You are on page 1of 12

ആത്മോപദേശശതകം - ഒരാമുഖം.

വിനയ ചൈതന്യ
—----------------------------------------------------------------------------------------------------
ആത്മോപദേശശതകത്തെപ്പറ്റി ഒരു ലേഖനം വേണമെന്ന് എന്റെ സുഹൃത്ത് കെ. എൻ. ഷാജി
ആവശ്യപ്പെട്ടപ്പോൾ, ആദ്യം മനസ്സിൽ വന്നത് മിലരേപ യുടെ രണ്ടു വരികളാണു. “ആത്മോപദേശത്തെ നിത്യവും
ധ്യാനിച്ച്, പുസ്തകവേദാന്തം ഞാൻ മറന്നു,” എന്നതാണാ വരികൾ. എന്നെ സംബന്ധിച്ച് ഇതിലെ രണ്ടാം ഭാഗമാണു
കൂടുതൽ പ്രസക്തം എന്നും പറയട്ടെ. നാലു പതിറ്റാണ്ടിലധികം പഠിച്ചും മനനം ചെയ്തും വരുന്നതാണെങ്കിലും,
ആത്മോപദേശ ശതകത്തിന്റെ ആഴവും പരപ്പും ഏറിവരുന്നു എന്നല്ലാതെ, ഒന്നും തന്നെ പറയാൻ വയ്യ. ക്ളാസ്സുകളിൽ
പലപ്പോഴും നടരാജഗുരു ആത്മോപദേശശതകത്തിലെ ശ്ലോകങ്ങളുദ്ധരിക്കുമ്പോഴാണു ഞാൻ ആദ്യമായി ഈ
കൃതിയെപ്പറ്റി കേൾക്കുന്നത്. എന്നാൽ ഇതിലെ ഒരു ശ്ലോകത്തിന്റെ പകുതി ‘അവനവൻ ആത്മസുഖത്തിനു
ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’, എന്നത് കേട്ടിട്ടും, ഏതോ ചുവരെഴുത്തുകളിൽ
കണ്ടിട്ടുമുണ്ടായിരുന്നെങ്കിലും, അത് നാരായണ ഗുരുവിന്റെതാണെന്നോ, അദ്ദേഹം ലോകോത്തരങ്ങളായ
ദാർശനികകൃതികൾ എഴുതിയ ഒരു മഹാകവിയായിരുന്നെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. ‘ഷർട്ടിടാൻ
പോലുമറിയാത്ത ഒരു നാടൻ മൂപ്പീന്ന്, ഇതൊക്കെയെങ്ങനെ എഴുതി, എവിടെ നിന്നു കിട്ടി?’ എന്ന് നടരാജ ഗുരു
ആശ്ചര്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നിട്ടു പറയും, ‘ ഇതൊക്കെ ഈ മണ്ണിൽത്തന്നെ കിടപ്പുള്ളതാണു.’

നാരായണ ഗുരു തനി മലയാളത്തിൽ തന്നെയാണു ഈ കൃതി എഴുതിയിട്ടുള്ളതെങ്കിലും, വേണ്ടത്ര ശ്രദ്ധ ഇതിനു
ലഭിച്ചിട്ടില്ലെന്നു വേണം കരുതാൻ. ആത്മാവ് ആത്മാവിനോടു തന്നെ ഉപദേശിക്കുകയാണെന്നും, ആത്മാവിനെ
ഉപദേശിക്കുകയാണെന്നും ഒക്കെ അർഥമെടുക്കാം.’ആത്മ’ ശബ്ദത്തിനു ‘താൻ’ എന്നാണു അർഥം. ഇതു മനസ്സിൽ
വച്ചുവേണം ഈ കൃതിയിലേക്കു കടക്കുവാൻ. തന്നോടു താൻ തന്നെ ചെയ്യുന്ന ഉപദേശം ആയി ഇതിനെ പഠിക്കാൻ
ശ്രമിക്കാം. ഉപദേശം എന്നാൽ ‘അടുത്തയിടം’ ആണു. ‘തന്റെയിടം’ കാണിച്ചുതരാനായി ഗുരു പറഞ്ഞു തരികയാണു.
സാധരണ മതങ്ങളിൽ പറയുന്ന ഒന്നുമല്ല ഇവിടെ പഠനവിഷയം.
നമ്മുടെ പാരമ്പര്യത്തിൽ സാധാരണ കാണുന്ന സംവാദരൂപത്തിലല്ല ഇതെന്നതും ശ്രദ്ധിക്കുക.
സംവാദികളടങ്ങിയിരിക്കുന്നു. ‘ആത്മഗത’ങ്ങളാണു. ‘അറിഞ്ഞിടേണം, തേറിടേണം, പോയിടേണം, നിനച്ചിടേണം,
നിർത്തിടേണം, ആയിടേണം, ഓർത്തിടേണം, ഓതിടേണം, അറിഞ്ഞിടേണം’, എന്നിങ്ങനെ വളരെയധികം
ശ്ലോകങ്ങൾ അവസാനിപ്പിക്കുന്നതു ശ്രദ്ധിച്ചാൽ, ഈ ശതകത്തിന്റെ ഉപദേശ സ്വരൂപം നമുക്കു വെളിവാകും.
ഗുരുവിന്റെ ‘സ്വാനുഭവം’ അദ്ദേഹം നമുക്കു പങ്കിടുകയാണു ഇവിടെ.
ഓരോ ശ്ലോകത്തിനും അർഥം പറയുകയല്ല, പൊതുവേ ആകെ കൃതിയെ ഒന്ന് പരിചയിക്കുക എന്ന
ഉദ്ദേശത്തോടെയാണീ ലേഖനം എഴുതിയിട്ടുള്ളത്. നാരായണ ഗുരുവിന്റേതായി 60ഓളം കൃതികൾ കിട്ടിയിട്ടുണ്ട്,
അവയിലൊക്കെ ‘തിരഞ്ഞ് തേറി’യിട്ടുള്ള കാര്യങ്ങൾ വീണ്ടും തികച്ചും ശാസ്ത്രീയമായി,
അവതരിപ്പിച്ചിരുക്കുന്നതിവിടെയാണെന്നു പറയാം. ഗുരുവിന്റെ മറ്റു കൃതികളും പഠിക്കാൻ ഈ ലേഖനം
പ്രേരകമാകട്ടെയെന്നും ആശംസിക്കുന്നു.

ഒരു ഗുരുവിന്റെ കൃതിയാണു. വർഷങ്ങളിലൂടെയുള്ള ധ്യാനത്തിന്റെ, തപസ്സിന്റെ, പുഴയിലെയും കുന്നുമ്പുറത്തെയും,


മരുത്വാൻ മലൈയിലെയും കാറ്റും കിളിപ്പാട്ടുകളും, പുതിയ പൂക്കളും, മണങ്ങളും ഒക്കെയടക്കിത്തന്നിരിക്കുകയാണു .
‘പങ്കാരും പറ്റുവാനില്ല,’ ഈച്ച തേനൂമ്പുന്ന ‘സ്വനം’ പോലുമില്ലാത്തിടത്ത് , ഒരു ഒരു ജ്നാന, കാവ്യ,നിധി തന്റെ
കൃതികളിലൂടെ ഗുരു നമുക്ക് ‘വിട്ടുതന്നു’പോയിരിക്കുന്നു! ഗുരു ഒരു ശിഷ്യക്കു/നു മാത്രം ഉണ്ടാവുന്ന ഒരു സല്ലാഭമാണു.
നമുക്ക് ഈ ‘കുരുത്തം’ (ഗുരുത്വം) ഉണ്ടാകണമെന്ന്, ശിഷ്യത്വമുണ്ടാകട്ടെയെന്നു ആശംസിച്ചുകൊണ്ട് നമുക്കു
പരിചയിക്കാം. ഗുരുപരമ്പരയിലെ ഒരു ശിഷ്യൻ എന്ന നിലയിലാണു ഞാൻ ഇതിനെ സമീപിക്കുന്നതെന്നും, ഗുരുത്വം
അതാവശ്യപ്പെടുന്നുവെന്നും മുങ്കൂറായി പറഞ്ഞുകൊള്ളട്ടെ.
അക്കാദമിക തലത്തിലുള്ള ഒരു പഠനമല്ല, ഇതെന്നും. ഗുരുവിന്റെ കൃതികളിലെല്ലാം നിഹിതമായിരിക്കുന്ന ഒരു
സംരചനാ വ്യവസ്ഥയുണ്ട്. ഇതു പരിചയിച്ചാൽ കൃതികളുടെ പഠനം കൂടുതൽ എളുപ്പമാവും. നെടുകെയും കുറുകെയും രണ്ടു
നേർവരകൾ വരയ്ക്കുക. ഇതാണു സംരചനാവ്യവസ്ഥയുടെ ഏറ്റവും ആദ്യത്തെ പടി. ഗുരുവിന്റെ തന്നെ വാക്കുകളിൽ
‘പലവിധമായ് അറിയുന്ന’ ‘അന്യ’യെന്ന തരം അറിവിനെ നമുക്ക് കുറുകെയുള്ള വരയായി മനസ്സിലാക്കാം. ‘ഒന്നായ്
വിലസുന്ന സമ’യെന്നതിനെ നെടുകെയുള്ള രേഖയായും.

ഇതു മനസ്സിൽ വച്ചു കൊണ്ട് നമുക്ക്


ശ്ലോകങ്ങളിലേക്ക് കടക്കാം. ആദ്യത്തെ
പത്തു ശ്ലോകങ്ങളിൽ പറയുന്ന കാര്യങ്ങൾ
വീണ്ടും വിശകലനം ചെയ്യുകയാണു
തുടർന്നുള്ള ശ്ലോകങ്ങളിലെന്നു
തോന്നിയേക്കാം, അതു ശരിയുമാണു,
എന്നാൽ,അതേ വിഷയങ്ങളെ വിവിധ
ദൃഷ്ടികോണുകളിൽനിന്നു
കാണുകയാണെന്നറിയണം. ആദ്യമേ എല്ലാ
ശ്ലോകങ്ങളും വായിക്കുന്നത് നന്നായിരിക്കും. നൂറു ശ്ലോകങ്ങളും പരിചയിച്ച ശേഷം, വീണ്ടും തുടങ്ങാം.
പദങ്ങൾ പിരിച്ചുനോക്കുക. അർത്ഥം പറഞ്ഞു നോക്കുക, ഇങ്ങനെ മനനം ചെയ്യണം.

ആദ്യശ്ലോകത്തിൽ തന്നെ ശ്രദ്ധേയമായ പല കാര്യങ്ങളും പറഞ്ഞുകൊണ്ടാണു ഗുരു തുടങ്ങുന്നത്.


അറിവിലുമേറി അറിഞ്ഞിടുന്നവൻ തന്നു-
രുവിലുമൊത്തു പുറത്തുമജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കിത്തെരു-
തെരെ വീണുവണങ്ങിയോതിടേണം. (1)

അറിവെന്നതാണു ആദ്യപദം തന്നെ. സാധാരണഗതിയിൽ ഈശ്വരവന്ദനത്തോടെ തുടങ്ങേണ്ടതാണെന്ന്


ഓർക്കുമ്പോളാണു നമുക്കിതിന്റെ ഗൗരവം മനസ്സിലാകുക. അറിവ് എന്ന പദത്തിനു ഗുരു എത്ര പ്രാധാന്യം
കല്പിക്കുന്നുവെന്നതു മനസ്സിലാക്കണമെങ്കിൽ 'അറിവ്’ എന്നൊരു ലഘുകൃതി ഗുരുവിന്റേതായുള്ളതും ശ്രദ്ധിക്കുക.
‘ബ്രഹ്മം’ എന്ന വാക്ക് ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല ഈ നൂറു ശ്ലോകങ്ങളിൽ. എന്നാൽ ഉപനിഷദുക്തി
രഹസ്യത്തെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഉപനിഷത്തുകൾ ബ്രഹ്മ ത്തെയാണല്ലൊ പ്രതിപാദിക്കുന്നത്. ഗുരു
‘ബ്രഹ്മവിദ്യാപഞ്ചകം’ എഴുതിയിട്ടുണ്ടു താനും. വർദ്ധിച്ചുകൊണ്ടിരുക്കുന്നതാണു ബ്രഹ്മം. അറിവിനല്ലാതെ എന്തിനു
സദാ വർദ്ധിച്ചുകൊണ്ടിരിക്കാനാകും? ഒരു ഉപനിഷത്തായിത്തന്നെ ഇതിനെ പഠിക്കണമെന്നാണു താത് പര്യം.
‘ഒത്തുപുറത്തും’ എന്നതും വളരെ ശ്രദ്ധേയമാണു. ‘അകവും പുറവും’ ഒക്കുക വളരെ പ്രധാനമാണു ഗുരുവിനു. ഇവയുടെ
ഒക്കായ്കയാണു ജീവിതത്തിലെ മിക്കവാറും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഈ ഒക്കൽ തന്നെയാണു ‘യോഗം’
എന്നറിയപ്പെടുന്നത്, അല്ലെങ്കിൽ അറിയപ്പെടേണ്ടതു എന്നുതന്നെ പറയാം. ഒക്കുമ്പോൾ ‘ പ്രോജ്വലി’ക്കുകയാണു,
വെറുതെ പുകഞ്ഞുകത്തുകയൊന്നുമല്ല, എന്താണു ‘പ്രോജ്ജ്വലി’ക്കുന്നതു? ‘കരു’വാണത്, മുട്ടയുടെ കരു പോലൊന്ന്,
വിരിഞ്ഞു വളരാനുള്ള എല്ലാ സാദ്ധ്യതകളും അടങ്ങിയിരിക്കുന്ന, എല്ലാത്തിനും കാരണമാകുന്ന ഒന്ന്.
ഭാനുമാനോളം വികസിക്കുവാനും, കരുവിനോളം ചുരുങ്ങുവാനുമുള്ള സർവ സാദ്ധ്യതകളു മുണ്ടെന്നതു മനസ്സിൽ
വെയ്കുക.
‘തെരുതെരെ വീണുവണങ്ങിയോതിടേണം’ ഓതുന്നതു മന്ത്രമാണു, ചെവിയിലാണു, ‘തെരുതെരെ’യാണു ചെയ്യേണ്ടത്.
ആസനങ്ങൾ പ്രദർശിപ്പിക്കുന്നവർ ‘സൂര്യനമസ്കാരവും മറ്റും ചെയ്യുമ്പോലല്ല, ഇടവിടാതെ ചെയ്യേണ്ടതുണ്ട്.
ചെവിയിൽ മുഴങ്ങുകയാണു. അത്ര അടുത്ത്, അങ്ങിനെ തന്നെ ഇതിനെ പഠിക്കണമെന്നാണു. ഉപനിഷത്തെന്ന
വാക്കിന്റെ അർഥം തന്നെ “ അടുത്ത്, താഴെ ഇരിക്കുക’ എന്നാണല്ലൊ. ഗുരുവിനടുത്ത്, താഴെ ഇരിക്കണം.
‘വീണുവണങ്ങുക’ നമുക്ക് വളരെ പ്രയാസകരമായ ഒരു കാര്യം, വണങ്ങുന്നത് ശിഷ്യനാണല്ലൊ. ഗുരുവിനെ
വീണുവണങ്ങുന്നതിന്റെ അർഥം ഗുരുവിന്റെ പാദങ്ങളെ പിൻപറ്റി ത്തന്നെ ചരിച്ചുകൊള്ളാമെന്നതാണു.
ബാദ്ധ്യതയൊന്നുമല്ല, നമുക്കു വേണമെങ്കിൽ മാത്രം. ആ സ്വാതന്ത്ര്യത്തിലേക്കുള്ള ‘സൂചിക്കുഴ’യിലേക്കു കടക്കാൻ
ഒരാഹ്വാനം ഗുരുവിന്റെ കൃതികളിലുണ്ടെന്നതും, പലപ്പോഴും അതൊരു വെല്ലുവിളിതന്നെയാണെന്നതും മറക്കരുത്.
വ്യക്തിയെയല്ല, തത്ത്വത്തെയാണു വണങ്ങുന്നത്; ഈ തത്ത്വത്തെ ഇവിടെ ‘കരു’ എന്നു വിളിച്ചിരിക്കുന്നതും
ശ്രദ്ധിക്കണം.

‘കരു’വിനെയാണു വണങ്ങേണ്ടത് എന്നുതന്നെ ഗുരു പറയുന്നു.


നമുക്ക് അറിയാം,പക്ഷേ ഗുരുവിവിടെ പറയുന്നത് 'അറിവിലും ഏറിയ’ അറിവിനെക്കുറിച്ചാണു. ‘നമുക്കറിയില്ല’
എന്നിടത്ത് നിന്നുവേണം തുടങ്ങുവാൻ.നമുക്കുള്ളതായി നാം കരുതുന്ന അറിവുകൾക്കപ്പുറത്ത് നമുക്കു
പോകാനാകുമോ? ഇത് ഒരടിസ്ഥാനപ്രശ്നമാണു. ഇതിനാലാണു നമുക്കൊരുപദേശമാവശ്യമായി വരുന്നത്.
കരണവുമിന്ദ്രിയവും കളേബരംതൊ-
ട്ടറിയുമനേക ജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ-
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
തൊട്ടറിയുന്ന അനേകം ലോകങ്ങൾ- അന്തഃക്കരണം (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം), ഇന്ദ്രിയങ്ങൾ, ശരീരം
തുടങ്ങിയെല്ലാംതന്നെയും പരവെളിയിൽ (ചിദാകാശത്തിൽ) ഉദിച്ചുയർന്ന സൂര്യന്റെ തിരുമേനിയാണെന്ന് ഗുരു ഇവിടെ
പറയുന്നത് ശ്രദ്ധിക്കേണ്ടതാണു.
തുടക്കത്തിൽത്തന്നെ ഇതു പറഞ്ഞിരിക്കുന്നതും. ആത്മാന്വേഷണത്തിൽ സാധാരണ കണ്ടുവരുന്ന ഒരു
ശരീരനിരാകരണമുണ്ട്, അതു തിരുത്തുകയാണു ഗുരു ഇവിടെ. എന്നാൽ, തിരഞ്ഞു എത്തേണ്ടതാണിതെന്നതും എടുത്തു
പറയുന്നുണ്ട്. ഒന്നാം ശ്ലോകത്തിൽ പറഞ്ഞ കരുതന്നെയാണിവിടെ ഭാനുമാനായിരിക്കുന്നത്. നെടുകെയുള്ളതായി
സങ്കല്പിക്കാവുന്ന രേഖയുടെ മുകളിലാണു ഭാനുമാനെങ്കിൽ, അതേ രേഖയുടെ അടിയിലാണു കരു ഇരിക്കുന്നത്. കരു
വളർന്ന് കരണങ്ങളായും ഇന്ദ്രിയങ്ങളായും, കളേബരമായും വികസിച്ചിരിക്കുന്നതിനാലാണു 'തൊട്ടറിയുന്ന’ അനേക
ജഗത്തുക്കളിൽ നിന്നു അറിവിനെ പിന്തിരിച്ച്, പരവെളിയിലുയർന്ന ഭാനുമാന്റെ നേർക്കു തിരിയേണ്ടതെന്നു സാരം.
അതിനാലാണു ‘കണ്ണുകളഞ്ചുമുള്ളടക്കണ’മെന്നു പറഞ്ഞിരിക്കുന്നത്. അതല്ലെങ്കിൽ ഇവയെല്ലാം അനേകമായിത്തന്നെ
തുടരും. അനേകമായിരിക്കുന്നതിനെ ഒരേ പരമ സത്യത്തിന്റെ തിരുവുടലായിത്തന്നെ കാണണമെന്നു ഗുരു
നിർദ്ദേശിക്കുന്നു.

‘ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും


പലതുമിതൊക്കെയുമുറ്റുപാർത്തു നിൽക്കും
വിലമതിയാത വിളക്കുദിക്കയും പിൻ-
പൊലികയുമില്ലതു കണ്ടു പോയിടേണം’ ( 5).
ലോകർ ഉറങ്ങി, ഉണർന്നു പലതും ചിന്തിക്കുന്ന തെല്ലാം കുറുകേയുള്ള രേഖയിലാണു, അന്തമില്ലാതെ നീണ്ടുപോകുന്നു
ഈ രേഖ. ഇതൊക്കെയും ഉറ്റുനോക്കി നിൽക്കുന്ന , വിലമതിക്കാനാവാത്ത വിളക്ക് നെടുകെയുള്ള നേർവരയുടെ
മുകളിലാണു. അതിനെ നോക്കി പിന്തുടരുന്നത് അടിയിൽ നിന്നുമാണു,ഇതുകൊണ്ടാണു അവിടെനിന്നു തന്നെ
തുടങ്ങണമെന്നാണു മുകളിൽ നിന്ന് അത് താഴേയുള്ളതിനെ ആകർഷിക്കുന്നുമുണ്ട്. ഇങ്ങനെയെല്ലാം ഗതീയമായ
ഒന്നാണു ഈ സംരചനാക്രമമെന്ന് എപ്പോഴും ഓർമ്മവേണം, അല്ലെങ്കിൽ അറിവിനെ സഹായിക്കുന്നതിനു പകരം
വളരെ സ്ഥൈതികമായ ഒരു കുരിശായിപ്പോകും. ഇവിടെയാകട്ടെ, ഗുരുവിന്റെ കൃതികളിൽ മാത്രമല്ല,
വിശ്വസാഹിത്യത്തിലെല്ലാം കണ്ടു പോരുന്ന ഒരു സംരചനാരീതിയെയാണു നാം പരിചയിക്കുന്നത്, (ഒരു പക്ഷെ,
കുരിശിന്റെയും മൂലരൂപം ഇതു തന്നെയായിരിക്കാം. യാതൊരു വിവാദത്തിലേക്കും കടക്കാനാഗ്രഹമില്ലെന്നു
പറഞ്ഞുകൊള്ളട്ടെ.) അടുത്ത ശ്ലോകത്തിലേക്കു പോകാം.

ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേക വികല്പമാകായാലാ-
രുണരുവതുള്ളൊരു നിർവികാരരൂപം! (6.)

ആദ്യത്തെ മൂന്നു വരികളില്പറയുന്നവയൊക്കെ കുറുകെയുള്ള രേഖയിൽ, വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന്റെ


നെടുകെയുള്ള വഴിയിൽ വരുന്ന തടസ്സങ്ങളായി പറയുന്നു, അനേകമാണവ, അതിനാൽ കരുവും ഭാനുമാനുമായുള്ള
പാരസ്പര്യത്തിൽ വികല്പങ്ങൾ ഉണ്ടാകുന്നു. നിർവികാരമായിരിക്കുന്ന സ്വരൂപത്തിലേക്ക് ഉണരാൻ കഴിയാതെ
പോകുന്നു, തൊട്ടടുത്ത ശ്ലോകത്തിൽത്തന്നെ ഗുരു ഇതിനു പരിഹാരവും നിർദ്ദേശിക്കുന്നു.

'ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം’ (7)
എന്നു പറഞ്ഞ് തരുന്ന ഗുരു നമുക്കൊരു വഴി പറഞ്ഞു തരികയാണു. അങ്ങനെയുള്ള ഒരു മുനിവര്യനാണു ഗുരു.
മുനിജനസേവയിൽ മൂർത്തി നിർത്തണമെന്നു പറയുമ്പോൾ, ഗുരുവിന്റെ പടം വച്ചോ വിഗ്രഹം വച്ചോ
പൂജചെയ്യണമെന്നല്ല, അദ്ദേഹത്തിന്റെ വാക്കുകൾ മനനം ചെയ്യണമെന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. ‘മൂർത്തി’
യാണു നിറുത്തേണ്ടത്, ‘ മൂർത്തമായതാണു ‘മൂർത്തി.’ വെറും ശരീരമല്ല, മനസ്സാണൊ? അ’സുഖം’ ശരീരത്തിൽ
പ്രകടമാകുന്നുണ്ടല്ലൊ. അതിനു ചികിത്സ ഉപദേശിക്കുകയാണു, ‘കരണങ്ങൾ, ഇന്ദ്രിയങ്ങൾ, ശരീരം തൊട്ടറിയുന്ന
അനേകലോകങ്ങൾ, ഓർക്കിൽ എല്ലാം’ ‘പരവെളി തന്നിലുയർന്ന സൂര്യന്റെ തന്നെ പരിപാവന ശരീരമാണു, ഇതിനെ
അന്വേഷിച്ചറിയണം’ എന്നു നിർദ്ദേശിച്ചത് ഓർക്കുക.
ശരീരമെങ്കിൽ അതിനെ ഗുരുസേവയിൽ ഉറപ്പിക്കണം, നമുക്ക് ശരീരമാണല്ലൊ ആദ്യമായി നിറുത്താൻ പറ്റുക.
അവിടെനിന്നു തുടങ്ങാം.
വികല്പങ്ങൾ വരുന്നത് ശരീരത്തിനല്ല, മനസ്സിനാണു.”ഇതിനിന്നയോഗ്യനെന്നാൽ’. അയോഗ്യ? യോഗ്യത?
നമുക്കെല്ലാ യോഗ്യതകളുമുണ്ടല്ലോ? ഔദ്യോഗികമായ, ബിരുദങ്ങളും ബിരുദാനന്തര ബിരിദങ്ങളുമൊന്നുമല്ല; പക്ഷെ
മനസ്സു നിർത്തുക, അതു പ്രയാസം തന്നെ., അതു ശീലിക്കേണ്ടതായുണ്ടു, അതുകൊണ്ടാണു ‘മുനിജന സേവ’
ആവശ്യമായിവരുന്നത്, ‘മനനത്തിലൂടെ, മൗനത്തിലൂടെ’ മനസ്സിനെ നിറുത്താൻ ശീലിച്ചവരാണു ‘മുനിജനം’.
പ്രണവമുണർന്നവരും, പിറപ്പൊഴിഞ്ഞ് വാഴുന്നവരുമാണവർ. ഗുരുവിനെ ശ്രീ നാരായണനെന്നല്ല, നാരായണ
ഗുരുവെന്നു വിളിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി എന്നെ ബോധവാനാക്കിയത് ഗുരുവുന്റെ വത്സലശിഷ്യനും
അനന്തരഗാമിയുമായ നടരാജഗുരു തന്നെയാണു. അതു ചെയ്യാതെ ശ്രീനാരായണനെന്നു വിളിക്കുന്നത്
ഗുരുനിന്ദയാണെന്നും. ഇതിന്റെ ഗുരുത്വം മനസ്സിലാക്കിത്തന്നെയാണു ഗുരു ‘നാരായണഗുരു’വെന്നു തന്നെ ഒപ്പ്
വച്ചിരുന്നതും, ഇതു മനസ്സിലാക്കി പറഞ്ഞുകൊടുക്കണം എന്നും നടരാജഗുരുവിനു നിർബ്ബന്ധമുണ്ടായിരുന്നു.
നമുക്കെങ്ങനെയോ ഈ കുരുത്തം (ഗുരുത്വം) കെട്ടു പോയിരിക്കുന്നു, നഷ്ടമായിരിക്കുന്നു, നമുക്കാരെയും വണങ്ങാൻ
വയ്യാതായിരിക്കുന്നു.
‘പ്രണവ’മെന്നാൽ ‘ഓം’കാരമാണു. ധ്വനി, മുരളുന്ന ശബ്ദം എന്നൊക്കെയും അർഥമുണ്ടിതിനു. പിറപ്പൊഴിഞ്ഞ്
വാഴുകയെന്നാൽ, ജന്മനിരോധം - ഒരിക്കലുണ്ടായതിന്റെ ആവർത്തനം ഇല്ലാതെ, എപ്പോഴും പുതിയതായി,
അല്ലെങ്കിൽ പുതുമ നശിക്കാതെ കഴിയുകയെന്നൊക്കെ അർഥമെടുക്കാം. അങ്ങിനെയുള്ളവരെ ആശ്രയിച്ച്
അത്തരത്തിൽ ജീവിക്കാൻ പഠിക്കണമെന്നാണു മനസ്സിലാക്കേണ്ടത്. ‘ഉണരരുതെ’ന്നു പറയുമ്പോൾ, പലതരം
വികല്പങ്ങളിലേക്കു മനസ്സിനെ വിടരുതെന്നും, ‘ഉറങ്ങിടാതിരുന്നീടണമറിവായ്’
സർവസാക്ഷിയായിരിക്കുന്നതായിപ്പറഞ്ഞ നിർവികാരരൂപത്തെ മറന്നുപോകരുതെന്നും മനസ
്സിലാക്കണം.

ഇനി പത്താമത്തെ ശ്ലോകത്തിൽ പറയുന്നതു ശ്രദ്ധിയ് കാം,


‘ഇരുളിലിരിപ്പവനാരു? ചൊൽക നീ’യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു ‘നീയുമാരെ’-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.(10)

ഒരു പ്രായോഗിക സന്ദർഭത്തെയെടുത്ത് ഗുരു ഒരു ശാസ്ത്ജ്ന്ലെനെ പ്പോലെ,, നമുക്കു എളുപ്പം മനസ്സിലാക്കാവുന്ന
ഒരുദാഹരണം തരുന്നു: ഒരിരുട്ടുമുറിയിൽ ഇരിക്കുന്ന രണ്ടു പേർ തമ്മിലുള്ള
സംഭാഷണമാണിത്. ഇരുട്ടുമുറി- കണ്ണുകളഞ്ചുമുള്ളടക്കി ആണല്ലോ നാം തുടങ്ങിയതു. വീണ്ടും വരും, അതായത് മറ്റൊരു
സംവേദനവും ശ്രദ്ധയെ അകറ്റാതെ ഇരിക്കൽ. ‘ ആരത്’ എന്നൊരുവൻ ചോദിക്കുന്നു, അവൻ തിരിച്ചിങ്ങോട്ടും
അതേ ചോദ്യം ചോദിക്കുന്നു. രണ്ടു പേരുടെയും ഉത്തരം ഒന്നു തന്നെ. ഗുരു തുടരുന്നു:

അഹമഹമെന്നരുളുന്നതൊക്കെയാരു-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹം പൊരുളും തുടർന്നിടുന്നു. (11).

ആരായണം, വെറുതെ പറ്റില്ല. അകമേ പലതല്ലാത്ത, ഏകമായ, ‘അഹം’, ഒന്നുമറിയാതിരിക്കുമ്പോഴും ‘അഹം,


അഹം’എന്നറിയുന്നുണ്ട്. അകലുന്നതായ, അകറ്റുന്നതായ അഹന്തയുമുണ്ട്. അതിനെ അടുത്ത ശ്ലോകത്തിൽത്തന്നെ
വിവരിക്കുന്നുമുണ്ട്. ‘ഉരുവിലും ഒത്തു പുറത്തും’ എന്നു പറഞ്ഞിടത്തു ‘ഒക്കേണ്ട’തിന്റെ പ്രാധാന്യം നമ്മൾ
ശ്രദ്ധിച്ചുവല്ലൊ. ഇനി നമുക്ക് ശ്ലോകം 15 ലേക്കു കടക്കാം.

പരയുടെ പാലു നുകർന്ന ഭാഗ്യവാന്മാർ-


ക്കൊരു പതിനായിരമാണ്ടൊരല്പനേരം
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

സമയത്തെ, കാലത്തെ, നാമനുഭവിക്കുന്നതിന്റെ രണ്ടു സാധ്യതകളാണു ഗുരു ഇവിടെ സൂചിപ്പിക്കുന്നത്.


നമുക്കറിയാവുന്നതാണു - സന്തോഷമായിരിക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല നാം, അല്ലാത്തപ്പോൾ സമയം
പോകുന്നേയില്ലെന്നു തോന്നും. തുടരെ ഇടവിട്ടു നോക്കുമ്പോഴും വാച്ചിന്റെ സൂചിയവിടെ ഉറഞ്ഞ് പോയതുപോലെ
തോന്നുന്നു. ‘പരയുടെ പാലു നുകരണ’മെന്നു ഗുരു പറയുന്നു, അപ്പോൾ വളരെ ദീർഘകാലം പോലും ‘ഒരല്പനേരം’,
എന്താണീ ‘പര’? ശ്രേഷ്ഠമായത്. നമ്മെ ഉദാത്തരാക്കുന്ന, ഉന്നതമായ മൂല്യങ്ങൾ. നമുക്കു സമാധാനമുണ്ടാക്കുന്ന, നല്ല
വിചാരങ്ങൾ, നമ്മെ പോഷിപ്പിക്കുന്ന കാര്യങ്ങൾ, പാലു പോലെ നുകരണം, പ്ലാസ്റ്റിക്ക് പാലല്ല, നല്ല പാലു തന്നെ.
ഇല്ലെങ്കിൽ 'അറിവ് അപരപ്രകൃതിക്ക് അധീനമായിപ്പോകും, അപ്പോൾ അര ക്ഷണം തന്നെ ആയിരം ആണ്ടായി
നമുക്കു തോന്നും, നേരം പോക്കാൻ നാം വിഷമിക്കും.
അടുത്ത ശ്ലോകത്തിൽ
‘അധിക വിശാലമരുപ്രദേശമൊന്നായ്
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണു തുറക്കുമക്ഷി യെന്നും
യതമിയലും യതിവര്യനായിടേണം. (16)

എന്ന് പറഞ്ഞ് ഗുരു, മുൻ ശ്ലോകത്തിൽ സൂചിപ്പിച്ച ഭാഗ്യവാന്മാരുടേതായ ഒരു ‘മിസ്റ്റിക്’ അനുഭൂതിയെ വിവരിക്കുന്നു.
ഒരു വിശാലമായ മരുഭൂമിയിലേക്കു ഒരു പുഴയൊഴുകിവരുന്നതു സങ്കല്പിക്കുക! ചുട്ടുപഴുത്തു കിടക്കുകയാണു മരുഭൂമി,
നമുക്കൂഹിക്കാവുന്നതേയുള്ളു. അവിടം പെട്ടെന്നു ആകെ തന്നെ തണുപ്പിച്ചു കൊണ്ടാണു നദി പെരുകിവരുന്നത്. ഓരോ
മണൽത്തരിയും വെള്ളം കുടിച്ചാർക്കുകയാണു. അതുപോലൊരു പ്രവാഹം, അറിവിന്റേതാകാം,
കരുണയുടേതാകാം, പ്രേമത്തിന്റേതാകാം.’ പക്ഷെ, ‘മിസ്റ്റിസിസത്തിനു സഹജമായ ഒരാശ്ചര്യം, കൃതിയിലവിടവിടെ
കാണുന്നത് ശ്രദ്ധിക്കാതെ പോകരുത്. ഇവിടെയെന്നല്ല, എവിടെയും. ഇങ്ങനെയുള്ള പല ശ്ലോകങ്ങളും
കൃതിയിലവിടവിടെയായി കാണാം. (കൂടുതലറിയാൻ താല്പര്യമുള്ളവർ നടരാജ ഗുരുവിന്റെ One Hundred Verses of
Self-Instruction, The Philosophy of a Guru തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുന്നത് സഹായകമാകും.)

ചില ശ്ലോകങ്ങൾ മാത്രം ഇവിടെയെടുത്ത് ഉദാഹരിക്കുന്നത് മറ്റുള്ളവയേക്കാൾ അവ പ്രാധന്യമർഹിക്കുന്നു


എന്നുള്ളതു കൊണ്ടല്ലെന്നു വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടു നമുക്കു ശ്ലോകം 18 ലേക്കു കടക്കാം.
അഹമിരുളല്ല ഇരുളാകിൽ അന്ധരായ് നാം
അഹമഹം എന്നറിയാതിരുന്നുടേണം,
അറിവതിനാൽ അഹം അന്ധകാരമല്ലെ ന്നു
അറിവതിനിങ്ങനെയാർക്കുമോതിടേണം.
‘ അഹം’ (ഞാൻ) ഇരുളല്ല, ഇരുളായിരുന്നെങ്കിൽ നാം ‘ ഞാൻ, ഞാൻ’ എന്നു അറിയുകയില്ലായിരുന്നു, ‘ഞാൻ’ എന്ന
അറിവുള്ളതിനാൽ ‘ഞാൻ’ അന്ധകാരമല്ല എന്ന് എല്ലാവരെയും അറിയിക്കണം, എന്നാണു ഗുരു പറയുന്നതു.
അറിയുന്നതിനോടൊപ്പം അറിയിക്കുകയും വേണം. അറിയുമ്പോൾ അറിയിക്കേണ്ടിവരുന്നു. ഇതാണു തപസ്വിയായി
വനാന്തരങ്ങളിലും ഗുഹകളിലും കഴിഞ്ഞിരുന്ന ‘നാണു ഭക്തനെ’ നാരായണ’ഗുരു’വായി മാറ്റിയതെന്നു പറയാം.
അറിഞ്ഞതു തനിക്കു മാത്രം ഉള്ളതല്ലെന്ന ബോദ്ധ്യം. അതുതന്നെ നമ്മോടും ആവശ്യപ്പെടുകയാണിവിടെ ഗുരു.
എല്ലാവരോടും പറയണം, ഗുരുത്വം നമ്മിലോരോരോരുത്തരുടെയും ലീനമായുണ്ട്, അതിനെ ഉണർത്തുകയേ വേണ്ടൂ.
ശിഷ്യത്വമാണതിനുള്ള വഴി. ‘അഹം’ എന്നതു പലതല്ല, ഒന്നുതന്നെയാണെന്നു നാം മുൻപേ കണ്ടുവല്ലൊ. അതിനെ
അകറ്റുന്ന അഹന്തയാണു അനേകമായത്, അതിൽപ്പെടാതിരിക്കണം. അപ്പോൾ വാദങ്ങളും
പ്രതിവാദങ്ങളുമില്ലാതാകും. ഇതാണടുത്ത ശ്ലോകത്തിലെ പ്രതിപാദ്യം.

അടിമുടിയറ്റം അതുണ്ടിതുണ്ടതുണ്ടെന്നു
അടിയിടും, ആദിമസത്ത ഉള്ളതെല്ലാം,
ജഡമിതു സർവമനിത്യമാം; ജലത്തിൻ
വടിവിനെവിട്ടു തരങ്ഗമന്യമാമോ?
ഉള്ളതെന്താണെന്നതിനെപ്പറ്റിയാണു തർക്കങ്ങളൊക്കെ. ജഡമോ, ചൈതന്യമോ, മായയോ ഈശ്വരനോ,
ജഗത്തോ, ബ്രഹ്മമോ, ഞാനോ, നീയോ, എന്നിങ്ങനെ, അന്തമില്ലാത്ത തർക്കങ്ങൾ, യുദ്ധങ്ങൾ, ജീവിതം
കലുഷമാക്കിക്കൊണ്ടിരിക്കുന്നു. ഗുരു വളരെ ലളിതമായ ഉത്തരം തരുന്നു, ആദിമസത്ത യാണു ഉള്ളതെല്ലാം, എന്താണീ
ആദിമസത്ത? ഇതുവരെയുള്ള ശ്ലോകങ്ങളിൽ പറഞ്ഞതനുസരിച്ചു, അറിവ്, അല്ലെങ്കിൽ ‘അഹം’ ആയിരിക്കണം ഈ
ആദിമ സത്ത. ‘ഞാനില്ല’ എന്നൊരു വാദിയും പറയുകയില്ലല്ലൊ. വളരെ സുഗമമായൊരു ഉദാഹരണവും ഗുരു പറയുന്നു:
‘ജലത്തിൻ വടിവിനെ വിട്ടു തരങ്ഗമന്യമാമോ?’കടലിനടുത്തുതന്നെ വളരെക്കാലം കഴിഞ്ഞിരുന്നതിനാലാകാം,
കടലും അലയും ഗുരുവിനു പ്രിയപ്പെട്ട ഉദാഹരണമായത്. പല കൃതികളിലും ഉപയോഗിക്കുന്നതും.
‘ദൈവദശക’ത്തിലേതായിരിക്കും നമുക്ക് ഏറ്റവും പരിചയമുള്ളതു. അവിടെ കടലിന്റെ ആഴത്തെയാണു
ദൈവത്തോടുപമിച്ചിരിക്കുന്നത്. ഈ ആഴം എന്താണു? എവിടെയാണത്? വെള്ളത്തിൽത്തന്നെ ഉള്ളപ്പോഴും അത്
നനയാതിരിക്കുന്നുവല്ലൊ! എന്താണത്? ഇതൊരാശ്ചര്യം തന്നെ. നാം മനനം ചെയ്തു ചെല്ലുമ്പോൾ ഇനിയും ഈ
ഉദാഹരണം വരും, ചെറിയ മാറ്റങ്ങളോടെ, ഇതൊക്കെ ശ്രദ്ധിച്ചാലേ എത്ര സമഗ്രമായാണു ഗുരു നമുക്ക്
ഇതുപദേശിച്ചിട്ടുള്ളതെന്നു മനസ്സിലാക്കാനാകൂ.

നമുക്ക് മടങ്ങാം, 20-ആം ശ്ലോകത്തിലേക്കു,

ഉലകിനു വേറൊരു സത്തയില്ല, തുണ്ടെ


ന്നുലകരുരപ്പതു സർവമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?
മുൻ ശ്ലോകത്തിൽ പറഞ്ഞതല്ലാതെ വേറെ ഒരു സത്തയും ഇല്ല, ലോകത്തിനു. അതുണ്ടെന്നു ആരെങ്കിലും
പറയുകയാണെങ്കിൽ അതു ഊഹിക്കുവാൻ കഴിവില്ലാത്തതിനാലാണു.‘ജളനു വിലേശയം’ എന്ന് തോന്നിയാലും,
മൂഢൻ അതിനെ പാമ്പെന്നു തെറ്റിദ്ധരിച്ചാലും, ‘നലമിയലും മലർമാല നാഗമാമോ?’ നന്മ നിറഞ്ഞ, സൗരഭ്യം
വഴിയുന്ന പൂമാല നാഗമാകുമോ? നന്മ നിറഞ്ഞ പൂമാലയെ പാമ്പെന്നു തെറ്റിദ്ധരിക്കുകയാണു ‘ജളത’, അല്ലെങ്കിൽ
മൗഢ്യം, ഇതു ഗുരു വരുത്തുന്ന വലിയൊരു തിരുത്തൽ തന്നെയാണു, ഇതു വളരെ പ്രാധാന്യമർഹിക്കൂന്നു. ഗുരുവിന്റെ
ദർശനത്തിൽ ഈ കാഴ്ചപാട് എത്ര പ്രധാനമാണെന്നു എടുത്തുപറയേണ്ടതായുണ്ട്. ‘ജഗത്തു മായ’യാണെന്നും മറ്റും
പറയുന്ന ജളത യെ ഗുരു ഇവിടെ വിമർശവിധേയമാക്കുന്നു.

21 മുതൽ 25 വരെയുള്ള ശ്ലോകങ്ങളിൽ ഗുരു സമൂഹജീവിയായ മനുഷ്യനു ജീവിതം ധന്യമാക്കുവാൻ ഒരു വഴി പറഞ്ഞു
തരുന്നു;

പ്രിയമൊരു ജാതി,ഇതെൻ പ്രിയം, ത്വദീയ-


പ്രിയ മപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം, തൻ-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. ( 21)

പ്രിയമെന്നത് ഒരേ വിധമാണു, ജീവിതം മൂല്യമുള്ളതാക്കുന്നതാണു, ആനന്ദത്തോടു ചേർന്നു നിൽക്കുന്നതാണു;


എന്നാൽ എന്റെ പ്രിയം, നിന്റെ പ്രിയം, മറ്റൊരാളുടെ പ്രിയം, ഇങ്ങനെ അനേകമായി പ്രിയവിഷയം തോറും
ഭ്രമമുണ്ടാകുന്നു, തന്റെ പ്രിയം തന്നെയാണു മറ്റൊരുവന്റെയും പ്രിയം എന്നറിയണം. പ്രിയവിഷയങ്ങളെപ്പറ്റിയാണു
ഭ്രമമുണ്ടാകുന്നത്. പ്രിയമാകട്ടെ, ഒരേ വിധത്തിലുള്ളതാണു. കൃതിയിൽ നാം വീണ്ടും ‘പ്രിയം’ എങ്ങിനെയാണു
ഒന്നാണെന്നു കാണും. ‘അകമേ പിരിയാതെയുള്ള’ ‘ആത്മഗത’പ്രിയത്തെപ്പറ്റി നമുക്ക് പഠിക്കുവാനിടവരും. ഇപ്പോൾ
നമുക്കു ഈ ഭാഗത്തെ ബാക്കി ശ്ലോകങ്ങളിലേക്കു തന്നെ മടങ്ങാം.

പ്രിയമപരന്റെയതെൻ പ്രിയം, സ്വകീയ-


പ്രിയമപരപ്രിയം ഇപ്രകാരമാകും
നയം, അതിനാലെ നരന്നു നന്മ നൽകും
ക്രിയ അപരപ്രിയഹേതുവായ് വരേണം. (22)
അപരന്റെ പ്രിയം തന്നെയാണു എന്റെയും പ്രിയം; സ്വകീയപ്രിയം, അതായത് എനിക്കു പ്രിയമായത്, തന്നെ
അപരനും പ്രിയമാണു- ഇപ്രകാരമാകും നയം. ഇങ്ങനെയുള്ളതാണു, അല്ലെങ്കിൽ ഇങ്ങനെയാകുന്നതാണു നയം, നല്ല
മാർഗം, ഇതായിരിക്കണം നമ്മെ നയിക്കേണ്ട ചിന്താരീതി. ഇങ്ങനെ ജീവിക്കാൻ നാം ശീലിക്കേണ്ടതുണ്ട്. ‘അപരൻ’
എന്ന വാക്കും ശ്രദ്ധേയമാണു, ‘പരനല്ലാത്തവൻ’ എന്നാൽ അന്യനല്ലാത്തവൻ എന്നും അർത്ഥമുണ്ടല്ലൊ. ഗുരു
‘പരനും’ ശിഷ്യൻ ‘അപര’നുമാകുന്ന വിദ്യാഭ്യാസ സന്ദർഭവും ഇവിടെ പ്രസക്തമാണു, ‘ആത്മോപദേശ’മാണല്ലൊ.
‘മുനിജനസേവ’യിൽ നാം നിരതരാണല്ലൊ. അടുത്ത ശ്ലോകത്തിലേക്കു കടക്കാം:

അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം. (23)

വളരെ ലളിതമായി കൃപാലുവായൊരാളെയും അതിനു വിപരീതമായുള്ളൊരുവനെയും താരതമ്യം ചെയ്യുകയാണു ഗുരു


ഇവിടെ. രാപകലില്ലാതെ, എന്നുവച്ചാൽ, സദാ, എല്ലായ്പൊഴും പ്രവർത്തിക്കുകയാണു കൃപാലു. ഉദ്ദേശ്യത്തിന്റെ
നൈരന്തര്യമാണു പ്രധാനം, പ്രവൃത്തിയുടെതല്ല എന്നു ധരിക്കണം. ഗുരുവിന്റെ ‘അനുകമ്പാ ദശകം’ പഠിക്കുന്നത് ഇതു
കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും. മുമ്പ്, ശ്ലോകം 11- ൽ ‘അഹമഹം’ എന്നു പറയുന്നതൊക്കെ
എങ്ങിനെയാണു പലതല്ലാതെ ഏകമായിരിക്കുന്നതെന്നു നാം കണ്ടുവല്ലൊ. ഈ ഉൾക്കാഴ് ചയുടെ ഇല്ലായ്മയാണു
ഒരുവനെ കൃപണനാക്കുന്നത്. അതുണ്ടെങ്കിൽ ഒരുവൻ കൃപാലുവായിരിക്കും, ഇതു വിശദീകരിക്കുന്നതാണു അടുത്ത
ശ്ലോകം.
അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം,
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം. (24)

ഇവിടെയാദ്യത്തെ രണ്ടുവരികളിൽ പറഞ്ഞിരിക്കുന്നതാണു കാര്യം. ഓർത്താൽ എല്ലാവരും ഒരേ ഉണ്മയുടെ


പ്രതിരൂപങ്ങളാണെന്ന് നമുക്ക് കാണാം, അപ്പോൾ ‘അവൻ, ഇവൻ, അവൾ, ഇവൾ’എന്നൊക്കെയുള്ള ഭ്രമം മാറും.
ഇതുവിട്ടുകളഞ്ഞാണു അടുത്ത രണ്ടുവരികൾ സാധാരണ ഉദ്ധരിച്ചു വരുന്നത്. എന്നാൽ, ആദ്യത്തെ രണ്ടു വരികളിൽ
പറയുന്ന തത്ത്വമറിഞ്ഞാലേ രണ്ടാമതു പറഞ്ഞിരിക്കുന്നത് പ്രാവർത്തികമാകൂ.

ഒരുവനു നല്ലതും അന്യനല്ലലും ചേർ-


പ്പൊരു തൊഴിലാത്മവിരോധിയോർത്തിടേണം;
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു. (25)
ഏകപക്ഷീയമായ പ്രവർത്തികൾ,പക്ഷപാതങ്ങൾ, ആത്മവിരോധിയാണെന്നു മനസ്സിലാക്കണം, താൻ തന്നെ
തനിക്കു ശത്രുവാകുന്ന നില. ഒന്നാം ശ്ലോകത്തിൽ തന്നെ നാം കണ്ടുവല്ലൊ ‘ഒക്കേ’ണ്ടതിന്റെ ആവശ്യം. ഒരുവനു നന്മ
ചെയ്യുമ്പോൾ മറ്റൊരുവനു തിന്മയാകരുത്, ഇതു ജീവിതത്തെ നരകമാക്കുന്നു, ഇത്തരം പ്രവൃത്തികളുടെ
ഫലമായുണ്ടാകുന്ന തീപ്പൊരികൾ ചെറുതെങ്കിലും, അവ ഒന്നു ചേർന്ന് വലിയൊരു കാട്ടുതീയായി, നമ്മെ
നരകത്തിലാക്കുന്നു. നരകത്തിൽ കെടാത്ത തീയാണല്ലൊ! മനസ്സിലും. ഓരോരോ തീപ്പൊരികൾ നാം
ശ്രദ്ധിക്കാതെപോകുന്നു. ശ്രദ്ധിക്കാൻ തുടങ്ങുമ്പൊഴേക്കും നമുക്കു കെടുത്താൻ കഴിയാത്ത നിലയിലായിപ്പോകുന്നു. നാം
തന്നെ നമ്മുടെ ഏറ്റവും വലിയ ശത്രുവായിപ്പോകുന്നു. ജീവിതം തന്നെ നരകതുല്യമായി മാറുന്നു. മരണാനന്തരമുള്ള
ഏതോ നരകത്തെയല്ല, ഇവിടെ ഇപ്പോൾത്തന്നെ അനുഭവിക്കുന്ന ദുഃഖത്തെപ്പറ്റിയാണു ഗുരു പറയുന്നത്. തൊട്ടു
മുൻപിലുള്ള ശ്ലോകങ്ങളിലെ ‘അപരൻ’ ഇവിടെ ‘പരൻ’ ആയി മാറിയതും ശ്രദ്ധിക്കുക.
ജീവിതത്തിൽ ദുഃഖമല്ലാതെ ഒന്നുമില്ല എന്ന അവസ്ഥയിൽ നാം നരകത്തിൽ കിടന്നുഴലുന്നു
ഇതിനെ മനോരോഗം മാത്രമായി വ്യാഖ്യാനിച്ച്, നാം വിദഗ്ധരുടെയും മരുന്നുവ്യവസായങ്ങളുടെയും പുറകേ ഓടി
‘അലയുന്നു’. ഇതിനെ തിരുത്താനുള്ള ഒരു വഴി ഗുരു ഇവിടെ പറഞ്ഞുതരുന്നു. ഇതിന്റെ ശമനത്തിനുള്ള വഴികളും
ഇങ്ങനെ തന്നെയാണു. ‘ അരുളാൽ വരും ഇമ്പം, അൻപകന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും’ എന്നു
പറഞ്ഞിട്ടുള്ളതും ഇവിടെ നമുക്കോർക്കാം.
പച്ച മലയാളത്തിൽത്തന്നെ ഇതൊക്കെ എഴുതിത്തന്നിരിക്കുന്നു.

അവയവമൊക്കെയമർത്തി ആണിയായ് നി-


ന്നവയവി ആവിയെ ആവരിച്ചിടുന്നു,
അവനിവനെന്നതിനാലവൻ നിനയ് ക്കു-
ന്നവശതയാം അവിവേകമൊന്നിനാലേ.

രോഗം വരുത്തുന്ന ഒരവശത യെപ്പറ്റിയാണു പറയുന്നത്, ‘അവൻ, ഇവൻ’ എന്നു നമ്മെ ചിന്തിപ്പിക്കുന്ന ‘അവശത’യെ
ഗുരു അവിവേകമെന്നു വിളിക്കുന്നു. അവയവങ്ങളെയൊക്കെ അമർത്തി നിൽക്കുന്ന ‘അവയവി’ സ്വയം ആവികൊണ്ട്
മൂടുന്നതിനാൽ നാം ഈ ‘ശരീരി’യെ, ദേഹിയെ അറിയാതെ പോകുന്നു. അവശരായിത്തീരൂന്നു. ‘അവൻ, ഇവൻ,
അവൾ, ഇവൾ,’ എന്നൊക്കെ തെറ്റിദ്ധരിക്കുന്നു. മുൻശ്ലോകങ്ങളിൽ നാം കണ്ട അപരനെയും പരനെയും ഇതിനോടു
ചേർത്തു മനസ
്സിലാക്കണം.

ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വറിവതു താനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം. (27)

ആദ്യമായാണു ആത്മാവിനെ ഇന്നതല്ല അതെന്നതിനുപകരം ‘ ഇന്നതാണു എന്നു പറഞ്ഞു കാണുന്നത്, നാം


(പരിചയിച്ച) ഇരുളിൽ ഇരുന്ന് അറിയുന്നതാണു ആത്മാവെന്നു. അറിയുന്നതാണു ആത്മാവ്,എന്നു മാത്രമല്ല, അതു
തന്നെ നാമമായി, രൂപമായി, കരണങ്ങളായി, ഇന്ദ്രിയങ്ങളായി, കർത്താവായി, കർമ്മമായി വരുന്നത് കാണുവാൻ
ഗുരു ക്ഷണിക്കുകയാണു. ഒരു വലിയ ഇന്ദ്രജാലം കാണാൻ. എന്താണീ ഇന്ദ്രജാലം? രണ്ടാം ശ്ലോകത്തിൽ ഭാനുമാന്റെ
തിരുവുരുവായി നാം കണ്ടതാണു ഇവിടെപ്പറയുന്ന കരണവും ഇന്ദ്രിയവുമൊക്കെ.
അറിയുകമാത്രം ചെയ്ത്, ഇരുട്ടത്തിരിക്കുന്ന ആത്മാവ്, നാമം-പേരു, രൂപം, തുടങ്ങി മനസ്സ്, ചിത്തം, ബുദ്ധി,
അഹംകാരമ്മാത്രമല്ല, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങൾ, കർത്താവും കർമ്മവും വരുന്നതു തന്നെയാണു ഇന്ദ്രജാലം.
കുറെ ശ്ലോകങ്ങൾ മുമ്പോട്ടു ചെല്ലുമ്പോളിതിനെത്തന്നെ ‘തൻ തിരുവിളയാടൽ’എന്നു വിളിക്കുന്നുണ്ട് ഗുരു. ‘മതി
മുതലായ മഹേന്ദ്രജാലം’ ഉണ്ടാകാൻ ‘കരു’വാകുന്ന ഒന്നിനെ കാണാൻ പറയുകയാണു ഗുരു.
ആദ്യശ്ലോകത്തിൽത്തന്നെ നാം കണ്ട കരു;ഇറങ്ങിവരുകയാണു, അവതരിക്കുകയാണു, ആദ്യം പേരിൽ നിന്നാണു
തുടക്കം. എന്താണു പേരിൽ നിന്നു തുടങ്ങുന്നത്? സൂക്ഷ്മമായ ഒന്ന്, ശബ്ദം മാത്രമാണതെന്നു നമുക്കറിയാം,ഏതു
പേരിനും ഒരു രൂപമുണ്ട് , വടിവ്. അന്തഃക്കരണം, ചെവി, കണ്ണ്, മുതലായ ഞജനേന്ദ്രിയങ്ങളും, കൈ കാൽ തുടങ്ങിയ
കർമ്മേന്ദ്രിയങ്ങളും, ചെയ്യുന്നവനായി, ചെയ്തിയായി, അതി സൂക്ഷ്മത്തിൽ നിന്നു എറ്റവും സ്ഥൂലമായി
പ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നത് അദ്ഭുതം തന്നെയെന്നല്ലതെ എന്തുപറയാനാകും? മഹേന്ദ്രജാലം! എന്നാൽ
ആകെ ശ്രദ്ധിച്ചാൽ അവ്യക്തതയില്ല .വെളിവാകും.

അടുത്ത ശ്ലോകത്തിൽ ഗുരു ‘തുര്യബോധം’ എന്ന് ഒരു തരം അറിവിനെ അവതരിപ്പിക്കുന്നു..


അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും
ജഡമറിവീലതു ചിന്തചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം. (28)
ഗുരുവിന്റെ സംരചനാരീതി നാം പരിചയിച്ചല്ലോ, ആ നെടുകെയുള്ള രേഖയെപ്പറ്റി യാണു പറയുന്നത്:
‘അടിമുടിയറ്റ് അടി തൊട്ട് മൗലിയന്തം’-കരു തുടങ്ങി ഭാനുമാൻ വരെ, സ്ഫുടമായി അറിയണം, സ്ഫുടം ചെയ്യണം, സ്ഫടികം
പോലെ. അപ്പോൾനമുക്കു മനസ്സിലാകും, ‘ജഡമറിവീല’ ജഡമായത് അറിയുകയില്ല, അതിനു അറിയുവാനുള്ള
കഴിവില്ല. അതു ചിന്തിച്ച് ഓരോന്നു പറയുന്നതായി നമുക്കു തോന്നുകയാണു, ഇന്ദ്രജാലം കാരണം. അറിവിനു
ചിന്തയില്ലെന്ന് ഗുരു പറയുന്നുമുണ്ട് രണ്ടു ശ്ലോകങ്ങൾക്കു ശേഷം.(30) പിന്നെ പത്തിലധികം ശ്ലോകങ്ങളിൽ
അറിവിന്റെ വിവിധ സാദ്ധ്യതകളെക്കുറിച്ച്, ശക്തികളെക്കുറിച്ച്,പറയുന്ന ഗുരു അവയെയെല്ലാം ‘സമ’ ‘അന്യ’ എന്ന്
രണ്ടായിപ്പിരിക്കുന്നു,സമയെ നാം പറഞ്ഞുവന്ന നെടുകേയുള്ള രേഖയായും, അന്യയെ കുറുകേയുള്ളതായും
മനസ്സിലാക്കണം. പിന്നെ അവയെ ലക്ഷണ സഹിതം വിവരിക്കുന്നു. ‘പലവിധമായ് അറിയുന്നത് അന്യ’, ഒന്നായ്
വിലസുന്നത് സമ’. തുടർന്ന് ഇവയിലോരോന്നിന്റെയും വിശേഷ ശക്തികളെ ഗുരു വിവരിക്കുന്നു. സമയുടെ വിശേഷം
‘ഏകം’ ആണു, ‘അന്യ’ ഇവിടെ ‘വിഷമ’യാണു. അതിന്റെ വിശേഷമാകട്ടെ ‘വിരതി വരാ’ ത്തതാണു. വി സമ യാണു
വിഷമ. ഇവ രണ്ടും പരസ്പരം സ്പർശിക്കുന്ന ഒരു ‘നടുനില’യുണ്ട്, അവിടെയാണു ‘ഉരു’. അവിടെ അമർന്ന്,
തെളിഞ്ഞ്, ഉണരമെന്നാണിവിടത്തെ ഉപദേശം. അലിഞ്ഞ്, കലർന്ന് ഇരിക്കണമെന്നും ശ്ലോകം പറയുന്നു.
വെള്ളത്തിൽ രുചി കലർന്നിരിക്കുമ്പോലെ! പൂവിൽ മധു പോലെ, തെന്നലിൽ മണം പോലെ.
അടങ്ങി, അടക്കി, അമർത്തി, അമർന്ന്,അലിഞ്ഞ്, കലർന്ന്, ഇരുന്ന്, എന്നിങ്ങനെ നാം എന്നും, എപ്പോഴും
ഉപയോഗിച്ചുവരുന്ന വാക്കുകൾ തന്നെ ഗുരു തന്റെ കവിതയിൽ എത്ര ആഴത്തിലേക്ക് കൊണ്ടുപോകുന്നത് എന്നത്
പറയാനാവില്ല. ചില വരികളൊന്നു നോക്കാം. ‘തനുവിലമർന്ന ശരീരി,
അവയവമൊക്കെ അമർത്തി ആണിയായി’, ‘അഘമണയാതെ അകതാരമർത്തിടേണം’ ‘ജഡമമരുന്നതുപോലെ
ചിത്തിലും ചിത്തുടലിലും’ എന്നിങ്ങനെ ചെന്നു അവസാനശ്ലോകത്തിലെത്തുമ്പോൾ ‘മൃദുവായ് മൃദുവായ്
അമർന്നിടേണം’ എന്നുനിറുത്തുന്നു. ‘സത് ഓം’ എന്ന്,
പല ശ്ലോകങ്ങളിലും ‘രഹസ്യ’മായ എന്തോ ഒന്നിനെ പരാമർശിക്കുന്നുണ്ട്, ‘ഉപനിഷദുക്തി രഹസ്യം’,

പണ്ഡിതൻ തൻ പരമരഹസ്യം, രഹസ്യമേകമാകും, ധരയിലിതിന്റെ രഹസ്യം,എന്നൊക്കെ പറയുകമാത്രമല്ല,


‘എല്ലാവരും അറിവീല, അതി ഗോപനീയമാകും, അറിവവരില്ല അതിരറ്റതാകയാൽ’ എന്നും മറ്റും പറയുമ്പോൾ,
ആരെങ്കിലും ഒളിച്ചുവയ്ക്കുന്നതിനാലല്ല, അതിന്റെ രഹസ്യസ്വഭാവം അതിന്റെ അതിരില്ലായ്മയാൽത്തന്നെ
ഉണ്ടാകുന്നതാണെന്നു ധരിയ്ക്കണം. അതിരുകളില്ലാത്ത ഒരറിവിലേക്ക് നമ്മെ ക്ഷണിക്കുകയാണു ഗുരു ഈ കൃതിയിലൂടെ.

‘മതിയതിലാക്കി മറന്നിടാതെ മായാ-


മതിയറുവാൻ മനനം തുടർന്നിടേണം. എന്നു പറഞ്ഞാണു ശ്ലോകം 53 അവസാനിക്കുന്നത്.നമുക്ക് മനനം തുടരാം

You might also like