You are on page 1of 12

"ഉത്തമസന്താനങ്ങളെ എങ്ങനെ സൃഷ്ടിക്കാമെന്ന ചർച്ചകൾ

കൊടുമ്പിരികൊണ്ടിരിക്കുകയാണല്ലോ. വിദഗ്ധർ സകലകലാവല്ലഭരായ


കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ ഭക്ഷണക്രമങ്ങളും പുസ്തകങ്ങളും പിന്നെ
കുട്ടിയുടെ ബുദ്ധിയും വ്യക്തിത്വവും മെച്ചപ്പെടുത്താനായി പേപ്പര്‍ക്കുഴലിലൂടെ
സംസാരിക്കുക, നല്ല കഥകള്‍വായിച്ചുകൊടുക്കുക, ശാസ്ത്രീയസംഗീതം
കേള്‍പ്പിക്കുക തുടങ്ങിയ വഴികളുമൊക്കെ ഉപദേശിക്കുന്നുമുണ്ട്.
എന്താണിതിന്റെ വാസ്തവം എന്ന് ആലോചിക്കാത്തവരുണ്ടാകില്ല..ദാ
കേട്ടോളൂ..

പുരാണങ്ങളിൽ വായിച്ചിട്ടുണ്ടാകും " സത്സന്താനങ്ങളെ " ലഭിക്കാൻ തപസ്


ചെയ്യാൻ പോയവരെപ്പറ്റി. ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ തപസ്
ചെയ്യാൻ സമയവും ഇനി സമയമുണ്ടെങ്കിൽത്തന്നെ ഫ്രീയായിട്ട് ഒരു സ്ഥലവും
കിട്ടണമെന്നില്ല. തപസ് ചെയ്താലും ആരും വന്നില്ലെങ്കിലോ? വിഷമിക്കേണ്ട..
ആരോഗ്യമുള്ള, വൈകല്യങ്ങളില്ലാത്ത വരും തലമുറക്ക് വേണ്ടി നമുക്കെന്തു
ചെയ്യാൻ പറ്റും? തികച്ചും ശാസ്ത്രീയമായ ഒരു പരിശോധനയാണിത്.

ആരോഗ്യമുള്ള സന്താനങ്ങൾ ഏതൊരാളുടെയും സ്വപ്നമാണ്.


ആരോഗ്യമില്ലെങ്കിൽ പണവും അറിവും സൗന്ദര്യവും കൊണ്ടൊന്നും വലിയ
പ്രയോജനമില്ല. പക്ഷേ നമ്മുടെ നാട്ടിൽ ജനിക്കുന്ന കുട്ടികളിൽ ഏകദേശം 3%
പേർക്ക് ഗുരുതരമായ ജന്മവൈകല്യങ്ങളോ (major congenital anomalies) ജനിതക
തകരാറുകളോ (ബുദ്ധിമാന്ദ്യം, പേശികൾക്കുള്ള ബലഹീനത എന്നിങ്ങനെ)
ഉണ്ടാകുന്നു. ഈ കുഞ്ഞുങ്ങളിൽ അധികവും ചെറു പ്രായത്തിൽത്തന്നെ
മരണപ്പെടുന്നു. മറ്റുള്ളവർ വളരെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കേണ്ട
അവസ്ഥയിൽ മരിച്ചുജീവിക്കുന്നു. ഒരു കുടുംബം മുഴുവൻ കഷ്ടപ്പാട്
അനുഭവിക്കേണ്ടി വരുന്നു. എന്തുകൊണ്ടാണിത്തരം രോഗങ്ങളുണ്ടാകുന്നത്?

ജനിതക ശാസ്ത്രം ഇന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. മനുഷ്യന്റെ


ഓരോ കോശത്തിനകത്തും അടങ്ങിയിട്ടുള്ള ഇരുപത്തിമൂന്ന് ജോഡി
ക്രോമോസോമുകളും, അവയിൽ അടങ്ങിയിരിക്കുന്ന ഇരുപത്തി
അയ്യായിരത്തോളം ജോഡി ജീനുകളും മുഴുവനായി കണ്ടെത്താൻ
ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ക്രോമോസോമുകളുടെ എന്നതിന്റെ
എണ്ണത്തിലോ ഘടനയിലോ ഉള്ള വ്യത്യാസമോ . ജീനുകളിലെ മ്യുട്ടേഷനോ
ആണ് പല ജനിതക രോഗങ്ങളുടെയും കാരണം എന്ന് വ്യക്തമായിട്ടുണ്ട്.

ജനിതക തകരാറുകൾ കണ്ടുപിടിക്കാനുള്ള പരിശോധനകളും ഇന്ന് കൂടുതൽ


കൂടുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ജന്മനായുള്ള വൈകല്യങ്ങൾ തടയാനുള്ള
നിരവധി ഇടപെടലുകൾ ഇന്ന് സാധ്യമാണ്. അതിനാൽ അവയെക്കുറിച്ചുള്ള
ഒരു സാമാന്യ അവബോധം ഏവർക്കും ആവശ്യമാണ്. ഇവിടെ വിവരിക്കുന്ന
പല കാര്യങ്ങളും ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളും സാമൂഹിക
ചുറ്റുപാടുകളും കണക്കിലെടുക്കുമ്പോൾ പ്രായോഗികമാകണമെന്നില്ല.
എന്നാൽ സാമൂഹികമായ ഒരു മാറ്റത്തിന് നിമിത്തമാകണമെങ്കിൽ വ്യക്തമായ
അവബോധം ആവശ്യമാണ്.
1. വിവാഹം ആലോചിക്കുമ്പോൾ: ഒരു ലീവിനുള്ളിൽ എല്ലാം ശടപടേ
ശടപടേന്നാകുമ്പൊ മറന്നുപോകരുതാത്ത ചില പ്രധാന കാര്യങ്ങളുണ്ട്..

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം (consanguineous marriage): മിക്ക ജനിതക


രോഗങ്ങളും ഉണ്ടാകുന്നത് ജീനുകളുടെ തകരാറു മൂലമാണ്. ജീനുകൾ
ജോടിയായാണ് കാണപ്പെടുന്നത്. അതിലൊന്ന് അമ്മയിൽ നിന്ന് ലഭിച്ചതും
മറ്റേതു അച്ഛനിൽനിന്നും. ഒരു പ്രത്യേക രോഗം നിർണ്ണയിക്കുന്ന രണ്ടു
ജീനുകളിൽ ഒന്നെങ്കിലും തകരാറില്ലാത്തതാണെങ്കിൽ ചില രോഗങ്ങൾ
ഉണ്ടാവുകയില്ല (autosomal recessive diseases). രണ്ടു ജീനും തകരാറാണെങ്കിൽ
രോഗം ഉണ്ടാകും. നമുക്കുള്ള ഇരുപത്തിഅയ്യായിരത്തോളം ജീനുകളിൽ ചിലത്
തകരാറുള്ളതായിരിക്കും.എന്നാൽ അതിന്റെ ജോഡി നോർമ്മൽ ആണെങ്കിൽ
അവരിൽ രോഗം കാണപ്പെടുന്നില്ല. എന്നാൽ അവർ രോഗ വാഹകരാണ്.

രക്തബന്ധമുള്ള ആളുകൾ ഒരേ രോഗത്തിന്റെ വാഹകരാകാനുള്ള സാധ്യത


കൂടുതലാണ്. അച്ഛനും അമ്മയും ഒരേ രോഗത്തിന്റെ വാഹകരാണെങ്കിൽ
തകരാറുള്ള രണ്ടു ജീനുകളും കുഞ്ഞുങ്ങളുണ്ടാകുമ്പോൾ അവർക്ക് കിട്ടാൻ
സാധ്യതയുണ്ട്. അതിനാൽ സാധിക്കുമെങ്കിൽ രക്തബന്ധത്തിലുള്ളവർ
തമ്മിലുള്ള വിവാഹം ഒഴിവാക്കുക... സാധിക്കുമെങ്കിൽ മാത്രം.

എന്നാൽ എല്ലാ ജനിതക രോഗങ്ങളും ഇങ്ങനെയല്ല ഉണ്ടാകുന്നത്. വെറുതെ


ടെൻഷനടിക്കാതെ തുടർന്ന് വായിക്കൂ..

ജാതകമോ ജനിതകമോ?

നാട്ടിലെ കവലകളിലിരിക്കുന്നവർ മുടക്കുന്നതിലും കൂടുതൽ വിവാഹങ്ങൾ


ചൊവ്വ മുടക്കിയിട്ടുണ്ടാകും. ചൊവ്വാദോഷേ..

ജാതകം നോക്കി പൊരുത്തം വിലയിരുത്തിയാണ് മിക്ക വിവാഹങ്ങളും


നിശ്ചയിക്കുന്നത്. മുൻകാലങ്ങളിൽ ചില ആലോചനകൾ ബുദ്ധിമുട്ടില്ലാതെ
ഒഴിവാക്കാൻ ഇത് സഹായകമായിട്ടുണ്ടാകാം. എന്നാൽ മറ്റെല്ലാ രീതിയിലും
ചേർച്ചയുണ്ടായിട്ടും ജാതകം ചേരാത്തതിനാൽ വിവാഹിതരാകാൻ പറ്റാത്ത
അവസ്ഥ സങ്കടകരമാണ്. എന്നാൽ ശാസ്ത്രം ഇത്രയും പുരോഗമിച്ച ഇന്നത്തെ
കാലത്ത് ജാതകം തള്ളിക്കളഞ്ഞു ജനിതകശാസ്ത്രപരമായ വിലയിരുത്തലാണ്
ആവശ്യം.

ഒരു pre marital counselling - വിവാഹത്തിനു മുൻപുള്ള കൗൺസലിങ്ങ് - വഴി ഇരു


കുടുംബങ്ങളിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും വരും തലമുറയെ ബാധിക്കാൻ
സാധ്യതയുള്ള പല പ്രശ്നങ്ങളും കണ്ടെത്താൻ കഴിയും...ഒരളവു വരെ.
ജാതകത്തെക്കാൾ പ്രധാനം ഭാവി വധൂ വരന്മാരുടെ HIV, HBsAg എന്നീ
പരിശോധനകൾക്കാണ്. കാരണം AIDS, Hepatitis B എന്നീ രോഗങ്ങൾ ലൈംഗിക
ബന്ധത്തിലൂടെ പകരാൻ സാധ്യത ഉള്ളതാണ്, പിന്നീട് കുഞ്ഞുങ്ങൾക്കും.

കെട്ടാൻ പോകുന്ന പെണ്ണിന്റെയോ ചെക്കന്റെയോ സ്വഭാവം ശരിയാണോ


എന്ന് നോക്കുന്ന സദാചാര പൊലീസിങ്ങല്ല ഉദ്ദേശിക്കുന്നത്. രക്തം
സ്വീകരിച്ചതിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ മേൽപ്പറഞ്ഞ
രോഗങ്ങൾ ഉണ്ടായേക്കാമല്ലോ..അവയോടുള്ള മനോഭാവത്തിൽ വ്യത്യാസം
വരുത്താൻ അവയെക്കുറിച്ച് ശരിയായ അറിവുണ്ടാകേണ്ടതാണ്. അതെപ്പറ്റി
മറ്റ് ലേഖനങ്ങളുണ്ടാകും.

2. വിവാഹശേഷം: വിവാഹം കഴിഞ്ഞവർ ഏറ്റവും കൂടുതൽ നേരിടുന്ന


ചോദ്യമാണ് - വിശേഷമായില്ലേ എന്ന്. വിശേഷമാകുന്നതിനു മുൻപ് ചില
വിശേഷാൽ കാര്യങ്ങളിതാ...

ഗർഭധാരണത്തിന് മുൻപ് ഒരു വൈദ്യ പരിശോധന ആവശ്യമാണ്. ഇരു


കുടുംബങ്ങളിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്താൻ ആണിത്.
ഏതെങ്കിലും ജനിതക രോഗങ്ങൾക്കുള്ള സാധ്യത പരിശോധിക്കാൻ ഈ
അവസരം ഉപയോഗപ്പെടും. അമ്മയുടെ ആരോഗ്യനിലയും വിലയിരുത്തണം.
അമ്മ ഏതെങ്കിലും മരുന്നുകൾ (ഉദാഹരണത്തിന് അപസ്മാര രോഗങ്ങൾക്ക്
ഉള്ള മരുന്നുകൾ) തുടർച്ചയായി കഴിക്കുന്നുണ്ടോ, അതിൽ എന്തെങ്കിലും മാറ്റം
ആവശ്യമുണ്ടോ എന്നിവ പരിശോധിക്കണം. ചില ജന്മവൈകല്യങ്ങൾ തടയാൻ
അമ്മമാർ ഫോളിക് ആസിഡ് ഗുളികകൾ കഴിക്കേണ്ടതുണ്ട്.
ഗർഭിണിയാകുന്നതിനു ഒരു മാസം മുൻപെങ്കിലും കഴിച്ചു തുടങ്ങിയാലേ
ഉദ്ദേശിച്ച പ്രയോജനം ലഭിക്കൂ. എല്ലാ അമ്മമാരും കഴിക്കേണ്ടതാണ് ഇത്.

നിർഭാഗ്യവശാൽ ഈ ഉപദേശം നൽകാനുള്ള അവസരം ഡോക്ടർമാർക്ക്


ലഭിക്കാറില്ല.വിവാഹസമ്മാനമായി ഫോളിക് ആസിഡ് ഗുളികകൾ
നൽകുന്നതും ആലോചിക്കാവുന്നതാണ്...തമാശയല്ല. കുപ്പിയും പാത്രവും
പാതിരയ്ക്ക് അലാറമടിക്കുന്ന ക്ലോക്കുകളും കൊടുക്കുന്നതിലും എത്രയോ
അമൂല്യമാണ് ആരോഗ്യമുള്ള കുഞ്ഞിനെ സമ്മാനമായി ലഭിക്കാൻ
സഹായിക്കുന്നത്.. അതുപോലെ അമ്മ റുബല്ല വാക്സിൻ എടുത്തിട്ടുണ്ടോ
എന്നും ഉറപ്പു വരുത്തണം. കാരണം, ഗർഭിണിയായ അവസരത്തിൽ റുബല്ല
രോഗം വന്നാൽ ഉള്ളിലുള്ള കുഞ്ഞിനു പലവിധത്തിലുള്ള വൈകല്യങ്ങളും
വരാൻ സാധ്യതയുണ്ട്. ചുരുക്കിപറഞ്ഞാൽ ഗർഭം ധരിക്കുന്നത് ആവശ്യമായ
തയ്യാറെടുപ്പോടുകൂടിയായിരിക്കണം

3. ഗർഭം ധരിച്ചുകഴിഞ്ഞാൽ: പോഷക സമൃദ്ധമായ ഭക്ഷണം, മനസ്സമാധാനം,


വിശ്രമം എന്നിവ അത്യാവശ്യമാണ്. ഫോളിക് ആസിഡ് ഗുളികകൾ മൂന്നു
മാസം വരെ തുടരണം. വൈദ്യ പരിശോധന നടത്തണം. ആവശ്യമായ
മരുന്നുകൾ കഴിക്കുക, മറ്റു മരുന്നുകൾ ഡോക്ടരുടെ ഉപദേശപ്രകാരം മാത്രം
കഴിക്കുക. താരതമ്യേന നിസ്സാരമെന്നു തോന്നുന്ന രോഗങ്ങളും ഡോക്ടറുമായി
ചർച്ച ചെയ്യേണ്ടതാണ്. ഉദാഹരണത്തിന്, റുബല്ല രോഗം പലപ്പോഴും വെറും
ചൂടുകുരു ആയിമാത്രമേ കരുതാറുള്ളൂ.

4. സ്കാനിംഗ്: പലരുടെയും ആരോപണം ഡോക്ടർമാർ അനാവശ്യമായി


സ്കാനിംഗ് പരിശോധനക്ക് നിർദ്ദേശിക്കുന്നു എന്നാണ്. ഈ ആരോപണം ഭയന്ന്
ആവശ്യത്തിനു സ്കാനിംഗ് നിർദ്ദേശിക്കാത്ത ഡോക്ടർമാരും
ഉണ്ടെന്നുള്ളതാണ് വസ്തുത. അൾട്രാസൗണ്ട് സ്കാനിംഗ് വളരെ സുരക്ഷിതമായ
ഒരു പരിശോധനയാണ്. ഇത് പല തവണ ചെയ്യേണ്ടിവരും. ജന്മവൈകല്യങ്ങൾ
കണ്ടുപിടിക്കാൻ ഏറ്റവും സഹായകം 3-4 മാസം പൂർത്തിയാകുമ്പോൾ
ചെയ്യുന്ന സ്കാൻ ആണ്. പരിചയസമ്പന്നരായ ഡോക്ടർമാർ ചെയ്യുന്ന
അനൊമലി ഡിറ്റെക്ഷൻ സ്കാനിങ്ങിലൂടെ മാരകമായേക്കാവുന്ന പല
വൈകല്യങ്ങളും കണ്ടുപിടിക്കപ്പെടാം.

ഇത്തരം വൈകല്യങ്ങൾ ഈ സമയത്ത് കണ്ടുപിടിക്കാൻ സാധിച്ചാൽ ആ ഗർഭം


തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയാവും ഉചിതം. എന്നാൽ ലഘുവായ
പ്രശ്നങ്ങൾക്കും, 20 ആഴ്ചക്ക് ശേഷം കണ്ടുപിടിക്കപ്പെടുന്ന പ്രശ്നങ്ങൾക്കും
ഈ തീരുമാനം സാധ്യമല്ല. ഈ സന്ദർഭങ്ങളിൽ, ശരിയായ ചികിത്സ എവിടെ
കിട്ടുമെന്ന് കണ്ടുപിടിക്കുകയും, കഴിയുമെങ്കിൽ പ്രസവം അതിനു
സൗകര്യമുള്ള ആശുപത്രിയിൽ വെച്ച് ആക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
എല്ലാ വൈകല്യങ്ങളും സ്കാനിംഗ് വഴി കണ്ടുപിടിക്കാൻ കഴിയില്ല എന്ന്
പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

5. ക്രമമായ ആന്റിനാറ്റൽ (antenatal) പരിശോധന: ഗർഭസമയത്തുണ്ടാകാവുന്ന


പ്രഷർ, ഷുഗർ, കുഞ്ഞിന്റെ വളർച്ചക്കുറവ്, രക്ത ഗ്രൂപ്പ് സംബന്ധമായ
പ്രശ്നങ്ങൾ എന്നിവ കൃത്യമായി കണ്ടുപിടിക്കുകയും, ആവശ്യമായ ചികിത്സ
നടത്തുകയും വേണം. സാധാരണ പ്രസവം സാധ്യമാകുമോ അതോ ഓപ്പറേഷൻ
വേണ്ടിവരുമോ എന്നൊക്കെ തീരുമാനിക്കേണ്ടതുണ്ട്. അതുപോലെ, പ്രസവം
അടുത്തുള്ള ആശുപത്രിയിൽ വെച്ചു മതിയോ, അതോ കൂടുതൽ സൗകര്യമുള്ള
ആശുപത്രിയിൽ വേണ്ടിവരുമോ എന്ന തീരുമാനവും പ്രധാനമാണ്. ക്രമമായ
പരിശോധന വഴി ഈ തീരുമാനങ്ങൾ എടുക്കാൻ പറ്റും. ഇങ്ങനെയൊക്കെ
ആണെങ്കിലും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ ഏതൊരു
പ്രെഗ്നൻസിയിലും ഉണ്ടാകാം.

ഇനി ചില കൊച്ചുകൊച്ച് വിശേഷങ്ങളിലേക്ക്...കൊച്ചുമനശ്ശാസ്ത്രം ഇതാ...

ഗര്‍ഭാശയത്തിനുള്ളില്‍നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല,


മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും
വ്യക്തിബന്ധങ്ങള്‍സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ഗര്‍ഭാവസ്ഥയിലേ
രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം
(Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു

ഗര്‍ഭസ്ഥശിശുക്കള്‍പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ


വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും
അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്.
ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ
മാനസികവളര്‍ച്ചയില്‍ശാശ്വതമായ സ്വാധീനങ്ങള്‍ചെലുത്താനാവുന്നുമുണ്ട്.
ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല,
മറിച്ച് സങ്കീര്‍ണമായ രീതികളില്‍അതിന്‍റെ ശരീരവും മനസ്സും അതിവേഗം
വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.
പുറംലോകത്തു നിന്നുള്ള വിവരങ്ങള്‍നമുക്കൊക്കെ ലഭിക്കുന്നത്
പഞ്ചേന്ദ്രിയങ്ങള്‍വഴിയാണല്ലോ. ഭ്രൂണാവസ്ഥയില്‍ഇതിലേറ്റവുമാദ്യം
രംഗത്തുവരുന്നത് സ്പര്‍ശനശേഷിയാണ്. രണ്ടുമാസത്തോടെതന്നെ ചുണ്ടിലോ
കവിളുകളിലോ തൊട്ടാല്‍ഗര്‍ഭസ്ഥശിശുക്കള്‍പ്രതികരിക്കുന്നുണ്ട്...നാലര
മാസത്തോടെ ചെവിയില്‍നിന്നു തലച്ചോറിലേക്കുള്ള ഞരമ്പുകള്‍
സൃഷ്ടിക്കപ്പെടുകയും ആറുമാസത്തോടെ കുട്ടികള്‍ക്ക് ശബ്ദങ്ങള്‍
കേള്‍ക്കാനാവുകയും ചെയ്യും. എന്നാല്‍അമ്മയുടെ വയറും
ഗര്‍ഭാശയഭിത്തിയും ഉല്‍ബദ്രവവുമൊക്കെ (അമ്നിയോട്ടിക് ഫ്ലൂയിഡ്) വഴി
അരിച്ചിറങ്ങിവന്ന് അടക്കിപ്പിടിച്ചതുപോലായിത്തീര്‍ന്ന ശബ്ദങ്ങള്‍മാത്രമാണ്
അവരുടെ ചെവികളിലെത്തുന്നത്.

കാഴ്ച രൂപപ്പെടുന്നത് ഏറ്റവുമൊടുവിലാണ്. സാധാരണനിലക്ക്


വെളിച്ചത്തിന് ഗര്‍ഭാശയത്തിനുള്ളില്‍ചെന്നെത്താന്‍കഴിയില്ല.
ഗര്‍ഭസ്ഥശിശുക്കള്‍കണ്ണുകള്‍തുറക്കാറുമില്ല. എന്നാല്‍അമ്മയുടെ വയറ്റിലേക്കു
ശക്തിയായി ലൈറ്റടിച്ചാല്‍നാലുമാസമായ കുട്ടികള്‍കണ്ണിറുക്കിയും
മുഖംചുളിച്ചും പ്രതികരിക്കുകയും, അഞ്ചുമാസമായവര്‍ഞെട്ടിച്ചാടുകയും
ചെയ്യാറുണ്ട്. എന്നാല്‍ഇങ്ങിനെ കനത്ത വെളിച്ചങ്ങള്‍തട്ടുന്നത്
ഗര്‍ഭസ്ഥശിശുക്കളുടെ കണ്ണുകള്‍ക്ക് ഹാനികരമാവാമെന്ന് ചില ഗവേഷകര്‍
ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭാശയത്തിനുള്ളില്‍കാഴ്ചകളൊന്നും
കാണാന്‍കിട്ടുന്നില്ല എന്നതിനാല്‍ദൃശ്യങ്ങളെത്തിരിച്ചറിയാന്‍സഹായിക്കുന്ന
മസ്തിഷ്ക്കഭാഗങ്ങള്‍പരുവപ്പെടുന്നത് ജനനത്തിനു ശേഷം മാത്രമാണ്.
അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള വസ്തുക്കള്‍മാത്രമേ നവജാതശിശുക്കള്‍ക്കു
കാണാന്‍കഴിയൂ. മുതിര്‍ന്നവരുടെ കാഴ്ചശേഷി അവര്‍ക്കു പ്രാപ്യമാവുന്നത്
ജനിച്ച് ആറുമാസത്തോളം കഴിഞ്ഞാണ്.

നാഡീവ്യവസ്ഥ വളരുന്നതിനനുസരിച്ച് കുട്ടികള്‍പതിയെ അനങ്ങാനും


തുടങ്ങുന്നുണ്ട്. ഇത്തരമിളക്കങ്ങള്‍അമ്മമാര്‍ക്കു തിരിച്ചറിയാനാവുന്നത് 4-6
മാസങ്ങളോടെയാണെങ്കിലും 7-8 ആഴ്ചകളോടെത്തന്നെ ഇവ
ഉരുത്തിരിയുന്നുണ്ടെന്നാണ് അള്‍ട്രാസൌണ്ട് നിരീക്ഷണങ്ങള്‍
വെളിപ്പെടുത്തുന്നത്.എന്നാൽ പുതുതായിക്കൈവന്നുകൊണ്ടിരിക്കുന്ന ഇത്തരം
കഴിവുകളെ അധികം പരീക്ഷിച്ചു നോക്കാനൊന്നും മിനക്കെടാതെ
മിക്കനേരവും ഉറങ്ങുകയാണു ഭ്രൂണങ്ങൾ ചെയ്യുന്നത് — എട്ടാംമാസത്തോടെ 90-
95 ശതമാനവും, ജനനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ
നവജാതശിശുക്കളെപ്പോലെ 85-90 ശതമാനവും നേരം.

എന്താണ് ഇത്തരം ഓര്‍മകളുടെ പ്രസക്തി? അമ്പരപ്പിക്കുന്ന ഒരു ലോകത്തേക്ക്


ജനിച്ചിറങ്ങിക്കഴിഞ്ഞാല്‍സ്വന്തം അമ്മയെ വേര്‍തിരിച്ചറിയാന്‍കുട്ടിക്കു
കൈത്താങ്ങായുള്ളത് ഈയോര്‍മകള്‍മാത്രമാണ്. മുലപ്പാലിലെ പല
ഘടകങ്ങളെയും അമ്മയുടെ ശരീരത്തില്‍നിന്നുതന്നെയൂറിവരുന്ന
ഉല്‍ബദ്രവത്തിലൂടെ കുട്ടി മുന്‍‌കൂര്‍അനുഭവിച്ചറിയുന്നുണ്ട്; ആ ഓര്‍മകള്‍
മുലപ്പാലിന്‍റെ അപരിചിതത്വം കുറക്കുകയും കന്നി മുലയൂട്ടലുകള്‍
ക്ലേശരഹിതമാക്കുകയും ചെയ്യുന്നുമുണ്ട്.
ഗര്‍ഭസ്ഥശിശുക്കള്‍ക്ക്‌കേള്‍ക്കാനും ഓര്‍ക്കാനുമൊക്കെ സാധിക്കും
എന്നതുവെച്ച് പല പുസ്തകങ്ങളും “വിദഗ്ദ്ധരു”മൊക്കെ കുട്ടിയുടെ ബുദ്ധിയും
വ്യക്തിത്വവും മെച്ചപ്പെടുത്താനായി പേപ്പര്‍ക്കുഴലിലൂടെ സംസാരിക്കുക, നല്ല
കഥകള്‍വായിച്ചുകൊടുക്കുക, ശാസ്ത്രീയസംഗീതം കേള്‍പ്പിക്കുക തുടങ്ങിയ
വിദ്യകള്‍നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ഭൂരിഭാഗം ശാസ്ത്രജ്ഞരും
ഇതിനോടൊന്നും യോജിക്കുന്നില്ല. ഇത്തരം ഉദ്ദീപനങ്ങള്‍ക്ക് സ്ഥായിയായ
അനുരണനങ്ങള്‍ഉളവാക്കാനാവുമെന്ന് ഒരു പഠനവും
അസന്ദിഗ്ധമായിത്തെളിയിച്ചിട്ടില്ല. ഭ്രൂണങ്ങള്‍മിക്കനേരവും ഉറങ്ങുകയാവും
എന്നതിനാല്‍ഇത്തരമിടപെടലുകള്‍അവരുടെ ഉറക്കത്തെയും അതുവഴി
തലച്ചോറിന്‍റെയും മറ്റും വളര്‍ച്ചയെയും അലങ്കോലപ്പെടുത്തുകയും ചെയ്യാം.

6. ജനനശേഷം: ഇന്ന് കേരളത്തിൽ 99 ശതമാനം പ്രസവങ്ങളും


ആശുപത്രിയിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളെയും
തക്ക സമയത്ത് പരിഹരിക്കാൻ കഴിയുന്നുണ്ട്. കുഞ്ഞു ജനിച്ചാൽ ധരിക്കാനുള്ള
ഉടുപ്പുകൾ, പുതപ്പുകൾ, തൊപ്പി, സോക്സ് എന്നിവ 4-5 എണ്ണം മുൻകൂട്ടി
വാങ്ങി അലക്കി ഇസ്തിരിയിട്ട് വെക്കേണ്ടതാണ്. ചില അന്ധവിശ്വാസങ്ങൾ
കാരണം പലരും ഇങ്ങനെ ചെയ്യുന്നില്ല. അന്ധവിശ്വാസങ്ങളൊക്കെ ജനിക്കുന്ന
കുഞ്ഞുങ്ങളിൽ അഞ്ചിലൊന്ന് മരണമടഞ്ഞിരുന്ന ഒരു കാലത്തിന്റെ
സംഭാവനയാണ്....

അതുകൊണ്ട്, അലക്കാത്ത വൃത്തിഹീനമായ രോഗാണുക്കൾ


ഉണ്ടായേക്കാവുന്ന തുണിയാണ് പലപ്പോഴും ഉപയോഗിക്കെണ്ടിവരുന്നത്.
ഫലമോ , കുഞ്ഞിന് അണുബാധ..രോഗങ്ങൾ...ആശുപത്രിയിലേക്ക് കുഞ്ഞു
ജനിച്ചുകഴിഞ്ഞാലുള്ള സന്ദർശക പ്രവാഹം വലിയ പ്രതിസന്ധിയാണ്
സൃഷ്ടിക്കുന്നത്. നവജാതശിശുവിനുണ്ടാകുന്ന അണുബാധ (sepsis), അമ്മക്ക്
മറ്റുള്ളവരുടെ സാന്നിധ്യത്തിൽ മുലയൂട്ടാൻ വിമുഖത നേരിടുന്നതിനാൽ
നവജാതശിശുവിനുണ്ടാകുന്ന തളർച്ച (hypoglycemia) എന്നിവ
മരണകാരണമായേക്കാം. രക്ഷപ്പെട്ടാലും ബുദ്ധിമാന്ദ്യം, അപസ്മാരം എന്നീ
പ്രശ്നങ്ങളുണ്ടാകാം.

മൊബൈലുണ്ടല്ലോ...വിളിച്ച് ചോദിക്കൂ... ഡിസ്ചാർജ് ആയി വീട്ടിൽ


വന്നശേഷം സന്ദർശിക്കുകയാണ് ഉത്തമം.

7. ജന്മനാ ഉള്ള പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ജനനസമയത്ത്


കാണണമെന്നില്ല. എന്നാൽ ജനനസമയത് തന്നെ കണ്ടെത്തിയാൽ ഫലപ്രദമായി
ചികിത്സിക്കാൻ പറ്റിയേക്കും. അങ്ങനെയുള്ള ചില രോഗങ്ങൾക്കുള്ള
സ്ക്രീനിംഗ് പരിശോധനകൾ നിലവിലുണ്ട്. അവയിൽ പ്രധാനം, കേൾവി
പരിശോധന, തൈറോയിഡ് ഹോർമോണിന്റെ കുറവ് തുടങ്ങിയ പല
അസുഖങ്ങളും കണ്ടുപിടിക്കാനുള്ള IEM സ്ക്രീനിംഗ് എന്നിവയാണ്.

8. ഒരു കുട്ടിക്ക് ഒരു ജനിതക വൈകല്യമുണ്ടെങ്കിൽ അടുത്ത ഗർഭധാരണത്തിന്


മുൻപ് തന്നെ രോഗനിർണ്ണയം പൂർണ്ണമാകേണ്ടതുണ്ട്. രോഗമുള്ള കുഞ്ഞിനെ
ചികിൽസിക്കാൻ ആവശ്യമുള്ളതിലും കൃത്യമായ രോഗനിർണ്ണയം
(മോളിക്യൂലർ ഡയഗ്നോസിസ്) ആവശ്യമാണ്, അടുത്ത കുഞ്ഞിനും അതേ
രോഗമുണ്ടോ എന്ന് ഗർഭാവസ്ഥയിൽ തന്നെ അറിയാനുള്ള പരിശോധനകൾ
നടത്താൻ (prenatal diagnosis). എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, പലരും ഗർഭം
ധരിച്ചതിന് ശേഷമാണ്, ആദ്യത്തെ കുഞ്ഞിനുണ്ടായിരുന്ന മാരകമായ രോഗം
ഉള്ളിലുള്ള കുഞ്ഞിനും ഉണ്ടാകുമോ എന്ന സംശയവും ഭയവുമായി വരുന്നത്.
പലപ്പോഴും, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധനകൾ
പൂർത്തിയാക്കാൻ പറ്റാറില്ല.

വേറെ ചിലരുടെ അവസ്ഥ അതിലും കഷ്ടമാണ്. രണ്ടോ മൂന്നോ ആരോഗ്യമുള്ള


കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. എന്നാലും ഒരാൺകുട്ടി വേണം, പെൺകുട്ടി
വേണം (ചിലപ്പോൾ ഇതെല്ലാം ഉണ്ടെങ്കിലും) എന്നൊക്കെ ആഗ്രഹിച്ചു വീണ്ടും
ഗർഭം ധരിക്കുന്നു. ഇത്തവണ വൈകല്യമോ, ബുദ്ധിമാന്ദ്യമോ ഉള്ള ഒരു
കുഞ്ഞാണ് പിറക്കുന്നതെങ്കിൽ ....ഇങ്ങനെ മാനസികമായും, സാമ്പത്തികമായും
കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങളെ ലേഖകന് അറിയാം.

നോക്കൂ, കുഞ്ഞ് ആണായാലും പെണ്ണായാലും


മുത്താണ്..ആരോഗ്യമുണ്ടാവണമെന്ന് മാത്രമല്ലേ നാം ശ്രദ്ധിക്കേണ്ടത്?

9. ആദ്യത്തെ ആറുമാസം പൂർത്തിയാകുന്നതുവരെ കുഞ്ഞിനു മുലപ്പാൽ


മാത്രമാണ് നൽകേണ്ടത്. ബുദ്ധിവളർച്ചക്കു ഏറ്റവും അനുയോജ്യം
മുലപ്പാലാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പ്രസവിച്ച ഉടനെത്തന്നെ
മുലയൂട്ടിതുടങ്ങണം. അമ്മമാർ നന്നായി ആഹാരം കഴിക്കുകയും ധാരാളം
വെള്ളം കുടിക്കുകയും വേണം. ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്..

കുഞ്ഞിന്റെ അമ്മയുടെ അടുത്ത് ചെന്ന് " അവൾക്ക് പാലില്ല " എന്ന്


പറയാതിരിക്കുക. അതിപ്പൊ വരുന്നവർക്ക് കൊടുക്കാൻ ചായ ഉണ്ടാക്കാൻ
പാലില്ലെന്നായാലും കുറച്ച് മാറിനിന്ന് പറഞ്ഞാൽ മതി. കുഞ്ഞിനു പാൽ
കൊടുക്കാൻ അമ്മയ്ക്ക് ശാരീരികവും മാനസികവുമായ പിന്തുണ വേണം.

വയറുചാടുമെന്ന പേടി മൂലം പലരും പ്രസവിച്ച സ്ത്രീകൾക്ക് ആവശ്യത്തിനു


വെള്ളം നൽകുന്നില്ല എന്നത് ഒരു വാസ്തവമാണ്. അത് ശരിയല്ല.
വെള്ളത്തിന്റെ കുറവ് പാലിന്റെ അളവിൽ വ്യത്യാസമുണ്ടാക്കുമെന്ന്
മാത്രമല്ല, മൂത്രത്തിൽ അണുബാധ പോലെയുള്ള രോഗങ്ങൾക്കും
ഇടയാക്കാനിടയുണ്ട്..

രണ്ട്."തേനും വയമ്പും", "സംസം" വെള്ളം എന്നിവ നവജാത ശിശുക്കൾക്ക്


കൊടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. നന്മയാണുദ്ദേശിക്കുന്നതെങ്കിലും
അണുക്കളായിരിക്കും ഉള്ളിൽ ചെല്ലുന്നത്.. കുഞ്ഞിനെ കാണാൻ പോകുമ്പോൾ
കൊടുക്കുന്ന സമ്മാനപ്പൊതിയിൽ മുലക്കുപ്പി, പാൽപ്പൊടി എന്നിവ ഇല്ല എന്ന്
ഉറപ്പുവരുത്തുക.

10. പല ചടങ്ങുകളും കുഞ്ഞുങ്ങളുടെ താൽപര്യത്തിനു എതിരാണെന്ന് കാണാം.


ഉദാഹരണത്തിന് 28 ദിവസം പൂർത്തിയാകുമ്പോൾ നടത്തുന്ന ചടങ്ങ്. അന്ന്
കുഞ്ഞിനു പാല് കൊടുക്കുന്ന ചടങ്ങാണ്. എല്ലാ ബന്ധുക്കളും വന്നു സ്പൂണ്
കൊണ്ട് പശുവിൻ പാല് കുടിപ്പിക്കുന്നു. ഒന്നാമതു പശുവിൻ പാല്
ആവശ്യമില്ല. ഇത്രയും ആളുകൾ ഒത്തുകൂടുമ്പോൾ കുഞ്ഞിനു അസുഖം വരാൻ
സാധ്യതയുണ്ട്. ആദ്യത്തെ കഫക്കെട്ടോ വയറിളക്കമോ കുഞ്ഞിനു വരുന്നത് ഈ
സന്ദർഭത്തിലാണ്.

അതുപോലെ ചോറൂണ്. ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ചാകാംഎന്നു


പ്രാർത്ഥിക്കും. പലപ്പോഴും പോകാൻ സമയം കിട്ടില്ല. അതുകൊണ്ട് തന്നെ പല
ആഹാരങ്ങളും കുഞ്ഞിനു അതുവരെ കൊടുക്കാൻ പറ്റാതാകുന്നു.
അതുപോലെ പ്രതിരോധകുത്തിവെപ്പുകൾ യഥാസമയം ലഭിക്കുക എന്നത്
കുഞ്ഞിന്റെ ജന്മാവകാശമാണ്. കളിച്ചും ചിരിച്ചും കഴിയുന്ന കുഞ്ഞിനെ
വെറുതെ വേദനിപ്പിക്കേണ്ട എന്ന തോന്നലിൽനിന്നാണ് കുത്തിവെപ്പ്
എടുക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തുന്നത്. എന്നാൽ പലപ്പോഴും ഈ
തീരുമാനം കാരണം കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിൽ പെടുകയോ
കഠിനമായ രോഗത്താൽ കഷ്ടപ്പെടേണ്ടി വരികയോ ചെയ്യുന്നു.

സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കുന്നു എന്ന് വിവരമുള്ള


ആരോ പണ്ട് പറഞ്ഞത് ഇത് കണ്ടാകണം.

11. ജനിച്ച അന്നുമുതൽ തന്നെ കുഞ്ഞിന്റെ ബുദ്ധിവികാസത്തിനു


സഹായകമാകുന്ന വിധത്തിൽ കുഞ്ഞിനോടു ഇടപഴകണം. കുഞ്ഞു
ചുറ്റുമുള്ളത് കാണുന്നു, കേൾക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
കൂടുതൽ കാണാനും കേൾക്കാനും തൊട്ടറിയാനും അവസരമുണ്ടാക്കുക.
കുഞ്ഞിന്റെ മുഖത്ത് നോക്കി സംസാരിക്കുക, കളിപ്പിക്കുക, ചിരിപ്പിക്കുക,
തൊട്ടു കളിപ്പിക്കുക. സുരക്ഷിതത്വബോധം ഉണ്ടാക്കുക. ആത്മവിശ്വാസം
ഉണ്ടാക്കുക.

എല്ലാ കാര്യങ്ങളും കുഞ്ഞിനു വേണ്ടി നാം തന്നെ ചെയ്തുകൊടുത്താൽ


ആത്മവിശ്വാസം ഉണ്ടാവുകയില്ല. ചോദിക്കുന്നതെല്ലാം
ചെയ്തുകൊടുക്കുകയോ വാങ്ങിക്കൊടുക്കുകയോ ചെയ്യുന്നതല്ല നല്ല
രക്ഷിതാവിന്റെ കടമ എന്നും തിരിച്ചറിയുക. ചെയ്ത കാര്യങ്ങളെ ശരിയായില്ല
എന്ന് പറയാതെ, നന്നായി എന്ന് പറയുകയും, പ്രശംസിക്കുകയും,
അടുത്തതവണ കുറച്ചുകൂടി നന്നായി എങ്ങനെ ചെയ്യാം എന്ന്
പറഞ്ഞുകൊടുക്കുകയുമാണ് നല്ലത്.

തോളിലെടുത്ത് നടക്കുന്നതിലും നല്ലത് വീണാലും നടക്കാൻ പഠിപ്പിക്കുന്നതല്ലേ?


തോൽവിയെ നേരിടാൻ പഠിപ്പിക്കുന്നതല്ലേ തോൽക്കാതിരിക്കാൻ എപ്പൊഴും
സഹായിക്കുകയും ഏതുവഴിയും സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും
ചെയ്യുന്നതിലും നല്ലത്?

എഴുതിയത്: Dr. Mohandas Nair, Dr. Nelson Joseph, Dr. Shahul Ameen

@infoclinic
" ഒരു മോഡേൺ ഗർഭകാലം "

ഇത് ഡൊമിനിക്കിനെ എങ്ങനെ കിട്ടിയെന്നുള്ള കഥയാണ്. ...നീണ്ട


കുറിപ്പാണെങ്കിലും ക്ഷമ ഗുണമേ ചെയ്യൂ..

ഞങ്ങളുടെ വിവാഹം 2016 ഫെബ്രുവരി ആറാം തിയതി ആയിരുന്നു. കല്യാണം


കഴിഞ്ഞാൽ മറ്റ് " സാങ്കേതിക തടസങ്ങളൊന്നും " ഇല്ലെങ്കിൽ " വിശേഷം " എന്നത്
ഒരു നാട്ടുനടപ്പാണ്. രണ്ടാം വർഷം ഒബ്സ്റ്റട്രിക്സ് ഡിപ്പാർട്ട്മെന്റ് തൊട്ട്
ഇങ്ങോട്ട് കേൾക്കുന്നതാണ് ഗർഭിണി ആവാനുള്ള തയ്യാറെടുപ്പുകൾ. അതിനിത്ര
തയാറെടുക്കാൻ എന്തിരിക്കുന്നു...മനസ് വച്ചാൽ വെറും മിനിറ്റുകൾ പോരേ
എന്ന് ചില സിനിമകളിലെ വഷളൻ നായകനെ അടിസ്ഥാനമാക്കി ചിലർ
ചോദിച്ചെന്നിരിക്കും. തയാറെടുപ്പുണ്ട്..

ആരോഗ്യമുള്ള അമ്മയ്ക്കേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ.


അമ്മയാകുമ്പൊഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങൾ
അനായാസം അതിജീവിക്കാൻ അത് അത്യാവശ്യമാണ്. ഉദാഹരണത്തിന്
അയൺ ഗുളിക. ഇന്ത്യൻ യുവതികളിൽ ഭൂരിഭാഗം പേർക്കും നേർത്ത വിളർച്ച
ഉണ്ടെന്നാണ് പഠനങ്ങൾ. ഗർഭകാലത്തുണ്ടാകുന്ന രക്തത്തിന്റെ അളവിലെ
മാറ്റവും കുഞ്ഞിന് ലഭിക്കേണ്ട അധിക പോഷണവും വിളർച്ച
അധികമാക്കിയേക്കാം. അതുപോലെ ഫോളിക് ആസിഡ്. ഫോളിക് ആസിഡ്
ആരംഭിക്കേണ്ടത് ഗർഭവതിയാകുന്നതിനും മുൻപേയാണ്. ഗർഭിണി ആണെന്ന
സന്തോഷമറിഞ്ഞ് കഴിഞ്ഞ് മാത്രം ഡോക്ടറുടെ അടുത്ത് പോകുന്നത് കൊണ്ട്
മിക്കവർക്കും അതിനു സാധിക്കാറില്ല..

കല്യാണം കഴിഞ്ഞ് ആദ്യം ഭാര്യയ്ക്ക് കൊടുത്ത സമ്മാനങ്ങളിൽ ഒന്ന് അയൺ +


ഫോളിക് ആസിഡ് ഗുളികയായിരുന്നു. .സോറി. ഞാനൊരല്പം അൺ-
റൊമാന്റിക്കാണ്..

അങ്ങനെ ഒരു ദിവസം ഇ.എൻ.ടി പോസ്റ്റിങ്ങിന്റെ സമയത്ത് ആ സന്തോഷ


വർത്തമാനം കേട്ടു. ഒരു ഡൊമിനിക്കോ ജനിഫറോ വരുന്നു...അടുത്ത
വർഷത്തെ ശുഭമുഹൂർത്തത്തിൽ...അത് ഉറപ്പിക്കാനും മറ്റ് പ്രശ്നങ്ങളില്ലെന്ന്
ഉറപ്പ് വരുത്താനും പിന്നെ ഡേറ്റ് കൃത്യമാണെന്ന് തീർച്ചയാക്കാനും അഞ്ചാം
ദിവസത്തിൽ തന്നെ ആദ്യ അൾട്രാസൗണ്ട് സ്കാൻ. പക്ഷേ അതിൽ
ഗർഭപാത്രത്തിൽ കുഞ്ഞിന്റെ സാന്നിദ്ധ്യം (ജസ്റ്റേഷണൽ സാക്) ഇല്ലായിരുന്നു.
തികച്ചും നോർമൽ ആകാം. സമയമാകുന്നതേ ഉള്ളായിരിക്കാം. എങ്കിലും
ട്യൂബിലോ മറ്റോ അല്ല ഗർഭമെന്ന് തീർച്ചപ്പെടുത്തണം. അതിന് രക്തപരിശോധന
ഉണ്ട്. ബീറ്റാ HCG. രണ്ട് തവണ രക്തമെടുക്കുമ്പൊ അളവ് ഇരട്ടിക്കുന്നതനുസരിച്ച്
അനുമാനങ്ങൾ....നോർമലായി... ആദ്യ കടമ്പ കടന്നു.
അതിനു ശേഷം രണ്ടാമത്തെ സ്കാൻ ചെയ്തതിൽ അവൻ ഗർഭപാത്രത്തിൽ
സ്ഥാനമുറപ്പിച്ചെന്ന് തീർച്ചപ്പെടുത്തി. ആദ്യം ചെയ്തത് ഇഷ്ടമുള്ള എന്തും
കഴിക്കാൻ ലൈസൻസ് കൊടുക്കലായിരുന്നു. മരുന്നുകൾ
കഴിക്കണമെന്നുണ്ടെങ്കിൽ അനുവാദം ചോദിക്കണമെന്ന് മാത്രം..ഒന്നാമതെ
ഇഷ്ടങ്ങൾ മാറിമറിയും ഗർഭകാലത്ത്. രണ്ടാമത്തെ പ്രശ്നം " മോണിങ്ങ്
സിക്ക്നസ് " എന്ന് വിളിക്കപ്പെടുന്ന ഓക്കാനവും ഛർദ്ദിയുമാണ്. മൂന്നാമത്തെ
കാരണം അമ്മയാകാൻ പോകുന്ന ആൾക്ക് എനർജിയും പ്രോട്ടീനും
അധികമായി വേണം.അത് കഴിക്കരുത്, ഇത് കഴിക്കരുതെന്നൊക്കെ പറഞ്ഞാൽ
എപ്പൊഴും നടപ്പില്ല..

അടുത്ത കടമ്പ.... അമ്മയാകാൻ പോകുന്ന യുവതിക്കും മറ്റ് ഏതൊരാൾക്കും


വരുന്ന ഏതൊരു രോഗവും വരാം. ഗർഭവുമായി ബന്ധമുള്ള രോഗങ്ങൾക്ക്
പുറമെ..ഒരു സാധാരണ മൂത്രത്തിൽ പഴുപ്പ് തൊട്ട് എന്തുമാവാം...സഹിക്കാൻ
വയ്യാത്ത വയറ്റിൽ വേദനയ്ക്ക് പിറകെ ചെറിയ മറ്റ് ചില ലക്ഷണങ്ങളും
കണ്ടപ്പോൾ ഭയന്നു...അവിടെ മൂന്നാമത്തെ സ്കാൻ. ആ സ്കാനിൽ മനസിലായി
പ്ലാസന്റ അല്പം താഴെയായാണ് സ്ഥിതി ചെയ്യുന്നതെന്ന്. ഇതുപോലെയുള്ള
ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ആയുഷിന്റെ നിർദേശങ്ങളിലെ
ലൈംഗിക ബന്ധം ഒഴിവാക്കുക എന്നതൊക്കെ പ്രാധാന്യമർഹിക്കുന്നത്.

ആശുപത്രിയിൽ പോകാനുള്ള സൗകര്യത്തിന് എറണാകുളത്തേക്ക് താമസം


മാറി. ബേസിക് ബ്ലഡ് ടെസ്റ്റുകളൊക്കെ ചെയ്തു.
കുഴപ്പമൊന്നുമില്ല...സന്തോഷം.പിന്നെ അനോമലി സ്കാൻ എന്നറിയപ്പെടുന്ന
പരിശോധന. ചെയ്യുന്നത് കുഞ്ഞിന് എന്തെങ്കിലും തകരാറുകൾ ഉണ്ടോ എന്ന്
കണ്ടെത്താനാണ്. അതിലും കാര്യമായ കുഴപ്പങ്ങളില്ല...ചെറിയ ഒരു സിസ്റ്റ്
കാണുന്നു എന്ന് പറഞ്ഞതൊഴിച്ചാൽ...ആശങ്കകൾ വേണ്ട, അടുത്ത സ്കാനിൽ
നോക്കിയാൽ മതിയെന്ന് പറഞ്ഞെങ്കിലും നമ്മുടെ കാര്യം നമ്മൾക്കല്ലേ
അറിയൂ..സ്കാനിന്റെ എണ്ണം അത് കൂടെ കൂട്ടിയപ്പോൾ അഞ്ചായി.

മൂന്നാം മാസം അവസാനിക്കുന്നതിനോടടുത്താണ് അറിഞ്ഞത്.


താമസസ്ഥലത്തിനടുത്ത് ചിക്കൻ പോക്സ് പടരുന്നു. ക്ലിനിക്കിലും വന്നു
രണ്ടുമൂന്ന് പേർ. ഞാൻ എക്സ്പോസ്ഡ് ആണ്. മിക്കവാറും ഇൻകുബേഷൻ
പീര്യഡിലുമായിരിക്കും. മൂന്ന് മാസത്തിനുള്ളിൽ ചിക്കൻ പോക്സ് കുഞ്ഞിനു
ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം...രണ്ടാമതൊന്ന് ആലോചിച്ചില്ല.
തിരിച്ച് വീട്ടിലേക്ക്. അപകടം ഒഴിവായാൽ തിരിച്ച് വരാമല്ലോ...അപകടം
ഒഴിവായെന്ന് ഉറപ്പായത് നവംബറിലാണ്. നവംബർ രണ്ടാമത്തെ ആഴ്ച
തിരിച്ച് വരാൻ തീരുമാനമെടുത്തിരിക്കുമ്പൊഴാണ് അത് നടക്കുന്നത്..നോട്ട്
നിരോധനം...

എ.ടി. എമ്മിൽ കാശുണ്ട്. കയ്യിൽ കാർഡുണ്ട്. പക്ഷേ ഒരു പ്രയോജനവുമില്ല.


മരുന്ന് വാങ്ങാൻ പറ്റില്ല. ഭക്ഷണം പറ്റില്ല.. മൊത്തത്തിൽ സാമ്പത്തിക
അടിയന്തിരാവസ്ഥ. ഏതാണ്ട് ഒന്ന് കലങ്ങിത്തെളിയുന്നത് വരെ എറണാകുളം -
കോട്ടയം ഷട്ടിൽ സർവീസിലായിരുന്നു...അങ്ങനെയാണ് ഫേസ്ബുക്കിൽ നീണ്ട
കുറിപ്പുകളിടുന്നത്...
ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്. ഗർഭകാലത്ത് പ്രമേഹം ഉണ്ടോ/ഉണ്ടാകാൻ
സാദ്ധ്യത ഉണ്ടോ എന്ന് മനസിലാക്കാനുള്ള പരിശോധന. അതും വലിയ
പ്രശ്നങ്ങളുണ്ടാക്കാതെ കടന്നുപോയി. അനക്കം അറിയാൻ തുടങ്ങി.
ആദ്യമൊക്കെ അതെന്താണെന്ന് അറിയാത്തതിന്റെ കൗതുകം....പരിഭ്രമം.
പിന്നെ കുഞ്ഞ് അനങ്ങാത്ത സമയത്ത് കുഞ്ഞിനെന്തെങ്കിലും പറ്റിയതാണോ
എന്ന പേടി...ടെൻഷനടിക്കാൻ എന്നും ഓരോ കാരണങ്ങളുണ്ട്..ഇടയ്ക്ക് രണ്ട്
ടെറ്റനസ് ടോക്സോയിഡ് ഇഞ്ചക്ഷൻ എടുത്തു. മുറ പോലെ വന്ന അടുത്ത
സ്കാൻ ക്രിസ്റ്റൽ ക്ലീൻ...

ഇടയ്ക്കിടയ്ക്ക് ചെറിയ Contractions വന്ന് വേദനിപ്പിക്കും..അപ്പൊഴത്തെ ജോലി


ഒരു വശം തിരിഞ്ഞ് കിടന്ന് കുഞ്ഞിന്റെ അനക്കം എണ്ണലാണ്. അവൻ
ഉറക്കത്തിലാണെങ്കിൽ സ്റ്റെതസ്കോപ്പ് വച്ച് നെഞ്ചിടിപ്പ് കേട്ടു നോക്കും.
വേദനയ്ക്ക് കുറവില്ലെങ്കിൽ ആശുപത്രിയിലേക്ക്....അന്ന് അവിടെ
ഉറക്കം..പിറ്റേ ദിവസം ഒ.പിയിൽ കണ്ടിട്ട് വീട്ടിലേക്ക്...അങ്ങനെ എട്ടോ
ഒൻപതോ തവണ..സ്കാനിൽ കുഞ്ഞ് തല തിരിഞ്ഞാണ് കിടത്തം... സാരമില്ല.
കറങ്ങി വരാൻ സമയമുണ്ട്...

32 ആഴ്ചയിൽ പതിവ് പോലെ ഒരു ദിവസം.. ഒ.പിയിൽ ചെന്ന് കണ്ട സമയത്ത്


ഗർഭാശയത്തിന് Contractions ഉണ്ട്...അതായത് പ്രസവം നടക്കാൻ സാദ്ധ്യത
ഉണ്ടെന്ന് ചുരുക്കം... നെഞ്ചിടിച്ചതിലെ ഒരു ബീറ്റ് മിസ്സായി....32 ആഴ്ചയിൽ
കുഞ്ഞ് പിറന്നാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെന്തൊക്കെയാണെന്ന്
അറിയാവുന്നതുകൊണ്ട്..ശ്വാസകോശത്തിന് മച്യുരിറ്റി ഉണ്ടാകാനുള്ള
ഇഞ്ചക്ഷൻ എടുത്തു...രണ്ട് തവണ.അന്ന് തൊട്ട് പിന്നീടുള്ള ആഴ്ചകൾ
സമ്പൂർണ വിശ്രമം (നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്). 37 ആഴ്ച കഴിഞ്ഞാൽ
പിന്നെ എന്ത് നടന്നാലും പ്രശ്നമില്ല...

അങ്ങനെ 36 ആഴ്ച എത്തി. അതിനു മുൻപ് നടത്തിയ അവസാന വട്ട


സ്കാനിങ്ങിൽ പ്ലാസന്റ താഴെ നിന്ന് മുകളിലേക്ക് പോയി. കുഞ്ഞിന്റെ കിടപ്പ്
ശരിയായി. പ്രസവത്തിന് തടസമായി നിൽക്കുന്ന മറ്റ് പ്രശ്നങ്ങളില്ല.
സ്വഭാവികമായ പ്രസവം നടക്കാൻ സാദ്ധ്യതയുണ്ട്...

പ്രസവം മറ്റൊരു വലിയ കഥയാണ്. 255 ദിവസം നീണ്ട, താരതമ്യേന കാര്യമായ


കുഴപ്പങ്ങളില്ലാതിരുന്ന (ഹും..) ഗർഭകാലത്ത് സമയം പോവാൻ ഏറ്റവും
ബുദ്ധിമുട്ടിയത് അവസാന 45 മിനിറ്റിലായിരുന്നു....അത് ഇപ്പൊ വേണ്ട...

ഒന്ന് ആലോചിച്ച് നോക്കൂ. എന്തെല്ലാം തയാറെടുപ്പുകളും മുൻ കരുതലുകളും


പരിശോധനകളുമാണ് വേണ്ടിവന്നത്? ഇതൊന്നുമില്ലാതെയും പ്രസവം
നടക്കുന്നുണ്ടായിരിക്കാം. പക്ഷേ ഓരോന്നും ഉണ്ടാകാനിടയുണ്ടായിരുന്ന ഓരോ
സങ്കീർണതകളെയാണ് ഒഴിവാക്കിയത്. മുൻ കരുതലെടുക്കാൻ സഹായിച്ചത്.

ആദ്യ മാസങ്ങളിൽ പ്ലാസന്റ താഴെയാണെന്ന് അറിയാതെ യാത്രകൾ


തുടർച്ചയായി നടത്തിയിരുന്നെങ്കിലോ? ഗ്ലൂക്കോസ് ടെസ്റ്റ് ചെയ്യാതെ ,
ഭക്ഷണക്രമീകരണം നടത്താതിരുന്നെങ്കിലോ? കൃത്യമായ പരിശോധന
നടത്താതെ മാസം തികയുന്നതിനു മുൻപ് പ്രസവം നടന്നിരുന്നെങ്കിലോ?
സന്തോഷത്തിനു പകരം ദുഖമോ മാനസികസമ്മർദ്ദമോ ആയിരിക്കുമെന്നുറപ്പ്..

ഈ ഒരു മൂന്ന് വർഷത്തെ കാലത്തിനിടയിൽ കുഞ്ഞിക്കാൽ കണ്ട


സുഹൃത്തുക്കളും സീനിയേഴ്സുമായ ഡോ.ജാസിം, ഡോ. ഡിപിൻ, പിന്നെ സഹ
പി.ജി ഡോ.ഗീതിക, കോഴ്സ് കോ-ഓർഡിനേറ്റർ ഡോ.ശോഭ, ലേക് ഷോർ
പീഡീയാട്രിക്സ് ഡിപ്പാർട്ട്മെന്റ് ഡോ.ബാബു മാത്യു, ഡോ. നിർമല,
ഡോ.കെ.സി ജോർജ് പിന്നെ പാലാ കാർമൽ ഹോസ്പിറ്റലിലെയും ലേക്
ഷോറിലെയും ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് പ്രത്യേകിച്ച് സ്മിത മാഡവും
ത്രെസി മാഡവും ഡോ.ദിവ്യയും ഡോ അനുവും ലേബർ റൂമിലെ സിസ്റ്റർമാരും,
ചോദിച്ചപ്പൊ ചോദിച്ചപ്പൊ വീട്ടിലേക്ക് ഓടാൻ അനുവാദം തന്ന പോസ്റ്റ്
ചെയ്യപ്പെട്ട ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാർ അങ്ങനെ ഒരു വലിയ
ടീമിന്റെ സഹായവും സ്നേഹവും അറിവും പിന്നിലുണ്ടായിരുന്നു "
യാതൊരു കോമ്പ്ലിക്കേഷനുമില്ലാത്ത " ഈ ഒരു " നിസാര" " സുഖ പ്രസവത്തിന് "
എന്ന് മനസിലാക്കുമ്പൊഴാണ് ആയുഷിന്റെ നിർദ്ദേശങ്ങളിലെ പൊള്ളത്തരം
വ്യക്തമാകുന്നത്...

ആയുഷ് ഇറക്കിയ പുസ്തകത്തിലെ നിർദേശങ്ങൾ കുറെയൊക്കെ


നിരുപദ്രവകരമാണെന്ന് തോന്നാം. അതിലെ പ്രധാന പ്രശ്നം ആരോഗ്യമുള്ള
കുഞ്ഞുണ്ടാകാൻ വേണ്ട യാതൊന്നും കണ്ട നിർദേശങ്ങളിൽ
പറയുന്നില്ലെന്നാണ്... നല്ല പുസ്തകം വായിക്കാൻ പറയാൻ
ഡോക്ടറാകണമെന്നില്ല...

വാൽ : ഗർഭകാലത്ത് സന്തോഷവും സമാധാനവും നല്ല ചിന്തകളുമൊന്നും


വേണ്ട എന്നല്ല പറയുന്നത്. വേണം. ചിലപ്പൊ ചെറിയ ചെറിയ മൂഡ്
സ്വിങ്ങുകളും സങ്കടങ്ങളുമൊക്കെ ഉണ്ടാവാം..ആ സമയത്ത് നല്ല സപ്പോർട്ട്
കൊടുക്കുന്നവരുടെ സാമീപ്യവും ഗുണം ചെയ്യും... അങ്ങനെയെങ്കിലും ആ
പെണ്ണിന് കുറച്ച് സമാധാനം ഉണ്ടായിക്കോട്ടെ ;) . ഉള്ള മനസ്താപങ്ങളിൽ ഒന്ന്
അതാണ് താനും...ആ സമയത്ത് പോലും ഒന്നിച്ച് നിൽക്കാനോ വൃത്തിയായി
ഒന്ന് കെയർ ചെയ്യാനോ പറ്റിയിട്ടില്ല...സോറി... :(

ഈ ചെറുപ്രായത്തിനിടയ്ക്ക് പത്തുനാനൂറ് ഗർഭവും പ്രസവവുമൊക്കെ കണ്ട


ഒരാളുടെ കാര്യമാണിത്....അപ്പൊ പടം നോക്കി ഇരിക്കാൻ പറയുന്ന നിർദേശം
എത്ര അപര്യാപ്തമാണെന്ന് ആലോചിച്ചാൽ മനസിലാകുന്നതേയുള്ളൂ

You might also like