You are on page 1of 6

ഏഴരപ്പൊന്നാനയുടെ അറിയാത്ത കഥ.

എം.ഷൈറജ്

നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാക്ഷേത്രമായ ഏറ്റുമാനൂരമ്പലം


പ്രസിദ്ധികൊണ്ട് ഭാരതത്തിലെ മഹാദേവക്ഷേത്രങ്ങളില്‍പ്രമുഖ
സ്ഥാനത്തു നിൽക്കുന്നു. ഖരപ്രകാശമഹർ‌ഷിയാൽ പ്രതി‌ഷ്ഠിക്കപ്പെട്ട
അഘോര (അത്യുഗ്ര) മൂർത്തിയായ ശിവന്റെ സാന്നിധ്യമാണീ
തിരുസന്നിധിയിലുള്ളത്. ആ ദേവസന്നിധിയിൽ പ്രാർത്ഥിച്ചാൽ
സാധിക്കാത്തതായി ഒന്നുമില്ല. തിരുമുന്നിൽ ഭക്തിയോടുകൂടി
ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത
രോഗവുമില്ലെന്നുള്ളതും പ്രസിദ്ധമാണ്.

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാനയും പണ്ടേക്കു പണ്ടേ


പുകൾപെറ്റതാണ്. 1972 ൽ പുറത്തിറങ്ങിയ അക്കരപ്പച്ചയെന്ന മലയാള
ചലച്ചിത്രത്തിൽ മാധുരിയുടെ മനോഹര ശബ്ദത്തിലെത്തിയ വയലാർ -
ദേവരാജൻ ഗാനം ഏഴരപ്പൊന്നാനയുടെ ഖ്യാതി വാനോളമുയർത്തി.

"എഴരപ്പൊന്നാന പുറത്തെഴുന്നള്ളും

ഏറ്റുമാനൂരപ്പാ തൊഴുന്നേൻ

തൊഴുന്നേൻ തൊഴുന്നേൻ ഞാൻ

തിരുനാഗത്തളയിട്ട തൃപ്പാദം.."

ഏറ്റുമാനൂരപ്പനെ മനംനിറഞ്ഞു വിളിക്കുന്ന ഭക്തരുടെ മനസ്സിൽ


പൊന്നാനകൾക്കും വലിയ സ്ഥാനമുണ്ട്. പേരുപേരു സൂചിപ്പിക്കും
പോലെ സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള ഏഴു വലിയ
ആനകളുടെയും ഒരു ചെറിയ ആനയുടെയും പ്രതിമകൾ ചേർന്നതാണ്
ഏഴരപ്പൊന്നാന. വരിയ്ക്കപ്ലാവിന്റെ തടിയിൽ ആനയുടെ രൂപം
കൊത്തിയെടുത്ത ശേഷം അതിന്റെ പുറത്ത് സ്വർണ്ണപ്പാളികൾ തറച്ചാണ്
എട്ടു പൊന്നാനകളും നിർമ്മിക്കപ്പെട്ടത്. വലിയ ആനകൾക്ക് ഒരു തുലാം
വീതം സ്വർണ്ണം വേണ്ടി വന്നു, ചെറിയ ആനയ്ക്ക് അര തുലാം
സ്വർണ്ണവും. ഇന്നത്തെ അളവിൽ മൊത്തം 75 കിലോ തൂക്കം വരുമിത്.
എഴ് ആനകൾക്ക് രണ്ടടി വീതം ഉയരവും ചെറിയ ആരയ്ക്ക് ഒരടി
ഉയരുവുമാണുള്ളത്.

തിരുവിതാംകൂർ രാജാവ് വൈക്കത്തപ്പനു വഴിപാടായി


നിശ്ചയിച്ച് ഉണ്ടാക്കിച്ചയച്ച പൊന്നാനകളെ ഏറ്റുമാനൂർ ദേവൻ
ഇടയ്ക്കുവച്ച് നിർബന്ധബുദ്ധിയാൽ നേടിയെടുത്തതാണെന്ന കഥയാണ്
കാലങ്ങളായി പ്രചാരത്തിലുള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ
ഐതിഹ്യമാലയെന്ന ഗ്രന്ഥത്തിലെ 'ചില ഈശ്വരന്മാരുടെ പിണക്കം'
എന്ന അധ്യായത്തിൽ ഈ വിവരണമാണുള്ളത്.

കരമാർഗ്ഗം തിരുവനന്തപുരത്തു നിന്ന് വൈക്കത്തേക്ക്


പൊന്നാനകളെ കൊണ്ടുപോകും വഴി ഏറ്റുമാനൂരെത്തിയപ്പോൾ
പൊന്നാനകളെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ
ഗോപുരത്തറയിലിറക്കിവച്ചു ഹരിക്കാരന്മാരും ചുമട്ടുകാരും
കുളിക്കാനുമുണ്ണാനും പോയെന്നും അവർ തിരികെ വന്നു
നോക്കിയപ്പോൾ ആരെയും അടുക്കാനനുവദിക്കാതെ പൊന്നാനകളുടെ
തലയിൽ ഓരോ വലിയ സർപ്പങ്ങളിരിക്കുന്നതായി കണ്ടുവെന്നും
ഇതിനെപ്പറ്റി പ്രശ്നംവെപ്പിച്ചു നോക്കിയതിൽ ഈ ആനകളെ തനിക്കു
വേണമെന്നാണ് ഏറ്റുമാനൂർ ദേവന്റെ അഭിപ്രായമെന്നു കാണുകയും
അങ്ങിനെ ഏഴര പൊന്നാനകളെ രാജാവ് ഏറ്റൂമാനൂരപ്പനു
സമർപ്പിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യമാലയിലെ പ്രസ്തുത
അധ്യായത്തിലെ കഥ.

ഈ കഥ തന്നെ അൽപ്പം വ്യതിയാനത്തോടെയും കേട്ടുവരാറുണ്ട്.


പൊന്നാനകളെ ജലമാർഗ്ഗം വൈക്കത്തേക്കു കൊണ്ടുപോകും വഴി വള്ളം
നീങ്ങാതായെന്നും തുടർന്ന് പ്രശ്നം വച്ചു നോക്കിയപ്പോൾ
ഏറ്റുമാനൂരപ്പന്റെ ഇംഗിതം മേൽപ്പറഞ്ഞ രീതിയിലാണെന്നറിഞ്ഞ്
നടയിൽ സമർപ്പിച്ചുവെന്നുമാണത്.

ഏഴു പൊന്നാനകളെയാണ് രാജാവ് വൈക്കത്തപ്പന് സമർപ്പിക്കാൻ


കൊടുത്തയച്ചതെന്നും എന്നാൽ ശേഷം നടന്ന സംഭവങ്ങളെത്തുടർന്ന്
ഏറ്റുമാനൂരപ്പനു തന്നെയായി ഒരു ചെറിയ പൊന്നാനയെ കൊണ്ടുവന്ന്
മഹാരാജാവ് നടയ്ക്കൽ സമർപ്പിച്ചുവെന്നും അങ്ങിനെയാണ്
ഏഴരപ്പൊന്നാനയായിത്തീർന്നതെന്നും വിശ്വസിക്കുന്നവരുമുണ്ട്.

ഏതായാലും ഈ മൂന്ന് ആഖ്യാനങ്ങളുടെയും ചുരുക്കം


പൊന്നാനകളെ വൈക്കം ക്ഷേത്രത്തിലേക്കായി കൊണ്ടു
വന്നവയാണെന്നും ഏറ്റുമാനൂരപ്പന് അവയിൽ ആഗ്രഹം
തോന്നിയതിനാൽ അവ അവിടുത്തേതായിത്തീർന്നതാണെന്നുമാണ്.
എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായതും കൂടുതൽ
വിശ്വസനീയമായതുമായ ഐതിഹ്യം തെളിവുകളോടെ
വേറെയുണ്ടെന്നതാണു കൗതുകകരമായ കാര്യം.

ഐതിഹ്യമാലയിലെ 'പുരുഹരിണപുരേശമാഹാത്മ്യം' എന്ന


അധ്യായത്തിലും ശ്രീ.ടി.കെ.ബാലകൃഷ്ണപ്പണിക്കർ രചിച്ച ഏറ്റുമാനൂർ
ക്ഷേത്രമാഹാത്മ്യം എന്ന ഗ്രന്ഥത്തിലും പൊന്നാനകൾ
എറ്റുമാനൂരെത്തിയതെങ്ങിനെയെന്നതിന്റെ ആഖ്യാനമുണ്ട്.

കൊല്ലവർഷം 904 മുതൽ വേണാടു ഭരിച്ചിരുന്ന അനിഴം തിരുന്നാൾ


മാർത്താണ്ഡവർമ്മ മഹാരാജാവ് സ്വന്തം രാജ്യത്തിന്റെ അതിരുകൾ
വിപുലമാക്കുവാനാഗ്രഹിക്കുകയും അതിനായി അയൽപക്കത്തുള്ള
ചെറുരാജ്യങ്ങൾ ആക്രമിച്ചു കീഴടക്കുകയും ചെയ്തു. ദേശങ്ങനാട്,
ഇളയിടത്തു സ്വരൂപം, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂർ,
തെക്കുംകൂർ എന്നീ രാജ്യങ്ങൾ ഇത്തരത്തിൽ വേണാടിന്റെ
ഭാഗമായിത്തീർന്നു. 925 ൽ മാർത്താണ്ഡവർമ്മ കീഴടക്കിയ തെക്കുംകൂർ
രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് ഏറ്റുമാനൂർ. ചെറുരാജ്യങ്ങൾ
കീഴടക്കാൻ നടത്തിയ യുദ്ധങ്ങളിൽ നിരപരാധികളായ
ധാരാളമാളുകൾക്ക് ജീവഹാനി സംഭവിച്ചു. അതുപോലെ
തെക്കുംകൂറിൽ കൈവശപ്പെടുത്തിയ വസ്തുക്കളിൽ ഏറ്റുമാനൂർ
ക്ഷേത്രം വക വസ്തുക്കളും ഉൾപ്പെട്ടിരുന്നു. മറ്റൊരു കാര്യം,
മഹാരാജാവിന്റെ സൈന്യം ഏറ്റുമാനൂരിലെ  മാധവിപ്പിള്ളനിലത്തിൽ
പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള
വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും
ചെയ്തുവെന്നതാണ്.  ഇതെല്ലാം ഭഗവാന്റെ കോപത്തിനു
നിദാനങ്ങളാവുകയും കൊട്ടാരത്തിൽ പലതരത്തിലുള്ള അനിഷ്ട
സംഭവങ്ങൾ കണ്ടുതുടങ്ങുകയും ചെയ്തു. അതിനു പരിഹാരമായി
പൊന്നാനകളെ ഏറ്റുമാനൂരപ്പന്റെ നടയിൽ സമർപ്പിക്കാമെന്ന്
മഹാരാജാവ് നിശ്ചയം ചെയ്തു.

ദ്വിഗ് വിജയം നടത്തി രാജ്യം വിപുലപ്പെടുത്തിയതിനാൽ


അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിച്ച് എട്ടു പൊന്നാനകളെയാണ്
വഴിപാടായി ഉറപ്പിച്ചത്. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന,
പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ്
ദിക്ക്ഗജങ്ങൾ. ഇവയിൽ വാമനൻ ചെറുതായതു കൊണ്ട്
അരപൊന്നാനയാകുകയാണ് ഉണ്ടായത്.

പൊന്നാനകളുടെ നിർമ്മാണമാരംഭിച്ചെങ്കിലും അതു


പൂത്തിയാകും മുമ്പ്, കൊല്ലവർഷം 933 ൽ മാർത്താണ്ഡവർമ
മഹാരാജാവ് നാടുനീങ്ങി.. തുടർന്ന് അധികാരത്തിൽ വന്ന കാർത്തിക
തിരുനാൾ രാമവർമ്മ മഹാരാജാവായിരുന്നു. ധർമ്മരാജാവ്
എന്നറിയപ്പെട്ടിരുന്ന കാർത്തിക തിരുനാൾ തന്റെ മുൻഗാമിയുടെ
വഴിപാട് എത്രയും വേഗം പൂർത്തിയാക്കാനുറപ്പിച്ചു. അങ്ങിനെ 964 ൽ
പൊന്നാനകളുടെ പണി പൂർത്തിയാക്കുകയും അക്കൊല്ലം ഇടവം 12
വെള്ളിയാഴ്ച ആഘോഷപൂർവ്വം ഏറ്റുമാനൂരപ്പന്റെ തിരുനടയിൽ
സമർപ്പിക്കുകയും ചെയ്തു.

ഏഴരപ്പൊന്നാനകൾക്കൊപ്പം സ്വർണ്ണം കൊണ്ടുള്ള തോട്ടിയും


വളറും ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചു. 168 പറ നിലവും
ഇരുപത്തി മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ
മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും
ചെയ്തു.

"മഹാരാജാവു പ്രായശ്ചിത്തമായി എട്ടുമാറ്റിൽ ഏഴായിരത്തി


ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട്
ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും
തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു
വെയ്ക്കുകയും മാണിക്കം ദേശത്തുൾപ്പെട്ട 168 പറ നിലവും ഇരുപത്തി
മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ മഹാദേവനായി
ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തതായി
ഒരു പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം
തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. ഈ
ഏഴര പൊന്നാനകളെ 973- ആമാണ്ട് നാടു നീങ്ങിയ കാർത്തിക തിരുനാൾ
രാമവർമ്മ മഹാരാജാവുണ്ടാക്കിച്ചു വൈക്കത്തപ്പനു വഴിപാടായി
കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ
ഏറ്റുമാനൂരെത്തി യപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ വിരോധം
കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ
വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും
മറ്റും ഒരൈതിഹ്യ മുണ്ട്. മേൽപറഞ്ഞ പ്രായശ്ചിത്തച്ചാർത്തുകൊണ്ട്
ആദ്യം പറഞ്ഞതുതന്നെ വാസ്തവമാണെന്നു വിചാരിക്കാം" എന്ന്
ഐതിഹ്യമാലയിൽ ഇക്കാര്യങ്ങൾക്കെല്ലാം തെളിവുമുണ്ട്.

കാര്യങ്ങൾ ഇത്ര സ്പഷ്ടമായിരിക്കേ എന്തുകൊണ്ടാവും


വൈക്കത്തപ്പനു കൊണ്ടുപോയ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പൻ
നേടിയെടുത്തതാണെന്നൊരു കഥ പ്രചരിച്ചത്? ഈ ചോദ്യത്തിന്
കൃത്യമായ ഉത്തരം ലഭ്യമല്ല. "വൈക്കത്ത് അഷ്ടമി ദർശനത്തിന്
ഇപ്പോഴും ഏറ്റുമാനൂർ ദേശക്കാരാരും പോകാറില്ല " എന്ന്
ഐതിഹ്യമാലയിൽ കാണുന്നു ' "ഏറ്റുമാനൂർ ദേശത്തുള്ളവർ
മുൻകാലങ്ങളിൽ വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്തുക
പതിവായിരുന്നു. വൈക്കത്ത് ഭർശനത്തിനെത്തുന്നവരെ ക്കുവശത്തുള്ള
കാടിക്കുഴിയിൽ തളളിയിടുവെന്നൊരു മിഥ്യാധാരണ പ്രചരിച്ചിരുന്നു"
എന്ന് ഏറ്റുമാനൂർ ക്ഷേത്രമാഹാത്മ്യമത്തിലും കാണുന്നുണ്ട്. ഇതു രണ്ടും
വച്ചു കൊണ്ട് ഇരുദേശക്കാരും തമ്മിൽ അക്കാലത്തു സ്പർദ്ധ
നിലനിന്നിരുന്നുവെന്നു കണക്കാക്കാമെങ്കിൽ ആ സ്പർദ്ധ
തന്നെയായിരിക്കില്ലേ അത്തരമൊരു കഥയ്ക്കു പിന്നിലുമെന്ന്
ഊഹിക്കാനേ നിവൃത്തിയുള്ളൂ.

ടിപ്പുവിന്റെ ഭരണകാലത്ത് പടയോട്ടങ്ങളെ ഭയന്ന്


തിരുവിതാംകൂര്‍മഹാരാജാവ് ഏറ്റുമാനൂരപ്പന് മുന്നില്‍ശരണം
പ്രാപിക്കുകയും പടയോട്ടം അവസാനിപ്പിച്ച് പോരാളികള്‍
മടങ്ങിയപ്പോള്‍രാജാവ് ഭഗവാന് ഏഴരപ്പൊന്നാനകള്‍
സമര്‍പ്പിച്ചുവെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്.
കൊല്ലവർഷാരംഭത്തിന്റെയും ടിപ്പുവിന്റെ പടയോട്ടത്തിന്റെയും
കാലഗണനം ഈ ഐതിഹ്യത്തിനു ബലം നൽകുന്നുമുണ്ട്.

വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് ഏഴരപ്പൊന്നാനകളെ


ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുന്നത്. എട്ടാം ഉത്സവദിവസം
അര്‍ദ്ധരാത്രിയിൽ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും. ഏഴരപ്പൊന്നാന
ദര്‍ശനം ഭക്തര്‍ക്കു നല്‍കുന്ന ദര്‍ശന സായൂജ്യം
വിവരണത്തിനുമപ്പുറമാണ്. ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലാണ്
ദര്‍ശനവും വലിയകാണിക്കയും നടക്കുന്നത്. ആസ്ഥാനമണ്ഡപത്തിന്റെ
മുന്നിലെ പന്തലില്‍വലിയ കാണിക്ക സമയത്ത് സര്‍വ്വാഭരണ
വിഭൂഷിതനായി എഴുന്നള്ളുന്ന ഭഗവാന് അകമ്പടി സേവിക്കാന്‍
ഏഴരപ്പൊന്നാനകള്‍അണിനിരക്കും. മണ്ഡപത്തില്‍പ്രത്യേകം
ക്രമീകരിച്ച പീഠത്തില്‍മഹാദേവന്റ തിടമ്പിന് ഇരുവശവുമായാണ്
പൊന്നാനകളെ അണിനിരത്തുന്നത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത്
മൂന്നും പൊന്നാനകളെയും മുന്നിലായി പീഠത്തില്‍അരപ്പൊന്നാനയെയും
സ്ഥാപിക്കും.

അർദ്ധരാത്രിയോടെ ശ്രീകോവിലില്‍നിന്ന് മഹാദേവനെ


ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് മണ്ഡപത്തിന്
മുന്നില്‍സ്ഥാപിച്ച ചെമ്പില്‍കഴകക്കാര്‍പൊന്നിന്‍കുടം വയ്ക്കും.
പണ്ടാര പ്രതിനിധിയും ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശക
സമിതി ഭാരവാഹികളും ആയിരക്കണക്കിനു ഭക്തരും
കാണിക്കയര്‍പ്പിച്ച് ദേവനെ വണങ്ങും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ
സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌വിശ്വാസം. കുംഭമാസത്തിലെ
രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി
ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌വിശ്വാസം. സകല
ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ
സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക
അർപ്പിക്കുന്നതാണ് ഭക്‌തജന ലക്ഷങ്ങ ളുടെ സായൂജ്യം. പുലര്‍ച്ചെ
രണ്ടുമണി വരെ എഴുന്നള്ളത്ത്‌നടക്കും. തുടര്‍ന്ന്‌
കാണിക്കയര്‍പ്പിക്കാനായുള്ള പൊന്നിന്‍കുടം കൊടിമരച്ചുവട്ടിലേക്കു
മാറ്റും. ഏഴരപ്പൊന്നാനകളെയും കൊടിമരച്ചുവട്ടില്‍ഇറക്കിവച്ച്‌
എഴുന്നള്ളിക്കും. 

"ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും മാറ്റുന്നൊരപ്പനല്ലേ എന്റെ


ഏറ്റുമാനൂരപ്പനല്ലേ ഏഴരപൊന്നാന  എഴുന്നള്ളത്തിൽ

ദേവകൾ കൺപാർക്കും ആഘോഷത്തിൽ

എന്നെയും കൂട്ടുകില്ലേ, എന്നെയും കൂട്ടുകില്ലേ.."

യേശുദാസിന്റെ എത്ര കേട്ടാലും മതി വരാത്ത ഈ ആലാപനം


ഭക്തലക്ഷങ്ങളുടെ മനോഗതം തന്നെയാണ്. (സംഗീതം: ടി എസ്
രാധാകൃഷ്ണന്‍)

ഏഴരപ്പൊന്നാനയെ പുറത്തെടുക്കുന്ന മറ്റൊരു അവസരം ആറാട്ടു


ദിവസത്തിലാണ്. ആറാട്ടു ദിവസം തിരുവഞ്ചൂർ പുഴയിൽ ആറാടി
പേരൂർകവലയിലെത്തുന്ന ഭഗവാനെ എതിരേൽക്കാൻ
ഗജവീരന്മാരോടൊപ്പം ഏഴരപ്പൊന്നാനകളും എത്തിച്ചേരുന്നു. ഈ രണ്ടു
ദിവസങ്ങൾമാത്രമേ പൊന്നാനതളെ പുറത്തെടുക്കാറുള്ളൂ

ഏഴരപ്പൊന്നാനകൾ കൂടാതെ മറ്റൊരു ചെറിയ പൊന്നാന കൂടി


ഭഗവാന്റെതായുണ്ട്. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര
തിരുനാൾ കാഴ്ചവച്ചതാണിത്. എന്നാൽ ഇത് ഏഴരപ്പൊന്നാനകളുടെ
കൂട്ടത്തിൽ എഴുന്നള്ളിക്കാറില്ല.

"ധ്യായേത് കോടിരവിപ്രഭം, ത്രിനയനം

ശീതാംശുഗംഗാധരം

ദക്ഷാംഘ്രിസ്ഥിതവാമകുഞ്ചിതപദം

ശാര്‍ദ്ദൂല ചര്‍മ്മോദ്ധൃതം

വഹ്നം ഡോലമഥാഭയം, ഡമരുകം,

വാമേ സ്ഥിതാം ശ്യാമളാം

കല്‍ഹാരാം, ജപസൃക്ശുകാം, കടി-

കരാംദേവിം സഭേശീം സദാം"

ഈ ധ്യാനമന്ത്രം ജപിച്ച് ഏറ്റുമാനൂരപ്പനെ വണങ്ങുന്ന ഭക്തരുടെ


മനസ്സിൽ ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളുന്ന തിരുരൂപം തന്നെയാണ്
നിറഞ്ഞു നിൽക്കുന്നത്.

You might also like