You are on page 1of 5

ത്രിയേക ദൈവതിരുനാമത്തിന് സ്തുതി.

ജൂൾസ് വേൺ എന്ന ഫ്രഞ്ച് സാഹിത്യകാരന്റെ പ്രശസ്തമായ നോവലാണ് From the


Earth to the Moon. മൂന്ന് ബഹിരാകാശ യാത്രികർ ചേർന്ന് ചന്ദ്രനിലേക്ക് നടത്തുന്ന
യാത്രയും, അവരുടെ അനുഭവങ്ങളുമാണ് ഇതിലെ പ്രതിപാദന വിഷയം. ഈ നോവലിന്റെ
ഏറ്റവും ആകർഷണീയമായ വസ്തുത എന്തെന്നാൽ മനുഷ്യൻ ചന്ദ്രനിൽ
കാലുകുത്തുന്നതിനു ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ഒരു സാങ്കൽപിക
കഥയായിരുന്നു ഇത്. എന്നാൽ ഈ നോവലിലെ പല കാര്യങ്ങളും പിന്നീട് 1969 ൽ നീൽ
ആംസ്ട്രോങ്ങും കൂട്ടരും ആദ്യമായി നടത്തിയ ചന്ദ്ര യാത്രയിൽ സംഭവിച്ചു എന്നത്
ഏവരെയും അത്ഭുതപ്പെടുത്തി. ചിലരുടെ വാക്കുകൾക്കും ആശയങ്ങൾക്കും അവർ
ഉദ്ദേശിച്ചതിനേക്കാളും അർത്ഥവും വ്യാപ്തിയും പിന്നീട് നൽകുവാൻ സാധിച്ചേക്കും.
വേദപുസ്തകത്തിൽ ഇപ്രകാരം താൻ പറഞ്ഞത്തിന്റെ അർത്ഥമറിയാതെ പരമമായൊരു
സത്യം റോമൻ ഗവർണ്ണറായ പീലാത്തോസ് യേശുവിനെക്കുറിച്ച് സാക്ഷിക്കുന്നുണ്ട്.

വി. യോഹന്നാന്റെ സുവിശേഷം പത്തൊമ്പതാം അധ്യായം അഞ്ചാം വാക്യത്തിൽ (19:5)


പീലാത്തോസ് കർത്താവിനെക്കുറിച്ച് ജനക്കൂട്ടത്തോട് പറയുന്ന അസാധാരണമായൊരു
പ്രസ്താവനയാണ് ‘ആ മനുഷ്യൻ ഇതാ’. കേൾക്കുമ്പോൾ വളരെ നിസാരമെന്നു
തോന്നുന്ന ഈ വാക്യം, ആഴത്തിലുള്ള ചിന്തകളെ നമ്മളിൽ പങ്കുവെക്കുന്നു.

കർതൃശിഷ്യനായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം അനേകം രഹസ്യാത്മകമായ


വെളിപ്പെടുത്തലുകളാൽ സമ്പന്നമാണ്. സുവിശേഷങ്ങളിൽ വെച്ച് ഏറ്റവും അവസാനം
എഴുതപ്പെട്ടതാണെങ്കിലും പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ
വേദശാസ്ത്രങ്ങൾ ഏറെയും നിഴലിച്ചിരിക്കുന്നത് വിശുദ്ധ യോഹന്നാന്റെ
സുവിശേഷത്തെ കേന്ദ്രീകരിച്ചാണ്. പ്രത്യേകയാൽ യേശു ക്രിസ്തു ആര് എന്ന
ചോദ്യത്തിനുള്ള ഉത്തരമായി ക്രിസ്തുവിജ്ഞാനീയ ദർശനങ്ങൾ ഈ സുവിശേഷം
നമുക്ക് സമ്മാനിക്കുന്നു. വി. യോഹന്നാന്റെ സുവിശേഷത്തിൽ യേശു ക്രിസ്തു സ്വയം
വെളിപ്പെടുത്തിയ പ്രസ്താവനകൾ അനേകമുണ്ടെങ്കിലും യേശുവിനെ ക്രൂശിക്കുവാൻ
ഉത്തരവ് പുറപ്പെടുവിച്ച പീലാത്തോസ് യേശുവിനെക്കുറിച്ച് നടത്തിയ പ്രസ്താവന
മറഞ്ഞിരിക്കുന്ന വലിയൊരു രഹസ്യത്തെ പത്തൊമ്പതാം അധ്യായത്തിലൂടെ നമുക്ക്
മുമ്പിൽ വെളിപ്പെടുത്തുന്നു.

വ്യാജ തെളിവുകളിലൂടെയും കള്ള സാക്ഷി മോഴികളികളിലൂടെയും നിരപരാധികളെ


കുറ്റക്കാരെന്ന് കണ്ട് വധശിക്ഷയ്ക്ക് വിധിച്ച ചരിത്രമുണ്ടായിട്ടുണ്ട്. എന്നാൽ
ലോകചരിത്രത്തിൽ രണ്ട് ഉന്നത കോടതികൾ കുറ്റക്കാരനല്ലെന്നു കണ്ട ആളെ
വധശിക്ഷയ്ക്ക് വിധിച്ചത് മുമ്പ് കണ്ടിട്ടില്ല. ‘ഞാൻ ഇവനിൽ ഒരു കുറ്റവും കാണുന്നില്ല’
എന്ന് പീലാത്തോസ് കർത്താവിനെക്കുറിച്ച് പറഞ്ഞതിനുശേഷം ജനക്കൂട്ടത്തിന്റെ മുന്നിൽ
കൊണ്ടുവന്ന് പറയുകയാണ് ‘ആ മനുഷ്യൻ ഇതാ’. ഒരു മനുഷ്യനെ കൊല്ലുവാൻ വേണ്ടി
ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുകയായിരുന്നു പീലാത്തോസ്‌ചെയ്തെങ്കിലും,
വലിയൊരു സത്യപ്രഘോഷണവും വെളിപ്പെടുത്തലും ഈ വാക്യത്തിൽ അടങ്ങിയിട്ടുണ്ട്.
പിലാത്തോസ് അവനറിയാതെ വിസ്തരിച്ചതും പുരുഷാരത്തിനു മുമ്പിൽ
അവതരിപ്പിച്ചതുമായ ആ മനുഷ്യൻ ആരായിരുന്നു ?
പ്രിയമുള്ളവരേ, ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായത്തിൽ സൃഷ്ടി കർമ്മങ്ങളുടെ
വിവരണത്തിലാണ് മനുഷ്യനെക്കുറിച്ചുള്ള ആദ്യ പരാമർശം നാം കാണുന്നത്. ‘നമ്മുടെ
സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം നമുക്ക് മനുഷ്യനെ ഉണ്ടാക്കാം’ എന്നു പറഞ്ഞ്
ദൈവം മനുഷ്യനെ സൃഷ്ടിക്കുവാൻ പദ്ധതിയിട്ടു. തുടർന്ന് 1 അധ്യായം 27 വാക്യത്തിൽ
‘ദൈവം തന്റെ സ്വരൂപത്തിൽ ആദാമിനെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വരൂപത്തിൽ
അവനെ സൃഷ്ടിച്ചു’ എന്ന് വിശുദ്ധ വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം
തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കുമെന്ന് തീരുമാനിച്ച മനുഷ്യനെ ദൈവ
സ്വരൂപത്തിൽ മാത്രം സൃഷ്ടിച്ചിരിക്കുന്ന വിവരണമാണ് പ്രിസ്റ്റ്ലി പാരമ്പര്യം ഉൽപ്പത്തി
ഒന്നാം അദ്ധ്യായത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദൈവം തീരുമാനിച്ചതായ
‘ദൈവസാദൃശ്യം’ ദൈവം പിന്നീട് മറന്നു പോയതോ എഴുത്തുകാരൻ കൂട്ടിച്ചേർക്കുവാൻ
വിട്ടുപോയതോ ആയ ഒന്നായി കണക്കാക്കുവാൻ നമുക്കാവില്ല.

യഥാർത്ഥത്തിൽ ദൈവം തന്റെ സ്വരൂപത്തിൽ ആദാമിനെ സൃഷ്ടിച്ചു. എന്നാൽ ആദം


ശാരീരിക പ്രായപൂർത്തിയായ ഒരുവൻ ആയിരുന്നെങ്കിലും ഒരിക്കലും പൂർണ്ണനായിരുന്നില്ല.
അവന്റെ ചിന്തയും അറിവും പരിചയവുമെല്ലാം ഒരു ശിശുവിന് സമാനമായിരുന്നു.
മാത്രവുമല്ല ഉൽപ്പത്തി 1:27 ൽ പറയും പ്രകാരം ‘ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.’
മോർ അഫ്രേമിന്റെ ഉൽപ്പത്തി വ്യാഖ്യാനത്തിൽ ആദാമിൽതന്നെ ഹവ്വായും
ഉണ്ടായിരുന്നുവെന്നും, രണ്ടാം അധ്യായത്തിൽ ആദാമിൻ്റെ വാരിയെല്ലിൽ നിന്നും
ഹവ്വായെ സൃഷ്ടിച്ചതിനെ ആദാമിന്റെ ഉള്ളിൽ നിന്നും സ്ത്രീയെ എടുത്ത് പ്രത്യേക
ദേഹമാക്കി തീർത്തു എന്നുമാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യൻ
എന്ന അർഥമാണ് ആദം (‫ )ָאָד ם‬എന്ന എബ്രായ പദത്തിനുള്ളത്. ഇപ്രകാരം
സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ബന്ധങ്ങളിൽ കൂടെ വളർച്ച പ്രാപിക്കുവാൻ ദൈവം
അനുവദിച്ചു. അതിൻ പ്രകാരം ദൈവവുമായും മനുഷ്യനുമായും പ്രകൃതിയുമായും
ബന്ധപ്പെട്ട് വളർന്നു വരുവാനുള്ള സാഹചര്യം മനുഷ്യൻ ആവശ്യപ്പെടാതെ തന്നെ ദൈവം
നൽകി. “ബന്ധങ്ങളിലൂടെയുള്ള വളർച്ചയിലൂടെ മാത്രമേ ആദാം എന്ന (മനുഷ്യന്)
പൂർണത കൈവരിക്കാൻ സാധിക്കുകയുള്ളൂ” എന്നാണ് സഭാപിതാവായ ലിയോണിലെ
മോർ ഐറേനിയോസ് പഠിപ്പിക്കുന്നത്.

സൃഷ്‌ടിയുടെ മകുടം എന്ന് മനുഷ്യനെ വിളിക്കുവാൻ തക്കവണ്ണം മറ്റെല്ലാ


സൃഷ്ടികർമ്മത്തിൽ നിന്നും മനുഷ്യസൃഷ്ടിക്കുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാണ്. മറ്റു
സൃഷ്ടികളെയും ജീവജാലങ്ങളെയുമെല്ലാം വചനത്താൽ നിർമ്മിച്ചപ്പോൾ ദൈവം
മനുഷ്യനെ

● ഓദോംതോയിൽ നിന്നുള്ള പൊടി മണ്ണിനാൽ സ്വന്ത കൈ കൊണ്ട് മെനഞ്ഞു.

● അവന്റെ മുഖത്ത് ജീവശ്വാസം ഊതി.

● ഏകനായിരിക്കുന്നത് നന്നല്ല എന്നു കണ്ട് തുണയെ കൊടുത്തു.

● വസിക്കുവാനായി തോട്ടവും ഭക്ഷണവും ഒരുക്കി.


● മറ്റു ജീവജാലങ്ങളുടെ മേൽ കർതൃത്വവും ഉത്തരവാദിത്തവും നൽകി.

ഇത്തരത്തിൽ അനന്യമാം വിധം ദൈവം മനുഷ്യനെ സൃഷ്ടിച്ചു.

പ്രിയമുള്ളവരെ, ഇങ്ങനെ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പിന്നീട് ദൈവകല്പനയെ ലംഘിച്ച്


പാപം ചെയ്ത് ദൈവഹിതത്തിനെതിരായി പ്രവർത്തിക്കുകയും ദൈവത്തിൽ നിന്നും
അകലുകയും ദൈവസാദൃശ്യത്തിലേക്ക് വളരുന്നതിൽ നിന്നും തടയപ്പെടുകയും ചെയ്ത
കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. ദൈവസ്വരൂപത്തിലൂടെ തനിക്ക് ലഭിച്ച
സ്വാതന്ത്ര്യമുപയോഗിച്ച് സാത്താന്റെ വാക്കുകേട്ട് ദൈവകല്പനയെ ലംഘിക്കുകയും
ദൈവത്തെ പോലെ ആകുവാൻ ശ്രമിക്കുകയും ചെയ്തു. തൽഫലമായി പാപ പ്രകൃതം
മനുഷ്യകുലത്തിലേക്ക് വരികയും ആദാമെന്ന മാനവരാശി ഒന്നാകെ പാപത്തിന്
അടിമകളാവുകയും ചെയ്തു.

ദൈവം ഓരോ കാലയളവിലും ചില ആളുകളെ വിളിച്ചു വേർതിരിച്ചുവെങ്കിലും


അവർക്കാർക്കും തന്നെ പാപത്തിൽ വീണു പോയ മനുഷ്യനെ പൂർണ്ണമായും
രക്ഷിക്കുവാൻ സാധിച്ചില്ല. എന്നാൽ കാലസമ്പൂർണ്ണതയിൽ ത്രിത്വത്തിൽ രണ്ടാമനായ
പുത്രൻ തമ്പുരാൻ ജഡം ധരിച്ച് മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നു.
പൂർണ്ണദൈവമായവൻ പൂർണ്ണമനുഷ്യനുമായി നമ്മുടെ ഇടയിൽ വന്നു പാർത്ത
അവസ്ഥയാണ് മനുഷ്യാവതാരം സാധ്യമാക്കിയത്.

ആദിയിൽ ദൈവം നിശ്ചയിച്ച സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള മനുഷ്യൻ ഇതാ


ആദ്യമായി ലോകത്തിൽ ജനിച്ചു. എബ്രായ ലേഖകൻ ഓർമിപ്പിക്കുന്നതുപോലെ
പാപമൊഴികെ സകലത്തിലും നമുക്ക് സമനായവൻ (എബ്രായർ 4:15) ഇന്നിതാ
പീലാത്തോസിന്റെ മുന്നിൽ വിചാരണയ്ക്കായി മുൾകിരീടമേന്തി നിൽക്കുന്ന കാഴ്ചയാണ്
വി. യോഹന്നാൻ 19 അധ്യായത്തിലൂടെ പിന്നീട് നമുക്ക്‌കാണുവാൻ സാധിക്കുന്നത്.
അവിടെ പീലാത്തോസ് യേശുവിനെക്കുറിച്ച് സാക്ഷിച്ചതും ഇതു തന്നെ: ‘ഇവനിൽ ഞാൻ
ഒരു കുറ്റവും കാണുന്നില്ല’. ഈ കുറ്റമറ്റവനിലാണ് യഥാർത്ഥത്തിൽ മനുഷ്യസൃഷ്ടിയുടെ
പൂർത്തീകരണവും പൂർണ്ണതയും ആദ്യമായി സംഭവിച്ചത്. ‘ഇതാ ആ മനുഷ്യൻ’ എന്ന്
പറഞ്ഞു പീലാത്തോസ് ജനക്കൂട്ടത്തിനു മുമ്പിൽ കർത്താവിനെ കാട്ടുമ്പോൾ
അവനറിയാതെ തന്നെ പരമമായ ഒരു സത്യം ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി
കൊടുക്കുകയാണ്. ദൈവസ്വരൂപത്തിലും ദൈവസാദൃശ്യത്തിലുമുള്ള ആദ്യ
പൂർണ്ണമനുഷ്യനെയാണ് പീലാത്തോസ് ജനങ്ങളുടെ മുമ്പിൽ ‘ആ മനുഷ്യൻ ഇതാ’ എന്ന്
പറഞ്ഞു അവതരിപ്പിച്ചത്.

പ്രിയമുള്ളവരേ, ഈ സാദൃശ്യത്തിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടിയാണ് ദൈവം നമ്മെ


സൃഷ്ടിച്ചിരിക്കുന്നതും വിളിച്ചിരിക്കുന്നതും. ഏദനിൽ സംസ്ഥാപിച്ചതായ
ബന്ധങ്ങളിലൂടെയുള്ള വളർച്ചയെ നാം പ്രാപിച്ചാൽ മാത്രമേ ദൈവസാദൃശ്യത്തിലേക്ക്
എത്തിചേരുവാൻ നമുക്ക് സാധിക്കുകയുള്ളു.

ദൈവസ്വരൂപത്തിൽ നിന്നും ദൈവ സാദൃശ്യത്തിലേക്കുള്ള വളർച്ചയെയാണ് രക്ഷയുടെ


അനുഭവമായി പൗരസ്ത്യ പിതാക്കന്മാർ കാണുന്നത്. ആ സാദൃശ്യത്തെ
അനുഭവഭേദ്യമാക്കുന്നത് ക്രിസ്തുവിൻ്റെ പൂർണ്ണമനുഷ്യത്വത്തിൻ്റെ അവസ്ഥയിലേക്ക്
നമ്മുടെ ജീവിതം എത്തി ചേരുമ്പോഴാണ്.

പ്രിയമുള്ളവരേ, ഇന്ന് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും മനുഷ്യത്വത്തിൻ്റെ


പൂർണ്ണതയിലേക്കുള്ള വളർച്ചയാണ്. ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും യാതൊരു വിലയും
നൽകാതെ മനുഷ്യത്വം മരവിക്കുന്ന കാഴ്ചകൾക്ക് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നു.
മനുഷ്യൻ മനുഷ്യനല്ലാതെയായി

മാറിയാപ്പോൾ തന്നെയാണ് പാലസ്തീൻ - ഇസ്രായേൽ, റഷ്യ – ഉക്രൈൻ തുടങ്ങിയ


സംഘർഷങ്ങൾ വഴി തുറന്നത്. ദൈവ മനുഷ്യ ബന്ധങ്ങളിലെ വിള്ളൽ തന്നെയാണ്
മനുഷ്യബന്ധങ്ങളിലെ വിള്ളലിനും അടിസ്ഥാനം. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു
എന്ന് പറയുകയും തൻ്റെ സഹോദരനെ പകക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു
എന്നാണ് യോഹന്നാൻ ശ്ലീഹ 4:20 നമ്മെ ഓർമ്മിപ്പിക്കുന്നത്.

മനുഷ്യനിൽ വേണ്ടതായ മനുഷ്യത്വം ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു എന്നതിനും


മനുഷ്യത്വം ഉള്ളവർ ഇന്ന് സമൂഹത്തിൽ വ്യത്യസ്തരായി വേറിട്ട് നിൽക്കുമെന്നതിനും
ഉദാഹരണമാണ് ഈയടുത്ത കാലത്ത് നമ്മിൽ നിന്നും വാങ്ങിപ്പോയ ഒരു
മനുഷ്യനായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന് അന്ത്യസമയത്ത് ലഭിച്ചതായ
അസാധാരണ വിടവാങ്ങലും വിലാപയാത്രയും ഏവരെയും വിസ്മയിപ്പിക്കുന്ന
ഒന്നായിരുന്നു. എന്നാൽ എന്തെങ്കിലും പ്രത്യേക കഴിവോ വരങ്ങളോ
അദ്ദേഹത്തിനുണ്ടായിരുന്നത് കൊണ്ടല്ല ജനങ്ങൾ അദ്ദേഹത്തെ ആദരിച്ചതും
സ്നേഹിച്ചതും. പിന്നെയോ പച്ചയായ മനുഷ്യനായി മറ്റുള്ളവർക്ക് വേണ്ടി അദേഹം
നിലകൊണ്ടു എന്നതിലാണ്.

ഇതിൽ നമ്മെ അൽഭുതപ്പെടുത്തുന്നതും അപകടപ്പെടുത്തുന്നതുമായ വസ്തുത


എന്തെന്നാൽ മനുഷ്യനിൽ വേണ്ടതായ അടിസ്ഥാന ഗുണം ഇന്ന്
വിരളമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അപരനോട് മനുഷ്യത്വം
കാണിക്കുന്നവർ ഏറെ ശ്രദ്ധിക്കപ്പെടുന്നു. മനുഷ്യനെ മറ്റുള്ളവരിൽ നിന്നും
വ്യത്യസ്തനാക്കുവാൻ മറ്റൊന്നും വേണ്ട; മനുഷ്യത്വമുള്ള ഒരാളായാൽ മാത്രം മതി എന്ന
വലിയ സന്ദേശം അദ്ദേഹത്തെ പോലെ ഉള്ള ചില ആളുകൾ ഇന്ന് നമ്മോട് വിളിച്ചു
പറയുന്നു.

ഞാൻ എൻ്റെ വാക്കുകളെ ഉപസംഹരിച്ചു കൊള്ളട്ടെ. പ്രിയരേ, മനുഷ്യാവതാരത്തിലൂടെ


കർത്താവ് കാണിച്ചു തന്ന ദൈവസാദൃശ്യത്തിലേക്കുള്ള വളർച്ചയുടെ സാധ്യതയെ
മുന്നോട്ട് കൊണ്ട് പോകുവാൻ നമ്മുടെ ആത്മീയ ജീവിതത്തിന് സാധിക്കണം.
പീലാത്തോസ് കാണിച്ച് കൊടുത്ത ആ മനുഷ്യൻ ആകുവാൻ നമുക്കും സാധിക്കണം.
ക്രിസ്തു എന്ന മൂലരൂപത്തോട് ഐക്യപ്പെട്ട് നമ്മെയും ആ രൂപത്തിൻ്റെ പൂർണതയിലേക്ക്
വളർത്തുവാൻ പ്രാർത്ഥനയും, ഉപവാസവും, വി. കുർബാന അനുഭവവും, കൗദാശിക
ജീവിതവും, സഭാ ജീവിതവുമെല്ലാം നമ്മെ സഹായിക്കുന്നു.

‘അവനോട് തുല്യം നാമാകാൻ


നമ്മെപ്പോലെ അവനായി’

എന്ന അലക്സാന്ത്രിയായിലെ മോർ അത്താനാസിയോസ് ഓർമ്മിപ്പിക്കുന്നത് പോലെ


കർത്താവ് കൈവരിച്ചതായ മനുഷ്യത്വത്തിന്റെ പൂർണ്ണതയെ നമ്മുടെ ജീവിതത്തിലും
കൊണ്ടുവന്ന് മനുഷ്യനായിത്തീരുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ
സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

You might also like