൽപോയി കൂടുതൽ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുകൂടേ?
ഞാനതിനനുകൂലിച്ചപ്പോൾ അവിടെത്തന്നെ ഇരിക്കുവാൻ
പറഞ്ഞ് അവൻ പുറത്തേക്കു പോയി.
പിഷാരടി വരാൻ വൈകിയപ്പോൾ എനിക്കു പരിഭ്രമമായി.
അവൻ എന്നെ പറ്റിച്ചു കടന്നുകളഞ്ഞുവോ? ആ
ഹോട്ടൽക്കാരൻ എന്തു വിചാരിക്കും? അവിടെ
ആളുകളാരുമില്ലാത്തതിനാൽ എന്നെ ഗൗനിക്കാത്തതാണ്.
ആളുകൾ വരാൻ തുടങ്ങിയാൽ എന്നെ അങ്ങനെ സ്ഥലം
മുടക്കുവാൻ അനുവദിക്കില്ല.
ഞാൻ എണീറ്റു പുറത്തുചെന്ന് നോക്കി. അകലെനിന്നാരോ
രണ്ടു പേർ നടന്നുവരുന്നുണ്ടായിരുന്നു. പിഷാരടിയും
ചങ്ങാതിയുമായിരിക്കണം. അതെ, അവർതന്നെ.
ഹോട്ടലോടടുത്തപ്പോൾ ഒരു വിളക്കു കാലിന്‍റെ ചുവട്ടിലായി
അവർ നിന്നു. പിഷാരടി എന്തോ പതിഞ്ഞ സ്വരത്തിൽ
പറയുന്നുണ്ടായിരുന്നു. കൂട്ടുകാരന്‍റെ മുഖം എനിക്കു വ്യക്തമായി
കാണാൻ കഴിഞ്ഞു. അയാളെ എവിടെയോ കണ്ടുമറന്നതു
പോലെ തോന്നി. ഞാൻ തല പുണ്ണാക്കി ആലോചിച്ചു.
വലിയങ്ങാടിയിൽവെച്ച് ഹൈദ്രോസ് എനിക്കു കാണിച്ചുതന്ന
മനുഷ്യൻ! എന്നെപ്പോലെയുള്ളവരെ നായാടിപ്പിടിക്കുന്ന ഒരു
രഹസ്യപ്പോലീസുകാരൻ!
കോപവും വ്യസനവും എന്നെ പരിഭ്രാന്തനാക്കി. ആലോചിച്ചു
നില്ക്കാൻ സമയമുണ്ടായിരുന്നില്ല. ഞാൻ മുഖം
കഴുകുവാനെന്നപോലെ ഹോട്ടലിന്‍റെ പിമ്പുറത്തുചെന്നു. മതിൽ
കയറി മറഞ്ഞു. എന്‍റെ ഭാഗ്യത്തിന് നിരത്തു വിജനമായിരുന്നു.
ആ രാത്രി ഏതെല്ലാം വഴികളിലൂടെ പോയെന്നു നിശ്ചയമില്ല.
കരിങ്കൽസ്ലാബ് പതിച്ച നിരത്തിലൂടെയും മാർക്കറ്റിലൂടെയും
ഞാൻ ഓടിയിരുന്നു! വേറൊരു സന്ദർഭത്തിലായിരുന്നെങ്കിൽ
അങ്ങനെ ചെയ്യുമോയെന്നു സംശയമാണ്. ബീറ്റ് പോലീസിന്‍റെ
മുമ്പിൽ ചെന്നുപെടാഞ്ഞതിലും അത്ഭുതം തോന്നുന്നു.
ഇന്ന് ആ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ പിഷാരടിയുടെ
നേരേ അല്പംപോലും വെറുപ്പു തോന്നുന്നില്ല. എന്നെ
ഒറ്റിക്കൊടുക്കാൻ അവൻ ശ്രമിച്ചുവെന്നത് വാസ്തവമാണ്.
അത്തരം അപകടങ്ങൾ പലർക്കും പിണഞ്ഞിട്ടുണ്ട്. ഈ
നാടിന്‍റെ ചരിത്രംതന്നെ ഒട്ടേറെ ഒറ്റിക്കൊടുക്കലുകളുടെ ഒരു
വലിയ പട്ടികയല്ലേ?
സ്റ്റേഷനിൽ എങ്ങനെയെങ്കിലും മടങ്ങിയെത്തിയാൽ
മതിയെന്നായി എനിക്ക്. പക്ഷേ അപ്പോഴേക്കും മഴപെയ്യുവാൻ
തുടങ്ങിയിരുന്നു. ആദ്യമാദ്യം പതുക്കെ ചാറിയിരുന്ന മഴ ക്രമേണ
ഘോരമായി വർഷിക്കാൻ തുടങ്ങി.
ഞാൻ വഴിയരുകിലുള്ള ഒരു പീടികയുടെ തിണ്ണയിൽ കയറി
നിന്നു.
കഷ്ടപ്പാടുകൾക്ക് ഒരിക്കലും എന്‍റെ ഉത്സാഹത്തെ
കെടുത്തുവാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ആ കൊടിയ വഞ്ചന!
അതോർത്തു ഞാൻ കരയുകതന്നെ ചെയ്തു. മനുഷ്യന്
എന്താണ് ചെയ്തുകൂടാത്തത്!
ടോർച്ച് മിന്നിച്ചുകൊണ്ട് ആരോ വരുന്നുണ്ടായിരുന്നു.
പീടികയുടെ മുമ്പിലെത്തിയപ്പോൾ അയാൾ എന്നെ
കാണുകയുണ്ടായി. അല്പനേരം സംശയിച്ചുനിന്നശേഷം അയാൾ
പറഞ്ഞു:
“ഇങ്ങോട്ടേക്കാണെങ്കിൽ ഈ കുടയിൽ കൂടാം.”
ഞാനൊന്നും പറഞ്ഞില്ല.
അയാൾ എങ്ങനെയെങ്കിലും കടന്നുപോകട്ടെ എന്നായിരുന്നു
അപ്പോൾ എന്‍റെ വിചാരം. കൂടുതൽ വിഷമങ്ങൾ എന്നെ കാത്ത്
നില്ക്കുന്നുണ്ടെന്നും എനിക്കു തോന്നി.
പക്ഷേ, അയാളൊഴിഞ്ഞുപോയില്ല. പീടികയുടെ
കോലായിലേക്ക് അയാൾ കയറിവന്നു. നാട്ടുവെളിച്ചത്തിൽ
എനിക്ക് ആ ചെറുപ്പക്കാരന്‍റെ രൂപം നല്ലപോലെ
കാണാമായിരുന്നു. ഏതാണ്ടൊരാറടി നീളമുണ്ടാകും.
അതിനൊത്ത വണ്ണവും. നിറം നല്ല വെളുപ്പാണ്. നെറ്റിയുടെ
ഇടത്തേ കോണിൽ ഒരു വലിയ മറുകുണ്ട്.
മഴയുടെ ശക്തി അപ്പോഴേക്കും വളരെ കുറഞ്ഞിരുന്നു. എന്‍റെ
ആ നില്പിൽ എന്തോ പന്തികേട് അയാൾക്കു തോന്നിയിരിക്കണം.
വളരെ സൗമ്യതയോടെ അയാൾ വീണ്ടും ചോദിച്ചു:
“എവിടേക്കാണു പോകേണ്ടത്?”
എന്‍റെ കാര്യത്തിലുള്ള ആ ശുഷ്കാന്തി എനിക്കത്ര
പിടിക്കുകയുണ്ടായില്ല. ഒരുപക്ഷേ, പിഷാരടിയുടെ മറ്റൊരു രൂപം
മാത്രമായിരിക്കാം അയാൾ. ഏതായാലും ഒരു പ്രാവശ്യം
മാത്രമല്ലേ പൂച്ച കാഞ്ഞവെള്ളത്തിൽ തലകുത്തുകയുള്ളൂ!
എങ്ങനെയെങ്കിലും സൊല്ല നീങ്ങട്ടെ എന്നു കരുതി ഞാൻ
പറഞ്ഞു, എനിക്കു സ്റ്റേഷനിലേക്കാണു പോകേണ്ടതെന്നും വഴി
നിശ്ചയമില്ലെന്നും. ഒരു കളവും ഞാൻ പറഞ്ഞു—അവിടെ ഒരു
ഫാക്ടറിയിൽ ജോലി വാങ്ങിച്ചുതരാമെന്നു പറഞ്ഞ ഒരു ചങ്ങാതി
കൂട്ടിക്കൊണ്ടു വന്നതിനുശേഷം കടന്നുകളഞ്ഞുവെന്ന്.
“ഈ രാത്രി എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും?
നിങ്ങൾക്കിഷ്ടമാണെങ്കിൽ എന്‍റെ കൂടെ വരാം.”
ഞാൻ അതു തീരെ പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും
അപരിചിതനായ ഒരുവനോട് ഇത്ര ദയയോ? മനുഷ്യൻ
എന്നുമുതൽക്കാണ് ഇത്ര നന്നായത്? പക്ഷേ, ആ മുഖത്തു
നോക്കിയപ്പോൾ ഒരു ദുരുദ്ദേശ്യവും ഉള്ളതായി തോന്നിയില്ല.
നിഷ്കളങ്കതയുടെ ഒരു കണ്ണാടിയായിരുന്നു ആ മുഖം.
മഴ നിന്നു. മരത്തലപ്പുകളിൽനിന്നു മിന്നാമിനുങ്ങുകൾ
കൂട്ടത്തോടെ പ്രേമനൃത്തം ചെയ്തുകൊണ്ടിരുന്നു.
അയാൾ റോഡിലേക്കിറങ്ങി.
“നിങ്ങൾക്കു വണ്ടി നാളെ രാവിലെ മാത്രമേയുള്ളൂ.”
പറയുവാൻ കഴിയാത്ത ഏതോ ഒരു ശക്തിയുടെ പ്രേരണ
എനിക്കനുഭവപ്പെട്ടു. ഞാനും താഴത്തേക്കിറങ്ങി. ഇറവെള്ളം
തട്ടാതിരിക്കുവാൻ അയാൾ കുട ചെരിച്ചുപിടിച്ചു. ഞാൻ മുണ്ടു
മാടിക്കെട്ടി. അയാളുടെ ചുമലിൽ കൈവെച്ചു. അയാൾ എന്നെ
ശരീരത്തോടു ചേർത്തുപിടിച്ചു. അങ്ങനെ ഞങ്ങളിരുവരും ഒപ്പം
നടന്നുപോയി. വളരെക്കാലത്തെ വേർപാടിനുശേഷം
കണ്ടുമുട്ടിയ ഒരു സഹോദരനാണ് എന്‍റെ അരികിലുള്ളതെന്ന
ഒരനുഭൂതി എന്നിൽ കിളിർത്തു.
അയാൾ തന്‍റെ പേരു പറഞ്ഞു: “ഈപ്പൻ.”
ഞാനും ഒരു പേരു പറഞ്ഞു. പക്ഷേ, അതെന്‍റേതായിരുന്നില്ല.
ആ കളവിന്‍റെ സ്മരണ ഉറങ്ങാത്ത ഒരു മുറിവുപോലെ ഇന്ന്
എന്നെ വേദനിപ്പിക്കുകയാണ്!
കോളേജ് വിദ്യാർത്ഥിയായ ഈപ്പൻ ഹോസ്റ്റലിലാണു
താമസിച്ചിരുന്നത്. ഹോസ്റ്റലിന്‍റെ ഗേറ്റ് അടച്ചിരുന്നു. രാത്രി
പുറത്തു പോകരുതെന്നാണ് അവിടത്തെ ‘അച്ച’ന്‍റെ കല്പന.
പക്ഷേ, അന്നു പെരുന്നാളായതിനാൽ അല്പം ഇളവ്
അനുവദിച്ചിരുന്നു. ഈപ്പന് എന്നിട്ടും സമയത്തിനെത്താൻ
കഴിഞ്ഞില്ല.
സാധാരണ ചെയ്യുന്നതുപോലെ അന്നും ഈപ്പൻ ചെയ്തു.
ഹോസ്റ്റലിന്‍റെ ഒരു വശത്തുള്ള ആ മതിൽ കയറിമറിയുന്നതിന്
ഈപ്പൻ എന്നെയും സഹായിച്ചു. ആ രണ്ടുനിലക്കെട്ടിടം
പൂർണമായും നിശ്ശബ്ദമായിരുന്നു. എവിടെയും
വെളിച്ചമുണ്ടായിരുന്നില്ല. ഈപ്പന്‍റെ മുറി താഴത്തെ
നിലയിലായിരുന്നു. അതു പൂട്ടിയിരുന്നില്ല. ഈപ്പൻ മുറി തുറന്നു,
ലൈറ്റിട്ടു.
ഞാൻ പുറത്തു മടിച്ചുനിന്നു. ഔദാര്യത്തിനൊരതിരില്ലേ? ഒരു
മൺകൂജയിൽ വെള്ളവുമായിവന്ന് ഈപ്പൻ പറഞ്ഞു:
“കാൽ കഴുകാം—”
ഞാൻ അനുസരിച്ചു.
ചെറുതാണെങ്കിലും അടുക്കും വൃത്തിയുമുള്ള ഒരു
മുറിയായിരുന്നു അത്. രണ്ടു ബെഞ്ചുകൾ കൂട്ടിയിട്ട ഒരു കട്ടിലും
ഒരു ഈസിച്ചെയറും മേശയുമായിരുന്നു അവിടത്തെ ഫർണിച്ചർ.
മേശപ്പുറത്തുള്ള പുസ്തകങ്ങളുടെ കൂട്ടത്തിൽ ബൈബിളും
ടോൾസ്റ്റോയിയുടെ ‘ഉയിർത്തെഴുന്നേല്പു’മുണ്ടായിരുന്നു. ആകെ
രണ്ടു ചിത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു ആ മുറിയിൽ—
ഗാന്ധിജിയുടെയും കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്‍റെയും.
ഈപ്പൻ നിർബന്ധിച്ചപ്പോൾ ഞാൻ ഈറൻ മാറ്റി.
അഴുക്കുപുരണ്ട നനഞ്ഞ എന്‍റെ മുണ്ടും കുപ്പായവും മുറിയുടെ
ഒരു മൂലയിലിട്ടു. വൃത്തികെട്ട ആ വസ്ത്രങ്ങൾ ആ
പരിസരത്തിന് അല്പവും യോജിച്ചവയായിരുന്നില്ല.
കിടക്ക വിരിച്ചു സജ്ജമാക്കിയതിനുശേഷം ഈപ്പൻ പറഞ്ഞു:
“നിങ്ങൾക്കു ക്ഷീണം കാണും; വേഗം ഉറങ്ങിക്കൊള്ളൂ.”
അങ്ങനെ പറഞ്ഞ് ഈപ്പൻ ചാരുകസാലയിൽ കിടന്നു.
ആ കിടക്കയിൽ കിടക്കുവാനുള്ള യോഗ്യത
എനിക്കെവിടെനിന്നാണ്?
“ഞാൻ ഇവിടെ കിടന്നുകൊള്ളാം. ആ ബ്ലാങ്കറ്റ് കിട്ടിയാൽ
മതി.”
ഈപ്പൻ അതു സമ്മതിച്ചില്ല.
“അതു പിന്നെയാവാം—”
ഈപ്പൻ എന്നെപ്പിടിച്ചു കിടക്കയിൽ കിടത്തുകതന്നെ
ചെയ്തു. കുരുടനേയും കുഷ്ഠരോഗിയേയും ശുശ്രൂഷിച്ച
ക്രിസ്തുവിന്‍റെ ശരിയായ അനുയായിയായിരിക്കാം ആ
ചെറുപ്പക്കാരനെന്ന് എനിക്കു തോന്നി.
നാറുന്ന എന്‍റെകൂടെ കിടക്കുവാൻ ഞാനെങ്ങനെ പറയും?
എങ്ങനെ പറയാതിരിക്കും? ഞാൻ വല്ലാതെ
ധർമസങ്കടത്തിലകപ്പെട്ടു.
ഈപ്പൻ വിളക്കണച്ചു. അയാൾ കസാലയിൽ കിടന്നപാടേ
ഉറങ്ങിയിരിക്കണം. കൂർക്കംവലിക്കുന്നത് എനിക്കു
കേൾക്കാമായിരുന്നു.
ഞാനും ഉറങ്ങി. അത്ര സുഖമായി അതിനു മുമ്പൊരിക്കലും
ഞാൻ ഉറങ്ങിയിരുന്നില്ല.
ചാപ്പലിലെ പ്രഭാതപ്രാർത്ഥന കേട്ടുകൊണ്ടാണ് ഞാൻ
എണീറ്റത്. നേരം ഉദിച്ചുപൊങ്ങിയിരുന്നു.
പുറത്തു വരാന്തയിൽനിന്ന് ഈപ്പൻ ആരോടോ ഉറക്കെ
സംസാരിക്കുന്നുണ്ടായിരുന്നു. അതു വാർഡനാണെന്ന് എനിക്കു
മനസ്സിലായി. സമ്മതമില്ലാതെ ‘ഗസ്റ്റി’നെ താമസിപ്പിച്ചതിനെ
അയാൾ ചോദ്യം ചെയ്യുകയാണ്. പക്ഷേ, പെരുന്നാളിന്
നാട്ടിൽനിന്നു വന്ന അളിയൻ തന്നെ കാണാൻ വരുമ്പോൾ
ഉറങ്ങിയ ‘അച്ച’നെ വിളിച്ചുണർത്തി സമ്മതം ലഭിക്കാൻ ഈപ്പൻ
എന്തിനു തുനിയണം?
എന്‍റെ ഹൃദയത്തിൽ നന്ദി കവിഞ്ഞൊഴുകി. പക്ഷേ, ഈപ്പൻ
മുറിയിൽ വന്നപ്പോൾ അവരുടെ സംസാരം കേട്ടതായി ഞാൻ
നടിച്ചില്ല.
എന്‍റെ പെട്ടി ഞാൻ വെച്ചദിക്കിൽത്തന്നെ ഉണ്ടായിരുന്നു.
മുണ്ടും കുപ്പായവും കണ്ടില്ല. ഈപ്പൻ പണിക്കാരനെ
തിരുമ്പുവാൻ ഏല്പിച്ചിരിക്കയാണ്.
ഞാൻ അന്ന് അവിടെത്തന്നെ കഴിച്ചുകൂട്ടി. എന്‍റെ കുപ്പായം
നനച്ചാറാൻ അല്പം വൈകുകയുണ്ടായി. ഈപ്പൻ അതു
കരുതിക്കൂട്ടി ചെയ്യിച്ചതാണെന്നാണ് എനിക്കു തോന്നുന്നത്.
രാത്രിയത്തെ വണ്ടിക്കേ എന്നെ വിടൂ എന്ന് ഈപ്പനു വലിയ
നിർബന്ധമുണ്ടായിരുന്നു. ഞാൻ മുറിയിൽനിന്നു പുറത്തിറങ്ങി
നടക്കുന്നതിനേയും അവൻ തടഞ്ഞിരുന്നു!
സന്ധ്യ കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് സ്റ്റേഷനിലേക്കു
പോയത്. എന്നെപ്പറ്റി ഒന്നുംതന്നെ അറിയുവാൻ ഈപ്പൻ
അഭിലഷിച്ചില്ല. ടിക്കറ്റെടുത്തത് ഈപ്പനായിരുന്നു. എന്‍റെ
കൃതജ്ഞത സൂചിപ്പിക്കുവാൻ എനിക്കു കഴിഞ്ഞില്ല. വണ്ടി
നീങ്ങാറായപ്പോൾ ആ കൈപിടിച്ചു സ്നേഹസൂചകമായി
അമർത്തുകമാത്രം ചെയ്തു.
ശരീരത്തിലെ ഓരോ അണുവിനേയും വികാരം
ത്രസിപ്പിച്ചിരുന്ന ഒരു നിമിഷമായിരുന്നു അത്. അപ്പോൾ
വാക്കുകൾക്ക് എവിടെയാണു സ്ഥാനം?
ഈപ്പൻ ടോർച്ച് മിന്നിച്ചു വീശി, ആ വെളിച്ചം എനിക്കു കുറെ
ദൂരം വരെ കാണാൻ കഴിഞ്ഞിരുന്നു.
ഒഴിഞ്ഞ കമ്പാർട്ട്മെന്‍റിലിരുന്നു ഞാൻ തലേദിവസത്തെ
ഓരോ അനുഭവത്തെപ്പറ്റിയും ചിന്തിച്ചു.
ഉണർന്നിരുന്നുകൊണ്ടുതന്നെ ഞാൻ സ്വപ്നങ്ങൾ നിർമിച്ചു.
പെരുന്നാൾ ഘോഷയാത്ര മനസ്സിലൂടെ വീണ്ടും കടന്നുപോയി.
അക്കൂട്ടത്തിൽ അന്തോണിയുമുണ്ടായിരുന്നു. ഖാദി ധരിച്ച്’വാർ
പ്രൊപ്പഗന്‍റാ’ ചിത്രങ്ങൾ തൂക്കിയ മാന്യനേയും പിഷാരടിയേയും
ഞാൻ കണ്ടു. ആറാട്ടുപുഴ പൂരത്തെക്കുറിച്ചു മേനിപറഞ്ഞ
ചെറുക്കനും കരിക്കട്ടകൊണ്ടു മുദ്രാവാക്യമെഴുതിയ കുട്ടിയും
എന്നെ തിരിച്ചറിഞ്ഞു! ഈപ്പൻ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ സ്വയം ചോദിച്ചു: ‘എന്നാണ് എന്‍റെ നാട് നന്നാവുക?’
അതൊക്കെ കഴിഞ്ഞിട്ട് ഒമ്പത് വർഷങ്ങളായി. ഈപ്പൻ ഇന്നു
ജീവിച്ചിരിപ്പില്ല. സമരത്തിലേർപ്പെട്ട ഒരു ഭടനാണ് ഞാനെന്ന്
ഈപ്പന് അന്നു മനസ്സിലായിരിക്കുമോ? അങ്ങനെ ഞാൻ
പലപ്പോഴും സംശയിക്കാറുണ്ട്. അല്ലെങ്കിൽ... എന്തിനു
ഞാനങ്ങനെ സംശയിക്കണം?
മനുഷ്യന്‍റെ വില ഇനിയും ഇടിഞ്ഞുവെന്നു വരും. എങ്കിലും
ഞാൻ നിരാശനാവില്ല. ഈപ്പനെപ്പോലെയുള്ളവർ എന്തുകൊണ്ട്
ഇനിയുമുണ്ടായിക്കൂടാ? അവർ ഏതു കൂരിരുട്ടിലും
പ്രകാശത്തിന്‍റെ മേഖല ചമയ്ക്കുവാൻ കഴിയുന്ന
കൈത്തിരികളാണ്.
ത്യാഗത്തിന്‍റെ രൂപങ്ങൾ

ഉറുവയിലെ ഏകാന്താശുപത്രിയിലെ മൂന്നാം ബ്ലോക്കിലാണ്


ഞാൻ കിടക്കുന്നത്. ഈ മുറിയിൽ ഞാൻ തനിച്ചാണ്.
ഉണ്ടായിരുന്നു വേറെയും രണ്ടുപേർ. പക്ഷേ, ഇന്നലെയും
മിനിഞ്ഞാന്നുമായി അവരോരോരുത്തരും മരിച്ചു. എനിക്കും
ഇപ്പോൾ പേടി തോന്നുന്നു. ഇവിടെ ഇങ്ങനെ കിടക്കുവാൻ
തുടങ്ങിയിട്ട് ഇത് ഏഴാമത്തെ ദിവസമാണ്.
വീട്ടിലേക്കെഴുതിയിരുന്നു. എങ്കിലും ആരും വന്നു കാണുന്നില്ല.
ഒരുപക്ഷേ, എന്‍റെ എഴുത്തവിടെ എത്തിയിട്ടില്ലായിരിക്കാം.
ഈ വൈക്കോൽക്കിടക്കയിൽ കിടന്നുകൊണ്ട് തുറന്നിട്ട
ജനലിലൂടെ നോക്കിയാൽ പുറത്തു നടക്കുന്നതൊക്കെ
കാണുവാൻ കഴിയും. ഉറുവ മാർക്കറ്റിൽ തിരക്കുള്ള സമയമാണ്.
ഒരിക്കലും നിലയ്ക്കാത്ത ജനക്കൂട്ടത്തിന്‍റെ പ്രവാഹമാണ് ആ
നിരത്തുകളിൽ. ബ്ലോക്കുകളിലും ഷെഡ്ഡുകളിലുമായി ഇവിടെ
കിടന്നു നരകിക്കുന്ന എഴുപതോളം രോഗികളുടെ
‘യോഗഭാഗ്യ’ങ്ങളെക്കുറിച്ച് അവർ ചിന്തിക്കുന്നുണ്ടാവുമോ?
ജീവചൈതന്യം നൽകുന്ന കുളിർകാറ്റുപോലെ ഹെലൻ
മുറിയിലേക്കു കടന്നുവന്നു. ഞാൻ അപ്പോൾ
മയങ്ങിക്കിടക്കുകയായിരുന്നു. വസൂരി മണികൾ
പഴുത്തുകിടക്കുന്ന എന്‍റെ നെറ്റിയിൽ കൈവെച്ചുകൊണ്ട്
അവൾ വിളിച്ചു: “ഓ, ഭായി...”
ആ കരസ്പർശം ശീതളമായിരുന്നു; ആ വിളി മധുരവും.
റൊട്ടിയും പാലും ഷെൽഫിൽ ഭദ്രമായടച്ചുവെച്ചതിനുശേഷം
അവൾ മുറിയിൽനിന്നു പോകാൻ ഭാവിക്കയായിരുന്നു.
അപ്പോഴാണ് ഒരു വല്ലായ്മയോടെ ഞാൻ വിളിച്ചത്: “ഹെലൻ!”
അവൾക്കു ബദ്ധപ്പാടുണ്ടായിരുന്നു. അവൾക്ക്
എന്‍റെയടുക്കൽ മാത്രം വന്നാൽ പോരാ. വേറെയും എത്രയോ
രോഗികളുണ്ട് എന്നെപ്പോലെ! ഹെലൻ അവർക്കൊക്കെ
വൈകുന്നേരത്തെ ആഹാരമെത്തിക്കുകയാണ്.
അവൾക്കേറ്റവും തിരക്കുള്ള സമയമാണത്. എങ്കിലും ഞാൻ
വിളിച്ചപ്പോൾ അവൾ മടങ്ങിവന്നു.
“നിങ്ങൾ എന്നെ വിളിച്ചു, അല്ലേ—?”
“ഹെലൻ, എനിക്കിവിടെനിന്നു വേഗമൊന്നു പോകാൻ
കഴിഞ്ഞെങ്കിൽ—!” എല്ലാ രോഗികളും പറയാറുള്ള ആ പരാതി
ഞാനും പറഞ്ഞു. അത്തരം പരാതികളും നിവേദനങ്ങളും എത്ര
കേട്ടുകഴിഞ്ഞതല്ല അവൾ! പുഞ്ചിരിച്ചുകൊണ്ട് ഹെലൻ
ശാന്തഭാവത്തിൽ പറഞ്ഞു: “നിങ്ങൾക്കു വേഗത്തിൽ
സുഖപ്പെടും.”
“എത്ര ദിവസംകൂടി വേണ്ടിവരും?”
“അല്പം ക്ഷമിക്കൂ... അല്പം.” അങ്ങനെ പറഞ്ഞ് അവൾ
പുറത്തേക്കു പോയി.
വല്ലാത്തൊരു മ്ലാനത. ദേഹമാസകലം നീറുന്നു. ഒരിഞ്ചു
സ്ഥലം പോലും ബാക്കിയില്ല അതു പൊന്താതെ. ഇതെന്തൊരു
സങ്കടമാണ്! ഈ നിലയിൽ എത്ര ദിവസംകൂടി
കഴിച്ചുകൂട്ടേണ്ടിവരും?
വെള്ളം നിറച്ചുവെച്ച തൊട്ടിയിൽ ഞാൻ നോക്കി. എന്‍റെ
മുഖം! ഈശ്വരാ, എനിക്കെന്നെത്തന്നെ വിശ്വസിക്കാൻ
കഴിയുന്നില്ലല്ലോ. നിറച്ചും പൊന്തിയിരിക്കുന്നു. അവ
പഴുത്തുകിടക്കുകയാണ്. ഇമിറ്റേഷൻ മുത്തുകൾ
വാരിവിതറിയപോലെയുണ്ട്. സുഖക്കേടു മാറിയാലും കലകൾ
അവിടെത്തന്നെ നിൽക്കുമോ? എന്നാൽ എന്‍റെ കഥ തീർന്നു.
അന്തിയായി. വരദൻ വന്നു റാന്തൽ കത്തിച്ചു മുറിയിൽ
തൂക്കി. വരദൻ ഇവിടത്തെ തോട്ടിയാണ്. അവന്‍റെ
ജാതിയിൽപെട്ടവർ ആണായും പെണ്ണായും ഇവിടെ
വളരെപ്പേരുണ്ട്. അവരില്ലെങ്കിൽ ഉറുവയുമില്ല,
ആശുപത്രിയുമില്ല. ജീവനുള്ളപ്പോൾ ശുശ്രൂഷിക്കേണ്ടതും ജീവൻ
പോയാൽ നീക്കം ചെയ്യേണ്ടതും അവരാണ്.
ഈ തോട്ടികൾ! അവർക്കു പേടിയില്ലേ? എന്തോ! പക്ഷേ,
അവർക്കും ചിലപ്പോൾ ഈ സുഖക്കേടു വരുന്നുണ്ട്. അവരും
മരിക്കുന്നുണ്ട്. എന്നാലും പിന്നെയും ഈ പണിക്ക് അവർ
ഇവിടെ നിൽക്കുന്നു. വലിയവരാരും ഇതിനു വരില്ലല്ലോ!
രാത്രിയിലെ കഞ്ഞിയുംകൊണ്ട് കമ്പൗണ്ടരുടെ വീട്ടിൽനിന്നും
ഹെലനും കൂട്ടരും പുറപ്പെട്ടു. ആ കാണുന്ന വിളക്ക്
അവരുടേതാണ്. ചാർലി ഉപ്പിലിട്ടതെടുക്കും. ഹെലനും മേരിയും
കഞ്ഞിയും. ഏഴു ബ്ലോക്കിലും രണ്ടു ഷെഡ്ഡുകളിലുമായി
എഴുപതിൽച്ചില്വാനം രോഗികൾക്ക് അവർ
വിളമ്പിക്കൊടുക്കണം. അവരുടെ കൈ നോവില്ലേ?
എപ്പോഴാണവരുറങ്ങുക? പുലർച്ചയ്ക്കു മുമ്പേ എണീറ്റു വീണ്ടും
രോഗികളുടെ ആഹാരത്തിന്‍റെ കാര്യം നോക്കണം.
പതിവുപോലെ കമ്പൗണ്ടരും ഭാര്യയും രാത്രിയിലെ
മരുന്നുതന്ന് ഏതാനും സാന്ത്വനവാക്കുകളും തമാശകളും
പറഞ്ഞുപോയി. എന്തൊരു ക്ഷമയും പാകതയുമാണ് അവർക്ക്.
രോഗത്തിന്‍റെ സ്ഥിതിയനുസരിച്ച് പലർക്കും പലതരത്തിലുള്ള
മരുന്നുകളാണ് കൊടുക്കേണ്ടത്. അതു പിഴച്ചാൽ കാര്യവും
തീർന്നു. പക്ഷേ, അവർക്കൊരിക്കലും പിഴയ്ക്കാറില്ല.
ഒരു നാഴികമണിയുടെ സൂചികളെപ്പോലെ ഭദ്രമായും
കൃത്യമായും അവർ ജോലിയെടുക്കും. അവരൊരു പരാതിയും
പറയാറില്ല. പണ്ടൊക്കെ അവർ തനിച്ചായിരുന്നു. ഇപ്പോൾ
മുതിർന്ന മക്കളുമുണ്ട് സഹായത്തിന്—ചാർലിയും ഹെലനും
മേരിയും. എല്ലാ കൊല്ലങ്ങളിലും ഈ വ്യാധി ഇവിടെ
ഉണ്ടാകാറുണ്ടെന്നാണ് കമ്പൗണ്ടർ പറയുന്നത്.
എനിക്കുറക്കം തീരെ വരുന്നില്ല. എന്തൊരുഷ്ണമാണ്! ഈ
വൈക്കോൽക്കിടക്കയിൽ കിടക്കുമ്പോൾ ശരീരം മുഴുവൻ
നോവുന്നു. പുറത്തു നല്ല കാറ്റുണ്ട്. വരാന്തയിൽ കുറച്ചുനേരം
ചെന്നുനില്ക്കുന്നതുകൊണ്ട് തരക്കേടൊന്നുമില്ല.
കമ്പൗണ്ടർ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. അയാളുടെ
മുറിയിൽ വെളിച്ചം കാണുന്നുണ്ട്. ഒരുപക്ഷേ, ബൈബിൾ
വായിക്കുകയായിരിക്കാം. ഞായറാഴ്ച പള്ളിയിൽ പോകാൻ
അയാൾക്ക് ഇടകിട്ടാറില്ല. പോകാനൊട്ടാശിക്കാറുമില്ല. എങ്കിലും
എന്തൊരു ഭക്തിയാണ് ആ മനുഷ്യന്! —കുരുടനെയും
കുഷ്ഠരോഗിയേയും ശുശ്രൂഷിച്ച യേശുവേക്കുറിച്ച്
സംസാരിക്കുമ്പോൾ അയാൾ കരഞ്ഞുപോയത്
എനിക്കനുഭവപ്പെട്ട കാര്യമാണ്.
ഞാൻ ആലോചിക്കുകയാണ്—ഒരൊറ്റ വീടുപോലും
ബാക്കിയില്ല. എവിടെയും വസൂരിയുണ്ട്. മരണവും
കുറച്ചൊന്നുമല്ല. ഈ മഹാമാരിക്കൊരു മറുമരുന്നില്ലേ?
ഇപ്പോൾത്തന്നെ മുനിസിപ്പാലിറ്റിക്ക് നല്ലൊരു തുക
ചെലവായിക്കഴിഞ്ഞു. അറിവു കിട്ടുന്നിടത്തുനിന്നൊക്കെ
രോഗികളെ തേടിപ്പിടിച്ച് അവർ ഇവിടെ എത്തിക്കുന്നുണ്ട്.
ആളുകൾ നിത്യവും വന്നുകൊണ്ടിരിക്കുന്നു. ബ്ലോക്കുകളിൽ
കൊള്ളാതായപ്പോൾ അവർ ഷെഡ്ഡുകൾ കെട്ടി. പക്ഷേ,
കമ്പൗണ്ടർക്കും കുടുംബത്തിനും അങ്ങേയറ്റം എത്രപേരെ
ശുശ്രൂഷിക്കാൻ കഴിയും?
തലവേദനയും പനിയും സഹിച്ചുകൂടാതായപ്പോഴാണ് ഞാൻ
ഗവണ്മെന്‍റാശുപത്രിയിൽ പോയത്. അവിടെ മൂന്നു ദിവസം
കിടക്കേണ്ടിവന്നു. ടെമ്പറേച്ചർ നൂറ്റിയാറ് ഡിഗ്രിയോളം
ഉയർന്നിരുന്നു. നാലാം ദിവസം രാവിലെ പനി നോർമലായി.
ഞാൻ സന്തോഷിച്ചു. എനിക്കിവിടെനിന്നും വേഗം പോകാമല്ലോ?
രാത്രി തുടയിലും മുഖത്തുമൊക്കെ ചൊറിഞ്ഞിരുന്നു.
രാവിലെ നോക്കിയപ്പോൾ അവിടെയൊക്കെ ചെറിയ
ഉണലുകൾപോലുള്ള പാടുകൾ കണ്ടു. കൊതുകു
കടിച്ചതായിരിക്കുമെന്നു സമാധാനിച്ചു. പക്ഷേ, ഡോക്ടർ
വന്നപ്പോഴാണ് കാര്യം മനസ്സിലായത്. എന്‍റെ മുഖത്ത് അല്പ നേരം
സൂക്ഷിച്ചുനോക്കിയതിനുശേഷം അയാൾ പറഞ്ഞു:
“പേടിക്കേണ്ട, വസൂരിയാണ്…”
വസൂരി! അതു കേട്ടപ്പോൾ ഞാനൊന്നു നടുങ്ങി. ഡോക്ടർ
കുപ്പായം പൊക്കി അവിടെയിവിടെയൊക്കെ നോക്കി.
വസൂരിതന്നെ, സംശയിക്കാനില്ല. ഇനി ഞാൻ എന്താണ്
ചെയ്യുക?
“നിങ്ങളെ ഇവിടെ കിടത്തുവാൻ നിവൃത്തിയില്ല. ഒന്നുകിൽ
നിങ്ങൾ വീട്ടിലേക്കു പോകണം. അല്ലെങ്കിൽ ഐസലേഷൻ
ഹോസ്പിറ്റലിൽ പോയേ പറ്റൂ...”
ഞാൻ പരുങ്ങലിലായി. ഇവിടെ നോക്കുവാൻ ആരുമില്ല.
അഥവാ ഉണ്ടെങ്കിൽത്തന്നെ മുനിസിപ്പാലിറ്റിക്കാർ അറിഞ്ഞാൽ
കുറ്റവുമാണ്. നാട്ടിലേക്കു പോവാൻ എന്നെക്കൊണ്ടാവില്ല.
ഏകാന്താശുപത്രിതന്നെ ശരണം. എന്‍റെ നിശ്ചയം കേട്ടപ്പോൾ
ഡോക്ടർ ഒരിക്കൽക്കൂടി പറയുകയുണ്ടായി: “അവിടെ കുറച്ചു
ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നുവെന്നു വരാം. നിങ്ങൾ
അധൈര്യപ്പെടുകയില്ലല്ലോ?”
ഇല്ല. ഞാനധൈര്യപ്പെടില്ല. ഞാനുറച്ചുകഴിഞ്ഞിരുന്നു.
ഉറുവയിലെ മൈതാനങ്ങളൊന്നിൽ വലിയൊരു കെട്ടിടം.
അവിടെ കുറേ രോഗികളും അവരെ ശുശ്രൂഷിക്കാൻ
ഡോക്ടർമാരും സ്റ്റാഫുകളും നേഴ്സുമാരും. എന്‍റെ
ഭാവനയിലുണ്ടായിരുന്ന ഏകാന്താശുപത്രിയായിരുന്നു അത്.
ഏതാണ്ടിതുപോലെയൊക്കെത്തന്നെ. പിന്നെ ഞാനെന്തിനു
മടിക്കണം?
ആംബുലൻസ് വന്നു. ഞാൻ അതിൽ കയറി. ഉച്ചവെയിലിന്‍റെ
കാഠിന്യത്തിൽപോലും തിരക്കൊഴിയാത്ത തെരുവുകളിലൂടെ
അത് ഉറുവയിലേക്കു കുതിച്ചു. ആംബുലൻസിൽ
എന്നെക്കൂടാതെ കറുത്ത വൃത്തികെട്ട ഒരു
പെണ്ണുമുണ്ടായിരുന്നു. കാർ വളവുകളും തിരിവുകളും കടന്നു
പോകുമ്പോൾ അതു പേടിച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
ആംബലുൻസ് ഒരിടത്തു നിന്നപ്പോൾ ഞാൻ പുറത്തേക്കു
നോക്കി. ഒരു തെളിസ്ഥലത്ത് ഏതാനും ചെറിയ ബ്ലോക്കുകളും
ഷെഡ്ഡുകളും. അവയിലൊന്നിന്‍റെ മുമ്പിലാണ് ഞങ്ങൾ
നിൽക്കുന്നത്. ആംബുലൻസിനു ചുറ്റും അശോകവനികയിലെ
സീതയ്ക്കു കാവൽ നിന്നവരുടെ ചില കൂട്ടുകാർ വന്നുനിന്നു.
അപ്പോൾ, അതാണ് ഐസലേഷൻ ഹോസ്പിറ്റൽ! എന്‍റെ
ഹൃദയം ഉറക്കെ മിടിച്ചു. ഡോക്ടറുമില്ല, നേഴ്സുമില്ല. വരദന്‍റെ
കൂട്ടുകാർ ഒരു കൗതുകവസ്തുവെപ്പോലെ എന്നെ
നോക്കുന്നുണ്ടായിരുന്നു. അവരുടെ ഭാഷ എനിക്കു നിശ്ചയമില്ല;
എന്‍റെ ഭാഷ അവർക്കും!
സാമാന്യം ഭേദപ്പെട്ട നിലയിൽ വസ്ത്രധാരണംചെയ്ത ഒരു
സ്ത്രീ അപ്പോൾ അവിടെയെത്തി. എന്നെ അവരെ ഏല്പിച്ചശേഷം
ആംബുലൻസ് പോയി. എന്‍റെ കഷ്ടസ്ഥിതി കേട്ടപ്പോൾ
അവർക്കു സങ്കടം തോന്നി. അപ്പോൾ അവരുടെ ഭർത്താവും
അവിടെ വന്നു—കമ്പൗണ്ടർ.
അവിടത്തെ സ്ഥിതിഗതികൾ അവർ എനിക്കു
വിവരിച്ചുതന്നു. അതു കേൾക്കുന്നതിനു മുമ്പായിത്തന്നെ
എനിക്കു ക്ഷീണം വർധിക്കുവാൻ തുടങ്ങിയിരുന്നു. കേട്ടപ്പോൾ
മുഴുവനുമായി. ബ്ലോക്കുകളിൽ നിറയെ രോഗികളുണ്ട്. ഷെഡ്ഡിൽ
മാത്രമേ സ്ഥലമുള്ളു!
ആ ഷെഡ്ഡ്! ജീവിതത്തിൽ ആദ്യമായി ഞാൻ
വസൂരിരോഗികളെ കാണുകയായിരുന്നു. ഉണങ്ങി
വിണ്ടുകിടക്കുന്ന കൈപ്പാടുനിലങ്ങൾ പോലുള്ള അവരുടെ
ശരീരം; —ആ വാതില്ക്കൽ ഞാൻ നിരാലംബനായി ഇരുന്നു.
എന്‍റെ കണ്ണുകളിൽനിന്നു വെള്ളം അടർന്നുവീണുകൊണ്ടിരുന്നു.
അമ്മയേയും വീട്ടിലുള്ളവരേയും ഞാനോർമിച്ചു.
രോഗബീജങ്ങൾ പരക്കാതിരിക്കാൻ ഷെഡ്ഡിനു നാലുപുറവും
വിതറിയ കുമ്മായത്തിൽ മൂത്രം ചേരുമ്പോഴുണ്ടാകുന്ന ദുർഗന്ധം
എന്നെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു.
അങ്ങനെ ആ രാത്രി ഷെഡ്ഡിൽ കഴിച്ചുകൂട്ടി. വേറെ ഒരു
പോംവഴിയുമില്ലായിരുന്നു. അവിടത്തെ അനുഭവങ്ങൾ! വേണ്ട.
അതൊന്നും പറയാതിരിക്കയാണു നല്ലത്. ഇതിനുമുമ്പും
എത്രയോ പേർക്ക് അനുഭവപ്പെട്ടിട്ടുള്ളതാണ്! ഇനി
അനുഭവപ്പെടുകയുംചെയ്യും.
ദയാലുവായ കമ്പൗണ്ടർ മൂന്നാം ബ്ലോക്കിലെ ഒരു
മുറിയിലേക്ക് എനിക്ക് വേഗത്തിലൊരു സ്ഥലംമാറ്റം
തന്നിരുന്നില്ലെങ്കിൽ എന്‍റെ സ്ഥിതി കഷ്ടത്തിലാകുമായിരുന്നു.
ഇവിടെയും ബുദ്ധിമുട്ടുകളും വല്ലായ്മകളും ഇല്ലെന്നല്ല;
ഷെഡ്ഡിനെ അപേക്ഷിച്ചു നന്നെന്നു മാത്രം.
മരുഭൂമിയുടെ ഇടയിലുള്ള പച്ചപോലെയാണ് ബ്ലോക്കുകളുടെ
നടുവിലുള്ള കമ്പൗണ്ടറുടെ വീട്. ആ പച്ച ഉണങ്ങിയാൽ
ഇവിടത്തെ ജീവിതവും അസ്തമിച്ചു. കമ്പൗണ്ടർക്ക് കോട്ടും
കളസവും ഒന്നുമില്ല, ഡിഗ്രിയുമില്ല. പക്ഷേ, ഇവിടെ എല്ലാവർക്കും
അയാളെ വലിയ കാര്യമാണ്. സന്ദിഗ്ദ്ധാവസ്ഥയിലുള്ള
രോഗികളെ ചിലപ്പോൾ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന്
അയാൾ ശുശ്രൂഷിച്ചെന്നുവരും. മനുഷ്യൻ പുഴുപോലെ
പിടഞ്ഞുമരിക്കുന്നത് അയാൾ കാണാൻ തുടങ്ങിയിട്ട്
വർഷങ്ങളേറെയായി. എന്നിട്ടും ഇപ്പോഴും ആ കാഴ്ച
കാണുമ്പോൾ അയാളുടെ കണ്ണിൽ വെള്ളം നിറയാറുണ്ട്. ചിലർ
പറയാറുണ്ട്, അയാളൊരു ദുർബലഹൃദയനാണെന്ന്;
ആയിരിക്കാം.
ഒരിക്കൽ ധനികനായ ഒരു പുകയിലക്കച്ചവടക്കാരൻ രോഗം
മാറി പോകുമ്പോൾ ചാർലിക്കു രണ്ടു രൂപ സന്തോഷിച്ചു
കൊടുക്കുകയുണ്ടായി. അവൻ
ആവശ്യപ്പെട്ടിട്ടൊന്നുമായിരുന്നില്ല. പക്ഷേ, കമ്പൗണ്ടർ അത്
മടക്കിക്കൊടുപ്പിച്ചു. അവർ വേല ചെയ്യുന്നതിന്
മുനിസിപ്പാലിറ്റിയിൽനിന്നു ശമ്പളം പറ്റുന്നുണ്ട്. പിന്നെ
എന്തിനാണ് ആളുകളിൽ നിന്ന് പ്രതിഫലം വാങ്ങുന്നത്? അതു
തെറ്റല്ലേ? കമ്പൗണ്ടർ അങ്ങനെയാണു പറഞ്ഞത്. ഈ
ശമ്പളത്തിന്‍റെ കാര്യം അത്തരം സന്ദർഭങ്ങളിലൊക്കെ അയാൾ
പറയാറുള്ളതാണ്. പക്ഷേ തുകയെത്രയാണെന്നു ചോദിച്ചാൽ
ചിരിച്ചുകൊണ്ട് അയാൾ ഒഴിഞ്ഞുകളയും. അധികമൊന്നും
കാണില്ല; തീർച്ച.
കമ്പൗണ്ടരുടെ വീട്ടിലും വിളക്കണച്ചു. പക്ഷേ, ഏഴാം
ബ്ലോക്കിലേക്കായിരിക്കണം, റാന്തലുമെടുത്ത് അയാൾ
പോകുന്നുണ്ട്. ഓ, ശരി തന്നെ. ആ വയസ്സൻ കൊങ്ങിണി.
അയാളുടെ സ്ഥിതി വലിയ സംശയത്തിലാണ്. ഇന്നു
കഴിയുമെന്നു തോന്നില്ല. ദേഹമാകെ വിണ്ടിരിക്കുന്നതിനാൽ
ചേമ്പിലയിലാണ് കിടത്തിയിരിക്കുന്നതെന്നാണ് വരദൻ
പറഞ്ഞത്. വലിയ പണക്കാരനാണുപോലും. പക്ഷേ,
എന്നിട്ടെന്താണ്? ഇന്നലെ അയാളുടെ വീട്ടുകാർ വന്നിരുന്നു.
മാർക്കറ്റിനടുക്കലാണ് കാർ നിർത്തിയത്. ‘വാടക’യ്ക്കെടുത്ത
ഒരു നോക്കുകാരനെ മാത്രം ഇങ്ങോട്ടേക്കയച്ചു. പകരുന്ന
വ്യാധിയല്ലേ?
നേരം വളരെയായെന്നു തോന്നുന്നു; എനിക്കുറങ്ങണം.
ആഴ്ചയൊന്നു കഴിഞ്ഞു. ഇഴഞ്ഞിട്ടാണെങ്കിലും ദിവസങ്ങൾ
നീങ്ങുന്നുണ്ട്. ഇവിടെ വന്നിട്ട് പതിന്നാലു ദിവസമായി. ഇന്നലെ
ഞാൻ കുളിച്ചു. രണ്ടു ദിവസംകൂടി കഴിഞ്ഞാൽ ഞാൻ
ഇവിടെനിന്നു പോകും.
ഇന്നു രാവിലെ ഒരു സംഭവമുണ്ടായി. പുതിയ ഷെഡ്ഡിൽ
ഇന്നലെ ഒരു കുട്ടിയെ കൊണ്ടുവന്നിരുന്നു. അവന്‍റെ നിലവിളി
നിമിത്തം രാത്രി ആരും ഉറങ്ങിയിട്ടുണ്ടായിരിക്കില്ല. ഒരു
വല്ലാത്തതരം സുഖക്കേടാണെന്നാണ് പറഞ്ഞത്. വായിൽനിന്നും
മൂക്കിൽനിന്നുമൊക്കെ ചോര പോയിരുന്നുവത്രെ!
ഏതോ ഒരു സ്ത്രീ ഷെഡ്ഡിനു മുമ്പിലിരുന്നു കരയുന്നതു
കണ്ടപ്പോഴാണ് ഞാൻ വരദനെ വിളിച്ചന്വേഷിച്ചത്.
തലയാട്ടിക്കൊണ്ട് ഒരു മരവിച്ച സ്വരത്തിൽ അവൻ പറഞ്ഞു:
“ഡെഡ് ബോഡി സാർ ഡെഡ്ബോഡി”
ഈ കാഴ്ച ഇവിടെ അപൂർവമാണ്. മരിച്ചാൽ ആരും
വരാറില്ല. ആ സ്ത്രീയുടെ അഞ്ചു മക്കളിൽ ഒടുവിലത്തവനാണ്
പോയത്. ഇതിനു മുമ്പുള്ള നാലുപേരുടെ മരണവും
വസൂരിയാൽത്തന്നെയായിരുന്നുപോൽ. പാവം ആ അമ്മ എത്ര
വേദന തിന്നുകാണും!
രാവിലത്തെ പാലും റൊട്ടിയുംകൊണ്ട് ഹെലൻ അപ്പോൾ
മുറിയിലെത്തി. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ആ
സ്ത്രീയുടെ അടുക്കൽനിന്നായിരിക്കാം അവൾ വരുന്നത്.
ഞങ്ങൾ ഒന്നും സംസാരിച്ചില്ല. പോകുമ്പോൾ മുത്തുപോലുള്ള
ഒരു കണ്ണീർക്കണം ‘ട്രേ’യിലുള്ള റൊട്ടിക്കഷണത്തിൽ വീഴുന്നതു
ഞാൻ കണ്ടു.
വൈകുന്നേരം രണ്ടു സ്ത്രീകളും ഒരു പുരുഷനും
കമ്പൗണ്ടറുടെ വീട്ടിൽ വന്നിരുന്നു. കുറച്ചുയർന്ന
നിലയിലുള്ളവരാണെന്നു തോന്നുന്നു. ഇതുവരെ
അത്തരക്കാരൊന്നും അവിടെ വരുന്നതു ഞാൻ കണ്ടിട്ടില്ല.
അവർ പോകുമ്പോൾ കമ്പൗണ്ടറോട് എന്തോ പറയുന്നതും
അമ്മയുമച്ഛനും തലകുനിച്ചുനിൽക്കുന്ന മകളെ
വിഷാദഭാവത്തിൽ നോക്കുന്നതും ഞാൻ കാണുകയുണ്ടായി.
കമ്പൗണ്ടർ വന്നപ്പോൾ ഒരു തമാശയെന്നോണം ഞാൻ
ചോദിച്ചു: “എന്താ സാർ, മകൾക്കൊരു
വിവാഹാലോചനയൊക്കെയുണ്ടെന്നു തോന്നുന്നല്ലോ?”
അയാൾ ഒന്നും പറഞ്ഞില്ല. എന്തോ
ആലോചിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ നിരാശയും
വ്യസനവും നിറഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു:
“ഞാൻ പറഞ്ഞു സാർ, അവളോട്. ഏറിവന്നാൽ എത്ര
കൊല്ലംകൂടി ഞങ്ങൾ ഇവിടെ ജീവിക്കും? നമ്മുടെ കാലശേഷവും
ഇവിടെ ഈ രോഗം കാണും; തീർച്ച. അപ്പോഴും ആളുകളെ
ശുശ്രൂഷിക്കുവാൻ നമ്മളിവിടെത്തന്നെയുണ്ടാവുമോ? ഇല്ല.
നമ്മൾ പോയാൽ വേറെയാരെങ്കിലും വരും; അവരും മരിക്കും.
അവർക്കുശേഷവും ആളുകൾ വരും. അങ്ങനെയൊക്കെയല്ലേ!”
അയാൾ പെട്ടെന്നു പറഞ്ഞുനിർത്തി. ആ മുഖത്തു ചിന്തയുടെ
ചുളിവുകൾ വീഴുന്നുണ്ടായിരുന്നു. വിദൂരതയിലേക്കു
നോക്കിക്കൊണ്ട് ആ പിതാവു തുടർന്നു:
“ഞാൻ പിന്നെ അവളോട് അധികമൊന്നും പറഞ്ഞില്ല.
പറഞ്ഞാൽ അവൾ കരയും. അങ്ങനെയാണ് അവളുടെ
പ്രകൃതം. അനുജത്തിയും ഏട്ടത്തിയെ കണ്ടുപഠിക്കാനാണു
ഭാവം. എന്‍റെ കണ്ണടയുന്നതിനു മുമ്പായി അവളെ ഒരു
തണലിലാക്കണമെന്നായിരുന്നു മോഹം. ഉം, ഉം.”
കഞ്ഞിയുംകൊണ്ടു രാത്രി വന്നപ്പോൾ കമ്പൗണ്ടർ പറഞ്ഞ
കാര്യത്തെക്കുറിച്ച് ഹെലനോടു
ചോദിക്കണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ, പാതി വിടർന്ന
ഒരു പൂവിന്‍റെ പരിശുദ്ധിയും കാന്തിയുമുള്ള ആ കന്യകയോട്
എങ്ങനെയാണ് അതിനെപ്പറ്റി ഞാൻ പറയുക? എനിക്കു
വാക്കുകളില്ലാതായി.
നിഷ്കളങ്കതയുടെ മുദ്രപതിഞ്ഞ ഒരു പുഞ്ചിരി
സമ്മാനിച്ചുകൊണ്ട് അവൾ പോയപ്പോൾ ഞാൻ ആലോചിച്ചു:
‘ഹെലനിലും കാണില്ലേ സ്ത്രീസഹജമായ വികാരങ്ങളും
അനുഭൂതികളും?—വസൂരിയുടേയും കോളറയുടെയും
ഇടയിൽക്കിടന്നു വാടുവാൻ മാത്രമുള്ളതാണോ അവളുടെ
ജീവിതം—?’
മഴ പെയ്തിരുന്നുവെങ്കിലും ഉഷ്ണത്തിനു യാതൊരു
ശമനവുമില്ല. സന്തോഷം നിമിത്തം ഇന്നു രാത്രി
എനിക്കുറങ്ങുവാൻ കഴിയുമോ എന്നു സംശയമാണ്. ഈ
കൂട്ടിൽനിന്നു നാളെ ഞാൻ ബാഹ്യലോകത്തിലേക്കു
പറന്നുപോകുമല്ലോ. എങ്കിലും എനിക്കൊരു വല്ലായ്മ
അനുഭവപ്പെടുന്നു. ആ വീട്ടിലേക്കു നോക്കുമ്പോൾ
അകാരണമായ ഒരു വിഷാദം എന്നിൽ ഊറിക്കൂടുന്നു.
ത്യാഗത്തിന്‍റെ രൂപങ്ങൾ!—
ആ കുടുംബത്തിന്‍റെ കാലശേഷം ഈ ജോലി
ഏറ്റെടുക്കാനാരെങ്കിലുമുണ്ടാകുമോ?—ഒരുപക്ഷേ, ശമ്പളം
കുറഞ്ഞ ഈ പ്രവൃത്തിക്ക് ആരും വന്നില്ലെന്നു വന്നേക്കും!
ആ വീട്ടിൽ ഇനിയും വിളക്കണച്ചിട്ടില്ല. കമ്പൗണ്ടർ ബൈബിൾ
വായിക്കുകയായിരിക്കും.
ശേഖൂട്ടി

മരണത്തിന്‍റെ നിഴലിൽ നിസ്സഹായനായ ആ നായ മൂന്നു


രാപ്പകൽ കഴിച്ചുകൂട്ടി.
നിരത്തുവക്കത്തുള്ള ഒരു മാവിന്‍റെ ചുവട്ടിലാണ് ‘ശേഖൂട്ടി’
തളർന്നു വീണത്. അവിടെനിന്ന് അവൻ പിന്നീട്
എഴുന്നേൽക്കുകയുണ്ടായില്ല.
അവിടെ നിരത്തിനു വലിയൊരു വളവുണ്ട്. ഒരു വശത്തു പൂഴി
നിറഞ്ഞ തരിശുനിലമാണ്. ഇടയ്ക്കിടെ, വെയിലേറ്റു മുരടിച്ച
ചെടികളോടുകൂടി, കണ്ണെത്താവുന്ന ദൂരത്തോളം അതു പരന്നു
കിടക്കുന്നു. കെട്ടിടമെന്നു പറയാൻ അവിടെ അധികമൊന്നുമില്ല.
ഉള്ളതിൽ വലുത് ഒരു കരുവാന്‍റെ ആലയാണ്. നിരത്തിന്‍റെ
അങ്ങേവശത്തായി ഇരുകരയിലും തഴച്ചുനിൽക്കുന്ന
കൈതകളോടുകൂടിയ ഒരു തോടുണ്ട്. വർഷത്തിലെ പ്രഭാവം
സ്വപ്നംകാണാനേ ആ തോടിന് ഇന്ന് നിവൃത്തിയുള്ളു. ഒഴുക്കു
നിലച്ചു വെള്ളം അവിടവിടെയായി കെട്ടിനിൽക്കുന്നു.
മറ്റൊരവസരത്തിലായിരുന്നെങ്കിൽ ‘ശേഖൂട്ടി’ ആ
കാഴ്ചകളോരോന്നും നോക്കി രസിച്ചേനേ. പുതുതായി
എന്തെങ്കിലും കണ്ടാൽ അടുത്തു ചെന്നു മണത്തുനോക്കിയേ
അവൻ പോകാറുള്ളു. ആരോടെങ്കിലും കലമ്പൽകൂടിയാലേ
അവനു സംതൃപ്തിയാവൂ. പക്ഷേ, ആ ദയനീയാവസ്ഥയിൽ
അവന് അതൊന്നും തരപ്പെടുകയുണ്ടായില്ല. തൊട്ടാൽ
പൊള്ളുന്ന ആ പഴയ കനൽക്കട്ടയല്ല അവൻ ഇന്ന്.
കത്തിയടങ്ങിയ വെറും ചാരം!
ആദ്യത്തെ ദിവസം അവൻ കണ്ണു തുറന്നുതന്നെ കിടന്നു.
വഴിയേ പോകുന്നവരെയൊന്നും അവൻ ശ്രദ്ധിച്ചില്ല. എങ്കിലും
അവരെല്ലാവരും അവനെ നോക്കി. നായയല്ല. മനുഷ്യൻതന്നെ
ആ മാവിൻചുവട്ടിൽ കിടന്നു. ശ്വാസംവലിച്ചാലും
തിരിഞ്ഞുനോക്കാതെ പോകുന്നവരായിരുന്നു ആ കൂട്ടർ.
എങ്കിലും അവരെല്ലാവരും ‘ശേഖൂട്ടി’യെ നോക്കി. ചെമ്പിച്ച
നിറത്തിൽ സാമാന്യത്തിലധികം വലിപ്പമുള്ള ഒരു കൂറ്റൻ നായ.
കഴുത്തിൽ പട്ടയ്ക്കടുത്തായി രണ്ടു വലിയ മുറിവുകളുണ്ട്.
പക്ഷേ, അതൊന്നുമല്ല രസം. വായ തുറക്കാൻ
സമ്മതിക്കാത്തവിധത്തിൽ, മൂക്കിനു മുകളിലായി
കൊളുത്തോടുകൂടിയ വലിയൊരിരുമ്പുപട്ട! അതിനു
ചെറിയൊരിരുമ്പു പൂട്ടും! കഴുത്തിലെ പട്ടയോട് രണ്ടു ചെറിയ
തുടൽ കൊണ്ട് അതു ബന്ധിച്ചിരിക്കുന്നു. ആളുകൾക്ക് അതു
പുതുമനിറഞ്ഞ ഒരു കാഴ്ചയായിരുന്നു. മുൻകാൽ രണ്ടും നീട്ടി.
അവയ്ക്കിടയിൽ തലവെച്ചു നിവർന്നുകിടക്കുന്ന ‘ശേഖൂട്ടി’യുടെ
അടുക്കലേക്ക് അവരാരും പോയില്ല. ആ കണ്ണുകളിലെ
പ്രകാശംകണ്ട് അവരൊക്കെ പേടിച്ചു.
പക്ഷേ, അതു രണ്ടു ദിവസം മുമ്പുള്ള കഥയാണ്. കണ്ണു
തുറക്കുവാനുള്ള ശക്തിപോലും അവനിന്നില്ല.
ദിനാന്ത്യത്തിലെ തളർന്ന രശ്മികൾ ഇലപ്പടർപ്പിലൂടെ
കടന്നുവന്ന് ആ നിർഭാഗ്യവാനെ തലോടി. പകൽ രാത്രിക്കു
വൈമനസ്യത്തോടെ വഴിമാറിക്കൊടുക്കുന്ന ആ
സന്ധ്യാവേളയിൽ ‘ശേഖൂട്ടി’ അർധസുഷുപ്തിയിൽ
മയങ്ങിക്കിടക്കുകയായിരുന്നു.
അങ്ങകലെ, പാടങ്ങൾക്കപ്പുറത്തുനിന്ന് ഒരു ശബ്ദം അലച്ചു
വന്നു:
“ഏ..ദാമ്വേ”
‘ശേഖൂട്ടി’യും അതു കേട്ടു. അവൻ വേദനയും ആലസ്യവും
ക്ഷണ നേരത്തേക്കു മറന്നു. ചെവി വട്ടംപിടിച്ചു. വീണ്ടും ആ
ശബ്ദം:
“ഏ..ദാമ്വേ’
അവന്‍റെ ശരീരത്തിലെ ഓരോ അണുവും വികാരാധീനമായി.
കാലുകൾ പൂഴിയിലൂന്നി പിടഞ്ഞെഴുന്നേൽക്കുവാൻ അവൻ
ശ്രമിച്ചു. രോമ നിബിഡമായ ആ വാൽ അവൻ നിലത്തു തല്ലി.
അവന്‍റെ യജമാനനെയാണ് ആരോ വിളിക്കുന്നത്. അവന്‍റെ
സ്വന്തം യജമാനൻ! അവൻ ആരുടെ മുമ്പിലെങ്കിലും
തലകുനിച്ചിട്ടുണ്ടെങ്കിൽ അതവന്‍റെ യജമാനന്‍റെ മുമ്പിൽ
മാത്രമാണ്! ആരെയെങ്കിലും ഹൃദയം തുറന്നു
സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതവന്‍റെ യജമാനനെ മാത്രമാണ്! ആ
യജമാനനെ കണ്ടിട്ടു ദിവസങ്ങൾ കുറെയായി. അയാൾ
അവനെ കാണാൻ വന്നിരിക്കയാണ്.
പക്ഷേ, ‘ശേഖൂട്ടി’ക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല! അവന്‍റെ
കാലുകൾ ദുർബലങ്ങളായിരുന്നു. അവൻ കണ്ണടച്ചു
ചെവിയോർത്തു കിടന്നു. ആ ശബ്ദം നിലച്ചിരിക്കുന്നു.
ഒരുപക്ഷേ, ‘ദാമു’ അവനെ കാണുവാൻ ബദ്ധപ്പെട്ടു
വരുന്നുണ്ടായിരിക്കാം.
ആ നായയുടെ ഹൃദയത്തിൽ ആനന്ദം കവിഞ്ഞൊഴുകി. ഒരു
നിമിഷം കഴിഞ്ഞോട്ടെ, അവന്‍റെ യജമാന്‍റെ കാലുകളിൽ
തലയണച്ച് അവൻ കിടക്കും!
വരാൻപോകുന്ന ആ സുഖത്തിന്‍റെ സ്മരണയിൽ അവൻ
നിർവൃതിയടഞ്ഞു.
പക്ഷേ, ‘ശേഖൂട്ടി’യുടെ യജമാനൻ ഒരിക്കലും
വരികയുണ്ടായില്ല. അവൻ കേട്ടതു കാലികളെ
തെളിച്ചുകൊണ്ടുവരാൻ വൈകിയ തന്‍റെ മകനെ വിളിക്കുന്ന
ഏതോ കർഷകന്‍റെ സ്വരമായിരുന്നു.
ചില്ലകളനങ്ങി; പൂഴി നീങ്ങി. ആരോ അടുത്തു വരുന്നു.
‘ശേഖൂട്ടി’ പതുക്കെ കണ്ണു മിഴിച്ചു. ആവൂ,
അവസാനനിമിഷത്തിലെങ്കിലും അവന്‍റെ യജമാനന്നു വരാൻ
തോന്നിയല്ലോ! ചിരപരിചിതമായ ആ രൂപം അവൻ
ഹൃദയംകുളുർക്കെ നോക്കി. അശ്രുബിന്ദുക്കൾ കവിളിലൂടെ
ഒലിച്ചുതാണ് പൂഴിയിൽ വിലയം പ്രാപിച്ചു. തൊണ്ടയനക്കുവാൻ
അവൻ ശ്രമിച്ചുവെങ്കിലും ഒച്ച പൊന്തിയില്ല.
പെട്ടെന്ന് അവന്‍റെ മധുരഭാവനകളെല്ലാംതന്നെ
തകർന്നടിഞ്ഞു. ആരെയാണ് അവൻ മുമ്പിൽ കാണുന്നത്?
ആകാശം തൊടുന്ന ഒരു ബീഭത്സരൂപം! അതവന്‍റെ നേരെ
വരികയാണ്. ആ വളഞ്ഞ കൊക്കും ക്രോപ്പുചെയ്ത കഴുത്തും
തലയും അവൻ വെറെവിടെയോ കണ്ടിട്ടുണ്ട്. അവന്‍റെ വീട്ടിനു
സമീപമുള്ള റെയിലിന്മേൽ ഒരു പശു ചത്തുവീണപ്പോൾ
അവിടെയെത്തിയത് ആ നാറുന്ന ജീവിതന്നെയാണ്. അന്ന്
അതിനെ ‘ശേഖൂട്ടി’ ഭയപ്പെടുത്തി ഓടിച്ചിട്ടുണ്ട്. ഒരുപക്ഷേ, ആ
ശവംതീനി പകരംവീട്ടാൻ വന്നതായിരിക്കാം.
തന്‍റെ ജീവിതത്തിന്‍റെ നിലനിൽപിൽ അവന്
സംശയമുണ്ടായിരുന്നു. ആ തിരി ഇനി അധികനേരം നിന്നു
കത്തുകയില്ല. മരണം തന്‍റെ വലിയ മൂടുപടം അവന്‍റെ
മേലിടുവാൻ കാത്തുനിൽക്കുകയാണ്. ‘ശേഖൂട്ടി’ അതോർത്തു
സങ്കടപ്പെടില്ല. അവൻ എന്നും ധീരനായ ഒരു
പോരാളിയായിരുന്നു. എങ്കിലും ജീവൻ കൂട്ടിലുള്ളപ്പോൾ അന്യന്
ആഹാരമായിത്തീരുക—അതവന് ആലോചിക്കാൻ കഴിഞ്ഞില്ല.
കഴുകൻ പതുക്കെ ചാഞ്ചാടിക്കൊണ്ടടുത്തു. അവന്‍റെ
മുഖത്തു സംതൃപ്തി നിഴലിച്ചിരുന്നു. ആ നായയെ അവൻ
അവിടെ കാണാൻ തുടങ്ങിയിട്ട് ഒന്നുരണ്ടു ദിവസമായി.
മരിക്കുന്നതുവരെ കാത്തു നില്ക്കുവാൻ അവനു
ക്ഷമയുണ്ടായിരുന്നില്ല. എങ്ങനെ ഉറപ്പിക്കാം, അതിനിടയിൽ
മറ്റാരും ആ സാധനം കാണുകയില്ലെന്ന്? പക്ഷേ, നായ്ക്കളെ
അവനു ഭയമാണ്. അതിനാൽ അവൻ കാത്തുനിന്നു. സമയം
വരട്ടെ. അപ്പോൾ ഒരു നൊടിയിടയിൽ പണിതീർക്കാം.
അവിടവിടെ എറിച്ചുനില്ക്കുന്ന രോമങ്ങളോടുകൂടിയ ആ
വലിയ കഴുത്തു വളഞ്ഞു. പാറപൊട്ടിക്കാൻപോലും കെല്പുള്ള
ആ കൊക്കു താഴുകയായി.
ശേഖൂട്ടി!
അവന്‍റെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു.
ക്ഷീണിച്ച മാംസപേശികൾ വിജൃംഭിച്ചു. പ്രതാപം നിറഞ്ഞ് ആ
പഴയ കാലം അവനോർത്തു. അവന്‍റെ കണ്ണുകളിൽനിന്നു
തീപ്പൊരി പാറി. അവന്‍റെ അന്തശ്ചൈതന്യം
പ്രതിഷേധസ്വരമുയർത്തി. ഭീഷണമായ ഒരു ശബ്ദം!
കഠിനമായ നൈരാശ്യവും ഹൃദയവ്യഥയും
‘ശേഖൂട്ടി’ക്കനുഭവപ്പെട്ടു. ആ വായ തുറക്കുവാൻ
കഴിഞ്ഞിരുന്നെങ്കിൽ! ആ പട്ടയും പൂട്ടും അവിടെനിന്നു
നീങ്ങിയിരുന്നെങ്കിൽ!
കഴുകൻ അതു പ്രതീക്ഷിച്ചിരുന്നില്ല. ആശ്ചര്യത്തോടേ അവൻ
രണ്ടടി പിറകോട്ടു മാറി. ആ നായ മരിച്ചിട്ടില്ല! എന്താണു
വേണ്ടത്? അവൻ തെല്ലിട സംശയിച്ചുനിന്നു. ഇടവും വലവും
ചരിഞ്ഞ് അവൻ നായയെ നോക്കി. നായ അവിടെത്തന്നെ
കിടക്കുകയാണ്. പക്ഷേ, ആ തല അൽപം ഉയർന്നിട്ടുണ്ട്. ഏതു
നിമിഷവും അതു തന്‍റെമേൽ ചാടി വീണേക്കാം.
ഇരുട്ടു കൂടിവന്നു. കഴുകൻ വൈമനസ്യത്തോടെ അടുത്തുള്ള
തെങ്ങിന്‍റെ മുകളിലേക്കു പറന്നുപോയി.
അതു തന്‍റെ വിജയമായി ശേഖൂട്ടി കരുതിയില്ല. ആ പക്ഷിക്ക്
അപ്പോഴങ്ങനെ തോന്നിയെന്നേയുള്ളു. അതു വീണ്ടും
വരാതിരിക്കില്ല. അപ്പോഴും അവന്‍റെ ദേഹത്തിൽ ജീവൻ
അവശേഷിച്ചിരിക്കുമോ? അവന്‍റെ പച്ചയിറച്ചിയിൽ
കൂർത്തുവളഞ്ഞ കൊക്കുകൾ തറച്ചുകയറുമ്പോൾ—
ഇല്ല, അതൊരിക്കലും സംഭവിക്കില്ല. ‘ശേഖൂട്ടി’ ആരാണെന്ന്
അവൻ അവർക്കൊക്കെ മനസ്സിലാക്കിക്കൊടുക്കും. പട്ടിണി
കിടന്നതുകൊണ്ടൊന്നും അവന്‍റെ ശക്തി കുറയാൻ പോകുന്നില്ല.
അവന്‍റെ ബാല്യത്തിൽ അവനെക്കാൾ വലിയ ‘ടൈഗറെ’ അവൻ
കുടഞ്ഞെറിയുകയുണ്ടായിട്ടുണ്ട്. ഒരൊറ്റ നായപോലും അവന്‍റെ
അധികാരത്തെ ചോദ്യം ചെയ്യുവാൻ മുതിർന്നിട്ടില്ല. നായ
മാത്രമോ? മറ്റെല്ലാ ജീവികളും! ആ പല്ലുകൾക്ക് ഉരുക്കിന്‍റെ
ശക്തിയുണ്ട്. നായയും കുറുക്കനും പൂച്ചയും കോഴിയും പശുവും
മാത്രമല്ല, മനുഷ്യർപോലും അവനെ കണ്ടാൽ ഓടിയൊളിക്കും!
അവൻ ശക്തനും ധീരനുമാണ്. അവൻ ഒരു നാടുവാഴിയാണ്.
മുഖത്തുള്ള ഇരുമ്പുപട്ട അവനെ അസ്വസ്ഥനാക്കി. ഓ,
ഇതെന്തൊരു നശിച്ച പട്ടയാണ്! ഇതാണ് അവന്‍റെ
പരാജയത്തിനെല്ലാംതന്നെ കാരണം. ഒരൊറ്റ
നായയ്ക്കുപോലുമുണ്ടോ അങ്ങനെയൊരു പൊല്ലാപ്പ്! തന്‍റെ
സ്വാതന്ത്ര്യത്തെ കെടുത്തിയവരോട് അവനു വെറുപ്പു തോന്നി!
അവരോടുള്ള ബഹുമാനം നിമിത്തമാണ് അവൻ ഇതുവരെ
അതു കളയാതിരുന്നത്. ഇനിയവൻ അതു വെച്ചിരിക്കയില്ല.
നേരം പുലരട്ടെ; അവൻ അത് എവിടെയെങ്കിലും
അടിച്ചുടയ്ക്കും. ആ നശിച്ച പട്ടയും ചങ്ങലയും കൊളുത്തും!
തനിക്കതിനുള്ള കഴിവില്ലെന്നും പലപ്പോഴും പരിശ്രമിച്ചു
തോൽവിയടയുകയാണുണ്ടായതെന്നുമുള്ള വസ്തുത അവൻ
മനഃപൂർവം മറന്നതായിരുന്നില്ല.
അന്തിക്കു പീടികയിൽനിന്നു സാമാനവും വാങ്ങി
തന്നോടുതന്നെ സംസാരിച്ചു പാറ്റിത്തുപ്പിക്കൊണ്ട് വീട്ടിലേക്കു
മടങ്ങിയിരുന്ന ഒരു കാരണവർക്ക് ‘ശേഖൂട്ടി’യെ കണ്ടപ്പോൾ ഒരു
കൗതുകം തോന്നി. അടുക്കെ ചെന്ന് അൽപനേരം
നോക്കിനിന്നതിനുശേഷം അയാൾ തന്‍റെ നീണ്ട വടികൊണ്ട്
‘ശേഖൂട്ടി’യുടെ പട്ട അനക്കിനോക്കി.
തന്‍റെ അയൽപക്കത്തെ ‘റോസി’യെ താൻ ആദ്യമായി
സ്നേഹിക്കുവാൻ തുടങ്ങിയ നാളുകൾ അവൻ
ഓർമിക്കുകയായിരുന്നു. അപ്പോഴാണ് കാരണവരുടെ
വടികൊണ്ടുള്ള തടവൽ. ‘ശേഖൂട്ടി’ക്ക് അതേതും പിടിച്ചില്ല.
ഇടങ്കോലിട്ട ആ ധിക്കാരി ഏതാണ്? ‘വെള്ളു’വായിരിക്കും.
വെള്ളുവിനു റോസിയുടെ മേൽ കണ്ണുണ്ട്. പക്ഷേ, അവനല്ല
അവന്‍റെ അപ്പൂപ്പൻതന്നെ വന്നാലും ശേഖൂട്ടി വിടില്ല. അവൻ
കുരച്ചുചാടി. താൻ നിലത്തുനിന്ന് ഒരിഞ്ചുപോലും
പൊന്തിയിട്ടില്ലെന്നും തന്‍റെ കുര ദയനീയമായ ഒരു ഞരക്കം
മാത്രമാണെന്നും അവൻ അറിഞ്ഞിരുന്നില്ല!
ആ നായയുടെ തലയിലെ കുഴപ്പംപിടിച്ച ചിന്തകൾ
വൃദ്ധനെങ്ങനെ അറിയാനാണ്? അയാൾക്ക് അവൻ മുരണ്ടതു
തീരെ പിടിച്ചില്ല. ഇരുമ്പു വട്ടുള്ള വടികൊണ്ട് ശേഖൂട്ടിയുടെ
നെറ്റിക്കുതന്നെ ഒന്നു വെച്ചുകൊടുത്തുപോകുമ്പോൾ അയാൾ
പിറുപിറുക്കുന്നുണ്ടായിരുന്നു:
“അവലക്ഷണങ്ങള്?— ഉഷ്ണംകൊണ്ടു പ്രാന്തുകാട്ടി
നടക്ക്വാ.” ശേഖൂട്ടി സ്തംഭിച്ചുപോയി. വെള്ളുവുമില്ല;
റോസിയുമില്ല; രണ്ടു കാലിൽ നടക്കുന്ന ഒരു മനുഷ്യൻ മാത്രം!—
അയാളാണെങ്കിൽ നടന്നകലുകയും ചെയ്തു. അല്ല, ഇനി
അവിടെ നിന്നാൽത്തന്നെ അവനെന്താണ് ചെയ്യുവാൻ
കഴിയുക?
ശേഖൂട്ടി കരഞ്ഞു; ജീവിതത്തിലാദ്യമായി അവൻ അപ്പോൾ
കരഞ്ഞു.
പക്ഷേ, അവന്‍റെ ഗദ്ഗദം കേൾക്കുവാൻ അവിടെ
ആരുമുണ്ടായിരുന്നില്ല. അവന്‍റെ കണ്ണീർ നക്കിത്തുടയ്ക്കാനോ
അവനെ ഉശിരു പിടിപ്പിക്കാനോ അവിടെ
റോസിയുണ്ടായിരുന്നില്ല. അവന്‍റെ നെറ്റിയിൽ തലോടി
സമാശ്വസിപ്പിക്കാൻ യജമാനനുമുണ്ടായിരുന്നില്ല.
അവൻ പരാജിതനാണ്. അവന്‍റെ കഴിവുകളുടെ നെല്ലിപ്പടി
കണ്ടു കഴിഞ്ഞു. അവനിനി ജീവിച്ചിട്ടു പ്രയോജനമില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവൻ ആപത്തുകളോടു
മല്ലിടുകയായിരുന്നു. കഷ്ടപ്പാടുകൾ വർധിച്ചുവന്നു. എങ്കിലും
അവൻ ആശ കൈവെടിഞ്ഞില്ല. ഹൃദയത്തിന്‍റെ ഭദ്രമായ ഒരു
കോണിൽ ആ പരതന്ത്രാവസ്ഥയിലും പളുങ്കുകൊണ്ട് ഒരു
കൊട്ടാരം അവൻ നിർമിച്ചു.
ആ കൊട്ടാരം തകർന്നുവീണപ്പോഴാണ് തന്‍റെ ദൗർബല്യം
ശേഖൂട്ടിക്കു പൂർണമായറിയാൻ കഴിഞ്ഞത്. ആശ അവനെ
വിട്ടുമാറി. ഇനിയൊരിക്കലും എഴുന്നേല്ക്കുവാൻ
കഴിയുകയില്ലെന്ന ബോധം ശേഖൂട്ടിക്കുണ്ടായി. അവൻ കരഞ്ഞു.
ചുട്ടുനീറിയ ആ കണ്ണീർക്കണങ്ങൾ വീണു പൂഴിപോലും
ഉരുകിയിട്ടുണ്ടായിരിക്കണം.
ബാല്യസ്മരണകളുടെ ശീതളച്ഛായയിൽ അവൻ അഭയം
തേടി.
തടിച്ചുകൊഴുത്ത് ഓമനത്തം തുളുമ്പുന്ന ഒരു
കൊച്ചുകുട്ടിയായിരുന്ന ആ കാലം. അവനെക്കൂടാതെ അവന്‍റെ
അമ്മയ്ക്കു വേറെയും കുട്ടികളുണ്ടായിരുന്നു. ഒരു ചെറിയ
തൈക്കുണ്ടായിരുന്നു അവരുടെ വാസസ്ഥലം. പക്ഷേ, മുലകുടി
മാറുന്നതിനു മുമ്പായി അവന് അവിടെ നിന്ന് പോകേണ്ടിവന്നു.
അവനെ എടുത്തപ്പോൾ അവന്‍റെ അമ്മ
കലശൽകൂട്ടുകയുണ്ടായി. അവനും കരഞ്ഞു.
തികച്ചും അപരിചിതമായ ആ പുതിയ വീട്ടിൽ അവൻ
ജീവിതമാരംഭിച്ചു. ആദ്യം അവന് അല്പം പരിഭ്രമമുണ്ടായിരുന്നു.
ചെറിയൊരു തൈക്കുണ്ടിൽനിന്നുവന്ന അവനെ
കടലുപോലത്തെ ആ പറമ്പും ആകാശം തൊടുന്ന വീടും
തുറിച്ചുനോക്കി. അവന്‍റെ പരുങ്ങൽകണ്ട്
അവിടെയുണ്ടായിരുന്നവരെല്ലാം ചിരിച്ചു. എങ്കിലും അവർ
ദയയുള്ളവരായിരുന്നു. അവർ അവനു പാൽ കൊടുത്തു.
അതിനൊരു ദുഃസ്വാദുണ്ടായിരുന്നു; അവന്‍റെ അമ്മയുടെ
പാലായിരുന്നില്ല അത്.
അവന് അവർ പേരിട്ടു—’ശേഖൂട്ടി’. ആ പേരിൽ അവിടെ
അതിനുമുമ്പ് മറ്റൊരു നായയുണ്ടായിരുന്നു.
അവിടെയെത്തി അധികദിവസം
കഴിയുന്നതിനുമുമ്പായിത്തന്നെ തന്‍റെ ധൈര്യം
പ്രകടിപ്പിക്കുവാൻ അവനൊരു അവസരം ലഭിക്കുകയുണ്ടായി.
മുറ്റത്തു തേങ്ങയുരിച്ചിട്ടതിന്‍റെ അരികിലായി അവൻ
ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു. മീൻകാരൻ മമ്മത്
അറിയാതെ അവന്‍റെമേൽ കാൽ വെച്ചു. ഉണങ്ങിയ
തേങ്ങാമടലല്ല അതെന്ന് പിന്നീടാണു മനസ്സിലായത്—
ചോരവന്നപ്പോൾ!
എല്ലാവരും അവനെ അഭിനന്ദിച്ചു:
“നല്ല വർക്കത്തുള്ള വിത്ത്”
പക്ഷേ, ആ അഭിനന്ദനം തുടർന്നനുഭവിക്കുവാൻ അവനു
കഴിഞ്ഞില്ല. വഴിപോകുന്നവരേയും വീട്ടിൽ വരുന്നവരേയും
അവൻ ഭയപ്പെടുത്താൻ തുടങ്ങി. അവന്‍റെ എല്ലിനു മൂപ്പു
കൂടിയതോടെ അവനെക്കുറിച്ചുള്ള കേസുകളും വർധിച്ചു.
ആകാശത്തിലെ പക്ഷികളെപ്പോലും അവൻ വെറുതെ വിടുന്നില്ല.
നാട്ടുകാർക്കും വീട്ടുകാർക്കും ശേഖൂട്ടി ഒരു പ്രശ്നമായി.
അവന്‍റെ പരാക്രമങ്ങൾ അവർക്കൊക്കെ അധികപ്പറ്റായി
തോന്നി. എല്ലാവരും ദാമുവിന്‍റെ നേരെയാണ് തിരിഞ്ഞത്.
ഇറച്ചിയും മീനും കൊടുത്ത് അവനാണ് ആ നായയുടെ സ്വഭാവം
വഷളാക്കിയത്!
ദാമുവിന്‍റെ അച്ഛനും അവനോടു പറഞ്ഞു:
“അതിനെ എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞുകള.
സൊല്ല തീരട്ടെ”
വാസ്തവത്തിൽ അയാൾക്ക് ആ നായയെ ഇഷ്ടമായിരുന്നു.
പക്ഷേ, അവൻ ആരെയെങ്കിലും ചെന്നു കടിച്ചാൽ അയാളല്ലേ
സമാധാനം പറയേണ്ടത്?
സ്നേഹവും വിഷാദവും കലർന്ന സ്വരത്തിൽ ദാമു തന്നെ
വിളിച്ചു ശാസിച്ചത് ശേഖൂട്ടിക്ക് ഇന്നും നല്ല ഓർമയുണ്ട്. അവനും
അപ്പോൾ സങ്കടം തോന്നാതിരുന്നില്ല. വാലാട്ടി, യജമാനന്‍റെ
കാൽമുട്ടുകളിൽ തലയുരുമ്മി അവൻ തന്‍റെ ഭാവം
വെളിപ്പെടുത്തി. അവൻ ബുദ്ധിമാനായിരുന്നു. അനാവശ്യമായി
ആരെയും ഉപദ്രവിക്കുകയില്ലെന്ന് ശേഖൂട്ടി ശപഥംചെയ്തു.
അതിനുശേഷം മനുഷ്യരെ കണ്ടാൽ അവൻ മനഃപൂർവം
ഒഴിഞ്ഞു മാറാൻ തുടങ്ങി. അവന്‍റെ ശ്രദ്ധ മുഴുവൻ
തന്നെപ്പോലുള്ള മറ്റു നായ്ക്കളിലായി. അവനെക്കാൾ
വയസ്സുമൂപ്പുള്ള സുൽത്താന്മാരെക്കൂടി ശേഖൂട്ടി വിറപ്പിക്കുവാൻ
തുടങ്ങി.
കഠിനമായ ഒരു കൊടുങ്കാറ്റുപോലെ ശേഖൂട്ടി അവിടെ
അലറിപ്പാഞ്ഞു. അവൻ ദിഗ്വിജയത്തിനു പുറപ്പെട്ടതായിരുന്നു.
എങ്കിലും ആ തിരക്കിലും രണ്ടു കാലിന്മേൽ നടക്കുന്നവരെ
കണ്ടാൽ ഒഴിഞ്ഞുമാറാൻ അവൻ മറന്നിരുന്നില്ല.
‘ശേഖൂട്ടി’ ഒരു കൂട്ടുകാരിയെ തെരഞ്ഞെടുക്കുകയുണ്ടായില്ല.
ഒരുവളെ അന്വേഷിച്ച് അങ്ങോട്ടു ചെല്ലുന്നതു
കുറവാണെന്നായിരുന്നു അവന്‍റെ അഭിപ്രായം. അതിനു പുറമേ
അത്തരം കാര്യങ്ങളെക്കുറിച്ചാലോചിക്കുവാൻ അവനു
സമയവുമില്ലായിരുന്നു. കന്നിമാസത്തിന്‍റെ മാദകമായ
പ്രേരണാശക്തി ഒരു സ്വപ്നംപോലെ മാത്രമേ ആ കൂറ്റൻ
അറിഞ്ഞുള്ളു.
‘റോസി’ അവനു വെറുമൊരു കൊടിച്ചിപ്പട്ടി മാത്രമായിരുന്നു.
അവളുടെ കണ്ണുകളിൽ പുതിയൊരു ലോകവും ആ നോട്ടത്തിൽ
പുതിയൊരു പൊരുളും അവൻ ദർശിച്ചത് അന്നാണ്—
എങ്ങുനിന്നോ തെണ്ടിവന്ന ഒരു പാണ്ടൻനായയെ അവൻ
തൊടിയിൽനിന്ന് ഇടയിലേക്കു കടിച്ചെറിഞ്ഞ ആ ദിവസം. ഒരു
ജേതാവിന്‍റെ തലയെടുപ്പോടുകൂടി അവൻ ചുറ്റും
നോക്കിയപ്പോൾ കണ്ടത് വേലിക്കരികിൽ നിന്നു കടാക്ഷിക്കുന്ന
റോസിയെയാണ്. അവളുടെ വീണുകിടന്ന ചെവിയും നനുത്തു
കറുത്ത വെൽവെറ്റുപോലുള്ള ദേഹവും ‘ശേഖൂട്ടി’ക്കു
സുന്ദരമായിത്തോന്നി. എങ്കിലും അവളെ ഗൗനിക്കാതെ
വീട്ടിലേക്കു മടങ്ങാൻ അവൻ നോക്കി. പക്ഷേ, ‘റോസി’യുടെ
കണ്ണുകൾക്ക് കാന്തശക്തിയുണ്ടായിരുന്നു. അവൾ അവനെ
തടഞ്ഞുനിർത്തി.
‘ശേഖൂട്ടി’ വേലിചാടി മറിഞ്ഞ് അവളുടെ അരികിലെത്തി.
അവന്‍റെ ചോരയ്ക്ക് ചൂടുപിടിച്ചിരുന്നു! അവൻ അവളെ
അവിടെയുമിവിടെയും മണപ്പിച്ചു വട്ടംചുറ്റാൻ തുടങ്ങി. അപ്പോൾ
അവൾക്കുണ്ടായ നാണം! അവന്‍റെ മൂളലും ചീറലും അവളെ
കൂടുതൽ പരവശയാക്കി.
അഗ്നിസാക്ഷിയായി പ്രതിജ്ഞ ചെയ്യുകയോ നിയമത്തിന്‍റെ
കടലാസ്സിൽ ഒപ്പിടുകയോ ഒന്നുമുണ്ടായില്ലെങ്കിലും അവരിരുവരും
അന്നു ദമ്പതികളാകുകതന്നെ ചെയ്തു.
ആ നിസ്സഹായാവസ്ഥയിലും ‘ശേഖൂട്ടി’ അവളെയോർത്ത്
ആനന്ദ മൂർച്ഛയടയുകയാണ്. റോസി! അവളെ അവൻ
എത്രമാത്രം സ്നേഹിച്ചിരുന്നില്ല!
ഒരു നട്ടുച്ചയ്ക്ക് റോസിയുടെ വീട്ടിന്‍റെ വടക്കുപുറത്തുനിന്ന്
അവളുമായി ‘ശേഖൂട്ടി’ സല്ലപിച്ചുകൊണ്ടിരുന്നത് അവിടത്തെ
ഗൃഹനാഥൻ കാണുകയുണ്ടായി. അയാൾക്കെന്തോ അവന്‍റെ
ആ ഗോഷ്ടികളൊന്നും അത്ര പിടിക്കുകയുണ്ടായില്ല. ആ ധീരൻ
അടുക്കളയുടെ വാതിൽ തുറന്ന്, കീറിയിട്ട
വിറകുകൊള്ളികൊണ്ട് ഒരേറുകൊടുത്തു. ‘ശേഖൂട്ടി’ യുടെ
മുതുകത്തു ചെന്നു വീഴുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ.
‘റോസി’യുടെ കാലിന്മേലാണ് അതുചെന്നു വീണത്.
ആ കാൽ തൽക്കാലം ഒടിയുകയും ചെയ്തു. ‘റോസി’
നിലവിളിക്കാൻ തുടങ്ങി. വിഷണ്ണനായ ഗൃഹനാഥൻ പുറത്തിറങ്ങി
മിണ്ടാതെ തന്‍റെ വീട്ടിലേക്ക് ഓടിപ്പോകുന്ന ‘ശേഖൂട്ടി’യെ നോക്കി
പല്ലുകടിച്ചു—”നിനക്കു ഞാൻ വെച്ചിട്ടുണ്ട്” ദേഷ്യം വമിക്കുന്ന ആ
നോട്ടത്തിന്‍റെ അർത്ഥം അതായിരുന്നു.
അന്ന് ‘ശേഖൂട്ടി’ ഒന്നുംതന്നെ കഴിക്കുകയുണ്ടായില്ല. അവൻ
ഒരിടത്തുചെന്ന് അനങ്ങാതെ കിടന്നു. അവൻ ഒരു
തീരുമാനത്തിലെത്തുകയായിരുന്നു. അവനു പകരം വീട്ടണം.
മനുഷ്യജാതിയോടു മുഴുവൻ!—
“നായയ്ക്കെന്താ ഇന്നൊരു ഓർച്ചപിടിച്ചപോലെ?”
അടുക്കളയിൽനിന്നു സ്ത്രീകൾ ഇങ്ങനെ ചോദിക്കുന്നതു കേട്ട്
അവൻ മന്ദഹസിച്ചു. എന്താണു ചെയ്യേണ്ടതെന്ന് അവൻ
നിശ്ചയിച്ചുകഴിഞ്ഞിരുന്നു.
പിറ്റേന്നു രാവിലെ ദാമു നടക്കാനിറങ്ങിയപ്പോൾ അവനും
ഒന്നിച്ചിറങ്ങി. വയലിലെത്തിയപ്പോൾ അവനാശ്വാസമായി.
അവൻ അന്വേഷിച്ചിരുന്ന ആളുണ്ട്. ആ വീതി കുറഞ്ഞ
വരമ്പിലൂടെ അവർക്കെതിരായി വരുന്നു. അയാളുടെ മനസ്സിൽ
തീപ്പൊരി പറന്നു. തലേദിവസത്തെ പക ശേഖൂട്ടി
മനസ്സിൽവെച്ചിരിക്കുമോ? ഒരുൾക്കിടിലത്തോടെ അയാൾ
ചോദിച്ചു:
“എടോ, നായ കടിക്കൂലല്ലോ?”
‘ശേഖൂട്ടി’
മര്യാദക്കാരനായിക്കഴിഞ്ഞുവെന്നുതന്നെയായിരുന്നു അയാളുടെ
വിശ്വാസം. എങ്കിലും ഉറപ്പിക്കാൻ പറ്റുമോ?
“ഏയ്, അതൊക്കെ പണ്ടു കഴിഞ്ഞു. ഇപ്പോഴവൻ ആരെയും
കടിക്കലില്ല. അല്ലേ, ശേഖൂട്ടി?”
അങ്ങനെ ചോദിച്ച് ‘ദാമു’ അവന്‍റെനേരെ നോക്കി. ഏതാണ്ട്
ഒരാറു വാര മാത്രമേ നടന്നിട്ടുണ്ടാവുകയുള്ളു. അപ്പോഴേക്കും
പിറകിൽ നിന്നു ഭയങ്കരമായ ഒരു നിലവിളി; മണ്ണെടുത്ത ആ
വലിയ തോട്ടിൽ വീണ് ആ സാധുമനുഷ്യൻ അതാ പിടയ്ക്കുന്നു!
ദാമു പകച്ചു നിന്നുപോയി. ‘ശേഖൂട്ടി’യും അയാളും ഒരു
ജീവന്മരണസമരം നടത്തുകയാണ്. ആ പോരിൽ
ജീവനുംകൊണ്ട് അയാൾ രക്ഷപ്പെട്ടു. ഇടത്തേ
കാൽവണ്ണയിൽനിന്നു കുറെ ഇറച്ചി നഷ്ടപ്പെട്ടതു പിന്നീടേ
അയാൾ മനസ്സിലാക്കുകയുണ്ടായുള്ളു.
അണക്കെട്ടു പൊട്ടിയൊഴുകുന്നതുപോലെ ‘ശേഖൂട്ടി’യുടെ
അക്രമവാസന നാലുവഴിക്കും പ്രവഹിച്ചു. തനിക്കു
പിടിക്കാത്തവരെയൊക്കെ അവൻ ഉപദ്രവിച്ചു. ഒരവസരത്തിൽ
അവനു ഭ്രാന്തുണ്ടോ എന്നു പോലും ചിലർ
സംശയിക്കുകയുണ്ടായി.
‘റോസി’യുടെ കാര്യം യജമാനനോട് അവൻ പറഞ്ഞെങ്കിലും
ദാമു അതു മനസ്സിലാക്കുകയുണ്ടായില്ല. ഒടുവിൽ, നിർബന്ധം
സഹിക്കവയ്യാതായപ്പോൾ, ശേഖൂട്ടിയെ ചങ്ങലയിലിട്ടു. വീട്ടിലും
തൊടിയിലും ഇഷ്ടമുള്ളേടത്തൊക്കെയും കാറ്റുപോലെ
സ്വതന്ത്രനായി സഞ്ചരിച്ചിരുന്ന അവനെ ബന്ധിച്ചപ്പോൾ
അവന്‍റെ യജമാനന്‍റെ ഹൃദയം പിടച്ചു. പക്ഷേ, അതല്ലാതെ
നിവൃത്തിയുണ്ടായിരുന്നില്ല.
തന്‍റെ വലിയ മീശ അവന്‍റെ മൂക്കിന്മേൽ തൊട്ട്
ഇക്കിളിപ്പെടുത്തുമാറ് അത്ര അടുക്കെ ഇരുന്നുകൊണ്ട് ദാമു
വിഷാദംനിറഞ്ഞ സ്വരത്തിൽ ചോദിച്ചു:
“ശേഖൂട്ടി, നീയിതു മതിയാക്കിയില്ലേ?”
അവൻ മിണ്ടാതിരുന്നു.
“നീ എന്നെക്കൊണ്ട് ഇനിയും പറയിപ്പിക്കുമോ?”
അവനെന്താണു പറയേണ്ടത്?
“ഇത്രനാളും സഹിച്ചു. ഇനി നിവൃത്തിയില്ല.”
അവന്‍റെ മുഖത്തു നോക്കാതെയാണ് അവന്‍റെ യജമാനൻ
അങ്ങനെ പറഞ്ഞത്.
രാത്രി, ജനസഞ്ചാരമടങ്ങിയാൽ, അവനെ അഴിച്ചുവിടും.
സ്വാതന്ത്ര്യത്തെക്കാൾ അടിമത്തം കൂടുതലായ ആ
ജീവിതത്തിൽ അവൻ പ്രതിഷേധിക്കാതിരുന്നില്ല. ആദ്യത്തെ
ദിവസം അവൻ പകൽ മുഴുവൻ ഓളിയിട്ടു. നിലംമുഴുവൻ
മാന്തിക്കിളയ്ക്കുകയും കാണുന്നവരുടെ നേരെയൊക്കെ
ചാടിക്കയറുകയും ചെയ്തു.
എങ്കിലും അവനു രാത്രി എവിടെയും പോകാമായിരുന്നു. ദാമു
കിടക്കുവാൻ പോകുമ്പോൾ അവനെ അഴിച്ചുവിടും, അപ്പോൾ
അവനുണ്ടാകുന്ന സന്തോഷം! അവിടെയൊക്കെ അല്പം
പാഞ്ഞുനടന്നതിനുശേഷം ആ കോലായിലൊരിടത്ത് അവൻ
ചെന്നു കിടക്കും.
‘ശേഖൂട്ടി’യെക്കുറിച്ചുള്ള ആക്ഷേപങ്ങൾ വീണ്ടും
വർധിച്ചുവന്നു. രാത്രി വയൽ കാക്കുവാൻ പോകുന്നവരെയും
സിനിമ കഴിഞ്ഞു മടങ്ങുന്നവരെയും അവൻ വെറുതെ
വിട്ടിരുന്നില്ല.
നാട്ടുകാർ അസ്വസ്ഥരായി. എന്തുകൊണ്ടവർക്ക് ആ
നായയെ കളഞ്ഞുകൂടാ? അതായിരുന്നു അവരുടെ ചോദ്യം.
വയസ്സുകാലത്ത് ആ ഒരു നായ നിമിത്തം മറ്റുള്ളവരുടെ
വിരോധം സമ്പാദിക്കാനിടവന്നതിൽ ദാമുവിന്‍റെ അച്ഛൻ
വ്യസനിച്ചു. ആളുകളുമായി രഞ്ജിപ്പിൽ കഴിഞ്ഞുകൂടാൻ
അഭിലഷിച്ചിരുന്ന ഒരു ശുദ്ധഹൃദയനായിരുന്നു അദ്ദേഹം.
മനസ്സുടഞ്ഞ ആ മനുഷ്യൻ ‘ശേഖൂട്ടി’ യുടെ കഥകഴിക്കുവാൻ
ഒരു വെടിക്കാരനെ ഏർപ്പാടു ചെയ്തു. ദാമുവിന് അതു
സമ്മതമായിരുന്നില്ല. ‘ശേഖൂട്ടി’യെ കൊണ്ടുവന്നതും
വളർത്തിയതുമൊക്കെ അവനായിരുന്നു.
വെടിക്കാരൻ വെറുതെ മടങ്ങി.
അച്ഛനും മകനും തമ്മിലിടഞ്ഞു.
“നിന്‍റെ നായ ഇനിയൊരാളെ കടിക്കട്ട്—” വൃദ്ധൻ
ചൊടിച്ചുകൊണ്ട് പറഞ്ഞു. കെട്ടിയിട്ട ദിക്കിൽനിന്ന് ശേഖൂട്ടി
അതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.
ആ കലഹത്തിൽനിന്നായിരുന്നു ‘ശേഖൂട്ടി’യുടെ മുപ്പട്ടയുടെ
ഉത്ഭവം.
അടിമത്തത്തിന്‍റെ ആ ചിഹ്നം പേറുന്നതിലും ഭേദം
മരണംതന്നെയായിരുന്നു. അങ്ങനെ അവനും തോന്നിയിട്ടുണ്ട്.
ആ ചങ്ങലയും കൊളുത്തും അണിഞ്ഞുകൊണ്ട് അവൻ
പുറത്തിറങ്ങുകയുണ്ടായില്ല. അവന്‍റെ ഹൃദയം നീറുന്ന ഒരു
തീച്ചൂളയായിരുന്നു. മറ്റെന്തും സഹിക്കാം; പക്ഷേ, ആ അപമാനം!
എന്തുകൊണ്ട് ദാമു അവനെ കൊന്നില്ല?
എങ്കിലും അവൻ തന്‍റെ യജമാനനെ
സ്നേഹിക്കുകതന്നെചെയ്തു. ദാമുവൊഴിച്ചു
മറ്റൊരാളായിരുന്നുവെങ്കിൽ അവൻ കാണിച്ചു
കൊടുക്കുമായിരുന്നു.
മനുഷ്യന്‍റെ ആ കൈയേറ്റത്തിനു താൻ എങ്ങനെയാണു
വഴങ്ങിക്കൊടുത്തതെന്നോർത്തപ്പോൾ ‘ശേഖൂട്ടി’ക്ക് അത്ഭുതം
തോന്നി. പട്ട പേറി അവന്‍റെ കഴുത്തിലും മുഖത്തും
വടുക്കെട്ടിയിരിക്കയാണ്. പക്ഷേ, അവന്‍റെ ദേഹത്തിനു
പണ്ടത്തെപ്പോലെതന്നെ ശക്തിയുണ്ട്. അവന്‍റെ മനസ്സ് ഇന്നും
ഊർജസ്വലമാണ്.
ആ മുഖപ്പെട്ട, ഓ, അതവൻ അടിച്ചുപൊളിക്കാൻ
പോകയാണ്. ദാമുവോടുള്ള സ്നേഹം നിമിത്തമാണ് അവൻ
ഇതുവരെ അടങ്ങിയിരുന്നത്. ദാമു പോയി. ഇനി അവൻ
എന്തിനു കാത്തുനിൽക്കണം? ആർക്കുവേണ്ടി?
ഇല്ല; അതു സാദ്ധ്യമല്ല!
വ്യാമോഹത്തിന്‍റെ പട്ടുനൂലിഴകൾ നിർമിച്ചുകൊണ്ടിരുന്ന ആ
നായ താൻ മരണത്തിലേക്ക് അനുനിമിഷം
വഴുതിപ്പോവുകയാണെന്ന് ഓർത്തില്ല.
ഏതാനും മിന്നാമിനുങ്ങുകൾ ‘ശേഖൂട്ടി’യുടെ മുമ്പിലൂടെ
പറന്നു പോയി. അവന്‍റെ പ്രകാശം കുറഞ്ഞ കണ്ണുകൾക്ക്
അവയുടെ വെളിച്ചം അസഹ്യമായി തോന്നി. അവന് ഒരു
ഭൂതോദയമുണ്ടായി—നരകത്തിലെ പിശാചുക്കൾ പന്തവും
കൊളുത്തി അവനെ വീണ്ടും ഉപദ്രവിക്കാൻ വന്നിരിക്കയാണ്!
തീജ്ജ്വാലകൾ അവന്‍റെ നാലുപുറവും ബീഭത്സനൃത്തം
ചെയ്യുന്നു!
ശേഖൂട്ടി കണ്ണടച്ചു കിടന്നു. അസുഖകരമായ ആ കാഴ്ച
മറന്നു കളയുവാൻ ശ്രമിക്കുകയായിരുന്നു. അതിനു മുമ്പും
അത്തരമനുഭവം അവനുണ്ടായിട്ടുണ്ട്. അതിതാ വീണ്ടും
ആവർത്തിക്കുവാൻ പോകുന്നു! ശേഖൂട്ടിയുടെ ശരീരം
വിറങ്ങലിച്ചു. മനുഷ്യനും പിശാചും ഒത്തുചേർന്ന് അവനെ
ഉപദ്രവിക്കാൻ വരികയാണ്.
അവൻ മറക്കുവാൻ ശ്രമിച്ചുവെങ്കിലും ആ പഴയ ഓർമ
അവനെ അലട്ടിക്കൊണ്ടിരുന്നു.
ബിസിനസ്സ് സംബന്ധമായി ദാമു എവിടെയോ പോയ
സമയമായിരുന്നു. പോകുമ്പോൾ ശേഖൂട്ടിയെ നല്ലപോലെ
നോക്കുവാൻ പറയുന്നതിന് അവൻ മറന്നിരുന്നില്ല. പക്ഷേ,
അവന്‍റെ കണ്ണു തെറ്റേണ്ട താമസം, ശേഖൂട്ടിയുടെ കഷ്ടകാലവും
ആരംഭിച്ചു. കാലത്തിനും നേരത്തിനും ഭക്ഷണം കിട്ടാതായി.
ചങ്ങലയിൽനിന്ന് അഴിച്ചിളക്കുന്നത് എപ്പോഴെങ്കിലുമായി.
വീട്ടുകാരിൽവന്ന മാറ്റം ശേഖൂട്ടി നല്ലപോലെ
മനസ്സിലാക്കുന്നുണ്ടായിരുന്നു. അതിനാലാണ് ചങ്ങലയിടുവാൻ
വന്ന കുട്ടിയെ അന്ന് അവൻ പതുക്കെയൊന്നുരസിയത്. അതു
പിന്നീട് ഒട്ടേറെ കുഴപ്പങ്ങൾക്കു വഴിവെയ്ക്കുമെന്ന് അവൻ
ഓർത്തിരുന്നില്ല. തന്‍റെ പ്രതിഷേധം എങ്ങനെയെങ്കിലും
രേഖപ്പെടുത്തണമെന്നേ അവന് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.
ചോര വന്നുവോ? എന്തൊരു സംശയം! അല്ല, ചോര
വരികതന്നെ ചെയ്തു. കുഴപ്പമായി. സ്വന്തം ആൾക്കരെത്തന്നെ
ഒരു നായ കടിക്കുക; അതൊരു ചീത്ത ലക്ഷണമാണ്.
ഉഷ്ണകാലവും! നായയ്ക്കു ഭ്രാന്തുണ്ടോ?
കുട്ടിയെ സൂചിവയ്ക്കുവാൻ ആശുപത്രിയിലേക്കു
കൊണ്ടുപോയി. ശേഖൂട്ടിക്കു ബന്ധനവും വിധിച്ചു. അടിച്ചു
കൊല്ലണമെന്നായിരുന്നു ആദ്യത്തെ പ്ലാൻ. പക്ഷേ, ബുദ്ധിയുള്ള
ആരോ ചിലർ അതു വിലക്കി. ഭ്രാന്തൻനായയല്ലേ! കൊല്ലാൻ
പാടില്ല. നാൽപതു ദിവസത്തേക്കു കെട്ടിയിടുകയാണു വേണ്ടത്.
തിന്നാനൊന്നും കൊടുക്കരുത്. ഇനി കൊടുത്താലും അതു
കഴിക്കില്ല. നായയ്ക്കു ഭ്രാന്താണ്.
ശേഖൂട്ടി അവരുടെയൊക്കെ വെറുപ്പിനും അവഹേളനത്തിനും
പാത്രമായി. സ്ത്രീകളും കുട്ടികളും അവനെ അത്ഭുതത്തോടെ
നോക്കി. പട്ടയഴിച്ചു നീക്കേണ്ട കാര്യത്തെപ്പറ്റി ആരോ
ഓർമിപ്പിച്ചപ്പോൾ ദാമുവിന്‍റെ അച്ഛൻ പറഞ്ഞു:
‘അതവിടെത്തന്നെ കെടന്നോട്ടെ. ചോറു കൊടുക്കുന്നില്ലല്ലോ.’
കുട്ടികളെയൊന്നും അടുത്തു വിടരുതെന്ന് അമ്മമാർക്ക് ഒരു
താക്കീതും അദ്ദേഹം നൽകി.
അയൽവീടുകളിൽനിന്ന് ആ ഭ്രാന്തുപിടിച്ച പഴയ നാടുവാഴിയെ
കാണുവാൻ ആളുകൾ വന്നു. ശേഖൂട്ടിക്ക് അവരോട്
അനുകമ്പയാണു തോന്നിയത്.
ഈ മനുഷ്യർ ഇത്ര വിഡ്ഢികളാണോ?
മൂർച്ചയുള്ള മുളക്കഷണംകൊണ്ട് ആരോ അവനെ കുത്തി
മുറിവേൽപിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ അവൻ കണ്ടത്
റോസിയുടെ യജമാനനെയാണ്. ശേഖൂട്ടിയുടെ ഹൃദയത്തിൽ
വിദ്വേഷം പതച്ചു പൊങ്ങി. അവന്‍റെ കണ്ണുകൾ
തീക്കനൽപോലെ തിളങ്ങി. പക്ഷേ, ഒരു നിമിഷനേരം
ആലോചിച്ചുനിന്നതിനുശേഷം അവൻ അവജ്ഞയോടെ ഒരു
വശത്തേക്കു മാറുകയാണു ചെയ്തത്. ഒരു നേരിയ
ഞരക്കംപോലും അവൻ പുറപ്പെടുവിച്ചില്ല.
അതു കണ്ട് അവിടെ കൂടിയിരുന്നവരൊക്കെ പൊട്ടിച്ചിരിച്ചു—
ചാവാളി!’
ഏതാനും ദിവസങ്ങൾക്കു മുമ്പുവരെ തന്നെ പേടിച്ചു
പുറത്തിറങ്ങാൻപോലും മടിച്ചിരുന്ന അവരുടെ
അഭിപ്രായപ്രകടനം കേട്ടപ്പോൾ ശേഖൂട്ടിക്ക് അവരോട്
അനുകമ്പയുണ്ടായി. അപ്പോഴും അവനു സംശയം ജനിച്ചു—ഈ
മനുഷ്യർ ഇത്ര വിഡ്ഢികളാണോ?
ദിവസങ്ങൾ നീങ്ങി. ഒന്ന്, രണ്ട്. മൂന്ന്—കഠിനമായ വിശപ്പും
ദാഹവും. നാവു നീട്ടി ക്ഷീണം തീർക്കുവാൻ ആ പട്ട
അനുവദിക്കില്ല. അപമാനഭാരമാണെങ്കിൽ അതിലെല്ലാറ്റിലും
കുടുതൽ ദുസ്സഹം!
ഓരോ നിമിഷവും അവൻ അവന്‍റെ യജമാനനെ
പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അവന്‍റെ യജമാനനു മാത്രമേ
അവനെ മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. പക്ഷേ, ആ
യജമാനൻ എത്തിച്ചേരുകയുണ്ടായില്ല.
മൂന്നാമത്തെ ദിവസം രാത്രി അവന് ഉറക്കംവന്നില്ല. കിഴക്കേ
വളപ്പിലെ കാവിൽ ‘തിറ’യാണ്. അന്തരീക്ഷത്തെ വിറപ്പിക്കുന്ന
കൊട്ടും പാട്ടും അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. കതിനയും
അമിട്ടും വാണവും പൂക്കുറ്റിയും ആകാശത്തെ വെളുപ്പിച്ചു.
എങ്ങും പന്തങ്ങൾ; എങ്ങും വെളിച്ചം! ശേഖൂട്ടി പരിഭ്രമിച്ചു.
പിശാചുക്കൾ അവനെ വിഴുങ്ങാൻ ആഞ്ഞടുക്കുകയാണ്.
എങ്ങുനോക്കിയാലും തീ മാത്രം. നരകത്തിലെ പിശാചുക്കൾ
പൊട്ടിച്ചിരിക്കുന്നു. അവയുടെ നാവുകളിൽനിന്നു തീജ്ജ്വാലകൾ
നൃത്തം വയ്ക്കുന്നു.
അവിടെനിന്ന് ഓടി രക്ഷപ്പെട്ടില്ലെങ്കിൽ മരണം നിശ്ചയമാണ്.
തീയിലിട്ട അനുഭവംതന്നെ അവനുണ്ടായി. കെട്ടിയ കുറ്റിക്കു
ചുറ്റും ഓടി അവൻ ഓളിയിട്ടു. പക്ഷേ, ശബ്ദം
പുറപ്പെടുകയുണ്ടായില്ല. അടി കൊണ്ടിട്ടെന്നപോലെ അവൻ
പുളഞ്ഞു.
ശേഖൂട്ടി ശ്വാസമടക്കി നിന്നു. ചങ്ങല വലിയുകയായി. ഭയം
നിമിത്തമായിരിക്കാം, അവന്‍റെ ഓരോ രോമവും എറിച്ചുനിന്നു.
ആ ചുമൽ വീർത്തു; കഴുത്തു വില്ലുപോലെ വളഞ്ഞു.
മുൻകാലുകൾ ശക്തിയോടെ നിലത്തൂന്നി. പിറകോട്ടൊരു
കുതറൽ.
അടിമത്തത്തിന്‍റെ കണ്ണി അറ്റു!
അവൻ ഓടി. എങ്ങോട്ടെന്നില്ലാതെ, കണ്ട
വഴിയിലൂടെയൊക്കെ ഓടി. അവന്‍റെ കാലുകൾക്ക്
പുതുതായൊരു ശക്തി സിദ്ധിച്ചിരുന്നു. പിശാചുക്കൾ അവനെ
അപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു. മുള്ളുവേലി
ചാടിക്കടന്നപ്പോൾ അവ അവനെ മാന്തി. ഇരമ്പിപ്പായുന്ന
തീവണ്ടിയിൽനിന്നു ജ്വലിക്കുന്ന കണ്ണുകളോടുകൂടിയ ഒരു
പിശാച് അവന്‍റെ നേരേ ചാടി. ആ രാത്രി അങ്ങനെ എത്ര ദൂരം
ഓടിയിട്ടുണ്ടായിരിക്കുമെന്ന് അവനു നിശ്ചയമില്ല. വളരെവളരെ
ദൂരം അവൻ പിന്നിട്ടിരിക്കണം. ഒടുവിൽ നിരത്തുവക്കത്തുള്ള
ആ മാവിൻചുവട്ടിൽ അവൻ തളർന്നു വീണു.
പിശാചുക്കൾ അവനെ ഇനിയും വിട്ടിട്ടില്ല. തിളങ്ങുന്ന
അനേകം ചെറിയ കണ്ണുകളോടെ അവ അവനെ തിരയാൻ
പുറപ്പെട്ടിരിക്കയാണ്.
തണുപ്പുള്ള ആ രാത്രി ചന്ദ്രൻ ആകാശത്തിന്‍റെ പടിഞ്ഞാറൻ
താഴ്വരയിൽ വിശ്രമം തേടുവാൻ ഭാവിക്കുമ്പോൾ കഠിനമായ
ദാഹം നിമിത്തം ശേഖൂട്ടിക്ക് എരിപൊരിസഞ്ചാരം
കൊള്ളുകയായിരുന്നു. ജീവികൾക്കെല്ലാം അനുഭവപ്പെടുന്ന
കഠിനമായ അന്തർദാഹം അവനെയും ബാധിച്ചു.
എത്ര ദിവസമായി അവൻ അന്നവും വെള്ളവും കണ്ടിട്ട്!
അവന്‍റെ വാരിയെല്ലുകൾ പൊന്തുകയും താഴുകയും
ചെയ്തുകൊണ്ടിരുന്നു. ശ്വാസത്തിന്‍റെ ഗതിവേഗം കൂടി.
വായിൽനിന്നു നുരയും പതയും ഇരുമ്പുപട്ടയെ നനച്ചുകൊണ്ടു
പുറത്തേക്കൊഴുകി.
തോട്ടിലെ ചളിവെള്ളം നിലാവിൽ വെട്ടിത്തിളങ്ങി. ശേഖൂട്ടി ഒരു
പക്ഷേ, അതു കണ്ടിരിക്കണം. മുന്നോട്ടിഴയുവാൻ അന്തഃകരണം
അവനെ പ്രേരിപ്പിച്ചു. പക്ഷേ, അവൻ കിടന്ന
കിടപ്പിൽനിന്നനങ്ങിയില്ല.
പുലർകാലത്ത് ശീതക്കാറ്റു വീശാൻ തുടങ്ങിയപ്പോൾ അവൻ
മയങ്ങിക്കിടക്കുകയായിരുന്നു. ‘റോസി’യുമായി സല്ലപിക്കുന്നതും
‘വെള്ളു’വെ ഭയപ്പെടുത്തി ഓടിക്കുന്നതും അവൻ സ്വപ്നം കണ്ടു.
കിഴക്കു വെള്ളവീശി സർവ ചരാചരങ്ങളെയും തഴുകി
താലോലിക്കുവാൻ കർമ്മസാക്ഷി എഴുന്നള്ളുകയായി.
തെങ്ങിൻതലപ്പിൽ ചിറകുകൾ കുടഞ്ഞൊതുക്കി കഴുകൻ
തയ്യാറായി നിന്നു. ഒരൊറ്റക്കുതികൊണ്ട് അവന്ന് ആ നായയുടെ
അടുക്കലെത്താൻ കഴിയും. സ്വതവേ ബീഭത്സമായ ആ മുഖം
സന്തോഷം നിമിത്തം കൂടുതൽ വികൃതമായി.
ശേഖൂട്ടി അപ്പോഴും കിനാവു കാണുകയായിരുന്നു.
കൊക്കും നഖവും ആദ്യമായി ശരീരത്തിൽ പതിഞ്ഞപ്പോൾ
ദാമു വന്നു വിളിക്കുകയാണെന്നാണ് അവനു തോന്നിയത്.
സന്തോഷത്തിന്‍റെ അശ്രുകണങ്ങൾ അവന്‍റെ കൺപോളകളെ
നനച്ചു. വൈകിയെങ്കിലും അദ്ദേഹം വന്നുചേർന്നുവല്ലോ!
വ്യാമോഹത്തിന്‍റെ ആ നീർക്കുമിളകൾ പൊട്ടാതിരുന്നെങ്കിൽ!
ഭർത്താവ്

പ്രതിഷേധങ്ങളുണ്ടായിരുന്നു, വളരെയേറെ. പക്ഷേ,


അയാളതൊന്നും വകവെച്ചില്ല. വീട്ടുകാർ കേണപേക്ഷിച്ചു;
ബന്ധുക്കൾ ഭീഷണിപ്പെടുത്തിനോക്കി; അയൽവാസികൾ
ഗുണദോഷിച്ചു. രാഘവൻനായർ അതൊക്കെ കേട്ടുനിന്നു, ഒരു
ഭാവഭേദവും കൂടാതെ. അയാളുറച്ചു കഴിഞ്ഞിരുന്നു. ആ
തീരുമാനത്തെ തിരുത്താൻ ആർക്കും സാധിച്ചില്ല.
അതുമല്ല, ഇവറ്റകളെന്തിനാണ് ഇങ്ങനെ തന്‍റെ വഴി
മുടക്കുന്നതെന്നാലോചിച്ചപ്പോൾ, രാഘവൻനായരിൽ
അമർഷവും നൈരാശ്യവുംകൂടിയുണ്ടായി. മുറിവേല്പിക്കപ്പെട്ട ഒരു
ജന്തുവിനെപ്പോലെ അയാൾ വീട്ടുകാരുടെ നേരെ തിരിഞ്ഞു.
എത്രയോ കാലംകൂടി ഒരിക്കൽ നാട്ടിൽ വന്നതാണ്!
എന്നിട്ടുണ്ടോ ഒരു നിമിഷനേരം മനസ്സിനു
സ്വൈരമനുവദിക്കുന്നു? വകതിരിവില്ലാത്ത കഴുതകൾ!
രാത്രി ഉറക്കമിളച്ചിരുന്ന് അയാളോർത്തുനോക്കി. ശരിയാണ്,
അംബുജം വിവാഹിതയാണ്. അതുകൊണ്ടെന്താ? അവൾ
അയാളെ സ്വീകരിക്കാൻ തയ്യാറാണ്. വീട്ടുകാർക്കിഷ്ടംതന്നെ.
പിന്നെയുള്ളതു കണ്ടവർ പറഞ്ഞുപരത്തുന്ന അപരാധങ്ങളാണ്.
അതത്ര ഗൗനിക്കേണ്ട. കണ്ടാൽ കൊള്ളാവുന്ന ഒരു
പെണ്ണിനെക്കൊണ്ട് ആരും എന്തും പറയും. നാട്ടിലുള്ളവരുടെ
വായയ്ക്ക് കൊട്ടയിടാൻ അയാൾക്കു കഴിയുമോ? അമ്മയ്ക്കും
മറ്റുള്ളവർക്കുമൊന്നും ഈ ബന്ധം ഇഷ്ടമല്ലെങ്കിൽ അവരേതു
കടലിലെങ്കിലും പോയി തുലയട്ടെ. അംബുജം! അയാൾ അവളെ
സ്നേഹിച്ചു; ധ്യാനിച്ചു. അവൾ സുന്ദരിയാണ്; പോരാ, വല്ലാത്ത
സുന്ദരിയാണ്. അയാളുടെ ചോരക്കുഴലുകൾ
വികസിച്ചുപൊട്ടുമെന്ന നിലയിലായി. വല്ലാത്ത ഒരന്തർദാഹം!
രാഘവൻനായർ മുറ്റത്തിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
പുറത്തു കോലായിൽ കിടന്നിരുന്ന എൺപതുകഴിഞ്ഞ
കാരണവർ അയാളുടെ പാരവശ്യം കണ്ടപ്പോൾ സ്വയം പറഞ്ഞു:
“ചെക്കന്നു പ്രാന്താ; തനി പ്രാന്താ!”
ആ വീട്ടിൽ സമാധാനമില്ലാതായി.
രാഘവൻനായരെക്കുറിച്ചായി സംസാരം. സ്ത്രീകൾക്കു
പുറത്തിറങ്ങാൻ കഴിയാതെയായി. അവർക്കു നാണമില്ലേ?
കുളക്കടവിലും അമ്പലത്തിലും—നാലാൾ കൂടുന്നിടത്തൊക്കെ—
അതുതന്നെയാണ് വിഷയം. എന്തൊരപമാനമാണ്? ഒടുവിൽ
അമ്മ മകനോടു പറഞ്ഞു:
“അപ്പാ, നീ തറവാട്ടിന്‍റെ മാനം കെടുക്കരുത്. ഇതിലും നല്ല
പെൺകുട്ടികൾ നാട്ടിൽ വേറെയില്ലേ? എന്നാൽപിന്നെ,
മറ്റൊരുത്തൻ വന്നു കൊണ്ടുപോകുന്നതിനുമുമ്പേതന്നെ
നിനക്കിതാകാമായിരുന്നില്ലേ?
“അവളെ ഞാൻ നിങ്ങളുടെയടുക്കൽ കൊണ്ടുവരുന്നില്ല.”
അങ്ങനെ പറഞ്ഞ്, അയാൾ തന്‍റെ പെട്ടിയും
സാമാനങ്ങളുമവിടെ നിന്നെടുപ്പിച്ചു ചൊടിച്ചിറങ്ങി.
പറയേണ്ടിയിരുന്നില്ലെന്ന് അമ്മയ്ക്കും തോന്നി.
അവരുടെ വിവാഹം കഴിഞ്ഞു. വസ്ത്രദാനമോ സദ്യയോ
ഒന്നുമുണ്ടായിരുന്നില്ല. രാഘവൻനായർ അംബുജത്തോടൊപ്പം
രണ്ടു ദിവസം അവളുടെ വീട്ടിൽ കഴിച്ചു. പിന്നീട് അയാൾ
അവളെ തന്‍റെ ജോലി സ്ഥലത്തേക്കു
കൂട്ടിക്കൊണ്ടുപോകയുംചെയ്തു.
ആദ്യത്തെ രാത്രി ഇഷ്ടദേവതയുടെ മുമ്പിൽ വിനീതനായ
ഭക്തൻ നിൽക്കുന്നതുപോലെ രാഘവൻനായർ
അംബുജത്തിന്‍റെ മുമ്പിൽ നിന്നു. ആ സൗന്ദര്യപൂരത്തിന്‍റെ
മുമ്പിൽ അയാൾ നിശ്ചേഷ്ടനായി. ഒരു വിമ്മിഷ്ടം. അവൾ
കൽപിച്ചു; അയാളനുസരിച്ചു. അവൾ പതിവ്രതയാണ്. രാവിലെ
കിടപ്പുമുറിയിൽനിന്നു പുറത്തുവന്നപ്പോൾ രാഘവൻ നായർ
ആശ്വസിച്ചു:
“ഭാഗ്യം, അംബുജത്തിനു ഗർഭശങ്കയില്ല!”
അവളെ വിവാഹം കഴിക്കണമെന്ന് അയാൾക്ക് ആദ്യമേ
മോഹമുണ്ടായിരുന്നു. അത് അയാൾ അവളുടെ വീട്ടുകാരെ
അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ, കുട്ടിക്കു
പ്രായമായപ്പോൾ അയാളെത്തിയില്ല. ശുപാർശയുംകൊണ്ട്
രാഘവൻനായരുടെ ജോലിസ്ഥലത്ത് ആളുകളെത്തി. അന്ന്
അയാൾ ഉദ്യോഗസംബന്ധമായി ചില കുഴപ്പങ്ങളിൽപ്പെട്ടു
കിടക്കുകയായിരുന്നു. അതിനാൽ, അതു നേരെയാകുന്നതുവരെ
കാത്തുനിൽക്കാൻ രാഘവൻനായർ ആവശ്യപ്പെട്ടു. പക്ഷേ,
അവർക്കതിനു നിവൃത്തിയുണ്ടായിരുന്നില്ല. പെണ്ണു
സുന്ദരിയാണെങ്കിലും, ഒരു വല്ലാത്ത സ്വഭാവക്കാരിയാണ്. ഒരു
കുഴപ്പംപിടിച്ച ചിന്താഗതിയാണ് അവളുടേത്. മലമുകളിൽ
കുത്തിയൊലിച്ചു വരുന്ന കാട്ടാറിനെപ്പോലെ, തീരസ്ഥലത്തുള്ള
വസ്തുക്കളെയൊക്കെ തന്നിൽ മഗ്നമാക്കാനും അങ്ങനെ
അവയെ ആസ്വദിക്കാനുമുള്ള വാസന! പോരേ വിഷമം?
വീട്ടുകാർക്കു പൊറുതിമുട്ടി. അംബുജം
വ്യക്തിസ്വാതന്ത്ര്യത്തിൽ വല്ലാതെ വിശ്വസിച്ചു.
വിവാഹംകഴിയുന്നതിനു മുമ്പേതന്നെ അങ്ങനെയായാൽ കാര്യം
അപകടമല്ലേ? ഒടുവിൽ സ്ഥിതിഗതികൾ കൂടുതൽ
വഷളാകുന്നതിനുമുമ്പ് പെണ്ണിനെ വിവാഹം കഴിച്ചയയ്ക്കാൻ
അവർ നിർബദ്ധരായി. ആ മനുഷ്യൻ ഒരു സുന്ദരനോ
പരിഷ്കാരിയോ ഒന്നുമായിരുന്നില്ല. ഇങ്ങനെയൊരു കുരങ്ങിനു
തന്നെ കെട്ടിക്കൊടുത്തുവല്ലോ എന്നോർത്ത് അംബുജം
കുണ്ഠിതപ്പെട്ടപ്പോൾ, അമ്മ സമാധാനിപ്പിച്ചു:
“പോട്ടെടീ, അയാൾ പണക്കാരനാ. പോരാത്തതിനു നിന്‍റെ
ചൊല്പടിക്കു നിൽക്കുകയുംചെയ്യും.”
തനിക്കു കിട്ടിയ സാധനത്തിന്‍റെ മേന്മ കണ്ടപ്പോൾ കമ്പൗണ്ടർ
അന്ധാളിച്ചുപോയി. വല്ല ‘ഉടവും’ പറ്റിയതിനാൽ വില കുറച്ചു
വിറ്റതായിരിക്കുമോ എന്നൊന്നും അയാളാലോചിച്ചില്ല. അവളെ
എങ്ങനെയെല്ലാം പ്രീതിപ്പെടുത്താം എന്നായി അയാളുടെ
വിചാരം. മുന്നൊക്കെ ‘ഹെൽത്ത്’ മാത്രം വായിച്ചിരുന്ന അയാൾ
‘ഫിലിമിന്ത്യ’യുടെയും ‘പിശ്ചർപോസ്റ്റി’ന്‍റെയും വരിക്കാരനായി.
സിനിമയിൽ ഒരു കമ്പവുമില്ലാത്ത ആ ചങ്ങാതി തിയേറ്ററിൽ
ബോക്സ്സീറ്റുകാരനായി. അലമാരയിൽ ജരാനര ബാധിച്ചു
കിടന്നിരുന്ന മരുന്നുകുപ്പികളുടെയൊക്കെ സ്ഥാനം
സൗന്ദര്യവസ്തുക്കൾ കൈയേറി. വേഷത്തിലും നടപ്പിലും
നിത്യമെന്നോണം അയാൾ പരിഷ്കാരം വരുത്തി.
പക്ഷേ, ഇങ്ങനെയൊക്കെയായിട്ടും അയാൾക്കു
പിന്നെയുമൊരു വല്ലായ്മ. ഭാര്യയുടെ മുമ്പിൽ അയാൾ എപ്പോഴും
മൂകനാണ്. നിറവിളക്കുപോലുള്ള അവളെ സ്പർശിക്കാൻ
അയാൾക്കൊരു ഭയം. എത്രതന്നെ ശ്രമിച്ചിട്ടും ആ
അധമബോധം അയാളെ വിട്ടുപോയില്ല.
വിശക്കുന്ന കുട്ടി പലഹാരത്തെയെന്നപോലെ അയാൾ
ഭാര്യയെ നോക്കിനില്ക്കും. ഒരിക്കൽ അവൾ അയാളോടു
ചോദിക്കുകയുണ്ടായി:
“എന്താ ഇങ്ങനെ സൂക്ഷിച്ചുനോക്കുന്നത്? എന്നെ
തിന്നാനാണോ ഭാവം?” അതും പറഞ്ഞ് അവൾ കുലുങ്ങിച്ചിരിച്ചു.
അയാളുടെ ആത്മാഭിമാനത്തിനു ക്ഷതംപറ്റി. എങ്കിലും
ധൈര്യമവലംബിച്ച് അയാൾ മുന്നോട്ടാഞ്ഞു. ആ
സ്നേഹപരവശൻ ഭാര്യയെ കടന്നുപിടിക്കാൻ മുതിർന്നു.
“ആയ്, ‘ഐഡോഫോം’ നാറുന്നു!”
അംബുജം അങ്ങനെ പറഞ്ഞ് അവജ്ഞയോടെ അയാളുടെ
കരവലയത്തിൽനിന്നു വഴുതിക്കളഞ്ഞു.
ഭാര്യ സുന്ദരിയാകുന്നത് ഒരുതരത്തിൽ ശാപമാണ്.
ഭർത്താക്കന്മാരുടെ മനസ്സുഖം അവർ കെടുത്തുന്നു.
ആഫീസിലിരുന്ന് എഴുതുമ്പോൾ, ഭാര്യ വീട്ടിലിരുന്ന് എന്താണ്
ചെയ്യുന്നുണ്ടാവുക എന്നാണവരാലോചിക്കുക. അങ്ങനെ
പലതും അത്തരക്കാരാലോചിക്കും. എന്നാൽ വല്ല സൂചനയും
ലഭിച്ചാൽത്തന്നെ ഭാര്യമാരെ മുഷിപ്പിക്കാൻ അവർക്കു
ധൈര്യംവരില്ല.
ഉച്ചയ്ക്ക് ഊണുകഴിക്കാൻ വന്നതായിരുന്നു കമ്പൗണ്ടർ.
അംബുജത്തെ അയാൾ വീട്ടിൽ കണ്ടില്ല. കൂട്ടിലിട്ട
മൃഗത്തെപ്പോലെ മുരണ്ടും കൊണ്ട് അയാൾ
അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോൾ അയൽവീട്ടിൽ നിന്നും
കയറിവന്ന അംബുജം ഭർത്താവിന്‍റെ ഭാവപ്പകർച്ച
വിലവച്ചതേയില്ല.
“ഉം, നീ എവിടെ പോയിരുന്നു?”
ഭയവും കോപവും കലർന്ന സ്വരത്തിൽ കമ്പൗണ്ടർ ചോദിച്ചു.
കുറച്ചുനേരം അയാളെ പുച്ഛഭാവത്തിൽ
നോക്കിനിന്നതിനുശേഷം അവൾ മറുപടികൊടുത്തു:
“ഞാൻ നിങ്ങളുടെ അടിമയൊന്നുമല്ല.”
ഒരു ദഹിപ്പിക്കുന്ന നോട്ടം അയാളുടെനേർക്കു വിട്ടുകൊണ്ട്
അവൾ അകത്തേക്കു പോയി. അതിന്‍റെ ചൂടിൽ ആ സാധു
വാടിവിയർത്തു.
അംബുജത്തിന്‍റെ പെരുമാറ്റവും നടപടിയും
അനഭിലഷണീയമാണെന്ന് അയാൾക്ക് പലപ്പോഴും
തോന്നിയിട്ടുണ്ട്. തന്നെ അവൾക്കു പുച്ഛമാണെന്നും
അയാൾക്കറിയാം. എന്നിട്ടും കമ്പൗണ്ടർക്ക് അവളെ
ശാസിക്കാൻ തോന്നിയില്ല. അയാൾ അവളെ സ്നേഹിച്ചു. ഒരു
ഭയം കലർന്ന സ്നേഹം. അവളെ വിട്ടുപിരിയാൻ അയാൾക്കു
കഴിയില്ല. ഭർത്താവിന്‍റെ വെപ്രാളം കാണുന്നത് അംബുജത്തിനു
വിനോദമാണ്. തനിക്കുവേണ്ടി അയാളെക്കൊണ്ട് ലോഭമില്ലാതെ
പണം ചെലവാക്കുന്നതിൽ അവൾക്ക് ഒരു
മടിയുമുണ്ടായിരുന്നില്ല. കമ്പൗണ്ടറാണെങ്കിൽ ഭാര്യയുടെ ഒരു
പുഞ്ചിരിക്കും കടാക്ഷത്തിനുംവേണ്ടി എന്തു ത്യാഗം
ചെയ്യുന്നതിനും തയ്യാറാണ്. എങ്കിലും അംബുജം
അയൽവീടുകളിൽ പോകുന്നത് അയാളിഷ്ടപ്പെട്ടില്ല.
എങ്ങനെയെങ്കിലും അയാൾ അതു തടയാൻ തീർച്ചപ്പെടുത്തി.
ഒരൊറ്റ പോംവഴിയേ അയാളത്തിനു കണ്ടുള്ളു—ഗേറ്റ്
പുറത്തുനിന്ന് പൂട്ടുക. ഒടുവിൽ നിവൃത്തിയില്ലാതായപ്പോൾ
അയാൾ അതു ചെയ്യുകതന്നെ ചെയ്തു.
രാഘവൻനായർ വന്നാവശ്യപ്പെട്ടപ്പോൾ വീട്ടുകാർക്ക്
അംബുജത്തെ കൂട്ടിക്കൊണ്ടുവരേണ്ട ആവശ്യം നേരിട്ടു. അവർ
ആളെ അയച്ചു. വിവരമറിഞ്ഞപ്പോൾ അംബുജത്തിനു
സന്തോഷമേയുണ്ടായുള്ളു. അവൾക്ക് ആ ജീവിതം
മടുത്തുതുടങ്ങിയിരുന്നു. പകൽ അവളുടെ ഇഷ്ടം
നടക്കുമായിരിക്കും. എന്നാലും രാത്രി അവൾ വെറുക്കുന്ന ആ
മനുഷ്യന്‍റെ ഒന്നിച്ചു കഴിച്ചുകൂട്ടേണ്ടേ?
വൈകുന്നേരം ഭർത്താവു വന്നപ്പോൾ അംബുജം പറഞ്ഞു:
“വീട്ടിൽനിന്ന് ആളു വന്നിരിക്കുന്നു. അനുജത്തീടെ
കല്യാണമാ. നമുക്കു നാളെത്തന്നെ പോകണം.”
ആ മനുഷ്യന് ഒരുതരത്തിലും ലീവ് കിട്ടാനിടയില്ലെന്ന്
അവൾക്ക് നല്ലവണ്ണമറിയാമായിരുന്നു.
“എനിക്കു ലീവ് കിട്ടില്ലല്ലോ, അംബുജം.”
“ഓ, നിങ്ങളൊക്കെ അങ്ങനെയേ പറയുള്ളു; എനിക്കറിയാം.
കുറച്ചൊക്കെ സ്നേഹമുണ്ടെങ്കിലല്ലേ?” അവളുടെ കണ്ണുകളിൽ
വെള്ളം നിറഞ്ഞു.
കമ്പൗണ്ടറുടെ മനസ്സു കുളിർത്തു. അയാൾ പറഞ്ഞു:
“ഞാൻ കല്യാണത്തിനു മുമ്പേ വരാം. അംബുജം നാളെ
പൊയ്ക്കോളൂ.”
അതുതന്നെയായിരുന്നു അവളുടെ ആവശ്യം.
അയാളുടെ ദാമ്പത്യജീവിതത്തിലെ, തൃപ്തിയും സന്തോഷവും
നിറഞ്ഞ ഏകദിവസം അതായിരുന്നു. അംബുജത്തിന്‍റെ
സ്നേഹവും പാകതയും വേർപാടിലുള്ള വ്യസനവുമൊക്കെ
അന്നു രാത്രി അയാൾ കണ്ടു. അയാൾ പശ്ചാത്തപിച്ചു.
ഇത്രമാത്രം ഭർത്തൃസ്നേഹമുള്ള ഒരു സ്ത്രീയെയല്ലേ അയാൾ
സംശയിച്ചത്!
പിറ്റേന്ന് അയാൾ ഭാര്യയെ യാത്രയയച്ചു. വധുവിനു
സമ്മാനിക്കുവാനായി വിലപിടിച്ച ഒരു സാരി വാങ്ങി അയാൾ
ഭാര്യയെ ഏൽപിച്ചിരുന്നു. പത്തോ പതിനഞ്ചോ ദിവസത്തെ
താമസത്തിന്നുവേണ്ടി വീട്ടിലുള്ള സാമാനങ്ങളെല്ലാം
പെറുക്കിക്കൊണ്ടുപോയതിന്‍റെ ഔചിത്യം അയാൾക്കു
മനസ്സിലായില്ല. തന്‍റെ സ്നേഹം വീട്ടുകാരെ
കാണിക്കുന്നതിനുവേണ്ടിയായിരിക്കുമെന്നു വിചാരിച്ച് അയാൾ
സമാധാനിച്ചു.
വിവാഹത്തിന്‍റെ ക്ഷണവും കാത്ത് കമ്പൗണ്ടർ
അക്ഷമനായിരുന്നു. അംബുജത്തിന്‍റെ അഭാവത്തിൽ
അയാൾക്കൊരു വല്ലായ്മ; തന്നിൽനിന്ന് എന്തോ ഒന്നു
ചോർന്നുപോയതുപോലെയുള്ള ഒരു തോന്നൽ.
ദിവസമടുത്തിട്ടും അയാൾക്ക് ആരും ഒരു കത്തും അയച്ചില്ല.
കമ്പൗണ്ടർ അതത്ര സാരമാക്കിയില്ല. അവിടെ എന്തൊക്കെ
തിരക്കു കാണും!
അല്പമൊരു ചാഞ്ചല്യത്തോടുകൂടിയായിരുന്നു കമ്പൗണ്ടർ
ഭാര്യാഗൃഹത്തിൽ കാലെടുത്തു കുത്തിയത്. ആ വീട്ടിൽ
കല്യാണത്തിന്‍റെ ഒരു ലക്ഷണവും കാണാനുണ്ടായിരുന്നില്ല.
മുറ്റത്തൊരു പന്തൽപോലുമുണ്ടായിരുന്നില്ല. അയാൾ ഒന്നു
പരുങ്ങി. തനിക്ക് ദിവസം തെറ്റിയിട്ടില്ലെന്ന് അയാൾക്കു നല്ല
നിശ്ചയമുണ്ട്. അവിടെയാണെങ്കിൽ ഒരേർപ്പാടും
കാണുന്നില്ലതാനും.
സംശയിച്ചുകൊണ്ടു നിൽക്കുന്ന കമ്പൗണ്ടരോട്
അംബുജത്തിന്‍റെ അമ്മ വെളിയിൽ വന്നു പറഞ്ഞു:
“നിങ്ങൾ ഇനി ഇവിടെ വരേണ്ട ആവശ്യമില്ല. അംബുജത്തിന്
നിങ്ങളുടെ ബന്ധം വേണ്ട. അവൾ അവളുടെ
ഭർത്താവിന്‍റെകൂടെ പൊയ്ക്കഴിഞ്ഞു.”
അയാൾ ഞെട്ടിപ്പോയി. അയാൾക്കതു വിശ്വസിക്കാൻ
കഴിഞ്ഞില്ല. അയാളെങ്ങനെയോ പറഞ്ഞു:
“ഞാൻ... ഞാൻ. ഭർത്താവ്? കല്യാണം?”
“നിങ്ങളിവിടെനിന്നിറങ്ങണം. അല്ലെങ്കിൽ ആളെ
വിളിക്കേണ്ടിവരും.”
അംബുജത്തിന്‍റെ അമ്മ കല്പിച്ചപ്പോൾ തൂവാലയുടെ
അറ്റംകൊണ്ട് കണ്ണീരൊപ്പി ആ നിർഭാഗ്യവാൻ തിരിഞ്ഞുനടന്നു.
അയാൾക്കു സഹിക്കവയ്യാത്ത വ്യസനമുണ്ടായിരുന്നു.
ആരുടെ അലട്ടും കൂടാതെ അംബുജവും രാഘവൻനായരും
ദിവസങ്ങൾ മുന്നോട്ടു നീക്കി. ജീവിതം സുഖകരമായിരുന്നു.
പണമുണ്ട്, സൗന്ദര്യമുണ്ട്, ഒക്കെയുണ്ട്. രാഘവൻനായർ
കാഴ്ചയ്ക്കു സുഭഗനായിരുന്നു; വയസ്സ് ഭാര്യയെക്കാൾ അല്പം
കൂടുതലായിരുന്നെങ്കിലും. അയാൾ ചിലപ്പോഴൊക്കെ
സംശയിക്കും, അംബുജംത്തിനു തന്നെ ആത്മാർത്ഥമായി
സ്നേഹിക്കുവാൻ കഴിയുമോ എന്ന്. അതിനു വിശേഷിച്ചൊരു
കാരണമൊന്നുമുണ്ടായിരുന്നില്ല. വെറുമൊരു സംശയം.
അംബുജം അതൊക്കെ ശരിക്കു മനസ്സിലാക്കുന്നുണ്ടായിരുന്നു.
അവൾ ഉള്ളുകൊണ്ടു ചിരിക്കും. എന്തിനാണ് ഭർത്താക്കന്മാർക്ക്
ഈ വെപ്രാളമൊക്കെ? അവർക്കടങ്ങിയിരുന്നുകൂടെ?
രാഘവൻനായരുടെ ഗോഷ്ടികളും ജാഗ്രതയുമൊക്കെ
കണ്ടപ്പോൾ അവൾ വിചാരിച്ചു:
‘ഓ, ഈ മനുഷ്യൻ മറ്റാളെക്കാളും വിഡ്ഢിയാണ്!’
അവർ അവിടെ താമസമാക്കിയിട്ട് അധികമൊന്നും
ദിവസങ്ങൾ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും അംബുജം
ചോദിക്കുകയായി:
“ഇതെന്താ, എന്നെ പൂട്ടിയിടാനാണോ
കൊണ്ടുവന്നിരിക്കുന്നത്? നിങ്ങൾക്കിവിടത്തെ പാർക്കിലും
ബീച്ചിലുമൊന്നും പോകേണ്ട വഴിയറിയില്ലേ? ഈ നശിച്ച ദിക്കിൽ
സിനിമാതീയ്യേറ്ററുമില്ലേ? എനിക്കിങ്ങനെയൊന്നും നില്ക്കാൻ
കഴിയില്ലേ!”
കരളുറപ്പോടുകൂടിയുള്ള ആ ചോദ്യങ്ങളുടെ മുമ്പിൽ ഭീരുവായ
ആ ഭർത്താവ് അഞ്ചിപ്പോയി. ഇളിഭ്യത പിണഞ്ഞവന്‍റെ മട്ടിൽ
അയാൾ പറഞ്ഞു:
“അതെ, നമുക്കൊന്നു സിനിമയ്ക്കു പോകണം.
ഇന്നുതന്നെയായ്ക്കളയാം, സെക്കന്‍റ്ഷോവിന്.”
ആ അപകടംപിടിച്ച വസ്തുവിനെ അധികമാരേയും
കാണിക്കാതെ സൂക്ഷിക്കണമെന്നായിരുന്നു രാഘവൻനായരുടെ
ആഗ്രഹം. വിശേഷിച്ചും അത് മലയാളികളധികമുള്ള ഒരു
സ്ഥലവുമാണ്.
അംബുജത്തിന്ന് അയാളുടെ അന്തർഗതം മനസ്സിലായി.
അവൾ പറഞ്ഞു:
“ആരെങ്കിലും കണ്ടുപോയാൽ ഒരു തരക്കേടും വരാനില്ല.
എനിക്ക് ഈ രാത്രിയത്തെ കളിക്കു കെട്ടിച്ചുറ്റി വരാനൊന്നും
കഴിയില്ല. നമുക്കാദ്യത്തെ കളിക്കുതന്നെ പോകാം.”
അങ്ങനെ അവർ ‘ഫസ്റ്റ്ഷോ’വിനുതന്നെ പോയി. രാഘവൻ
നായരുടെ മുഖത്ത് ഒരു പ്രസാദവുമുണ്ടായിരുന്നില്ല. എല്ലാവരും
അയാളുടെ ഭാര്യയെത്തന്നെ നോക്കുന്നു. അതെന്തിനാണ്?
അതാണ് അയാൾക്ക് അറിയേണ്ടത്.
സംശയം! സംശയം! ഭാര്യയുടെ പാതിവ്രത്യത്തെക്കുറിച്ചു
മാത്രമായി അയാൾക്കു ചിന്ത. ഒരു മാപ്പുസാക്ഷിയെ
വിശ്വസിക്കുവാൻ പാടില്ലെന്ന് അയാൾക്കറിയാം. എന്നാലും
അയാൾക്കൊരു ഭയം; അവളുടെ മുഖത്തു നോക്കി ഒന്നുംതന്നെ
മറുത്തു പറയാൻ അയാൾക്കു കഴിയില്ല. അവളെ പിരിഞ്ഞു
തനിക്കു സ്വന്തമായി ഒരു ജീവിതം നയിക്കാൻ
സാധിക്കില്ലെന്നാണ് അയാളുടെ വിശ്വാസം. അവളുടെ
സൗന്ദര്യത്തിനു മുമ്പിൽ അയാൾ എല്ലാം മറക്കും. അവളെ
വിട്ടുപിരിഞ്ഞാൽ ആത്മാവിനെ കശക്കുന്ന ആ സംശയം വീണ്ടും
തലപൊക്കും.
അയാളുടെ ഊഹങ്ങൾക്കു ചില കാരണങ്ങളുമുണ്ടായിരുന്നു.
ഒരിക്കൽ ഭാര്യ മോടിയിലുള്ള ഒരു ബ്ലൗസ് ധരിച്ചതു കണ്ടപ്പോൾ
അയാൾ ചോദിച്ചു:
“ഇതെപ്പോൾ തയ്പ്പിച്ചതാ?”
അവൾ അലക്ഷ്യമായി മറുപടി പറഞ്ഞു:
“അതു ഞാൻ നാട്ടിൽനിന്നു വരുമ്പോൾ കൊണ്ടുവന്നതാ.”
അയാളതു വിശ്വസിച്ചില്ല. ആരോ സമ്മാനിച്ചതായിരിക്കണം.
എങ്കിലും എങ്ങനെയാണ് അയാളതു ഭാര്യയോടു പറയുക?
അതിനെപ്പറ്റി രാഘവൻ നായർ പിന്നീട് ഭാര്യയോട് ഒരക്ഷരം
സംസാരിച്ചില്ല.
അംബുജത്തിനു പ്രസവിക്കുവാൻ നാട്ടിൽ പോകണം.
രാഘവൻ നായർക്ക് അതത്ര രസിച്ചില്ല. അവിടെയെന്താ
ആസ്പത്രിയില്ലേ? ഡോക്ടറില്ലേ? അയാൾ മുടക്കം പറഞ്ഞു.
എങ്കിലും ഒടുവിൽ അവളുടെ ഇഷ്ടം തന്നെ നടന്നു. ആ
ഭർത്താവിന്നു പരിഭ്രമമായി. കണ്ണുപോയാലല്ലേ അതിന്‍റെ
വിലയറിയുള്ളു? അംബുജമില്ലാതെ അയാളെങ്ങനെ കഴിച്ചു
കൂട്ടും?
രാഘവൻനായർ ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടാക്കി
മടങ്ങി. അയാൾ തന്‍റെ വീട്ടിൽ ചെല്ലുകയോ വൃദ്ധയായ
മാതാവിനെ കാണുകയോ ചെയ്തില്ല.
എങ്കിലും പെറ്റതള്ളയല്ലേ? എന്തുതന്നെയായാലും അവർക്കു
മകനെ വെറുക്കുവാൻ കഴിയുമോ? വരാനുള്ളതു വന്നുകഴിഞ്ഞു.
പിന്നീടുമെന്തിനു വൈരം വെച്ചുപുലർത്തണം? മകന്
ഒരാൺകുട്ടിയുണ്ടായെന്നു കേട്ടപ്പോൾ ആ വൃദ്ധയ്ക്കുണ്ടായ
സന്തോഷം പറയാൻ കഴിയില്ല. കുഞ്ഞിനെ കാണാൻ ആ സ്ത്രീ
കൊതിച്ചു. ‘ഇണങ്ങു’ മര്യാദയനുസരിച്ച് മകന്‍റെ ഭാര്യയെ വീട്ടിൽ
കൂട്ടിക്കൊണ്ടുവരേണ്ടതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
പക്ഷേ, മറ്റുള്ളവർക്കൊന്നും അതത്ര രുചിച്ചില്ല. അവരൊന്നും
സമ്മതിക്കില്ല, അംബുജം രാഘവൻനായരുടെ ഭാര്യയാണെന്ന്.
എങ്കിലും ഒടുവിൽ വൃദ്ധയുടെ ഇഷ്ടപോലെ അവർ
പ്രവർത്തിക്കതന്നെ ചെയ്തു.
അംബുജം അവിടെ എല്ലാവരോടും നല്ലപോലെ പെരുമാറി;
രാഘവൻ നായരുടെ അമ്മയും.
“നല്ല അടക്കവുമൊതുക്കവുമുള്ള കുട്ടി.”
പക്ഷേ, ഒരാൾ മാത്രം അവളുടെ നടപടികളെ സൂക്ഷിച്ചിരുന്നു.
രാഘവൻനായരുടെ അനുജൻ. രാത്രി ഉറക്കമൊഴിച്ചിരുന്ന് ആ
സ്ത്രീ എന്താണ് ഇത്രനേരമെഴുതുന്നത്? ആരുടെ വശമാണ് ആ
എഴുത്തുകൾ പോസ്റ്റ് ചെയ്യാൻ അയയ്ക്കുന്നതെന്ന് അയാൾ
അന്വേഷിച്ചു. അയൽ വീട്ടിലെ പണിക്കാരൻ ചെക്കന്‍റെ പക്കൽ.
ഒരാഴ്ചയ്ക്കുള്ളിൽ രാഘവൻനായരുടെ അനുജന് അഞ്ചു
കത്തുകൾ കിട്ടി. അഞ്ചും അഞ്ച്പേർക്ക്; എല്ലാം പുരുഷന്മാർ!
ഒരു കത്തിന്‍റെ അവസാനം എഴുതിയിരുന്നു:
“ഈ അസത്തുക്കളെക്കൊണ്ടു പകൽ ഒന്നുംതന്നെ
എഴുതാൻ എനിക്കു കഴിയുന്നില്ല. നിങ്ങളുടെ സ്മരണയിൽ
നീറിക്കൊണ്ടു രാത്രിയിലാണ് ഞാനിതെഴുതുന്നത്.”
കത്തിന്‍റെ കഥ നാട്ടിലൊക്ക പാട്ടായി. അംബുജം പിന്നീടു
ഭർത്തൃഗൃഹത്തിൽ താമസിച്ചില്ല. അവൾ തന്‍റെ വീട്ടിലേക്കു
പോയി.
വിവരമറിഞ്ഞപ്പോൾ രാഘവൻനായർ ഒരു ഭ്രാന്തനെപ്പോലെ
നാട്ടിലെത്തി. എഴുത്തുകളൊക്കെ അയാൾ കണ്ടു. അയാളതു
പലവുരു വായിച്ചു. അയാളുടെ സംശയങ്ങളൊക്കെ ശരിയായി
കലാശിക്കുകതന്നെ ചെയ്തു. അവൾ വഞ്ചകിയാണ്. ആ
കത്തുകളുമായി അയാൾ പരിചയമുള്ള വീടുകളിലൊക്കെ
കയറിയിറങ്ങി. സ്നേഹിതന്മാരോടും ബന്ധുക്കളോടും അയാൾ
തനിക്കു പറ്റിയ തെറ്റു സമ്മതിച്ചു. അംബുജത്തിന്‍റെ
അടുക്കലേക്ക് അയാൾ പോയതേയില്ല. കുട്ടിയെ
കാണണമെന്നും അയാൾക്കു തോന്നിയില്ല. അയാൾക്കെങ്ങനെ
ഉറപ്പിക്കുവാൻ കഴിയും, അതു തന്‍റെ കുട്ടിതന്നെയാണെന്ന്?
വിവാഹമോചനത്തിനു വേണ്ട ഏർപ്പാടുകളും ചെയ്ത് ആ
ഹതഭാഗ്യൻ ജോലിസ്ഥലത്തേക്കു തിരിച്ചുപോയി.
ഈ കൊടുങ്കാറ്റിൽ അടിപതറിപ്പോകുന്ന ഒരു
മുളയായിരുന്നില്ല അവളും. അവൾക്കു
നല്ലവണ്ണമറിയാമായിരുന്നു, തന്നെ വിട്ടുപിരിഞ്ഞ് അയാൾക്ക്
ജീവിക്കുവാൻ കഴിയില്ലെന്ന്. ഇന്നല്ലെങ്കിൽ നാളെ അയാൾ
മടങ്ങിവരാതിരിക്കില്ല. പക്ഷേ, അതുവരെ അവൾക്കൊരു
നാഥനെ ആവശ്യമാണ്.
ആ പഴയ കമ്പൗണ്ടർ അംബുജത്തിന്‍റെ വീട്ടിൽ വീണ്ടും
വന്നുതുടങ്ങി. അയാളെ കണ്ടപ്പോൾ അവൾക്കു
മോഹാലസ്യമുണ്ടായി. വളരെനേരം അവൾ കണ്ണീർ വാർത്തു.
അവൾ അയാളെ എത്രമാത്രം സ്നേഹിച്ചിരുന്നു! ഒക്കെ
വീട്ടുകാരുടെ പ്രവൃത്തികളാണ്. കമ്പൗണ്ടർ അവൾ
പറഞ്ഞതൊക്കെ വിശ്വസിച്ചു. ഭാര്യയെ അരികിൽ
ചേർത്തുകൊണ്ട് അയാൾ പറഞ്ഞു:
“കഴിഞ്ഞതൊക്കെ മറുന്നുകള; എനിക്കു നിന്നെ നല്ല
വിശ്വാസമുണ്ട്!”
ഇപ്പോൾ അംബുജം അയാളോട് ‘ഐഡോഫോം’
നാറുന്നെന്നൊന്നും പറയാറില്ല. അവർ വലിയ മമതയിലാണ്.
ഭർത്താവിന്‍റെയും ഭാര്യയുടെയും അതിർകടന്ന വിശ്വാസങ്ങൾ
കാണുമ്പോൾ അയൽപക്കത്തെ വീടുകളിൽനിന്നു പെണ്ണുങ്ങൾ
പറയും:
“കഷ്ടം, ഇങ്ങനെയുമുണ്ടല്ലോ ആണുങ്ങൾ!”
രാഘവൻനായരുടെ സ്ഥിതി പരിതാപകരമായിരുന്നു.
നിരുന്മേഷനായ അയാൾ ജീവിതത്തെ വെറുത്തു. ആദ്യത്തെ
ദേഷ്യത്തിന്‍റെ ലഹരിയൊന്നടങ്ങിയപ്പോൾ അയാൾ
പശ്ചാത്തപിക്കാൻ തുടങ്ങി. അംബുജത്തിന്‍റെ വിചാരമായി
അയാൾക്കെപ്പോഴും. വിസ്മൃതിയുടെ ചവറ്റുകൊട്ട തപ്പുകയായി
അയാൾ. ഭാര്യയെ കുറ്റക്കാരിയാക്കാനുതകുന്ന ഒരു തെളിവും
ലഭിച്ചില്ല അവിടെനിന്ന്.
തലയ്ക്കു ചൂടുപിടിച്ചിരുന്ന ആ മനുഷ്യന്‍റെ ചിന്ത വേറൊരു
വഴിക്കു തിരിഞ്ഞു. ആരാണ് അംബുജത്തിന്‍റെ നടപടിദൂഷ്യം
തെളിയിച്ചിട്ടുള്ളത്? അവളെ ഏറ്റവുമധികം വെറുക്കുന്ന തന്‍റെ
വീട്ടുകാർ. എങ്ങനെ വിശ്വസിക്കാം അവയൊക്കെ അവൾതന്നെ
എഴുതിയതാണെന്ന്? എന്തുകൊണ്ട് ചതിയായിക്കൂടാ?
അവളെയൊന്നു കാണുകയോ രണ്ടു വാക്കു
ചോദിക്കുകയോപോലും അയാൾ ചെയ്തിട്ടില്ല. അവളെത്ര
മാത്രം വ്യസനിച്ചിരിക്കും! കേവലം അഞ്ചുതുണ്ടു കടലാസ്സുകളെ
വിശ്വസിച്ച് ഈ വിഡ്ഢിവേഷമൊക്കെ കെട്ടിയ അയാളല്ലേ
ഭോഷൻ? എല്ലാം അനുജന്‍റേയും വീട്ടുകാരുടേയും
കുസൃതികളാണ്. അംബുജം നിരപരാധിയാണ്.
രാഘവൻനായരുടെ കത്തും മണിയോർഡറും കണ്ടപ്പോൾ
അംബുജം അത്ഭുതപ്പെട്ടില്ല. അവളതു പ്രതീക്ഷിച്ചതാണ്.
അവൾക്കറിയാം കാറ്റു മാറി വീശുമെന്ന്. നൂറുനൂറു
ഹൃദയനിവേദനങ്ങളും പരിഭവങ്ങളുമുൾക്കൊള്ളുന്ന ഒരു മറുപടി
അവൾ ഭർത്താവിനയച്ചു. പക്ഷേ, ഈ വികാസങ്ങളൊന്നും
കമ്പൗണ്ടർ അറിഞ്ഞിരുന്നില്ല.
ഇടവപ്പാതി കോരിച്ചൊരിയുന്ന ആ രാത്രി ഒരു ചെറുപ്പക്കാരൻ
അംബുജത്തിന്‍റെ വീട്ടിലേക്കു കയറിച്ചെന്നു. അതു
കമ്പൗണ്ടറായിരുന്നു. തന്‍റെ ഭാര്യ പൂമുഖത്തിരുന്ന്
മറ്റൊരാളുമായി സല്ലപിക്കുന്നത് അയാൾ കണ്ടു. അംബുജത്തിന്
ആളെ മനസ്സിലായി. അവൾ രാഘവൻ നായരോടു പറഞ്ഞു:
“വരൂ, നമുക്കകത്തേക്കു പോകാം.”
ഭാര്യയുടെ സാമീപ്യസുഖത്തിൽ സ്വർഗസീമയോളമുയർന്ന
രാഘവൻ നായർ കിടപ്പുമുറിയിലെത്തിയപ്പോൾ ചോദിച്ചു:
“അയാളെന്തിന് ഇവിടെ വന്നു?”
“എത്ര നാളായി ഇങ്ങനെ ഇവിടെ വന്ന് അയാളെന്നെ
നിർബന്ധിക്കുന്നു!” ചേലാഞ്ചലംകൊണ്ടു കണ്ണുകളൊപ്പി അവൾ
പറഞ്ഞു. അവൾക്കതു പറഞ്ഞപ്പോൾ ഒരു തലചുറ്റലുണ്ടായി.
രാഘവൻനായർ സാധ്വിയായ തന്‍റെ ഭാര്യയെ താങ്ങി
കിടക്കയിൽ കിടത്തി.
പുറത്ത് മഴയത്തു പരുങ്ങിനില്ക്കുന്ന കമ്പൗണ്ടറോട് അമ്മ
പറഞ്ഞു:
“നിങ്ങളിങ്ങനെ ഇവിടെ വന്നു ബുദ്ധിമുട്ടിക്കരുത്. അവൾക്കു
നിങ്ങളുടെകൂടെ വരാനിഷ്ടമില്ല. ഭർത്താവു വന്നിട്ടുണ്ട്.”
“ഭർത്താവ്?” കമ്പൗണ്ടർ സാശ്ചര്യം ചോദിച്ചു.
“അതേ, ഭർത്താവ്.”
ഇത്തവണ അയാൾക്ക് പരിഭ്രമമോ പാരവശ്യമോ
ഒന്നുമുണ്ടായില്ല. കഴിഞ്ഞുപോയ സംഭവങ്ങളൊക്കെ
അയാളോർത്തു. ഒരു നേരിയ പുഞ്ചിരി കമ്പൗണ്ടറുടെ
ചുണ്ടുകളിൽ പൊടിഞ്ഞു. മഴവെള്ളം വീണു കെട്ടിരുന്ന ഓലച്ചൂട്ട്
വീണ്ടും കത്തിച്ച്, ഒരു ശരിയായ പുരുഷനെപ്പോലെ,
അക്ഷോഭ്യനായി അയാൾ ഇരുട്ടുനിറഞ്ഞ
ഇടവഴിയിലേക്കിറങ്ങിപ്പോയി.
ഒരു ചെറിയ ജീവിതവും വലിയ മരണവും

ഹോട്ടലിൽ എല്ലാവരും ഉറങ്ങി. ഒരു മുറിയിലും വെളിച്ചമില്ല.


ഞാൻ പുസ്തകമടച്ചുവെച്ചു. ജനലിനരികിൽ ചെന്നു
വെളിയിലേക്കു നോക്കി. എനിക്കു ദാഹിക്കുന്നുണ്ടായിരുന്നു.
വിജനമായ തെരുവിലൂടെ തനിച്ച് നടന്ന്
സിനിമാക്കൊട്ടകയുടെ മുമ്പിലുള്ള ഇറാനിക്കടയിൽനിന്ന് ഒരു
കപ്പു ചായ കുടിച്ചു മടങ്ങുകയെന്നത് എനിക്കു വളരെ
ഇഷ്ടമുള്ള ഒരു കാര്യമാണ്. മിക്കപ്പോഴും ഞാനങ്ങനെ
ചെയ്യാറുണ്ട്. അന്നും അങ്ങനെ ചെയ്യുവാൻതന്നെ
തീർച്ചപ്പെടുത്തി.
പുറത്തു വരാന്തയിൽ ആരുടേയോ കാൽപ്പെരുമാറ്റം കേട്ടു
തിരിഞ്ഞു നോക്കി. കുഞ്ഞിമൊയ്തീനുണ്ട് വാതില്ക്കൽ
നിൽക്കുന്നു!
ആ സമയത്ത് എന്തിനാണ് ആ കുട്ടി എന്നെ കാണാൻ
വന്നതെന്ന് എനിക്കു മനസ്സിലായില്ല. അവനു നല്ല സുഖമില്ലെന്നു
ഞാൻ കേട്ടിരുന്നു. പക്ഷേ, തിരക്കുകൾക്കിടയിൽ ആ കാര്യം
മറന്നു. നാട്ടിൽനിന്ന് ഞാൻ കൂട്ടിക്കൊണ്ടുവന്ന ഒരു കുട്ടിയെന്ന
നിലയ്ക്ക് അവനെപ്പറ്റി എപ്പോഴും അന്വേഷിക്കേണ്ട ചുമതല
എനിക്കുണ്ടായിരുന്നു. ഞാനായിരുന്നു അവന് അവിടെ
ആകെയുണ്ടായിരുന്ന ഒരു തണൽ. ഇടയ്ക്കിടെഓരോ
കാരണവും പറഞ്ഞ് അവൻ എന്‍റെ മുറിയിൽ വരാറുണ്ട്.
മൂന്നു ദിവസമായി കുഞ്ഞിമൊയ്തീനെ ഞാൻ കണ്ടിട്ട്.
കൂജയിലെ വെള്ളം മാറ്റിയിട്ടും മൂന്നു ദിവസം കഴിഞ്ഞു.
അവനാണ് അതു സാധാരണ ചെയ്യാറ്. എന്നിട്ടും അവൻ
വരാഞ്ഞപ്പോൾ അവനെ ഞാൻ ഓർക്കുകയുണ്ടായില്ല. എനിക്കു
നാണവും സങ്കടവും തോന്നി.
ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പായി അവൻ
അകത്തു കടന്നു. കട്ടിലിന്‍റെ അഴിപിടിച്ചുകൊണ്ടു പറഞ്ഞു:
“ഉമ്മാന്ന് ഒന്നുംകൂടി എയ്തണം; എങ്ങനെയെങ്കിലും ഞാൻ
പോയ്ക്കോളാം!”
എത്രയും വിഷമിച്ചിട്ടായിരുന്നു ആ കുട്ടി ഓരോ വാക്കും
പറഞ്ഞത്. ആഴമേറിയ ഒരു കിണറ്റിൽനിന്നു
വരുന്നതുപോലെയായിരുന്നു അവന്‍റെ ശബ്ദം. ആ
കലങ്ങിച്ചുവന്ന കണ്ണുകളും പേപ്പട്ടിയുടേതുപോലെയുള്ള
കിതപ്പും കണ്ടാൽ ആർക്കും ഭയം തോന്നിപ്പോകും. എടുക്കാൻ
വയ്യാത്ത ഒരു ഭാരം തലയിലേറ്റിയപോലെയായിരുന്നു അവന്‍റെ
നില്പ്.
കുഞ്ഞുമൊയ്തീൻ പെട്ടെന്നു കണ്ണടച്ചു. കടമുറിഞ്ഞ ഒരു
വള്ളി പോലെ അവൻ നിലത്തു കുഴഞ്ഞുവീണു. കട്ടിലിന്‍റെ
കാൽച്ചുവട്ടിൽ ചുരുണ്ടുകൂടി.
അപ്പോഴേക്കും ഞാൻ അനങ്ങാതെ അവിടെ
നിൽക്കുകയായിരുന്നു!
കുഞ്ഞിമൊയ്തീന് എന്താണ് ഇത്രവേഗത്തിൽ
വന്നുപെട്ടതെന്നോർത്തപ്പോൾ എനിക്കു വിറ കയറി. അവന്‍റെ
വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. കേവലം ഒരു
കുട്ടിയുടെ വാക്കുകളായിരുന്നില്ല അവ. ജീവകാലം മുഴുവൻ
യാതനകളനുഭവിച്ച ഒരു മനുഷ്യന്‍റെ വാക്കുകളായിരുന്നു.
വെറുപ്പിനും നിരാശയ്ക്കും നിസ്സഹായതാബോധത്തിനും
സങ്കടത്തിനുമെല്ലാമുപരിയായി എനിക്കു മനസ്സിലാക്കാൻ
കഴിയാത്ത എന്തോ ഒന്ന് അതിലുണ്ടായിരുന്നു.
ഞാൻ കുനിഞ്ഞിരുന്ന് അവന്‍റെ പുറത്തു
കൈവെച്ചുകൊണ്ടു വിളിച്ചു: “മൊയ്തീനേ!”
അവൻ മുഖമുയർത്തുകയോ എന്തെങ്കിലും പറയുകയോ
ചെയ്തില്ല.
ഞാൻ അവനെ ഒരിക്കൽകൂടി ഉരുട്ടിവിളിച്ചു. ബോധം
കെടുത്തിയ തവളയുടെ ശരീരത്തിലൂടെ വിദ്യുച്ഛക്തി
പായിക്കുമ്പോൾ അതു പിടയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അപ്പോഴൊക്കെ എന്‍റെ മനസ്സ് വേദനിച്ചിട്ടുമുണ്ട്. പക്ഷേ, അന്നു.
കുഞ്ഞിമൊയ്തീൻ ഞെട്ടിവിറച്ചപ്പോൾ ഞാൻ നിർവികാരനായി
നോക്കിനില്ക്കുക മാത്രമേ ചെയ്തുള്ളൂ!
“എന്‍റെ നെഞ്ഞ് പൊളര്ന്ന്! ഇവട്യൊന്നും തൊട്ടുടാ!”
തന്‍റെ വലിയ ഷർട്ട് ഒരു വശത്തേക്കു മാറ്റി നെഞ്ഞു തൊട്ടു
കാണിച്ചുകൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ ആ കുട്ടിയുടെ
കണ്ണുകളിൽ വെള്ളം നിറഞ്ഞു. വായ
അമർത്തിപ്പിടിച്ചിരുന്നുവെങ്കിലും അവന്നു കരയാതിരിക്കുവാൻ
കഴിഞ്ഞില്ല.
ഞാൻ എഴുന്നേറ്റു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
എന്താണ് അവനോടു പറയേണ്ടതെന്നോ എങ്ങനെയാണവനെ
സമാധാനിപ്പിക്കേണ്ടതെന്നോ എനിക്കൊരു
രൂപവുണ്ടായിരുന്നില്ല. ഞാൻ വല്ലാതെ പരിഭ്രമിച്ചു.
കുഞ്ഞിമൊയ്തീന്‍റെ നെഞ്ചിന് എന്താണു
സംഭവിച്ചുപോയതെന്നോർത്തു ഞാൻ അത്ഭുതപ്പെട്ടു.
സമയം നീങ്ങുകയാണ്. എത്രനേരമാണ് അവൻ
അവിടെയിങ്ങനെ കിടക്കുക? എന്തെങ്കിലും ചെയ്യണമെങ്കിൽ
നേരം പുലരണം. പക്ഷേ, അതുവരെ.
എന്‍റെ മനസ്സിൽ എന്താണുണ്ടായിരുന്നതെന്ന് അവനു
മനസ്സിലായി. അവൻ പറഞ്ഞു: “ഞാൻ ഇബ്ടെ കെടന്നോളാം.”
അടുക്കളയിൽനിന്നു കുളിമുറിയിലേക്കു പോകുന്ന
ഇടനാഴിയിൽ കുഞ്ഞിമൊയ്തീൻ സാധാരണ കിടക്കാറുള്ള
സ്ഥലം ഞാനോർമിച്ചു. അവൻ മാത്രമല്ല, ഹോട്ടലിലെ മിക്ക
പണിക്കാരും അവിടെയാണു കിടക്കാറ്. ചിലർ സിമന്‍റിട്ട വെറും
നിലത്ത്; ചിലർ ഏതാനും മരപ്പലകകളുടെമേൽ. ചെറിയൊരു
മഴയുണ്ടായാൽ മതി അവിടെ വെള്ളം തളം കെട്ടാൻ. മഴ
കുറവാണെങ്കിലും മഞ്ഞില്ലാത്ത രാത്രിയുണ്ടാവാറില്ല.
ഒരുപക്ഷേ, ആ മൂന്നു ദിവസവും കുഞ്ഞിമൊയ്തീൻ
അവിടെത്തന്നെയായിരിക്കും കഴിച്ചുകൂട്ടിയിട്ടുണ്ടാവുക. വീണ്ടും
അവനെ അവിടെ പറഞ്ഞയയ്ക്കാനാണ് ഞാൻ ആലോചിച്ചത്.
കുഞ്ഞിമൊയ്തീൻ കട്ടിലിന്‍റെ കാൽച്ചുവട്ടിൽ ചുരുണ്ടുകൂടി
കിടക്കുകയാണ്. രാവിലെ ദോബി വന്നപ്പോൾ ഞാൻ
വിഴുപ്പുവസ്ത്രങ്ങൾ എണ്ണിയിട്ടത് അവിടെയായിരുന്നു. അതേ
ദിക്കിൽത്തന്നെ! ആ കുട്ടിയുടെ കിടപ്പു കണ്ടപ്പോൾ ആർക്കും
വേണ്ടാത്ത ഒരഴുക്കുവസ്ത്രമാണ് അവനെന്ന് എനിക്കു തോന്നി.
എനിക്ക് ഒരനുജനുണ്ടായിരുന്നുവെങ്കിലോ എന്നു
ഞാനാലോചിച്ചു. അവന് കുഞ്ഞുമൊയ്തീന്‍റെ
യോഗമാണുണ്ടാകുന്നതെങ്കിൽ! എനിക്ക് അതു പൊറുക്കുവാൻ
കഴിയുമോ? ഇല്ല, എന്‍റെ അമ്മയ്ക്കു പൊറുക്കുവാൻ
കഴിയുമോ? ഇല്ല, ആർക്കും കഴിയുകയില്ല. നാട്ടിൽനിന്ന്
എത്രയോ നാഴിക അകലെ വന്നു കഷ്ടപ്പെടുക! അതും ഇത്ര
ചെറുപ്പത്തിൽ!
ഞാൻ കുഞ്ഞിമൊയ്തീനെ താങ്ങിയെടുത്ത് എന്‍റെ
കിടക്കയിൽ കിടത്തി. അവൻ ഞരങ്ങകയും മൂളുകയും
ചെയ്യുന്നു. തീപോലുള്ള അവന്‍റെ ശരീരം തൊട്ടപ്പോൾ മനസ്സിൽ
ഭയത്തിന്‍റെ ഒരിടിവാൾ മിന്നി. ഓ, അതേതു സുഖക്കേടിന്‍റെ
ആരംഭമായിരിക്കും? നെഞ്ചുവേദനയും പനിയും!
വളരെ പ്രയാസപ്പെട്ട് അവൻ ചോദിച്ചു: “ഞാമ്പോയാല് ഉമ്മ
ബയക്ക് പറയോ?”
ആ ചോദ്യം എന്നെ സ്തംഭിപ്പിച്ചു. എനിക്ക് ഒന്നും പറയാൻ
കഴിഞ്ഞില്ല. ഒരു ഹിമക്കട്ട തൊണ്ടയിലൂടെ താഴുന്നതുപോലെ
തോന്നി. എത്ര ചോദ്യങ്ങൾ വേറെ കിടക്കുന്നു! എന്തിനാണ്
കുഞ്ഞിമൊയ്തീൻ അതു തന്നെ ചോദിച്ചത്?
അവന്‍റെ മുഖത്തേക്കു നോക്കാതെ, ഞാൻ എങ്ങനെയോ
പറഞ്ഞു: “നീ അടങ്ങിക്കിടക്ക്; നേരം പുലരട്ടെ.”
പക്ഷേ, വെളിച്ചത്തിന്‍റെ നേരിയ ഒരു രേഖപോലുമില്ലാത്ത
ഏതോ ഒരു ലോകത്തിൽ ജീവിക്കുന്ന ആ കുട്ടിക്ക് നേരം
പുലരുന്നതിനെക്കുറിച്ച് ഒരു ബോധവുമുണ്ടായിരുന്നില്ല.
അതിനാൽ അവൻ വീണ്ടും പറഞ്ഞു:
“എനിക്കുമ്മാനക്കാണണം.”
“ഉമ്മായ്ക്കു ഞാനെഴുതിയിട്ടുണ്ട്. നാളെ മറുപടി വരും.
അതുവരെ അടങ്ങിക്കിടക്ക്.”
അവൻ അതു കേട്ടുവോ, എന്തോ! പിന്നീട് ഒന്നും
ചോദിക്കുകയുണ്ടായില്ല.
എനിക്കു പൊട്ടിക്കരയണമെന്നു തോന്നി. ഞാൻ ആ കുട്ടിയെ
കബളിപ്പിക്കുകയായിരുന്നു!
എന്‍റെ കൈ അറിയാതെ മേശയുടെ വലിപ്പിലേക്കു ചെന്നു.
അവിടെ ഒരു പഴയ പോസ്റ്റ്റ്റ് കാർഡുണ്ടായിരുന്നു. അല്പനേരം
സംശയിച്ചു നിന്നതിനുശേഷം ഞാൻ അതു പുറത്തെടുത്തു.
കുഞ്ഞുമൊയ്തീനു കൊടുക്കുവാൻ ഏതാണ്ട് ഒരു മാസം മുമ്പേ
അവന്‍റെ ഉമ്മ എന്‍റെ പേർക്കെഴുതിയ ഒരു കാർഡായിരുന്നു
അത്. ഞാൻ അതു വായിച്ചു:
“ബി. പടച്ചവന്‍റെ ഉതക്കത്തോടെ എനിക്കിരുസ്ഥലത്തും
ബേണ്ട എന്‍റെ മോൻ കുഞ്ഞിമൊയ്തീൻ ബായിച്ചറിവാൻ നിന്‍റെ
ഉമ്മ എഴുതുന്നത്. നിനക്കു സുകമെന്നു കരുതുന്നു. നാട്ടിൽ
സമയം ബെടക്കാണ്. നിന്‍റെ ബാപ്പ തീരെ ബരവില്ല. ബളരെ
കഷ്ടംതന്നെ. ഉള്ള ബെള്ളം കുടിച്ചു നീ എബിടെങ്കിലും
ജീബനോടെണ്ടന്നു കേട്ടാ മതി. പിന്നെ…”
ആ എഴുത്ത് ഞാൻ കുഞ്ഞിമൊയ്തീനെ കാണിച്ചിരുന്നില്ല.
ഉമ്മ അവന്‍റെ സ്ഥിതിയറിഞ്ഞാൽ ഉടനെ നാട്ടിലേക്കു ചെല്ലാൻ
എഴുതുമെന്നായിരുന്നു അവന്‍റെ വിശ്വാസം. അങ്ങനെയിരിക്കേ
ആ എഴുത്ത് ഞാൻ എങ്ങനെയാണ് അവനെ കാണിക്കുക?
അവന്‍റെ ഉമ്മയുടെ സ്ഥിതി ഞാൻ അറിയും. അവിടെ ചെന്നാൽ
അടിയും കുത്തും കൊളേളണ്ടിവരില്ലെങ്കിലും പട്ടിണികിടക്കാതെ
നിവൃത്തിയില്ല!
കഴിയുന്ന വേഗത്തിൽ അവനെ ഹോട്ടലിൽനിന്നു വിടുവിച്ചു
വേറെവിടെയെങ്കിലുമാക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം.
ഒരു ചെറിയ കുട്ടിയെ പണിക്കാരനായി
കിട്ടിയാൽക്കൊള്ളാമെന്നു വിചാരിക്കുന്ന എത്ര
വീട്ടുകാരുണ്ടാകും? അവസരം ലഭിക്കാൻ ഞാൻ കാത്തു
നിൽക്കുകയായിരുന്നു.
ആരറിഞ്ഞു അതിനിടയിൽ അവനു സുഖക്കേടു വരുമെന്ന്?
രാത്രിയുടെ ഏകാന്തതയിൽ ജീവജാലങ്ങളെല്ലാം
വിശ്രമംകൊള്ളുമ്പോൾ എനിക്കുമാത്രം ഉറക്കം വന്നില്ല. എന്‍റെ
മനസ്സ് അസ്വസ്ഥമായിരുന്നു. എത്രനേരമാണ് അങ്ങനെയിരുന്നു
കഴിച്ചുകൂട്ടുക? ഞാൻ ആലോചിച്ചു. പുറത്തുപോയി ഒരു
ഡോക്ടറെ വിളിച്ചുകൊണ്ടുവന്നാലോ എന്ന്. കുഞ്ഞിമൊയ്തീൻ
ശ്വാസം കഴിക്കുന്നത് എനിക്കു നല്ലപോലെ കേൾക്കാം. ആ
കുട്ടിയുടെ മൂക്ക് കരയ്ക്കുപിടിച്ചിട്ട മത്സ്യത്തിന്‍റെ ചെകിളപോലെ
ചുരുങ്ങുകയും വികസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അവന്‍റെമേൽ കൈവെച്ചുനോക്കുവാൻ ഞാൻ ഭയപ്പെട്ടു.
നെഞ്ചു പിളരുകയാണെന്നല്ലേ അവൻ പറഞ്ഞത്?
കുഞ്ഞിമൊയ്തീനെ തനിച്ചാക്കി ഡോക്ടറെ വിളിക്കുവാൻ
പോകുന്നതിൽ പന്തികേടുണ്ടെന്നു ഞാൻ എന്നെത്തന്നെ
വിശ്വസിപ്പിച്ചു. അതിനുപുറമേ ആ വൈകിയനേരത്ത് വല്ലവരും
വരുമോ? അതിനാൽ രാവിലെ കൂട്ടിക്കൊണ്ടുവന്നാൽ
മതിയെന്നു തീർച്ചപ്പെടുത്തി.
ഞാനൊരു ഭീരുവായിരുന്നു!
കുഞ്ഞിമൊയ്തീൻ ചുമച്ചു തുപ്പി. കിടക്കയിലെ
വെള്ളവിരിപ്പിൽ ചോരപുരണ്ട കഫം ഞാൻ വ്യക്തമായി കണ്ടു.
അല്പനേരം അനങ്ങാതെ കിടന്നതിനുശേഷം അവൻ വീണ്ടും
ചുമയ്ക്കാൻ തുടങ്ങി. ആ കുട്ടിയുടെ ശരീരത്തിലെ ഓരോ
പേശിയും കൊടുമ്പിരിക്കൊണ്ടിരുന്നു.
എന്‍റെ കണ്ണുകളിൽ ആദ്യമായി അപ്പോൾ ജലം നിറഞ്ഞു.
പിന്നീടൊന്നുമാലോചിക്കാൻ നില്ക്കാതെ ഞാൻ പുറത്തേക്കു
നടന്നു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക്
നിശ്ചയമുണ്ടായിരുന്നില്ല. കോണിപ്പടി ഇറങ്ങുമ്പോഴത്തെ ശബ്ദം
എന്നെ കൂടുതൽ പരിഭ്രാന്തനാക്കി! ആരോ വളരെ ദൂരത്തുനിന്നു
വിളിച്ചുപറയുന്നതുപോലെ തോന്നി. ‘നീ ഒരു
ഹൃദയശൂന്യൻതന്നെ!’
മാനേജരുടെ മുറിയുടെ മുമ്പിൽച്ചെന്നു
വാതിലിന്നിടിച്ചുകൊണ്ട് ഞാൻ വിളിച്ചു: “മിസ്റ്റർ കോയ!”
അയാൾ വാതിൽ തുറക്കുന്നതുവരെ ഞാൻ
ഇടിച്ചുകൊണ്ടിരുന്നു.
കോയ വസ്ത്രം ശരിപ്പെടുത്തിക്കൊണ്ടു പുറത്തേക്കു
വന്നപ്പോൾ ഞാൻ പറഞ്ഞു: “മൊയ്തീനു തീരെ സുഖമില്ല...”
“ഓ, തന്ന്യോ?”
വിശേഷിച്ചൊന്നും സംഭവിക്കാത്തമട്ടിൽ അയാൾ
അലസമായി ചോദിച്ചു.
“ഡോക്ടറെ വിളിച്ച് ഇപ്പോൾത്തന്നെ കാട്ടിയില്ലെങ്കിൽ ആ
കുട്ടിയുടെ സ്ഥിതി കഷ്ടത്തിലാകും.”
“ഉം.”
“എന്തെങ്കിലുമൊന്നു വേഗം ചെയ്യണം.”
“ഒക്കെ പറയാം. നേരം പൊലരട്ടെ; സമയൂണ്ടല്ലോ.”
അങ്ങനെ പറഞ്ഞ്, മാനേജർ ഒരു പൊള്ളച്ചിരിയും ചിരിച്ചു.
അയാൾക്ക് എന്നെ എങ്ങനെയെങ്കിലും പറഞ്ഞയച്ചാൽ
മതിയെന്നുണ്ടെന്നു വ്യക്തമായിരുന്നു.
ഞാൻ നോക്കിനില്ക്കേ അയാൾ വാതിലടച്ചു.
അല്പനേരം ഞാൻ അവിടെത്തന്നെ നിന്നു. എന്‍റെ മനസ്സ്
തീരെ ശൂന്യമായിരുന്നു. കോയയോടു വെറുപ്പുകൂടി തോന്നിയില്ല.
ഭാരിച്ച ഹൃദയത്തോടെ ഞാൻ മുറിയിലേക്ക് മടങ്ങി.
ആകാശത്തിലെ നക്ഷത്രങ്ങൾ എന്നെ നോക്കി
പരിഹസിക്കുന്നുണ്ടായിരുന്നു. കോയയുടെ പൊന്നുകെട്ടിച്ച
പല്ലുപോലെ നിഷ്പ്രഭങ്ങളായിരുന്നു അവയും.
ദുസ്സഹമായ വേദനയുടെ ചൂളയിൽ കിടന്നു പൊരിയുന്ന ആ
കുട്ടിയെ നോക്കിയപ്പോൾ ഏതാണ്ടൊരു നാലു മാസം മുമ്പേ
എന്‍റെകൂടെ വന്ന കുഞ്ഞിമൊയ്തീനാണതെന്നു
വിശ്വസിക്കുവാൻ വിഷമം തോന്നി. അത്രയ്ക്കുണ്ടായിരുന്നു ആ
രൂപങ്ങൾ തമ്മിലുള്ള അന്തരം! ഓരോ അണുവിലും ജീവിതം
തുള്ളിത്തുളുമ്പിയിരുന്ന ആ കുട്ടിയുടെ ചൈതന്യം തീരെ
ക്ഷയിച്ചിരുന്നു.
അവന്‍റെ അമ്മ അവനെ ഏല്പിച്ചിരുന്ന ആ രംഗം
ഞാനോർത്തു: കെട്ടിമേയാത്ത പുരയുടെ മുമ്പിൽ
വേലിക്കരികിലായി മകനേയും പിടിച്ചുകൊണ്ട് കുഞ്ഞിപ്പാത്തുമ
നിന്നു. കുഞ്ഞിമൊയ്തീനെ എന്‍റെ പക്കലേല്പിച്ചപ്പോൾ ആ അമ്മ
വിങ്ങിക്കരഞ്ഞു. “ഞ്ഞി ഓനെ ഒരു ബയിക്കാക്ക്; മോനെ,
പടച്ചോൻ കൊണംവരുത്തും!”
ആ ‘കുരുത്തംകെട്ട’ ചെക്കൻ അപ്പോൾ ചിരിച്ചു! എനിക്കു
ദേഷ്യം വരാതിരുന്നില്ല അതു കണ്ടപ്പോൾ. പക്ഷേ, ഞാൻ
സമാധാനിച്ചു: ഓ, ഒരു ബുദ്ധിശൂന്യനായിരിക്കും.
അങ്ങനെ വകതിരിവില്ലാതെ അവൻ പിന്നീടു പലപ്പോഴും
പെരുമാറി. അപ്പോഴൊക്കെ അവനെ ഞാൻ കഠിനമായി
ശാസിക്കുകയും ചെയ്തു. ഒന്നുരണ്ടു തവണ അവനെ
അടിക്കുകയും ചെയ്തു. ഒരു കാര്യം ഞാൻ
ഓർമിക്കുകയുണ്ടായില്ല, മനുഷ്യർ തമ്മിലുള്ള
വ്യത്യാസങ്ങളെക്കുറിച്ചു ചിന്തിക്കുവാൻ പ്രായമായിട്ടില്ലാത്ത ഒരു
കുട്ടിയാണ് കുഞ്ഞിമൊയ്തീനെന്ന്.
അവന്‍റെ മനസ്സു മുഴുവൻ ‘മൈരാശി’യിലായിരുന്നു.
അവനറിയേണ്ടുന്ന കാര്യങ്ങൾ ഒന്നും രണ്ടുമായിരുന്നില്ല.
അവിടെ കടപ്പുറവും മീൻപിടുത്തവുമുണ്ടോ
എന്നാണാദ്യമറിയേണ്ടത്. ആഴ്ചയിൽ എത്ര ചന്ത
കൂടാറുണ്ടെന്നും അവൻ ചോദിച്ചു. ഇതിന്‍റെയൊക്കെയിടയിൽ
ഒരു ചോദ്യം അവൻ കൂടെക്കൂടെ ആവർത്തിച്ചുകൊണ്ടിരുന്നു:
“ഞമ്മളുടെ നാട്പോലന്ന്യാ, കണ്ടാല്”
തീവണ്ടിയുടെ ഇരുപുറത്തുമുള്ള കാഴ്ചകൾ കണ്ടും ചോദ്യം
ചോദിച്ചും മടുത്തപ്പോൾ ആരോ ഇട്ടുപോയ ഒരു സിഗരറ്റ്
പാക്കറ്റെടുത്ത് അവൻ കളിക്കാൻ തുടങ്ങി. അപ്പോഴാണ്
കുഞ്ഞിമൊയ്തീനെ ഞാൻ ആദ്യമായി ശ്രദ്ധിച്ചത്. കള്ളി
വരഞ്ഞ ഒരു പുത്തൻ തട്ടം അവൻ ഉടുത്തിരുന്നുവെങ്കിലും
അവനിട്ട ഷർട്ട് പഴയതും കീറിയതും അവന്‍റെ വാപ്പയുടെ
പ്രായമുള്ള ഒരാൾ ഇടേണ്ടതുമായിരുന്നു. വിടർന്ന
നീലക്കണ്ണുകളും തൊട്ടാൽ ചോരതെറിക്കുന്ന നിറവുമുള്ള ആ
കുട്ടിക്കു പന്ത്രണ്ടു വയസ്സിലപ്പുറമായിരുന്നില്ല. എങ്കിലും
പ്രായത്തിൽ കവിഞ്ഞ വളർച്ച അവനുണ്ടായിരുന്നു. പാൽ
കുടിച്ചു കൊഴുത്ത ഒരു മൂരിക്കുട്ടനായിരുന്നു അവൻ. ആ
അടങ്ങാത്ത പ്രസരിപ്പും എടുത്തുചാട്ടവുമൊക്കെ
അവനുമുണ്ടായിരുന്നു.
എനിക്കൊരു രസം തോന്നി. ഞാൻ ചോദിച്ചു: “നീ ഓതാൻ
പോയിരുന്നോ?”
കുഞ്ഞിമൊയ്തീൻ തിന്നുത്തരമായി തേങ്ങ തുളച്ചു
കുടിക്കുന്ന മട്ടിൽ ഒരു ശബ്ദമുണ്ടാക്കി. അവന്
എഴുത്തറിയില്ലെന്നു കുഞ്ഞിപ്പാത്തുമ്മതന്നെ എന്നോട്
പറഞ്ഞിരുന്നു.
“നിന്‍റെ വാപ്പ ഇപ്പഴ് വരവുണ്ടോ?”
അവൻ സിഗരറ്റുപെട്ടി താഴെവച്ച് എന്‍റെനേരെ നോക്കി.
മുഖത്തു ഒരു വല്ലായ്മ. കുട്ടിയാണെങ്കിലും ആ ചോദ്യം അവൻ
ഇഷ്ടപ്പെട്ടില്ലെന്നതു സ്പഷ്ടമായിരുന്നു. ഇടറിയ സ്വരത്തിൽ
അവൻ പറഞ്ഞു: “ബാപ്പ വേറെ കെട്ടീല്ലേ?”
അവനോട് ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലെന്ന് എനിക്കു
തോന്നി. വേദനയേല്ക്കുന്ന ഒരു മനസ്സ് അവനുണ്ടെന്നു
ഞാനോർത്തില്ല.
കുഞ്ഞിമൊയ്തീന്‍റെ കലങ്ങിയ കണ്ണുകളിൽ ആനന്ദത്തിന്‍റെ
നിഴലാട്ടമുണ്ടായി. അവ്യക്തമായ ഒരു ഭാവിയെക്കുറിച്ച് അവൻ
കിനാവു കാണുകയായിരുന്നു: “ഞമ്മളും ബലുതായാല്
സിങ്കപ്പൂരില് പോവും.”
“അപ്പഴ് അതിനുവേണ്ട പൈസയോ?”
“മൈരാശിലെത്ത്യാല് ശമ്പളം കിട്ടൂലെ?”
ആ കാര്യത്തിൽ കുഞ്ഞിമൊയ്തീനു തീരെ
സംശയമുണ്ടായിരുന്നില്ല.
ഞങ്ങളുടെ വീട്ടിൽനിന്നു മൂന്നുനാഴിക അകലെ
കടല്ക്കരയ്ക്കായിരുന്നു കുഞ്ഞിമൊയ്തീനും അവന്‍റെ ഉമ്മയും
ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് അവർ ഇങ്ങോട്ടു മാറിയത്.
ഓർമവെച്ചതു മുതല്ക്കേ ഞാൻ അധികവും
പുറമേതന്നെയായിരുന്നതിനാൽ കുഞ്ഞിപ്പാത്തുമ്മയെക്കുറിച്ച്
എനിക്കധികമൊന്നും വിവരമുണ്ടായിരുന്നില്ല. ഞാൻ അവരെ
ആദ്യമായി കണ്ടതുതന്നെ കഴിഞ്ഞതവണ വീട്ടിൽ
ചെന്നപ്പോഴാണ്. മകനു ‘മൈരാശി’യിൽ എന്തെങ്കിലും ഒരു പണി
വാങ്ങിക്കൊടുക്കാൻ പറയാനായിരുന്നു അവർ വന്നത്. കണ്ണീരും
ഗദ്ഗദവും കൂട്ടിക്കലർത്തി ആ സ്ത്രീ എന്തൊക്കെയോ
പരാതികൾ പറഞ്ഞു. എനിക്കതൊന്നും ശരിക്കു മനസ്സിലായില്ല.
കുഞ്ഞിപ്പാത്തുമ്മ പോയപ്പോൾ എന്‍റെ മൂത്ത ജ്യേഷ്ഠത്തി
പറഞ്ഞു: “വെല്യ സ്തിതീലുള്ള കൂട്ടാരാർന്നു. ഇങ്ങനെ
കയ്യേണ്ടതല്ല.”
കുഞ്ഞിമൊയ്തീന്‍റെ ഇളയതായി കുഞ്ഞിപ്പാത്തുമ്മയ്ക്കു
വേറെയും രണ്ടു കുട്ടികളുണ്ടായിരുന്നു. മൂന്നു കുട്ടികളുടെ
വാപ്പയായശേഷം കുഞ്ഞിപ്പാത്തുമ്മയുടെ കെട്ടിയോനു തോന്നി,
ഒരു കല്യാണംകൂടി കഴിക്കണമെന്ന്. കുഞ്ഞിപ്പാത്തുമ്മയ്ക്ക്
ആങ്ങളമാരുണ്ടായിരുന്നില്ല. അതിനാൽ ആങ്ങളമാരുള്ള ഒരു
സ്ത്രീയെ അയാൾ വീണ്ടും കെട്ടി. സിങ്കപ്പൂരിൽനിന്ന് അളിയന്മാർ
വന്നപ്പോൾ അയാൾക്കു സില്ക്കിന്‍റെ കുപ്പായത്തുണിയും
ലുങ്കിയും ടോർച്ചുമൊക്കെ കൊണ്ടുവന്നിരുന്നു. അതൊക്കെ
ധരിച്ചു ‘പുയ്യാപ്പള’ ചമഞ്ഞു കുഞ്ഞിപ്പാത്തുമ്മയേയും
കുട്ടികളേയും തിരിഞ്ഞുനോക്കാതെ ആ വങ്കൻ
നടക്കയാണത്രേ!
മുറുക്കുണ്ടാക്കി വിറ്റും കോഴിയെപ്പോറ്റിയും ഒരു കുടുംബം
പുലർത്താൻ ശ്രമിക്കുന്ന ആ സ്ത്രീയുടെ കഥ കേട്ടപ്പോൾ
എനിക്കു സഹതാപം തോന്നി. സ്ക്കൂളിൽ പോയി
കളിച്ചുനടക്കേണ്ട പ്രായമാണ് കുഞ്ഞിമൊയ്തീന്.
അങ്ങനെയുള്ള ഒരു കുട്ടിയെ ഇത്രദൂരെ, മദിരാശിയിൽ,
എന്തെങ്കിലുമൊരു ഉദ്യോഗമന്വേഷിച്ചു മറ്റൊരമ്മയും
പറഞ്ഞയയ്ക്കുകയില്ല.
പക്ഷേ, എന്തൊരു പോംവഴിയാണ് ആ അമ്മയ്ക്കുള്ളത്
വേറെ? മകനെ മീൻകെട്ടാനയയ്ക്കാൻ കുഞ്ഞിപ്പാത്തുമ്മ
തയ്യാറാണ്. പക്ഷേ, അവനതിനു കരുത്ത് വേണ്ടേ?
നെയ്ത്തുകമ്പനിയിലയയ്ക്കാമെന്നുവെച്ചാൽ അവയൊക്കെ
പൂട്ടിക്കിടക്കുകയാണ്. പിന്നെ ബീഡിപ്പണിയുണ്ട്. അതിന്.
എല്ലാറ്റിനുമുണ്ടായിരുന്നു ഓരോരോ മുടക്കങ്ങൾ.
കുഞ്ഞിപ്പാത്തുമ്മ രണ്ടുമൂന്നുതവണ എന്നെ വന്നു കണ്ടു.
എന്തെങ്കിലുമൊരു സഹായം ചെയ്യണമെന്ന്
എനിക്കുമുണ്ടായിരുന്നു. പക്ഷേ, മദിരാശിയിൽ എന്തൊരു
പണിയാണ് ആ കുട്ടിക്ക് കിട്ടുക?
“ഒരോട്ടൽപീട്യേലെങ്കിലും ഓന്നെ നിർത്തൂലേ, മോനേ? മ്മളെ
കൂട്ടര് എത്രേണ്ടാവും!”
അതു ശരിയായിരുന്നു. കുട്ടികളെ ആവശ്യമില്ലാത്ത
ഹോട്ടലുകളുണ്ടാവില്ല. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു
ചെക്കനെ കിട്ടാൻ ഇക്കാലത്ത് വളരെ വിഷമമാണെന്നു കോയ
പറഞ്ഞതു ഞാനോർമിച്ചു. ഞാൻ പറഞ്ഞാൽ ഒരുപക്ഷേ,
കോയ കേൾക്കാൻ മതി. രണ്ടു കൊല്ലമായി അയാളുടെ
ഹോട്ടലിലാണ് ഞാൻ താമസിക്കുന്നത്.
മകനെ എന്‍റെകൂടെ അയച്ചപ്പോൾ കുഞ്ഞിപ്പാത്തുമ്മയ്ക്ക്
ഞാൻ വലിയ ആശയൊന്നും നല്കിയില്ല. എന്തെങ്കിലുമൊരു
ജോലി വേഗം കിട്ടിയില്ലെങ്കിൽ നാട്ടിലേക്കു മടങ്ങുന്ന
ആരുടെയെങ്കിലുംകൂടെ അവനെ അയയ്ക്കുമെന്നു ഞാൻ
പറഞ്ഞിരുന്നു. പക്ഷേ, കുഞ്ഞിപ്പാത്തുമ്മയെ
സംബന്ധിച്ചിടത്തോളം ജോലികിട്ടുന്ന കാര്യത്തിൽ സംശയമേ
ഉണ്ടായിരുന്നില്ല.
“ങ്ങന്യോന്നും ബേണ്ടിബരില്ല. മോനേ, അത്ര
പൊട്ടായിപ്പോവ്വോബിതി?”
കോയയോടു ഞാൻ പറഞ്ഞു: അയാൾ ചെയ്യുന്നതു
വലിയൊരു പുണ്യമായിരിക്കും. ഒരു കുടുംബത്തെയാണ്
അയാൾ രക്ഷിക്കുന്നത്. ശമ്പളത്തെപ്പറ്റി എനിക്കൊരു
നിർബന്ധവുമില്ല. തോന്നുന്നതു കൊടുത്താൽമതി. ഹോട്ടലിൽ
കുഞ്ഞിമൊയ്തീൻ മാത്രമായിരിക്കില്ലല്ലോ. എല്ലാവർക്കും
കൊടുക്കുന്നതുപോലെ ആ കുട്ടിക്കും എന്തെങ്കിലും കൊടുക്കും
അത്രമാത്രം.
കുഞ്ഞിമൊയ്തീന്‍റെ
വിശ്വാസയോഗ്യതയെസ്സംബന്ധിച്ചിടത്തോളം യാതൊന്നുംതന്നെ
ഭയപ്പെടാനില്ലെന്ന് ഞാൻ ഉറപ്പുകൊടുത്തു.
“നിങ്ങളെപ്പോലുള്ളോര് ബന്ന് പറഞ്ഞാൽ എന്താ കാട്ട്വ്?
ഓനിബിടെ നിക്കട്ടെ, എന്നാല് “
എനിക്കുവേണ്ടി വലിയൊരു ത്യാഗമാണു ചെയ്യുന്നതെന്ന
ഭാവം അയാൾക്കുണ്ടായിരുന്നു. അയാൾ കുഞ്ഞിമൊയ്തീനോടു
പറഞ്ഞു: “ജ്ജ്റാമ്പറപ്പൊന്നും കാട്ട്ര്ത്ട്ടോ.”
ഒരു നാടകം കണ്ടു രസിക്കുന്നതുപോലെയായിരുന്നു അവൻ
ഞങ്ങളുടെ മുമ്പിൽ നിന്നത്.
കുഞ്ഞിമൊയ്തീൻകോയയുടെ ഹോട്ടലിൽ അന്നുമുതല്ക്കു
പ്രവൃത്തിക്കാരനായി.
എന്താണ് അവന്‍റെ ജോലിയെന്ന് എനിക്കു തിട്ടമായി
മനസ്സിലായിരുന്നില്ല. മാർക്കറ്റിൽ പോകലും (കോയയുടെകൂടെ)
മേശതുടയ്ക്കലും എച്ചിൽപ്പാത്രം കഴുകലും കൂജയിൽ വെള്ളം
കൊണ്ടുവെയ്ക്കലുമൊക്കെ അവന്‍റെ
ജോലിയിൽപെട്ടതായിരുന്നു. അവന്‍റെ കാര്യത്തിൽ ഞാൻ
പിന്നീട് ഇടപെട്ടില്ല. എങ്കിലും ഒരു കുട്ടിക്കു
വഹിക്കാവുന്നതിലുമധികം ഭാരം അവനെക്കൊണ്ട്
എടുപ്പിക്കുന്നുണ്ടെന്ന് എനിക്കു ചിലപ്പോൾ തോന്നിയിരുന്നു.
അപ്പോഴൊക്കെ ഞാൻ സമാധാനിച്ചു. സാരമില്ല. കുട്ടികൾ
അങ്ങനെ കാഞ്ഞുവളരണം. എന്നാലേ പിന്നീടവർ നന്നാവൂ.
ഏതായാലും അവനു നല്ലപോലെ തിന്നാൻ കിട്ടുന്നുണ്ടല്ലോ.
പക്ഷേ, ആ കുട്ടി മെലിഞ്ഞുവരികയായിരുന്നു!
എന്‍റെ അടുത്ത മുറിയിൽ താമസിക്കുന്ന തലശ്ശേരിക്കാരൻ
നമ്പ്യാർ എന്നോടു ചോദിച്ചു: “നിങ്ങൾ കൊണ്ടുവന്ന ചെക്കനല്ലേ?
നിങ്ങൾക്കു പറഞ്ഞുകൂടേ? നോക്ക്, അടികൊണ്ടു
ചെക്കനെങ്ങനെയായിപ്പോയി!”
അതു ഞാനും കാണുന്നുണ്ടായിരുന്നു. പക്ഷേ, എന്തു
പറയാനാണ്! എന്തെങ്കിലും പറഞ്ഞുവെന്നിരിക്കട്ടെ;
അനുഭവിക്കേണ്ടതാരാണ്? കുഞ്ഞിമൊയ്തീൻ!
എങ്കിലും അവന്‍റെ ദേഹത്തിനു മാത്രമേ
വാട്ടംതട്ടിയിരുന്നുള്ളൂ. ഉത്സാഹത്തിന് ഒരു കുറവുമുണ്ടായില്ല. ആ
പ്രസരിപ്പും എടുത്തുചാട്ടവും അവന്‍റെ രക്തത്തിൽ
അലിഞ്ഞുചേർന്നതാണെന്നായിരുന്നു എന്‍റെ വിശ്വാസം.
എനിക്കു തെറ്റുപറ്റി. ആ പ്രായത്തിലുള്ള കുട്ടികളെല്ലാംതന്നെ
അങ്ങനെയായിരിക്കും! ക്ഷീണമെന്തെന്നറിയാത്തതാണ്
അവരുടെ മനസ്സ്.
മുറിയിൽ വന്നാൽ അവൻ ഒരിക്കലും അടങ്ങിയിരിക്കില്ല.
വാച്ചും ഫൗണ്ടൻപെന്നും അവന്‍റെ കളിസ്സാമാനങ്ങളായിരുന്നു!
നില്ക്കുന്നതിനേക്കാൾ അവനു കൂടുതലിഷ്ടം എന്‍റെ ‘കുഷ’നിട്ട
കസാലയിലിരിക്കുന്നതിനാണ്. എന്നിട്ടു മേശപ്പുറത്തുള്ള
പുസ്തകങ്ങൾ മറിച്ചു നോക്കണം!
എനിക്കു ദേഷ്യംവരാറുണ്ട്. പക്ഷേ, പ്രയോജനമെന്ത്?
എന്തെങ്കിലും പറഞ്ഞാൽ ആ നീലക്കണ്ണുകൾ ആവുന്നത്ര
വിടർത്തി തല ഒരു വശത്തേക്കു ചെരിച്ച്. (ആ തല അവിടെ
വന്നതിൽ പിന്നീടു വളരെ ചുരുക്കമായേ കത്തി കണ്ടിട്ടുള്ളു.)
ഒരു കള്ളച്ചിരിയോടെ ചോദിക്കും: “മ്മള് നാട്ടുകാരല്ലേ?”
പക്ഷേ, എന്നോടു മാത്രമല്ല, എല്ലാവരോടും
കുഞ്ഞിമൊയ്തീൻ അതേ ചോദ്യംതന്നെയാണു ചോദിച്ചിരുന്നത്!
എങ്കിലും അവരാരും അവനെ അടിക്കുകയോ,
ശാസിക്കുകയോ ഉണ്ടായില്ല.
മുസ്തഫ എന്നോട് ഒരിക്കൽ പറഞ്ഞു: “ഒരു
പൊട്ടിത്തെറിഞ്ഞ ‘ബലാലാ’ ആ ചെക്കൻ! പക്ഷെങ്കിലുണ്ടല്ലോ
ഓനോടൊന്നും പറയാൻ തോന്നുല്ല! അതാ അതിശയം! ഒരു മറ
പിടിച്ചപോലെ.”
ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ കുഞ്ഞിമൊയ്തീൻ എന്‍റെ
കൈയിൽ കൊണ്ടുതന്നു. അഞ്ചുറുപ്പികയുണ്ടായിരുന്നു. ഞാൻ
ചോദിച്ചു: “ഇതെന്താടാ, ഇത്ര്യേ ഉള്ളൂ?”
അവൻ കീഴ്പോട്ടു നോക്കി പറഞ്ഞു: “ഗ്ലാസ്സ് പൊട്ടിച്ചതിന്
അങ്ങോട്ടു കൊടുക്ക്വാ ബേണ്ടിതെന്നു പറഞ്ഞു.”
അന്ന് അവൻ കസാലയിലിരിക്കുകയോ ഫൗണ്ടൻ
പേനയെടുക്കുകയോ ഉണ്ടായില്ല. അവന്‍റെ ചിന്ത മുഴുവൻ വേറെ
എവിടെയോ ആയിരുന്നു. അങ്ങനെ അടങ്ങിയൊതുങ്ങി
വായയും കൈയും ചലിപ്പിക്കാതെ കുഞ്ഞിമൊയ്തീൻ
അതിനുമുമ്പൊരിക്കലും എന്‍റെ മുമ്പിൽ നിന്നിട്ടില്ല.
പൊയ്ക്കൊളളാൻ ഞാൻ പറഞ്ഞപ്പോൾ പിന്നീടൊന്നും
പറയാതെ അവൻ മുറിയിൽനിന്നു പുറത്തേക്കു പോയി. അവൻ
എന്‍റെ മുമ്പിൽ നിന്നു കരഞ്ഞില്ലെന്നേയുള്ളൂ. ഒരുപക്ഷേ, ആ
ഇടനാഴിയിലെങ്ങാനും പോയിനിന്ന് ആരും കാണാതെ
കരഞ്ഞിരിക്കണം.
അതിന്‍റെ പിറ്റേദിവസം വേറൊരു സംഭവംകൂടിയുണ്ടായി.
ഞാൻ നന്നേ രാവിലെ കുളിമുറിയിൽനിന്നു
മടങ്ങുകയായിരുന്നു. ഇടനാഴിയിലൊരിടത്തു
ചുരുണ്ടുകൂടിക്കിടന്ന കുഞ്ഞിമൊയ്തീനെ ഞാൻ പ്രത്യേകം
സൂക്ഷിച്ചു. മുണ്ടും ശരീരവും തമ്മിലുള്ള ബന്ധം വേർപെട്ട
നിലയിലായിരുന്നു അവൻ കിടന്നിരുന്നത്. ആ കുട്ടിയുടെ
വെളുത്ത കാൽവണ്ണയിൽ അടികൊണ്ടു നീലിച്ച
പാടുകളുണ്ടായിരുന്നു.
ഞാൻ ആ കാഴ്ച നോക്കിനില്ക്കേ, കോയയുടെ അളിയൻ
ഒരു തംബ്ലറിൽ വെള്ളവുമായിവന്ന് അവിടെ കിടന്നുറങ്ങിയിരുന്ന
പണിക്കാരുടെമേൽ തളിച്ചു. മിക്കവരേയും അയാൾ
വലിച്ചിഴയ്ക്കുകയും ചെയ്തു; കുഞ്ഞിമൊയ്തീനും ആ
ശിക്ഷയിൽനിന്നൊഴിവായില്ല.
എന്‍റെ മുമ്പിൽ നിന്നാണ് ആ അധഃപതിച്ച മനുഷ്യൻ
അങ്ങനെ ചെയ്തത്. അതു കണ്ടുകൊണ്ട് ഞാൻ കാണാത്ത
മട്ടിൽ നടന്നു. എന്‍റെ അഭിമാനത്തിന്നു മുറിവേറ്റിരുന്നു.
കോണിപ്പടിയുടെ താഴെ ഒരു നിമിഷനേരം ഞാൻ
ചെവിയോർത്തു നിന്നു. കോയയുടെ അളിയന്‍റെ കെട്ട
വാക്കുകൾ ഉഷസ്സിന്‍റെ പരിശുദ്ധിയെ അപ്പോഴും
കെടുത്തുന്നുണ്ട്. തിരിച്ചുചെന്ന് ഒന്നു പൊട്ടിച്ചുകൊടുത്താലോ
എന്നു ഞാൻ ആലോചിച്ചു. എങ്കിലും ഞാനതു ചെയ്തില്ല.
എനിക്ക് എന്നെപ്പറ്റിത്തന്നെ ഒരു മതിപ്പുണ്ട്. ഞാനൊരു
മാന്യനാണ്; ക്ലിപ്തമായ ഒരു പരിധിയോളം മാത്രമേ എനിക്ക്
എപ്പോഴും പോകുവാൻ കഴിയുകയുള്ളു!
അന്നു വൈകുന്നേരം ഞാൻ കോയയെ കണ്ടു.
കുഞ്ഞിമൊയ്തീന്‍റെ കാര്യം പറയാനാണ് ഞാൻ ചെന്നത്.
രാവിലെ നടന്ന സംഭവം അപ്പോഴും മനസ്സിൽ
എരിയുന്നുണ്ടായിരുന്നു. എങ്കിലും കോയയുടെ ആ ഉറച്ച ഭാവം
കണ്ടപ്പോൾ എന്‍റെ അടിപതറി. ഞാൻ പറഞ്ഞു: “മൊയ്തീന്
അഞ്ചുറുപ്പികയാണു കൊടുത്തതെന്ന് അവൻ പറഞ്ഞു…”
“കൊറച്ചായിപ്പോയി, അല്ലേ?” കോയ ഇടയിൽ കടന്നു
ചോദിച്ചു.
“പക്ഷേ...”
“നിങ്ങളിപ്പോ ഒന്നും പറയണ്ടാ! ഓനെക്കൊണ്ട് വല്യ
ആവശ്യോന്നുംല്ലെന്ന് നിങ്ങൾക്കും അറിയാല്ലോ.
ഒരുപകാരായ്ക്കോട്ടെന്നു വിചാരിച്ചു മാത്രാ.”
ഭഗ്നാശനായി ഞാൻ മുറിയിലേക്കു മടങ്ങിയപ്പോൾ
കുഞ്ഞിമൊയ്തീനുണ്ട് എന്നേയും കാത്ത് അവിടെ നില്ക്കുന്നു!
അവന്‍റെ കൈയിൽ ഒരു കാർഡുണ്ടായിരുന്നു.
“ഞാൻ പോവ്വാ. ങ്ങള് ഉമ്മാന്ന് എയ്തണം!”
കാർഡ് എന്‍റെ മുമ്പിൽവച്ചുകൊണ്ട് അവൻ പറഞ്ഞു. ആ
കുട്ടിയുടെ ശബ്ദം തൊണ്ടയിലെവിടെയോ
അടഞ്ഞുനിന്നതിനുശേഷം അവിടെ നിന്ന് അല്പാല്പമായി
വരുന്നതുപോലെയായിരുന്നു.
ഞാൻ അവനെ സൂക്ഷിച്ചുനോക്കി. ചുണ്ടിന്‍റെ അറ്റം
കടിച്ചമർത്തി, കൈ രണ്ടും കൂട്ടിത്തിരുമ്മിക്കൊണ്ട് അവൻ
നിൽക്കുകയാണ്.
ഞാൻ കുഞ്ഞിമൊയ്തീനോടു ചോദിച്ചു: “നിനക്കു
ബുദ്ധിമുട്ടാണോ ഇവിടെ?”
കുഞ്ഞിമൊയ്തീൻ മറുപടി പറഞ്ഞില്ല. അവൻ കരയാൻ
ഭാവിക്കയാണോ എന്നു ഞാൻ ഭയപ്പെട്ടു.
“ഉം, ശരി, നീ പൊക്കോളൂ. ഞാൻ എഴുതുന്നുണ്ട്.” അവൻ
പോയി.
കുഞ്ഞിപ്പാത്തുമ്മയ്ക്ക് എഴുത്തയയ്ക്കണോ വേണ്ടയോ
എന്നു ഞാൻ സംശയിച്ചുനിന്നു. ആ സ്ത്രീ മൊയ്തീനെ
എന്‍റെകൂടെ അയയ്ക്കുമ്പോൾ പറഞ്ഞ വാക്കുകൾ
ഞാനോർത്തു.
അവിടെയാണെങ്കിൽ കെട്ടിമേയാത്ത പുരയും പട്ടിണിയും
ഉത്തരവാദിത്വമില്ലാത്ത വാപ്പതും.
ഇവിടെയോ? കോയ, കോയയുടെ അളിയൻ; രാത്രിയിൽ
ഇടനാഴിയിലുള്ള കിടപ്പ്; പുലർച്ചെയുള്ള അടിച്ചുതളി!
ഇതുരണ്ടും അറിഞ്ഞുകൊണ്ടു ഞാനും! എനിക്കു
വെറുപ്പുതോന്നി—എല്ലാവരോടും.
“എന്തു കുന്തമെങ്കിലുമാകട്ടെ; എനിക്കു കഴിയില്ല ഇതൊന്നും.
പോകുന്നെങ്കിൽ പോകട്ടെ.” ഞാൻ സ്വയം പറഞ്ഞു.
കുഞ്ഞിമൊയ്തീന് ഇവിടെ തീരെ പിടിക്കുന്നില്ലെന്നും അവന്
അങ്ങോട്ടു വരണമെന്നുണ്ടെന്നും കാണിച്ചുകൊണ്ട് ഞാൻ
കുഞ്ഞിപ്പാത്തുമ്മയ്ക്കെഴുതി. പക്ഷേ, അതിനുവന്ന മറുപടി
ഞാൻ അവനെ കാണിച്ചില്ല. “മൈരാശിയിൽ മറ്റൊരു
‘കൊണപ്പാടു’മില്ലെങ്കിലും പട്ടിണി കിടക്കേണ്ടിവരില്ലല്ലോ”
എന്നാണ് ആ സ്ത്രീ എഴുതിയത്.
ജീവിതത്തിനും മരണത്തിനുമിടയിലെന്നപോലെ
കുഞ്ഞിമൊയ്തീൻ എന്‍റെ മുമ്പിൽ നിശ്ചേഷ്ടനായിക്കിടക്കേ
ഞാൻ കഴിഞ്ഞുപോയ സംഭവങ്ങളൊക്കെ ഓർത്തുപോയി.
കാറ്റും വെളിച്ചവും നുകരുവാൻ വിശാലമായ ഈ
ലോകത്തിലേക്കു കടന്നുവന്ന ഒരു കുരുന്നായിരുന്നു ആ കുട്ടി.
സ്നേഹപൂർവമായ പരിചരണം ഏറ്റവുമധികം ലഭിക്കേണ്ട
പ്രായമാണവന്‍റേത്. കണ്ടതിനോടൊക്കെ ഒട്ടിപ്പിടിക്കുവാൻ
അവൻ വെമ്പി. എല്ലാവരോടും അവൻ പറഞ്ഞു: “മ്മള്
നാട്ടുകാരല്ലേ!”
പക്ഷേ, എന്നിട്ടെന്തായി?
ആ കൂമ്പു വാടിക്കരിയുകയാണ്!
ടേബിൾ ലൈറ്റിന്‍റെ ‘ഷേഡ്’ ഞാൻ കുഞ്ഞിമൊയ്തീന്‍റെ
ഭാഗത്തേക്കു തിരിച്ചുവച്ചു. ആ വെളിച്ചത്തിൽ അവന്‍റെ
മുഖത്തേക്കു നോക്കിനില്ക്കാനുള്ള കെല്പ്
എനിക്കുണ്ടായിരുന്നില്ല. അപരാധബോധം ഹൃദയത്തിലേല്പിച്ച
മുറിവിൽനിന്നു ചോര കിനിഞ്ഞിറങ്ങുവാൻ തുടങ്ങിയിരുന്നു.
പുലരാൻകാലത്തു ഞാൻ അല്പം മയങ്ങി. ഉണർന്നപ്പോൾ നേരം
വെളുത്തിരുന്നു.
കുഞ്ഞിമൊയ്തീൻ അപ്പോഴും അങ്ങനെതന്നെ
കിടക്കുകയാണ്. ശ്വാസത്തിന്‍റെ ഗതിവേഗം അല്പം
വർധിച്ചിരിക്കുന്നുവെന്നു മാത്രം. അവന്‍റെ കൺപോളകൾ
അടഞ്ഞിരുന്നില്ല. പ്രാവു കുറുകുന്നതുപോലെ ഇടയ്ക്കിടെ
തൊണ്ടയിൽനിന്നും ‘കുറുകുറു’ എന്ന ശബ്ദം
പുറപ്പെട്ടുകൊണ്ടിരുന്നു.
കുഞ്ഞിമൊയ്തീനെ അവിടെ തനിയെയാക്കി
പുറത്തിറങ്ങുന്നതിൽ എനിക്കു മടിയുണ്ടായിരുന്നുവെങ്കിലും
വേറെ നിവൃത്തിയുണ്ടായിരുന്നില്ല. കോയയെ ഞാൻ
അന്വേഷിച്ചു. പക്ഷേ, അയാൾ മുറിയിലോ കൗണ്ടറിലോ
ഇല്ലായിരുന്നു. അയാൾക്കുവേണ്ടി ഞാൻ കാത്തുനിന്നില്ല.
പാറിപ്പാറി പെയ്യുന്ന മഴച്ചാറൽ ഗണ്യമാക്കാതെ ഞാൻ
ഡോക്ടറുടെ വീട്ടിലേക്കു നടന്നു. അപ്പോൾ എന്‍റെ മനസ്സിൽ
കുഞ്ഞിമൊയ്തീനു മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു. അവന്‍റെ
ശമ്പളത്തെപ്പറ്റിയോ കുഞ്ഞിപ്പാത്തുമ്മയുടെ
പ്രാരാബ്ധങ്ങളെപ്പറ്റിയോ ഒന്നുംതന്നെ ഞാൻ ചിന്തിച്ചില്ല.
എങ്ങനെയെങ്കിലും അവനു വേഗം സുഖമാകണേ എന്നു
മാത്രമായിരുന്നു പ്രാർത്ഥന.
ഡോക്ടർ വീട്ടിൽതന്നെയുണ്ടായിരുന്നു.
അയാളേയുംകൂട്ടി ഞാൻ ഹോട്ടലിലെത്തിയപ്പോൾ
കുഞ്ഞിമൊയ്തീൻ അതേപടി കിടക്കുകയാണ്. ഡോക്ടർ
നാഡിപരിശോധിച്ചപ്പോൾ അവൻ ഞരങ്ങുകയോ മൂളുകയോ
ഉണ്ടായില്ല. നെഞ്ചത്തു കൈവെച്ചപ്പോൾ മാത്രം അവൻ
പുളഞ്ഞു. അപ്പോൾ അവന്‍റെ മുഖം വളരെ വികൃതമായിരുന്നു.
രക്തം കലർന്ന കഫത്തിന്‍റെ പാടുകൾ
പരിശോധിച്ചതിനുശേഷം ഡോക്ടർ ചിന്താധീനനായി.
അക്ഷമനായി ഞാൻ കാത്തിരുന്നു. അദ്ദേഹം എന്താണു
പറയാൻ പോകുന്നത്?
ഡോക്ടർ പെട്ടെന്നു ചോദിച്ചു: “തണുപ്പേല്ക്കുകയുണ്ടായി,
അല്ലേ?”
ഞാൻ മിഴിച്ചുനിന്നു.
“കുറച്ചുകൂടി മുമ്പേ കാണിക്കാമായിരുന്നു.”
തുലാസിൽനിന്നു തൂക്കിയെടുക്കുന്നതുപോലെയായിരുന്നു
അയാളുടെ ഓരോ വാക്കും.
“എത്ര നാളായി വേദന തുടങ്ങിയിട്ട്?”
“ചെക്കൻ ഇന്നലല്ലേ പറഞ്ഞുള്ളു; അറാമ്പറമ്പ്”
കോയയാണ് അങ്ങനെ പറഞ്ഞത്. അയാളും വേറെ ചിലരും
അവിടെ നില്ക്കുന്നുണ്ടെന്നു ഞാൻ അപ്പഴേ മനസ്സിലാക്കിയുള്ളൂ.
“ആരെയെങ്കിലും പറഞ്ഞയച്ചാൽ മരുന്നു കൊടുക്കാം.
പേടിക്കാനൊന്നുമില്ല.”
അങ്ങനെ പറഞ്ഞ് അയാൾ പോകാൻ ഒരുക്കംകൂട്ടിയപ്പോൾ
ഞാൻ ചോദിച്ചു: “സർ, അപ്പോൾ സുഖക്കേട്?”
“ഓ, ന്യൂമോണിയയുടെ ഒരു വകഭേദമെന്നു പറയാം.”
ഞാൻ കൊടുത്ത തുകയിൽനിന്ന് അഞ്ചുറുപ്പിക
മാത്രമെടുത്തു കീശയിലിട്ട്, അയാൾ പോയി.
കിടക്കയുടെ ഒരരുകിലായി ഞാനിരുന്നു. അകാരണമായ ഒരു
ഭയം എന്നെ ബാധിച്ചു. നീണ്ടുനിവർന്നു കിടക്കുന്ന ആ കുട്ടിയെ
കണ്ടപ്പോൾ എനിക്കു തോന്നി, കുഞ്ഞിമൊയ്തീൻ മരിക്കുവാൻ
പോകയാണ്! അല്ലെങ്കിൽ, എന്തുകൊണ്ട് ആ ഡോക്ടർ ഞാൻ
കൊടുത്തതു മുഴുവൻ സ്വീകരിച്ചില്ല?
എന്‍റെ ചിന്ത പതറുകയാണ്; എനിക്കൊന്നുംതന്നെ
ആലോചിക്കാൻ കഴിയുന്നില്ല!
എന്തുതന്നെ സംഭവിച്ചാലും മുറിയിൽനിന്നു
പുറത്തുപോകുന്നതല്ലെന്നു ഞാൻ ശപഥംചെയ്തു. അവനു
മരുന്നു വാങ്ങിക്കൊണ്ടു വരാൻപോലും!
ആ കുട്ടിക്കു താൻ ചെയ്ത ഉപകാരങ്ങൾ എണ്ണിപ്പറഞ്ഞു
കോയ പ്രസംഗിക്കാൻ തുടങ്ങി. മദിരാശിയിൽ വന്നു
തെണ്ടിത്തിരിഞ്ഞപ്പോൾ അയാളാണു വിളിച്ചൊരു ജോലി
കൊടുത്തത്. എന്നിട്ടും എന്തൊരു നന്ദികേടാണ് അവൻ
കാണിച്ചത്! സുഖക്കേടു പിടിപെട്ടതിനുശേഷവും
അവിടെത്തന്നെ ചുരുണ്ടുകൂടി. ആസ്പത്രിയിൽ
പോകാമായിരുന്നില്ലേ? ഹോട്ടലിൽ കിടന്നു ചത്താൽ—
എനിക്ക് അധികനേരം അതു കേട്ടുനില്ക്കാൻ കഴിഞ്ഞില്ല.
ഞാൻ അയാളുടെ അടുക്കൽ ചെന്ന്, പതിഞ്ഞ സ്വരത്തിൽ,
പല്ലുകടിച്ചുകൊണ്ടു പറഞ്ഞു: “മനുഷ്യാ, മുറിയീന്നു പുറത്തു
പോ!”
അപ്പോൾ എന്‍റെ കലങ്ങിയ കണ്ണുകളിൽ പിശാചിന്‍റെ
പുഞ്ചിരി അയാൾ ദർശിച്ചിരിക്കണം!
മുറിയിൽ ഞങ്ങൾ മാത്രമായി. ഞാനും കുഞ്ഞിമൊയ്തീനും.
എന്‍റെകൂടെ അവിടെ ആദ്യമായി വന്നപ്പോൾ
കുഞ്ഞിമൊയ്തീൻ എത്രമാത്രം ഓമനത്തം തുളുമ്പുന്ന ഒരു
കുട്ടിയായിരുന്നു! അവൻ ഇങ്ങനെയാകുമെന്ന് അന്നാരുംതന്നെ
വിചാരിച്ചിരിക്കില്ല. പക്ഷേ, എന്താണവനു സംഭവിച്ചിട്ടുള്ളത്?
ഒന്നുമില്ല; മറയാൻപോകുന്ന സൂര്യനിൽനിന്നു വിട്ടുപോയ ഒരു
രശ്മിപോലെ….
തട്ടിൻപുറത്തും നിലത്തും മഴവെള്ളം ഒരു താളക്രമത്തിൽ
വീണു കൊണ്ടിരുന്നു. വളരെ വളരെ പതുക്കെ
കുഞ്ഞിമൊയ്തീൻ എന്തോ പറഞ്ഞു. എന്‍റെ ഹൃദയത്തിൽ ഒരു
കൊളുത്തിവലിയുണ്ടായി.
ഞാൻ കിടക്കയിൽ മുട്ടുകുത്തി കുനിഞ്ഞിരുന്നു.
കണ്ണടച്ചുകൊണ്ട് അവൻ വിളിച്ചു: “ഉമ്മാ!”
ഗദ്ഗദംനിമിത്തം എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
അവന്‍റെ ദുർബലങ്ങളായ കൈകൾ ശൂന്യതയിൽ ആരെയോ
തിരയുകയാണ്.
ആ കൈകൾകൊണ്ട് എന്നെ മുറുകെ പിടിച്ച് അവൻ
ഒരിക്കൽകൂടി പതുക്കെ വിളിച്ചു: “ഉമ്മാ!”
സ്വാർത്ഥചിന്തയുടെ എല്ലാ മാലിന്യങ്ങളും മനസ്സിൽനിന്നു
കഴുകിക്കളഞ്ഞ ഒരു മുഹമൂർത്തമായിരുന്നു അത്.
“ഉമ്മാ, ഞമ്മക്ക് എബ്ടേം പോണ്ടുമ്മാ.”
“ഞമ്മക്ക് ഇബടെ കൂട.”
“ഉമ്മ ബായ് പറയോ!”
“ഞാമ്പോവൂല.”
അവൻ പിടിവിട്ടു. ആ മുഖത്ത് അപ്പോൾ
സ്വപ്നത്തിലെന്നപോലെയുള്ള ഒരു പുഞ്ചിരിയുണ്ടായിരുന്നു.
തുറന്നുകിടക്കുന്ന ജനലിലൂടെ ഞാൻ വെളിയിലേക്കു
നോക്കി. നനഞ്ഞ വേപ്പുമരത്തിൽനിന്നു കാറ്റുവീശുമ്പോൾ ഇല
കൊഴിഞ്ഞു കൊണ്ടിരുന്നു.
നിരത്തിന്മേൽ മനുഷ്യനും ബസ്സും ട്രാമുംകൂടിയുണ്ടാക്കുന്ന
ബഹളമാണ്.
ആ കൈ തണുത്തു. എനിക്ക് ഒരു പരിഭ്രമവുമുണ്ടായില്ല.
ഞാൻ നല്ലപോലെ തൊട്ടുനോക്കി! കൈ മാത്രമല്ല
ശരീരംമുഴുവൻ തണുത്തിരിക്കുന്നു.
മുറിയിൽ ഞാൻ മാത്രമേയുള്ളൂ—അല്ല, ഞാനും
കുഞ്ഞിമൊയ്തീനും!
ഉമ്മർ ഒരു കാർഡ് മേശപ്പുറത്തു കൊണ്ടുവച്ച് ഓടിപ്പോയി.
“ബി. പടച്ചവന്‍റെ ഉദക്കത്തോടെ എനിക്കിരുസ്ഥലത്തും
ബേണ്ട എന്‍റെ മോൻ കുഞ്ഞിമൊയ്തീൻ ബായിച്ചറിവാൻ നിന്‍റെ
ഉമ്മ എഴുത്ത്. നിന്‍റെ ബിബരം ഒന്നും ഇല്ലാത്തതിനാൽ എനിക്കു
ബളരെ ഓർച്ച പിടിച്ചിരിക്കുന്നു. നിനക്ക് സുഖമെന്നു കരുതുന്നു.
പിന്നെ നീ ഇങ്ങട്ടു ബന്നോ. അത്തന്ന്യാ നല്ലത്.
പട്ടിണ്യാണെങ്കിലും ഒന്നിച്ചുകെടക്കാലോ…”
പെട്ടി തുറന്ന് അലക്കിയ വിരിപ്പെടുത്ത് ഞാൻ
കുഞ്ഞിമൊയ്തീനെ പുതപ്പിച്ചു.
മേശപ്പുറത്തുനിന്ന് ആ രണ്ടു കാർഡുമെടുത്തു ഞാൻ
കുറെനേരം ആലോചിച്ചിരുന്നു. രണ്ടും അവന്‍റെ ഉമ്മ
അയച്ചവതന്നെ.
ജീവിച്ചിരിക്കുമ്പോൾ അവന് അത് വായിച്ചുകൊടുക്കാനുള്ള
സ്നേഹമോ സന്മനസ്സോ എനിക്കുണ്ടായില്ല. അവനെ
മനസ്സിലാക്കുവാനും എനിക്കു കഴിഞ്ഞില്ല. അതിനാൽ
മരിച്ചപ്പോൾ അവന്‍റെ തലയുടെ ചുവട്ടിലായി ആ കാർഡ് രണ്ടും
ഞാൻ വെച്ചു—എന്‍റെ മനസ്സമാധാനത്തിനുവേണ്ടി. പക്ഷേ,
എനിക്കു സമാധാനം ലഭിച്ചില്ല.
വിറയ്ക്കുന്ന കൈകളോടെ അവയെടുത്തു ഞാൻ
പുറത്തേക്കെറിഞ്ഞു. അപ്പോൾ ആ മുറിയും തെരുവും മാത്രമല്ല,
നഗരം മുഴുവൻ പൂർണമായ നിശ്ശബ്ദതയിലാണ്ടിരുന്നു.
ഗോട്ടി

വേപ്പുമരങ്ങളുടെ തണലിലൂടെ കാക്കയുടേയും


കുറുനരിയുടേയും കഥ അയവിറക്കിക്കൊണ്ട് അവൻ
വരികയായിരുന്നു. ചാഞ്ചാടിക്കൊണ്ട് നടക്കുമ്പോൾ അവന്‍റെ
സഞ്ചി അങ്ങോട്ടുമിങ്ങോട്ടുമാടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
സ്ലേറ്റ് ഒരു ചെറിയ കുപ്പിയോടടിച്ചു; കുപ്പി പെൻസിലുമായി
കൂട്ടിമുട്ടി. അങ്ങനെ അവയെല്ലാംകൂടി ആ സഞ്ചിയിൽ കിടന്നു
കുലുങ്ങി. പക്ഷേ, അവൻ ഒന്നുംതന്നെ കാണുകയോ
കേൾക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അവന്‍റെ ശ്രദ്ധ
മുഴുവൻ കഥയിലായിരുന്നു. എന്തു രസമുള്ള കഥ! കാക്കയും
കുറുനരിയും!
കുറുനരി കാക്കയോടു പറഞ്ഞു: “കാക്കേ, ഒരു പാട്ടു പാടൂ!
നിന്‍റെ പാട്ടു കേൾക്കാൻ എനിക്കൊരു കൊതി.”
കാക്ക പാടാൻവേണ്ടി വായ തുറന്നപ്പോൾ അപ്പക്കഷണം
വീണു പോയി. കുറുനരി അതെടുത്ത് ഒരൊറ്റ ഓട്ടം!
അവൻ കുലുങ്ങിച്ചിരിച്ചു.
ഒരു പൊട്ടൻകാക്ക!
നടന്നുനടന്നു പീടികയുടെ മുമ്പിലെത്തി. അവിടെ
അൽമാരയിൽ വലിയ കുപ്പിബ്ഭരണികൾ നിരത്തിവെച്ചിരുന്നു.
അവയിലൊക്കെ ചോക്കലേറ്റും പെപ്പർമിന്‍റും ബിസ്കറ്റുമാണ്.
അവൻ അതൊന്നും നോക്കിനിന്നില്ല. എന്തിനാണ്? അവന്‍റെ
അച്ഛൻ എപ്പോഴും അതൊക്കെ അവനു
കൊണ്ടുകൊടുക്കാറുണ്ട്.
എങ്കിലും ഒരു പുതിയ ഭരണി അവന്‍റെ ശ്രദ്ധയിൽപെട്ടു.
ചുമലിലൂടെ തൂങ്ങുന്ന സഞ്ചിയുടെ നാട ഒരു
വശത്തേക്കൊതുക്കി ആ ഭരണിയുടെ മുമ്പിൽ അവൻ
മിഴിച്ചുനിന്നു. പുതുതായി കൊണ്ടുവച്ചതാണ്. അതിനു
മുബൊരിക്കലും അവൻ അതവിടെ കണ്ടിട്ടില്ല.
ഭരണി നിറയെ ഗോട്ടികളാണ്. പച്ചനിറത്തിൽ
വരകളോടുകൂടിയ വെളുത്തുരുണ്ട നല്ല ഒന്നാന്തരം ഗോട്ടികൾ!
തൊടിയിലുള്ള വലിയ നെല്ലിക്കയോളം വലിപ്പമുണ്ട്,
ഓരോന്നിന്നും. കാണാനെന്തൊരു ചന്തമാണ്! അതുവരെ
അതൊക്കെ എവിടെയായിരുന്നു? പീടികയുടെ ഉള്ളിലായിരിക്കും.
ഇപ്പോൾ അവൻ കാണാൻവേണ്ടി പുറത്തെടുത്തു വെച്ചതാണ്.
നോക്കിനില്ക്കേ ആ ഭരണി വലുതാകാൻ തുടങ്ങി.
ആകാശത്തോളം വലുതായപ്പോൾ അവനും അതിന്‍റെ ഉള്ളിൽ
കടന്നു. വേറെ കുട്ടികളാരുമുണ്ടായിരുന്നില്ല. എങ്കിലും അവന്
അതായിരുന്നു കൂടുതലിഷ്ടം. അനുജത്തി പോയതിൽ പിന്നീട്
അവൻ എപ്പോഴും തനിച്ചാണ് കളിക്കാറ്.
അവൻ ഗോട്ടി വാരി നാലുപാടും വിതറി കളിച്ചു രസിച്ചു.
അപ്പോഴാണ് ഒരു ശബ്ദം:
“കുട്ടിയത് വലിച്ചിടും!”
അവൻ ഞെട്ടി.
ആ ഭരണി ചെറുതായ്ക്കൊണ്ടുവന്നു! ചെറിയ
ഭരണിക്കുള്ളിൽ, പച്ചനിറത്തിൽ വരകളോടുകൂടിയ
വെളുത്തുരുണ്ട ഗോട്ടികൾ; തൊടിയിലുള്ള നെല്ലിക്കയോളം
വലിപ്പമേയുള്ളു, ഓരോന്നിനും.
അവിടെ അവർ രണ്ടുപേർ മാത്രമേയുള്ളു—അവനും
വയസ്സനായ ആ പീടികക്കാരനും.
അയാളുടെ മുഖത്ത് നീരസം നിഴലിച്ചിട്ടുണ്ട്.
“ഞാൻ പറഞ്ഞില്ലേ, എന്താണ് വേണ്ടതെന്നു പറഞ്ഞാൽ
എടുത്തു തര്വല്ലോ. വെറുതെ അതു തൊട്ടിട്ട്—”
അവൻ സങ്കടത്തോടെ മാറിനിന്നു.
“ഗോട്ടി വേണോ?”
അയാൾ ഭരണിയുടെ അടപ്പു തുറക്കാൻ ആരംഭിച്ചു.
അവൻ വേണ്ടെന്നു തലയാട്ടി.
“പിന്നെ?”
നല്ല ചോദ്യം! അവനു ഗോട്ടി വേണോ എന്ന്! വേണോ? അവനു
തന്നെ അറിഞ്ഞുകൂടാ. ഏതായാലും അവനതു തൊട്ടു. ആ
ഭരണി തൊട്ടപ്പോൾ ഗോട്ടി തൊട്ടതുപോലെതന്നെയായിരുന്നു.
വേണമെങ്കിൽ അവനു ഗോട്ടിയെടുക്കാമായിരുന്നു.
എടുത്തിരുന്നുവെങ്കിൽ!
സ്കൂളിൽ നിന്നു മണിയടിക്കുന്നതു കേട്ടപ്പോൾ
സഞ്ചിയടുക്കിപ്പിടിച്ച് അവനോടി.
താമസിച്ചെത്തുന്ന കുട്ടികൾ പിറകിലാണ് ചെന്നിരിക്കേണ്ടത്.
അന്ന് ഏറ്റവും താമസിച്ചെത്തിയത് അവനായിരുന്നു. അതിനാൽ
അവൻ ഒച്ചയുണ്ടാക്കാതെ പിന്നിലുള്ള ബെഞ്ചിൽ ചെന്നിരുന്നു.
എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽത്തന്നെയുണ്ട്.
രാമൻകുട്ടി മുമ്പിലാണ്. എന്നും അവൻ നേരത്തേ വരും.
മൂന്നാമത്തെ ബെഞ്ചിന്‍റെ അറ്റത്താണ് മല്ലിക. മല്ലികയുടെ
അപ്പുറത്ത് അമ്മുക്കുട്ടി...
ജോർജിനെ കാണുന്നില്ല!
ജോർജാണ് കുട്ടികളുടെയിടയിൽ ഏറ്റവും നന്നായി ഗോട്ടി
കളിക്കുക. എത്ര വലിയവനും ജോർജിനോടു കളിച്ചാൽ
തോല്ക്കും. തോറ്റാൽ വെറുതെ പോകാൻ പാടില്ല. കൈമടക്കി
നിലത്തു വെച്ചു കൊടുക്കണം. അപ്പോൾ ജോർജ് അടിച്ചു
കൊട്ടുപൊളിക്കും!
ജോർജ് എന്താണ് വരാത്തത്?
ഓ, ജോർജിനു പനിയല്ലേ? രാമൻകുട്ടിയാണ് അവനോടതു
പറഞ്ഞത്! അവനതു മല്ലികയോടും എല്ലാവരോടും
പറഞ്ഞിരുന്നു. ജോർജിന്‍റെ വീട് അവൻ വരുന്നവഴിക്കാണ്.
ജോർജിനു പനിയാണ്.
“അപ്പുക്കുട്ടൻ ശ്രദ്ധിക്കുന്നില്ല.”
മാസ്റ്റർ!
അവൻ ബദ്ധപ്പെട്ടു പുസ്തകം തുറന്നു മുമ്പിൽ വെച്ചു.
തീവണ്ടിയുടെ പാഠമാണ്. തീവണ്ടി… തീവണ്ടി, മുപ്പത്തേഴാം
പേജിലാണത്. വീട്ടിൽനിന്ന് അവനതു വായിച്ചിട്ടുണ്ട്.
ചൂരലിന്‍റെ അറ്റംകൊണ്ട് ഇടയ്ക്കിടെ മേശപ്പുറത്തു കൊട്ടി,
മാസ്റ്റർ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. “കുട്ടികളേ, നിങ്ങളിൽ
പലരും തീവണ്ടി കണ്ടിരിക്കും. അതിന് ആവിവണ്ടി എന്നുകൂടി
പേരുണ്ട്. കാരണം, ആവിയുടെ ശക്തിനിമിത്തമാണ് അതിന്‍റെ
യന്ത്രം ചലിക്കുന്നത്. ആവിയെന്നുവെച്ചാൽ നീരാവി. നിങ്ങളുടെ
വീട്ടിലെ, അടുപ്പിൽ…”
അപ്പുക്കുട്ടനും ആലോചിച്ചു. തീവണ്ടി! അതവൻ കണ്ടിട്ടുണ്ട്.
ഝുക്ക്, ഝുക്ക്, ഝുക്ക്, ഝുക്ക്—കൂ... അതാണ് തീവണ്ടി.
അത് ആവിവണ്ടിയും കൂടിയാണ്. ആവിവണ്ടിയെന്നുവെച്ചാൽ—
മാസ്റ്ററുടെ ശബ്ദം അല്പം കുറഞ്ഞു. അയാൾ ഓരോ ഭാഗവും
പ്രത്യേകം വിവരിക്കുകയാണ്.
“...വെള്ളം നിറച്ചുവെക്കാൻ ഒരു സ്ഥലമുണ്ട്. ഇംഗ്ലീഷിൽ
ഇതിനു ബോയ്ലർ എന്നു പറയും. ഇരുമ്പുകൊണ്ടുള്ള ഒരു
വലിയ പീപ്പയാണിത്…”
ഇരുമ്പുകൊണ്ടുള്ള വലിയ ഒരു... കുപ്പിബ്ഭരണി! അതിൽ
നിറയെ പച്ചനിറത്തിൽ വരകളോടുകൂടിയ വെളുത്തുരുണ്ട
ഗോട്ടികൾ! തൊടിയിലുള്ള വലിയ നെല്ലിക്കയോളം വലിപ്പമുണ്ട്
ഓരോന്നിനും. ജോർജ് സുഖക്കേടു മാറി വന്നാൽ അവനത്
ജോർജിനോടു പറയും, അപ്പോൾ അവനെന്തൊരു
സന്തോഷമായിരിക്കും! അവർ രണ്ടുപേർ മാത്രമേ
കളിക്കുകയുള്ളു. വേറെയാരെയും കൂട്ടില്ല...
ഒരു ചോക്കിൻകഷണം അവന്‍റെ മുഖത്തുവന്നു കൊണ്ടു!
പരിചയം നിമിത്തം അവൻ പെട്ടെന്നെഴുന്നേറ്റുനിന്നു. മാസ്റ്റർക്ക്
ദേഷ്യംവന്നിരിക്കുന്നു!
“താനെന്താ അവിടെ കാട്ടുന്നത്?”
അവനു ശ്വാസംമുട്ടുന്നതുപോലെ തോന്നി.
“പറയൂ!”
“പറയില്ലേ?”
അയാൾ അപ്പുക്കുട്ടന്‍റെ അടുത്തുചെന്നു.
ക്ലാസ്മുഴുവൻ വീർപ്പടക്കിയിരിക്കയാണ്.
അവന്‍റെ പരിഭ്രമം വർധിച്ചു.
“ഞാനിപ്പോൾ ഇവിടെ എന്തിനേക്കുറിച്ചാണ് പറഞ്ഞിരുന്നത്?”
ആ കുട്ടിയുടെ മുഖത്തേക്കു നോക്കിയപ്പോൾ അവന്‍റെ
മനസ്സിലെന്തോ ഉണ്ടെന്ന് വളരെക്കാലത്തെ സർവീസുള്ള
മാസ്റ്റർക്കറിയാൻ കഴിഞ്ഞു. ഒരുപക്ഷേ, അവൻ പാഠം
ശ്രദ്ധിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ മനസ്സിലുള്ള ഉത്തരം
പുറത്തുകൊണ്ടുവരാനാണ് അയാൾ ശ്രമിക്കേണ്ടത്.
അവിടെയാണ് അയാളുടെ വിജയം.
“ഉം, പറഞ്ഞോളു! അതുതന്നെ; പേടിക്കേണ്ട.”
അപ്പുക്കുട്ടന്‍റെ നാക്കിൻതുമ്പത്ത് ഉത്തരം വന്നു
തങ്ങിനില്ക്കുന്നത് മാസ്റ്റർ കണ്ടു.
“ഉം—”
അവൻ വിറച്ചുകൊണ്ടു പറഞ്ഞു: “ഗോട്ടി—”
ഗോട്ടി!—
അയാൾ പകച്ചുനിന്നു.
ക്ലാസ്സിൽ ഭൂകമ്പമായിരുന്നു.
“സ്റ്റാൻഡപ്പ് ഓൺ ദി ബഞ്ച്”
“സ്റ്റാൻഡപ്പ്”
മാസ്റ്ററുടെ കണ്ണിൽനിന്നു തീപ്പൊരി പറന്നുകൊണ്ടിരുന്നു.
അപ്പുക്കുട്ടൻ കരഞ്ഞുകൊണ്ടു ബഞ്ചിന്മേൽ കയറി.
അടുത്ത് ക്ലാസ്സിലെ ടീച്ചർ വാതില്ക്കൽ വന്നെത്തി നോക്കി.
വീണ്ടും കൂട്ടച്ചിരിയുണ്ടായി.
എത്ര ശ്രമിച്ചിട്ടും അവനു സങ്കടം അടക്കിനിർത്താൻ
കഴിഞ്ഞില്ല. അവൻ വിതുമ്പിക്കരഞ്ഞു. പക്ഷേ, കരയുന്തോറും
സങ്കടം വർധിച്ചു വന്നതേയുള്ളു. എല്ലാവരും അവനെ നോക്കി
പരിഹസിക്കുകയാണ്. എല്ലാവരും! രാമൻകുട്ടിയും
മല്ലികയുമൊക്കെ!
ബഞ്ചിന്മേൽ നിന്നുകൊണ്ട് അവൻ ആലോചിച്ചു: കാണിച്ചു
കൊടുക്കാം അവർക്കൊക്കെ. ജോർജ് വരട്ടെ. ജോർജ്
വന്നാൽ... ജോർജ് വന്നാൽ അവൻ ഗോട്ടി വാങ്ങും. കളിക്കാൻ
അവരെയൊന്നും വിളിക്കില്ല. ആ ഗോട്ടി കണ്ടാൽ അവരൊക്കെ
ആശിച്ചുപോകും. അത്ര ചന്തമുള്ള ഗോട്ടികളാണ്. പച്ചനിറത്തിൽ
വരകളോടുകൂടിയ വെളുത്തുരുണ്ട ഗോട്ടികൾ! തൊടിയിലുള്ള
വലിയ നെല്ലിക്കയോളം വലിപ്പമുണ്ട് ഓരോന്നിനും.
അപ്പോൾ—
ഒരു സംശയം! ഗോട്ടിയെങ്ങനെ കിട്ടും? ചോദിച്ചാൽ ആ
പീടികക്കാരൻ കൊടുക്കുമോ? ജോർജിനേയുംകൂട്ടി ചോദിച്ചാൽ
തരുമോ? അല്ലെങ്കിൽ—
“വല്ലവർക്കും സംശയമുണ്ടെങ്കിൽ ചോദിക്കാം.”
മാസ്റ്റർ അന്നത്തെ പാഠം മതിയാക്കി.
“ആർക്കും ഒരു സംശയവുമില്ല?”
അപ്പുക്കുട്ടന്‍റെ സംശയം തീർന്നിരുന്നില്ല. അവൻ
ആലോചിക്കുകയായിരുന്നു. ജോർജിനേയുംകൂട്ടി പോയി
ചോദിച്ചാൽ തരില്ലേ? അല്ലെങ്കിൽ അതിന് എത്ര പൈസയാകും,
വാങ്ങാമെന്നുവെച്ചാൽ?
രാമൻകുട്ടി സംശയം ചോദിച്ചു.
അമ്മിണി സംശയം ചോദിച്ചു.
പലരും ചോദിച്ചു.
“അപ്പുക്കുട്ടനെന്താ ആലോചിക്കുന്നത്?”
മാസ്റ്റർ!
“ഉം, ചോദിച്ചോളൂ; എന്താ സംശയം?
കുട്ടികളൊക്കെ തിരിഞ്ഞിരുന്ന് അവന്‍റെ നേരെ നോക്കി.
“സംശയമില്ല?”
സംശയമുണ്ടായിരുന്നു!
ജോർജിനേയുംകൂട്ടി പോയാൽ തരുമോ? അല്ലെങ്കിൽ എത്ര
പൈസയാകും? അരയണ കൊടുത്താൽ കിട്ടുമോ? അല്ലെങ്കിൽ

“എന്താ ആലോചിക്കുന്നതെന്ന് മനസ്സിലായില്ലേ?”
“പൈസ.”
“എന്ത്?”
“എത്ര പൈസയാകുംന്ന്.”
“എന്തിന്?”
അവൻ ഒന്നും പറഞ്ഞില്ല.
പച്ചനിറത്തിൽ വരകളോടുകൂടിയ വെളുത്തുരുണ്ട ഗോട്ടികൾ
അവന്‍റെ മുമ്പിലൂടെ ഉരുണ്ടുപോയി.
മാസ്റ്റർ ചോദിച്ചു: “തീവണ്ടിക്കാണോ?”
അവൻ തലയാട്ടി.
“വിഡ്ഢി! തീവണ്ടി വാങ്ങാൻ കിട്ടില്ല. ഇനി കിട്ടിയാൽത്തന്നെ നീ
എന്തു ചെയ്യും?”
അവൻ കളിക്കും; ജോർജിന്‍റെകൂടെ കളിക്കും.
തീവണ്ടിയല്ല; ഗോട്ടി.
ഒരു കടലാസുമായി പ്യൂൺ വന്നു.
മാസ്റ്റർ പറഞ്ഞു: “ഫീസ് കൊണ്ടുവന്നവരെല്ലാം പോയി
കൊടുത്തോളൂ.”
അമ്മിണിയും ഐവാനും മുഹമ്മദ്കുഞ്ഞിയും രാജനും
മാധവനുമൊഴികെ എല്ലാവരും പോയി.
രാജൻ പോകുമ്പോൾ അവനെ പതുക്കെയൊന്നു നുള്ളി.
അവൻ കാൽ വലിച്ചുകളഞ്ഞു.
അവനോർത്തു: ഓ, അവനും ഫീസു കൊടുക്കണം. അച്ഛൻ
അവന് ഒന്നര ഉറുപ്പിക കൊടുത്തിട്ടുണ്ട്.
അവൻ കീശയിൽ കൈയിട്ടു.
ഒരുറുപ്പികയുടെ ഒരു നോട്ടും എട്ടണയും.
അവൻ ബഞ്ചിന്മേൽനിന്ന് ഇറങ്ങി.
“ഉം, എവിടേക്ക്?”
മാസ്റ്റർ!
ഗദ്ഗദത്തിന്‍റെ നേർത്ത കുമിളകൾ അവന്‍റെ ഹൃദയത്തിൽ
പൊങ്ങി.
“ഫീസ് കൊടുക്കണം.”
“ഫീസ് കൊടുക്കേണ്ട.”
മാസ്റ്റർ പറഞ്ഞു.
അവൻ സംശയിച്ചുനിന്നു.
“ഉം ഓൺ ദ ബഞ്ച്—”
അവൻ ബഞ്ചിന്മേൽ കയറിനിന്നു കരയാൻ തുടങ്ങി.
“ഇനി ക്ലാസ്സിൽ ശ്രദ്ധിക്കുമോ?—”
“ശ്ര… ശ്രദ്ധിക്കും.”
“ഉം. എന്നാൽ പൊയ്ക്കോളൂ.”
അവൻ പോയി.
ആഫീസ്മുറിയിൽ തിരക്കായിരുന്നു.
“നിങ്ങൾ ഓരോരുത്തരായി വരിൻ കുട്ടികളേ!”
ക്ലാർക്ക് പറയുന്നു.
“ഞാനാ ആദ്യം വന്നത്.”
“ഉം, ഞാനാ.”
“എന്‍റെ ബാക്കി!”
ആ ബഹളത്തിൽനിന്ന് അപ്പുക്കുട്ടൻ മാറിനിന്നു.
രാമൻകുട്ടി ഫീസടച്ചു.
മല്ലിക ഫീസടച്ചു.
എല്ലാവരുമടച്ചു.
അല്പംപേരേ ഇനി ബാക്കിയുള്ളു.
അവൻ ആലോചിക്കുകയായിരുന്നു. ജോർജിനേയുംകൂട്ടി
പോയാൽ തരില്ലേ? തരും. ഒരുപക്ഷേ, അല്ലെങ്കിൽ… എത്ര
പൈസയാകും? അരയണ… ഒരണ.
പച്ചനിറത്തിൽ വരകളോടുകൂടിയ വെളുത്തുരുണ്ട ഗോട്ടികൾ!
മണിയടിച്ചപ്പോൾ ഫീസ് കൊടുത്തവരും
കൊടുക്കാത്തവരുമൊക്കെഅവിടെനിന്നു പോയി.
ഒരുറക്കത്തിൽനിന്നെഴുന്നേറ്റുപോകുന്നതുപോലെ അവനും
പോയി.
“എല്ലാവരും ഫീസ് കൊടുത്തുവോ?”
ക്ലാസ് വിടുന്നതിനുമുമ്പായി മാസ്റ്റർ ചോദിച്ചു. അവൻ
എഴുന്നേറ്റില്ല.
വൈകുന്നേരം അവിടെയുമിവിടെയുമൊക്കെയായി
അല്പനേരം ചുറ്റിപ്പറ്റി നിന്നു. നനഞ്ഞ മണ്ണിൽ കുഴികുഴിച്ച്
കുട്ടികൾ ഗോട്ടി കളിക്കുന്നുണ്ടായിരുന്നു. അവൻ അവരുടെ
അടുക്കലേക്കു പോയില്ല.
ഗേറ്റിന്‍റെ അഴി പിടിച്ചുകൊണ്ട് അവൻ നിരത്തിലേക്കു
നോക്കി. അവിടെ ആ വളവിലാണ് പീടിക. പീടികയിൽ ഒരലമാര.
പുറത്തു നിന്നാൽ മതി, തൊടാൻ കഴിയും. അൽമാരയിൽ
കുപ്പിബ്ഭരണികളാണ്. അതിൽ ഒരു ഭരണിനിറയെ—
സഞ്ചി ചുമലിലൂടെയിട്ട്, അവൻ ചാഞ്ചാടിക്കൊണ്ടു നടക്കാൻ
തുടങ്ങി.
പീടിക അടുത്തുവരുന്നു!
അവന്‍റെ നടത്തിനു വേഗത കൂടി.
ആ അൽമാരയുടെ മുമ്പിൽ അവൻ നിന്നു.
പീടികക്കാരൻ ചിരിച്ചു.
അയാൾ തന്നെ കാത്തുനിൽക്കുകയായിരുന്നുവെന്ന് അവനു
മനസ്സിലായി.
അവനും ചിരിച്ചു.
“ഗോട്ടി വേണം, അല്ലേ?”
അവൻ തലയാട്ടി.
അയാൾ ഭരണിയുടെ അടപ്പു തുറക്കുമ്പോൾ അവൻ
ചോദിച്ചു: “നല്ല ഗോട്ടിയാണ്. അല്ലേ?”
“നല്ല ഒന്നാന്തരം ഗോട്ടി.”
“കുട്ടിക്ക് എത്ര ഗോട്ടി വേണം?”
എത്ര ഗോട്ടി വേണമെന്നോ? എത്ര വേണം? എത്ര?
അവൻ കീശയിൽ കൈയിട്ടു. ഒരുറുപ്പികയും എട്ടണയുമുണ്ട്.
അവൻ അതെടുത്തു കാട്ടി.
പീടികക്കാരൻ ഞെട്ടി.
“ഇതിനു മുഴുവനുമോ?”
“മുഴുവനും!”
അത്ര വലിയ തുകയ്ക്ക് അതിനുമുമ്പ് ഒരു കുട്ടിയും ഗോട്ടി
വാങ്ങിയിട്ടില്ല.
“എന്താ, ഇതിന്‍റെ ആവശ്യം?”
“ഒരാവശ്യം!”
“അതെന്താണ്?”
“അത് ഞാമ്പറയൂല”
പീടികക്കാരനു മനസ്സിലായി. അയാളും ഒരുകാലത്ത്
കുട്ടിയായിരുന്നു. അവന്‍റെ ചങ്ങാതിമാരൊക്കെ ചേർന്നു
വാങ്ങുന്നതാണ്. അവൻ മാത്രം വന്നുവെന്നേയുള്ളൂ.
ഗോട്ടി വാങ്ങിയത് ജോർജും അവനും ഒഴികെ വേറെയൊരു
കുട്ടിയും അറിയരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു. ഒരു
ദിവസം അവൻ പെട്ടെന്നു ചോദിക്കും: “വരുന്നോ എന്നോടു
കളിക്കാൻ?”
അപ്പോഴേ ആളുകൾ അറിയാൻ പാടുള്ളൂ.
“കുട്ടിക്കു കളിക്കാനറിയോ?” അയാൾ ചോദിച്ചു.
അവന് അറിഞ്ഞുകൂടായിരുന്നു.
“പിന്നെ?”
എന്തൊക്കെ ചോദ്യങ്ങളാണ്? അവന്‍റെ ക്ഷമ നശിച്ചു.
അവൻ കൈനീട്ടി.
“താ.”
അയാൾ ചിരിച്ചു.
അവനും ചിരിച്ചു.
കടലാസിന്‍റെ ആ പൊതി അടുക്കിപ്പിടിച്ച് വേപ്പുമരങ്ങളുടെ
നിഴലിലൂടെ അവൻ നടന്നു.
അവന്‍റെ കൈയിലാണിപ്പോൾ ഗോട്ടി. അവന്‍റെ കൈയിൽ!
വേണമെങ്കിൽ പുറത്തെടുക്കാം.
അവൻ ആ പൊതി കുലുക്കിനോക്കി.
അവൻ ചിരിക്കുന്നുണ്ടായിരുന്നു.
“പക്ഷേ, ആ കുപ്പിബ്ഭരണിയോടെ കിട്ടിയിരുന്നുവെങ്കിൽ!”
അവനാശിച്ചു. കടലാസുപൊതി നന്നല്ല. ഭരണിയാണെങ്കിൽ
വെറുതെ തൊട്ടാൽ മതി. ഗോട്ടി തൊട്ടതുപോലെതന്നെ തോന്നും.
പെട്ടെന്ന് ഒരു സംശയം: എല്ലാറ്റിനുമുണ്ടോ പച്ചനിറത്തിൽ
വര?
അവൻ കെട്ടഴിച്ചുനോക്കാൻ തീർച്ചപ്പെടുത്തി.
സഞ്ചി താഴെവച്ച് അവൻ പതുക്കെ കടലാസുപൊതിയുടെ
കെട്ടഴിക്കാൻ തുടങ്ങി.
പൊതിയഴിഞ്ഞു ഗോട്ടിമുഴുവൻ നിലത്തുവീണു.
നിരത്തിന്‍റെ നടുവിലേക്ക് അവ ഉരുണ്ടുപോവുകയാണ്.
ഒരു നിമിഷനേരം തരിച്ചുനിന്നതിനുശേഷം അവൻ
പെറുക്കാൻ തുടങ്ങി.
കൈ നിറഞ്ഞു. പെറുക്കിയതെവിടെ വെക്കും?
സ്റ്റേറ്റും പുസ്തകവും പുറത്തെടുത്തുവെച്ചതിനുശേഷം
സഞ്ചിയിൽ പെറുക്കിയിടാൻ തുടങ്ങി.
ഒന്ന്, രണ്ട്. മൂന്ന്, നാല്…
ക്ർർർർർ.
ഒരു കാർ സഡൺഗ്രേബക്കിൽ നിന്നു.
അവൻ അപ്പോഴും ഗോട്ടി പെറുക്കി
സഞ്ചിയിലിടുകയായിരുന്നു.
ആ കുട്ടിയെ ജീവനോടെ കടിച്ചുതിന്നാനുള്ള ദേഷ്യംവന്നു
ഡ്രൈവർക്ക്. അയാൾ തല വെളിയിലിട്ടു. ആ കുട്ടി എന്താണ്
കാട്ടുന്നത് അവിടെ?
പെറുക്കുന്നതിനിടയിൽ അവൻ തലയുയർത്തി നോക്കി. ഒരു
കാറും അതിനുള്ളിൽ ഒരു ഡ്രൈവറും. ഡ്രൈവർ അവന്‍റെ
ഗോട്ടിയുടെ ഭംഗി നോക്കി രസിക്കുകയാണ്. അവൻ ഒരു ഗോട്ടി
പൊക്കിക്കാട്ടി ചിരിച്ചു.
ഡ്രൈവറുടെ ദേഷ്യം അലിഞ്ഞുപോയി. അയാളും
ഒരുകാലത്ത് കുട്ടിയായിരുന്നു. അയാളും ചിരിച്ചു.
സഞ്ചിയെടുത്തു ചുമലിലിട്ടതിനുശേഷം സ്ലേറ്റും പുസ്തകവും
കുപ്പിയും പെൻസിലുമൊക്കെ അടുക്കിപ്പിടിച്ച് അവൻ
വീട്ടിലേക്കു നടന്നു.
വൈകുന്നേരത്തെ കാപ്പിയും തയ്യാറാക്കി അവന്‍റെ അമ്മ
അവനെ കാത്തുനില്ക്കുന്നുണ്ടായിരുന്നു.
പൂമുഖത്തെ ബെഞ്ചിന്മേൽ സ്ലേറ്റും പുസ്തകവും
വലിച്ചെറിഞ്ഞ് അവൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.
അവൻ അന്നു വരാൻ വൈകിയതിൽ അമ്മ പരിഭ്രമിച്ചിരുന്നു.
അവൻ സഞ്ചിയുടെ വായ കൂട്ടിപ്പിടിച്ചു കുലുക്കി.
“ഓ, ഇതെന്തോന്നാ? അമ്മ ചോദിച്ചു.
“ഞാൻ പറയൂല.” അവൻ പറഞ്ഞു.
“എന്നോടു പറയില്ലേ?”
“പറയും.”
അമ്മയെ അവനു വലിയ കാര്യമായിരുന്നു.
“അമ്മ കണ്ണുചിമ്മണം.”
അമ്മ കണ്ണുചിമ്മി.
അവൻ എണ്ണി: “വൺ, റ്റു, ത്രീ.”
അമ്മ കണ്ണുതുറന്നു നോക്കി. ഒരു സഞ്ചിനിറയെ ഗോട്ടികൾ!
ആ സ്ത്രീ പകച്ചുനിന്നു.
“എവിടന്നുകിട്ടി ഇതൊക്കെ?”
“വാങ്ങിയതല്ലേ?”
“അതിനു പണം?”
അച്ഛന്‍റെ ഫോട്ടോവിന്‍റെനേരെ ചൂണ്ടിക്കൊണ്ട് അവൻ
പറഞ്ഞു: “ഉച്ചയ്ക്കു തന്നിട്ടില്ലേ?”
അമ്മ മൂക്കത്തു കൈവച്ചു. ഫീസു കൊടുക്കേണ്ട പണം! ആ
ഗോട്ടിമുഴുവൻ അവനെന്തൊരാവശ്യത്തിനാണ്!
ആരുടെകൂടെയാണ് അവൻ കളിക്കുക? ആ വീട്ടിൽ അവൻ
മാത്രമേയുള്ളു. ഉണ്ടായിരുന്നു അവന്‍റെ ഇളയതായിട്ട് ഒരു കുട്ടി.
അവന്‍റെ കൊച്ചനുജത്തി. പക്ഷേ….
ആ അമ്മയുടെ കണ്ണുകളിൽ വെള്ളംനിറഞ്ഞു: “ഓ, അപ്പൂ!...”
അവന്‍റെ അമ്മ കരയുന്നു!
അവനു മനസ്സിലായില്ല. എന്തിനാണ് അമ്മ കരയുന്നത്? ഗോട്ടി
വാങ്ങിയതുകൊണ്ടാണോ? അതായിരിക്കില്ല. പിന്നെ?
വയസ്സനായ പീടികക്കാരനും കാർഡ്രൈവറും ചിരിച്ചുകൊണ്ട്
അവന്‍റെ മുന്നിൽ വന്നുനിന്നു.
അവർക്കൊക്കെ ഇഷ്ടമാണ്. എന്തുകൊണ്ട് അമ്മ
ഇഷ്ടപ്പെട്ടില്ല?
ഒരുപക്ഷേ, നല്ല ഗോട്ടിയായിരിക്കില്ല.
സഞ്ചിയിൽനിന്നു നെല്ലിക്കപോലുള്ള ആ ഗോട്ടികൾ
വാരിക്കൊണ്ട് അവൻ പറഞ്ഞു:
“ചീത്ത ഗോട്ടിയാണ്. അല്ലേ?”
“അല്ല. നല്ല ഗോട്ടി!”
“നല്ല രസമുണ്ട് കാണാൻ അല്ലേ?”
“നല്ല രസമുണ്ട്!”
അവൻ ചിരിച്ചു.
അവന്‍റെ അമ്മയും ചിരിച്ചു.
അശ്രുവീണു നനഞ്ഞ അമ്മയുടെ കവിളിൽ അവൻ
മുഖമമർത്തി.
അവന്‍റെ ഹൃദയത്തിൽ അപ്പോൾ സന്തോഷം
വഴിത്തൊഴുകിയിരുന്നു.
കൊഴിഞ്ഞുവീഴുന്ന മനുഷ്യാത്മാക്കൾ

പാലത്തിന്‍റെ മുകളിൽ ഒരു വിളക്കുതൂണും ചാരി ഞാൻ


അല്പനേരം നിന്നു. മനസ്സിൽ എടുക്കവയ്യാത്ത ഭാരമുണ്ടായിരുന്നു.
ആദ്യമായല്ല അതിലൂടെ പോകുന്നത്. അതിനുമുമ്പും
പോയിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇതുപോലുള്ള ഒരു
വിചാരമോ വേദനയോ അനുഭവപ്പെടുകയുണ്ടായിട്ടില്ല. ശരീരം
തളരുകയാണ്. കണ്ണുകൾക്കു മുമ്പിൽ ഒരു നേരിയ പടലം
മറപിടിക്കുന്നു. വിഷാദത്തിന്‍റെ തിരശ്ശീലപോലെ.
പുഴ ഒഴുക്കറ്റ് നിശ്ചലമായി കിടക്കുകയാണ്. എങ്കിലും
വിളക്കുകളുടെ നീലവെളിച്ചത്തിൽ അവൾ ഒരു സുന്ദരിയായി
മാറിയിട്ടുണ്ട്. ഞാൻ ഒരു നിശ്വാസത്തോടെ പറഞ്ഞു:
തങ്കമ്മയെപ്പോലെതന്നെ! അപ്പോൾ എന്‍റെ വരണ്ട ചുണ്ടുകളിൽ
ഒരു പുഞ്ചിരി പരന്നിരിക്കണം. രണ്ടു പേരും പട്ടണത്തിലെ
വൃത്തികേടുകളുമായി ബന്ധം പുലർത്തുന്നവരാണ്. പക്ഷേ,
തങ്കമ്മ രാത്രി മാത്രമല്ല പകലും സുന്ദരിയാണ്. ആ സൗന്ദര്യം
ശാശ്വതമല്ലായിരിക്കാം. സാരമില്ല; അവളും അതു
മനസ്സിലാക്കിയിരുന്നുവല്ലോ.
എനിക്കു തെറ്റുപറ്റിയിരിക്കുന്നു. അത്രമാത്രം സുദൃഢമല്ല
അവർ തമ്മിലുള്ള സാദൃശ്യബന്ധം. എന്തിനു പറയാൻ
മടിക്കണം? ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്. ആരുടെ
മുമ്പിൽവെച്ചു വേണമെങ്കിലും പറയാൻ തയ്യാറാണ്. ഞാൻ
തങ്കമ്മയെ സ്നേഹിക്കുന്നു!
അവിടെ നിരത്തിന്‍റെ ആ തിരിവിലാണ് അവൾ
താമസിച്ചിരുന്നത്. ആദ്യത്തെ തെരുവിൽ, ഒമ്പതാമത്തെ നമ്പർ.
വീടല്ല, അവൾക്കു വീടുണ്ടായിരുന്നില്ല.
ഇന്നു രാവിലെയാണ് ഞാൻ ഇവിടെയെത്തിയത്, രണ്ടു
കൊല്ലങ്ങൾക്കുശേഷം. വന്ന ഉടനെ അവളെ കാണുവാൻ
ചെല്ലുകയും ചെയ്തു. പ്രതീക്ഷകൾ മൊട്ടിടുകയും
കൊഴിയുകയും ചെയ്യുന്നുണ്ടായിരുന്നു. വാതില്ക്കൽ അല്പനേരം
സംശയിച്ചുനില്ക്കുകയായി. അത് അടച്ചിട്ടിരുന്നു.
അകാരണമായ ഒരു ഭയം. അവൾ അവിടെ ഉണ്ടായിരിക്കുമോ?
ഇല്ലെങ്കിൽ—
അവളെ കണ്ടാൽ ഞാൻ എന്താണു പറയുക!
എന്തൊക്കെയാണു പറയേണ്ടത്?
തങ്കമ്മ എനിക്കു തന്ന മുണ്ടും അവൾക്കു കൊടുക്കാൻ
ഞാൻ വാങ്ങിയ സാരിയും പൊതിഞ്ഞു
കൈയിലെടുത്തിട്ടുണ്ടായിരുന്നു. വിയർപ്പുതട്ടി അവ നനഞ്ഞു.
ആ വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് ഞാൻ
ജീവിതത്തിലാദ്യമായി അവൾക്കുവേണ്ടി കണ്ണീർ ചൊരിഞ്ഞത്.
പഴയ തള്ള വന്ന് സംശയഭാവത്തിൽ നോക്കി. എന്തു
വേണമെന്നായിരുന്നു അതിന്‍റെ അർത്ഥം. എനിക്ക് തങ്കമ്മയെ
കണ്ടാൽ മതി. അവളുടെ ഒരു സഹായവും വേണ്ട. പിന്നീടൊക്കെ
ഞാനായിക്കൊള്ളും.
ഞാൻ പറഞ്ഞു: “തങ്കമ്മയെ കാണണം.”
ഈജിപ്തിലെ ഏതോ ശവകുടീരത്തിൽനിന്ന് അപ്പോൾ
പൊളിച്ചു നീക്കംചെയ്ത മമ്മിയായിരുന്നു തള്ള. എല്ലാമുണ്ട്,
പക്ഷേ, ജീവനില്ല.
എനിക്കു കാത്തുനില്ക്കുവാൻ ക്ഷമയുണ്ടായിരുന്നില്ല. എന്നെ
അവൾ മറന്നിരിക്കാം. പക്ഷേ, തങ്കമ്മയെ അവൾക്കെങ്ങനെ
മറക്കാൻ കഴിയും? അവൾക്ക് മുതലുണ്ടാക്കിക്കൊടുത്ത
തങ്കമ്മയെ?—
അവളുടെ മുഖത്ത് ഒരു ഭാവപ്പകർച്ചയുണ്ടായി.
ഞാൻ ഉണങ്ങിയ മൺകട്ടയിൽ വെള്ളം
തളിക്കുകയായിരുന്നു.
“തങ്കമ്മ ഇവിടെനിന്നു പോയല്ലോ!—”
അങ്ങനെ പറഞ്ഞ് അവൾ ചിരിക്കുവാൻ ശ്രമിച്ചു.
തെരുവിലൂടെ പോകുന്നവരിൽ ചിലർ എന്നെ
സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു.
ആ നാണമില്ലാത്ത തള്ള പറഞ്ഞു: “വരൂ, നമുക്ക് ഉള്ളിലേക്കു
പോകാം.”
ആ വാതിൽപ്പടിമേൽ ഒരു ശിലാപ്രതിമപോലെ ഞാൻ നിന്നു.
എന്തുകൊണ്ടോ, തങ്കമ്മ അവിടെ ഉണ്ടായിരിക്കയില്ലെന്നു
പുറപ്പെടുമ്പോൾ തന്നെ ഭയപ്പെട്ടിരുന്നു. അതുപോലെതന്നെ
കലാശിക്കുകയും ചെയ്തു.
സാരിയുടെയും മുണ്ടിന്‍റെയും പൊതി വിയർപ്പിൽ കുതിർന്നു.
ഡോക്ടർ പറഞ്ഞത് ഞാനോർത്തു: “മനസ്സിന് ഒരിക്കലും
ക്ഷോഭിക്കുവാൻ ഇടകൊടുക്കരുത്. അല്ലെങ്കിൽ—”
അപ്പോൾ തള്ള പറഞ്ഞു:
“നിങ്ങൾക്കു നല്ല ക്ഷീണമുണ്ട്.”
അവൾ വീണ്ടും പറഞ്ഞു:
“ഇപ്പോൾ ഇവിടെ മുറികൾ ഒഴിവാണ്. ഇൻസ്പെക്ടറും സൂപ്പർ
വൈസറും പോയി. രണ്ടു പെൺകുട്ടികളേയുള്ളു—കോളേജിൽ
പഠിക്കുന്നവർ.”
എന്‍റെ ഹൃദയം ഉറക്കെ മിടിച്ചുകൊണ്ടിരുന്നു. സുഖക്കേടിന്‍റെ
ആരംഭമാണ്.
നെഞ്ചിൽ ഒരു കൊളുത്തിവലി.
ആവൂ!
അപ്പോൾ—
“നിങ്ങൾക്കു മുറി ആവശ്യമുണ്ടോ?”
കോറിഡോറിൽ പ്രായംചെന്ന രണ്ടു യുവതികൾ വന്നുനിന്ന്
തള്ളയെ വിളിച്ചു. എനിക്ക് അവരെ നല്ലപോലെ
കാണാമായിരുന്നു.
തങ്കമ്മ അവിടെയില്ലെന്ന പരമാർത്ഥം ഈർച്ചവാൾപോലെ
മനസ്സിനെ കരണ്ടുകൊണ്ടിരുന്നു.
എവിടേക്കായിരിക്കും അവൾ പോയിട്ടുണ്ടാവുക? ഞാൻ
അന്വേഷിച്ചപ്പോൾ ആ തള്ള എന്‍റെനേരെ മിഴിച്ചുനോക്കി,
അർത്ഥശൂന്യമായ ഒരു ചോദ്യമാണ് അതെന്ന മട്ടിൽ.
എനിക്കു വല്ലായ്മ തോന്നി.
ഞാൻ ആലോചിച്ചുനില്ക്കേ അവൾ വാതിൽ കൊട്ടിയടച്ചു.
എന്‍റെ അടിമുടി പുകഞ്ഞു.
തെരുവിൽ പകൽവെളിച്ചം പെട്ടെന്നു മാഞ്ഞ്, ഇരുട്ടു കയറി.
അപ്പോൾ സമയം പന്ത്രണ്ടുമണിയായിരുന്നു—നട്ടുച്ച.
എന്‍റെ ദൗർബല്യത്തിൽ ഞാൻ സ്വയം
സഹതപിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അതു
പിന്നിട്ടുകഴിഞ്ഞുവെന്നായിരുന്നു വിശ്വാസം. ആ വിശ്വാസം
തകർന്നു.
എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഞാൻ
തിരിഞ്ഞുനടന്നു. അയൽപക്കക്കാരോട് അന്വേഷിച്ചിട്ട്
പ്രയോജനമുണ്ടായില്ല.
പാർക്കിന്‍റെ മുമ്പിൽ ആ നിയമവിദ്യാർത്ഥിയെ കണ്ടു.
അയാൾ തനിച്ചായിരുന്നു. എന്നെ കണ്ടപ്പോൾ അയാളൊന്നു
ഞെട്ടി.
“ഓ, നിങ്ങളോ?”
ഞാനൊന്നും പറഞ്ഞില്ല.
“എപ്പഴ് വന്നു? വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ…”
ഞാൻ തങ്കമ്മയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.
ഞാൻ കാണുമ്പോൾ, അവളുമായി ഏറ്റവുമടുത്ത ബന്ധം
പുലർത്തിയവരിൽ ഒരുവനാണ്, ആ നിയമവിദ്യാർത്ഥി. അവളെ
കാണുവാൻ അയാൾ പലപ്പോഴും അവിടെ വന്നിട്ടുണ്ട്. ആദ്യം
ഒരു മാസം അവിടെ താമസിക്കുകയും ചെയ്തു.
കുളിമുറിയിൽനിന്നു വരുമ്പോൾ തങ്കമ്മയുടെ ഫോട്ടോ
എടുക്കുന്നത് ഞാൻ കണ്ടതാണ്. അവളുടെ
സമ്മതത്തോടുകൂടിത്തന്നെ. ഞാൻ പറയുന്നതിതാണ്—അവർ
അടുത്ത ബന്ധത്തിലായിരുന്നു.
ഞാൻ സന്തോഷിച്ചു. തങ്കമ്മയുടെ വിവരമറിയുവാൻ
എനിക്കിതാ അവളുടെ ഒരു സ്നേഹിതനെ ലഭിച്ചിരിക്കുന്നു.
അയാളോട് എനിക്ക് അസൂയ തോന്നുകയുണ്ടായില്ല.
അവളെപ്പറ്റി ഞാൻ അയാളോട് ചോദിച്ചു.
പക്ഷേ, അയാൾ അവളെ മറന്നതുപോലെ തോന്നി.
“തങ്കമ്മ!”
ഞാൻ ഞെട്ടി.
“അതെ! നമ്മളുടെകൂടെ താമസിച്ചില്ലേ, അവൾ.”
ഞാൻ അവളെപ്പറ്റി കേൾക്കുവാൻ വെമ്പുകയായിരുന്നു.
നിയമവിദ്യാർത്ഥി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:
“മനസ്സിലായി. പക്ഷേ, അവളുടെ പേർ തങ്കമ്മയെന്നല്ലല്ലോ.”
എന്തു മാരണമെങ്കിലുമാകട്ടെ, അവളുടെ പേർ എനിക്ക് ഒരു
പ്രശ്നമേയല്ല. ഒരുപക്ഷേ, അവൾ ഒന്നിലധികം പേരുകളിൽ
അറിഞ്ഞു കാണും. എന്നോട് അവൾ തങ്കമ്മയെന്നാണു
പറഞ്ഞത്. എനിക്കവൾ എന്നും തങ്കമ്മതന്നെ.
എനിക്ക് അവളെപ്പറ്റി അറിയണം. പക്ഷേ, അയാൾക്കു തീരെ
താത്പര്യമില്ലായിരുന്നു. എങ്കിലും എനിക്കുവേണ്ടിയെന്നപോലെ
പറഞ്ഞു. അതിന്‍റെ ചുരുക്കമിതാണ്: അവൾ അവിടെനിന്നു
പോയിരിക്കുന്നു! എവിടെയാണുള്ളതെന്ന് ആർക്കും ഒരു
പിടിയുമില്ല. ആരോടും പറയാതെയാണു പോയത്.
എന്തോ ആലോചിച്ചുകൊണ്ടെന്നപോലെ അയാൾ പറഞ്ഞു:
“അവൾ മരിച്ചിരിക്കണം…”
നെഞ്ചിൽ ഒരു കൊളുത്തിവലിയുണ്ടായി.
ഞാൻ ചോദിച്ചു:
“എന്തേ, നിങ്ങൾ അങ്ങനെ പറയുന്നത്?”
“ഏയ്, ഒന്നുമില്ല; എനിക്കൊരു തോന്നൽ.”
എനിക്കും തോന്നി... അവൾ മരിച്ചിരിക്കണം.
ആ നിലയിൽ അവളെ ഓർക്കുന്നത്
വേദനാജനകമായിരുന്നു. സുഖസമൃദ്ധിയോടെ അവൾ
ജീവിച്ചുകാണണമെന്നായിരുന്നു എന്നും എന്‍റെ പ്രാർത്ഥന.
എങ്കിലും, മരിച്ചിരിക്കണം. അല്ലാതെ ജീവിച്ചിരിക്കാൻ വഴിയില്ല.
എന്‍റെ പാരവശ്യംകണ്ട് അയാൾ അത്ഭുതപ്പെട്ടു.
“നിങ്ങളുമായി ഒരിടപാടുമില്ലെന്നാണല്ലോ അവൾ പറഞ്ഞത്.”
ഞാൻ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോഴും അയാൾ പറഞ്ഞു:
“അവൾക്ക് ഒടുവിൽ സുഖക്കേടുണ്ടായിരുന്നു.”
അയാൾ കാർക്കിച്ചുതുപ്പി.
“നാസ്റ്റി ബിച്ച്—”
ഞാൻ നടന്നു.
ഓട്ടയായ പാത്രത്തിൽ വെള്ളം അരിച്ചുകയറുന്നതുപോലെ
ഒരു സംശയം എന്‍റെ ഹൃദയത്തിലേക്കു ചാനൽ
കീറുന്നുണ്ടായിരുന്നു. കെയ്റോവിൽവെച്ച് പോൾ കണ്ടുവെന്നു
പറഞ്ഞ സ്ത്രീ ഒരുപക്ഷേ, തങ്കമ്മതന്നെയായിരിക്കുമോ?
(അവന് ഒരു മർച്ചന്‍റ് ഷിപ്പിലാണു ജോലി)
അതുവരെ ഞാൻ അതോർമിക്കാഞ്ഞതിൽ ആശ്ചര്യം
തോന്നി. വിവരങ്ങളെല്ലാം നന്നെ യോജിക്കുന്നുണ്ട്. വെളുത്തു
മെലിഞ്ഞിട്ടാണ്. ധാരാളത്തിലധികം മുടിയുണ്ട്. ഇരുപത്തഞ്ചിനും
മുപ്പതിനും മധ്യേവരും വയസും. ഏറ്റവും ഇമ്പം ജനിപ്പിക്കുന്നത്
സദാ വിഷാദം സ്ഫുരിക്കുന്ന ആ കണ്ണുകളാണ്. അവ
ഓർമയിൽനിന്ന് ഒരിക്കലും വിട്ടുപോവുകയില്ല.
പോളിന്‍റെ വാക്കുകൾ ഞാൻ ഓർത്തു: “കേട്ടോ, അവൾ
കൂറുള്ളവളാണ്. എനിക്ക് ഒരു കാശുപോലും
ചെലവുണ്ടായിരുന്നില്ല.”
അവൻ ഇത്രകൂടി പറയുകയുണ്ടായി: “എനിക്കവളെ
മറക്കുവാൻ കഴിയുമെന്നു തോന്നുന്നില്ല. ഇപ്പോഴും ഞാൻ
അവളെ സ്വപ്നം കാണുകയാണ്.”
പിറകിൽ ഒരാംഗ്ലോഇന്ത്യൻപെണ്ണിനെയുമിരുത്തി
‘മെറിന’യിലൂടെ എൺപതു സ്പീഡിൽ
മോട്ടോർബൈക്കോടിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും
വലിയ നേട്ടമായെണ്ണുന്നവനാണ് അങ്ങനെ പറഞ്ഞത്!
പ്രകൃതിസുന്ദരമായ എന്‍റെ നാട്ടിലെ കായൽത്തീരത്തു
യാതൊരലട്ടുമില്ലാതെ ബാല്യം കഴിച്ചുകൂട്ടിയ ഒരു പെൺകുട്ടി
ജീവിതത്തിന്‍റെ മധ്യഘട്ടത്തിൽ വാതില്ക്കൽ ആരുമാരുമില്ലാതെ
സംശയിച്ചുനില്ക്കുകയാണ്—സമുദ്രങ്ങൾക്കപ്പുറമുള്ള
കെയ്റോവിൽ!
അത് തങ്കമ്മതന്നെയായിരിക്കുമോ?
ആകാം; ആകാതെയുമിരിക്കാം.
ഞാൻ വെറുതെ അലഞ്ഞുനടന്നു. വിശേഷിച്ചാരെയും
കാണുവാനുണ്ടായിരുന്നില്ല. വിശാലമായ ഈ ലോകത്തിൽ
ഞാൻ ഏകനാണെന്ന വിശ്വാസം അനുനിമിഷം ബലപ്പെട്ടുവന്നു.
എന്തിനു ജീവിച്ചിരിക്കണം എന്നുപോലും
സംശയിക്കുകയുണ്ടായി. എന്‍റെ സ്നേഹത്തിലും ഭയത്തിലും
സങ്കടത്തിലും വിദ്വേഷത്തിലും പങ്കുകൊള്ളുവാൻ ഇതുവരെ
ആരുമുണ്ടായിട്ടില്ല. ചിലർ പറഞ്ഞു, ഒരു രോഗിയാണെന്ന്; മറ്റു
ചിലർ അഭിപ്രായപ്പെട്ടു, ഒരു ‘മെന്‍റൽറെക്കാ’ണെന്ന്.
എന്‍റെ മനസ്സിൽ വീശുന്ന കൊടുങ്കാറ്റുകളുടെ ശക്തി
അവർക്കനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ!
എന്‍റെ ഹൃദയത്തിന്‍റെ ആഴം അളക്കുവാൻ അവർ
തുനിഞ്ഞിരുന്നുവെങ്കിൽ!
ഒന്നുമുണ്ടായില്ല.
ഈ തണുപ്പിൽനിന്നും ചൂടിൽനിന്നും രക്ഷനേടുവാൻ ഞാൻ
സ്വന്തമായി ഒരു കുടിൽ നിർമിക്കുകയായിരുന്നു. മറ്റുള്ളവർ
കോട്ടയും കൊട്ടാരവും കെട്ടുമ്പോൾ എനിക്കൊരു
കുടിലെങ്കിലുമില്ലെങ്കിൽ—
എല്ലാം ശരിപ്പെട്ടുവന്ന ഘട്ടം വന്നപ്പോൾ—
ഞാനാലോചിക്കുകയാണ്, അവളെയൊന്നു കാണാൻ
കഴിഞ്ഞുവെങ്കിൽ!
എന്തു ചെയ്യുമെന്നോ?
ഉത്കടമായ വിഷാദത്തിന്‍റെയും തീവ്രമായ
നൈരാശ്യത്തിന്‍റെയും അസഹ്യമായ വേദനയുടെയും
കൊടുങ്കാറ്റായി ഞാൻ അവളെ വഹിച്ചു കൊണ്ടുപോകും.
ഒരു സ്ത്രീയേയും പുരുഷനേയുംപോലെ ഞങ്ങൾ—
എന്തൊരനുഭവമായിരിക്കും!
നടന്നുനടന്ന് വീണ്ടും പാർക്കിൽതന്നെ എത്തി. അതിനിടയിൽ
അവിടെ വരാറുണ്ടായിരുന്ന വേറെയും രണ്ടുപേരെ കണ്ടു.
അവരോടു ചോദിക്കുമ്പോൾ പറയുകയാണ്:
ഇവിടെയില്ല, എവിടേക്കെങ്കിലും പോയിരിക്കും. അല്ലെങ്കിൽ
മരിച്ചിരിക്കാനും ഇടയുണ്ട്.
ഞാൻ ചോദിച്ചു:
‘എന്താണൊരുറപ്പ്?’
അവർ പറഞ്ഞു:
‘ഞങ്ങൾ ഈ സിറ്റിയിൽ ജീവിക്കുന്നവരാണ്. അതുതന്നെ.’
പാർക്ക് വിജനമായിരുന്നു. രക്തപുഷ്പങ്ങൾ മൂടിയ
ഒരലസിയുടെ ചുവട്ടിലിരുന്നു ഞാനാലോചിച്ചു: ഈ ഭൂമി
ഇത്രമാത്രം സുന്ദരമായിരിക്കുമ്പോൾ മനുഷ്യൻ എന്തിനാണു
മരിക്കുന്നത്? ജീവിക്കുവാനാണല്ലോ അവൻ പിറന്നതുതന്നെ!
പെട്ടെന്ന് എനിക്കു തോന്നി: അവൾ മരിച്ചിരിക്കില്ല.
ഉണ്ടായിരിക്കാം, എവിടെയെങ്കിലും; ഈ സിറ്റിയിൽത്തന്നെ.
അല്ലെങ്കിൽ എന്തുതന്നെയായാലും അവൾ മരിച്ചിരിക്കില്ല.
കണ്ണടച്ചു കിടന്ന് ഞാൻ തങ്കമ്മയെക്കുറിച്ചു കിനാവുകൾ കണ്ടു.
അവൾ ഒരു പ്രതിഭാസമായിരുന്നു. അധികമൊന്നും
സംസാരിക്കയുണ്ടായിട്ടില്ല. എപ്പോഴെങ്കിലും
നോക്കിയിരുന്നുവെങ്കിൽ അത് അവൾ എനിക്കാരുമല്ല എന്ന
മട്ടിലായിരുന്നു. ഞാനൊരു രോഗിയായിരുന്നുവല്ലോ.
ഇടയ്ക്കൊന്നു പറഞ്ഞുകൊള്ളട്ടെ—ചിലപ്പോൾ
തോന്നിപ്പോകുന്നു, എല്ലാവരും രോഗികളാണ്.
കീറിയ കുപ്പായം തുന്നുവാൻ സൂചിയുടേയും നൂലിന്‍റേയും
ആവശ്യം നേരിട്ടു. എനിക്കറിയാം അവളുടെ അടുക്കലുണ്ടെന്ന്.
രാത്രി മുഴുവൻ എവിടെയോ കഴിച്ചുകൂട്ടിയ അവൾ രാവിലെ
മടങ്ങിവന്നു വസ്ത്രം മാറ്റുകയാണ്. ആദ്യം ഞാൻ അതു
സൂക്ഷിക്കുകയുണ്ടായില്ല. കണ്ണാടിയിൽ എന്‍റെ ഛായ
കണ്ടപ്പോൾ അവൾ തിരിഞ്ഞുനിന്നു.
നാണംനിമിത്തം അവളുടെ മുഖം ചുവക്കുകയുണ്ടായി.
ബ്ലൗസ് അപ്പോൾ മേശപ്പുറത്തായിരുന്നു.
അങ്ങനെ ആ വേഷത്തിൽ എത്ര സ്ത്രീകളെ കണ്ടിട്ടുണ്ടെന്നു
ചോദിച്ചാൽ, ചുരുക്കമാണ്. എങ്കിലും എനിക്കു
സങ്കോചമുണ്ടായില്ല.
അവിടെ ഒരു പഴയ പുസ്തകം കണ്ടു.
‘യോഹന്നാൻ എഴുതിയ സുവിശേഷം.’
അതിന്‍റെ ആദ്യത്തെ പേജിൽ എഴുതിയിരുന്നു:
“എന്‍റെ പ്രിയപ്പെട്ട മകൾ….” ബാക്കി കറുത്ത മഷികൊണ്ടു
തടഞ്ഞിരിക്കയാണ്. എന്തോ, അപ്പോൾ എന്‍റെ കൈകൾ
വിറയ്ക്കുകയും മനസ്സു മ്ലാനമാവുകയും ചെയ്തു.
അത് അവൾ നിത്യവും വായിക്കാറുള്ള
പുസ്തകമായിരിക്കാം.
സൂചിയും നൂലുമെടുത്തു ഞാൻ നടന്നു.
മുറിയിലെത്തിയപ്പോൾ തോന്നി, അത്രയൊന്നും കുഴപ്പംപിടിച്ച
ഒരു മാനസികഘടനയല്ല എന്‍റേത്. അവിടെ നാലാമത്തെ
മുറിയിൽ താമസിക്കുന്ന യുവതി—ഇവിടെ ആരെങ്കിലും
ആദ്യമായി വന്നാൽ ആ തള്ളയുടെ മകളായിരിക്കുമെന്ന്
ഊഹിച്ചേക്കാനിടയുള്ള അവൾ—എന്നെ
മനസ്സിലാക്കിയിരിക്കുന്നു. ഭ്രാന്തിന്‍റെ വകഭേദമെന്നുപോലും
പറയുവാനിടയുള്ള ഒരു പരസ്പരധാരണ. അജ്ഞാതമായ ഒരു
ബന്ധം. അതുണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
ആ സംഭവം ആത്മാവിന്‍റെ ലോലമായ തന്ത്രികളിൽ
നിഗൂഢമായ ഒരു സംഗീതത്തെ ആവാഹിക്കുകയുണ്ടായി.
കുറേക്കൂടി കഴിഞ്ഞപ്പോൾ : ആ നിയമവിദ്യാർത്ഥി അവിടെ
താമസം ആരംഭിച്ചിരിക്കയാണ്. വൈകുന്നേരത്തെ
കുളികഴിഞ്ഞ് മടങ്ങുന്ന അവളുടെ കൈപിടിച്ചുകൊണ്ട് അയാൾ
പറയുന്നു:
“ഓ, എന്‍റെ കരളേ! എനിക്കു നിന്നെ കാണുമ്പോൾ—”
മൗനം.
“ഒരു വല്ലാതെ—”
അയാൾ തുടരുന്നു:
“പിന്നേയ്, ഞാനും ഉസ്മാനുംകൂടി ഒരു ബെറ്റ്—”
“എന്തോന്നാ?”
“നിന്‍റെ വയസ്സിനെപ്പറ്റിയേ; ഇരുപതായിക്കാണുമെന്ന് അവൻ.
പത്തൊമ്പതു തികഞ്ഞിരിക്കില്ലെന്നു ഞാനും. വലിയ വാശിയാ.”
“പോ, കള്ളം പറയാതെ.”
“സത്യം! മുപ്പതു രൂപയാ ബെറ്റ്! മുപ്പതു രൂപ! അതു കിട്ടിയാൽ
—”
അയാൾ അവളുടെ ഈറൻവസ്ത്രം മാറ്റുന്നു. അല്ലെങ്കിൽ,
ഞാനങ്ങനെ ഊഹിച്ചു.
മുറിക്കുള്ളിലിരുന്ന് തള്ള ലേസ് തുന്നുകയാണ്.
എഞ്ചിനീയറും സൂപ്പർവൈസറും ഏതു നിമിഷത്തിലും വന്നു
കയറും. ഞാൻ വാതിൽ ചാരി—എന്‍റെ മുറിയുടെ—
പിന്നീട് ഒരിക്കൽ, ഞാൻ ജോലിക്കു പോകാതെ
മടിച്ചിരിക്കുകയാണ്. വലിയ ഉഷ്ണം. പുറത്തിറങ്ങുവാൻ
തോന്നുന്നില്ല. കാറ്റൊഴിഞ്ഞ ആകാശം വെള്ളിപോലെ
വെട്ടിത്തിളങ്ങുന്നു. അപ്പോൾ എന്നെ അലട്ടുന്ന നൂറുകൂട്ടം
പ്രശ്നങ്ങൾക്ക് പരിഹാരം ആലോചിച്ചുകൊണ്ടിരിക്കെ,
വാതില്ക്കൽ ഒരു ചുമ. അവൾ വന്നു
സംശയിച്ചുനില്ക്കുകയാണ്.
“ഓ!” ഞാനറിയാതെ പറഞ്ഞുപോയി. അവൾ എന്‍റടുക്കലും
വരാൻ തുടങ്ങിയിരിക്കുന്നു! എന്തിന്‍റെ ആരംഭമായിരിക്കും?
ഞാൻ എഴുന്നേറ്റുനിന്നു. അവളോട് അകത്തു കടന്നിരിക്കാൻ
പറയുകയുണ്ടായില്ല.
അവളുടെ മുഖത്ത് ഒരു ദൈന്യഭാവം പരന്നു.
“ഞാൻ നിങ്ങളോടൊന്നു ചോദിക്കുവാൻ വന്നിരിക്കയാണ്.”
എനിക്കെന്നല്ല ആർക്കും പറയാതെതന്നെ അതറിയുവാൻ
കഴിയുന്നതാണ്. പിന്നെയെന്തിനാണ് ആ മുഖവുര?
“ഒഴിവുസമയത്ത് എന്നെ ഇത്തിരി ഇംഗ്ലീഷ്
പഠിപ്പിക്കുവാനൊക്കുമോ?”
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടപ്പോൾ എനിക്കാദ്യം
അത്ഭുതവും പിന്നീടു തമാശയും തോന്നി.
ഞാൻ ചോദിച്ചു:
“ആവശ്യം?”
അവളുടെ മുഖം വിവർണമായി.
പൂച്ച മുറിയിൽ വന്ന് കൈനക്കുവാൻ തുടങ്ങി.
അവൾ അതിനെ നോക്കിക്കൊണ്ടു പറഞ്ഞു:
“എത്ര കാലമാണ് ഇങ്ങനെ ജീവിക്കുക?”
നേരിയ ഒരു കമ്പി വലിച്ചുവിട്ടതുപോലെ അവളുടെ ശബ്ദം
മുഴങ്ങി. ആ കണ്ണുകൾ ആഴംകാണാൻ കഴിയാത്ത രണ്ടു
നീലജലാശയങ്ങളായി മാറുകയായിരുന്നു.
എനിക്കു വല്ലായ്മ തോന്നി.
ഒരു നിശ്വാസത്തോടെ അവൾ തുടർന്നു:
“ഒരു മിഡ്വൈഫിന്‍റെ ജോലിക്കെങ്കിലും
ശ്രമിക്കാമെന്നുവെച്ചാൽ, എന്തൊരു യോഗ്യതയാണ്
എനിക്കുള്ളത്?” ഏതാനും ആഴ്ചകൾക്കു മുമ്പേ ആ
നിയമവിദ്യാർത്ഥിയുടെ കൈകളിൽ കിടന്ന് കൊഞ്ചിയവളാണ്
അവൾ. അവളുടെ വയസ്സിന്മേലാണ് അയാൾ ബെറ്റ് ചെയ്തത്,
പത്തൊമ്പതു തികഞ്ഞിട്ടില്ലെന്ന്.
ഞാൻ ആലോചിച്ചു, എന്തൊക്കെ നാടകങ്ങളാണ്! അവളും
അതൊക്കെ അറിയുന്നില്ലേ, ഉണ്ടായിരിക്കാം. ഞാൻ നോക്കി.
ചമ്പകപ്പൂവുകളായിരുന്ന ആ കവിളുകളിൽ കാലത്തിന്‍റെ
പൂഴിക്കടലാസ് പതിയുന്നുണ്ടായിരുന്നു.
അവൾ ചോദിച്ചു:
“എറണാകുളത്തുനിന്നുമാത്രം ഇങ്ങനെ എത്രപേർ
വന്നിട്ടുണ്ടെന്നറിയാമോ?”
അവൾ പോയതിനുശേഷവും ആ ചോദ്യം ഞാൻ
കേട്ടുകൊണ്ടിരുന്നു.
ഒടുവിലത്തെ തവണ, എനിക്കു കമ്പി കിട്ടിയിരിക്കുന്നു. ഉടനെ
പുറപെടണം. ഉദ്യോഗത്തിന്‍റെ കാര്യമാണ്. പോയില്ലെങ്കിൽ
വിഷമമുണ്ട്. പക്ഷേ, ഞാൻ വിഷണ്ണനായി നില്ക്കുകയാണ്.
ടിക്കറ്റിന്‍റെ കാശ് കഷ്ടിച്ചൊപ്പിക്കാം. വഴിച്ചെലവു സാരമില്ല.
എന്നാൽ എങ്ങനെ ഉടുത്തു പുറത്തിറങ്ങും? ഒരു മുണ്ടില്ലല്ലോ.
ഉള്ളവയൊക്കെ പഴകി, മുഷിഞ്ഞ്, താറുമാറായി
കിടക്കുകയാണ്.
ഞാൻ ആലോചിച്ചുകൊണ്ടിരിക്കെ അവൾ വന്നു ചോദിച്ചു:
“ഞാൻ കടന്നുവരട്ടെ?...”
അവൾ വന്നു.
“നിങ്ങൾക്ക് ഒരു കമ്പിവന്നിരിക്കുന്നു, അല്ലേ?”
ഉള്ളിൽ തീ നീറിപ്പിടയുകയായിരുന്നു:
“സുഖക്കേടെങ്ങനെയിരിക്കുന്നു? ഇപ്പോൾ
പുറത്തിറങ്ങാറായില്ലല്ലോ?”
ഞാൻ അവളെ അടിമുടി നോക്കി. എനിക്കു തോന്നി,
എന്നെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അവളെ അറിയിക്കേണ്ട
സമയം ഇതാ വന്നു ചേർന്നിരിക്കുന്നു.
പക്ഷേ, ഞാൻ പറഞ്ഞില്ല. എനിക്കു പറയുവാൻ കഴിഞ്ഞില്ല.
ഞാൻ ചുണ്ടുംകടിച്ചു വെളിയിലേക്കു നോക്കി.
ആ കടലാസ് അവളുടെ കൈയിൽ കിടക്കുന്നു. പക്ഷേ,
അവൾ ഇംഗ്ലീഷ് പഠിച്ചിട്ടില്ല.
ഞാൻ പറഞ്ഞു:
“വൈകുന്നേരത്തെ ഗ്രാന്‍റ് ട്രങ്കിന് എനിക്കു പോകണം.”
അല്പനേരത്തേക്ക് അവളൊന്നും പറഞ്ഞില്ല.
എവിടേക്കാണെന്നോ എന്തിനാണെന്നോ എന്നുകൂടി
ചോദിക്കുകയുണ്ടായില്ല.
ഞാനും മിണ്ടാതിരുന്നു.
പിന്നീടവൾ ചോദിച്ചു:
“കാശുണ്ടോ?”
ഞാൻ മൂളി.
മുറി മുഴുവൻ അവൾ കണ്ണോടിച്ചു. എല്ലാം അനാഥമായ
നിലയിൽ കിടക്കുകയാണ്.
“അലക്കിയ കുപ്പായമില്ലേ?”
“ഷർട്ടുണ്ട്.”
അവൾ പോയി ഒരു മുണ്ടുമായി മടങ്ങിവന്നു. ഞാൻ
വിലക്കിയില്ല. എനിക്ക് മുണ്ടിന്‍റെ ആവശ്യമുണ്ടായിരുന്നു.
“വേഗം വരാൻ കഴിയുമോ?”
“നോക്കണം—”
അവൾ ജനൽപ്പടിമേൽ കൈയൂന്നി ഒരു
സ്വപ്നത്തിലെന്നപോലെ നില്ക്കുകയായിരുന്നു.
ഞാൻ പോയി. രണ്ടുകൊല്ലം കഴിഞ്ഞാണു വന്നത്.
വന്നപ്പോൾ— അവളും പോയിരിക്കുന്നു. എവിടേക്കോ?
സാരിയുടെയും മുണ്ടിന്‍റെയും പൊതി വിയർപ്പിൽ കുളിച്ചു.
ഞാൻ തങ്കമ്മയെക്കുറിച്ച് കൂടുതൽ ചിന്തിച്ചത് അവളെ വിട്ടു
പിരിഞ്ഞതിൽപ്പിന്നീടാണ്. സ്നേഹപൂർവമായ പെരുമാറ്റമേ
എനിക്കവളിൽ നിന്നു ലഭിച്ചിട്ടുള്ളു. ഒന്നിലധികം തവണ അവൾ
അവളുടെ ഹൃദയം എന്‍റെ മുമ്പിൽ മലർക്കെ
തുറന്നുകാട്ടുകയുണ്ടായി. ഞാനാണെങ്കിൽ ഒന്നും പറയാതെ
പോവുകയും ചെയ്തു.
കോളിരമ്പുന്ന ജീവിതത്തിൽ ഒരു രക്ഷാസ്ഥാനവും
അന്വേഷിച്ച് അവൾ തുഴയുകയായിരുന്നു.
ഞാൻ അവൾക്കുവേണ്ടി എന്തു ചെയ്തു?
എന്‍റെ രാഗം താളപ്പിഴയുള്ളതാണ്. അവളുടേതും
അങ്ങനെതന്നെ. രണ്ടും ഒന്നിച്ചുചേർന്ന് ശുദ്ധവും പുതിയതുമായ
ഒരു സംഗീതം ഉയിരെടുക്കട്ടെ എന്നു വിചാരിച്ചപ്പോൾ—നാം
വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ല.
ഞാൻ സ്റ്റേഷനെ ലക്ഷ്യമാക്കി നടന്നു. പാലത്തിന്‍റെ
അപ്പുറത്തെത്തിയപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ച
കാണുകയുണ്ടായി. കരയിൽ നിന്നു തെല്ലകലെയായി ഒരു
സ്ത്രീയുടെ ശവം പൊങ്ങിക്കിടക്കുന്നുണ്ട്. ചെറുപ്പത്തിൽ ഞാൻ
തവള വെള്ളത്തിൽ ചത്തുകിടക്കുന്നതു കണ്ടിട്ടുണ്ട്.
അതുപോലെതന്നെ. കൈകാലുകൾ താഴ്ത്തിയിട്ട്. പുറം
വെളിയിൽ കാണിച്ചുകൊണ്ട്—
എന്നെ കഠിനമായ ഭയം ബാധിക്കുകയും എന്‍റെ ശരീരം
വിറയ്ക്കുകയും ചെയ്തു. ഹൃദയത്തിന്‍റെ മിടിപ്പു
നില്ക്കുന്നതുപോലെ തോന്നി. തീർച്ചയായും അത് അവളുടെ
ശരീരമാണ്. അല്ലെങ്കിൽ അവൾ കെയ്റോവിലെ ആ—
അതോർത്തപ്പോൾ മനസ്സു വെന്തുനീറി.
ഏതായാലും അവൾ പോയിരിക്കുന്നു! വേദനിപ്പിക്കുന്ന ആ
കാഴ്ചയിൽനിന്നു കണ്ണെടുത്തു ഞാൻ ആകാശത്തിലേക്കു
നോക്കി.
വായുപോലുമില്ലാത്ത ഒരു ശൂന്യതയിലൂടെ എന്നെ ആരോ
വലിച്ചു കൊണ്ടുപോയി.
ഒരു കൂമ്പുകൂടി കരിയുന്നു

ഇന്നലെയാണ് ജനാർദനൻ ആശുപത്രിയിൽനിന്നു വന്നത്. ഇന്ന്


രാവിലെതന്നെ പോവുകയുംചെയ്തു.
ചുമരിന്മേൽനിന്ന് എന്നെ നോക്കി പുഞ്ചിരിതൂകുന്ന ആ
ഫോട്ടോവും—അത് അവൻ മിലിട്ടറിയിലുണ്ടായിരുന്നപ്പോൾ
എടുത്തതാണ്—എന്‍റെ മടിയിൽ കിടക്കുന്ന മഷി പുരണ്ട ഈ
വൂളൻ കോട്ടും ഏതാനും പുസ്തകങ്ങളും; ഇവയാണ്
അവന്‍റേതായി ഇവിടെ അവശേഷിച്ചിട്ടുള്ളത്. ജനാർദനന്‍റെ
ഓർമ നിലനില്ക്കുവാൻ ഇവയുടെയൊന്നും സഹായം വേണ്ട;
കുടകിലെ കാട്ടുചെരുവുകളിലൊന്നിൽ വിടമ്പവാടാത്ത
റോസാപ്പൂവാണ് അവൻ. എങ്ങനെ മറക്കാനാണ് ഞാൻ
അവനെ?
ജനാർദനൻ കൂടെ കൊണ്ടുപോയത് തകർന്ന ആ ഫൗണ്ടൻ
പെന്നും രണ്ടു ജോടി കുപ്പായങ്ങളും മാത്രമാണ്. അവന്
എത്രയും ഇഷ്ടപ്പെട്ട ആ പെന്നിന്‍റെ പിറകിൽ
സ്നേഹസമ്പന്നനായ ഒരു പിതാവിന്‍റെ ചരിത്രമുണ്ട്. അതു
ചലിപ്പിച്ചാണ് അയാൾ ഒരു കുടുംബം പുലർത്തിയത്!
മരിക്കുമ്പോൾ അയാൾ അതു മകനു കൊടുത്തു. അതു
മാത്രമേ അയാൾക്കു കൊടുക്കുവാനുണ്ടായിരുന്നുള്ളു.
അതുകൊണ്ട് അവൻ നന്നായിക്കൊള്ളട്ടെ എന്ന് അയാൾ
ആശിച്ചിരിക്കണം.
ആ പെന്നാണ് തകർന്നുപോയത്! അതു മാത്രമാണെങ്കിൽ
സാരമില്ലായിരുന്നു. അതോടൊപ്പം അവന്‍റെ ഒരു കൈയും
പോയി. അതും വലത്തുകൈ!
ചെറിയൊരു സഞ്ചിയും കുടയുമായി ജനാർദനൻ
റോഡിലേക്കിറങ്ങിയപ്പോൾ ഞാൻ ജനലിനരികിൽ
നില്ക്കുകയായിരുന്നു. അവൻ പതുക്കെ നടന്നു തിരക്കിലും
ബഹളത്തിലും അപ്രത്യക്ഷനാകുന്നതുവരെ ഞാൻ
ഇവിടെത്തന്നെ നിന്നു. എനിക്കതിനേ
നിവൃത്തിയുണ്ടായിരുന്നുള്ളു. ‘ഹുദിക്കേരി’യിൽനിന്നു പതിനഞ്ചു
നാഴിക അകലെയുള്ള ആ ഗ്രാമം വരെ പോകുവാൻ ഞാൻ
ഒരുക്കമായിരുന്നു. വാസ്തവത്തിൽ ഞാൻ അതിനുവേണ്ട എല്ലാ
ഒരുക്കങ്ങളും ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ, അവൻ
വിലക്കി. ഞാൻ അവനെ ബസ്സ്റ്റാൻഡ് വരെപ്പോലും
അനുഗമിക്കരുത്! കോണിപ്പടി ഇറങ്ങുവാൻപോലും പാടില്ല.
ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമേ ആ വേർപാടു
നീണ്ടുനില്ക്കുകയുള്ളൂവെന്നു കരുതിയാൽ മതി.
അതായിരുന്നു അവന്‍റെ ഇഷ്ടം. അതിനു ഞാൻ വഴങ്ങി.
അവനോടു മറുത്തു പറയാനുള്ള ശക്തി എനിക്കൊരിക്കലും
ഉണ്ടായിരുന്നില്ല.
നിരത്തിൽനിന്ന് ജനാർദനൻ വിളിച്ചുപറഞ്ഞു: “ഗുഡ്ബൈ!—”
ഭാരിച്ച ഹൃദയത്തോടെ ഞാൻ ഈ ജനലിന്‍റെ
അരികെത്തന്നെ നില്ക്കുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും
പറയാൻ കഴിഞ്ഞില്ല.
അവൻ അങ്ങനെ പറഞ്ഞു കൈവീശിയപ്പോൾ മുട്ടിനപ്പുറം
ശൂന്യമായ കോട്ടിന്‍റെ കൈ ഒടിഞ്ഞുവീണ് ആടിയിരുന്നു.
എന്നെപ്പോലെതന്നെ അവനും അതു സൂക്ഷിച്ചിരിക്കണം.
അവന്‍റെ മുഖം പെട്ടെന്നു മ്ലാനമാവുകയുണ്ടായി. പക്ഷേ, അത്
അല്പനേരത്തേക്കു മാത്രമായിരുന്നു. ഒരിക്കലും മായാത്ത ആ
പുഞ്ചിരി വീണ്ടും അവിടെ പ്രകാശിച്ചു. ഒരിക്കൽകൂടി കൈവീശി
അവൻ തിരിഞ്ഞുനടന്നു.
ഞാൻ ഇവിടെ ഇപ്പോൾ തനിച്ചാണ്. ഇന്നു ഞാൻ
പുറത്തിറങ്ങകയുണ്ടായില്ല.
ജനാർദനനെക്കുറിച്ചാലോചിക്കുന്തോറും വല്ലാത്തൊരസ്വാസ്ഥ്യം
അനുഭവപ്പെടുന്നു. അതു വിഷാദം മാത്രമാണോ? അല്ല!
വളരെയധികം കഷ്ടപ്പെട്ടു നേടിയ എന്തോ ഒന്ന്
നഷ്ടപ്പെട്ടുപോയപോലെ എനിക്കു തോന്നുന്നു! ഈ
ഏകാന്തതയിൽ ആ ബോധം അനുനിമിഷം
വർധിച്ചുവരികയാണ്.
അവൻ പോയിട്ട് അല്പ മണിക്കൂറുകളേ ആയിട്ടുള്ളു. പക്ഷേ,
അത്ഭുതമെന്നു പറയട്ടെ, എനിക്കു തോന്നുന്നത് അവൻ എന്നെ
വിട്ടു പിരിഞ്ഞിട്ടു കൊല്ലങ്ങൾതന്നെ കുറെ ആയെന്നാണ്. ഞാൻ
കിനാവു കാണുകയായിരിക്കാം. അനുഭൂതികളുടെ തണലിൽ
മയങ്ങിക്കിടക്കുന്ന എനിക്ക് ജനാർദനൻതന്നെ ഒരു
സ്വപ്നമായിത്തീരാനും ഇടയുണ്ട്.
ഞാൻ എന്തൊക്കെയോ ഭ്രാന്തുപറയുന്നു!
ഇത്ര വേഗത്തിൽ അവന് ആശുപത്രിയിൽനിന്നു
തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇന്നലെ
ഞാൻ ജനാർദനനെ കാണുവാൻ പതിവുപോലെ
പുറപ്പെട്ടതായിരുന്നു. അവന് വായിക്കുവാൻ ഒരു
പുസ്തകവുമെടുത്ത്, മുറിയും പൂട്ടി, പുറത്തിറങ്ങിയപ്പോൾ
അവനുണ്ട് എന്‍റെ മുന്നിൽ നില്ക്കുന്നു! എനിക്കെന്തെങ്കിലും
ചോദിക്കാൻ കഴിയുന്നതിനുമുമ്പായി അവൻ പറഞ്ഞു: “ഞാൻ
വീട്ടിലേക്കു പോവുകയാണ്—”
ജനാർദനന്‍റെ മുറിവുണങ്ങിയിരുന്നുവെങ്കിലും അവനു
പൂർണമായ ആരോഗ്യം ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെ
ആസ്പത്രിയിൽനിന്നു വിട്ടുപോന്നതു നന്നായില്ലെന്നു
പറഞ്ഞപ്പോൾ അവൻ എന്നോടു ചോദിക്കുകയുണ്ടായി:
“എന്നെക്കാൾ അസൗകര്യങ്ങളുള്ള മറ്റുള്ളവർ വന്നു
വരാന്തയിൽ കിടക്കുമ്പോൾ ഞാൻ അവിടെത്തന്നെ വീണ്ടും
രണ്ടാഴ്ച കൂടണമെന്നാണോ നിങ്ങൾ പറയുന്നത്?”
ഞാൻ അതിനുത്തരം പറഞ്ഞില്ല.
ഞാൻ ഇതുവരെ ജീവിച്ചുപോന്നത് എനിക്കുവേണ്ടി
മാത്രമാണ്. അതുപോലെയല്ല ജനാർദനൻ. അന്യരുടെ
കാര്യമാണ് അവനാദ്യമായി ആലോചിക്കാറ്. അങ്ങനെയുള്ള
അവനോട് എനിക്ക് എന്തു പറയുവാൻ കഴിയും?
സാധാരണ ചെയ്യാറുള്ളതുപോലെ ഇന്നലെയും എന്‍റെ
മുതുകത്തു തട്ടിക്കൊണ്ട് അവൻ വീണ്ടും ചോദിച്ചു: “നിങ്ങളെന്തു
പറയുന്നു? നിങ്ങളാണെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലേ?”
അവന്‍റെ സമാധാനത്തിനുവേണ്ടിമാത്രം ഞാൻ പറഞ്ഞു:
“തീർച്ചയായും.”
ഊണുകഴിക്കുവാൻ ഞാൻ ഹോട്ടലിലേക്കു തനിച്ചാണ്
പോയത്. എത്രതന്നെ നിർബന്ധിച്ചിട്ടും അവൻ വന്നില്ല. ഇങ്ങോട്ടു
ചോറു കൊണ്ടു വരേണ്ടെന്നും പറഞ്ഞു. ഒരുപക്ഷേ,
ആളുകളുടെ മുമ്പിൽവെച്ച് എങ്ങനെയാണ് ഇടതുകൈകൊണ്ട്
—അങ്ങനെയും വരാമല്ലോ. പക്ഷേ, എന്‍റെ സംശയം
മനസ്സിലാക്കിക്കൊണ്ടെന്നപോലെ അവൻ പറഞ്ഞു, അങ്ങനെ
യാതൊരു മടിയുമില്ലെന്ന്. വേണമെങ്കിൽ അവനു
സ്പൂണുപയോഗിക്കാം. ആസ്പത്രിയിൽ അവൻ അതാണു
ചെയ്തുപോന്നിട്ടുള്ളത്.
“രാത്രി ഊണുകഴിക്കാതിരുന്നാൽ ദോഷമാണ്—”
ഞാനൊരിക്കൽ കൂടി പറഞ്ഞുനോക്കി.
ജനാർദനൻ അതു കേട്ടു പൊട്ടിച്ചിരിച്ചു. എന്നിട്ട് ഈ
ജനലിനരികൽ വന്നുനിന്നു വെളിയിലേക്കു ചൂണ്ടി. അവിടെ ആ
മൂലയിൽ വിളക്കുകാലിനരികിലുള്ള കുപ്പത്തൊട്ടിയിൽ ഒരു കുട്ടി
എന്തോ തിരയുന്നുണ്ടായിരുന്നു.
ചോറിന്‍റെ മുന്നിൽ ഞാൻ ഇരുന്നുവെങ്കിലും ഞാൻ
ഉണ്ണുകയുണ്ടായില്ല. അല്പം വൈകിയിരുന്നതിനാൽ ഹോട്ടലിലെ
തിരക്കൊഴിഞ്ഞിരുന്നു. പ്രസ്സിലിട്ടമർത്തിയതുപോലുള്ള ആ
പടച്ചോറ് പണിക്കാരൻ ഇലയിലേക്കു തട്ടിയപ്പോൾ ഞാൻ
ജനാർദനനെയാണ് ഓർത്തത്. കഴിഞ്ഞുപോയ സംഭവങ്ങളുടെ
സ്മരണകൾ മനസ്സിലേക്കടിച്ചുകയറി. എന്‍റെ വികാരങ്ങളിൽ
പങ്കുകൊള്ളാൻ ജനാർദനൻ അപ്പോൾ
അവിടെയുണ്ടായിരുന്നുവെങ്കിൽ എന്നു ഞാനാശിച്ചു.
ആ ഹോട്ടലിൽവെച്ചാണ് ഞാൻ ജനാർദനനെ ആദ്യമായി
കണ്ടതും പരിചയമായതും! അതും ഒരു പടച്ചോറിനുവേണ്ടി!
മൂന്നു കൊല്ലങ്ങൾക്കുമുമ്പാണ്. ഭക്ഷണക്ഷാമം
കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. രാത്രിയിലെ ഊണിന്
ഉച്ചയ്ക്കുതന്നെ ഹോട്ടലിൽ ബുക്ക് ചെയ്യണം. എന്നാലേ
കിട്ടുകയുള്ളൂ. വടക്കുള്ള പുണ്യസ്ഥലങ്ങളിലേക്കു
പോകുന്നവരുടെ ഒരു താവളമാകയാൽ മറ്റു പട്ടണങ്ങളെ
അപേക്ഷിച്ച് ഇവിടത്തെ സ്ഥിതി കൂടുതൽ ദുസ്സഹമായിരുന്നു.
ബോംബെയിൽ മകളുടെ അടുത്തേക്കു പോവുകയായിരുന്ന
അമ്മ എന്നെ കാണുവാൻ ഇവിടെ ഇറങ്ങി. കൂടെ
അനുജനുമുണ്ടായിരുന്നു. തികച്ചും അവിചാരിതമായിരുന്നു
അവരുടെ വരവ്. ഞാൻ അമ്മയേയും കൂട്ടി ഹോട്ടലിലേക്കു
ചെന്നപ്പോൾ അവർ ഒരു ടിക്കറ്റു മാത്രം തന്നു കൈമലർത്തി.
ഒരാൾക്കു മാത്രമേ ഊണുള്ളൂ. എന്തുകൊണ്ടു മുൻകൂട്ടി
പറഞ്ഞില്ല?
നേരം വൈകിയതിനാൽ വേറെ അന്വേഷിക്കുന്നതുകൊണ്ടു
പ്രയോജനമുണ്ടായിരുന്നില്ല. ഞാൻ വിഷണ്ണനായി
അവിടെത്തന്നെ നിന്നു. എത്രയോ നാഴിക അകലെനിന്നു വന്ന
അമ്മയ്ക്ക് ഒരു നേരത്തെ ആഹാരം കൊടുപ്പാൻപോലും
തരപ്പെടില്ലല്ലോ എന്നോർത്തപ്പോൾ വിഷമം തോന്നി.
ഞാൻ ഹോട്ടൽക്കാരൻ സ്വാമിയോടു
കേണപേക്ഷിച്ചുനോക്കി. പക്ഷേ, അയാളനങ്ങിയില്ല.
ഏതായാലും ഒരു ടിക്കറ്റുണ്ടല്ലോ. അതുകൊണ്ട് അമ്മ
ഉണ്ണട്ടെയെന്നു തീർച്ചപ്പെടുത്തി. അനുജനും എനിക്കും
കാപ്പിയായാലും മതി. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ എന്‍റെ
സമീപത്തു വന്ന് ഒരു ടിക്കറ്റ് നീട്ടിക്കൊണ്ടു പറഞ്ഞത്:
“നിങ്ങൾക്ക് ഇതുപയോഗിക്കാം.”
ഞാൻ അയാളെ സൂക്ഷിച്ചുനോക്കി. ചാരനിറത്തിൽ കറുത്ത
കള്ളികളോടുകൂടിയ വൂളൻകോട്ടും, കാക്കിപ്പാന്‍റും ധരിച്ച
ദീർഘകായനായ ഒരു യുവാവ്. കുപ്പിമോതിരംപോലെ കറുത്തു
ചുരുണ്ടതും നിബിഡവുമായിരുന്നു അയാളുടെ മുടി. ആ മുഖത്ത്
ഒരിക്കലും വറ്റാത്ത പുഞ്ചിരിയുടെ പ്രകാശമുണ്ടായിരുന്നു.
ആ ചെറുപ്പക്കാരനെ വേറെയെവിടെയോ
കണ്ടുമറന്നതുപോലെ എനിക്കു തോന്നി. പക്ഷേ, നല്ല നിശ്ചയം
പോരാ. അയാളുടെ അടുക്കൽ നിന്ന് എങ്ങനെയാണ് ആ ടിക്കറ്റ്
സ്വീകരിക്കുക? ഞാൻ മടിച്ചു നിന്നു.
“നിങ്ങളുടെ അമ്മ കാത്തുനിൽക്കുകയാണ്; എനിക്കും ഉണ്ട്
ഒരമ്മ!”
വളരെക്കാലത്തെ പരിചയമുള്ള ഒരു ചങ്ങാതിയെപ്പോലെ
എന്‍റെ പുറത്തു തട്ടിക്കൊണ്ടാണ് അയാളങ്ങനെ പറഞ്ഞത്.
ഞാൻ പകച്ചുനിന്നു. ആ വാക്കുകളിൽ സ്നേഹം ഓളം
തല്ലിയിരുന്നു. ആ നോട്ടത്തിൽ വിശ്വാസം സ്ഫുരിച്ചിരുന്നു.
ഞാനെന്തെങ്കിലും പറയുന്നതിനുമുമ്പായി എന്‍റെ കീശയിൽ
ആ ടിക്കറ്റ് നിക്ഷേപിച്ചശേഷം അയാളവിടെനിന്നിറങ്ങിപ്പോയി.
തികച്ചും ശുദ്ധമായ മലയാളത്തിലായിരുന്നില്ല ആ യുവാവു
സംസാരിച്ചത്. ആ ഭാഷ പിന്നീടൊരിക്കലും അയാൾ
പരിഷ്കരിക്കുകയുമുണ്ടായില്ല. എങ്കിലും അയാൾ എപ്പോഴും
ശുദ്ധനായിരുന്നു.
ആ അനുഭവം എനിക്കു തികച്ചും പുത്തനായിരുന്നു.
ചോറ് ആറിത്തണുത്തിരുന്നു. ഞാൻ അതിന്‍റെ മുമ്പിൽ കുറെ
നേരം ആലോചിച്ചിരുന്നിരിക്കണം. ഒരു പിടി വാരി ഞാൻ
മതിയാക്കി. എനിക്കു രുചിയോ വിശപ്പോ ഉണ്ടായിരുന്നില്ല. ഞാൻ
കൈ കഴുകി മടങ്ങി.
വഴിക്കെവിടേയും തങ്ങാതെ മുറിയിലെത്തിയപ്പോൾ കണ്ടത്
ജനാർദനൻ വടക്കുവശത്തുള്ള വാതിൽ തുറന്നു പുറത്തേക്കു
നോക്കിയിരിക്കുന്നതാണ്. ചീഞ്ഞ മത്സ്യത്തിന്‍റെ നാറ്റവും പുതിയ
ജമന്തിപ്പൂവിന്‍റെ സൗരഭ്യവും കൂടിക്കലർന്ന ഒരു മണം
മുറിയിലെങ്ങും വ്യാപിച്ചിരുന്നു. എനിക്ക് അത്ഭുതം തോന്നി.
മാർക്കറ്റിന്‍റെ വശത്തായിരുന്നതിനാൽ ആ വാതിൽ എപ്പോഴും
അടച്ചിടാറാണു പതിവ്. അതിനു പുറമേ മഴ പെയ്യുമ്പോൾ
ചാറലടിക്കുകയുംചെയ്യും.
“ഈ വാതിലും ഒരിക്കൽ തുറക്കണം, അല്ലേ? ആ തെരുവിലെ
കാഴ്ചകൾതന്നെ കണ്ടു കണ്ണീരിന്‍റെ ശക്തി ക്ഷയിച്ചുപോയി.”
മൂന്നു കൊല്ലത്തെ പട്ടാളസേവനത്തിനുശേഷം കോളേജിൽ
വന്നു ചേർന്ന ജനാർദനൻ ഫിലോസഫിയിലേക്കു
വഴുതിപ്പോകുന്ന ചില സന്ദർഭങ്ങളുണ്ട്. അപ്പോൾ ആ
കവിളുകളിലെ ചോരയോട്ടം വർദ്ധിക്കും; സദാ ആനന്ദനൃത്തം
ചെയ്യുന്ന ആ കണ്ണുകൾ ജ്വലിക്കും. അത്തരത്തിലുള്ള ഒരു
നിമിഷമായിരുന്നു അതും.
ഇന്നലെ രാത്രി വളരെനേരം ഞങ്ങൾ സംസാരിച്ചിരുന്നു.
ബീഹാറിൽ കണ്ടതും ബംഗാളിലനുഭവിച്ചതും
ജനാർദനനോർമ്മിച്ചു. ഈ നാട്ടിന്‍റെ വിഭജനത്തെക്കുറിച്ച്
എത്രയോ തവണ അവൻ പറഞ്ഞതാണ്; ഇന്നലെയും
അവനതാവർത്തിച്ചു.
ഞാൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു. ഇതുവരെ ഒരു
ലഹളയിലും പങ്കെടുക്കാത്തവനാണ് ഞാൻ. ലഹളകൾ
മുടക്കുവാനും ഞാൻ പോയിട്ടില്ല. അങ്ങനെയുള്ള എനിക്ക്
ജനാർദനന്‍റെ കാര്യത്തിൽ സങ്കടം തോന്നി. ആ ചെറുപ്പക്കാരൻ
ജീവിതം തുലയ്ക്കുകയാണെന്ന് എനിക്കറിയാം. ഈ ലോകം
വിഡ്ഢികളുടേതും ഭ്രാന്തന്മാരുടേതുമാണ്. അവരെ
നന്നാക്കുവാനാണ് ജനാർദനൻ പുറപ്പെട്ടിട്ടുള്ളത്.
ആ ശ്രമത്തിലാണ് അവന്‍റെ ഒരു കൈ പോയത്. എന്നിട്ടും
അവൻ മതിയാക്കുന്നില്ല!
കഴിഞ്ഞുപോയതിനെക്കുറിച്ചുള്ള വിഷാദമോ, അവ്യക്തമായ
ഭാവിയെക്കുറിച്ചുള്ള ഭയമോ കൂടാതെ അവൻ പറഞ്ഞുപോയി.
ഒടുവിൽ എന്‍റെ ക്ഷമയുടെ നെല്ലിപ്പടി കണ്ടപ്പോൾ ഞാൻ
പറഞ്ഞു: “ജനാർദനാ, ആദർശം ഒരു വെറും തീക്കുണ്ഡം
മാത്രമാണ്. നിങ്ങൾക്കു മുമ്പും എത്രയോ പാറ്റകൾ അതിൽ
ചെന്നുവീണിട്ടുണ്ട്!”
ജനാർദനൻ ചിരിക്കുവാൻ ശ്രമിച്ചു.
അവന്‍റെ കുടുംബസ്ഥിതിയും ഞാൻ അവനെ ഓർമ്മിപ്പിച്ചു.
സമ്പന്നമായ ഒരു തറവാട്ടിൽനിന്നല്ല ജനാർദനൻ വരുന്നത്.
അവന്‍റെ താഴെയായി അവന്‍റെ അമ്മയ്ക്കു വേറെയും
നാലഞ്ചുപേരുണ്ട്. ജനാർദനനുമായി പരിചയപ്പെട്ടതിനുമുമ്പായി
ഞാൻ വിചാരിച്ചിരുന്നത് കുടകിൽനിന്നു വരുന്നവരെല്ലാം
തോട്ടമുടമകളാണെന്നായിരുന്നു. അതു തെറ്റാണെന്ന് പിന്നീടു
മനസ്സിലായി.
ആ കുടുംബത്തിന്‍റെ ഒരൊറ്റ ആശാനാളം അവനാണ്. അവൻ
നന്നായിട്ടു വേണം അവരെയെല്ലാം ഒരു വഴിക്കാക്കാൻ.
അവർക്കു വേണ്ടിയാണ് അവൻ പട്ടാളത്തിൽ ചേർന്നതുതന്നെ.
പിരിച്ചുവിടപ്പെട്ടപ്പോൾ ഒരു വിദ്യാർത്ഥിയാകേണ്ട പ്രായമൊക്കെ
കഴിഞ്ഞിരുന്നു. എന്നിട്ടും അവൻ കോളേജിൽ വന്നു ചേർന്നു.
അങ്ങനെ യുദ്ധരംഗത്തിൽനിന്നു മടങ്ങിവന്നതിനുശേഷം
വീണ്ടും പഠിക്കുന്ന ചിലരെയൊക്കെ എനിക്കറിയാം. പക്ഷേ,
അവരുടേതൊക്കെ ബിരുദത്തിനുവേണ്ടിയുള്ള ഒരു ശ്രമമാണ്.
അതല്ല ജനാർദനന്‍റെ സ്ഥിതി.
എന്നിട്ടിപ്പോഴെന്തായി? അവന്‍റെകൂടെ പഠിച്ചിരുന്നവർ
പരീക്ഷയ്ക്കെഴുതുമ്പോൾ അവൻ മാത്രം എഴുതുവാൻ ഒരു
പെന്നോ, എഴുതേണ്ടുന്ന ഒരു കൈയോ ഇല്ലാതെ വീട്ടിലേക്കു
മടങ്ങുകയാണ്! ആ അമ്മ അതെങ്ങനെ സഹിക്കും?
ശരിയാണ്. ജീവൻ പിടിച്ചുനിർത്താൻ ധാന്യം വിളയിക്കേണ്ട
കൃഷി ഭൂമിയിൽ വിഷവൃക്ഷങ്ങൾ വളരുവാൻ അനുവദിച്ചുകൂടാ.
അവ പിഴുതു കളയേണ്ടതു നമ്മുടെയെല്ലാവരുടേയും
കടമയാണ്. ജനാർദനൻ തുനിഞ്ഞത്
അതിനുതന്നെയാണുതാനും.
പക്ഷേ, അവൻ മനസ്സിലാക്കുന്നില്ല, ഒരു ജനാർദനനു
പിഴുതുകളയാൻ കഴിയാത്തവിധം ആ വിഷവൃക്ഷങ്ങൾ
വളർന്നുകഴിഞ്ഞിരിക്കുന്നുവെന്ന്. അധികംപേരും ശ്രമിക്കുന്നത്
അവയുടെ കടയ്ക്കൽ വളമിട്ടു കൊടുക്കാനാണ്.
ഞാൻ പറഞ്ഞതു കുറച്ചു കൂടുതലായിപ്പോയെന്ന്
എനിക്കിപ്പോൾ തോന്നുന്നു. എന്തുതന്നെയായാലും അത്ര
വേണ്ടിയിരുന്നില്ല. അവന്‍റെ മനസ്സും വേദനിച്ചിരിക്കണം.
മുഴുമിക്കാൻ കഴിയാഞ്ഞ അവന്‍റെ വിദ്യാഭ്യാസത്തെപ്പറ്റിയും
അനാഥമായേക്കാവുന്ന കുടുംബത്തെപ്പറ്റിയും ഓർമ്മിപ്പിച്ചപ്പോൾ
അവൻ വിചാരമഗ്നനായി. ഒരുപക്ഷേ, അപ്പോൾ മാത്രമേ
അവയുടെ ഗൗരവത്തെപ്പറ്റി അവൻ ഓർമ്മിച്ചിരിക്കുകയുള്ളൂ.
അവന്‍റെ സംഭാഷണം അല്പനേരത്തേക്കു നിലച്ചു. ആ
കവിളുകളിലെ തുടുപ്പു മങ്ങി. അവൻ എന്തോ
ആലോചിക്കുകയായിരുന്നു.
ജനാർദനൻ ഒരു നിശ്വാസത്തോടെ പറഞ്ഞു: “നിങ്ങൾ
പറഞ്ഞതിൽ വാസ്തവമുണ്ട്. പക്ഷേ, ഞാനിപ്പോൾ ‘ഭുജംഗ’ന്‍റെ
കാര്യത്തെപ്പറ്റിയാണ് ഓർക്കുന്നത്. ഇന്നലെ അവൻ
ആസ്പത്രിയിൽ വന്നിരുന്നു. കേട്ടോ, അവനിപ്പോൾ
പശ്ചാത്തപിക്കുകയാണ്; പണ്ടത്തെ ഭുജംഗനല്ല. ഇതൊരു
നിസ്സാരകാര്യമാണെന്നു നിങ്ങൾ പറയുമോ? എന്‍റെ ഒരു
കൈയല്ലേ പോയുള്ളു? സാരമില്ല. ജീവൻതന്നെ
പോകുമായിരിക്കാം, നാടു നന്നാവട്ടെ.”
ഞാൻ ഞെട്ടി. ജനാർദനന്‍റെ മുഖത്തേക്കു നോക്കാനുള്ള
ധൈര്യം എനിക്കുണ്ടായിരുന്നില്ല. തുറന്നുകിടന്ന ജനാലയിലൂടെ
ഞാൻ വെളിയിലേക്കു നോക്കി. എന്‍റെ കണക്കുകൾ
നിറഞ്ഞിരുന്നു. അപ്പോൾ എനിക്കുണ്ടായ മനോവേദന—
ഭുജംഗൻ എനിക്കപരിചിതനല്ല. കറുത്ത ക്യാപ്പും കാക്കി
യൂനിഫോറവും ധരിച്ചു മണികണ്ടത്തിലൊരു ചുകന്ന
സിൽക്കിന്‍റെ രക്ഷാബന്ധവുമായി ചിലപ്പോൾ ഇവിടെ വരാറുള്ള
ആ യുവാവിനെ അറിയാത്തവരായി പട്ടണത്തിൽ ആരുമില്ല.
വിദ്യാർത്ഥികളുടെയിടയിലാണ് അയാൾക്ക് ഏറ്റവുമധികം
സ്വാധീനശക്തി. മതത്തിന്‍റെ പേരിൽ സ്വയം മരിക്കുവാൻ
മാത്രമല്ല, വിശ്വാസികളെ നശിപ്പിക്കുവാൻകൂടി അയാൾ
തയ്യാറാണ്. ഇവിടത്തെ ചെറുപ്പക്കാരിൽ ഒരു വലിയ
വിഭാഗത്തിന്‍റെ പിന്തുണ അയാൾക്കുണ്ട്.
ഒരിക്കൽ ഭുജംഗൻ എന്നോടു ചോദിക്കുകയുണ്ടായി:
“നിങ്ങൾ എന്തുകൊണ്ട് ഞങ്ങളുടെ സംഘത്തിൽ ചേരുന്നില്ല?”
അഭയാർത്ഥികളുടെ പ്രവാഹത്തെക്കുറിച്ച് ജനാർദനനുമായി
വാദിക്കുന്നതിനിടയിലാണ് അയാൾ അങ്ങനെയൊരു ചോദ്യം
എന്‍റെ നേരെ എടുത്തെറിഞ്ഞത്.
“ഞാൻ അടുത്തുതന്നെ ചേർന്നുകൊള്ളാം.”
വിനയം നടിച്ചുകൊണ്ട് അങ്ങനെ പറഞ്ഞൊഴിയാനേ
എനിക്കു നിവൃത്തിയുണ്ടായിരുന്നുള്ളു.
ജനാർദനനെ തന്‍റെ വശത്തേക്കു കൊണ്ടുവരാനായിരുന്നു
അയാളുടെ ശ്രമം. ജനാർദനനാകട്ടെ, ഭുംജഗനിൽ ഒരു
പരിവർത്തനമുള വാക്കുവാനും ശ്രമിച്ചുപോന്നു.
അവർ തമ്മിലുള്ള ആ സമ്പർക്കം നിന്നുകാണാനാണ് ഞാൻ
അഭിലഷിച്ചത്. ജനാർദനനോട് അതിനെപ്പറ്റി പറഞ്ഞിരുന്നു.
പക്ഷേ, ഒരു പുഞ്ചിരി മാത്രമായിരുന്നു എപ്പോഴുമുള്ള മറുപടി.
അറിഞ്ഞുകൊണ്ടുതന്നെ പ്രതിലോമശക്തികളുടെ
നീർക്കുത്തിനെതിരായി ആ യുവാവ് ഏകനായി
നീന്തിയതോർക്കുമ്പോൾ എനിക്കിന്ന് അത്ഭുതവും വിഷാദവും
അനുഭവപ്പെടുന്നു. ഭുജംഗനിൽ ഒരു മാനസാന്തരമുളവാക്കുവാൻ
കഴിഞ്ഞുവല്ലോ എന്നോർത്ത് അവൻ അഭിമാനം
കൊള്ളുകയാണ്. പക്ഷേ, പരമാർത്ഥം അവൻ
അറിഞ്ഞുവെങ്കിൽ! വേണ്ട, അവനറിയേണ്ട.
അവനനുഭവിക്കുന്ന ചാരിതാർത്ഥ്യം അവന്‍റെ ജീവിതത്തിന്‍റെ
ഉറവിടമാണ്. അതെന്തിനു തകർക്കണം?
‘ചതുർത്ഥി’ കഴിഞ്ഞിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു. രാത്രി
വലിയ ഘോഷയാത്രയുണ്ടായിരുന്നു. ആരായിരുന്നു അതിന്‍റെ
മുമ്പിൽ? ഗണപതിവിഗ്രഹവും എഴുന്നള്ളിച്ച് ഭുജംഗൻ!
ജനാർദനൻ അതൊരിക്കലും അറിയരുത്. അറിഞ്ഞാൽ—
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ശുദ്ധഹൃദയനായി
പിറക്കുവാനുള്ള നിർഭാഗ്യം അവനുണ്ടാകാതിരിക്കട്ടെ—
ഇന്നലെ രാത്രി ഞാൻ നല്ലപോലെ ഉറങ്ങുകയുണ്ടായില്ല. ഒരു
മെഴുകുതിരി കത്തിച്ചുവെച്ച് ജനാർദനൻ എന്തോ
എഴുതുന്നുണ്ടായിരുന്നു. ചത്ത മത്സ്യത്തിന്‍റെ കണ്ണുപോലുള്ള
ഈ ഇരുപത്തഞ്ചു വോൾട്ട് ബൾബ് എന്‍റെ ഉറക്കത്തിനു
വിഘാതമായിത്തീരുമെന്ന് അവൻ കരുതിയിരിക്കണം.
സുന്ദരമായ ഒരു സ്വപ്നം കണ്ടുറങ്ങന്ന ഒരു കുട്ടിയുടെ
ആനന്ദവും സംതൃപ്തിയും അവന്‍റെ മുഖത്തു വഴിഞ്ഞിരുന്നു.
ഒന്നുമറിയാത്ത പോലെ ഞാൻ കിടന്നു.
സംഭവബഹുലമായ എന്‍റെ ജീവിതത്തിൽ ഒട്ടേറെ
വ്യക്തികളുമായി പരിചയപ്പെടുവാൻ എനിക്കിടയായിട്ടുണ്ട്.
ചിരിക്കുന്ന മുഖവും വിഷം നിറഞ്ഞ ഹൃദയവുമായി എന്നെ
സമീപിച്ച ചിലരുണ്ട്. അതുപോകട്ടെ. ഞാൻ സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നവർതന്നെ വേണ്ടത്ര
വേറെയുണ്ടല്ലോ. ജനാർദനൻ അവരിൽ ഒരാളാണ്. എങ്കിലും
ജനാർദനനെക്കാളേറെ ഞാൻ സ്നേഹിക്കുന്നവർ വേറെയുണ്ട്,
അവന്‍റെ ഹൃദയത്തിന്‍റെ ആഴവും വിസ്തീർണവും അളക്കാൻ
എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. അവന്‍റെ പെരുമാറ്റം
പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അവർ ഒരിക്കലും
മറ്റുള്ളവരുടെ വഴിയിലൂടെ സഞ്ചരിച്ചിരുന്നില്ല.
ഒരുപക്ഷേ, ഞാൻ ഇനി ജനാർദനനെ
കാണുകയില്ലായിരിക്കാം. എങ്കിലും എനിക്കുറപ്പു പറയാൻ
കഴിയും— വലത്തുകൈ നഷ്ടപ്പെടാനിടവന്ന ഒരു സാധാരണ
മനുഷ്യന്‍റെ സഞ്ചാരമാർഗമായിരിക്കില്ല അവന്‍റേത്!
എന്‍റെ സ്നേഹസമ്പത്തിൽ അത്ഭുതത്തിന്‍റെയും ഒരുതരം
ആരാധനയുടെയും കലർപ്പു കാണുവാൻ നിങ്ങൾക്കു കഴിയും.
ഒരാളുടേയും അലട്ടുകൂടാതെ ഒറ്റയ്ക്കു ജീവിക്കണമെന്നു
കരുതിയാണ് ഞാൻ ഇവിടെ വന്നത്. എന്നിട്ടും എന്‍റെ
തീരുമാനത്തിനെതിരായി ഞാൻ ജനാർദനനെ ഇവിടത്തേക്കു
ക്ഷണിച്ചു! അവൻ വരികയും ചെയ്തു.
ഇതുപോലെതന്നെയാണ് എല്ലാ കാര്യവും. അവന്‍റെ
ഹിതത്തിനനുസരിച്ച് ഞാൻ നടക്കുകയല്ലാതെ, എന്‍റെ
ഇഷ്ടത്തിനനുസരിച്ച് അവനെ നടത്തുവാൻ എനിക്കൊരിക്കലും
കഴിഞ്ഞിട്ടില്ല. ആ പുഞ്ചിരിയുടെ മുമ്പിൽ ഞാനെപ്പോഴും
അശക്തനായിരുന്നു. ഇപ്പോൾ ആശിക്കുകയാണ്—ഞാൻ
അങ്ങനെയല്ലായിരുന്നുവെങ്കിൽ!
ഭുജംഗനും കൂട്ടുകാരും നടത്തിയ ആ വലിയ
സമ്മേളനത്തെക്കുറിച്ച് എനിക്കു മുൻകൂട്ടിത്തന്നെ
വിവരമുണ്ടായിരുന്നു. എന്തെങ്കിലുമൊരു കലഹം അവിടെ
നടക്കുമെന്നു ഞാൻ ഭയപ്പെട്ടു. പട്ടണത്തിൽ അങ്ങനെയൊരു
സംസാരമുണ്ടായിരുന്നു. മതത്തെ രക്ഷിക്കുവാൻ രക്തം
ചൊരിയേണ്ടിവരുമത്രേ!
ജനാർദനനെ ഞാൻ ഗുണദോഷിച്ചു. അവൻ ഒരിക്കലും ആ
യോഗത്തിൽ പങ്കെടുക്കരുത്. അവനെ എല്ലാവർക്കും അറിയാം.
ഒരു ലഹളയുണ്ടാവുകയാണെങ്കിൽ! എന്തിന്നു വെറുതെ
കൈയോ കാലോ അടിച്ചൊടിക്കാൻ കൊടുക്കണം? ഭൂമിയിലുള്ള
എല്ലാവരേയും നന്നാക്കുവാൻ അവൻ
കരാറെടുത്തിട്ടൊന്നുമില്ലല്ലോ.
അങ്ങനെ പറഞ്ഞ ഞാനാണ് ഒടുവിൽ അവന്‍റെ കൂടെ
പോയത്! ശപിക്കപ്പെട്ട ആ ദിവസം മുറിവിട്ടിറങ്ങാൻ ഞാൻ
അവനെ അനുവദിച്ചിരുന്നില്ലെങ്കിൽ അവനു കൈ
നഷ്ടപ്പെടുകയില്ലായിരുന്നു!
തീ പിടിച്ചപോലെയായിരുന്നു അന്നു പട്ടണം. എന്തൊരു
തിരക്കും ബഹളവുമായിരുന്നു! എവിടെ നോക്കിയാലും കറുത്ത
തൊപ്പിയും കാക്കി ട്രൗസറും മാത്രമേ കാണാനുള്ളു! ഭുജംഗന്‍റെ
കൂട്ടുകാർ കുതിരപ്പുറത്തു കയറി രാജകീയചിഹ്നങ്ങളോടെ
സ്റ്റേഷനിലേക്കു പോയി. അവരുടെ ‘സ്വാമിജി’ ആദ്യമായി
അവിടെ വരികയാണ്.
ഞാൻ നേരത്തേതന്നെ ആഫീസിൽനിന്നു മടങ്ങി, ഈ
ജനലിനരികിൽ വെളിയിലേക്കു നോക്കിക്കൊണ്ടിരുന്നു.
നിരത്തിന്‍റെ അങ്ങേ മൂലയിൽ എന്തോ ബഹളം
നടക്കുന്നുണ്ടായിരുന്നു. അവിടെ ഏതാനും ചില
കറുപ്പുകൊടികൾ കണ്ടു. സ്വാമിജി മടങ്ങിപ്പോകുവാൻ ചിലർ
ആർത്തു വിളിക്കുന്നതും കേട്ടു. താഴത്തെ വെറ്റിലക്കടക്കാരൻ
പറഞ്ഞു. ഏതോ ഒരു വിദ്യാർത്ഥിക്കു പരിക്കുപറ്റിയെന്നു
തോന്നുന്നുവെന്ന്. അവിടെ ഒരു വലിയ ജനക്കൂട്ടം
തടിച്ചുകൂടിയിരുന്നു.
അകാരണമായി ഒരു ഭയം എന്നെ ബാധിച്ചു. എന്താണ്
സംഭവിക്കുവാൻ പോകുന്നത്? മതത്തിനുവേണ്ടി രക്തം
ചിന്തപ്പെടുമോ? ഞാൻ ആലോചിച്ചുകൊണ്ടിരുന്നു. അപ്പോൾ
ജനാർദനൻ വന്നതും കുപ്പായം മാറ്റിയതുമൊന്നും അറിഞ്ഞില്ല.
ജനാർദനൻ വന്നു പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു:
“എന്താണ് ആലോചിക്കുന്നത്? പുറപ്പെടൂ, മീറ്റിങ്ങിനു
പോകണ്ടേ?”
അവൻ അപ്പോൾ ധരിച്ചിരുന്നത് അവന് എത്രയും ഇഷ്ടപ്പെട്ട
ആ കമ്പിളിക്കോട്ടും പേന്‍റുമായിരുന്നു. മേശപ്പുറത്തുനിന്നും
ഫൗണ്ടൻ പെന്നെടുത്തു കീശയിൽ കുത്തിക്കൊണ്ട് അവൻ
വീണ്ടും പറഞ്ഞു:
“ഉം, പുറപ്പെടു—”
“ഞാൻ പറയുന്നതു കേൾക്കൂ—നമുക്കിന്നു പോകേണ്ട. വല്ല
ലഹളയുമുണ്ടാകുന്നപക്ഷം—”
“ഓ, ഒരു ലഹള! വരൂന്നേ—”
അധികമൊന്നും പറഞ്ഞുനിന്നില്ല. ഞങ്ങൾ പുറപ്പെട്ടു.
സെൻട്രൽ മൈതാനമടുക്കുന്തോറും തിരക്കും
വർദ്ധിച്ചുവന്നു. പോലീസ് ജനങ്ങളെ
നിയന്ത്രിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരേറ്റുമുട്ടൽ ഏതു
നിമിഷത്തിലും സംഭവിക്കുമെന്ന് എനിക്കു തോന്നി.
മുഹമ്മദലിറോഡിൽനിന്നു മൈതാനത്തിലേക്കു കടന്നപ്പോൾ
ഒരു വളണ്ടിയർ തടഞ്ഞുനിർത്തി:
“ദയമാഡി ഇന്ത ഹോഗി—”
അയാൾ ഞങ്ങൾക്കു പോകാനുള്ള പ്രത്യേക വഴി
കാണിച്ചുതന്നു. അത്തരം വളണ്ടിയർമാർ വേറെയും ധാരാളം
പേരുണ്ടായിരുന്നു.
യോഗം തുടങ്ങിയപ്പോഴേക്കും മൈതാനം ഒരു വലിയ
ജനസമുദ്രമായിക്കഴിഞ്ഞിരുന്നു. പോലീസുകാരും
വളണ്ടിയർമാരും ആ കടലിനു കരപിടിച്ചു.
കാഷായവസ്ര്തം ധരിച്ചു താടിയും തലയും നീട്ടിയ ഒരു
മദ്ധ്യവയസ്കനെ വളണ്ടിയർമാരുടെ അകമ്പടിയോടെ,
തേക്കുകൊണ്ടുണ്ടാക്കിയ ഉയർന്ന മണ്ഡപത്തിലേക്കാനയിച്ചു.
‘സ്വാമിജി സിന്ദാബാദ്!’
അന്തരീക്ഷം മുഖരിതമായി.
മൈക്കിന്‍റെ മുമ്പിൽ നീണ്ടുനിവർന്നു നിന്നു കൈയുയർത്തി
അദ്ദേഹം എല്ലാവരേയും അനുഗ്രഹിച്ചു.
റേഡിയോ പവിലിയന്‍റെ ഭാഗത്തുനിന്നാണെന്നു തോന്നുന്നു,
ഏതാനുംപേർ ആർത്തുവിളിക്കുകയുണ്ടായി അപ്പോൾ: “ഗോ
ബേക്ക്!”
വളണ്ടിയർമാരുടെ ഒരു ബാച്ച് അങ്ങോട്ടു കുതിച്ചു. അതോടെ
അവിടത്തെ അസ്വാസ്ഥ്യവും നിലച്ചു.
സഞ്ചാരം നിമിത്തം സ്വാമിജി ക്ഷീണിച്ചിരുന്നു. അതിനാൽ
സോഫയിലിരുന്നുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ആര്യന്മാരുടെ വരവു മുതല്ക്ക് അദ്ദേഹം ആരംഭിച്ചു.
ഗീതയേയും ഭാരതത്തേയുംകുറിച്ച് ആവേശത്തോടെ
സംസാരിച്ചു.
“ഈ ഋഷിനാട്ടിൽ അവതാരപുരുഷന്മാരുണ്ടായിട്ടുണ്ട്.
ഇനിയും ഉണ്ടായിക്കൊണ്ടിരിക്കയും ചെയ്യും. കഴിഞ്ഞ
കാലങ്ങളിൽ രാമനും കൃഷ്ണനുമുണ്ടായിരുന്നു.
ഹൈന്ദവധർമ്മം അധഃപതിച്ചപ്പോഴാണ് ശങ്കരൻ ജനിച്ചത്.
ഇന്നാണെങ്കിൽ നമ്മുടെ മതം അപകടത്തിലാണ്. അതിനാലാണ്
ഞാൻ. . .”
പൈലറ്റ് ബലൂൺ സ്റ്റേഷന്‍റെ ഭാഗത്തുനിന്നു ജനങ്ങൾ
ഓടുന്നുണ്ടായിരുന്നു. അവിടെ ജനങ്ങളെ
നിയന്ത്രിക്കുന്നതിനിടയിൽ പോലീസ് ചെറിയ തോതിൽ ഒരു
ലാത്തിച്ചാർജ് നടത്തുകയുണ്ടായി.
സ്വാമിജി പ്രസംഗം തുർന്നു.
എനിക്ക് എങ്ങനെയെങ്കിലും മടങ്ങിയാൽ മതിയെന്നായി,
പക്ഷേ, ആ തിരക്കിൽനിന്ന് എങ്ങനെ പുറത്തുകടക്കാനാണ്?
“അതിനാലാണ് ഞാൻ പറയുന്നത്, അവരുടെ പരമ്പരയിലെ
ഒടുവിലത്തെ അംഗമാണ് ഞാനെന്ന്. നിങ്ങൾക്കു തരുവാൻ
എനിക്കൊരു സന്ദേശമുണ്ട്.”
ആരോ വിളിച്ചുചോദിക്കുന്നതു കേട്ടു:
“അവതാരപുരുഷനാണോ?”
സ്വാമിജി പ്രസംഗം നിർത്തി പുഞ്ചിരിച്ചു: “നിങ്ങൾക്കു
വേണമെങ്കിൽ എന്നെ ചോദ്യം ചെയ്യാം.”
മൈക്കിന്‍റെ മുമ്പിൽ എഴുന്നേറ്റുനിന്ന് സ്വാമിജി
മൈതാനമൊട്ടുക്കു കണ്ണോടിച്ചു.
എനിക്കെന്തെങ്കിലും പറയുവാനോ പ്രവർത്തിക്കുവാനോ
കഴിയുന്നതിനുമുമ്പായി ജനാർദനൻ എഴുന്നേറ്റു നിന്നു.
“ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നു പറയുമ്പോൾ. . .”
എവിടെ നിന്നോ ഒരു കല്ലു വന്നുവീണു. ചിലർ എണീറ്റോടി.
പവിലിയന്‍റേയും ബലൂൺ സ്റ്റേഷന്‍റേയും ഭാഗത്തുനിന്നു
മുദ്രാവാക്യങ്ങൾ മുഴങ്ങി.
ലാത്തിച്ചാർജ് കൂട്ടത്തോടെ ആരംഭിച്ചു.
പിന്നീട് അവിടെ പലതും നടന്നു. ആളുകൾ നാലുപാടും ഓടി.
അവരുടെയിടയിൽ പ്രൊഫസറും ഡോക്ടറും വക്കീലും
വിദ്യാർത്ഥിയും തൊഴിലാളിയുമെല്ലാമുണ്ടായിരുന്നു. വീണവരുടെ
മുതുകത്ത് ചിവിട്ടിക്കൊണ്ട് മറ്റുള്ളവർ പാഞ്ഞു. അടികൊണ്ടും
കൊള്ളാതെയും ആളുകൾ വീഴുന്നുണ്ടായിരുന്നു.
ആളുകൾ അന്യോന്യം വിളിക്കുന്നതിന്‍റെയും
അട്ടഹസിക്കുന്നതിന്‍റെയും ശപിക്കുന്നതിന്‍റെയും മുഴക്കം
എത്രയോ ദൂരത്തുള്ളവർ പോലും കേട്ടിരിക്കും.
ബഹളത്തിന്‍റെ ആരംഭത്തിൽത്തന്നെ ഞാനും ജനാർദനനും
വേർപെട്ടിരുന്നു. ഞാൻ മുറിയിലെത്തിയപ്പോഴും അവൻ
മടങ്ങിയെത്തിയിരുന്നില്ല.
ഞാൻ കാത്തിരുന്നു. എനിക്കു ലഭിച്ച ‘തലോടലി’ന്‍റെ വേദന
ഞാൻ അപ്പോൾ മറന്നിരുന്നു. ജനാർദനനെപ്പറ്റിയായിരുന്നു
ചിന്ത.
ഒടുവിൽ അവൻ വന്നു. അവന്‍റെ കോട്ട് മഷി നനഞ്ഞു
വൃത്തികേടായിരുന്നു. വേദന നിമിത്തം അവൻ കൈ അല്പം
പൊക്കിപ്പിടിച്ചിരുന്നു.
ജനാർദനൻ ആകെപ്പാടെ പരവശനായി കാണപ്പെട്ടു.
എങ്കിലും അവൻ പുഞ്ചിരിക്കാതിരുന്നില്ല.
പ്രയാസപ്പെട്ടിട്ടാണെങ്കിലും എന്‍റെ പുറത്തു തട്ടുകയുംചെയ്തു.
ജനാർദനന്‍റെ കൈയുടെ എല്ലുകൾ തകർന്നിരുന്നു.
അതുവരെ അവനെ ശകാരിക്കാൻ കാത്തിരുന്ന ഞാൻ
അപ്പോൾ കണ്ണുനീർവാർത്തു.
പിറ്റേന്ന് ജനാർദനൻ ആസ്പത്രിയിലേക്കു പോയി. പഴുപ്പു
കയറിയപ്പോൾ ആ കൈ മുറിച്ചുകളയേണ്ടിവന്നു. ആരെയും
സഹായിക്കാൻ ഉഴറിച്ചെല്ലുന്ന ഒരു കൈയായിരുന്നു അത്. ഇനി
ആ കൈകൊണ്ട് അവൻ ഒരിക്കലും എന്‍റെ പുറത്തു തട്ടില്ല.
തുറന്നുകിടക്കുന്ന ജനലിലൂടെ മഞ്ഞനിറത്തിലുള്ള രശ്മികൾ
അകത്തേക്കു കടന്നു വരികയാണ്. പരീക്ഷ കഴിഞ്ഞു മടങ്ങുന്ന
കോളേജ് വിദ്യാർത്ഥികളെ ഇവിടെ നിന്നു നോക്കിയാൽ കാണാം.
മഷിയും ചോരയും ഇഴുകിപ്പിടിച്ച ജനാർദനന്‍റെ വൂളൻ കോട്ട്
എന്‍റെ മടിയിൽ കിടക്കുന്നുണ്ട്.
അങ്ങകലെ, പ്രകൃതിസുന്ദരമായ കുടകിലെ
കൊച്ചുപുരകളിലൊന്നിൽ വാർദ്ധക്യത്തിലേക്കു
കാലൂന്നിതുടങ്ങുന്ന ഒരു മാതാവ് തന്‍റെ മകനെ
കാത്തുനില്ക്കുന്നുണ്ടാകും. വഴിനടന്നു ക്ഷീണിച്ചുവരുന്ന ആ
മകന് ഒരിക്കലും വാതില്ക്കൽ മുട്ടിവിളിക്കേണ്ടിവരില്ല. പക്ഷേ,
മകനെ കാണുമ്പോൾ ആ അമ്മയുടെ സ്ഥിതിയെന്തായിരിക്കും?
സെൻട്രൽ മൈതാനത്തിലെ ചോര വീണ പുല്ക്കൊടികൾ
ഉണങ്ങിപ്പോകില്ല. മഴ വന്നാൽ അവ വീണ്ടും തളിരിട്ടുകൊള്ളും.
പക്ഷേ, കൈ പോയ ആ യുവാവിന്‍റെ സ്ഥിതിയോ?
തിന്നുവാൻ പറ്റാത്ത ബിസ്ക്കറ്റ്

വിടർന്നുവരുന്ന ഒരു വാഴയുടെ കൂമ്പുപോലെ ഞാൻ എന്‍റെ


ചെറിയ കണ്ണുകൾ തുറന്ന് ചുറ്റുമുള്ള കാഴ്ചകൾ നോക്കി
രസിക്കാൻ ആരംഭിച്ച കാലത്ത് ഒരു ദിവസം രാവിലെ സ്കൂളിൽ
ചെന്നപ്പോൾ കേട്ടു—ഞങ്ങളുടെ ജാനമ്മടീച്ചർ സ്കൂളിൽനിന്നു
പിരിഞ്ഞുപോകുന്നു! ആദ്യം ഞാനതു വിശ്വസിച്ചില്ല.
എനിക്കവരെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടു ഞാൻ
വിചാരിച്ചു—അമ്മുക്കുട്ടി കളവു പറഞ്ഞതായിരിക്കും. അല്ലാതെ
ജാനമ്മടീച്ചർ എവിടെയും പോവുകയില്ല. പോവുകയോ? നല്ല
കഥ! എവിടേക്ക്? എന്തിന്?
ഇനി അഥവാ പോവുകയാണെങ്കിൽ—
അതോർത്തപ്പോൾ സങ്കടം തോന്നി. സ്നേഹംനിറഞ്ഞ
ഒട്ടേറെ അനുഭവങ്ങൾ ഓർമിക്കുവാനുണ്ടായിരുന്നു എനിക്ക്.
മുടി നിറയെ പൂവു ചൂടി വെള്ളസാരിയുടുത്ത് സദാ
പുഞ്ചിരിച്ചു കൊണ്ടു വരാറുള്ള ജാനമ്മടീച്ചർ!
നിറഞ്ഞ ക്ലാസ്സിൽ അമ്മുക്കുട്ടിയെ ശരീരത്തോടുരുമ്മി ഒരു
മൂലയ്ക്കിരുന്ന ഞാൻ അവൾ പറയുന്നതോ ക്ലാസിൽ
നടക്കുന്നതോ ശ്രദ്ധിക്കാതെ ജാനമ്മയെക്കുറിച്ച്
ആലോചിക്കുകയായിരുന്നു.
അപ്പോൾ അമ്മുക്കുട്ടി എന്നെ പിടിച്ചു നുള്ളി. ഞാൻ
അതറിഞ്ഞില്ലെന്നു നടിച്ചു. അവൾ വീണ്ടും നുള്ളി. എന്താണു
കാര്യമെന്നറിയാൻ വേണ്ടി നോക്കിയപ്പോൾ, ഓ, ദൈവമേ!
രാമൻമാസ്റ്റർ തലേദിവസം തന്ന കണക്കിന്‍റെ ഉത്തരം
ചോദിക്കുകയാണ്! അടുത്തെത്തിപ്പോയി. രണ്ടു
ബഞ്ചുകളുംകൂടി കഴിഞ്ഞാൽ അമ്മുക്കുട്ടി. പിന്നെ ഞാൻ.
പിന്നെ…
സ്ലേറ്റെടുത്തു ഞാൻ തയ്യാറായിരുന്നു.
രാമൻമാസ്റ്റരുടെ ചൂരൽ ‘ഖിഷ്, ഖിഷ്’ എന്നു ഗർജിക്കുന്നത്
കേട്ടു. ആരൊക്കെയോ കരയുന്നുണ്ടായിരുന്നു.
മാധവൻകുട്ടിയും അതിൽ പെട്ടിട്ടുണ്ടെന്നു കണ്ടപ്പോൾ എനിക്ക്
കൈ വേദനിക്കുന്നതുപോലെ തോന്നി. അവൻ ചെയ്തതു
തെറ്റാണെങ്കിൽ പിന്നെ ആരു ചെയ്തതാണ് ശരിയാവുക?
കച്ചവടക്കാരൻ ചന്തയിൽ പോയി മൂന്ന് എരുമകളേയും നാലു
പശുക്കളേയുമാണ് വാങ്ങിയത്. രണ്ട് എരുമയും ഒരു പശുവും
ചത്തുപോയി. ബാക്കിയുള്ളവയെ വിറ്റത്...
ഞാൻ ബദ്ധപ്പെട്ടു മനസ്സിൽ കണക്കുകൂട്ടുമ്പോൾ അമ്മുക്കുട്ടി
എന്‍റെ മുഖത്തേക്കു നോക്കാതെ ഞാൻ കേൾക്കുവാൻ വേണ്ടി
പറയുന്നുണ്ടായിരുന്നു:
“അതിന്‍റെ ഉത്തരം പറഞ്ഞുതാ, വേഗം!”
ഒരു കുറുക്കന്‍റെ കൗശലവും നായയുടെ ചുറുചുറുക്കുമുള്ള
അവളുടെ മുഖം കടലാസുപോലെ വിളറിയിരുന്നു.
രാമൻമാസ്റ്റരുടെ ചൂരൽ നൃത്തം അവളെ നല്ലപോലെ
ഭയപ്പെടുത്തിയിരിക്കണം. പക്ഷേ, എനിക്കു
സന്തോഷമാണുണ്ടായത്. അൽപമൊന്നു പേടിക്കട്ടെ. വലിയ
പൊങ്ങച്ചക്കാരിയാണ്. എപ്പോഴും സൊള്ളു പറയും. ആരെയും
കൂട്ടാക്കില്ല. ഇതാ, ഇപ്പോൾ ആ ജാടയൊക്കെ അസ്തമിക്കാൻ
പോകയാണ്.
എങ്കിലും അവൾക്ക് അടികൊള്ളുന്നത് എനിക്ക്
ഇഷ്ടമായിരുന്നില്ല. അവളുടെ എല്ലാ പോരായ്മകളും
അറിഞ്ഞിട്ടുകൂടി അവളെ ഞാൻ സ്നേഹിച്ചിരുന്നു എന്നതാണ്
പരമാർത്ഥം. എത്രയോ തവണ അവൾ എന്നെ കബളിപ്പിച്ചിട്ടുണ്ട്.
പരിഹസിക്കുകയും പുച്ഛിക്കയും ചെയ്തിട്ടുണ്ട്. ഓരോ
പ്രാവശ്യവും ഞാൻ വിചാരിക്കും, ഇനിയൊരിക്കലും
അമ്മുക്കുട്ടിയോടു മിണ്ടില്ല!
എന്നിട്ടോ? എപ്പോഴും അവൾ ജയിച്ചു. അവൾ വിചാരിച്ചതു
മാത്രം നടന്നു.
“ഒന്നു പറഞ്ഞുതാ, പപ്പാ! മാഷ് ഇപ്പഴ് എന്നോടു ചോദിക്കും!”
സ്വരത്തിൽ വേദനയും നിരാശയും. ഞാൻ അവളുടെ
നിറവേറ്റപ്പെടാത്ത പ്രതിജ്ഞയോർത്ത് അവളോടു ചോദിച്ചു:
“നെയ്യപ്പം കൊണ്ടുവന്നിട്ടുണ്ടോ?”
“ഉവ്വ്.”
“നൈപ്പായസം?
“അതു നാളെ.”
എനിക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അവൾ ചതിക്കും.
പണ്ട് അവളങ്ങനെ ചെയ്തിട്ടുണ്ട്.
അമ്മുക്കുട്ടിയുടെ മുഖത്തേക്കു ഞാൻ ഉറ്റുനോക്കി. പക്ഷേ,
അവൾ രാമൻ മാസ്റ്റരെയാണ് നോക്കിയിരുന്നത്.
“നെയ്യപ്പം എവിടെയാ?”
പെൻസിലും വെള്ളം നിറച്ച കുപ്പിയും പൊട്ടിയ
വളക്കഷണങ്ങളുമൊക്കെ ഇട്ടുവെയ്ക്കാറുള്ള പെട്ടി അവൾ
തൊട്ടുകാണിച്ചു.
എനിക്കു സമാധാനമായി. മൂന്നോ നാലോ നെയ്യപ്പം ഒരു
ബുദ്ധിമുട്ടും കൂടാതെ അതിൽ ഒളിച്ചുവെയ്ക്കാം.
“ഇനി പറഞ്ഞുതന്നുകൂടേ?”
ഞാൻ പറഞ്ഞുകൊടുത്തു.
അവൾക്കു തൃപ്തിയായി. അവളുടെ കൺകോണുകളിൽ ഒരു
പുതിയ പ്രകാശം നിഴലിച്ചു.
ആദ്യത്തെ ശരിയായ ഉത്തരം അമ്മുക്കുട്ടിയുടേതായിരുന്നു.
അവളുടെ കഴിവിൽ വലിയ
വിശ്വാസമില്ലാത്തതിനാലായിരിക്കാം, രാമൻ മാസ്റ്റർ പറഞ്ഞു:
“എവിടെ? ചെയ്തതു കാണട്ടെ.” എനിക്കെന്തെങ്കിലും
പറയുകയോ പ്രവർത്തിക്കയോ ചെയ്യുവാൻ കഴിയുന്നതിനു
മുമ്പായി അവൾ ബഞ്ചിന്മേൽനിന്ന് എന്‍റെ സ്ലേറ്റെടുത്തു
മാസ്റ്റരെ കാണിച്ചു. അവളുടേതെന്നപോലെ!
എന്‍റെ ഊഴം വന്നപ്പോൾ എനിക്കു സ്ലേറ്റു
കാണിക്കുവാനുണ്ടായിരുന്നില്ല. കണക്കു ചെയ്യാതെ
ചെയ്തുവെന്നു പറഞ്ഞതിനുള്ള ശിക്ഷയായി മൂന്നു ‘ചൂരൽപ്പഴം’
ലഭിച്ചു! ഉള്ളകൈയും മനസ്സും ഒരുപോലെ നീറി.
അമ്മുക്കുട്ടിയുടെനേരെ ദേഷ്യം തോന്നിയെങ്കിലും
പുറത്തുകാട്ടിയില്ല. അവൾ നെയ്യപ്പം കൊണ്ടുവന്നിട്ടുണ്ടല്ലോ!
ഉച്ചയ്ക്കു ഞങ്ങളെയെല്ലാം വിട്ടപ്പോൾ ഞാൻ
അമ്മുക്കുട്ടിയുടെകൂടെ പോയി. ഇടവഴിയിൽ
ആരുമില്ലാത്തൊരിടത്തെത്തിയപ്പോൾ ആ പെട്ടി എന്‍റെ
കൈയിൽ തന്നിട്ട് അവൾ പറഞ്ഞു: “തുറന്നെടുത്തോ.”
ആശയോടെ ഞാനതു തുറന്നു. പക്ഷേ, അതിനുള്ളിൽ
നെയ്യപ്പമുണ്ടായിരുന്നില്ല. ബാക്കിയെല്ലാമുണ്ടായിരുന്നു. ഞാൻ
ആ പെട്ടി വലിച്ചെറിഞ്ഞു.
അവൾ അപ്പോൾ പൊട്ടിച്ചിരിക്കുകയാണു ചെയ്തത്!
എനിക്കൊന്നും പറയാൻ തോന്നിയില്ല. അവളെ വെറുതെ
നോക്കി നില്ക്കുക മാത്രം ചെയ്തു. എന്‍റെ കൈയിൽ ആ
കനത്ത ചൂരൽ വീണപ്പോൾ കുട്ടികളെല്ലാവരും ചിരിച്ചതു
ഞാനൊരിക്കൽക്കൂടി കേട്ടു. രാമൻ മാസ്റ്റർ “കള്ളക്കൊശവാ,
ഇങ്ങട്ട് വാ” എന്നു വിളിച്ചതും ഞാനോർത്തു. ആ
അപമാനമൊക്കെ സഹിച്ചത് അവൾക്കുവേണ്ടിയായിരുന്നു.
അവൾ കാണിച്ച സ്ലേറ്റ് എന്‍റേതാണെന്നു ഞാൻ
പറഞ്ഞിരുന്നുവെങ്കിലോ?
നെയ്യപ്പം കൊണ്ടുവന്നിട്ടില്ലെന്ന് അവൾക്ക് ആദ്യംതന്നെ
പറയാമായിരുന്നു. എന്നാലും ഞാൻ അവൾക്ക് ഉത്തരം
പറഞ്ഞുകൊടുക്കും. അങ്ങനെ പറഞ്ഞുകൊടുത്തിട്ടുണ്ട്.
പക്ഷേ, അവൾ അതൊന്നും ചെയ്യാതെ എന്നെ
പാവകളിപ്പിക്കയാണു ചെയ്തത്!
കള്ളത്തി!
അതിനൊക്കെ പുറമേ എനിക്കു വല്ലാതെ
വിശക്കുന്നുമുണ്ടായിരുന്നു. രാവിലെ സ്കൂളിലേക്കു
പോരുമ്പോൾ ഒന്നുംതന്നെ കഴിച്ചിരുന്നില്ല. ഉണ്ടായിട്ടു വേണ്ടേ
കഴിക്കാൻ?
പരിഹാസം വഴിത്തൊഴുകുന്ന ആ പെണ്ണിന്‍റെ മുമ്പിൽ ഒരു
നിമിഷംകൂടി നിന്നിരുന്നുവെങ്കിൽ ഞാൻ
കരഞ്ഞുപോകുമായിരുന്നു. അതിനാൽ ഞാൻ
സ്കൂളിലേക്കുതന്നെ തിരിഞ്ഞുനടന്നു. ആരുടെയും കൂടെ
കളിക്കാൻ പോയില്ല. എല്ലാവരോടും വെറുപ്പു തോന്നി.
ഉണ്ടാലും ഉണ്ടില്ലെങ്കിലും സ്കൂളിൽ പൊയ്ക്കൊളളണം.
അതാണ് വീട്ടിലെ കല്പന. പക്ഷേ, എന്നെസ്സംബന്ധിച്ചിടത്തോളം
അതൊരു പതിവായിക്കഴിഞ്ഞിരുന്നു.
വിശപ്പ് എനിക്കു സഹിക്കാൻ കഴിയും. അവൾ എന്നെ
കബളിപ്പിച്ചതോ? അതെങ്ങനെ സഹിക്കും? എന്നെ
വിഡ്ഢിയാക്കിയതിനു പുറമേ, എന്‍റെ മുഖം വാടുന്നതു കണ്ടപ്പോൾ
അവൾ ചിരിക്കുകകൂടി ചെയ്തു.
എന്‍റെ സ്ഥിതി അവൾ അറിഞ്ഞിരുന്നുവെങ്കിൽ!
എങ്ങനെയൊക്കയാണ് അമ്മുക്കുട്ടിയെ വേദനിപ്പിക്കേണ്ടത്
എന്നായിരുന്നു എന്‍റെ ആലോചന. മൊട്ടുസൂചിയെടുത്തു
മേലാസകലം തറച്ചു കയറ്റണം. അല്ലെങ്കിൽ മാങ്ങ മുറിക്കുന്ന
കത്തിയെടുത്ത് അവളുടെ വിരൽ കണ്ടിക്കണം.
എന്തെങ്കിലുമൊന്നു ചെയ്താലേ അവൾ പഠിക്കുകയുള്ളൂ.
ഒഴിഞ്ഞ വയറും പുകഞ്ഞ തലയുമായി ഞാൻ മനോരാജ്യം
കണ്ടുകൊണ്ടിരുന്നു.
ഊണുകഴിഞ്ഞ് അമ്മുക്കുട്ടി മടങ്ങിയെത്തി. അവൾ എന്‍റെ
മുമ്പിൽ വന്നുനിന്നുവെങ്കിലും ഞാൻ കണ്ട ഭാവം നടിച്ചില്ല.
അവൾ എന്തോ ചോദിച്ചു.
ഞാൻ മിണ്ടിയില്ല. ചുണ്ടിന്‍റെ അറ്റം കടിച്ച് എങ്ങോട്ടോ
നോക്കിയിരുന്നു.
അല്പനേരം കഴിഞ്ഞപ്പോൾ വീർപ്പുമുട്ടിക്കുന്നതരത്തിലുള്ള
വിഷാദം എന്നിൽ നുരഞ്ഞുപൊന്തുകയും എന്‍റെ കണ്ണിൽ
വെള്ളം നിറയുകയും ചെയ്തു. അമ്മുക്കുട്ടിയോടെന്നല്ല,
ആരോടും അപ്പോൾ പ്രത്യേകിച്ചൊരു വിരോധവും തോന്നിയില്ല.
ഞാൻ അവിടെനിന്ന് എഴുന്നേറ്റുപോവാൻ തുനിഞ്ഞപ്പോൾ
അവൾ തടഞ്ഞു. അവളും കരയുന്നുണ്ടായിരുന്നു!
അതൊരു പുത്തൻ അനുഭവമായിരുന്നു. അമ്മുക്കുട്ടി
കരയുന്നതു ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
അവൾ വിക്കിവിക്കി ചോദിച്ചു: “ഉണ്ണാൻ പോയിട്ടില്ലേ?”
പിന്നീടെന്താണ് ചോദിക്കേണ്ടതെന്ന് അവൾക്കു
നിശ്ചയമില്ലായിരുന്നു.
വെളുത്തു തുടുത്ത ആ പെണ്ണിന്‍റെ നീലക്കണ്ണുകളിൽ ജലം
മുറ്റി നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ എന്‍റെ വേദനയൊക്കെ
മറന്നു. ഏറെക്കാലം ആറ്റുനോറ്റിരുന്നതിനുശേഷം എന്‍റെ
അഭിലാഷങ്ങൾ പൂക്കുന്നതായി എനിക്കു തോന്നി.
ആശ്വാസത്തിന്‍റെ ഒരു കുളിർ ആത്മാവിൽ
കടന്നുചെല്ലുകയായിരുന്നു. മറ്റൊന്നുമല്ല, അവളുടെ തല എന്‍റെ
മുമ്പിൽ കുനിയണം. എന്തെങ്കിലുമൊന്നിൽ അവൾ തോൽവി
സമ്മതിക്കണം. അതുണ്ടായി. അല്ലെങ്കിൽപ്പിന്നെ ആ
കരച്ചിലിന്‍റെ അർത്ഥമെന്താണ്?
ഞങ്ങൾ ക്ലാസ്സിലേക്കു മടങ്ങിയപ്പോൾ അവൾ പറഞ്ഞു:
“ഈശ്വരനാണ് സത്യം, നാളെ ഞാൻ നെയ്യപ്പം കൊണ്ടത്തരും!”
എനിക്കവളെ നല്ലപോലെ അറിയാം. ഞാൻ പറഞ്ഞു:
“എനിക്കു നിന്‍റെ നെയ്യപ്പം വേണ്ട.”
അവൾ എന്‍റെ കൈപിടിച്ചുകൊണ്ടു ചോദിച്ചു: “വേണ്ടേ,
സത്യം പറ.”
ഞാൻ ഒരലസഭാവം നടിച്ചു. തന്നാലും തന്നില്ലെങ്കിലും
എനിക്കൊരു ചുക്കുമില്ലെന്നമട്ടിൽ.
അല്പം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു: “നിന്‍റെ
അച്ഛനറിയില്ലേ?”
“അറിഞ്ഞാലെന്താ? നിങ്ങള് കൊണ്ടുവന്നതെന്തെങ്കിലും
ഞാൻ തിന്നുന്നുണ്ടോ? എന്നാലല്ലേ വിരോധമുള്ളു?”
എനിക്ക് അവളോട് അസൂയ തോന്നാതിരുന്നില്ല. നെയ്യപ്പവും
നെയ്പായസവും ഇഷ്ടംപോലെ കഴിക്കാം. കാളനും
എരിശ്ശേരിയും ഓലനും കൂട്ടി സുഖമായുണ്ടതിനുശേഷമാണ്
ഇതൊക്ക. ആരും ഒരു മുടക്കവും പറയാനില്ല. ഭാഗ്യം ചെയ്ത
പെണ്ണ്! ആ അവസ്ഥ എനിക്കായിരുന്നുവെങ്കിൽ എന്നു ഞാൻ
ആശിച്ചു. കദളിപ്പഴം ചേർത്ത നെയ്യപ്പത്തിന്‍റെ
സ്വാദോർത്തപ്പോൾ വായിൽ വെള്ളമൂറി.
ഒരിക്കൽ അമ്മുക്കുട്ടിയേയും അവളുടെ നെയ്യപ്പത്തേയുംപറ്റി
വീട്ടിൽവെച്ചു പ്രസ്താവിച്ചപ്പോൾ അമ്മ അല്പം ശുണ്ഠിയോടെ
പറഞ്ഞു: “അതിനു നിന്‍റെ അച്ഛൻ ഒരു നമ്പൂതിരിയല്ലല്ലോ!”
ഉറങ്ങിക്കിടക്കുന്ന അടുപ്പിനുമുമ്പിൽ വെറുതെയിരുന്നു
സമയം നീക്കുമ്പോൾ മറ്റുള്ളവരുടെ ഐശ്വര്യത്തെപ്പറ്റി
പറയേണ്ട ആവശ്യമില്ലായിരുന്നു.
എന്‍റെ അച്ഛനും ഒരു നമ്പൂതിരിയായിരുന്നുവെങ്കിൽ എനിക്കും
ഇഷ്ടംപോലെ നെയ്യപ്പവും നെയ്പായസവും കിട്ടുമായിരുന്നു.
അപ്പോൾ ഒരമ്പലമുണ്ടാകും അടുക്കെത്തന്നെ. അമ്പലത്തിൽ
ഒരു ശാന്തിക്കാരനെമ്പ്രാശ്ശൻ. നിവേദിച്ച അപ്പവും
അടയുമൊക്കെ വീട്ടിൽ കൊണ്ടുവന്നാൽ ഞാനാണ്
ആദ്യമെടുക്കുക. അച്ഛൻ ബഞ്ചിന്മേൽ മുറുക്കാൻചെല്ലവുമായി
ഇരിക്കുന്നുണ്ടാകും. അച്ഛൻ വെളുത്തു തടിച്ചിട്ടാണ്. ഉച്ചിയിൽ
കുടുമയും പൂണൂലുമുണ്ട്. ഞാൻ അപ്പമെടുക്കുമ്പോൾ
അച്ഛനെന്തെങ്കിലും പറഞ്ഞാൽ—
“എന്താ, ആലോചിക്കുന്നത്?”
ചോദ്യം കേട്ടപ്പോൾ ഞാൻ വിളർത്തുപോയി.
എന്തൊക്കെയോ ആലോചിച്ചു. പക്ഷേ,
ആലോചിച്ചതൊന്നുംതന്നെ അവളോടു പറയാൻ പറ്റില്ല.
ജാനമ്മടീച്ചറും, പിന്നാലെ തലയിൽ വലിയ ഒരു
കുട്ടയേറ്റിക്കൊണ്ട് ഒരു ചെറുക്കനും കടന്നുവന്നു.
അമ്മുക്കുട്ടി എന്‍റെ ചെവിയിൽ മന്ത്രിച്ചു: “എനിക്കറിയാം,
ടീച്ചർ എന്തിനാണ് ഇവിടന്നു പോകുന്നതെന്ന്!”
അത്ഭുതത്തോടെ ഞാൻ അവളുടെ നേരെ നോക്കി.
അവൾക്കെവിടെനിന്നാണ് ഇതൊക്കെ കിട്ടുന്നത്?
ഞാൻ ചോദിച്ചു: “എന്നോടു പറയില്ലേ?”
അവൾക്കൊരു മടി: “പിന്നേ...”
അവൾ മുഴുവൻ പറഞ്ഞില്ല. എന്തോ ഒരു
തമാശയോർത്തിട്ടെന്ന പോലെ ചിരിക്കുക മാത്രം ചെയ്തു.
എന്‍റെ ക്ഷമ തീരാറായപ്പോൾ അവൾ പറഞ്ഞു: “ടീച്ചറും
രാഘവൻ മാസ്റ്ററും സ്നേഹത്തിലാ!”
എനിക്കതിന്‍റെ അർത്ഥം മനസ്സിലായില്ല. ടീച്ചർക്ക് അങ്ങനെ
ആരോടൊക്കെ സ്നേഹമുണ്ടാകും? ഞങ്ങളോടു സ്നേഹമില്ലേ?
എന്‍റെ സംശയം കേട്ടപ്പോൾ അവൾ പറഞ്ഞു: “നീ ഒരു
പൊട്ടനാ. പറഞ്ഞാലൊന്നും മനസ്സിലാവില്ല.”
അത്തരം കാര്യങ്ങൾ മനസ്സിലാക്കിയേ കഴിയൂ എന്ന്
എനിക്കുമില്ലായിരുന്നു.
ഒടുവിൽ ആ ബുദ്ധിശാലിനി വിഡ്ഢിയായ എന്നെ അറിയിച്ചു:
“ജാനമ്മടീച്ചർ താണ ജാതിയാണ്. ഇനിയെങ്കിലും
മനസ്സിലാക്കിക്കോ.”
അതുവരെ ഞാൻ വിചാരിച്ചിരുന്നത് ആർക്കും
ആരെവേണമെങ്കിലും സ്നേഹിക്കാമെന്നായിരുന്നു—
അമ്മയേയും അച്ഛനേയും നായയേയും
പൂച്ചക്കുട്ടിയേയുമൊക്കെ. വീട്ടിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഒരു
പൂച്ചക്കുട്ടിയെയാണ്. ജാതി നോക്കിയിട്ടുവേണം
സ്നേഹിക്കാനെന്ന് അമ്മുക്കുട്ടി പറഞ്ഞാണ് ഞാൻ അറിഞ്ഞത്.
വേറൊരാളാണു പറഞ്ഞതെങ്കിൽ ഒരുപക്ഷേ, ഞാൻ
വിശ്വസിക്കുമായിരുന്നു. അമ്മുക്കുട്ടിയായതിനാൽ
വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ കളവു പറയും. എനിക്കു
നെയ്യപ്പം കൊണ്ടത്തരാമെന്നു പറയുന്നവളല്ലേ?
വൈകുന്നേരം ക്ലാസ്സുവിടുന്നതിനുമുമ്പായി രാമൻമാസ്റ്റർ
വന്നു. വാതിലിന്‍റെ ഇരുമ്പുചങ്ങല പിടിച്ചു കുലുക്കി
ശബ്ദമുണ്ടാക്കിക്കൊണ്ട് ഞങ്ങളോടെല്ലാവരോടുമായി പറഞ്ഞു:
“മണിയടിച്ച ഉടനെ ഓടിക്കളയരുത്. അവിടെത്തന്നെയിരിക്കണം.
എല്ലാവർക്കും ബിസ്ക്കറ്റും പഴവും തരും. നിങ്ങളുടെ
ജാനമ്മടീച്ചർ പോവുകയാ.”
ക്ലാസ്സു നിശ്ശബ്ദമായിരുന്നു.
എനിക്കൊരു സംശയം തോന്നി: രാഘവൻമാസ്റ്റരെ
സ്നേഹിച്ചതുകൊണ്ടാണോ ടീച്ചറെ സ്കൂളിൽനിന്നു
പറഞ്ഞയയ്ക്കുന്നത്? അങ്ങനെയാണെങ്കിൽ സ്നേഹിക്കുന്നത്
ഒരു കുറ്റമാകുമല്ലോ! ഞാൻ ആരെയൊക്കെ സ്നേഹിക്കുന്നുണ്ട്!
അമ്മുക്കുട്ടി അറിയുമോ എനിക്കവളോടു സ്നേഹമുണ്ടെന്ന്?
അറിഞ്ഞാൽ—
സംശയങ്ങൾ ഒന്നിനോടൊന്നു വർദ്ധിച്ചുവന്നു.
ആരോടെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ,
ആരോടാണു ചോദിക്കുക? അമ്മുക്കുട്ടി പറ്റില്ല. പിന്നെ
ആരാണുള്ളത്?
എന്‍റെ മനസ്സിൽ ആരേയും തോന്നിയില്ല. അപ്പോൾ ഞാൻ
സമാധാനിച്ചു: ഞാൻ വളർന്നു വലുതായാൽ
എനിക്കതിന്‍റെയൊക്കെ ഉത്തരം കാണാൻ കഴിയും.
മണിയടിച്ചപ്പോൾ അല്പം തിരക്കുണ്ടായി. ഹാളിൽ
ബഞ്ചിടുന്നതുവരെ ഞങ്ങളെല്ലാം പുറത്തിറങ്ങി
നിൽക്കണമെന്നായിരുന്നു കല്പന. ഞാൻ എന്‍റെ സ്ഥലത്തു
ചെന്നിരുന്നപ്പോൾ അമ്മുക്കുട്ടിയെ കണ്ടില്ല. അവൾ വേറെ
എവിടെയോ ആയിരുന്നു.
മൂന്നു വലിയ ബിസ്ക്കറ്റും രണ്ടു പഴവും കിട്ടി.
അത്ര നല്ല ബിസ്ക്കറ്റ് ഞാൻ ഒരിക്കലും തിന്നിട്ടില്ല. എല്ലാംകൂടി
വായിൽ തള്ളിക്കയറ്റി. വിശക്കുന്നുണ്ടായിരുന്നു. ഉമിനീരിൽ
കുതിർന്നു. പല്ലിനടിയിൽ അവ കട്ടപിടിച്ചു കിടന്നപ്പോൾ
നാവിന്‍റെ അറ്റംകൊണ്ടു നീക്കുവാൻ സാഹസപ്പെട്ടു.
ജാനമ്മടീച്ചർ എന്തോ പറയുന്നുണ്ടായിരുന്നു. ബിസ്ക്കറ്റ്
തിന്നുന്ന തിരക്കിൽ ഞാൻ അതു കേട്ടില്ല. ഉറുമാലെടുത്തു കണ്ണു
തുടയ്ക്കുന്നതു മാത്രം കണ്ടു.
എല്ലാവരോടും പൊയ്ക്കൊള്ളാൻ രാമൻ മാസ്റ്റർ പറഞ്ഞു.
പുറത്തിറങ്ങിയപ്പോൾ അമ്മുക്കുട്ടിയെ കണ്ടു. ആ
ബഹളത്തിൽ അവൾ എന്നെ തിരയുകയായിരുന്നുവത്രെ.
പുസ്തകവും സ്ലേറ്റും പെട്ടിയുമൊക്കെ മാറോടടുക്കിപ്പിടിച്ച്
അവൾ പിമ്പിലും ഞാൻ മുമ്പിലുമായി വീട്ടിലേക്കു നടന്നു.
അവൾ അധികമൊന്നും സംസാരിച്ചില്ല. എന്തോ
ആലോചിക്കുന്നതുപോലെ തോന്നി. ജാനമ്മടീച്ചർ
പോകുന്നതിലുള്ള സങ്കടമായിരിക്കുമെന്നു ഞാൻ കരുതി.
എനിക്കു സങ്കടമുണ്ടായിരുന്നു.
എങ്കിലും എന്‍റെ ചിന്ത അപ്പോൾ ജാനമ്മടീച്ചറിൽനിന്ന്
അകന്നു കഴിഞ്ഞിരുന്നു.
അവളുടെ വീടെത്താറായപ്പോൾ ഞാൻ അവളെ
പിടിച്ചുനിർത്തി പൊടുന്നനെ ചോദിച്ചു: “എന്‍റെ മനസ്സിൽ
ഇപ്പഴെന്താ ഉള്ളതെന്നു പറയാൻ കഴിയോ?”
അവൾ തലയാട്ടി.
“ആലോചിച്ചു പറ.”
അവൾ ആലോചിക്കാൻ മിനക്കെട്ടില്ല.
ഒടുവിൽ ഞാൻ പറഞ്ഞുകൊടുത്തു:
“ഒരിരുപ്പിന് അങ്ങനത്തെ എത്ര ബിസ്ക്കറ്റു തിന്നാൻ
കഴിയും?”
ആണിയുടെ പുറംപോലെ വലിയ ചതുക്കുകളും
കുഴികളുമുള്ള ആ വലിയ ബിസ്ക്കറ്റുകളുടെ രൂപം
മനസ്സിൽനിന്നു മാഞ്ഞിരുന്നില്ല.
അവളതിൽ യാതൊരു താത്പര്യവും കാണിച്ചില്ല.
അമ്പലക്കുളത്തിന്‍റെ കരയിലെത്തിയപ്പോൾ ആരെയോ
കാത്തു നിന്നുകൊണ്ടെന്നപോലെ അവൾ പറഞ്ഞു:
“നീ നടന്നോ”
ഞാൻ ചോദിച്ചു:
“നാളെ?”
“നെയ്യപ്പം!”
“പിന്നെ?”
“നെയ്പ്പായസം.”
“തീർച്ച?”
“തീർച്ച.”
ജീവിതത്തിലെ എല്ലാ അലട്ടുകളിൽനിന്നും
മുക്തനായവനെപ്പോലെ ചൂളംവിളിച്ചുകൊണ്ടു ഞാൻ നടന്നു.
ഏതാനും അടി നടന്നതിനുശേഷം എന്തിനെന്നില്ലാതെ വെറുതെ
തിരിഞ്ഞുനോക്കി. അപ്പോൾ കണ്ട കാഴ്ച്—മൂന്നു
ബിസ്ക്കറ്റുകൾ വെള്ളിത്തളികകൾപോലെ ആ കുളത്തിന്‍റെ
നടുവിലേക്കു പറക്കുന്നു!
ഞാൻ നോക്കുന്നതു കണ്ടപ്പോൾ അമ്മുക്കുട്ടി തലതാഴ്ത്തി.
എനിക്കത്തിന്‍റെ പൊരുൾ മനസ്സിലായി. പിന്നീടൊരു
നിമിഷംപോലും അവിടെ നിൽക്കാതെ ഞാൻ വീട്ടിലേക്കു
ബദ്ധപ്പെട്ടു നടന്നു.
അങ്ങാടിയിൽ കിട്ടുന്ന ഏറ്റവും താണ അരികൊണ്ടായിരുന്നു
അന്നു വീട്ടിൽ കഞ്ഞി. നാറുന്ന അതിന്‍റെ വറ്റ് ഒരു പിടി വാരി,
ഞാൻ ചിന്താധീനനായിരുന്നു.
നൂറ്റാണ്ടുകളായി മനുഷ്യൻ സംഭരിച്ചുവെച്ചിട്ടുള്ള അറിവിന്‍റെ
ഉറവ് എന്‍റെ ഹൃദയത്തിൽ പൊട്ടി.
അമ്മ ചോദിച്ചു:
“നീയെന്തിനാടാ കഞ്ഞിയും മുമ്പിലുവെച്ച് ഇങ്ങനെ
കരയുന്നത്? ഓരോരുത്തർക്ക് അതുതന്നെ കിട്ടിയോ?”
അമ്മുക്കുട്ടി എറിഞ്ഞുകളഞ്ഞ ബിസ്കറ്റിനെപ്പറ്റി അമ്മയോടു
പറഞ്ഞാലോ എന്നു ഞാനാലോചിച്ചു. പക്ഷേ, പറഞ്ഞില്ല.
എന്തിനാണ് അവൾ അതു നശിപ്പിച്ചുകളഞ്ഞത്? എനിക്കു
തന്നാൽ ഞാൻ തിന്നുമായിരുന്നുവല്ലോ!
അതിനുശേഷം പതിന്നാലു കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു.
ജീവിക്കുവാനുള്ള വകതേടി എന്‍റെ ബാല്യസ്വപ്നങ്ങളുടെ
സങ്കേത ഭൂവിൽനിന്നു വളരെദൂരം ചെല്ലേണ്ടിവന്നു. പലതും
മറന്നുപോയി. എങ്കിലും ഒന്നു മനസ്സിൽ തങ്ങിനിന്നു—അന്ന്
അമ്മുക്കുട്ടി തിന്നാതെ വലിച്ചെറിഞ്ഞുകളഞ്ഞ ബിസ്ക്കറ്റ്!
അതിന്‍റെ ചിന്ത എപ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഇന്നു രാവിലെ അവിചാരിതമായി ഒരു സന്തോഷവാർത്ത
കേട്ടു—എന്‍റെ പഴയ അമ്മുക്കുട്ടിയുടെ വിവാഹം
കഴിഞ്ഞുവത്രെ. ജാതിയും മതവുമൊന്നും നോക്കാതെ,
ഇഷ്ടപ്പെട്ട ഒരു പുരുഷനെ ഭർത്താവായെടുക്കുകയാണ് അവൾ
ചെയ്തത്!
ഞാൻ പ്രാർത്ഥിക്കുന്നു—ആ പുതിയ കുടുംബം സുഖമായി
കഴിഞ്ഞുകൂടട്ടെ!
ആ മരം കായ്ക്കാറില്ല

നേരം ആലോചിച്ചു നിന്നതിനുശേഷം,സ്മരണയുടെ


ഈടുവെപ്പിൽനിന്ന് ഏതോ ഒരു സംഭവം
ചികഞ്ഞെടുത്തുകൊണ്ട് അയാൾ പറഞ്ഞു:
“ആ മരം കായ്ക്കാറില്ല!”
വൃദ്ധന്‍റെ സ്വരം പരുഷമായിരുന്നുവെങ്കിലും അതിൽ
മനോവേദനയുടെ ലാഞ്ഛനയുണ്ടായിരുന്നു. അയാൾ
അതിനെപ്പറ്റി പിന്നീടൊന്നും പറഞ്ഞില്ല. എങ്കിലും വിളക്കു
കത്തിക്കുവാൻ അയാൾ കുനിഞ്ഞപ്പോൾ
ജീവിതാനുഭവങ്ങളുടെ പാടുകൾ വീണ ആ മുഖം ഞാൻ
വ്യക്തമായി കണ്ടു—അവിടെ കണ്ണീർക്കണങ്ങൾ ഒലിച്ചു
താഴുന്നുണ്ടായിരുന്നു.
അകലെയുള്ള കുന്നുകളിൽനിന്നു തണുപ്പുകാറ്റ്
ശക്തിയോടെ വീശാൻ തുടങ്ങിയപ്പോൾ എന്‍റെ വലിയ
ഓവർകോട്ടെടുത്തു ഞാൻ മേലാസകലം മൂടി. ക്രമേണ
കൂടിക്കൊണ്ടുവന്ന ഇരുട്ടിൽ മുറ്റത്തുള്ള കൂറ്റൻ ഞാവൽമരം
മുക്കാലും അദൃശ്യമായി. റാന്തലിന്‍റെ നേരിയ വെളിച്ചത്തിൽ
ഞങ്ങൾ രണ്ടുപേരുടേയും നിഴലുകൾ പ്രേതങ്ങളെപ്പോലെ
വരാന്തയിൽ നീണ്ടുകിടന്നു.
ഏകാന്തമായ ആ രംഗം ആരേയും പേടിപ്പെടുത്തുവാൻ
പര്യാപ്തമായ ഒന്നായിരുന്നു. പക്ഷേ, എനിക്ക് ഒരു രസമാണു
തോന്നിയത്. സാഹസിയായ ഒരു സഞ്ചാരിക്ക് അങ്ങനെയല്ലാതെ
തോന്നാൻ തരമില്ലല്ലോ. ആ മലമ്പ്രദേശത്ത് ഞാൻ
പോയതുതന്നെ പ്രത്യേകിച്ചൊരുദ്ദേശ്യവും കൂടാതെയാണ്.
വഴിക്കുവെച്ചു ഞാൻ ബസ്സിൽനിന്നിറങ്ങി തനിച്ചു നടന്നു.
ഡാക്ബംഗ്ലാവായിരിക്കുമെന്ന് കരുതിയാണ് ഞാൻ അവിടേക്കു
കയറിച്ചെന്നത്. അവിടെ ജനവാസത്തിന്‍റെ ഒരു ചിഹ്നവും
കണ്ടില്ല. സമയം സന്ധ്യയോടടുത്തിരുന്നു. ഞാൻ കതകിനു
മുട്ടിവിളിച്ചപ്പോൾ ആ വൃദ്ധൻ പുറത്തേക്കു വന്നു.
എനിക്കു തെറ്റുപറ്റി—അതൊരു ഡാക്ബംഗ്ലാവായിരുന്നില്ല.
അവിടെ ആൾപ്പാർപ്പില്ലാതെ കാലം കുറേയായി. ഒരു കാലത്ത്
അടുത്തുള്ള തോട്ടത്തിലെ മാനേജർമാർ താമസിച്ചിരുന്നത്
അവിടെയായിരുന്നു. ഇത്രയും വിവരങ്ങൾ ആ വൃദ്ധനിൽനിന്നും
—അയാൾ അവിടത്തെ സൂക്ഷിപ്പുകാരൻകൂടിയാണ്—
എനിക്കറിയാൻ കഴിഞ്ഞു.
ആ രാത്രി അവിടെ കഴിച്ചുകൂട്ടാൻ തരപ്പെടുമോ
എന്നന്വേഷിച്ചപ്പോൾ അയാൾ എന്നെ കുറെനേരം
തുറിച്ചുനോക്കി. എന്നിട്ട് ഒരു നിശ്വാസത്തോടെ പറഞ്ഞു:
“ഇവിടെ താമസിച്ചവരൊക്കെ പേടിച്ചിട്ടുണ്ട്. നിങ്ങൾക്കു
ധൈര്യമുണ്ടെങ്കിൽ—”
അഗാധമായ ഒരു കിണറ്റിന്‍റെ അടിയിൽനിന്നു
സംസാരിക്കുന്നതു പോലെയായിരുന്നു അയാളുടെ ശബ്ദം.
ഞാൻ പതുക്കെയൊന്നു പുഞ്ചിരിച്ചു. ചുടുകാട്ടിൽപ്പോലും
കിടന്നുറങ്ങിയിട്ടുള്ള എനിക്കു ധൈര്യമുണ്ടോ എന്ന്!
എനിക്കു നല്ല ഓർമയുണ്ട്. കഴിഞ്ഞ മാർച്ചുമാസത്തിലെ
വാവുദിവസമായിരുന്നു അത്. ഞാൻ മേൽ കഴുകി,
അകത്തളത്തിൽ എന്‍റെ ബെഡ്ഡിങ് നിവർത്തിയിട്ടതിനുശേഷം,
അല്പനേരം സംസാരിച്ചിരിക്കാമെന്നു കരുതി വരാന്തയിൽ
വൃദ്ധന്‍റെയരികിൽ ചെന്നിരുന്നു. അപ്പോഴാണ് അല്പം അകലെ
പന്തലിച്ചുനിൽക്കുന്ന ആ കൂറ്റൻ ഞാവൽമരം എന്‍റെ
ദൃഷ്ടിയിൽപ്പെട്ടത്. ഞാവൽ പഴുക്കേണ്ട കാലമാണ്. എന്‍റെ
കുട്ടിക്കാലത്ത് ഞങ്ങളുടെ തൊടിയിലുണ്ടായിരുന്ന ഒരു
മരത്തിന്മേൽ കയറി പഴങ്ങൾ കുലുക്കിയിടാറുണ്ടായിരുന്നതു
ഞാൻ ഓർമിച്ചു.
പക്ഷേ, ആ മരം തികച്ചും ശൂന്യമായിരുന്നു. ഒരൊറ്റ
കായപോലും അതിന്മേലുണ്ടായിരുന്നില്ല. എനിക്കതു കണ്ടപ്പോൾ
നിരാശ തോന്നി. അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു:
“ആ മരം കായ്ക്കാറില്ല!”
“അതൊരിക്കലും കായ്ക്കയുണ്ടായിട്ടില്ലേ? ഞാൻ വീണ്ടും
ചോദിച്ചു. വളരെക്കാലമായി അവിടെ താമസിച്ചുവരുന്ന
സ്ഥിതിക്ക് അയാൾ അറിഞ്ഞുകാണണമല്ലോ. പക്ഷേ, എന്‍റെ
ചോദ്യം കേൾക്കാത്തതുകൊണ്ടായിരിക്കാം, അയാൾ മറുപടി
ഒന്നും പറഞ്ഞില്ല. ഏതോ വലിയ ചിന്തയിലാണ്ടപോലെ,
വിദൂരതയിലേക്കു ദൃഷ്ടിപായിച്ച്, അയാൾ അവിടെ
ഇരിക്കുകയായിരുന്നു. കഴിഞ്ഞുപോയ വല്ല സംഭവവും അയാൾ
ഓർമിക്കുകയായിരിക്കാം.
അറബിക്കഥകളിലും മറ്റും കാണുന്ന ഒരന്തരീക്ഷമായിരുന്നു
അപ്പോൾ അവിടെയുണ്ടായിരുന്നത്. കുന്നിൻചെരിവിലെ പഴയ
കെട്ടിടം. ഇരുട്ട്. വിജനത. അവിടെയെത്തിച്ചേരുന്ന പരദേശിയായ
സഞ്ചാരിയെ സ്വീകരിക്കാൻ വൃദ്ധനായ ഒരു സൂക്ഷിപ്പുകാരൻ!
പെട്ടെന്ന് എന്‍റെ നേരെ തിരിഞ്ഞ് അയാൾ പറഞ്ഞു:
“നിങ്ങൾ എന്തേ ചോദിച്ചത്? ഈ മരം ഒരിക്കലും
കായ്ക്കുകയുണ്ടായിട്ടില്ലേ എന്നോ? ഓ, ഇത് അടിമുതൽ
മുടിവരെ കായ്ച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ആ
ശപിക്കപ്പെട്ട സംഭവം! അതു നടന്നതിൽ പിന്നീട് ഒരിക്കലും
പൂവിടുകയുണ്ടായിട്ടില്ല. ഇനി ഒരിക്കലും പൂവിടുകയുമില്ല.
മരത്തിനുപോലും മനസ്സു നൊന്തിരിക്കണം.”
അങ്ങനെ പറഞ്ഞ് അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു.
റാന്തലിന്‍റെ നേരിയ പ്രകാശത്തിൽ അയാളുടെ കറപിടിക്കാത്ത
പല്ലുകൾ തിളങ്ങി. അയാൾക്ക് അപ്പോൾ ഒരു ഭ്രാന്തന്‍റെ
മട്ടുണ്ടായിരുന്നു.
ഞാൻ തരിച്ചിരുന്നുപോയി. അയാൾ അപ്പോഴും എന്തോ
ഓർത്തോർത്തു ചിരിക്കുന്നുണ്ടായിരുന്നു. ആ വൃദ്ധൻ
അസ്പഷ്ടമായി പുലമ്പുകയും ചെയ്തു. ഒടുവിൽ അയാൾ
എണീറ്റ്, കാറ്റിൽ ചലിക്കുന്ന ഒരസ്ഥിപഞ്ജരംപോലെ
എന്‍റെനേരെ നടന്നുവന്ന്, മുഖത്തേക്കു താണു നോക്കിക്കൊണ്ടു
പറഞ്ഞു:
“ഇപ്പോഴും, ഈ കാലമത്രയും കഴിഞ്ഞിട്ടും, എല്ലാ
രാത്രികളിലും അവൻ ഈ മരച്ചുവട്ടിൽ വരാറുണ്ട്.
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇവിടെ ആരും
താമസിക്കാറില്ലെന്ന്. മനസ്സിലായോ? അവൻ ആരേയും
ഉപദ്രവിച്ചിട്ടില്ല; എന്നിട്ടും ആളുകൾ അവനെ ഭയപ്പെടുന്നു!
നിങ്ങൾക്കും ഭയമുണ്ട്! നിങ്ങളുടെ മുഖം വിളറുന്നു!”
അയാൾ പറഞ്ഞതു വാസ്തവമായിരുന്നു. ഞാൻ
ഭയപ്പെടുകയുണ്ടായി. ആ മരത്തോടു ബന്ധപ്പെട്ട ഒരു
മനുഷ്യാത്മാവിനെക്കുറിച്ചാണ് അയാൾ പറഞ്ഞത്. ഒരു
പ്രേതകഥയുടെ തുടക്കം. അതിന്‍റെ സ്വഭാവമെന്തായിരിക്കും?
അമാവാസിനാൾ രാത്രി, മലമുകളിൽനിന്നു വീശുന്ന
ശീതക്കാറ്റേറ്റ്, വഴിയോരത്തുള്ള ആ ഏകാന്തമായ
കെട്ടിടത്തിന്‍റെ വരാന്തയിലിരുന്നുകൊണ്ട് ഞാൻ അതിനെപ്പറ്റി
ആലോചിച്ചപ്പോൾ എന്‍റെ ശരീരവും മനസ്സും ഒന്നുപോലെ
വിറയ്ക്കുകയുണ്ടായി.
അയാളുടെ തിളക്കമുള്ള കണ്ണുകൾ എന്‍റെ
അന്തരാത്മാവിലേക്കു തറച്ചുകയറി. ഒരു
ഹിപ്നോട്ടിസ്റ്റിനെപ്പോലെ എന്നെ മയക്കി, എന്‍റെ സമ്മതം
കൂടാതെതന്നെ അയാൾ പറയാൻ തുടങ്ങി:
“നിങ്ങൾ ഇന്നു രാത്രി താമസിക്കുന്ന ഈ വീട് ഒരു കാലത്ത്
ഇവിടത്തെ തോട്ടത്തിലെ മാനേജർമാർ
പാർത്തിരുന്നതായിരുന്നു. അന്നൊക്കെ വെള്ളക്കാരായിരുന്നു
മാനേജർമാർ. തോട്ടം അവരുടേതാണല്ലോ. പിന്നീടു നാട്ടുകാരും
ഈ ജോലിയിൽ വരാൻ തുടങ്ങി. അപ്പോൾ ഇതിന്‍റെ ഭാഗങ്ങൾ
പൊളിച്ചു വലിപ്പം കുറയ്ക്കുകയുണ്ടായി.
ഇവിടെ വന്ന ആദ്യത്തെ നാട്ടുകാരനായ മാനേജരോടു
ബന്ധപ്പെട്ട ഒരു കഥയാണ് ഞാൻ പറയാൻ പോകുന്നത്.
ഒരുപക്ഷേ, ഇന്ന് അയാൾ ജീവിച്ചിരിപ്പുണ്ടായിരിക്കില്ല.
എവിടെ വച്ചെങ്കിലും ആരുടെ കൈകൊണ്ടെങ്കിലും അയാളുടെ
കഥ കഴിഞ്ഞിരിക്കണം. അയാളെപ്പോലെ കഠിനഹൃദയനായ
മറ്റൊരാളെ കാണാൻ പ്രയാസമാണ്. സ്നേഹം എന്നത്
എന്താണെന്ന് അയാൾക്കറിഞ്ഞുകൂടായിരുന്നു. വേലക്കാരെ
ദ്രോഹിക്കുന്നതുപോട്ടെ, സ്വന്തം ഭാര്യയേയും കുട്ടിയേയും!
നിങ്ങൾക്ക് വിശ്വസിക്കാൻ വിഷമം തോന്നും. പക്ഷേ, ഇതൊക്കെ
എന്‍റെ അനുഭവങ്ങളാണ്.
അന്നിവിടെ ഒരു ബട്ലറുണ്ടായിരുന്നു. അതാ,
അവിടെയായിട്ടായിരുന്നു അയാളുടെ വീട്. ഇപ്പോൾ അതൊക്കെ
ഇടിഞ്ഞുപൊളിഞ്ഞു പോയിരിക്കുന്നു. അയാൾ വളരെ
മര്യാദക്കാരനും സത്യവാനുമായിരുന്നു. അയാളുടെ കഴിവിനെ
വലിയ സാഹേബ്മാർപോലും പ്രശംസിക്കുകയുണ്ടായിട്ടുണ്ട്.
പുതിയ യജമാനന്‍റെ വരവോടുകൂടി ആ മനുഷ്യന്‍റെ
കഷ്ടകാലവും ആരംഭിച്ചു. രാത്രി ഒരു നിമിഷംപോലും ഉറങ്ങാൻ
സമയം കിട്ടില്ല. എപ്പോഴും കുടിയും കൂത്തുമായിരിക്കും. ആ
ബട്ലർക്ക് അതിലൊന്നും പരാതിയുണ്ടായിരുന്നില്ല. അത്തരം
പെരുമാറ്റങ്ങളൊക്കെ പിറുപിറുപ്പു കൂടാതെ സഹിക്കുവാൻ
അയാൾ പഠിച്ചുകഴിഞ്ഞിരുന്നു.
ഈ ഞാവൽമരമാണ് അയാൾക്ക് ഏറ്റവുമധികം ദ്രോഹം
ചെയ്തത്. അയാളുടെ ജീവിതം തുലച്ചതും ഈ മരംതന്നെ.
പക്ഷേ,.. വേണ്ട, ഞാനെന്തിന് ഈ മരത്തെ പഴിക്കണം?
ഒന്നുമറിയാത്ത മരം!”
അയാൾ പൊടുന്നന്നെ തന്‍റെ കഥ നിർത്തി. ആ വൃദ്ധന്‍റെ
മിഴികൾ വട്ടംചുറ്റി. അയാളുടെ ഭാവം കണ്ടപ്പോൾ എനിക്കു
തോന്നി, എന്തോ ശ്രദ്ധിക്കുകയാണെന്ന്. പതുക്കെയെണീറ്റ്,
സ്വപ്നത്തിലെന്നപോലെ അയാൾ എന്നോടു ചോദിച്ചു:
“നിങ്ങൾ എന്തെങ്കിലും കേൾക്കുന്നുണ്ടോ?”
എനിക്കൊന്നും മനസ്സിലായില്ല. ഞാൻ നിഷേധാർത്ഥത്തിൽ
മറുപടി നൽകി. വാസ്തവത്തിൽ ഞാൻ ഒന്നും
കേൾക്കുന്നുണ്ടായിരുന്നില്ല.
ആ വൃദ്ധന്‍റെ മുഖഭാവം മാറി:
“അതാ, അവൻ വരികയാണ്. ആ കേൾക്കുന്ന ചൂളംവിളി
അവന്‍റേതാണ്. എത്ര കൊല്ലങ്ങൾ കഴിഞ്ഞു! എന്നിട്ടും അവൻ
വരുന്നു. ആ കുട്ടി അവന്‍റെ ചങ്ങാതിയെ വിളിക്കയാണ്…”
ഞാൻ അറിയാതെ ചോദിച്ചുപോയി:
“ഏതു കുട്ടി?”
എന്‍റെ നേരെ നോക്കാതെതന്നെ അയാൾ മറുപടി പറഞ്ഞു:
“ബട്ലറുടെ മകൻ!”
ഒരു കനത്ത നിശബ്ദത അവിടെങ്ങും വ്യാപിച്ചു. ഞങ്ങൾ
ഇരുവരും ഒന്നും സംസാരിച്ചില്ല. എനിക്ക് വല്ലാത്ത ഒരു മാന്ദ്യം
അനുഭവപ്പെട്ടു. അകത്തുപോയി കിടക്കുന്നതായിരിക്കും
നല്ലതെന്നു തോന്നി. പക്ഷേ, കൈകാലുകൾക്ക് വല്ലാത്തൊരു
ഘനം! എഴുന്നേല്ക്കാൻ കഴിയുന്നില്ല.
രാപ്പക്ഷികൾ ഞാവലിന്‍റെ മുകളിൽനിന്ന് കൂട്ടംചേർന്നു
ചിലച്ചു. അവയുടെ കലപിലശബ്ദത്തിൽ എനിക്ക് ആ
മനുഷ്യന്‍റെ അവ്യക്തമായ പുലമ്പൽ കേൾക്കാമായിരുന്നു.
“അവൻ എറിയുന്നു! എന്തിന്? ഒരൊറ്റ കായപോലും
അതിന്മേലില്ല. അവനറിയില്ലേ അവൻ പോയതിൽപ്പിന്നീട് അതു
കായ്ക്കാറില്ലെന്ന്?”
പക്ഷികളുടെ കോലാഹലം നിലച്ചപ്പോൾ അയാൾ
ചിന്താധീനനായി. ആ മൗനം എത്രനേരം നീണ്ടുനിന്നുവെന്ന്
എനിക്ക് നിശ്ചയമില്ല. അകലെനിന്ന്, മുറിവേല്പിക്കപ്പെട്ട
മനുഷ്യാത്മാവിന്‍റെ തേങ്ങിക്കരച്ചിൽപോലുള്ള ശബ്ദം
കേൾക്കാമായിരുന്നു. ക്രമേണ അതു വിദൂരതയിലേക്ക്
അകന്നകന്നുപോയി.
ഇന്നു ഞാൻ ഊഹിക്കുന്നു—ഒരുപക്ഷേ, അത് വെറും ഒരു
തോന്നലായിരിക്കും. എങ്കിലും അത്തരമൊരനുഭവം
എനിക്കുണ്ടായത് പരമാർത്ഥമാണ്.
ഇടനേരത്തെ ആ വിരാമത്തിനുശേഷം അയാൾ വീണ്ടും
പറയാൻ തുടങ്ങി:
“മരത്തിന്മേൽ കായ്കൾ മൂത്തുതുടങ്ങിയാൽ മതി, പിന്നെ
ഇവിടെ സ്വൈരമുണ്ടാകില്ല. അടുത്തും അകലെയുമുള്ള എല്ലാ
കുട്ടികളും അതിന്‍റെ ചുവട്ടിൽ തമ്പടിക്കും. അവരുടെ ഒരു
സംഘംതന്നെയുണ്ടായിരുന്നു. രണ്ടുപേരായിരുന്നു പ്രധാനികൾ—
ബട്ലറുടെ മകനും മാനേജരുടെ മകനും. മരത്തിന്മേൽ
ആർക്കും കയറാൻ കഴിഞ്ഞിരുന്നില്ല. കല്ലേറായിരുന്നു അവരുടെ
പതിവ്. അതവർ, രാപ്പകലൊരുപോലെ, ഒരു മുടക്കവുംകൂടാതെ
നിർവഹിക്കുകയുംചെയ്യും.
മരത്തിന്മേൽ കല്ലെടുത്തെറിയുന്നതെന്നല്ല, അതിന്‍റെ
ചുവട്ടിൽ കുട്ടികൾ കൂട്ടംകൂടി നില്ക്കുന്നതുപോലും
മാനേജരിഷ്ടപ്പെട്ടിരുന്നില്ല. ഒന്നുരണ്ടുതവണ തോക്കെടുത്ത് ആ
മനുഷ്യൻ അവരെ ഭയപ്പെടുത്തുക കൂടിയുണ്ടായി. പക്ഷേ,
അതുകൊണ്ടൊന്നും അവരുടെ ഉത്സാഹത്തിന് വാട്ടംതട്ടിയില്ല.
അവർ തങ്ങളുടെ പഴയ പരിപാടിതന്നെ തുടർന്നുപോന്നു.
കുട്ടികളെ ഓടിക്കേണ്ട ഭാരവും ബട്ലർക്കായിരുന്നു! അവരെ
പിരിച്ചയച്ചാലും പോര, ഹിംസിക്കയും വേണം.
അങ്ങനെയായിരുന്നു മാനേജരുടെ കല്പന. ആ ബട്ലർ വല്ലാതെ
കുഴങ്ങി. കുട്ടികളോടു വളരെയധികം വാത്സല്യമുള്ള
ഒരുവനായിരുന്നു ആ ബട്ലർ. അതിനും പുറമേ സ്വന്തം മകനും
യജമാനന്‍റെ കുട്ടിയുമുണ്ട് ആ കൂട്ടത്തിൽ! അയാൾ അവരെ
എന്താണു ചെയ്യേണ്ടത്?
ആ ‘ബാലസംഘ’ത്തിൽ തന്‍റെ മകനുമുണ്ടെന്ന്
മാനേജരറിഞ്ഞതു കുറച്ചു വൈകിയിട്ടായിരുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ഞാവലിന്‍റെ ചുവട്ടിൽനിന്ന് കുട്ടികൾ
ഏറു തുടങ്ങിയപ്പോൾ, ബട്ലറെ കാത്തുനില്ക്കാതെ
അയാൾതന്നെ വിളറി പിടിച്ചോടിച്ചെന്നു. കുട്ടികൾ
ശരംവിട്ടതുപോലെ നാലുവഴിക്കും പാഞ്ഞു. ഓടാൻ
കഴിയാത്തതുകൊണ്ടോ എന്തോ, ഒരുവൻമാത്രം അവിടെ
ബാക്കിയായി. അതു മാനേജരുടെ മകൻതന്നെയായിരുന്നു.
താൻ വിലക്കിയ ഒരു പ്രവൃത്തി തന്‍റെ മകൻതന്നെ ചെയ്യുമെന്ന്
അയാൾ കരുതിയിരിക്കില്ല. അയാളുടെ കോപം ഇരട്ടിച്ചു. ഒരു
കൈകൊണ്ട് മകനെ പൊക്കി അയാൾ അവനെ നല്ലപോലെ
പ്രഹരിച്ചു. ആ കുട്ടിയുടെ കരച്ചിലിന് അച്ഛന്‍റെ ഹൃദയത്തെ
ഇളക്കുവാൻ കഴിഞ്ഞില്ല.
മകനെ വലിച്ചിഴച്ച് അയാൾ വീട്ടിലേക്കു പോകാൻ
ഭാവിക്കയായിരുന്നു. അപ്പോഴാണ് ആ സംഭവമുണ്ടായത്.
ശക്തിയോടെ ഒരു കല്ല് അയാളുടെ നെറ്റിയിൽതന്നെ
വന്നുകൊണ്ടു. കണ്ണിലേക്ക് ഒലിച്ചുതാണ ചോര തുടച്ചു. ചവിട്ടേറ്റ
ഈറ്റുപാമ്പിനെപ്പോലെ അയാൾ തിരിഞ്ഞു നോക്കി, ആരാണ്
അതെറിഞ്ഞതെന്ന്. അതാ, ഏതാനും വാര അകലെയായി
ചിരിച്ചുകൊണ്ട് ഒരു ചെറുക്കൻ നിൽക്കുന്നു. അവനെ
കണ്ടപ്പോൾ മാനേജരുടെ ചോര തിളച്ചു.
ആരായിരുന്നു അത്?
ആ ബട്ലരുടെ മകൻ!
തന്‍റെ മകനെവിട്ട് അയാൾ മുന്നോട്ടു കുതിച്ചു. പക്ഷേ, ഒരു
മിന്നൽ പോലെ അവൻ മറഞ്ഞുകളഞ്ഞു. അവന് അന്ന് വയസു
പത്തേ ആയിരുന്നുള്ളു. എങ്കിലും അവൻ കയറിയിറങ്ങാത്ത
കാടും മേടും മലയും ഉണ്ടായിരുന്നില്ല.
ഒരുപക്ഷേ, ആ കുട്ടി ആലോചിച്ചിട്ടുണ്ടായിരിക്കില്ല, തന്‍റെ
പ്രവൃത്തിയുടെ ഭവിഷ്യത്തെന്തായിരിക്കുമെന്ന്. തന്‍റെ
ചങ്ങാതിയെ അടിച്ചവന്‍റെ നേരെ ഒരു കല്ലെടുത്തെറിഞ്ഞു
എന്നതിൽകവിഞ്ഞ് ആ സംഭവത്തിന് അവൻ ഒരു പ്രാധാന്യവും
കല്പിച്ചിട്ടുണ്ടായിരിക്കില്ല. താൻ എന്താണു ചെയ്യുന്നതെന്ന്
അവൻ അറിഞ്ഞിരുന്നുവെങ്കിൽ!
കോപംകൊണ്ട് കലികയറിയ മാനേജർ ഉടൻതന്നെ ബട്ലറെ
വിളിപ്പിച്ചു; അന്ന് ആ മനുഷ്യനുപയോഗിക്കാത്ത
അസഭ്യവാക്കുകളുണ്ടായിരുന്നില്ല. മകനെ ഉടനെ തന്‍റെ മുമ്പിൽ
ഹാജരാക്കിക്കൊള്ളണമെന്ന് അയാൾ കല്പനയും നൽകി.
പക്ഷേ, കുറെ ദിവസത്തേക്ക് ആ കുട്ടിയെ അവിടെയെങ്ങും
കാണുകയുണ്ടായില്ല. അവൻ എവിടെപ്പോയി എന്ന് അവന്‍റെ
അച്ഛനും നല്ല നിശ്ചയമുണ്ടായിരുന്നില്ല. തന്‍റെ
കണ്ണിൽപെട്ടിരുന്നുവെങ്കിൽ തീർച്ചയായും അവനെ ബട്ലർ
യജമാനന്‍റെ കൈയിൽ ഏല്പിക്കുമായിരുന്നു.
സ്നേഹമില്ലാത്തതുകൊണ്ടല്ല; ഒരു കീഴ്ജീവനക്കാരൻ എന്ന
നിലയിൽ അയാൾക്കൊരു കടമയുണ്ടല്ലോ!
വിശ്വാസം വരായ്കയാൽ മാനേജർതന്നെ ബട്ലരുടെ വീട്ടിൽ
ഒന്നു രണ്ടു തവണ ഒരു മുന്നറിയിപ്പും നൽകാതെ
കടന്നുചെല്ലുകയുണ്ടായി. മകനെ അവിടെയെവിടെയെങ്കിലും
ഒളിപ്പിച്ചിരിക്കുമെങ്കിലോ എന്നായിരുന്നു അയാളുടെ സംശയം.
പക്ഷേ, അയാളുടെ പരിശോധനകൊണ്ട് വിശേഷിച്ച് ഒരു
ഫലവുമുണ്ടായില്ല.
ഒരു രാത്രി പ്രവൃത്തിയും കഴിഞ്ഞ് ബട്ലർ വീട്ടിലേക്കു
മടങ്ങുമ്പോൾ കുശിനിയുടെ പിൻവശത്തുള്ള
ചെടിക്കൂട്ടത്തിൽനിന്ന് ആരോ രണ്ടു പേർ സംസാരിക്കുന്നതു
കണ്ടു. ഒച്ചയുണ്ടാക്കാതെ അടുത്തുചെന്നു നോക്കിയപ്പോൾ
അയാൾക്കു തന്‍റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
നിലാവെളിച്ചത്തിൽ അയാളുടെ യജമാനന്‍റെ മകനും അയാളുടെ
മകനും നിലത്തു പടിഞ്ഞിരുന്ന് ഒരു കുട്ട നിറയെ
ഞാവൽപ്പഴങ്ങൾ ഓഹരിവെക്കുന്നു! അയാളെ കണ്ടപ്പോൾ
അവർ അല്പംപോലും പരിഭ്രമിച്ചില്ല. അവർ ചിരിക്കുകമാത്രം
ചെയ്തു.
എത്രതന്നെ ആലോചിച്ചിട്ടും അയാൾക്ക് അതിന്‍റെ അർത്ഥം
മനസ്സിലായില്ല. അവരുടെ ‘നില’യിലുള്ള വ്യത്യാസംപോകട്ടെ;
അവരുടെ ഭാഷ പോലും വ്യത്യസ്തമാണല്ലോ! എന്നിട്ടും
എന്തൊരടുപ്പമാണ് അവർ തമ്മിൽ!
എല്ലാ രാത്രികളിലും അവർ അങ്ങനെ
സമ്മേളിക്കാറുണ്ടെന്നറിഞ്ഞപ്പോൾ അയാളുടെ ഹൃദയം ഉറക്കെ
ത്രസിച്ചു. മാനേജരെങ്ങാൻ അറിവാനിടവന്നാൽ എന്തൊക്കെ
കുഴപ്പങ്ങളുണ്ടാകും! മകനെ ഒളിപ്പിച്ചതിനും തന്‍റെ കുട്ടിയെ
വഴിപിഴപ്പിച്ചതിനും അയാൾ സമാധാനം പറയേണ്ടിവരുമല്ലോ.
അയാൾ ഈശ്വരനോടു പ്രാർത്ഥിച്ചു, അതൊന്നും മാനേജർ
അറിയരുതേ എന്ന്. വാസ്തവത്തിൽ അയാൾ
വേദനതിന്നുകയായിരുന്നു. മകൻ എപ്പോഴെങ്കിലും ആ
മനുഷ്യന്‍റെ മുമ്പിൽപെടുമല്ലോ! മുമ്പിൽ പെട്ടാൽ! അയാൾ
നിഷ്ഠുരനാണ്; എന്തും ചെയ്യും.
അങ്ങനെ ഓരോ നിമിഷവും ഭയത്തിന്‍റെയും
ഉൽക്കണ്ഠയുടെയും ചൂളയിൽ നീറിക്കൊണ്ട് അയാൾക്ക്
അധികദിവസം കഴിയേണ്ടിവന്നില്ല. അതിന്‍റെ പിറ്റേദിവസംതന്നെ
എല്ലാം തീരുമാനിക്കപ്പെട്ടു.
സന്ധ്യ മയങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. ഞാവലിന്‍റെ
ചുവട്ടിൽനിന്ന് ആരോ പതുക്കെ ചൂളംവിളിക്കുന്നത് ബട്ലർ
കേട്ടു. അയാൾ അടിമുടി വിറച്ചു. അതു തീർച്ചയായും
അയാളുടെ മകനാണ്! അയാൾ വിചാരിച്ചു: മാനേജർ വരാൻ
വൈകുമെന്നു കരുതി ഒരുപക്ഷേ, അന്ന് അവൻ
നേരത്തേതന്നെ വന്നതായിരിക്കാം. അയാൾ പിൻവശത്തെ
വാതിൽ തുറന്ന് മരത്തിന്‍റെ ചുവട്ടിലേക്ക് ഓടി.
പക്ഷേ, അയാൾക്കു വൈകിപ്പോയി. അയാൾ
കാണുന്നതിനുമുമ്പായിത്തന്നെ അവനെ, മാനേജരുടെ
കഴുകന്‍റെകണ്ണുകൾപോലുള്ള കണ്ണുകൾ കണ്ടുകഴിഞ്ഞിരുന്നു.
ആ സാധു ഒരു പ്രതിമപോലെ അവിടെയങ്ങനെ നിന്നുപോയി.
വാസ്തവത്തിൽ അയാളുടെ ജീവൻ അപ്പോൾ തുലാസിൽ
കിടന്ന് ആടുകയായിരുന്നു. മാനേജർ കീശയിൽനിന്ന് പിസ്റ്റൾ
വലിച്ചെടുത്തു. അയാൾ എപ്പോഴും ആ തോക്കു
കൊണ്ടുനടക്കാറുണ്ട്. അയാളുടെ ഇരുമ്പുമുഷ്ടിയിൽ കിടന്നു
പിടച്ചിരുന്ന ആ കുട്ടി അതു കണ്ടപ്പോൾ നിശബ്ദനായി. അവന്‍റെ
മുഖം വിളറി. പക്ഷേ, ആ തോക്ക് അയാൾ
ഉപയോഗിക്കുകയുണ്ടായില്ല. അത് അയാൾ
കീശയിൽതന്നെയിട്ടു. എങ്കിലും അയാൾ അവനെ വെറുതെ
വിട്ടില്ല. ആ കുട്ടിയും അവന്‍റെ അച്ഛനും മിഴിച്ചുനില്ക്കെ,
കഴുത്തിനു മുകളിലായി ഒരു തട്ടുകൊടുത്ത് അയാൾ നടന്നു.
ബട്ലർ അടുത്തുചെന്നപ്പോൾ അവൻ മരിച്ചിരുന്നില്ല. ആ
മരത്തിന്‍റെ ചുവട്ടിൽ അവൻ ബോധമറ്റു കിടക്കുകയായിരുന്നു.
ആ പിതാവ് മകനെയെടുത്ത് വീട്ടിലേക്കു നടന്നപ്പോൾ
രാപ്പാടികൾ കരഞ്ഞു; ഞാവൽമരം പഴങ്ങൾ വർഷിച്ചു. അവൻ
അവർക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.
അന്നു രാത്രിതന്നെ അവൻ മരിച്ചു. മരിക്കുന്നതിനുമുമ്പായി
അവൻ ഏതാനും വാക്കുകൾ പറയുകയുണ്ടായി. അവന്‍റെ
ചങ്ങാതിയേയും ഞാവൽപ്പഴങ്ങളേയുംപറ്റി മാത്രം. അവന്‍റെ
അച്ഛന് അതൊന്നും ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല. അയാൾക്ക്
ബുദ്ധിഭ്രമം ബാധിച്ചിരുന്നു.
ആ സംഭവത്തിനുശേഷം കൊല്ലങ്ങളെത്രയോ കഴിഞ്ഞു!
അതിൽ വിന്നീട് ഈ മരം ഒരിക്കലും കായ്ക്കുകയുണ്ടായിട്ടില്ല.
നിങ്ങൾക്ക് അതൊരു അത്ഭുതമായി തോന്നുന്നുണ്ടായിരിക്കാം.
പക്ഷേ, അതിൽ ആശ്ചര്യകരമായൊന്നുമില്ല.
എല്ലാ രാത്രികളിലും അവൻ ഇവിടെ വരാറുണ്ട്. അവന്‍റെ
ചൂളം വിളിയും കല്ലേറും പലരും കേൾക്കുകയുണ്ടായിട്ടുണ്ട്—
അയാൾ തന്‍റെ കഥ നിർത്തി. എനിക്കു ചിലതു
ചോദിക്കണമെന്നുണ്ടായിരുന്നു. ആ കഥയുടെ
സംഭവ്യതയിൽത്തന്നെ എനിക്കു സംശയം തോന്നി. ഒരു ചെറിയ
കുട്ടിയെ ഒരു നിസ്സാരകാര്യത്തിന് മുതിർന്നൊരു മനുഷ്യൻ
അങ്ങനെ ശിക്ഷിക്കുമോ? പക്ഷേ,
എന്തുകൊണ്ടാണെന്നറിഞ്ഞില്ല, ആ ചോദ്യം ഞാൻ
ചോദിക്കുകയുണ്ടായില്ല. ആ മാനേജർ അതിനുശേഷം എന്തു
ചെയ്തുവെന്നും ഞാൻ ചോദിച്ചില്ല.
പണ്ടെന്നോ നടന്ന ആ കഥ വളരെയധികം താത്പര്യത്തോടെ
പറഞ്ഞ ആ വൃദ്ധന്‍റെ മുഖത്തേക്കു നോക്കിയപ്പോൾ
അകാരണമായ ഒരു പേടി എനിക്ക് അനുഭവപ്പെട്ടു. എന്‍റെ
അരക്ഷിതാവസ്ഥയിൽ എനിക്കു ഭയം തോന്നി. ഞാൻ
കണ്ണുചിമ്മി. കാറ്റ് ശക്തിയോടെ വീശുന്നുണ്ടായിരുന്നു. ആ
ഞാവൽമരവും എടുപ്പും എല്ലാം വിറച്ചു. റാന്തൽ തനിയെ
അണഞ്ഞു. ഒരു പൊട്ടിച്ചിരി കേട്ടതുപോലെ തോന്നി എനിക്ക്.
ആരോ ബദ്ധപ്പെട്ടു നടന്നുപോകുന്ന കാലൊച്ചയും കേട്ടു.
ഇരുട്ടിൽ ഞാൻ തപ്പിത്തടഞ്ഞുനോക്കി. ആ മനുഷ്യൻ അവിടെ
ഉണ്ടായിരുന്നില്ല. എന്‍റെ എല്ലാ ശക്തിയുമുപയോഗിച്ച് ഞാൻ
ഉറക്കെ വിളിച്ചുചോദിച്ചു:
“നിങ്ങൾ എവിടെപ്പോയി?”
അതിനു മറുപടി ലഭിച്ചത് വളരെയകലെനിന്നായിരുന്നു:
“വിഡ്ഢിയായ മനുഷ്യാ, ഞാൻ പോകയാണ്. നിങ്ങൾക്കെന്നെ
മനസ്സിലായില്ല. ഞാനാണ് നിർഭാഗ്യവാനായ ആ പിതാവ്! എന്‍റെ
മകനാണ് ഈ മരച്ചുവട്ടിൽവെച്ചു മരിച്ചത്!”
ആ ശബ്ദം അവിടെയെങ്ങും മുഴങ്ങി.
ആ വാക്കുകൾ എന്‍റെ അന്തരാത്മാവിന്‍റെമേലുള്ള
ഒരടിയായിരുന്നു. ഞാൻ എണീറ്റു പണിപ്പെട്ട് അകത്തുചെന്നു
കിടന്നു. പക്ഷേ, എനിക്കുറക്കം വന്നില്ല. മനസ്സിനെ ഞെരുക്കുന്ന
ആ ഏകാന്തതയിൽ ഓരോ നിമിഷവും ഞാൻ
മരിച്ചുജീവിക്കുകതന്നെചെയ്തു.
നേരം പുലർന്നപ്പോൾ എനിക്കാശ്വാസമായി. പ്രഭാതത്തിന്‍റെ
ആദ്യത്തെ കിരണങ്ങൾ ആ മലമ്പ്രദേശത്തെ തലോടിയപ്പോൾ
ഞാൻ കെട്ടും മാറാപ്പുമായി പുറത്തുകടന്നു. രാത്രിയിലെ
സംഭവങ്ങൾ ഒരു ദുഃസ്വപ്നം പോലെ തലയിൽ കിടന്നു
പുകയുന്നുണ്ടായിരുന്നു.
വരാന്തയിൽ ഞാൻ റാന്തൽ കണ്ടില്ല; എനിക്കൊരു
കോരിത്തരിപ്പുണ്ടായി.
മുറ്റത്തേക്കിറങ്ങി റോഡിലേക്കുള്ള
ഊടുവഴിയിലെത്തിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി.
നിഷ്കളങ്കനായ ഒരു കിടാവിന്‍റെ കളിത്തോഴനായിരുന്ന ആ
ഞാവൽമരം അവിടെത്തന്നെയുണ്ട്.
ആ മരത്തിൽ ഒരൊറ്റ പഴംപോലുമുണ്ടായിരുന്നില്ല.
ആ മരം കായ്ക്കാറില്ല!
ഭാവിയിലേക്ക്

വണ്ടി ഓടിത്തുടങ്ങിയപ്പോൾ രാജൻ ആലോചിച്ചു:


ജബൽപൂരിലെത്തുമ്പോൾ നേരം അർധരാത്രിയായിരിക്കും.
ജ്യേഷ്ഠൻ സ്റ്റേഷനിൽ വരുമെങ്കിൽ നിന്ന്; അല്ലെങ്കിൽ അയാൾ
കുഴങ്ങും. ഇതിനുമുമ്പും അയാൾ അവിടെ പോയിട്ടുണ്ട്. പക്ഷേ,
രാജന്‍റെ ജ്യേഷ്ഠൻ വീടു മാറിയിരിക്കയാണ്. അതോർത്തപ്പോൾ
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രകാശിച്ചു. ജ്യേഷ്ഠൻ എത്ര
നിസാരകാരണങ്ങൾക്കാണ് വെറുതെ പണം ചെലവാക്കുന്നത്!
താമസിക്കുന്ന വീടുപോലും ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം.
എങ്കിലും അടുത്ത കാലത്തൊന്നും രാജൻ ജ്യേഷ്ഠനിൽ നിന്നും
പണം പറ്റിയിട്ടില്ല. രാജൻ അതിൽ അഭിമാനിച്ചു. അത്തരം
കാര്യങ്ങളിൽ അയാൾ എപ്പോഴും സ്വതന്ത്രനാണ്.
വണ്ടിയിലെ തിരക്കു കുറഞ്ഞുവന്നു. ഒന്നുരണ്ടു സ്റ്റേഷൻ
കഴിഞ്ഞപ്പോൾ അയാൾക്ക് ഒരലട്ടും കൂടാതെ ബഞ്ചിൽ
നീണ്ടുനിവർന്നു കിടക്കാമെന്ന നിലയിലായി. രാജനും
പണിക്കാരനും പുറമേ മുറിയിൽ വേറെ രണ്ടുപേർ മാത്രമേ
ഉണ്ടായിരുന്നുള്ളു. ഒന്നൊരു പട്ടാളക്കാരനായിരുന്നു. മറ്റേത്
അർധനഗ്നനായ ഒരു ഗ്രാമീണവൃദ്ധനും. പട്ടാളക്കാരൻ മറ്റു
വേലയൊന്നുമില്ലാത്തതിനാൽ തന്‍റെ ബെൽട്ടിന്‍റെ
പിച്ചുളക്കുടുക്കുകൾ തിരുപ്പിടിച്ചുകൊണ്ടിരുന്നു. വൃദ്ധന്
നിറപ്പകിട്ടുള്ള തന്‍റെ തിലേക്കെട്ടഴിച്ച് അതിന്‍റെ ഒരു
കോന്തലയിൽ സൂക്ഷിച്ചിരുന്ന നാണ്യങ്ങൾ എണ്ണി
തിട്ടപ്പെടുത്തുന്നതിലായിരുന്നു താത്പര്യം.
അവരുടെ ചേഷ്ടകൾ നോക്കിനിൽക്കുന്നതിൽ രാജനു രസം
തോന്നി. പഠിച്ചിരുന്ന കാലത്ത് ഒരു പട്ടാളക്കാരനായിത്തീരാൻ
അയാൾ മോഹിച്ചിരുന്നു. പക്ഷേ, പിന്നീട് അതൊന്നും തരപ്പെട്ടില്ല.
ഇന്ന് അതിന്‍റെ എല്ലാ ആകർഷകത്വവും നശിച്ചിരിക്കുന്നു.
രാജൻ അതിൽ സന്തോഷിക്കുകതന്നെചെയ്തു. തോക്കുപിടിച്ചു
തഴമ്പിച്ച കൈകളെക്കാൾ കരുത്ത് ആ വൃദ്ധന്‍റെ കലപ്പപിടിച്ച
കൈകൾക്കാണ്.
വൃദ്ധൻ തന്‍റെ തലേക്കെട്ടു ശരിപ്പെടുത്തി വെറ്റില തിന്ന വായ
തുടച്ചു കൊണ്ടു പറഞ്ഞു: “മധുരക്കിഴങ്ങിന് ഇനിയും വില
കുറയുമെന്നു തോന്നുന്നു.”
അയാളുടെ സ്വരത്തിൽ ആഹ്ളാദത്തിന്‍റെയും
സംതൃപ്തിയുടെയും ലാഞ്ഛനയുണ്ടയിരുന്നു. രാജന് അതിന്‍റെ
അർത്ഥം മനസ്സിലായി. ആ വൃദ്ധൻ തന്‍റെ പ്രയത്നഫലത്തിന്‍റെ
വിലക്കയറ്റത്തിൽ സന്തോഷിക്കുകയാണ്. അയാളെ
അനുമോദിക്കുവാനെന്നവണ്ണം രാജൻ മന്ദഹസിച്ചു.
പട്ടാളക്കാരൻ ബെൽട്ടിൽ കൈവെച്ചുകൊണ്ടു വെറുതെ തുറിച്ചു
നോക്കിയതേയുള്ളു.
തന്‍റെ സ്റ്റേഷനിലെത്തിയപ്പോൾ വൃദ്ധൻ ഇറങ്ങിപ്പോയി. ആ
സമയത്ത് അവിടെനിന്നു കയറുവാൻ ആരുമുണ്ടായിരുന്നില്ല.
രാജൻ ജനലിലൂടെ വെളിയിലേക്കു നോക്കി. പ്ലാറ്റുഫോം തികച്ചും
ശൂന്യമായിരുന്നു. വണ്ടിയിളകിയപ്പോൾ അതുവരെ
പുറത്തുനിന്നിരുന്ന ടിക്കറ്റ് എക്സാമിനർ അകത്തു കടന്നു.
പ്രായംചെന്ന ആ മനുഷ്യൻ ഒരുകെട്ടു പുസ്തകങ്ങൾ
തോളിലിറുക്കി, വളരെ ലാഘവത്തോടെ വാതിൽ തുറന്നതു
കണ്ടപ്പോൾ, ജീവകാലം മുഴുവൻ അയാൾ വണ്ടിയിൽ
ചെലവഴിച്ചിരിക്കണമെന്നു തോന്നി.
അയാളുടെ വരവ് പട്ടാളക്കാരനു രസിക്കുകയുണ്ടായില്ലെന്നു
വ്യക്തമായിരുന്നു. വെറുപ്പു പ്രകടപ്പിച്ചുകൊണ്ട് അയാൾ
ജാക്കറ്റിന്‍റെ കീശയിൽനിന്നു പാസ്സെടുത്ത് വെളിയിൽ കാട്ടി.
കയറിയപ്പോൾ നിന്നിരുന്ന അതേ
മൂലയിൽത്തന്നെയായിരുന്നു രാജന്‍റെ പണിക്കാരൻ ചെറുക്കൻ.
ആരോ ഇട്ടുപോയ ഒരു സിഗരറ്റ് പാക്കറ്റിന്‍റെ ചിത്രം
പരിശോധിക്കുന്നതിൽ മുഴുകിയിരുന്ന അവന്‍റെ മുതുകത്തു
തട്ടിക്കൊണ്ട് ആ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു: “ടിക്കറ്റ്.”
പണിക്കാരൻ ചെറുക്കന് അതൊരു
പുത്തനനുഭവമൊന്നുമല്ലായിരുന്നു. അവൻ രാജന്‍റെ നേരെ
ചൂണ്ടി വീണ്ടും തന്‍റെ ജോലിയിൽ വ്യാപൃതനായി.
രാജൻ തന്‍റേയും പണിക്കാരന്‍റേയും ടിക്കറ്റെടുത്തു
കൊടുത്തു. വിദ്യാർത്ഥിയായിരുന്നപ്പോൾ നടത്തിയ
സാഹസംനിറഞ്ഞ തീവണ്ടി യാത്രകൾ അയാൾ
ഓർമിക്കുകയുണ്ടായി. ടിക്കറ്റുണ്ടെങ്കിലും ഇല്ലെന്നു പറയും;
ഇല്ലെങ്കിലും ഉണ്ടെന്നു നടിക്കും! പക്ഷേ, ഇന്ന് അതിന്‍റെയൊന്നും
ആവശ്യമില്ല. ആ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു.
ടിക്കറ്റുകൾ രണ്ടും നോക്കി ഒപ്പിട്ടുകൊടുത്തതിനുശേഷം
അയാൾ രാജനോടു ചോദിച്ചു: “അയാളുടെ ടിക്കറ്റെവിടെ?”
പണിക്കാരൻ ചെറുക്കനെയായിരുന്നു ആ ഉദ്യോഗസ്ഥൻ
ഉദ്ദേശിച്ചത്.
രാജന് അതിന്‍റെ പൊരുൾ മനസ്സിലായില്ല. ഒരാളുടെ ടിക്കറ്റ്
മറ്റൊരാൾക്കു സൂക്ഷിക്കുവാൻ പാടില്ലെന്ന് വല്ല പുതിയ
നിയമവുമുണ്ടോ? ഒരുപക്ഷേ, അയാൾ കുടിച്ചു ബോധമില്ലാതെ
ചോദിച്ചതായിരിക്കാം. അങ്ങനെ വിചാരിച്ചു സമാധാനിച്ചു.
അതിനാൽ മര്യാദയോടു കൂടിത്തന്നെ അയാൾ പറഞ്ഞു: “ഞാൻ
നിങ്ങൾക്ക് രണ്ടു ടിക്കറ്റാണ് തന്നത്: ഇതാ വീണ്ടും നോക്കാം.”
രാജൻ ടിക്കറ്റെടുത്ത് അയാളുടെ നേരെ നീട്ടി.
“അതെനിക്കറിയാം. ഒന്നു നിങ്ങളുടേതും മറ്റേതു നിങ്ങളുടെ
കൂടെ വന്ന സ്ത്രീയുടേതും. ഇനി, ആ കുട്ടിയുടെ ഒരു
അരടിക്കറ്റുകൂടി വേണം.”
രാജനെ വിലക്കിക്കൊണ്ട് ടിക്കറ്റ് എക്സാമിനർ പറഞ്ഞു.
ഒരപസർപ്പകന്‍റെ ഗംഭീരഭാവത്തെ അയാൾ അനുകരിച്ചിരുന്നു.
രാജൻ ഞെട്ടി. അയാളെന്താണ് കേൾക്കുന്നത്? അയാളുടെ
കയ്യിലുള്ള ടിക്കറ്റ് ഒരു സ്ത്രീയുടേതാണെന്ന്! ആ മനുഷ്യന്
മുഴുത്ത ഭ്രാന്താണല്ലോ. അല്ലാതെ അത്തരം വാക്കുകൾ
പറയാൻ അയാൾ എങ്ങനെ ധൈര്യപ്പെട്ടു? തലയ്ക്കു
വെളിവില്ലാത്ത വൃദ്ധന്മാരെ ഉദ്യോഗത്തിൽ നിർത്തുന്ന
ഗവൺമെന്‍റിനെ അയാൾ ശപിച്ചു. നോക്കണം എന്തെല്ലാം
സൊല്ലകളാണ് അവർ വരുത്തിക്കൂട്ടുന്നത്!
രാജന്‍റെ ഭാവപ്പകർച്ച സൂക്ഷിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു:
“നിങ്ങൾ നിഷേധിക്കുമായിരിക്കും. അത് സാധാരണമാണ്.
പക്ഷേ—”
രാജന് ചൂടുപിടിച്ചു. ടിക്കറ്റ് എക്സാമിനറുടെ വാചകം
പൂർത്തിയാക്കാൻ അയാൾ അനുവദിച്ചില്ല:
“എന്‍റെ കൂടെ ഒരു സ്ത്രീയും വന്നിട്ടില്ല. അസംബന്ധം
പുലമ്പിയാൽ ഞാൻ നിങ്ങളുടെ പേരിൽ കേസു
കൊടുക്കുന്നതാണ്. ഓർമയിരിക്കട്ടെ.”
പ്രായം ചെന്ന ആ ഉദ്യോഗസ്ഥൻ ആ ഭീഷണിയിൽ
അല്പംപോലും ക്ഷോഭിക്കുകയുണ്ടായില്ല. അങ്ങനെ പലതും
കേട്ടു തഴമ്പിച്ചതാണ് അയാളുടെ ചെവി.
എങ്കിലും വിജയഭാവത്തിലുള്ള രാജന്‍റെ നോട്ടം കണ്ടപ്പോൾ
അയാൾക്കു പറയാതിരിക്കാൻ കഴിഞ്ഞില്ല.
“നരകത്തിലോ സ്വർഗ്ഗത്തിലോ എവിടെയെങ്കിലും നിങ്ങൾ
പൊയ്ക്കോളൂ. അതൊന്നും എന്നെ സംബന്ധിക്കുന്നതല്ല.
പക്ഷേ, ഈ കുട്ടിക്ക് അരടിക്കറ്റ്. ഞാൻ നിങ്ങളെ ‘എക്സെസ്’
ചെയ്യും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ജോലി. ഇങ്ങനെ
എത്ര പിത്തലാട്ടങ്ങൾ കണ്ടു കഴിഞ്ഞു!”
“കുട്ടി!”
പണിക്കാരനേയും ടിക്കറ്റ് എക്സാമിനറേയും മാറിമാറി
നോക്കി രാജൻ പൊട്ടിച്ചിരിച്ചു.
“ഞാൻ പറയുമ്പോൾ നിങ്ങൾ ദേഷ്യപ്പെടരുത്. പ്രായത്തിനും
സർവീസിനും യോജിച്ച കാഴ്ചശക്തി നിങ്ങളുടെ
കണ്ണുകൾക്കില്ലെന്നു ഞാൻ ഭയപ്പെടുന്നു. നിങ്ങൾ
വിചാരിക്കുന്നതിലും എത്രയോ വയസ്സു കൂടുതൽ അവനുണ്ട്.”
രാജൻ പറഞ്ഞത് അയാൾ കാര്യമായെടുക്കുകയുണ്ടായില്ല.
പക്ഷേ, പരമാർത്ഥത്തിൽ തെറ്റുപറ്റിയത്
അയാൾക്കുതന്നെയായിരുന്നു. അയാൾക്കെന്നല്ല, ആർക്കും
അങ്ങനെ അമളി പിണയും. മീശമുളയ്ക്കാത്ത ഒരു യുവാവാണ്
അതെന്ന്. രാജന്‍റെ വീട്ടിലെ ഏറ്റവും പഴക്കമുള്ള
വേലക്കാരനാണ് അവൻ. മകൾക്ക് ഒരു സഹായമാകട്ടെ എന്നു
വിചാരിച്ചാണ് അവരുടെ അമ്മ അവനെ അയച്ചത്. നാട്ടിൽനിന്ന്
അവനെ കൂട്ടിക്കൊണ്ടുവന്നപ്പോഴും ഒരു മുഴുവൻ
ടിക്കറ്റുതന്നെയാണ് രാജൻ വാങ്ങിയിരുന്നത്. അന്ന് ആ
കാരണത്താൽ രാജന്‍റെ ‘ഏടത്തിയമ്മ’ രാജനെ
പരിഹസിച്ചിരുന്നു. രാജന് ഒരൊറ്റ മറുപടിയേ അവരോടു
പറയാനുണ്ടായിരുന്നുള്ളു—പണം കൈയിലുള്ളപ്പോൾ കളവു
പ്രവർത്തിക്കുകയോ പറയുകയോ ചെയ്യേണ്ട ആവശ്യമില്ല.
എവിടെയോ കാര്യമായ തകരാറു പറ്റിയിട്ടുണ്ടെന്ന് രാജനു
ബോദ്ധ്യപ്പെട്ടു. കൂടുതൽ നാടകീയമായ സന്ദർഭങ്ങൾ അയാളെ
കാത്തിരിക്കുന്നുണ്ട്. രാജൻ ടിക്കറ്റ് എക്സാമിനറോട്
പൂർണവിവരം ആവശ്യപ്പെടുകയുണ്ടായി. അപരാധം
ചുമത്തപ്പെട്ട നിലയ്ക്ക് എല്ലാമറിയാനുള്ള അവകാശം
അയാൾക്കുണ്ടല്ലോ.
രാജനെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അയാൾ നല്കിയത്.
വയസ്സായ തള്ളയൊന്നുമല്ല. ഒരു നല്ല പതിനേഴുകാരിതന്നെ!
അവളും കയറിയിരിക്കുന്നത് ഇൻഡോറിൽനിന്നാണ്. രാജൻ
വരുന്ന ദിക്കിൽ നിന്നുതന്നെ. പിന്നെ, ആ സ്ത്രീയെ കണ്ടാൽ
അങ്ങനെയൊരു കളവു പറയേണ്ട ആവശ്യമുണ്ടെന്നു
തോന്നുന്നില്ല. അടുത്ത മുറിയിലാണ് അവളുള്ളത്.
വേണമെങ്കിൽ സ്റ്റേഷനിൽ വണ്ടിനിന്നാൽ തനിക്കങ്ങനെയൊരു
കൂട്ടുകാരിയില്ലെന്നു രാജനു തെളിയിക്കാം. അതിനൊരു
മുടക്കവുമില്ല.
രാജൻ സമ്മതം മൂളി. ‘ഖണ്ട്വ’യിലെത്തിയാൽ അയാൾ
അവളെ ചെന്നു കാണും.
വരാൻപോകുന്ന സംഭവങ്ങളെയോർത്തു
ചിന്താമഗ്നനായിരുന്ന രാജൻ ടിക്കറ്റ് എക്സാമിനറുടെ ‘ബഡായി’
ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പണിക്കാരൻ ചെറുക്കൻ ഒരന്തവും
കിട്ടാതെ മിഴിച്ചുനോക്കി. തന്നെപ്പറ്റിയാണ് അവർ
സംസാരിക്കുന്നതെന്ന് അവന് എങ്ങനെയോ മനസ്സിലായിരുന്നു.
പട്ടാളക്കാരൻ ഇതൊന്നും തന്നെ ബാധിക്കുന്ന
കാര്യങ്ങളല്ലെന്നമട്ടിൽ മുഖം വീർപ്പിച്ചിരിക്കുകമാത്രം ചെയ്തു.
നിലാവുള്ള ആ രാത്രിയിൽ, കണ്ണെത്താവുന്ന ദൂരത്തോളം
പരന്നു കിടക്കുന്ന ഭൂമിയിൽനിന്ന് നനഞ്ഞ മണ്ണിന്‍റെ ഗന്ധം
ഉയർന്നുകൊണ്ടിരുന്നു. പുതിയൊരു ജീവിതത്തിന്‍റെ
പേറ്റുനോവുൾക്കൊള്ളുന്ന ആ മണം രാജനെ
ഉന്മേഷഭരിതനാക്കി. ആ വഴി രാജൻ ഇതിന്നുമുമ്പും യാത്ര
ചെയ്തിട്ടുണ്ട്. ആഹ്ലാദകാരിയായ അത്തരമൊരനുഭവം
അന്നൊന്നുമുണ്ടായിട്ടില്ല.
മേഘശകലങ്ങൾ അടുത്തൂകൂടി ഒരു വലിയ വർഷത്തിന്
ഒരുക്കു കൂട്ടുന്നുണ്ടായിരുന്നു. നിലാവിന്‍റെ പ്രഭ ക്രമേണ
മടങ്ങിവന്നു.
‘ഖണ്ട്വ’യിലെത്തി. അവിടെ വണ്ടി കുറച്ചധികനേരം
താമസിക്കും. രാജൻ പുറത്തിറങ്ങി. അയാളുടെ ഹൃദയം ഉറക്കെ
തുടിച്ചുകൊണ്ടിരുന്നു. അടുത്ത കമ്പാർട്ടുമെന്‍റിൽ പോയി
നോക്കുവാനുള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല.
പ്ലാറ്റ്ഫോമിലെ ഘോഷവും ബഹളവുമൊന്നുമറിയാതെ അയാൾ
അവിടെത്തന്നെ നിന്നു.
“ഇതാ—”
“ടിക്കറ്റ് എക്സാമിനറുടെ ശബ്ദം കേട്ടപ്പോൾ രാജൻ
പരിഭ്രമിച്ചു. മുമ്പിലേക്കു നോക്കി. ആ ഉദ്യോഗസ്ഥൻ
പുഞ്ചിരിക്കുന്നു. അടുക്കലായി ആ ചെറുപ്പക്കാരിയുമുണ്ട്.
രാജൻ അവളെ പകച്ചുനോക്കിയെങ്കിലും അയാൾക്ക്
ഒന്നുംതന്നെ വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
പോർട്ടർമാരുടെയും യാത്രക്കാരുടെയും ‘കലപില’ ശബ്ദം
അയാളുടെ ചെവികളിൽ ഇരമ്പി. തന്‍റെ കാലുകൾ
മരവിക്കുന്നതുപോലുള്ള ഒരു തോന്നൽ രാജനുണ്ടായി.
“ഇതുതന്നെയല്ലേ നിങ്ങളുടെ ആൾ?”
ആ ഉദ്യോഗസ്ഥൻ യുവതിയോടു ചോദിക്കുന്നു.
“അതെ.” അവളുടെ മറുപടി.
അയാളുടെ പ്രവൃത്തി കഴിഞ്ഞു. ഇനിയെന്തുവേണമെന്ന
നിലയിൽ അയാൾ നില്പായി. രാജനാണ് തീരുമാനിക്കേണ്ടത്.
പോലീസിൽ ഏല്പിക്കേണ്ടെങ്കിൽ പണിക്കാരന്‍റെ വണ്ടിക്കൂലി
അടയ്ക്കണം.
രാജൻ ജീവിതത്തിലാദ്യമായാണ്
അത്തരത്തിലൊരപമാനത്തിൽ പെടുന്നത്. അയാൾ
കരുതിക്കൂട്ടി കളവു പ്രവർത്തിച്ചുവെന്ന്! അതിനു പുറമേ
എങ്ങോ പോകുന്ന ഒരു പെണ്ണിന്‍റെ ബന്ധുത്വവും അയാളിൽ
ആരോപിക്കപ്പെട്ടിരിക്കുന്നു! രാജൻ ധർമസങ്കടത്തിലായി.
എന്താണ് വേണ്ടത്?
രാജൻ നിലത്തുനിന്നു കണ്ണെടുത്ത് അവളുടെ നേരെനോക്കി.
ആ നോട്ടത്തിൽ അവൾ ദഹിച്ചുപോകണം. ഇനിയൊരിക്കലും
അന്യരെ അങ്ങനെ അപമാനിക്കാൻ അവൾക്കു തോന്നരുത്.
അവളെ അധിക്ഷേപിക്കുവാൻ അയാളുടെ നാവുഴറി.
പക്ഷേ, അയാളങ്ങനെ നിന്നതേയുള്ളു. അവളുടെ
നോട്ടത്തിന്‍റെ തണുപ്പിൽ അയാളുടെ വെറുപ്പും കോപവും
അലിഞ്ഞുപോയി. ആ നീണ്ടുനീലിച്ച കണ്ണുകൾ നനഞ്ഞപോലെ
തോന്നി. അവ മൂകഭാഷയിൽ അയാളോടു യാചിക്കുകയാണ്.
വിഷാദം നിറഞ്ഞ അവളുടെ ഭാവത്തിൽ തീർച്ചയായും ഒരു
കുലീനതയുണ്ട്. ആ ടിക്കറ്റ് എക്സാമിനർ പറഞ്ഞതു
വാസ്തവംതന്നെയാണ്. അവളെ കണ്ടാൽ
നടപ്പുദൂഷ്യമുള്ളവളാണെന്നു പറയാൻ തോന്നുകയില്ല.
എന്നാൽപ്പിന്നെ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പുരുഷനെ
തന്‍റെ കൂട്ടുകാരനാണെന്നു പറഞ്ഞു മിരട്ടുവാൻ
അവൾക്കെങ്ങനെ ധൈര്യം വന്നു? എവിടെയോ ഒരു
പിശകുപറ്റിയിരിക്കണം. അല്ലാതെ അങ്ങനെ വരാൻ തരമില്ല.
പ്ലാറ്റ്ഫോമിലെ ബഹളം കുറഞ്ഞുവന്നു. വണ്ടി പുറപ്പെടാൻ
പോവുകയാണ്. രാജൻ എന്തെങ്കിലും ചെയ്തേ പറ്റൂ. ഒന്നുകിൽ
ആ ബന്ധം നിഷേധിക്കണം, അല്ലെങ്കിൽ പണമടച്ച്
അപമാനഭാരം തലയിലേറ്റണം.
അപ്പോഴും ആ യുവതി അയാളെ നോക്കുന്നുണ്ട്. അവൾ
ഒന്നും പറയുന്നില്ല. എങ്കിലും ആ നോട്ടത്തിന്‍റെ പിറകിൽ
ഹൃദയസ്പൃക്കായ ഒരഭ്യർത്ഥനയുണ്ട്. മിഴിനീർ നിറഞ്ഞ ആ
കണ്ണുകൾ വിശുദ്ധിയുടെ ദീപശിഖകളെപ്പോലെ പ്രകാശിക്കുന്നു.
ടിക്കറ്റ് എക്സാമിനർ തിരക്കുകൂട്ടി.
ആത്മാവിന്‍റെ ആ കിളിവാതിലുകൾ അപ്പോഴും തുറന്നു
കിടക്കുകയാണ്. എന്തെല്ലാം വികാരങ്ങളാണ് അതിലൂടെ
പ്രതിഫലിക്കുന്നത്! വേദനയും അപമാനവും വിഷാദവും
അർത്ഥനയും.
മൗനമുദ്രിതമായ ആ നോട്ടം രാജന്‍റെ ഹൃദയത്തിൽ
തറച്ചുകയറി. അമ്പേല്പിക്കപ്പെട്ട പെൺമാനിന്‍റെ നോട്ടം.
ഒരുപക്ഷേ, ഈശ്വരൻ തന്നെ പരീക്ഷിക്കുകയായിരിക്കാം എന്നു
കരുതി രാജൻ സമാധാനിച്ചു. കീശയിൽനിന്നു പതുക്കെ
പേഴ്സെടുത്തു തുറന്നു. അയാൾ പണിക്കാരന്‍റെ ചാർജ്
കൊടുത്തു. ആ ഉദ്യോഗസ്ഥന്‍റെ വിജയഭാവത്തിൽ രാജന്ന്
അല്പംപോലും ഈർഷ്യ തോന്നിയില്ല. അയാൾ തന്‍റെ പ്രവൃത്തി
നടത്തുകയാണ്. ഒരു പക്ഷേ, അവജ്ഞ കലർന്ന ഒരു സംശയം
അയാൾക്ക് രാജന്‍റെ നേരെ തോന്നിയേക്കാം. ആ പണിക്കാരനും
സംശയിച്ചു കാണും. എല്ലാവരും സംശയിക്കട്ടെ, രാജനറിയാം
താൻ എന്താണ് ചെയ്യുന്നതെന്ന്.
മനസ്സിൽനിന്ന് വലിയൊരു ഭാരം നീങ്ങിയാലുണ്ടാവുന്ന
ആശ്വാസം രാജനനുഭവപ്പെട്ടു.
വണ്ടിയിളകിയപ്പോൾ അവരിരുവരം ഒരേ മുറിയിൽത്തന്നെ
കയറി—രാജനും ആ ചെറുപ്പക്കാരിയും. പട്ടാളക്കാരനു പുറമേ
മുറിയിൽ വേറെയും പലരുമുണ്ടായിരുന്നു; ‘ഖണ്ട്വ’യിൽ നിന്നു
കയറിയവർ. അവരാരുംതന്നെ രാജനെ സംശയം കലർന്ന
ദൃഷ്ടിയോടെ നോക്കിയില്ല. പട്ടാളക്കാരൻ ബട്ടൻ
തിരുപ്പിടിച്ചുകൊണ്ടിരിക്കയായിരുന്നു അപ്പോഴും.
ബഞ്ചിന്‍റെ അറ്റത്തായി ക്ഷീണഭാവത്തിൽ തലചായ്ച്ചിരുന്ന
ആ ചെറുപ്പക്കാരിയെ രാജൻ ഇടങ്കണ്ണാലെ നോക്കി.
അവളറിയാതെതന്നെ അവളെ രാജൻ ‘പഠിക്കുവാൻ’ തുടങ്ങി.
വെളുപ്പുനിറത്തിൽ കറുത്ത പുള്ളികളോടുകൂടിയ സാരിയാണ്
അവൾ ധരിച്ചിരുന്നത്. അതു പലേടത്തും കീറുകയും
മുറിയുകയും ചെയ്തിട്ടുണ്ട്. ആ മഞ്ഞബ്ലൗസിന്‍റെ സ്ഥിതിയും
അതുതന്നെ. ഒരുപക്ഷേ, അഴുക്കുപിടിച്ചതിനാലായിരിക്കാം,
അതിന്‍റെ നിറം അങ്ങനെയായത്. അവൾ കുളിച്ചിട്ട് നാളുകൾ
ഒട്ടേറെയായിരിക്കണം. ആ മുടി അതു വിളിച്ചുപറയുന്നുണ്ട്.
പക്ഷേ, ആ ദയനീയനിലയിലും അവൾ
സുന്ദരിതന്നെയായിരുന്നു.
പുറത്തു കാറ്റു ശക്തിയോടെ വീശുകയാണ്. ആ യുവതി
ജനലടച്ചു തിരിഞ്ഞിരുന്നപ്പോൾ അവരുടെ കണ്ണുകളിടഞ്ഞു.
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. പാതി തുറന്ന വായും
പൂർണമായി വിടർന്ന കണ്ണുകളും രാജനെ ആകർഷിച്ചു. ആ
നോട്ടത്തിൽ ഒരു ദുരുദ്ദേശ്യവുമില്ല. അതിൽ നന്ദി മാത്രമേയുള്ളു.
“മഴ പെയ്യുമെന്നു തോന്നുന്നു.”
അവരുടെ മുമ്പിലിരുന്ന ഒരു മധ്യവയസ്കൻ
ആരോടെന്നില്ലാതെ പറഞ്ഞു. രാജൻ തലയാട്ടി. ഒരു
വർഷത്തിന്‍റെ ഒരുക്കങ്ങൾ പുറത്തുതകൃതിയായി
നടക്കുന്നുണ്ടായിരുന്നു.
അവളോട് എന്തെങ്കിലും പറയണമെന്ന് രാജനു തോന്നി.
പക്ഷേ, എവിടെനിന്നാണ് തുടങ്ങേണ്ടത്? ഒരുപക്ഷേ, അവളുടെ
ദയനീയാവസ്ഥയെ താൻ ചൂഷണംചെയ്യുകയാണെന്ന്
അവൾക്ക് തോന്നുമായിരിക്കാം.
വാതിലിന്‍റെ ‘ഷട്ടറ’ടയ്ക്കുവാൻ ആ മധ്യവയസ്കൻ
എണീറ്റപ്പോൾ അവരുടെ കാലുകൾ കൂട്ടിമുട്ടുകയുണ്ടായി.
അതൊരു സന്ദർഭമായിരുന്നു. ധൈര്യമവലംബിച്ചുകൊണ്ട്
രാജൻ ചോദിച്ചു:
“നിങ്ങൾ ഏതുവരെയുണ്ട്? ഞാൻ ജബൽപ്പൂരിലേക്കാണ്.”
അതു കേട്ടപ്പോൾ ആ യുവതിയുടെ ഹൃദയം പൊടുന്നനെ
ഇരുണ്ടു. പക്ഷേ, ആ ഭാവപ്പകർച്ച അല്പനേരത്തേക്കു
മാത്രമേയുണ്ടായിരുന്നുള്ളു. ആ ചുണ്ടുകളിൽ ഒരു വിളർത്ത
പുഞ്ചിരി പ്രത്യക്ഷപ്പെട്ടു:
“ഞാനോ, ഞാൻ, എനിക്കുതന്നെ നിശ്ചയമില്ല!”
ആ മറുപടി രാജന്‍റെ ജിജ്ഞാസയുടെ പിരിമുറുക്കം
കൂട്ടുകയാണു ചെയ്തത്. ഔത്സുക്യത്തോടെ രാജൻ അവളുടെ
നേരെ നോക്കി. ആ നോട്ടം അർത്ഥഗർഭമായിരുന്നു.
“നിങ്ങൾക്കു വല്ല സഹായവും ചെയ്തു തരുവാൻ എനിക്കു
കഴിയുമോ?” എന്നായിരുന്നു അതിന്‍റെ താത്പര്യം. ആ യുവതി
ഒരുപക്ഷേ, അതു മനസ്സിലാക്കിയിരിക്കണം.
“നിങ്ങളെ ബുദ്ധിമുട്ടിച്ചതിന് ഞാൻ മാപ്പുചോദിക്കുന്നു.
എനിക്കു വേറെ നിവൃത്തിയുണ്ടായിരുന്നില്ല. എന്നെ
നിരസിക്കുകയില്ലെന്നു നിങ്ങളെ കണ്ടപ്പോൾ എനിക്കു തോന്നി.”
താൻ പറഞ്ഞതു കുറെ കടന്നുപോയെന്നു
തോന്നിയതുകൊണ്ടായിരിക്കാം ആ യുവതി നിർത്തി. പക്ഷേ,
രാജന് അത് അധികപ്പറ്റായിത്തോന്നിയില്ല. അയാൾക്കു
കൂടുതൽ കേൾക്കണം.
“എന്നെ തെറ്റിദ്ധരിക്കുകയില്ലെന്നു ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ കഥ കേൾക്കുവാൻ എനിക്കിഷ്ടമുണ്ട്.”
“ഓ, എന്‍റെ കഥയോ? എനിക്കു സ്വന്തമായി ഒരു കഥയുമില്ല.
എന്‍റെ കഥ, ഈ നാട്ടിലെ എന്നെപ്പോലുള്ള പലരുടെയും
കഥയാണ്.”
അല്പനേരത്തെ മൗനത്തിനുശേഷം ആ യുവതി തന്നെ
സംബന്ധിക്കുന്ന വലിയ പരമാർത്ഥം വെളിപ്പെടുത്തി:
“കറാച്ചിയിലാണ് ഞാൻ ജനിച്ചുവളർന്നത്. അവിടെയാണ്
ഞാൻ പഠിച്ചതും. പക്ഷേ, അതൊക്കെ മുമ്പായിരുന്നു. ഇന്ത്യ
വിഭജിക്കുന്നതിനു മുമ്പ്.”
റെയിൽപാളത്തിലൂടെ ചക്രങ്ങൾ നീങ്ങുമ്പോഴുണ്ടാകുന്ന
ശബ്ദം ആ സ്ത്രീയുടെ വേദനനിറഞ്ഞ സ്വരത്തിൽ
ലയിച്ചുപോയി. രാജൻ സ്തംഭിച്ചിരുന്നു. അയാളുടെ പ്രതീക്ഷകൾ
അയാളെ വഞ്ചിക്കുകയാണു ചെയ്തത്! വീട്ടിൽനിന്നും വല്ല
കാരണത്താലും നിരാശതോന്നി ഒളിച്ചോടിയ ഒരു
യുവതിയായിരിക്കാം അതെന്നായിരുന്നു രാജൻ
വിചാരിച്ചിരുന്നത്. പ്രായം അതാണല്ലോ.
പുറത്ത് കാറ്റ് കൂടുതൽ ശക്തിയോടെ വീശിക്കൊണ്ടിരുന്നു.
പട്ടാളക്കാരൻ തന്‍റെ പെട്ടിയും ‘കിറ്റു’മെടുത്തു താഴെ വെച്ചു.
അയാളുടെ സ്റ്റേഷൻ സമീപിക്കയാണ്. രാജന്‍റെ പണിക്കാരന്‍റെ
കണ്ണുകൾ അയാളുടെ തിളങ്ങുന്ന ബൂട്ടിലും
കുപ്പായത്തിലുമായിരുന്നു. ആ മുറിയിലുള്ളവരെല്ലാവരും
ആനന്ദിക്കുന്നതുപോലെ കാണപ്പെട്ടു.
രാജന്‍റെ മനസ് അവിടെയൊന്നുമായിരുന്നില്ല. ഒരു
സ്വതന്ത്രനായ സഞ്ചാരിയെന്ന നിലയിൽ കറാച്ചിയിലും
ലാഹോറിലും റാവൽപ്പിണ്ടിയിലും കഴിച്ചുകൂട്ടിയ നാളുകൾ
അയാൾ ഓർമിക്കുകയായിരുന്നു. അവിടത്തെ ജനങ്ങളുടെ
സുഖദുഃഖങ്ങളിൽ അയാളും പങ്കുകൊണ്ടിട്ടുണ്ട്, അവരോടൊപ്പം
അവരുടെനേട്ടങ്ങളിൽ അയാളും അഭിമാനംകൊണ്ടിട്ടുണ്ട്. ആ
ഭാഗങ്ങൾ ഇന്ത്യയിൽനിന്നു വേർപെടുത്തപ്പെട്ടപ്പോൾ അയാളുടെ
ആത്മാവിനു ക്ഷതമേറ്റിരുന്നു. ഇന്നിതാ ആ മുറിവു പിളർന്നു
ചോര വീണ്ടും പ്രവഹിക്കുന്നു!
തന്‍റെ സമീപത്തു ജീവിക്കുന്ന ആ മെലിഞ്ഞ യുവതിയെ
നോക്കിയപ്പോൾ രാജന് ആശ്ചര്യവും വിഷാദവും
അനുഭവപ്പെടുകയുണ്ടായി. ആ പൂവ് പൂർണമായും
വിടരുന്നതിനു മുമ്പുതന്നെ കരിഞ്ഞു വീഴുകയാണ്.
അഭിലാഷങ്ങളെല്ലാം തകർന്നടിഞ്ഞതിനുശേഷവും അവൾ
ജീവിക്കുന്നു. ഒരുപക്ഷേ, കറാച്ചിയിലെ ഒരഭിഭാഷകന്‍റെ
മകളായിരിക്കാം, ആ യുവതി. അല്ലെങ്കിൽ ഒരു ഡോക്ടറുടെയോ
പ്രൊഫസറുടെയോ ജീവിതത്തിന്‍റെ അന്തഃപുരത്തിൽ
സൗഭാഗ്യങ്ങളിണങ്ങിയ ഒരു കൊച്ചു കുമാരിയായി
കഴിഞ്ഞിരുന്നപ്പോൾ അവൾ സ്വപ്നത്തിൽപോലും
നിനച്ചിരിക്കില്ല, അത്തരത്തിലൊരു വിധി തനിക്കു
വന്നുചേരുമെന്ന്. ഒരുപക്ഷേ, വിശാലമായ ഈ നാട്ടിൽ
തെണ്ടിത്തിരിയാനായിരിക്കാം, അവളുടെ യോഗം.
കോളിലകപ്പെട്ട ആ തോണി ഏതു കരയ്ക്കായിരിക്കും
അടിയുന്നത്?
അങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ രാജന്‍റെ
മുമ്പിലൂടെ ഒരായിരം അഭയാർത്ഥികൾ കടന്നുപോയി.
അവരുടെയിടയിൽ പലതരക്കാരുമുണ്ടായിരുന്നു. കുട്ടികളും
വൃദ്ധന്മാരും സ്ത്രീകളും; ബംഗാളികളും പഞ്ചാബികളും.
ഉത്കടമായ നിരാശയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും
അവരെ വേദനിപ്പിച്ചിരുന്നു. ആ വലിയ ജനപ്രവാഹം
നിലയ്ക്കാതെ എങ്ങോട്ടാണു നീങ്ങുന്നത്?
ആ കൂട്ടത്തിൽ പരിചയമുള്ള പല മുഖങ്ങളും രാജൻ കണ്ടു.
എവിടെ വെച്ചാണ് അവരെ കണ്ടത്? ഓർമ ലഭിക്കുന്നില്ല.
കണ്ടിരിക്കുന്നു; അതു തീർച്ചയാണ്.
“ചൂടു കഠിനമാണ്; മഴ പെയ്യും.”
കെട്ടും മാറാപ്പുമായി ആ മധ്യവയസ്കൻ ഇറങ്ങിയപ്പോൾ
പറഞ്ഞു. രാജൻ അതു കേട്ടു ഞെട്ടിയുണർന്നു—ഒരു
മയക്കത്തിൽനിന്നെന്നപോലെ. ആ മുറി
അതേനിലയിൽത്തന്നെയുണ്ട്. പഴയ കുറേപ്പേർ ഇറങ്ങുകയും
പുതുതായി ചിലർ കയറുകയും ചെയ്തിരിക്കുന്നു.
അപ്പുറത്ത് ആരോ രണ്ടുപേർ സംശയം തീർക്കുന്നു:
“അടുത്തത്?”
“ജബൽപ്പൂർ”
അവിടെയാണ് രാജനും ഇറങ്ങേണ്ടത്.
ആ യുവതി അതിനപ്പുറവും സഞ്ചരിച്ചേക്കും.
അങ്ങനെയാണല്ലോ രാജനോടു പറഞ്ഞത്. കൂടുതൽ
കഷ്ടപ്പാടും അപമാനവും അവൾക്കു സഹിക്കേണ്ടിവരും.
എങ്കിലും എന്തൊരു നിശ്ചയദാർഢ്യമാണ് ആ മുഖത്തു
പ്രകാശിക്കുന്നത്! ഭാവി ആശാവഹമായി അവൾ
കാണുന്നുണ്ടോ?
നൂറ്റാണ്ടുകൾക്കപ്പുറത്ത്, രാജപുത്താനയിലെ ഒരു
കൊട്ടാരത്തിന്‍റെ ഉള്ളിൽവെച്ച് ആ യുവതിയെ താൻ
കണ്ടുമുട്ടുന്നതായി രാജൻ സങ്കല്പിച്ചു. അയാളുടെ ചുണ്ടുകൾ
അവ്യക്തമായി മന്ത്രിച്ചു:
‘പത്മിനി—’
ചിത്തോരിന്‍റേയും മേവാറിന്‍റേയും ചിത്രങ്ങൾ!
ചെറുപ്പത്തിലേ രാജൻ വീരാരാധകനായിരുന്നു.
അതിനാലായിരിക്കാം ആ യുവതിക്കു രാജന്‍റെ ഹൃദയത്തിൽ
വികാരത്തിന്‍റെ തന്ത്രികളെ എളുപ്പത്തിൽ ചലിപ്പിക്കുവാൻ
കഴിഞ്ഞത്.
തന്‍റെ നാട്ടിന്‍റെ അമർത്താനാവാത്ത
സ്വാതന്ത്ര്യവാഞ്ഛയാണ് ഒരു നേർത്ത ദീപനാളംപോലെ തന്‍റെ
അരികിലിരിക്കുന്നതെന്നതോർത്തപ്പോൾ രാജൻ
അഭിമാനപുളകമണിഞ്ഞു. ഭയങ്കരമായ ജ്വാലാമാലകൾക്ക് ആ
തിരി കാരണമായെന്നു വരും.
കാറ്റിന്‍റെ ശക്തി കൂടിക്കൊണ്ടുവന്നു. അടച്ചുപൂട്ടപ്പെട്ട ആ
മുറിയിൽ ഉഷ്ണം കലശലായിരുന്നു. എങ്കിലും ആരും ജനൽ
തുറന്നില്ല. അടുത്തു തന്നെ മഴയുണ്ടാകുമെന്നോർത്ത്
ആശ്വസിക്കുകയുംചെയ്തു.
അവരിരുവരും ഒന്നും സംസാരിക്കാതെയിരുന്നു. അല്പംകൂടി
കഴിഞ്ഞാൽ രാജനും മറ്റുള്ളവരെപ്പോലെതന്നെ ഇറങ്ങിപ്പോകും.
പിന്നീട് ആ യുവതിയെ കാണാൻ കഴിഞ്ഞെന്നുവരില്ല.
ദുഃഖിതയായ ആ സ്ത്രീയെ ആശ്വസിപ്പിക്കേണ്ട കടമ രാജനുണ്ട്.
“ഞാൻ മാപ്പുചോദിക്കുന്നു! ആ പഴയ സംഭവങ്ങൾ വീണ്ടും
ഓർമിക്കുവാനിടവരുത്തിയതിൽ എനിക്കു വ്യസനമുണ്ട്.”
അങ്ങനെ പറഞ്ഞപ്പോൾ രാജന്‍റെ സ്വരത്തിൽ അനുകമ്പയും
സ്നേഹവും സ്ഫുരിച്ചിരുന്നു.
“മാപ്പ്! അതു ഞാൻ നിങ്ങളോടാണല്ലോ ചോദിക്കേണ്ടത്.
എന്‍റെ മനസ് മരവിച്ചുപോയിരിക്കുന്നു. ആളുകളോട്
എങ്ങനെയാണ് പെരുമാറേണ്ടതെന്നുപോലും എനിക്കു
നിശ്ചയമില്ല.”
ആ യുവതി തന്‍റെ ശോകഭാരം മറക്കുവാനായി പുഞ്ചിരിച്ചു.
നിഷ്കളങ്കമായ ആ മുഖത്ത് അപ്പോൾ ചിന്തയുടെ ചുളിവുകൾ
വീഴുന്നുണ്ടായിരുന്നു.
രാജൻ വാച്ചിലേക്കു നോക്കി. ജബൽപ്പൂരിലെത്താൻ ഇനി
അധികമൊന്നും സമയം വേണ്ട. പക്ഷേ, വണ്ടി വളരെ
പതുക്കെയാണ് നീങ്ങുന്നത്. അയാൾക്കതിൽ
സന്തോഷമേയുണ്ടായിരുന്നുള്ളു. അനാഥയായ ആ യുവതിയെ
അത്ര വേഗത്തിൽ വിട്ടുപിരിയുന്നത് രാജന് ഇഷ്ടമുള്ള
കാര്യമായിരുന്നില്ല.
“എന്‍റെ സ്റ്റേഷൻ അടുത്തുവരികയാണ്. നാം ഇനി
കണ്ടുവെന്നു വരില്ല. പക്ഷേ, ഓർമ എന്നും നില്ക്കുന്നതാണ്.”
രാജൻ അവൾക്കു തന്‍റെ നാടും വീടും പറഞ്ഞുകൊടുത്തു.
ശാന്തിയുടെ വിളനിലമായ ആ ഭൂമിയിലൂടെ എപ്പോഴെങ്കിലും
കടന്നു പോകുമ്പോൾ രാജനെ അവൾ ഓർമിക്കണം,
അയാളുടെ വീട്ടിൽ അവൾ പോകേണ്ടതാണ്. അയാളില്ലെങ്കിൽ
അയാളുടെ അമ്മയുണ്ടാകും അവിടെ.
തെങ്ങിൻതോപ്പുകളും നെൽവയലുകളുമുള്ള തന്‍റെ
ഗ്രാമപ്രദേശത്തെ രാജനോർത്തു. അവിടെയൊരിക്കലും
വർഗീയലഹളകളുണ്ടായിട്ടില്ല. വിദ്വേഷത്തിന്‍റെ തീയുണ്ടകളും
കഠാരികളും അന്യദിക്കുകളിൽ പറന്നപ്പോൾ അവിടംമാത്രം
ശാന്തിയുടെ മടിത്തട്ടിൽ സ്വപ്നംകണ്ടു കിടക്കുകയായിരുന്നു.
അവരങ്ങനെ ജീവിച്ചുപോരാൻ തുടങ്ങീട്ടു നൂറ്റാണ്ടുകൾതന്നെ
എത്രയോ ആയിക്കാണും!
വരാനിരിക്കുന്ന കൊല്ലങ്ങളും അവരെ ഐക്യത്തിലും
മമതയിലും തന്നെ കാണുകയില്ലേ? വടക്കുനിന്നു പുറപ്പെട്ട ആ
വിഷക്കാറ്റ് തെക്കോട്ടു മാറി വീശുമോ?
രാജൻ പൊടുന്നനെ ചോദിച്ചു: “നിങ്ങൾക്കു ഭാവിയിൽ
വിശ്വാസമുണ്ടോ?”
ആ ചോദ്യം കേട്ടപ്പോൾ ആ യുവതി അമ്പരന്നില്ല. അവളുടെ
ഭാവം കണ്ടാൽ തോന്നും അങ്ങനെ ഒരു ചോദ്യം
പ്രതീക്ഷിച്ചതാണെന്ന്.
“ഉവ്വ്; ഞാൻ ഭാവിയിൽ വിശ്വസിക്കുന്നു. ഈ നാട്ടിന്‍റെ
മാത്രമല്ല; മനുഷ്യരാശിയുടെ മുഴുവൻ.”
ആ സ്വരം പരുഷമായിരുന്നില്ല. ആ കണ്ണുകൾ അപ്പോൾ
തിളങ്ങിയിരുന്നു. അവ ഭാവിയിലേക്കു ബഹുദൂരം
സഞ്ചരിക്കുകയായിരുന്നു.
രാജന്‍റെ ചേതനയിൽ ഇക്കിളിയുണ്ടായി. ഒരു
നിശ്വാസത്തോടെ അയാൾ പറഞ്ഞു: “പത്മിനി!”
“പത്മിനി—” ആ യുവതി അത്ഭുതം പ്രകടിപ്പിച്ചു.
“അതെ; ചരിത്രത്തിലെ പത്മിനി. അല്ലാവുദീന്‍റെ—”
രാജനു തന്‍റെ വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ
യുവതി ഇടയിൽ കയറി പറഞ്ഞു: “സുഹൃത്തേ നിങ്ങൾക്കു
തെറ്റുപറ്റിയിരിക്കുന്നു. എന്താണ് നിങ്ങൾ പറയുവാൻ
പോകുന്നതെന്ന് എനിക്കറിയാം. പ്രതികാരത്തിന്‍റെ കൊടുങ്കാറ്റു
സൃഷ്ടിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. ഒരുപക്ഷേ,
അറിയാതെയായിരിക്കാം. ആ ലഹളകളുടെ സ്വാദ്
ഇത്തിരിയെങ്കിലും അനുഭവിച്ചിരുന്നുവെങ്കിൽ
അതാവർത്തിക്കപ്പെടാൻ നിങ്ങളാഗ്രഹിക്കുമായിരുന്നില്ല.”
രാജൻ ആകെ വിയർത്തുപോയി. അയാൾ
അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല. ആവേശത്തിന്‍റെ
തള്ളിച്ചയിൽ അറിയാതെ പറഞ്ഞു പോയി. ആ വാക്ക് അങ്ങനെ
വ്യാഖ്യാനിക്കപ്പെടുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ—
“പക്ഷേ, ഞാൻ” അയാൾ തന്‍റെ നില വ്യക്തമാക്കാൻ ശ്രമിച്ചു.
“വേണ്ട; എനിക്കറിയാം. എനിക്കനുഭവങ്ങളുണ്ട്. അവയുടെ
രൂപം മാറിയെന്നുവരാം. പക്ഷേ, എല്ലാം ഒന്നുതന്നെ. പ്രത്യേകിച്ചും
നിങ്ങളെപ്പോലെ പഠിച്ചറിവുള്ളവരാണ് ഇതിനു മുതിരുന്നത്. ഈ
വിശാലമായ നാട്ടിൽ അനൈക്യത്തിന്‍റെ വിത്തുകളാണ് നിങ്ങൾ
വിതയ്ക്കുന്നത്. നിങ്ങളെന്നെ പത്മിനിയെന്നു വിളിക്കുന്നു.
പക്ഷേ, നിങ്ങളറിയുന്നില്ല, ലാഹോറിലേയും കറാച്ചിയിലേയും
തെരുവുകളിൽ എന്നെപ്പോലെ നൂറായിരംപേർ
അലയുന്നുണ്ടെന്ന്. അവരും മാനമുള്ളവർതന്നെയാണ്.
ബംഗാളിൽനിന്നും പഞ്ചാബിൽനിന്നും പോയ ആ പാവങ്ങൾ
വഞ്ചിക്കപ്പെട്ടിരിക്കുന്നു. അവരുടെയിടയിലുള്ള സലിമയേയും
ആയിഷയേയും എന്തു പേർ ചൊല്ലിയാണ് നിങ്ങൾ വിളിക്കുക?
പത്മിനിയെന്നുതന്നെ വിളിക്കുമോ? എന്നാൽ നിങ്ങൾക്കു
തെറ്റുപറ്റിയിട്ടില്ല. മനുഷ്യൻ എല്ലായിടത്തും ഒന്നാണ്!”
മഴ പെയ്യുവാൻ തുടങ്ങി. കമ്പാർട്ടുമെന്‍റിന്‍റെ ജനലുകൾ
തുറക്കപ്പെട്ടു. അതുവരെയുള്ള ചൂടുനിശേഷം നീങ്ങി. ആളുകളെ
തണുപ്പു ബാധിക്കുകയുണ്ടായി.
ആ സ്ത്രീ പറഞ്ഞതിൽ കാര്യമുണ്ടെന്നു രാജനു തോന്നി.
മനുഷ്യൻ എല്ലായിടത്തും ഒന്നുതന്നെയാണ്. പക്ഷേ, അങ്ങനെ
ചിന്തിക്കുന്നവർ എത്രപേർ കാണും? ചുരുക്കംമാത്രം. ആ യുവതി
വർഗീയലഹളകളുടെ അഗ്നികുണ്ഡത്തിലൂടെ
മുന്നോട്ടുവന്നവളാണ്. അവൾക്കും അവളെപ്പോലുള്ള
മറ്റെല്ലാവർക്കും അതെന്താണെന്നു നല്ലപോലെ അറിയാം. അവ
ഇനിയും വരാതിരിക്കാൻ അവർ ആശിക്കുന്നുണ്ടാവാം.
“നിങ്ങൾ പറഞ്ഞതു ശരിയാണ്.”
അതു കേട്ടപ്പോൾ ആ യുവതിയുടെ മുഖം സന്തോഷത്താൽ
തുടുത്തു.
“ഒന്നുകൂടി ഞാൻ നിങ്ങൾക്കു വിവരിച്ചുതരാം.
വിഭജനത്തിനുശേഷം ബോർഡറിൽനിന്ന് ഞങ്ങളെ കൈയേറ്റത്
ഇന്ത്യയിലെ പട്ടാളക്കാരായിരുന്നുവല്ലോ. അവർ എങ്ങനെയാണ്
ഞങ്ങളോടു പെരുമാറിയതെന്നു നിങ്ങളറിയുമോ?
അവരെല്ലാവരും ഹിന്ദുക്കളായിരുന്നു. ഡൽഹിയിലെ
കോളനിയിൽ മൃഗങ്ങൾക്കുപോലും നാണമുണ്ടാക്കുന്ന
കൃത്യങ്ങൾ നടന്നിട്ടുണ്ട്. എന്‍റെ അച്ഛൻ അവിടെവെച്ചാണ്
മരിച്ചത്. അമ്മ—”
ആ യുവതി പെട്ടെന്നു നിർത്തി. അവളുടെ ശബ്ദം
ഇടറുന്നുണ്ടായിരുന്നു. പുറത്ത് ഇരുട്ടിലേക്കു നോക്കിക്കൊണ്ടു
തന്നോടെന്നപോലെ അവൾ പറയുന്നത് രാജൻ കേട്ടു:
“അവിടെ ഹിന്ദുക്കൾ മാത്രമേയുണ്ടായിരുന്നുള്ളു!”
രാജന് അതിന്‍റെ അർത്ഥം മനസ്സിലായി.
അകലെ വിളക്കുകൾ ദൃശ്യമായി. വണ്ടി സ്റ്റേഷൻ
സമീപിക്കുകയാണ്.
ജബൽപ്പൂർ.
രാജനും ആ തിരക്കിൽ പണിക്കാരനേയുംകൂട്ടി പുറത്തിറങ്ങി.
ജ്യേഷ്ഠൻ തന്നെ കൂട്ടുവാൻ വന്നിരിക്കുമോ എന്നൊന്നും
അയാൾ അപ്പോൾ ആലോചിക്കുകയുണ്ടായില്ല. മനസ്സിൽ
ചിന്തകൾ പുലർ കാലത്തെ മഞ്ഞുപോലെ അവ്യക്തമായി
പടർന്നുപൊങ്ങിയിരുന്നു.
കഴിയുന്ന വേഗത്തിൽ വെളിയിലെത്താൻ ആളുകൾ
ബദ്ധപ്പെടുമ്പോൾ ആ കമ്പാർട്ടുമെന്‍റിന്‍റെ മുമ്പിൽ രാജൻ
സംശയിച്ചുനില്ക്കുകയായിരുന്നു. മഴ അപ്പോഴും
പെയ്തുകൊണ്ടിരുന്നു. ആ യുവതി അവിടെത്തന്നെ
ഇരിക്കുകയാണ്. രാജൻ എന്താണു പറയേണ്ടത്?
“മഴ ഇപ്പോഴൊന്നും തീരുമെന്നു തോന്നുന്നില്ല.”
ആ യുവതി ചിന്തയിലാണ്ടപോലെ കാണപ്പെട്ടു.
“അതൊരാവശ്യമാണ്. തപിച്ച ഈ ഭൂമി ജലകണങ്ങൾ വീണു
കുതിരട്ടെ! എന്നാൽ മാത്രമേ പുതിയൊരു ജീവിതത്തിന്‍റെ പച്ച
നാളെ നമുക്കിവിടെ കാണുവാൻ കഴിയുകയുള്ളു!”
വണ്ടി നീങ്ങിയപ്പോൾ മാത്രമേ രാജൻ വെളിയിലേക്കു
കടന്നുള്ളു. അയാൾ ഒന്നുംതന്നെ കാണുന്നുണ്ടായിരുന്നില്ല.
അനാഥയായ ആ യുവതിയുടെ വിഷാദകലുഷമെങ്കിലും
ആശനിറഞ്ഞ മുഖം മുമ്പിൽ വന്നു നില്ക്കുന്നു! രൂപംപൂണ്ട
പുതിയ ഇന്ത്യയെയാണ് താൻ കമ്പാർട്ടുമെന്‍റിൽ
വിട്ടുപിരിഞ്ഞതെന്ന് രാജനു തോന്നി.
പ്ലാറ്റഫോമിനു വെളിയിൽവന്ന് ഇരുട്ടിനെ കീറി മുന്നോട്ടു
നീങ്ങുന്ന വണ്ടിയെ നോക്കിയപ്പോൾ ഈ ചിന്തകൾ രാജന്‍റെ
മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.
ആ വണ്ടിക്കു നിശ്ചിതമായ ഒരു ലക്ഷ്യമുണ്ട്. പക്ഷേ,
അതിലുള്ള സ്ത്രീക്കോ?
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

വരിവരിയായി നില്ക്കുന്ന കാറ്റാടിമരങ്ങളിലൊന്നിന്‍റെ


ചുവട്ടിലാണ് ഞാനിരിക്കുന്നത്.
എന്‍റെ മുമ്പിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു കോട്ടയാണ്.
കടലിലേക്കു തള്ളിനില്ക്കുന്ന ഒരു പാറമേലാണ് കോട്ട. ആരു
പണിതുവെന്നോ എപ്പോൾ പണിതുവെന്നോ ഒന്നും എനിക്കു
നിശ്ചയമില്ല. ഒരുപക്ഷേ, ഈ ഭൂമി ഉണ്ടായ നാൾമുതല്ക്കേ ഈ
കോട്ടയും ഇവിടെ ഉണ്ടായിരിക്കാം. എന്‍റെ ചെറുപ്പത്തിൽ
എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നും അങ്ങനെ തോന്നുന്നു.
ഓർമവെച്ച നാൾമുതല്ക്കേ ഞാൻ ചുറ്റിത്തിരിയാൻ
തുടങ്ങിയിരിക്കുകയാണ്. അനുഭവങ്ങളുടെ
വിഴുപ്പുഭാണ്ഡവുംപേറി ജീവിതത്തിന്‍റെ ദുർഗമങ്ങളായ
വഴികളിലൂടെ ഞാൻ സഞ്ചരിക്കുന്നു. പല നാടുകളും കണ്ടു.
പലരുമായി ഇടപഴകി. പക്ഷേ, അസ്വസ്ഥമായ എന്‍റെ മനസ്സിന്
സമാധാനം ലഭിച്ചുവോ?
ഇല്ല!
എങ്കിലും ഈ പഴയ നഗരത്തിലേക്കു
തിരിച്ചുവരുമ്പോഴൊക്കെ എന്തെന്നില്ലാത്ത ഒരാശ്വാസം എനിക്കു
ലഭിക്കാറുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പു ഞാൻ വിട്ടുപിരിഞ്ഞ
എന്‍റെ അമ്മയാണ് ഈ നഗരം. ഇവിടത്തെ ഇടുങ്ങിയ
തെരുവുകളും വലിയ മൈതാനവും അമ്പലവും പള്ളിയും,
എല്ലാറ്റിനുമുപരിയായി ഈ ഇടിഞ്ഞുപൊളിഞ്ഞ കോട്ടയും എന്‍റെ
സ്വന്തമാണെന്ന് എനിക്കു തോന്നുന്നു.
ഇവിടത്തെ ഓരോ മണൽത്തരിയും എനിക്കുവേണ്ടി
സൃഷ്ടിക്കപ്പെട്ടതാണ്.
ഇവിടെവെച്ചാണ് ഞാൻ ഒരു കൊല്ലംമുമ്പ് ഒരു പുതിയ
മനുഷ്യനായതും.
മറയാൻപോകുന്ന സൂര്യന്‍റെ രശ്മികൾ കാറ്റാടിയുടെ
തൂങ്ങിക്കിടക്കുന്ന ചില്ലകളിലൂടെ കടന്നുവരുമ്പോൾ ആളുകൾ
കടല്ക്കരയിൽ നിന്നു മടങ്ങുകയായിരുന്നു. കുറച്ചുപേരേ
ഉണ്ടായിരുന്നുള്ളു. ഉള്ളവരിലധികവും
പ്രായംകൂടിയവരായിരുന്നുതാനും. മഞ്ഞുവീഴുന്നതിനുമുമ്പേ
വീട്ടിലെത്തണമെന്ന നിർബന്ധത്തോടെയാണ് അവർ
നടന്നിരുന്നത്. കഴുത്തിൽ മഫ്ളർ ചുറ്റിക്കെട്ടി, വലിയ
ചൂരൽവടികൾ ചുഴറ്റിക്കൊണ്ട്, അവർ എന്നെ കടന്നുപോയി.
ചെറുപ്പക്കാർക്ക് ഒരു ബദ്ധപ്പാടും കണ്ടില്ല.
കൈകോർത്തുപിടിച്ചും തോളോടുതോളുരുമ്മിയും അവർ
പതുക്കെ നടന്നകന്നപ്പോൾ എന്തുകൊണ്ട് ഇരുട്ടു വേഗം
പരക്കുന്നില്ല എന്ന വിഷാദമേ അവർക്കുള്ളുവെന്ന് എനിക്കു
തോന്നി.
അവരാരും എന്നെ ശ്രദ്ധിച്ചില്ല.
പക്ഷേ, ഞാൻ അവരെ സൂക്ഷിക്കുന്നുണ്ടായിരുന്നു.
കുറെ മുമ്പായിരുന്നുവെങ്കിൽ ഞാൻ അവരെ നോക്കി
അസൂയപ്പെട്ടേനേ. ഒരു നെടുവീർപ്പോടെ പറഞ്ഞുവെന്നും വരും:
“ആഹ്ലാദിക്കാൻമാത്രം പിറന്ന ഭാഗ്യശാലികൾ!”
ആഹ്ലാദം!
എനിക്കു ചിരിവരുന്നു.
കാരണമുണ്ട്. എനിക്കറിയാം, അവരിൽ വലിയൊരു ഭാഗം
ആഹ്ലാദിക്കാൻ കഴിയാത്തവരാണെന്ന്. കൃത്രിമമായ
ഒരാവരണമണിഞ്ഞുകൊണ്ട് അവർ എവിടേക്കോ
ഒഴുകിപ്പോവുകയാണ്. ആത്മവഞ്ചനയുടെ ഏതു
വൈതരണിയിലേക്കോ! ഒന്നിനോടും അവർ ബന്ധം
സ്ഥാപിക്കുന്നില്ല. ഒന്നിനോടും ബന്ധം സ്ഥാപിക്കാൻ അവർക്കു
കഴിയുകയുമില്ല.
മനുഷ്യന്‍റെ കെട്ടുപിണഞ്ഞുകിടക്കുന്ന ബന്ധങ്ങളെക്കുറിച്ചു
ഞാനാലോചിച്ചു. പണ്ടും പലപ്പോഴും അങ്ങനെ
ആലോചിച്ചിട്ടുണ്ട്. എങ്കിലും അന്നൊന്നും അവ
അഴിച്ചുനീക്കുവാൻ കഴിയുന്ന കുരുക്കുകളാണെന്നു
മനസ്സിലായിരുന്നില്ല.
പക്ഷേ, ഇന്നെനിക്കു മനസ്സിലായോ?
ഞാൻ സ്വയം ചോദിച്ചു:
എന്‍റെ സ്വന്തം കുരുക്കുകൾ ഞാൻ
അഴിച്ചുനീക്കിക്കഴിഞ്ഞുവോ?
ഹൃദയത്തിലെ പഴയ മുറിവ് വീണ്ടും പൊട്ടി ചോര
കിനിയുവാൻ തുടങ്ങി.
എന്‍റെ മനസ്സ് അസ്വസ്ഥമാവുകയാണ്.
അപ്പോൾ, അപ്പോഴാണ് ആ ശബ്ദം കേട്ടത്. ആരോ
പൊട്ടിച്ചിരിക്കുന്നു. ഞാൻ തിരിഞ്ഞുനോക്കി.
പ്രകാശം പരത്തുന്ന ആ പെൺകുട്ടി! ഞാൻ അത്ഭുതപ്പെട്ടില്ല;
അവളെ ഞാൻ എപ്പോഴും എവിടെയും പ്രതീക്ഷിക്കാറുണ്ട്.
ഇരുട്ടുനിറഞ്ഞു കിടന്നിരുന്ന എന്‍റെ ജീവിതത്തിൽ ഒരു
കൊള്ളിമീൻപോലെ അവൾ പെട്ടെന്നു
മിന്നിമറയുകയാണുണ്ടായത്. മായാത്ത ഒരോർമയായി അവൾ
അവശേഷിക്കുകയും ചെയ്തു. എന്‍റെ ആത്മാവിൽ എന്നുതന്നെ
പറയട്ടെ, അവളെ ഞാൻ വീണ്ടും കാണുകയാണ്.
എന്‍റെ ശരീരത്തിലെ ഓരോ അണുവും ത്രസിച്ചു.
അവളുടെകൂടെ അവളുടെ അനുജത്തിയും
അനുജനുമുണ്ടായിരുന്നു. രണ്ടുപേരേയും കൂട്ടി പൂഴിവിരിച്ച
നടപ്പാതയിലൂടെ അവൾ നടന്നുവരികയാണ്. പാവാടയ്ക്കു
പുറമേ റെയിൻബോ ജോർജെറ്റിന്‍റെ ഒരു ദാവണികൂടി അവൾ
ചുറ്റിയിരുന്നു. അവൾ അല്പം വലുതായിട്ടുണ്ട്. ആ പയ്യൻ ചരടിൽ
കെട്ടിയ ഒരു തകരവിമാനം ഉറക്കെ കറക്കിക്കൊണ്ടിരുന്നു.
എന്തോ പറഞ്ഞ് അവൾ ഉറക്കെ ചിരിച്ചു. വല്ല
തമാശയുമായിരിക്കാം. അവരുടെ ലോകത്തിൽ തമാശയ്ക്കു
മാത്രമേ സ്ഥാനമുള്ളു.
എന്‍റെ മുമ്പിലൂടെ കടന്നുപോയപ്പോൾ ഞാൻ അവളെ
നല്ലപോലെ കണ്ടു. വിശുദ്ധിയുടെ കണ്ണാടിയായിരുന്നു ആ മുഖം.
അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.
സന്ധ്യയുടെ നേരിയ വെളിച്ചത്തിൽ ആ മരച്ചുവട്ടിൽ ഒരു
ശിലാപ്രതിമപോലെ ഇരിക്കുന്ന എന്നെ കാണുമ്പോൾ അവൾ
ഭയപ്പെട്ടുപോകുമെന്നാണ് ഞാൻ വിചാരിച്ചത്. എന്നെ അവൾ
നോക്കുമെന്ന് എനിക്കു നല്ല ഉറപ്പുണ്ടായിരുന്നു. പ്രത്യേകിച്ച്
കാരണമുണ്ടായിട്ടൊന്നുമല്ല. അവൾ എന്നെ നോക്കും,
അത്രതന്നെ!
ഞാൻ കാത്തുനില്ക്കുകയായിരുന്നു.
എന്‍റെ പ്രതീക്ഷ ശരിയായി. അവൾ എന്നെ നോക്കി.
ഭയംകൊണ്ടു ചൂളിപ്പോകുന്നതിനു പകരം ആ കുട്ടി പുഞ്ചിരിച്ചു.
അവൾ പേടിച്ചില്ല. എന്തിനാണ് പേടിക്കുന്നത്? ഞാനൊരു
മനുഷ്യനല്ലേ? പക്ഷേ, എത്ര പേർ അതറിയുന്നുണ്ട്?
സ്വതവേ മനോഹരമായ ആ മുഖം അപ്പോൾ കൂടുതൽ
മനോഹരമായി. എന്തുകൊണ്ടോ എന്‍റെ കണ്ണുകളിൽ
വെള്ളംനിറഞ്ഞു. അതിർ കവിഞ്ഞ ആനന്ദം
നിമിത്തമായിരിക്കാം.
അവൾക്കെന്നെ മനസ്സിലായോ, എന്തോ!
കണ്ണിൽനിന്നു മറയുന്നതുവരെ ഞാൻ അവളെത്തന്നെ
നോക്കിക്കൊണ്ടിരുന്നു.
കാറ്റാടിയുടെ ചില്ലുകൾക്കിടയിലൂടെ ചൂളംവിളിക്കുന്ന കാറ്റും
കോട്ടയുടെ പാറക്കെട്ടിൽ വന്നടിക്കുന്ന തിരയും ആ
പെൺകുട്ടിയുടെ പൊട്ടിച്ചിരി ആവർത്തിക്കുകയാണെന്ന്
എനിക്കു തോന്നി.
അന്തിച്ചുകപ്പ് പൂർണമായി മായുകയും ആകാശത്തിന്‍റെ
കോണിൽ ഏതാനും നക്ഷത്രങ്ങൾ തെളിയുകയും ചെയ്തു.
ഞാൻ ഇവിടെനിന്നെഴുന്നേറ്റില്ല. മഞ്ഞണിഞ്ഞ പർവതത്തിന്‍റെ
ചരിവിൽ ധ്യാനലീനനായിരിക്കുന്ന ഒരു യോഗിയെപ്പോലെ ഞാൻ
ഈ മരച്ചുവട്ടിൽ ഇരുന്നു. ഈറൻപിടിച്ച അന്തരീക്ഷം; ഇരുട്ട്;
എങ്ങും വിങ്ങിനില്ക്കുന്ന മൂകത. കടൽപോലും
തെല്ലടങ്ങിയിരിക്കുകയാണ്.
ആ പെൺകുട്ടിയെ ആദ്യമായി കണ്ടുമുട്ടിയ ദിവസം
ഞാനോർത്തു.
നിഗൂഢമായ ഒരുദ്ദേശ്യം ഹൃദയത്തിലൊളിച്ചുവെച്ചുകൊണ്ട്
ഇവിടത്തെ തെരുവുകളിലൂടെ ഞാൻ അലയുകയായിരുന്നു.
എന്നെ സ്നേഹിച്ചിരുന്ന ഏതാനും ചിലരെ രാവിലെതന്നെ
ചെന്നുകണ്ടു. ഒരുതരത്തിലുള്ള മുന്നറിയിപ്പുമുണ്ടായിരുന്നില്ല.
എന്‍റെ പെരുമാറ്റം അവരെ അമ്പരപ്പിച്ചുവെന്നു തോന്നുന്നു.
അവർ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: “വെറുതെ
കണ്ടുപോകാൻ വന്നതാണ്. ഒരുപക്ഷേ, അടുത്തൊന്നും
ഇങ്ങോട്ടു വരാൻ തരപ്പെട്ടുവെന്നു വരില്ല.”
എന്‍റെ ശബ്ദം അപ്പോൾ ഇടറിയിരിക്കണം. എങ്കിലും ഞാൻ
പറഞ്ഞത് അവർ വിശ്വസിച്ചു. ഒരിടത്തും സ്ഥിരമായി
നില്ക്കുന്നവനല്ല ഞാനെന്ന് അവർക്കറിയാം.
നടന്ന വഴിയിലൂടെത്തന്നെ വീണ്ടും നടന്നു. അമ്പലത്തിന്‍റെയും
പള്ളിയുടെയും മുമ്പിലൂടെ പോയി. മൈതാനത്തിൽ കുറെനേരം
ചെന്നിരുന്നു. അവിടെനിന്നെഴുന്നേറ്റ് വീണ്ടും ചുറ്റുവാൻ തുടങ്ങി.
ഒരു മുക്കും മൂലയും ഒഴിച്ചുവെച്ചില്ല. എല്ലായിടത്തും ചെന്നു.
ഒടുവിൽ തീയേറ്ററിന്‍റെ മുന്നിലെത്തി. അവിടെ അല്പനേരം
വെറുതെ നിന്നപ്പോൾ തോന്നി, എന്തുകൊണ്ട് സിനിമ
കണ്ടുകൂടാ? സിനിമ ഞാൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. എന്തിന്
അങ്ങനെ സിനിമയെക്കുറിച്ചുമാത്രമായി പറയുന്നു? ഈ
ലോകത്തിലുള്ള സുന്ദരങ്ങളായ എല്ലാ വസ്തുക്കളും
എനിക്കിഷ്ടമായിരുന്നുവല്ലോ.
സന്ധ്യയോടുകൂടി കളി അവസാനിക്കും. അതിനുശേഷം
വേണ്ടത്ര സമയമുണ്ട്. എവിടെ വേണമെങ്കിലും പോകാം.
കീശയിൽ പണമുണ്ട്. ഹോട്ടലിൽ മുറിയെടുക്കുന്നതിന് ഒരു
മുടക്കവുമില്ല. വേണമെങ്കിൽ ഞാൻ
താമസിക്കുന്നേടത്തേക്കുതന്നെ തിരിച്ചുപോകാം. അവിടെ
എന്‍റെ കിടക്കയിൽ സുഖമായി കിടന്നതിനുശേഷം…
ഞാൻ വിഷം കുടിച്ചു മരിക്കുവാൻ
തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു.
എങ്ങനെയാണ് അത്തരത്തിലുള്ള ഒരു
തീരുമാനത്തിലെത്തിയത് എന്നതിനെക്കുറിച്ച് ഒന്നുംതന്നെ
പറയുവാൻ എനിക്കു കഴിയുകയില്ല. എന്‍റെ ജീവിതത്തിൽ
പിന്നിട്ട ഓരോ നിമിഷവും ഉത്കടമായ വിഷാദവും നിരാശയും
നിറഞ്ഞതായിരുന്നു. എന്നെ നശിപ്പിക്കുവാൻ തക്കം
പാർത്തിരിക്കുന്നവരാണ് ഞാൻ കണ്ടുമുട്ടുന്ന ഓരോരുത്തരും
എന്നായിരുന്നു എന്‍റെ വിശ്വാസം. അതിനാൽ ഞാൻ
എല്ലാവരെയും വെറുക്കുകയും ഭയപ്പെടുകയും ചെയ്തു.
സംശയത്തിന്‍റെ പടർന്നുകത്തുന്ന ഒരു പന്തം ഹൃദയത്തിൽ സദാ
ആളിക്കൊണ്ടിരുന്നു.
എങ്കിലും കുറച്ചുപേരെ എല്ലാം മറന്നു
സ്നേഹിക്കുകയുണ്ടായി.
അവർക്കും എന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
ജീവിതം ദുസ്സഹമായിത്തീർന്നു.
എന്‍റെ ബാല്യം ആനന്ദം നിറഞ്ഞ ഒരു സ്വപ്നംപോലെ
കഴിഞ്ഞ ഒന്നായിരുന്നു.
അന്നേ തുടങ്ങിയിരുന്നു ആ വീർപ്പുമുട്ടൽ.
ഒടുവിൽ, സഹിച്ചിരിക്കുവാൻ അല്പംപോലും കഴിയുകയില്ല
എന്ന ഘട്ടംവന്നപ്പോൾ, ആത്മഹത്യ ചെയ്യുവാനുറച്ചു.
മരണത്തോടുകൂടി ഏതു വേദനയാണ് അവസാനിക്കാത്തത്?
അന്ന്, വിഷം നിറച്ച ഒരു കുപ്പിയുമായി തീയേറ്ററിൽ
ചെന്നിരുന്നപ്പോൾ ഞാൻ സ്വയം പറഞ്ഞു: ‘മരിക്കണം, എന്നാലേ
സുഖവും സ്വാതന്ത്ര്യവും ലഭിക്കുകയുള്ളു!’
ഏറ്റവും പിറകിലുള്ള സീറ്റിലായിരുന്നു ഞാനിരുന്നത്.
‘മേറ്റിനി’യായതിനാൽ ആളുകൾ കുറവായിരുന്നു. ഞാനതിൽ
സന്തോഷിച്ചു. ഒരലട്ടുംകൂടാതെ പടം കാണാമല്ലോ.
കളി തുടങ്ങാറായപ്പോഴേക്കും ഒരു പെൺകുട്ടിയും അവളുടെ
പിന്നാലെ രണ്ടു ചെറിയ കുട്ടികളും കടന്നുവന്നു. അവർ വന്നതു
തന്നെ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടായിരുന്നു.
സാധാരണകുട്ടികളിൽ കാണാറുള്ള ഉത്കണ്ഠയോ പരിഭ്രമമോ
ഒന്നുംതന്നെ അവരിൽ കണ്ടില്ല.
ആ പെൺകുട്ടി ഒരു മൂളിപ്പാട്ടുപാടി തീയേറ്റർ മുഴുവൻ
അലക്ഷ്യമായി കണ്ണോടിച്ചു.
അപ്പോൾ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു: ‘ദൈവമേ, ആ
കുട്ടികളെ എന്‍റെ അടുക്കലേക്കയയ്ക്കരുതേ! ഈ
അവസാനനിമിഷങ്ങളിൽ ഞാൻ അനുഭവിക്കുന്ന സമാധാനം
അവർ കെടുത്തും. ഈ തീയേറ്ററിൽ വേണ്ടത്ര സ്ഥലമുണ്ട്.
എവിടെയെങ്കിലും പോയി അവരിരിക്കട്ടെ. ഇവിടെ മാത്രം വേണ്ട.’
ഞാൻ അങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ അവൾ എന്‍റെ
അരികിലായി വന്നിരുന്നു. അവളുടെ പിന്നാലെ ആ രണ്ടു ചെറിയ
കുട്ടികളും.
ഞാൻ അങ്ങോട്ടേക്കു നോക്കിയതേയില്ല.
എന്നെ ബുദ്ധിമുട്ടിക്കുവാനല്ലെങ്കിൽ പിന്നെ എന്തിന് അവർ
എന്‍റെ അടുക്കൽതന്നെ വന്നിരുന്നു?
ആ പെൺകുട്ടി തന്‍റെ അനുജത്തിയോടും അനുജനോടും
‘കലപില’യെന്നു തമിഴും മലയാളവും കലർന്ന ഭാഷയിൽ
സംസാരിക്കുവാൻ തുടങ്ങി. വലിയ ധൃതിയിലായിരുന്നു.
സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്നതു നിർത്തി. ഏതെങ്കിലും
ഒരു പാട്ടിന്‍റെ രണ്ടു വരി മൂളുന്നതിലും അവൾ വലിയ മിടുക്കു
കാണിച്ചു. ഇടയ്ക്കിടെ, ഒരു കാട്ടുചോല പാറക്കെട്ടിൽ ചെന്നടിച്ചു
ചിന്നിച്ചിതറുന്നതുപോലെ പൊട്ടിച്ചിരിക്കുകയും ചെയ്തു.
സിനിമയാരംഭിച്ചു.
ടെക്സാസിലെ വിശാലമായ പുൽമൈതാനങ്ങളിലൊന്നിൽ
തങ്ങൾ സ്നേഹിക്കുന്ന ഒരു പെണ്ണിനുവേണ്ടി ചോര ചിന്തുവാൻ
രണ്ടു ചെറുപ്പക്കാർ തയ്യാറായി നില്ക്കുകയാണ്.
വെടി പൊട്ടുന്നു; മനുഷ്യൻ പിടഞ്ഞുവീഴുന്നു; കുതിരകൾ
പായുന്നു; ആയിരക്കണക്കിലുള്ള പശുക്കളെ ശത്രുക്കൾ
തെളിച്ചുകൊണ്ടു പോകുന്നു…
എന്‍റെ അടുത്തിരുന്ന ആ പെൺകുട്ടിയും അപ്പോൾ
ടെക്സാസിലെ ഒരു ഗോശാലയിലയിരുന്നു. അവൾക്കു സ്വസ്ഥത
തീരെയുണ്ടായിരുന്നില്ല. ഒരു കുതിര മറിഞ്ഞുവീണപ്പോൾ ഉള്ളിൽ
തട്ടിയ വ്യസനത്തോടെ അവൾ പറഞ്ഞു: “പാവം!”
ഡേവിഡ് ഫാരറുടെ ബീഭത്സമായ മുഖം ക്ലോസപ്പിൽ
കണ്ടപ്പോൾ അവൾ പറഞ്ഞുപോയി: “ആയ്!”
അങ്ങനെ പറഞ്ഞ് അവൾ സീറ്റിന്‍റെ പുറകിലേക്കു വലിഞ്ഞു.
ഏതോ ഒരക്രമിയുടെ കൈയ്ക്കു വെടികൊണ്ടപ്പോൾ അവൾ
എന്നെക്കൂടി പിടിച്ചുകുലുക്കി:
“സബാഷ്! അങ്ങനെ വേണം, അല്ലേ?”
യാതൊരു സ്തോഭവും പ്രകടിപ്പിക്കാതെ
തിരശ്ശീലയിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു ഞാൻ.
എനിക്കാശ്ചര്യം തോന്നി. ചൈതന്യത്തിന്‍റെ ഒരു
സ്ഫലിംഗമാണല്ലോ ഈ പെൺകുട്ടി!
ആ കുട്ടിയുടെ നേരെയുണ്ടായിരുന്ന നീരസം
പതുക്കെപ്പതുക്കെ നിങ്ങിപ്പോയി.
അവൾ എന്‍റെ കൈയ്ക്കു പിടിച്ചു ചോദിച്ചു: നിങ്ങൾ
എനിക്കതിന്‍റെ കഥ പറഞ്ഞുതരുമോ?
ഞാൻ അവളുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. അവളുടെ
മൂക്കുത്തിയിലെ വൈരംപോലെതന്നെ അവളുടെ മുഖവും
തിളങ്ങുന്നു!
“പറയൂ, എനിക്കു പറഞ്ഞുതരില്ലേ? എനിക്കു പറഞ്ഞുതരില്ലേ?
എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാൻ ഇക്കൊല്ലം
ആറാംക്ലാസ്സിലായിട്ടേയുള്ളൂ.”
അപ്പോൾ എനിക്കുണ്ടായ സന്തോഷം! ആദ്യമായാണ് ഒരു
കുട്ടി എന്നോട് അത്ര സ്നേഹത്തോടും സ്വാതന്ത്ര്യത്തോടുംകൂടി
ഒരു കാര്യം ആവശ്യപ്പെടുന്നത്. ഞാനിട്ടിരുന്ന കുപ്പായം വില
കുറഞ്ഞതും കീറിയതുമായിരുന്നു. ഞാൻ മുടി ചീകിയിട്ടില്ല.
ഷേവ് ചെയ്തിട്ടില്ല. എന്നിട്ടും, ഒരിംഗ്ലീഷ് സിനിമയുടെ കഥ
പറഞ്ഞുകൊടുക്കുവാനുള്ള കഴിവ് എനിക്കുണ്ടെന്ന് ആ
പെൺകുട്ടിക്കു തോന്നിയല്ലോ!
ഒരിക്കൽ അമ്മയുടെകൂടെ ആസ്പ്രതിയിൽ പോയപ്പോൾ
ഒരു നേഴ്സ് ചോദിച്ചതു ഞാനോർത്തു:
“മകനാണ്, അല്ലേ?”
അമ്മ പറഞ്ഞു: “അതേ.”
“ബീഡിപ്പണിയായിരിക്കും, അല്ലേ?”
അമ്മയ്ക്കെന്തെങ്കിലുo പറയുവാൻ കഴിയുന്നതിനുമുമ്പ്
ഞാൻ പറഞ്ഞു: “അതെ.”
പക്ഷേ, ആ നേഴ്സ് പ്രായംചെന്നവളായിരുന്നു.
എന്‍റെ അരികിൽ എന്‍റെ കഴിവിൽ
വിശ്വാസമർപ്പിച്ചുകൊണ്ടിരിക്കുന്നത് ഒരു
കൊച്ചുപെൺകുട്ടിയാണ്! എന്നും സൂര്യപ്രകാശവും
പനിനീർപ്പൂക്കളുമുള്ള ഒരു ലോകത്തിലാണ് അവൾ
ജീവിക്കുന്നത്. അവിടെ ഇരുട്ടു മൂടി, മുള്ളുനിറഞ്ഞു കിടക്കുന്ന
മൂലകളേയില്ല!
ഞാൻ അവൾക്കു കഥ പറഞ്ഞുകൊടുത്തു.
കളി പകുതി കഴിഞ്ഞപ്പോൾ ഞാൻ കേൾക്കുവാൻവേണ്ടി
അവൾ മനോഹരമായി ഒരു പാട്ടു പാടി. അതിലെ ഒരു വരി
ഇങ്ങനെയായിരുന്നു.
“ചന്ദാരെ ജാബരെ ജാബരെ…”
പാട്ട് അസലായെന്നു പറഞ്ഞപ്പോൾ അവൾ
പറയുകയുണ്ടായി: “അച്ഛനും എന്‍റെ പാട്ട് വലിയ ഇഷ്ടമാണ്.”
അനുജന്‍റെ കീശയിൽനിന്ന് ഒരു ചോക്കലേറ്റ് പാക്കറ്റെടുത്ത്
അവൾ പൊളിച്ചു. എനിക്കും തന്നു.
മരിക്കാൻ പോകുന്ന എനിക്കാണ് അവൾ ചോക്കലേറ്റ്
സൽക്കരിക്കുന്നതെന്നോർത്തപ്പോൾ ചിരിക്കാതിരിക്കാൻ
കഴിഞ്ഞില്ല.
ഞാൻ പറഞ്ഞു: “വേണ്ട കുട്ടി; എനിക്കു വേണ്ട.”
എങ്കിലും അവൾ വിട്ടില്ല:
“അതെന്താ നിങ്ങൾ ചോക്കലേറ്റ് തിന്നില്ലേ?
നിങ്ങൾക്കിഷ്ടമില്ലേ? എനിക്കിഷ്ടമാണ്. അമ്മ എപ്പോഴും
എനിക്കു ചോക്കലേറ്റു തരും. നിങ്ങളുടെ അമ്മ നിങ്ങൾക്ക്
ചോക്കലേറ്റ് തരാറുണ്ടോ?”
എന്‍റെ അമ്മ എനിക്ക് ചോക്കലേറ്റ് തരാറുണ്ടോ എന്ന്!
ഒരുപക്ഷേ, അവൾ വിചാരിച്ചിരിക്കും ഞാനും ഒരു
കുട്ടിയാണെന്ന്.
അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ചോക്കലേറ്റ്
തിന്നു.
സിനിമ അവസാനിച്ചപ്പോൾ അവൾ പറഞ്ഞു:
“ഇപ്പോഴൊന്നും തീരണ്ടായിരുന്നു!”
ഞങ്ങൾ പുറത്തിറങ്ങി. സന്ധ്യയാകാറായിരുന്നു.
അവൾ ചോദിച്ചു: “നിങ്ങൾ ഇനി എപ്പോഴാണ് സിനിമയ്ക്കു
വരിക?”
ഞാനൊന്നും പറഞ്ഞില്ല.
“അടുത്താഴ്ച വരുമോ? എന്താ വരാൻ കഴിയില്ലേ?”
എനിക്കു തമാശ തോന്നി. ഞാൻ പറഞ്ഞു: “അമ്മ
സമ്മതിച്ചാൽ വരും!” അവൾ പൊട്ടിച്ചിരിച്ചു: “അമ്മയോടു
പറയണം, ഞാനും വരുന്നുണ്ടെന്ന്.”
എനിക്കു ചിരിക്കുവാൻ കഴിഞ്ഞില്ല.
അനുജത്തിയും അനുജനും പോകാൻ തിരക്കുകൂട്ടുകയാണ്.
ആ പെൺകുട്ടിയെ വിട്ടുപിരിയുന്നതിൽ എനിക്കു സങ്കടം
തോന്നി.
അവൾ പറഞ്ഞു: “ഞാൻ കാത്തിരിക്കും.”
ഞാൻ വെറുതെ മൂളി: “ഓ.”
“ചിരിയോ!”
“ഗുഡ്ബൈ!”
ആ കുട്ടികളേയുംകൂട്ടി അവൾ പോയി.
ഞാൻ അവളെത്തന്നെ നോക്കിനിന്നു. അവൾ
വളർന്നുവലുതാകുന്നതും വിവാഹിതയാകുന്നതും ഞാൻ കണ്ടു.
എന്‍റെ ഹൃദയം വേദനിച്ചു. ഞാൻ ഏകാകിയാണ്. ഞാൻ
ദുഃഖിതനാണ്. പക്ഷേ, അടുത്തനിമിഷംതന്നെ ഞാനോർമിച്ചു:
ആ കുട്ടി സ്വയം സന്തോഷിക്കുകയും മറ്റുള്ളവർ
സന്തോഷിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവളാണ്.
ഞാൻ തനിച്ചു വീട്ടിലേക്കു നടന്നു. ഒരിരുട്ടറയിൽ ഏറെനേരം
ശ്വാസം മുട്ടിക്കിടന്നതിനുശേഷം തുറന്ന ഒരു മൈതാനത്തിലേക്ക്
കടന്നുചെന്ന പോലെയുള്ള ഒരനുഭവം! മനസ്സിൽ
ഞാനറിയാതെതന്നെ ഒരു പരിവർത്തനം നടക്കുകയായിരുന്നു.
അന്നു രാത്രി ഞാൻ വിഷം കുടിച്ചു; മരിച്ചില്ല.
അതിനുശേഷം ഒരുകൊല്ലം കഴിഞ്ഞിരിക്കുന്നു. ഞാൻ
വീണ്ടും പഴയപോലെ ഒരിടത്തും സ്ഥിരമായി നില്ക്കാതെ
കഴിഞ്ഞുകൂടുകയാണ്. ഇപ്പോൾ മറ്റുള്ളവർ എന്താണ് എന്നെപ്പറ്റി
പറയുന്നതെന്നറിയാൻ ഞാൻ ആഗ്രഹിക്കാറില്ല. എന്തു
വേണമെങ്കിലും പറയാം. ഒരാക്ഷേപവുമില്ല.
കഴിഞ്ഞുപോയതൊക്കെ ഒരു പുകപോലെ മാത്രമേ
കാണുവാൻ കഴിയുന്നുള്ളൂ. അതിനാൽ യുക്തിക്ക് യാതൊരു
സ്ഥാനവുമില്ല. ഒരു സമാധാനമേയുള്ളൂ—മനുഷ്യന്‍റെ
ജീവിതത്തിൽ യുക്തിക്ക് വിശദീകരിക്കുവാൻ കഴിയാത്ത
പലതും സംഭവിക്കാറുണ്ടല്ലോ.
മഞ്ഞ് നല്ലപോലെ വീണു തുടങ്ങി. ഞാൻ പോവുകയാണ്.
പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ വീണ്ടും
കണ്ടുമുട്ടാതിരിക്കില്ല. ഒരുപക്ഷേ, നാനൂറോ അഞ്ഞുറോ
കൊല്ലങ്ങൾക്കുശേഷമായിരിക്കാം. ഞാനടക്കമുള്ള എല്ലാ
മനുഷ്യരും ഒരു വഴിത്തിരിവിൽ
സംശയിച്ചുനിൽക്കുകയായിരിക്കും. അപ്പോഴാണ്…. നീ
പൊയ്ക്കളയരുതേ!

You might also like