You are on page 1of 4

ഇസ്ലാമിക പ്രമാണങ്ങളിൽ വിജ്ഞാന സമ്പാദനത്തിന് ഏറെ പ്രാധാന്യം

നൽകപ്പെട്ടിട്ടുണ്ട്. ഖുർആനിൽ ആദ്യമായി അവതീർണ്ണമായ സൂക്തങ്ങളും വിദ്യ


അഭ്യസിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്നവയായിരുന്നു. ധാരാളം പ്രവാചക
വചനങ്ങൾ അറിവ് നേടുന്നതിന്റെ പ്രാധാന്യത്തെയും അവർക്കുള്ള
പ്രതിഫലത്തെയും സൂചിപ്പിക്കുന്നവയാണ്. "ആരെങ്കിലും വിദ്യ
കരസ്ഥമാക്കുന്നതിനുള്ള വഴിയിൽ പ്രവേശിച്ചാൽ അവൻ സ്വർഗ്ഗത്തിലേക്കുള്ള
പാതയിലാണ് " എന്ന് പ്രവാചകൻ അരുളിയതായി കാണാം. ചൈനയിൽ
പോയിട്ടാണെങ്കിലും അറിവ് നേടുക എന്ന ഒരു ഇസ്‌ലാമിക ആപ്തവാക്യം തന്നെ
നിലവിലുണ്ട്. വിദ്യാഭ്യാസത്തിന് ദൂരം ഒരുപരിമിതിയാവരുത് എന്നാണ് ഇത്
സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഒട്ടേറെ സൂക്തങ്ങളും ഹദീസുകളും വിജ്ഞാനത്തെ
പ്രതിപാദിച്ചുകൊണ്ട് അവതീർണ്ണമായിട്ടുണ്ട് .

ചരിത്രപരമായി സാക്ഷര സമൂഹമായിരുന്നു മക്ക. ഇസ്ലാമിന് മുമ്പ് തന്നെ അറബി


ഭാഷ മക്കയിൽ രൂപം പ്രാപിച്ചതായി കാണാം. ഇബ്നു ഖുതൈബ തന്റെ ഉയൂനുൽ
അക്ബർ എന്ന ഗ്രന്ഥത്തിൽ പ്രാചീന മക്കയിലെ വിദ്യാകേന്ദ്രങ്ങളെ കുറിച്ച്
പരിചയപ്പെടുത്തുന്നുണ്ട്.സാഹിത്യകാരന്മാർ ഒരുമിച്ചുകൂടുന്ന സാഹിത്യ
സദസ്സുകളും അന്ന് പതിവായിരുന്നു. താഖിഫ് ഗോത്രത്തിലെ ഗൈലാന് ബ്നു സലാമ
എന്ന വ്യക്തി ആഴ്ചതോറും സാഹിത്യ സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു.
കവിതാ പാരായണവും സാഹിത്യ ചർച്ചകളുമായിരുന്നു അവിടങ്ങളിൽ
ഉണ്ടായിരുന്നത്. ചന്ദ്രൻ പൂർണ്ണ വൃത്തം പ്രാപിക്കുന്ന ദിനങ്ങളിൽ കുടുംബ
ബന്ധുക്കൾ ഒരുമിച്ചിരുന്ന് കഥകൾ പങ്കു വെക്കുന്ന രീതിയും മക്കയിൽ ഉണ്ടായിരുന്നു.

പ്രവാചകന്റെ കടന്നുവരവോടെ മക്കയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ


കൂടുതൽ ഊർജ്ജിതമായി. മക്കയിൽ അവതരിച്ച ഖുർആനിക സൂക്തങ്ങൾ
എഴുത്തിനെയും വായനയേയും
പ്രോത്സാഹിപ്പിക്കുന്നവയായിരുന്നല്ലോ.വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും
സ്ഥാപിക്കാനുള്ള അവസരങ്ങൾ ഇല്ലായിരുന്നെങ്കിലും ഖുർആൻ പഠിക്കുന്നതിനും
പഠിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയിരുന്നു.

ഹിജ്റക്ക് മുമ്പ് തന്നെ മദീനയിലെ വൈജ്ഞാനിക പുരോഗതിക്ക് നബി തങ്ങൾ


തറക്കല്ലിട്ടിരുന്നു. ഒന്നാം അഖബ ഉടമ്പടിയിൽ മിസ്അബ് ഇബ്നു ഉമൈറിനെ
മദീനക്കാരോടൊപ്പം അയക്കുകയുണ്ടായി. മദീനയിലെത്തിയ ശേഷം കവലകളും
സദസ്സുകളും ഉപയോഗപ്പെടുത്തി വിജ്ഞാന പ്രസരണത്തിന് അവർ നേതൃത്വം
നൽകി. മക്കയെപ്പോലെ വൈജ്ഞാനിക ഉറവിടങ്ങൾ മദീനയിൽ ഉണ്ടായിരുന്നില്ല.
വിദ്യാഭ്യാസത്തിന്റെ പടിവാതിൽ പോലും അവർ കടന്നിട്ടിലായിരുന്നു. നിരക്ഷരരായ
ഒരു സമൂഹത്തെ സാക്ഷരതയുടെ ഉത്തുംഗതയിലേക്ക് കൈപിടിച്ചുയർത്തേണ്ടത്
നബി തങ്ങളുടെ ഉത്തരവാദിത്തമായിരുന്നു .വിദ്യാ കേന്ദ്രങ്ങളും വിജ്ഞാന
സദസ്സുകളും ഒരുക്കി സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ നബിതങ്ങൾ
വാർത്തെടുത്തു.

മദീനയിൽ വിജ്ഞാനത്തിന്റെ പ്രജനന കേന്ദ്രങ്ങൾ


മസ്ജിദുകളായിരുന്നു.പള്ളികൾ മുഖേനയാണ് നബി തങ്ങൾ പ്രവർത്തനങ്ങൾക്ക്
തുടക്കം കുറിച്ചത്. മസ്ജിദുന്നബവിയിൽ അഹ്ലുസ്സുഫ്ഫ എന്ന പേരിൽ ഒരു
പ്രത്യേക വിഭാഗത്തെ പ്രവാചകർ സജ്ജമാക്കിയിരുന്നു.അറിവ്
കരസ്ഥമാക്കുന്നതിന് വേണ്ടി മദീനാ പള്ളിയിൽ ഒരുമിച്ചു കൂടിയ വിദ്യാഭ്യാസ
വൃന്ദമായിരുന്നു ഇവർ. രണ്ടു തരത്തിലുള്ള വിദ്യാർത്ഥി സമൂഹമായിരുന്നു
സുഫ്ഫയിൽ ഉണ്ടായിരുന്നത്. പള്ളിയിൽ താമസിച്ചു പഠിക്കുന്നവരും ദിനംതോറും
പള്ളിയിൽ വന്ന് പഠനം കഴിഞ്ഞു മടങ്ങുന്നവരും.താമസിച്ചു പഠിക്കുന്നവരിൽ
മുഖ്യപങ്കും സമൂഹത്തിലെ താഴെകിടയിൽ ഉള്ളവരായിരുന്നു. അവർക്കുള്ള
പുനരധിവാസ കേന്ദ്രം കൂടിയായിരുന്നു ഈ വിജ്ഞാന സങ്കേതം.ഒഴിവു സമയങ്ങളെ
ജീവിത സമ്പാദനത്തിനു വേണ്ടിയും സുഫ്ഫയിലെ വിദ്യാർത്ഥികൾ
വിനിയോഗിച്ചിരുന്നു.ഗവൺമെന്റ് ട്രഷറിയിൽ നിന്നും പ്രത്യേക തുക
വിദ്യാഭ്യാസത്തിന് വേണ്ടി നീക്കി വെച്ചതായി കാണാം.മദീനയിലെ കൃഷിക്കാർ
വിളവെടുപ്പിലെ ഒരു പങ്ക് സുഫ്ഫയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നീക്കി
വെക്കാറുണ്ടായിരുന്നു. അവ സൂക്ഷിക്കുന്നതിന് വേണ്ടി പള്ളികളിൽ പ്രത്യേക
മുറികളും നിജപ്പെടുത്തിയിരുന്നതായി ചരിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.മുആദ് ബ്നു
ജബലായിരുന്നു ഇതിന്റെ സൂക്ഷിപ്പുകാരൻ.

മസ്ജിദുന്നബവിയെപ്പോലെ ഒമ്പത് വിദ്യാ മന്ദിരങ്ങൾ


മദീനയിലുണ്ടായിരുന്നു.ഓരോ മസ്ജിദുകളിലും പ്രസ്തുത പ്രദേശങ്ങളിലുള്ളവർ
വിദ്യ നുകരാനെത്തി.മദീനയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വിജ്ഞാനത്തിന്റെ
അനുരണനങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചു. വിദ്യാ കേന്ദ്രങ്ങളുടെ
വ്യവസ്ഥാപിതമായ നടത്തിപ്പിനുവേണ്ടി ഓരോ പ്രവിശ്യയിലെയും ഗവർണ്ണർമാരെ
ചുമതലപ്പെടുത്തിയിരുന്നു. അനുയോജ്യമായ അധ്യാപകരെ നിയമിച്ചും
വിദ്യാർത്ഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയും അവർ തങ്ങളുടെ കടമ
നിർവ്വഹിച്ചു. എഴുത്തും ഖുർആനും പഠിപ്പിക്കുന്നതിന് വേണ്ടി തന്നെ
നിയോഗിച്ചിരുന്നതായി ഉബാദ ബ്നു സാമിത് വ്യക്തമാക്കുന്നുണ്ട്. ഓരോ
പ്രദേശത്തെയും വിദ്യാഭ്യാസ പുരോഗതികൾ വിലയിരുത്തുന്നതിനും തുടർ
നടപടികൾ കൈക്കൊള്ളുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥന്മാരെ പ്രവാചകൻ
നിയമിച്ചിരുന്നു. മദീനയിൽ മൂല്യവത്തായ വിദ്യാഭ്യാസം പകർന്ന് നൽകുന്നതിന്
ഇത്തരം നടപടികൾ പ്രേരകമായിട്ടുണ്ട്. ഓരോ മേഖലകളിലും പാണ്ഡിത്യമുള്ളവരെ
മാത്രമായിരുന്നു അധ്യാപനത്തിനും പ്രബോധന പ്രവർത്തനങ്ങൾക്കും
തിരഞ്ഞെടുത്തിരുന്നത്. ഇക്കാരണത്താൽ വിദ്യാർത്ഥികൾ പരസ്പരം മത്സര
ബുദ്ധിയോടെ പഠിക്കുകയും ഉന്നതികളിലേക്ക് വരികയും ചെയ്തു.പരീക്ഷാ
സംവിധാനത്തിലൂടെയായിരുന്നു കഴിവുറ്റ വിദ്യാർഥികളെ കണ്ടെത്തിയിരുന്നത്.

പ്രവാചകന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മദീനയിൽ മാത്രം


ഒതുങ്ങുന്നതായിരുന്നില്ല.അറേബ്യയുടെ നാനാ ദിക്കുകളിൽ നിന്നും വിജ്ഞാന
കുതുകികൾ മദീനയിലേക്കണയാൻ തുടങ്ങി. പഠനം പൂർത്തീകരിച്ച ശേഷം അവർ
സ്വന്തം നാടുകളിൽ വിജ്ഞാന പ്രസരണത്തിന് തുടക്കം കുറിച്ചു.പഠനം കഴിഞ്ഞ
മടങ്ങുന്നവരോടൊപ്പം തന്റെ അനുചരന്മാരെ പ്രവാചകൻ
അയക്കാറുണ്ടായിരുന്നു.മദീനക്കു പുറമേ മറ്റു രാഷ്ട്രങ്ങളിലും വൈജ്ഞാനിക മുന്നേറ്റം
സാധ്യമാക്കാൻ ഇത് കാരണമായി. അയൽ രാജ്യങ്ങളിൽ നിന്നും ഇസ്ലാം
സ്വീകരിച്ചവരോട് മദീനയിലേക്ക് കുടിയേറാൻ നബിതങ്ങൾ
ആവശ്യപ്പെടുമായിരുന്നു. അവർക്ക് വേണ്ട സൗകര്യങ്ങൾ മദീനയിൽ ഒരുക്കുകയും
ചെയ്തു.ഇത്തരത്തിൽ ഇസ്ലാം സ്വീകരിച്ച ഒരു ഗോത്രത്തിലേക്ക് ദൂതനെ അയച്ച്
മദീനയിലേക്ക് വരാൻ പ്രവാചകൻ ആവശ്യപ്പെട്ടതായി ഇബ്നു സഅദ്
രേഖപ്പെടുത്തിയിട്ടുണ്ട്.

നബി തങ്ങളുടെ നേരിട്ടുള്ള ഇടപെടലുകളും വിദ്യാഭ്യാസ ക്രമത്തെ കൂടുതൽ


ശക്തിപ്പെടുത്തി .ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ തന്റെ ദൃഷ്ടിയിൽ പതിഞ്ഞാൽ
തദവസരത്തിൽ തന്നെ പ്രവാചകൻ തിരുത്താൻ
ശ്രമിച്ചിരുന്നു.വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കാനും അവിടുന്ന് സമയം
കണ്ടെത്തി .പാഠ്യ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനും
നബി തങ്ങൾ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.

വിദ്യാർത്ഥികളും സ്ത്രീകളും മദീനയുടെ വിദ്യാഭ്യാസ പരിധിക്ക്


പുറത്തായിരുന്നില്ല .സാർവത്രിക വിദ്യാഭ്യാസ നയമായിരുന്നു പ്രവാചകൻ
സ്വീകരിച്ചിരുന്നത്.വിദ്യാ സമ്പാദനം ഓരോ സ്ത്രീക്കും പുരുഷനും നിർബന്ധമാണ്
എന്ന നബിവചനം പ്രസ്തുത ലക്ഷ്യത്തെ മുന്നോട്ട് വെക്കുന്നുണ്ട്.ആഴ്ചയിൽ ഒരു
പ്രത്യേക ദിവസം സ്ത്രീകളുടെ സംശയ നിവാരണത്തിനും മറ്റുമായി നബിതങ്ങൾ
നീക്കിവെച്ചിരുന്നു. നബിയുടെ പത്നിയായിരുന്ന ആയിഷ (റ) കർമ്മശാസ്ത്രത്തിലും
വൈദ്യശാസ്ത്രത്തിലും നിപുണയായിരുന്നു. അവരുടെ നേതൃത്വത്തിൽ
സ്ത്രീകൾക്കായി വിജ്ഞാന സദസ്സുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. നബിതങ്ങൾ
തന്റെ ഭാര്യമാരിൽ ഒരാളെ എഴുത്ത് പഠിപ്പിക്കുന്നതിന് വേണ്ടി ഒരു സ്ത്രീയെ
ചുമതലപ്പെടുത്തിയിരുന്നതായി ചരിത്രത്തിൽ കാണാം.നൂൽ നൂൽപ്
സ്ത്രീകൾക്ക് പ്രത്യേക തൊഴിലായി പഠിപ്പിച്ചിരുന്ന സമ്പ്രദായവും
മദീനയിലുണ്ടായിരുന്നു.

ഖുർആനിനും ഹദീസിനും പുറമേ മറ്റു വിഷയങ്ങളും മദീനയിൽ


പഠിപ്പിക്കാറുണ്ടായിരുന്നു. ഗോളശാസ്ത്രം, വൈദ്യശാസ്ത്രം ഗണിതശാസ്ത്രം എന്നിവ
മദീനയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നതായി കാണാം. ഗോളശാസ്ത്രത്തിൽ
നൈപുണ്യമുള്ള വ്യക്തിയായിരുന്നു പ്രവാചകൻ.മസ്ജിദ് ഖുബാഇൽ വെച്ച്
ഖിബ്‌ല കണ്ടെത്തുന്നതിനും യാത്രാവേളകളിൽ നക്ഷത്രം നോക്കി സഞ്ചാര ദിശ
നിർണയിക്കുന്നതിനും നബി തങ്ങളുടെ ഗോള ശാസ്ത്ര വിജ്ഞാനമായിരുന്നു
ഉപകരിച്ചത്. വൈദ്യശാസ്ത്രവും പ്രവാചകർക്ക് അന്യമായിരുന്നില്ല. തിബ്ബ്ന്നബി
എന്ന പേരിൽ ഒരു വൈദ്യ ശാഖ തന്നെ ലോകത്ത്
പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്.''മുഹമ്മദ് നബിയുടെ വചനങ്ങളാണ്
മധ്യകാലഘട്ടത്തിലെ മുസ്ലിം ഭിഷഗ്വരന്മാർക്ക് ആരോഗ്യ മേഖലയിൽ നേട്ടം
കൈവരിക്കാൻ പ്രേരണയായത്" എന്ന് ഡൂഗ്ലാസ് ഗുദരി തന്റെ ഹിസ്റ്ററി ഓഫ്
മെഡിസിൻ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര
ചരിത്രകാരനായിരുന്ന കാംബെല്ലിന്റെ നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്.
മന്ത്രവാദം പോലെ അരികുവൽക്കരിക്കപ്പെട്ട തൊഴിലായി പരിഗണിച്ചിരുന്ന
വൈദ്യശാസ്ത്രത്തെ കുലീന സ്വഭാവമുള്ള ജോലിയായി പരിവർത്തനപ്പെടുത്തിയത്
പ്രവാചക വചനങ്ങളിൽ സ്വാധീനിക്കപ്പെട്ട മുസ്ലിം ഭിഷഗ്വരന്മാർ
ആണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രാഥമിക പഠന ശാഖകൾക്ക് പുറമേ പാഠ്യേതര വിഷയങ്ങളും മദീനയുടെ
വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. അമ്പെയ്ത്ത് ,നീന്തൽ തുടങ്ങിയവയിൽ
പ്രാവീണ്യം നേടിയവരും അവിടുത്തെ വിദ്യാർത്ഥികളിൽ ഉണ്ടായിരുന്നു.വിദേശ
ഭാഷകൾ സ്വായത്തമാക്കുന്നതിനും നബിതങ്ങൾ പ്രോത്സാഹനം നൽകി. സൈദ്ബ്നു
സാബിത് (റ) പേർഷ്യൻ ,ഗ്രീക്ക് ഭാഷകളിൽ വൈദഗ്ധ്യം നേടിയ
വ്യക്തിയായിരുന്നു. ഇരുന്നൂറിലധികം കത്തുകൾ നബിതങ്ങൾ
വിദേശരാജ്യങ്ങളിലേക്ക് അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അനുചരന്മാരുടെ
ഭാഷാ മികവിനെ ഉപയോഗപ്പെടുത്തിയിരുന്നു ഇത്. കാവ്യകലയും മദീനയിലെ
പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ഹസ്സാനുബ്നു സാബിത് ആ കാലഘട്ടത്തിലെ
ഏറ്റവും മികച്ച കവിയായിരുന്നു.

പ്രവാചകന്റെ അദ്ധ്യാപന ശൈലികളും ഏറെ ചർച്ചകൾക്ക് വിധേയപ്പെട്ടിട്ടുണ്ട്


.സമയവും സ്ഥലവും പരിഗണിച്ചായിരുന്നു അദ്ധ്യാപനത്തിന് നേതൃത്വം നൽകിയത്
.നബി തങ്ങൾ ഉപയോഗിച്ചിരുന്ന വാക്കുകൾ വ്യക്തവും
സ്പഷ്ടവുമായിരുന്നു.ആയിശ (റ) പറയുകയുണ്ടായി."നബി തങ്ങൾ സംസാരിക്കുന്ന
വാക്കുകൾ കൃത്യമായി എണ്ണി തിട്ടപ്പെടുത്താൻ സാധിക്കുമായിരുന്നു ".വിഷയങ്ങളെ
കുറിച്ച് അറിവുള്ള വ്യക്തിക്കും തീരെ അറിവില്ലാത്തവനും മനസ്സിലാക്കാനുതകുന്ന
തരത്തിലായിരുന്നു അവിടുന്ന് പാഠങ്ങൾ പകർന്ന് നൽകിയത്.ആവിശ്യ
സമയങ്ങളിൽ ആംഗ്യങ്ങൾ ഉപയോഗിച്ചും ദൃശ്യ രൂപത്തിലുള്ള അവതരണങ്ങൾ
നൽകിയും പാഠ്യ വിഷയങ്ങളെ കൂടുതൽ വ്യക്തമാക്കിക്കൊടുത്തു.ക്ലാസിലേക്ക്
വിദ്യാർത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ജിജ്ഞാസ ഉളവാകുന്ന
ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു.വിഷയ സംബന്ധമായ കഥകൾ പറഞ്ഞും നബി
തങ്ങൾ തന്റെ അവതരണത്തെ കൂടുതൽ ഭംഗിയാക്കി.

അജ്ഞരായിരുന്ന മദീനക്കാരെ വിജ്ഞാനത്തിന്റെ നവ തലങ്ങളിലേക്ക് പ്രവാചകൻ


കൈപിടിച്ചുയർത്തി .മദീനയിൽ നടപ്പിൽ വരുത്തിയ ഓരോ വിദ്യഭ്യാസ പദ്ധതികളും
ഇത് വ്യക്തമാക്കിത്തരുന്നതായിരുന്നു .മദീന സമൂഹത്തിന് ആദ്യമായി സീൽ
സമ്പ്രദായം പരിചയപ്പെടുത്തിയതും നബി തങ്ങളായിരുന്നു .ബദ്‌റിൽ പിടിക്കപ്പെട്ട
തടവ് പുള്ളികൾക്കുള്ള ശിക്ഷ പത്ത് പേർക്ക് അറിവ് പകർന്ന് കൊടുക്കുക
എന്നതായിരുന്നല്ലോ.ഇത്തരത്തിൽ സാധ്യമാകുന്ന സന്ദർഭങ്ങളിലെല്ലാം
വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ നബി തങ്ങൾ ശ്രമിച്ചിരുന്നു.തൽഫലമായി
വിജ്ഞാന സമ്പന്നമായൊരു സമൂഹം മദീനയിൽ വളർന്നു വരികയും ചെയ്തു.

You might also like