You are on page 1of 3

മതേതരത്വം

Adv. Sr. Anu Thomas FCC.


10/12/2023
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ എഴുതി ചേർക്കപ്പെട്ട അടിസ്ഥാന
സവിശേഷതകളിൽ ഒന്നാണ് മതേതരത്വം. വളരെ ലളിതമായി പറഞ്ഞാൽ, എല്ലാ
മതങ്ങൾക്കും അതീതമായി നിൽക്കുന്നതാണ് നമ്മുടെ ഭരണഘടന. അത് എല്ലാ
മതങ്ങളെയും ഉൾക്കൊള്ളുന്നു എന്നാൽ ഏതെങ്കിലും ഒരു മതത്തിന്റെയോ
ആചാരങ്ങളുടെയോ മാത്രം സവിശേഷതകളെ എടുത്തുകാണിക്കുന്നില്ല. ഭൂരിപക്ഷ
മതമെന്നൊ ന്യൂനപക്ഷ മതമെന്നൊ വ്യത്യാസമില്ലാതെ എല്ലാ മതങ്ങൾക്കും തുല്യ
പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യ അതിന്റെ മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഒരു
പ്രത്യേക മതത്തിൽ വിശ്വസിക്കുകയും അതിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ
പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ പേരിൽ യാതൊരു പൗരനോടും രാഷ്ട്രം
യാതൊരുവിധ വിവേചനവും കാണിക്കുന്നതല്ല. അതിന്റെ പേരിൽ ആർക്കും
പ്രത്യേകമായ ആനുകൂല്യമോ പദവിയോ ലഭിക്കുന്നതുമല്ല.
നമ്മൾ മനസ്സിലാക്കിയിരിക്കുന്നതുപോലെ സെക്കുലറിസത്തിന് വളരെ വ്യത്യസ്തമായ ഒരു
അർത്ഥം കൽപ്പിച്ചു നൽകുന്ന ഒരു രാജ്യമാണ് ഇന്ത്യ. യഥാർത്ഥത്തിൽ
സെക്കുലറിസം എന്നുപറയുന്നത് എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുക
അല്ലെങ്കിൽ ഒരു പ്രത്യേക മതത്തെ രാജ്യത്തിന്റെ ഒഫീഷ്യൽ മതമായി ഹൈലൈറ്റ് ചെയ്ത്
കാണിക്കാതിരിക്കുക എന്നതുമാത്രമല്ല അതിന് രണ്ടാമതൊരു സവിശേഷത കൂടിയുണ്ട്.
അതായത് രാജ്യത്തിന്റെ ഭരണപരവും നയതന്ത്രപരവും ആയ ഏതൊരു കാര്യത്തിലും
മതത്തിന് യാതൊരു പങ്കുമില്ല എന്നതാണ് യഥാർത്ഥത്തിൽ സെക്കുലറിസം എന്ന്
പറയുന്നത്.
നമുക്കറിയാം നമ്മുടെ ഭരണഘടന നിലവിൽ വന്നപ്പോൾ അതിൽ മതേതരത്വം അഥവാ
സെക്യുലറിസം എന്നൊരു വാക്കുണ്ടായിരുന്നില്ല. 1976 ലെ 42 - മത്തെ ഭരണഘടന
ഭേദഗതി നിയമത്തിലൂടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വം’
എന്ന പദം എഴുതി ചേർക്കപ്പെട്ടത്. അതിനർത്ഥം എഴുതി ചേർക്കപ്പെടുന്നതിനു
മുൻപ് നമ്മുടെ ഭരണഘടനയ്ക്ക് മതേതരത്വം എന്ന സവിശേഷ മൂല്യം ഉണ്ടായിരുന്നില്ല
എന്നല്ല. അത് മനസ്സിലാക്കണമെങ്കിൽ 1994ലെ വളരെ പ്രമാദമായ ഒരു സുപ്രീംകോടതി
വിധിയെക്കുറിച്ച് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. എസ്. ആർ. ബൊമ്മേ V. യൂണിയൻ
ഓഫ് ഇന്ത്യ എന്ന കേസിലാണ് മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന
സവിശേഷതയാണെന്നും അത് ഭേദഗതിക്ക് വിധേയമല്ലെന്നും സുപ്രീംകോടതി വിധിച്ചത്.
പ്രമാദമായ വിധിയിൽ കോടതി പറയുന്നു "In matters of State, Religion has no
place.The Constitution does not recognize or it does not permit,
mixing religion and state. Both must be kept seperate." മതവും
ഭരണഘടനയും തമ്മിൽ മിക്സ് ചെയ്യാൻ പാടില്ല, അത് രണ്ടും സെപ്പറേറ്റ് ആയിട്ടുള്ള രണ്ട്
യാഥാർത്ഥ്യങ്ങളാണ്. “അങ്ങനെ അല്ല എന്ന് ഈ ഭരണഘടന രാജ്യത്തെ
നയിക്കുന്നിടത്തോളം കാലം ആർക്കും പറയാൻ കഴിയില്ല” എന്നും സുപ്രീംകോടതി
ഊന്നി പറഞ്ഞിട്ടുണ്ട്. മതേതരത്വത്തെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാക്കി
മാറ്റിക്കൊണ്ട് ബഹുമാനപ്പെട്ട കോടതി പറഞ്ഞു "ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന
അന്നുമുതൽ അതൊരു സെക്കുലർ ഡോക്യുമെന്റ് ആണ്" എന്ന്. അതുകൊണ്ട് മതേതരത്വം
എന്ന വാക്ക് പിന്നീട് എഴുതി ചേർക്കപ്പെട്ടു എന്ന് പറയുമ്പോഴും നമ്മൾ മനസ്സിലാക്കണം
ഭരണഘടന നിലവിൽ വന്നപ്പോൾ തന്നെ സെക്കുലറിസം എന്ന സവിശേഷത അതിൽ
ഉൾക്കൊണ്ടിരുന്നു എന്ന്.
നമുക്കറിയാവുന്നതുപോലെ തന്നെ എല്ലാ മതങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന, ഒരു
മതത്തിനും പ്രത്യേക പരിഗണനയോ പരിരക്ഷയോ നൽകാത്ത, മതേതര രാജ്യമാണ്
ഇന്ത്യ. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ അത് നിരോധിച്ചിരിക്കുന്നു. നാം
വിഭാവനം ചെയ്തിരിക്കുന്ന മതേതരത്വത്തിന്റെ കാതൽ എന്നു പറയുന്നത് 'പൗരന്മാരോടുള്ള
രാഷ്ട്രത്തിന്റെ ബന്ധത്തിൽ അവർ അവലംബിച്ചിരിക്കുന്ന മതം യാതൊരു സ്വാധീനവും
ചെലുത്തുന്നില്ല എന്നതാണ്. എന്നാൽ മനസ്സാക്ഷി സ്വാതന്ത്ര്യവും മതം
പ്രസംഗിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആചരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും
മതപരമായ സ്ഥാപനങ്ങൾക്ക് രൂപം കൊടുത്ത് അതിന്റെ ഭരണം നടത്തിക്കൊണ്ട്
പോകുന്നതിനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടന
വിഭാവനം ചെയ്ത മതേതര ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷതയെ നമുക്ക്
ഇങ്ങനെ സംഗ്രഹിക്കാം:
1. രാഷ്ട്രം ഏതെങ്കിലും ഒരു മതത്തെ പ്രത്യേകമായി പിന്താങ്ങുകയോ ഏതെങ്കിലും
മതത്താൽ നിയന്ത്രിക്കപ്പെടാൻ സമ്മതിച്ചു കൊടുക്കുകയോ ചെയ്യുന്നതല്ല.
2. ഓരോരുത്തരും പിന്തുടരാൻ ആഗ്രഹിക്കുന്ന മതം ഏതായാലും അത് പഠിക്കാനും
പഠിപ്പിക്കാനുള്ള അവകാശം രാഷ്ട്രം എല്ലാവർക്കു ഉറപ്പുനൽകുന്നു. തങ്ങളുടെ
മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ യാതൊരു പൗരനും മുൻഗണനയോ
ആനുകൂല്യമോ ഉണ്ടായിരിക്കുന്നതല്ല. അതോടൊപ്പം തന്നെ ഏതൊരു പൗരനും
മതമില്ലാത്തവരോ നാസ്തികരോ ആയി ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു
നൽകുന്നു.
3. തങ്ങൾ അവലംബിക്കുന്ന മതത്തിന്റെയോ മതമില്ലായ്മയുടെയോ പേരിൽ രാഷ്ട്രം
യാതൊരു പൗരനോടും യാതൊരുവിധ വിവേചനവും കാണിക്കുന്നതല്ല
ഏതൊരു ഇന്ത്യൻ പൗരനെയും രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിക്ക്
അർഹനാക്കുന്ന രാഷ്ട്രീയ സമത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന
മതേതരത്വത്തിന്റെ സത്തയും സാരാംശവും. ഇന്ത്യ ഒരു മതാധിപത്യ രാഷ്ട്രമല്ല മതേതര
രാജ്യമാണ് എന്ന സത്യം ഓരോ പൗരനും വ്യക്തതയോടെ മനസ്സിലാക്കുകയും
അതനുസരണം പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഭരണഘടന വിഭാവനം
ചെയ്ത മാനവികമൂല്യങ്ങൾ അതിന്റെ ലക്ഷ്യം നേടുകയുള്ളൂ.

You might also like