You are on page 1of 6

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ

ഫിർദൗസ് മൻസൂർ

മദീനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ ഇസ്ലാമിക സാമ്പത്തിക ദർശനത്തിലെ


പ്രാരംഭ ഘട്ടമായിരുന്നു.മദീന ഒരു രാഷ്ട്രമായി പരിണമിച്ചതോടെ സാമ്പത്തിക
വ്യവസ്ഥകളെ ക്രമപ്പെടുത്തൽ അനിവാര്യമായിത്തീർന്നു. ഖുർആനിക
കല്പനകളുടെ വെളിച്ചത്തിലായിരുന്നു സാമ്പത്തിക മുന്നേറ്റങ്ങളെ നബി തങ്ങൾ
സാധ്യമാക്കിയെടുത്തത്. ഒരു വിശ്വാസിയുടെ സാമ്പത്തിക സങ്കൽപ്പങ്ങൾ
എപ്രകാരമാകണമെന്ന് ഇസ്ലാം കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്.പണത്തെ
അല്ലാഹു ഏൽപിച്ച ഒരു സൂക്ഷിപ്പുമുതലായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.
അല്ലാഹുവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ അവ വിനിയോഗിക്കാൻ
പാടുള്ളൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഏതൊരു സ്വത്തിൽ അല്ലാഹു നിങ്ങളെ
പ്രതിനിധി ആക്കിയോ അതിൽ നിന്നും നിങ്ങൾ ചെലവഴിക്കുക എന്ന് ഖുർആൻ
വ്യക്തമാക്കിയതായി കാണാം.സമ്പത്ത് മനുഷ്യന്റെ ഉപജീവനമാർഗ്ഗം
മാത്രമാണെന്ന് സൂറത്തുന്നിസാഇലെ അഞ്ചാം അധ്യായത്തിൽ അള്ളാഹു
പരിചയപ്പെടുത്തുന്നുണ്ട്. ധൂർത്തിന്റെയും അനാവശ്യ ഉപയോഗങ്ങളുടെയും
സാധ്യതകൾ ഇതിലൂടെ ഇല്ലാതാവുന്നു. ഒരു വിശ്വാസിയുടെ സാമ്പത്തിക
ക്രയവിക്രയങ്ങൾ മതപരമായ നിബന്ധനകൾക്ക് വിധേയപ്പെട്ടിരിക്കുന്നു എന്ന്
ഇത്തരം അധ്യായങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഇസ്‌ലാമിക സമ്പദ്
വ്യവസ്ഥ മറ്റ് സാമ്പ്രദായിക സാമ്പത്തിക ഘടനകളിൽ നിന്നും
വ്യതിരക്തമാകുന്നതും ഇവിടെയാണ്.

മക്കയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കച്ചവടമായിരുന്നു.എന്നാൽ മദീനയിൽ


കൃഷിപ്പണി ചെയ്തിരുന്നവരായിരുന്നു കൂടുതൽ.ധാന്യങ്ങളിൽ നിന്നും കാരക്കയിൽ
നിന്നുമായിരുന്നു അവർ ജീവിതോപാധി കണ്ടെത്തിയിരുന്നത്.ലഭ്യമായിരുന്ന കച്ചവട
വിപണികളെല്ലാം ജൂതന്മാരുടെ കുത്തകയായിരുന്നു. ജനസംഖ്യാപരമായി
ന്യൂനപക്ഷമാണെങ്കിലും സാമ്പത്തിക ഏകാധിപത്യം അവർക്കായിരുന്നു.
കൊള്ളപ്പലിശയും ജന്മികുടിയാൻ സംഘർഷങ്ങളും മദീനയിലെ സാമ്പത്തിക
മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. അസന്തുലിതമായ ഈ സമ്പദ്
വ്യവസ്ഥയിൽ നിന്നും ഒരു ബദൽ മാർഗം അനിവാര്യമായിരുന്നു.

നബി തങ്ങളുടെ കടന്നുവരവോട് കൂടെയാണ് മദീനയിൽ കച്ചവടത്തിന് പുതിയ


സാധ്യതകൾ തുറക്കുന്നത്. വിപണികളിലെ കുത്തക അവസാനിപ്പിക്കൽ സാമ്പത്തിക
ഭദ്രതക്ക് അനിവാര്യമായിരുന്നു.കച്ചവട തൽപ്പരരായ മക്കക്കാർ എത്തിയതോടെ
നബി തങ്ങൾ പുതിയ മാർക്കറ്റുകൾ ആരംഭിച്ചു. അതോടുകൂടി കച്ചവടത്തിന്റെ
ഏകാധിപത്യ സ്വഭാവം ഇല്ലായ്മ ചെയ്യുകയും ഉപഭോക്താക്കളെ ചൂഷണത്തിൽ
നിന്ന് കരകയറ്റുകയും ചെയ്തു. നബി തങ്ങൾ മദീനയിൽ എത്തിയ ശേഷം അയൽ
രാജ്യങ്ങളിലെ രാജാക്കന്മാർക്ക് ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു.
ഇത് കാരണത്താൽ പല രാഷ്ട്രങ്ങളും മദീനയുമായി സൗഹൃദത്തിലായി. ഈ
ബന്ധത്തെ നിലനിർത്തിക്കൊണ്ട് അവരുമായി നബിതങ്ങൾ കച്ചവടങ്ങളിൽ ഏർപ്പെട്ടു.
വിദേശ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വസ്തുക്കളുടെ പരസ്പര കൈമാറ്റത്തിനും ഇത്
സഹായിച്ചു.ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കളിൽ പ്രത്യേകം തീരുവ
ഏർപ്പെടുത്തിയിരുന്നതായി ചരിത്ര പുസ്തകങ്ങളിൽ കാണാം.മദീനയുടെ സാമ്പത്തിക
നില മെച്ചപ്പെടുത്താൻ ഇത്തരം ഇടപാടുകൾ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

ഉയർന്ന പലിശ നിരക്കിൽ ലോൺ നൽകുന്ന സമ്പ്രദായം മദീനയിൽ


ഉണ്ടായിരുന്നു. കൃഷി വേല ചെയ്തിരുന്ന മദീനക്കാരെ കൂടുതൽ
പ്രയാസത്തിലാക്കുന്ന ഒരു വ്യവസ്ഥിതിയായിരുന്നു ഇത്.പലിശയുടെ
ദോഷവശങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ഖുർആനിക സൂക്തത്തിലൂടെ പലിശ
പൂർണ്ണമായും നബി തങ്ങൾ നിരോധിച്ചു. പലിശ മൂലമുണ്ടായിരുന്ന ചൂഷണങ്ങൾക്കും
ഇതോടുകൂടി അറുതിയായി.പലിശക്ക് പകരം അധ്വാനത്തിലൂടെ ധനം സമ്പാദിക്കാൻ
നബി തങ്ങൾ ആഹ്വാനം ചെയ്തു. തൊഴിലെടുക്കുന്നത് അല്ലാഹുവിനുള്ള
ആരാധനയാണെന്ന് പഠിപ്പിച്ചു. മനുഷ്യന് ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും നല്ല
തൊഴിൽ ഏതാണെന്ന് നബി തങ്ങളോട് ചോദിക്കപ്പെട്ടപ്പോൾ സ്വന്തം കൈകൾ
കൊണ്ട് ചെയ്യുന്ന ജോലി എന്നായിരുന്നു നബിതങ്ങളുടെ മറുപടി. അന്യനെ
വഞ്ചിച്ചും കൊള്ളനടത്തിയും നേടുന്ന സമ്പാദ്യത്തിൽ യാതൊരു വിധത്തിലുള്ള
പുരോഗതിയും ഇല്ലെന്ന അധ്യാപനമായിരുന്നു നബിതങ്ങൾ നൽകിയത്.കൃഷിയെ
പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഭൂമി കൈവശം വെയ്ക്കുന്നതിന് ഉപാധികൾ
കൊണ്ടുവരികയും കർഷക നികുതകൾ ലഘൂകരിക്കുകയും ചെയ്തു. ഭൂമികൾ
തരിശാക്കിയിടുന്നതിനെ നബിതങ്ങൾ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.മാത്രവുമല്ല
അവിടങ്ങളിൽ കൃഷിചെയ്ത് ഭൂമിയെ സമ്പന്നമാക്കുന്നവർക്ക് വലിയ പ്രതിഫലവും
വാഗ്ദ്ധാനം ചെയ്തിരുന്നു. ഇത്തരത്തിൽ കാർഷികമേഖലയെയും കച്ചവടത്തെയും
ഒരുപോലെ ഉന്നതിയിലേക്ക് കൊണ്ടുവരികയും മദീനക്കാരെ അധ്വാനശീലമുള്ള
സമൂഹമാക്കി മാറ്റുകയും ചെയ്തു.

കച്ചവടത്തിന്റെ സദാചാര മൂല്ല്യങ്ങളിലും ഇസ്ലാം നിഷ്കർശ പുലർത്തുന്നുണ്ട്.


പൂഴ്ത്തിവെപ്പ്, കൊള്ള ലാഭം തുടങ്ങി കച്ചവടത്തിന്റെ സുതാര്യതയെ കളങ്കപ്പെടുത്തുന്ന
മുഴുവൻ വിഷയങ്ങളും ഇസ്ലാം നിഷിദ്ധമാക്കിയതായി കാണാം . മാർക്കറ്റിന്റെ
ഘടനയെ പോലും ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ മദീനയിൽ
സർവ്വസാധാരണമായിരുന്നു.അവ തടയുന്നതിനുവേണ്ടി നബിതങ്ങൾ പ്രത്യേകം
ആളുകളെ മാർക്കറ്റിൽ നിയമിച്ചിരുന്നു. പല സന്ദർഭങ്ങളിലും നബിതങ്ങൾ നേരിട്ടെത്തി
പരിശോധന നടത്തിയിരുന്നതായി ചരിത്രങ്ങളിൽ
രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.അത്രമേൽ കച്ചവട സദാചാരത്തിന് നബി തങ്ങൾ മുൻഗണന
നൽകിയിരുന്നു എന്ന് മനസ്സിലാക്കാം. തൊഴിലാളികളോടും ഉപഭോക്താവിനോടുമുള്ള
പെരുമാറ്റ രീതിയും ഇസ്ലാം മുന്നോട്ടുവെക്കുന്നുണ്ട്. വിയർപ്പ് വറ്റുന്നതിന് മുമ്പ്
തൊഴിലാളിക്ക് വേതനം നൽകണമെന്ന തിരു കൽപ്പന അവരോടുള്ള പ്രതിബദ്ധതയും
പരിഗണനയും ബോധ്യപ്പെടുത്തുന്നതായിരുന്നു. കച്ചവടത്തിന് കൃത്യമായ
നിർവ്വചനം നൽകുകയും വാങ്ങുന്നവനും വിൽക്കുന്നവനും പാലിക്കേണ്ട
നിബന്ധനകളും ഇസ്‌ലാം മുന്നോട്ടു വച്ചു. അനുവദനീയമായതും അല്ലാത്തതുമായ
കച്ചവടങ്ങൾ പ്രത്യേകം നിർണ്ണയിച്ചു നൽകി.ഇസ്ലാം നടപ്പിലാക്കിയ പല കച്ചവട
രീതികളും പിന്നീട് പല രാജ്യങ്ങളും മാതൃകയാക്കിയിട്ടുണ്ട് . അമേരിക്കയിലെ
ഇല്ലിനോയിസ് എന്ന പ്രദേശത്തുള്ളവർ കൃഷി വിളകളുടെ മുൻകൂർ വിൽപ്പനക്ക്
വേണ്ടി ഇസ്ലാമിലെ സലം കച്ചവടരീതി ആവിഷ്കരിച്ചതായി കാണാം.ഇത്തരത്തിൽ
കച്ചവടത്തിന്റെ സർവ്വ തലങ്ങളിലും ഇസ്ലാം തങ്ങളുടേതായ വ്യക്തിമുദ്ര
പതിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രത്തിന്റെ സമ്പദ്വ
‌ ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വേണ്ടി വ്യത്യസ്ത വരുമാന
സ്രോതസ്സുകളായിരുന്നു മദീന സ്വീകരിച്ചിരുന്നത്.അവ ഓരോന്നും നമുക്ക്
പരിശോധിക്കാം.

സകാത്

ഹിജ്റ രണ്ടാം വർഷമാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാത്ത്


നിർബന്ധമാക്കപ്പെടുന്നത്. സകാത്തിന് മുമ്പ് ഐശ്ചിക ദാനങ്ങളായിരുന്നു
രാഷ്ട്രത്തിന്റെ സമ്പാദ്യം.സകാതിലേക്ക് പ്രേരിതമാകുന്ന സൂക്തങ്ങൾ
മക്കയിൽവെച്ച് തന്നെ അവതീർണ്ണമായിരുന്നെങ്കിലും ഒരു നിർബന്ധ ബാധ്യതയായി
പ്രഖ്യാപിച്ചിരുന്നില്ല. ധനത്തിലും, കൃഷിയിലും ,കച്ചവടത്തിലും ,കന്നുകാലികളിലും ,
ഖനികളിലുമെല്ലാം ഇസ്ലാം നിശ്ചിത വിഹിതം സകാത് നിർബന്ധമാക്കിയിട്ടുണ്ട്.
അവ കൊടുത്തു വീട്ടേണ്ട അവകാശികളെയും ഖുർആനിക സൂക്തത്തിലൂടെ ഇസ്ലാം
നിർണ്ണയിച്ചിട്ടുണ്ട് .സകാതുകൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം മുറികൾ
ഒരുക്കിയിരുന്നു. ബിലാൽ (റ) വിനായിരുന്നു ഇതിന്റെ ചുമതല. അന്നത്തെ ധനകാര്യ
മന്ത്രിയും ഇദ്ദേഹമായിരുന്നു.

വൈയക്തികവും സാമൂഹികവുമായ ഒരുപാട് ഗുണങ്ങളെ സകാത്ത്


മുന്നോട്ടുവെക്കുന്നുണ്ട്.സകാത്തിന്റെ പദാർത്ഥം സൂചിപ്പിക്കുന്നത് പോലെ തന്നെ
വ്യക്തി ശുദ്ധീകരണമാണ് അതിന്റെ പ്രാഥമിക തലം. പിശുക്ക് ,അമിതവ്യയം
തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് സമ്പന്നനെ സകാത് മുക്തമാകുന്നു.
അതോടൊപ്പം തന്നെ പാപങ്ങൾ പൊറുക്കുകയും ആത്മീയ വിശുദ്ധി
കൈവരിക്കുകയും ചെയ്യുന്നു. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ
ചലനങ്ങൾ സൃഷ്ടിക്കാനും സകാത്തിന് സാധിക്കുന്നുണ്ട്.സകാത്തിന്റെ അവകാശികൾ
പ്രധാനമായും സമൂഹത്തിലെ താഴെകിടയിലുള്ളവരാണ് . അവരിലേക്ക് സമ്പത്ത്
എത്തിച്ചേരുന്നതിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാവുന്നു.അതോടൊപ്പം
തന്നെ രാജ്യത്തിൻറെ മൊത്തം ഉപഭോഗവും നിക്ഷേപവും വർദ്ധിക്കുകയും അതുവഴി
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുകയും ചെയ്യുന്നു. .

ആധുനിക നികുതി വ്യവസ്ഥയോട് സകാത്തിനെ പൂർണ്ണമായും


താരതമ്മ്യപ്പെടുത്തുക സാധ്യമല്ല. വർഷാടിസ്ഥാനത്തിലാണ് ഇസ്ലാമിൽ
സക്കാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ വരുമാനത്തെ
അടിസ്ഥാനപ്പെടുത്തിയാണ് നിലവിലെ നികുതി വ്യവസ്ഥകൾ നിലനിൽക്കുന്നത്.ഈ
വ്യവസ്ഥപ്രകാരം ഒരുലക്ഷം വരുമാനമുള്ള അഞ്ച മക്കളുള്ള കുടുംബവും രണ്ട്
മക്കളുള്ള കുടുംബവും ഒരേ നികുതിയാണ് ഒടുക്കേണ്ടത്. ഇത് ഒരിക്കലും
നീതിയുക്തമല്ല.അതേസമയം കയ്യിൽ മിച്ചം വരുന്ന തുകക്ക് മാത്രമാണ് ഇസ്ലാം
നികുതി ചുമത്തുന്നത്.ആരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിനെ
അടിസ്ഥാനമാക്കിയും നികുതിയും സകാത്തും വ്യത്യാസപ്പെടുന്നുണ്ട്. സകാത്തിന്
കൃത്യമായ അവകാശികളെ നിർണ്ണയിച്ചിട്ടുണ്ടെങ്കിൽ നികുതിയിൽ അത്തരമൊരു
സമ്പ്രദായമില്ല. ഇത്തരം കാരണങ്ങളെല്ലാം സകാത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നുണ്ട്
.

ജിസ്‌യ (തലവരിനികുതി)

മദീനയുടെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സായിരുന്നു ജിസ്‌യ.മുസ്ലിം ഭരണ


പ്രദേശത്ത് താമസിക്കുന്ന അമുസ്ലിം പൗരന്മാരിൽ നിന്നും ഈടാക്കുന്ന സംരക്ഷണ
നികുതിയെയാണ് ജിസ്‌യ എന്ന് പറയുന്നത്. സുരക്ഷയാണ് ജിസ്‌യയുടെ
പശ്ചാത്തലം. മദീന ഒരു മുസ്ലിം രാഷ്ട്രമായിരുന്നെങ്കിലും അവിടുത്തെ
അമുസ്ലിംകളെയും അവരുടെ സ്വത്തിനെയും സംരക്ഷിക്കൽ സർക്കാറിന്റെ
ബാധ്യതയായിരുന്നു. ഈ ബാധ്യത നിറവേറ്റുന്നതിനുള്ള കരം എന്ന നിലയിലാണ്
ജിസ്‌യ സ്വീകരിച്ചത് .മുസ്ലിംകൾ ഒടുക്കിയിരുന്ന സകാത്തും മറ്റ് നികുതികൾ ഒന്നും
തന്നെ അവർക്ക് ബാധകമായിരുന്നില്ല. അവകളെ അപേക്ഷിച്ച് ജിസ്‍യ വളരെ
തുച്ഛവുമായിരുന്നു.

ജിസ്‌യ കൈപ്പറ്റുന്നതോടെ ആന്തരികവും ബാഹ്യവുമായ എല്ലാ


ആക്രമണങ്ങളിൽ നിന്നും അവിശ്വാസികളെ സംരക്ഷിക്കേണ്ട ബാധ്യത
സ്റ്റേറ്റിനുണ്ടായിരുന്നു. സ്ത്രീകൾ, കുട്ടികൾ, ഭ്രാന്തൻ, അടിമ എന്നിവരിൽനിന്നും
ജിസ്‌യ കൈപ്പറ്റിയിരുന്നില്ല. എങ്കിലും സൈന്യത്തിന്റെയും മറ്റും സേവനങ്ങൾ
ഇവർക്ക് ലഭിക്കുകയും ചെയ്തു. ഏതെങ്കിലും സാഹചര്യത്തിൽ ജിസ്‍യദായകരുടെ
മേലിലുള്ള സ്റ്റേറ്റിന്റെ സംരക്ഷണ ബാധ്യത ഒഴിയുകയാണെങ്കിൽ പ്രസ്തുത തുക
തിരികെ നൽകാനും നബിതങ്ങൾ ആവശ്യപ്പെട്ടിരുന്നു.വർഷത്തിലൊരിക്കൽ
മാത്രമാണ് ഈ കരം ഈടാക്കിയിരുന്നത്. ഇമാം ഹനീഫ (റ) വിന്റെ
അഭിപ്രായപ്രകാരം ധനികനാണെങ്കിൽ 48 ദിർഹമും ഇടത്തരക്കാരനാണെങ്കിൽ 24
ദിർഹമും ദരിദ്രനാണെങ്കിൽ 12 ദിർഹമുമാണ് ജിസ്‌യ നൽകേണ്ടത്.

ഖറാജ് (ഭൂനികുതി)

സൈനിക നടപടികളിലൂടെ ധാരാളം ഭൂമികൾ മദീനയുടെ


അധീനതയിലായിത്തീർന്നിരുന്നു.എന്നാൽ അവിടങ്ങളിൽ നിന്നും അവിശ്വാസികളെ
ഒഴിപ്പിക്കാൻ മുസ്ലിം ഭരണകൂടം തയ്യാറായിരുന്നില്ല. പകരം നിശ്ചിത നികുതി
സ്വീകരിച്ചുകൊണ്ട് ആ പ്രദേശങ്ങളിൽ തന്നെ പാർക്കാനുള്ള അനുമതി നൽകി. ഈ
നികുതിയാണ് ഖറാജ് അഥവാ ഭൂനികുതി എന്ന പേരിൽ അറിയപ്പെടുന്നത്.കൃഷിയുള്ള
ഭൂമികളിൽ അതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നത്.
പ്രസ്തുത കരം നൽകുന്നതോടെ ഭൂമി വിൽക്കാനും ഉപയോഗിക്കാനുമുള്ള അവകാശം
ഉടമസ്ഥന് തന്നെയായിരുന്നു. കർഷകർക്ക് തങ്ങളുടെ അദ്ധ്വാനഫലം ലഭിക്കാനും
വിളകളെ വേണ്ടവിധം ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിച്ചു.

എല്ലാവരിൽ നിന്നും ഒരു പോലെയായിരുന്നില്ല കരം സ്വീകരിച്ചിരുന്നത്.


ഭൂമിയുടെ ഫലഭൂയിഷ്ഠത ,വിളവിന്റെ ഇനം ,ഉൽപ്പാദനച്ചെലവ് എന്നിവക്കനുസരിച്ച്
നികുതിയും വ്യത്യാസപ്പെട്ടിരുന്നു.അപ്പോഴാണല്ലോ അവ നീതിയുക്തമാകുന്നത്
.കാർഷികോല്പന്നമായിട്ടും,പണമായിട്ടും നികുതിഅടയ്ക്കാനുള്ള സൗകര്യം
ഉണ്ടായിരുന്നു. ഭൂമി ഏതെങ്കിലും അവസരത്തിൽ ഒരു മുസ്ലിമിന്
വിൽക്കുകയാണെങ്കിൽ പിന്നീട് കരം നൽകേണ്ടിയിരുന്നില്ല.പടയോട്ടത്തിലൂടെ ലഭിച്ച
സ്ഥലം അമുസ്ലിംകൾക്ക് പാട്ടത്തിനു നൽകുന്ന മറ്റൊരു വ്യവസ്ഥയും ഖറാജിൽ
ഉണ്ടായിരുന്നു. ഈ വ്യവസ്ഥിതിയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിന്
തന്നെയായിരുന്നു. ഖറാജ് പൊതുസ്വത്തിൽ നിന്നുള്ള വരുമാനമായത് കൊണ്ട്
തന്നെ പൊതുനന്മക്ക് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്.

യുദ്ധ സ്വത്തുക്കൾ

മദീനാ സ്റ്റേറ്റിന്റെ മറ്റൊരു വരുമാന സ്രോതസ്സായിരുന്നു ഗ്വനീമത്ത് അഥവാ


യുദ്ധ മുതലുകൾ.ശത്രുക്കളുമായുള്ള ഏറ്റുമുട്ടലിൽ ലഭ്യമാകുന്ന യുദ്ധാർജ്ജിത
സ്വത്തുക്കളായിരുന്നു ഇവ . ഗ്വനീമത്തിന്റെ വിതരണത്തിനും കൃത്യമായ ക്രമം
നബിതങ്ങൾ ഏർപ്പെടുത്തിയിരുന്നു. മൊത്തം യുദ്ധമുതൽ അഞ്ചു ഭാഗങ്ങളാക്കിയ
ശേഷം അതിൽ നാലുഭാഗം യുദ്ധത്തിൽ പങ്കെടുത്തവർക്കായിരുന്നു. ബാക്കിയുള്ള ഒരു
ഭാഗത്തെ വീണ്ടും അഞ്ചു ഭാഗമാക്കിയ ശേഷം ഒരു വിഹിതം നബിതങ്ങളുടെ
കുടുംബത്തിനും മറ്റുള്ളവ ദരിദ്രർ ,അനാഥർ തുടങ്ങിയവർക്ക് നൽകാനും നബി
തങ്ങൾ നിർദേശിച്ചു. ഈ ഓഹരിയിൽ നബി തങ്ങളും കുടുംബവും ഉൾപ്പെടുന്നത്
കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയായിരുന്നു പ്രവാചകർ കൈകാര്യം
ചെയ്തിരുന്നത്. ഖൈബർ യുദ്ധമുതലുകൾ വീതിക്കുന്നത് നേരിൽകണ്ട
ശിഷ്യരിലൊരാൾ ഇപ്രകാരം പറയുകയുണ്ടായി. "നബി തങ്ങളുടെ കൂടെ
ഉണ്ടായിരുന്നു ഞങ്ങൾ ,ഒരു സാധാരണക്കാരന്റെ പങ്ക് മാത്രമാണ് നബിതങ്ങൾ
നീക്കിവെച്ചത്".പ്രവാചകർക്ക് മുമ്പ് യുദ്ധമുതലുകൾ വീതം വെക്കുന്നതിൽ പ്രത്യേക
ക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. ലഭിക്കുന്ന വ്യക്തികൾ അവ
സ്വന്തമാക്കുകയായിരുന്നു പതിവ്. മാത്രവുമല്ല അതിന്റെ നാലിൽ ഒരു ഭാഗം യുദ്ധ
സൈന്യാധിപന് നൽകുകയും വേണ്ടിയിരുന്നു. ഇവിടെയാണ് നബി തങ്ങളുടെ
സാമ്പത്തിക ഇടപാടുകളിലെ സൂക്ഷ്മതയും കൃത്യതയും വ്യക്തമാകുന്നത്.

ഫൈഅ ,ഐച്ഛിക ദാനങ്ങൾ തുടങ്ങി മറ്റു വരുമാന സ്രോതസ്സുകളും മദീനയിൽ


ഉണ്ടായിരുന്നു. ദാന ധർമ്മങ്ങൾ നൽകുന്നതിൽ മദീനക്കാർ ഏറെ
മുൻപന്തിയിലായിരുന്നു . നബിതങ്ങൾ സ്വദഖയെ ഏറെ പ്രോത്സാഹിപ്പിക്കുകയും
ചെയ്തു. അതുകൊണ്ടുതന്നെ മദീനയിലെ ഏറ്റവും ദൃഢമായ വരുമാനം
ദാനധർമ്മങ്ങളിലൂടെയായിരുന്നു. വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ദിയ
സമ്പ്രദായവും വ്യക്തികളുടെ സാമ്പത്തികനില മെച്ചപ്പെടുത്താൻ
ഉതകുന്നതായിരുന്നു. സൂറത്തുന്നിസാഇലെ തൊണ്ണൂറ്റി രണ്ടാം അധ്യായം
ദിയയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. രണ്ടു വിശ്വാസികൾക്കിടയിൽ
അബദ്ധത്തിൽ വന്നുപോകുന്ന ഹത്യകൾ ,അംഗഭംഗങ്ങൾ എന്നിവക്കുള്ള
പ്രായശ്ചിത്തമായിരുന്നു ഇത്. സൈനിക സേവനം ചെയ്യാത്തവർക്ക് വേണ്ടി
പ്രത്യേക നികുതിയും (scutage tax)ഏർപ്പെടുത്തിയിരുന്നതായി കാണാം.വഖ്‌ഫ്‌
,ഫിത്ർ സകാത് തുടങ്ങിയവയും പാവപ്പെട്ടവരുടെ ജീവിതത്തിന്റെ അത്താണിയായി
മാറി.ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് സ്വത്തിൽ അവകാശം
നിർണ്ണയിക്കുന്നതിലൂടെ അവർക്കും സാമ്പത്തിക അവകാശങ്ങൾ കരസ്ഥമായി.

ഇത്തരത്തിൽ വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടെയായിരുന്നു നബി തങ്ങൾ


സാമ്പത്തിക വ്യവസ്ഥ ക്രമപ്പെടുത്തിയത്.പിന്നീട് വന്ന നാല് ഖലീഫമാരും മറ്റു
ഭരണാധികാരികളും പ്രവാചകരുടെ സാമ്പത്തിക ക്രമങ്ങൾ പിന്തുടർന്നു .ഉമർ ബ്നു
അബ്ദുൽ അസീസിന്റെ കാലഘട്ടത്തിൽ സകാത്തിന് അവകാശികളില്ലാത്ത തരത്തിൽ
ഇസ്ലാമിക സമ്പദ്‌വ്യവസ്ഥ വളർന്നതായി കാണാം.മുതലാളി വർഗ്ഗത്തിന് കൂടുതൽ
പ്രാധാന്യം നൽകുന്ന ക്യാപ്പിറ്റലിസത്തിൽ നിന്നും ജനങ്ങളുടെ സാമ്പത്തിക
അവകാശങ്ങളെ നിരാകരിക്കുന്ന സോഷ്യലിസത്തിൽ നിന്നും വ്യത്യാസപ്പെട്ട്
സാമ്പത്തിക ഇടപാടുകളിൽ മിതത്വ നിലപാടായിരുന്നു ഇസ്ലാം
സ്വീകരിച്ചത്.ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് തത്വങ്ങൾ ഇസ്ലാമിക സാമ്പത്തിക
ദർശനത്തോട് സാമ്യത പുലർത്തുന്നവയാണ്. "സമ്പത്ത് മനുഷ്യന്റെ
സേവകനാകണം,ഒരിക്കലും മനുഷ്യന്റെ യജമാനനാകരുത്" എന്ന തത്വമായിരുന്നു
പ്രവാചകർ നടപ്പിലാക്കിയത്.കൃത്യമായ ആസൂത്രണങ്ങളിലൂടെയും
പദ്ധതികളിലൂടെയും മദീനയുടെ സമ്പദ്ഘടനയെ ശാക്തീകരിക്കാൻ നബി തങ്ങൾക്ക്
സാധിച്ചു.

You might also like