You are on page 1of 4

കൈത്താക്കാലം നാലാം ഞായർ

നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം

മത്തായി 17, 1-9

നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം – പറയുമ്പോൾ തന്നെ


ഏതോ സ്വർഗീയ തേജസ്സിന്റെ അനുഭവത്തിലേക്ക് നമ്മുടെ മനസ്സ് നാമറിയാതെ
പറന്നുയരും. ഈ ലോകത്തിന്റെതല്ലാത്ത എന്തോ ഒന്ന് നമ്മുടെ ഉള്ളിൽതുടിക്കും.
ദൈവികതയുടെ മണികൾ മുഴങ്ങാൻ തുടങ്ങും.

സമാന്തര സുവിശേഷങ്ങളിൽ വിവരിച്ചിട്ടുള്ളതും, വിശുദ്ധ യോഹന്നാന്റെ


സുവിശേഷത്തിൽ അവതരിപ്പിച്ചിട്ടില്ലാത്തതുമായ ഈശോയുടെ രൂപാന്തരീകരണം
മാനുഷികമായി ചിന്തിക്കാൻ ശ്രമിച്ചാൽ പിടികിട്ടുന്ന ഒന്നല്ല. ഇത് സ്വർഗ്ഗത്തിന്റെ
വെളിപ്പെടുത്തലാണ്. ഇത് തീർത്തും സത്യമാണ്. ശാസ്ത്രബുദ്ധിയ്ക്ക്
മനസ്സിലാക്കുവാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇതൊരു മിത്താണെന്ന്
(Myth) പറഞ്ഞ് തള്ളിക്കളയുവാനും കഴിയില്ല. എന്താണ് മിത്ത് അല്ലെങ്കിൽ
പുരാണം? ഒരു പരമ്പരാഗത ഐതിഹാസിക സംഭവം, കഥ, സാധാരണയായി
ഏതെങ്കിലും വ്യക്തിയെയോ, സംഭവത്തെയോ സംബന്ധിക്കുന്ന, പ്രത്യേകിച്ച്
ദൈവവുമായി ബന്ധപ്പെട്ടതും പ്രകൃതിയുടെ ചില ആചാരങ്ങൾ, അല്ലെങ്കിൽ
പ്രതിഭാസങ്ങൾ വിശദീകരിക്കുന്നതുമായ ഒന്ന്, നിർണ്ണായകമായ അടിസ്ഥാനമോ
സ്വാഭാവിക വിശദീകരണമോ ഇല്ലാതെ നിൽക്കുമ്പോൾ അതിനെ നാം മിത്ത്
അല്ലെങ്കിൽ പുരാണം എന്ന് പറയുന്നു. ഓരോ മതത്തിലും മനസ്സിലാക്കാൻ
സാധിക്കാത്ത ധാരാളം ഘടകങ്ങളുണ്ട്. നമുക്കത് ഇന്ന് ഇപ്പോൾ
മനസ്സിലായിട്ടില്ലെന്ന് മാത്രം. നാളെ അതിന്റെ സത്യം വെളിപ്പെടുവാൻ
സാധ്യതയുണ്ടെന്ന് നാം മറക്കരുത്. അല്ലെങ്കിൽത്തന്നെ, വിശ്വാസം എന്ന്
പറയുന്നതുതന്നെ യുക്തിക്കും, വിശദീകരണത്തിനും മേലെയുള്ള ഒന്നാണല്ലോ.
ശാസ്ത്രത്തിന് ഇനിയും പിടികിട്ടാത്ത എന്തല്ലാം ഭൗതികയാഥാർഥ്യങ്ങളാണ് ഈ
ലോകത്തിലുള്ളത് ! എന്നാൽ അവയെല്ലാം വെറും മിത്താണെന്ന് പറഞ്ഞ്
നടന്നകലാൻ നല്ല ശാസ്ത്രജ്ഞന്മാർ ശ്രമിക്കുകയില്ല. രാഷ്ട്രീയക്കാർക്ക്, അതും,
നിരീശ്വര പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്ക്, അവർ പുറത്ത്
പറഞ്ഞാലും ഇല്ലെങ്കിലും, അവർക്ക് മതം, ദൈവവിശ്വാസം ഒക്കെ വെറും
മിത്താണ് !

ഈശോയുടെ രൂപാന്തരീകരണം ഒരു ദൈവിക വെളിപ്പെടുത്തലായി


കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന്റെ ചരിത്രപരത എന്ന് പറയുന്നത്
ശിഷ്യരുടെ ദൃക്സാക്ഷി വിവരണം തന്നെയാണ്. വിശുദ്ധ പത്രോസിന്റെ രണ്ടാം
ലേഖനം അദ്ധ്യായം ഒന്ന് 17 – 18 വാക്യങ്ങളിൽ വിശുദ്ധ പത്രോസ് തറപ്പിച്ചു
ഇങ്ങനെ പറയുന്നു: “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ
പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമ പ്രഭാവത്തിൽ നിന്ന് അവന്റെ അടുത്ത്
വന്നു. സ്വർഗത്തിൽ നിന്നുണ്ടായ ആ സ്വരം ഞങ്ങൾ കേട്ടു. എന്തെന്നാൽ,
ഞങ്ങളും അവന്റെ കൂടെ വിശുദ്ധ മലയിൽ ഉണ്ടായിരുന്നു. ” വെറും മിത്തെന്ന
രീതിയിൽ പരിഗണിക്കപ്പെടേണ്ട ഒന്നല്ല ക്രിസ്തുവിന്റെ രൂപാന്തരീകരണമെന്നത്
നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

മലയേതായാലും, അതിന്റെ ഭൂമിശാസ്ത്രപരത എന്തുതന്നെയായാലും,


ഈശോയുടെ രൂപാന്തരീകരണം വലിയൊരു മാറ്റത്തിന്റെ സന്ദേശമാണ് നമുക്ക്
നൽകുന്നത്. ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് നമ്മെ
മാറ്റത്തിലേക്ക്, രൂപാന്തരീകരണത്തിലേക്ക്, മാനസാന്തരത്തിലേക്ക്
ക്ഷണിച്ചുകൊണ്ടാണ്. ” മനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.”
(മത്തായി 4, 17) വിശുദ്ധ ബൈബിളിൽ ദൈവത്തിന്റെ ആഹ്വാനം ഏശയ്യാ
പ്രവാചകന്റെ പുസ്തകം അദ്ധ്യായം 1, വാക്യം 18 ആണ്. “വരുവിൻ നമുക്ക്
രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും, അവ മഞ്ഞുപോലെ
വെണ്മയുള്ളതായിത്തീരും. അവ രക്ത വർണമെങ്കിലും കമ്പിളിപോലെ വെളുക്കും.
അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും.”
സുവിശേഷങ്ങളിലൂടെ ഈശോയും നമ്മെ ക്ഷണിക്കുന്നത് മാറ്റത്തിലേക്കാണ്;
രൂപാന്തരീകരണത്തിലേക്കാണ്. അല്പംകൂടി ആലങ്കാരികമായി പറഞ്ഞാൽ
ക്രിസ്തുമതം നമ്മോട് പറയുന്നത് മാറ്റത്തിന്റെ കഥയാണ്. ഈശോയിൽ നിന്ന്
ക്രിസ്തുവിലേക്കുള്ള മാറ്റത്തിന്റെ കഥ; വെള്ളത്തിൽ നിന്ന് വീഞ്ഞിലേക്കുള്ള
മാറ്റം; മാനുഷികതയിൽ നിന്ന് ദൈവികതയിലേക്കുള്ള മാറ്റം; ഇരുളിൽ നിന്ന്
വെളിച്ചത്തിലേക്കുള്ള മാറ്റം. തിന്മയിൽ നിന്ന് നന്മയിലേക്കുള്ള മാറ്റം; സാവൂളിൽ
നിന്ന് പൗലോസിലേക്കുള്ള മാറ്റം. അത് ധൂർത്തപുത്രൻ വീണ്ടും വീട്
കണ്ടെത്തുന്നതാണ്; അന്ധൻ വീണ്ടും കാണുന്നതാണ്; മുടന്തൻറെ കാലുകൾ
വീണ്ടും ബലം നേടുന്നതാണ്. അത് സക്കേവൂസിന്റെ വീട് രക്ഷയുടെ ഭവനമായി
മാറുന്നതാണ്. രക്തസ്രാവക്കാരി സുഖം പ്രാപിക്കുന്നതാണ്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലും രൂപാന്തരീകരണം സംഭവിക്കണം.


നമ്മുടെ മുഖങ്ങളും സൂര്യനെപ്പോലെ വെട്ടിത്തിളങ്ങണം; നമ്മുടെ വസ്ത്രങ്ങളും
പ്രകാശംപോലെ വെണ്മയുള്ളതാകണം; സ്വർഗത്തിന് നമ്മോട് സംസാരിക്കുവാൻ
മാത്രം വിശുദ്ധിയുള്ളവരായി നാം മാറണം.

ദൈവത്തിനുവേണ്ടിയുള്ള അന്വേഷണം ഏതെങ്കിലും ലക്ഷ്യത്തിനുവേണ്ടിയുള്ള


അന്വേഷണമല്ല, എന്തെങ്കിലും നേട്ടത്തിന് വേണ്ടിയുള്ള അന്വേഷണമല്ല. അത്
വിശുദ്ധി തേടിയുള്ള അന്വേഷണമാണ്. അത് പരിശുദ്ധാത്മാവിലുള്ള
ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പാണ്. ഇരുളിൽ നിന്ന്
വെളിച്ചത്തിലേക്കുള്ള വൃത്തം പൂർത്തിയാക്കലാണ്. രൂപാന്തരീകരണം
നടന്നുകഴിഞ്ഞാൽ പിന്നെ, നമ്മിൽ നിന്ന് ഭയം അപ്രത്യക്ഷമാകും.
നമ്മെക്കുറിച്ചുള്ള, നമ്മുടെ മക്കളെക്കുറിച്ചുള്ള, ഭാവിയെക്കുറിച്ചുള്ള ഭയം
ഇല്ലാതാകും. നാം ഈ ദൈവാലയത്തിലായിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്.

രൂപാന്തരം ജനനമാണ്. ഓരോ ക്രൈസ്തവനും ഒരു പുനർസൃഷ്ടിയാണ്.


അരുതുകളിലൂടെയോ, നിയമങ്ങളിലൂടെയോ നേടിയെടുക്കേണ്ട ഒന്നല്ല അത്.
വ്യക്തിയുടെ നവീകരണത്തിലൂടെയോ, പുതുക്കിപ്പണിയലുകളിലൂടെയോ അല്ല
ഇത് സംഭവിക്കുന്നത്. സമ്പൂർണമായ തകർക്കലിലൂടെയാണ്.

മൂന്ന് തരത്തിലുള്ള മാറ്റങ്ങളുണ്ട്. ഒന്ന്, നവീകരണമാണ് (Reformation). ഇതൊരു


മാറ്റമാണ്. പക്ഷേ, വെറും ഉപരിപ്ലവമായ, പുറമെയുള്ള മാറ്റം. ഉള്ള്
അതുപോലെതന്നെയിരിക്കും. ആശയങ്ങൾ മാത്രം മാറുന്നു. നമ്മുടെ
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത് ഒരു നവീകരണമായിരുന്നു. ഒന്ന്
വ്യക്തമായി പറഞ്ഞാൽ, വീടിന്റെ പ്രധാനവാതിൽ മാത്രം മിനുക്കുന്ന പണി.
ബാക്കിയെല്ലാം ചീഞ്ഞളിഞ്ഞങ്ങനെ കിടക്കും. വീടിന്റെ ഉമ്മറവും, അടുക്കളയും,
പിന്നാമ്പുറവുമൊക്കെ കുഴഞ്ഞുമറഞ്ഞങ്ങനെ കിടക്കും. നമ്മുടെയൊക്കെ public
toilets നോക്കൂ…മൂക്കുപൊത്തിയേ അതിൽ കയറാൻ സാധിക്കൂ.

രണ്ട്, വിപ്ലവമാണ് (Revolution) ഇവിടെ ആശയം മാറുന്നു. ഘടനയും മാറുന്നു.


വ്യക്തിയുടെ പുറം വൃത്തിയാക്കലാണിത്. അകം അതേപടിയിരിക്കും. ഇവിടെ
വീടിന്റെ വാതിൽ മാത്രമല്ല സ്വീകരണമുറിയും നന്നായിരിക്കും. ബാക്കിയെല്ലാം
അതേപടിയിരിക്കും.

മൂന്ന്, അവബോധത്തിലുള്ള മാറ്റം (Rebellion) ആശയം മാത്രമല്ല, ഘടന മാത്രമല്ല,


മനോഭാവവും, രീതികളും എല്ലാം മാറും. സമൂലമായൊരു മാറ്റം. ഇവിടെ വാതിൽ
മാത്രമല്ല, സ്വീകരണമുറി മാത്രമല്ല, വീട് മുഴുവനും പുതിയതാകുന്നു. ഇതാണ്
രൂപാന്തരീകരണം. ഇവിടെ നിന്റെ ശരീരം മാത്രമല്ല, വസ്ത്രങ്ങൾ മാത്രമല്ല, നിന്റെ
വ്യക്തിത്വം മുഴുവനും തിളങ്ങും. സ്വർഗത്തിന്റേതായൊരു വെണ്മയിൽ നീ തിളങ്ങും.

വിശുദ്ധ പൗലോസിനെ നോക്കൂ…ഈ മാറ്റം നിങ്ങൾക്ക് ദർശിക്കാം; ശ്രീ ബുദ്ധനെ


നോക്കൂ …സിദ്ധാർത്ഥനിൽ നിന്ന് ബുദ്ധനിലേക്കുള്ള മാറ്റം നിങ്ങൾക്ക് കാണാം.
ഇന്നത്തെ സുവിശേഷം 10 മിനിറ്റ് ധ്യാനിക്കൂ…തിളങ്ങി നിൽക്കുന്ന ക്രിസ്തുവിനെ
നിങ്ങൾക്ക് കാണാം.
സ്നേഹമുള്ളവരേ, നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം – ഇത്
വെറുമൊരു ചിത്രീകരണമല്ല. നമ്മിലും സംഭവിക്കേണ്ട അത്ഭുതമാണ്. നമുക്ക്
രൂപാന്തരീകരണം വേണം. നമ്മുടെ ഭവനങ്ങൾക്കും രൂപാന്തരീകരണം
ആവശ്യമാണ്. വെറുമൊരു നവീകരണം, വിപ്ലവം മാത്രം പോരാ. ഒരു കുമ്പസാരം,
ഒരു വീട് വെഞ്ചിരിപ്പ് – അത് മാത്രം പോരാ. നമ്മുടെ ജീവിതത്തിന്റെ,
കുടുംബത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം ആവശ്യമായിരിക്കുന്നു. നമ്മിലെ,
നമ്മുടെ കുടുംബത്തിന്റെ പ്രകാശം കണ്ട് മറ്റുള്ളവർക്ക് ദൈവസാന്നിധ്യത്തിന്റെ
അനുഭവമുണ്ടാകണം. ഗർഭണിയായ ഒരു സ്ത്രീയുടെ ഉദരത്തിൽ ഒരു ശിശു
ഉരുവാകുമ്പോൾ അവൾക്ക് അതുവരെ ഇഷ്ടമുണ്ടായിരുന്ന പലതിനോടും
മനംമറിച്ചിൽ (Nausea) ഉണ്ടാകുന്നതുപോലെ, ക്രിസ്തു നമ്മുടെ ഉള്ളിൽ, നമ്മുടെ
കുടുംബങ്ങളിൽ രൂപപ്പെട്ടുകഴിഞ്ഞാൽ പിന്നെ പലതിനോടും ക്രൈസ്തവന്
മനംമറിച്ചിൽ ഉണ്ടാകണം. പലതിനോടും അകലം പാലിക്കണം.

ഈശോ ക്ഷണിക്കുന്ന രൂപാന്തരീകരണത്തിലേക്ക് പ്രവേശിക്കുവാൻ

ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. ക്രൈസ്തവർക്ക്


നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കുവാൻ രൂപാന്തരീകരണമല്ലാതെ മറ്റു വഴികളില്ല.
ആമേൻ!

You might also like